നാലു വിധത്തിലുള്ള മൂലധനത്തെ ആധാരമാക്കിയാണ് ഇന്ത്യ അടക്കം ഏതൊരു രാജ്യവും പ്രവര്‍ത്തിക്കുന്നത് എന്നതായിരുന്നു, 2011ല്‍ ഞങ്ങള്‍ സമര്‍പ്പിച്ച പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാന പ്രമേയം. പ്രകൃതിപരം (വെള്ളം, സസ്യജാലം, ജൈവ വൈവിധ്യം, കൃഷി, മൃഗ സംരക്ഷണം, മത്സ്യോത്പാദനം), സാമൂഹ്യം (സഹകരണം, സുരക്ഷ), മാനുഷികം (വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍), മനുഷ്യ സൃഷ്ടം എന്നിവയാണ് ആ നാലു മൂലധനങ്ങള്‍.
ഇതില്‍ പ്രകൃതിപരവും മാനുഷികവും സാമൂഹ്യവുമായ മൂലധനങ്ങളെ ബലി കഴിച്ചുകൊണ്ട്, മനുഷ്യ സൃഷ്ടമായ മൂലധനത്തെ മാത്രം ഊന്നിക്കൊണ്ടാണ് ഇന്ത്യയുടെ മുന്നോട്ടുപോക്ക് എന്നത് അതീവ ദുഃഖകരമാണ്. സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ അസമത്വത്തെ ഇത്തരമൊരു സമീപനം വഷളാക്കും. അതു വഴി സാമൂഹ്യ ക്ഷേമം തകിടം മറിയുകയും വ്യവസായ സ്ഥാപനങ്ങള്‍ക്കു രാജ്യാന്തര തലത്തില്‍ മത്സരിക്കുന്നതിനുള്ള ക്ഷമത കുറയുകയും ചെയ്യും. പ്രകൃതിയില്‍ മനുഷ്യ ഇടപെടലിന്റെ തീവ്രതയും ആവൃത്തിയും കൂടുന്നത് ഇതുമായി ബന്ധപ്പെട്ടാണ്. അതീവ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളായ കുന്നിന്‍ ചെരുവുകളില്‍ ഉള്‍പ്പെടെ റോഡുകളും കെട്ടിടങ്ങളും ഉണ്ടാവുന്നതും പിന്നെ ഖനികളും ക്വാറികളുമൊക്കെ സൃഷ്ടിക്കപ്പെടുന്നതും ഇതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിര്‍ഭാഗ്യകരമായ ഈ പ്രവണതയെ തടയുന്നതിനുള്ള ഏക വഴി പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ശ്രദ്ധാപൂര്‍വം തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരുകയാണ്. പരിസ്ഥിതിയുടെ സ്വഭാവം അനുസരിച്ച് പ്രദേശത്തെ മൂന്നു മേഖലകളാക്കി തിരിച്ച് വികസന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് അതില്‍ ചെയ്യുന്നത്. അന്തിമമോ കര്‍ശന സ്വഭാവത്തോടെയോ ഉള്ള നിര്‍ദേശങ്ങളല്ല, അതിലുള്ളത്. ഗ്രാമ സഭകള്‍ മുതല്‍ താഴെത്തലം മുതല്‍ ചര്‍്ച്ചകള്‍ നടത്തേണ്ട, ജനാധിപത്യ മാര്‍ഗത്തിലൂടെ തീരുമാനമെടുക്കേണ്ട രീതിയാണ് അതു നിര്‍ദേശിക്കുന്നത്.
സമിതിയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ ചിലത് ഇവയാണ്.
1. പ്രത്യേക സാമ്പത്തിക മേഖലകള്‍ പാടില്ല
2. പുതിയ ഹില്‍ സ്റ്റേഷനുകള്‍ വേണ്ട
3. താഴെ പുഴകളിലെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ റിസര്‍വോയര്‍ പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കണം
4. പങ്കാളിത്തത്തോടെയുള്ള മണല്‍ ഓഡിറ്റിങ്ങും മണല്‍ വാരലിന് കര്‍ശന നിയന്ത്രണവും
5. ജല സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഖനിപ്രദേശങ്ങളുടെ പുനരധിവാസം
6. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള നദീതട ആസൂത്രണം
7. ജൈവ കൃഷിയും കൃത്യതാ കൃഷിയും പ്രോത്സാഹിപ്പിക്കല്‍, മണ്ണിലെ കാര്‍ബണ്‍ ലഘൂകരിക്കുന്നതിന് ഇന്‍സെന്റീവ്, യോജ്യമായ പാരമ്പര്യ കൃഷിയുടെ പരിപാലനം
8. രാസവളങ്ങള്‍ക്കുള്ള സബ്‌സിഡി കാലി വളര്‍ത്തലിനും ബയോഗ്യാസ് ഉത്പാദനത്തിനും ജൈവ വള നിര്‍മാണത്തിനുമായി വിതരണം ചെയ്യുക
9. മീന്‍പിടിത്തതിന് സ്്‌ഫോടക വസ്തുക്കളും ഡൈനമൈറ്റും ഉപയോഗിക്കുന്നത് നിയന്ത്രിക്കുക
10. റിസര്‍വോയറുകളില്‍ ഫിഷ് ലാഡറുകള്‍ സ്ഥാപിക്കുക
11 നാടന്‍ ഇനം മത്സ്യങ്ങളെ പരിപാലിക്കുന്നതിന് ഇന്‍സെന്റിവ്
12. ബന്ധപ്പെട്ടവര്‍ക്ക് അവകാശം ഉന്നയിക്കാന്‍ അവസരം നല്‍കിക്കൊണ്ട് വനാവകാശ നിയമം നടപ്പാക്കല്‍
13. വന്യജീവികളുമായി ബന്ധപ്പെട്ട നഷ്ടം പരിഹരിക്കുന്നതിന് ജൈവ വൈവിധ്യ മാനേജ്‌മെന്റ് സമിതിക്കു പ്രത്യേക ഫണ്ട് ലഭ്യമാക്കല്‍
14. ഒന്നാം പരിസ്ഥിതി ദുര്‍ബല മേഖലയെന്നു കണ്ടെത്തുന്ന സ്ഥലങ്ങളില്‍ ഖനനം പൂര്‍ണമായി നിരോധിക്കല്‍, നിലവിലുള്ളവ അഞ്ചു വര്‍ഷം കൊണ്ട് 2016ഓടെ അടച്ചുപൂട്ടല്‍
15. രണ്ടാം പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പുതിയ ഖനികള്‍ വേണ്ട, നിലവിലുള്ളവ കടുത്ത നിയന്ത്രണങ്ങളോടെ തുടരാം
16 മൂന്നാം പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പുതിയ ഖനികള്‍ ആവാം, കടുത്ത നിയന്ത്രണം വേണം
17. നിയമ വിരുദ്ധമായ ഖനനം അടിയന്തരമായി നിര്‍ത്തണം
18. ഒന്നും രണ്ടും പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ റെഡ്, ഓറഞ്ച് കാറ്റഗറിയിലുള്ള പുതിയ വ്യവസായങ്ങള്‍ വേണ്ട, നിലവിലുള്ളവ 2016 ഓടെ മലിനീകരണത്തോത് പൂജ്യത്തില്‍ എത്തിക്കണം
19. വ്യക്തികള്‍ നടത്തുന്ന ചെറുകിട, സൂക്ഷ്മ ജലവൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കുക
20. നിലവിലുള്ള താപ വൈദ്യുതി നിലയങ്ങള്‍ക്കു കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക
21. ഒന്നാം പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പുതിയ റെയില്‍വേ ലൈനോ ദേശീയ- സംസ്ഥാന പാതകളോ വേണ്ട
22 പരിസ്ഥിതിയുടെ കാവലാളുകളായി നാട്ടുകാരെ മാറ്റിയെടുക്കുന്നതിന് പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതികള്‍ക്കു രൂപം നല്‍കുക
സര്‍ക്കാരുകള്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനോ ജനങ്ങളെ ശാക്തീകരിക്കുന്നതിനോ ഒരു താത്പര്യവും ഇല്ലാത്തതുകൊണ്ട് അവര്‍ ഈ നിര്‍ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞു.
സത്യത്തില്‍ നമ്മള്‍ ചങ്ങാത്ത മുതലാളിത്തം എന്ന വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തില്‍ അധികാരത്തിലുള്ളവരുമായുള്ള അടുപ്പത്തിലൂടെ ബിസിനസ്സുകാര്‍ ലാഭമുണ്ടാക്കുന്നു. പെര്‍മിറ്റുകള്‍, ഗ്രാന്റുകള്‍, നികുതി ഇളവുകള്‍ തുടങ്ങിയവയൊക്കെ നേടിയെടുക്കുന്നത് ഉദാഹരണം. ഖനനത്തിനുള്ള അനുമതി, മരാമത്തു പണികള്‍ക്കുള്ള കരാര്‍ എന്നിവയൊക്കെ ഇതില്‍ പെടും.
ഇന്ത്യയില്‍ പല ബിസിനസ്സും പന്തലിക്കുന്നത് ബിസിനസ്സുകാരും രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിലൂടെയാണ്. വിപണിയില്‍ നിന്നുള്ള ലാഭം കൊണ്ടല്ല, മറിച്ച് കുത്തകവത്കരണത്തിലൂടെയുംകോക്കസിങ്ങിലൂടെയുമൊക്കെയാണ് സമ്പത്തുണ്ടാകുന്നത്. സംരഭകത്വവും നവീന ഉദ്യമങ്ങളും ഞെരിച്ചമര്‍ത്തപ്പെടുകയും ഒരു മൂല്യവുമില്ലാത്ത ചങ്ങാത്ത കച്ചവടക്കാര്‍ പുതിയ ഉത്പന്നങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. ഈ ചങ്ങാത്ത മുതലാളിത്തം സര്‍ക്കാരുകളിലേക്കും രാഷ്ട്രീയത്തില്‍ ആകെതന്നെയും പിന്നെ മാധ്യമങ്ങളിലേക്കും വ്യാപിക്കുന്നു. അത് സാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിക്കുന്നു, പൊതു വ്യവസ്ഥയെ മലീമസമാക്കുന്നു.
ഗോവയിലെ ഖനന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. മൈന്‍സ് ആന്‍ഡ് മിനറല്‍ ആക്ടിലെ സെക്ഷന്‍ 24 അവിടെ പാലിച്ചിരുന്നേയില്ല, ഒരു വിധത്തിലുള്ള പരിശോധനകളും അവിടെ നടത്തിയിട്ടില്ല. ആരെയും ഭയക്കാതെ പ്രവര്‍ത്തിക്കാനുള്ള ഈ സാഹചര്യമാണ്, വലിയ പരിസ്ഥിതി നാശത്തിനിടയാക്കിയ ഖനനത്തിന് അവസരമൊരുക്കിയത്. 2006 മുതല്‍ 2011 വരെ ഗോവയില്‍ മാത്രം 35,000 കോടിയുടെ അനധികൃത ഖനനം നടന്നെന്നാണ് കണക്കാക്കുന്നത്.
പശ്ചിമ ഘട്ട വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുന്തോറും മേഖലയില്‍ കൂടുതല്‍ കൂടുതല്‍ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കങ്ങളും ഉണ്ടാവുകയാണ്. 2011 മുതല്‍ 2020 വരെയുള്ള കാലത്ത് മഹാരാഷ്ട്ര പശ്ചിമ ഘട്ട മേഖലയിലുണ്ടായ മണ്ണിടിച്ചിലുകള്‍ നൂറു മടങ്ങു കൂടിയിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ പഠനം പറയുന്നത്. പ്രകൃതിയെ സംരക്ഷിക്കാനും അതിനായി ഗ്രാമസഭകള്‍ മുതലുള്ള വികേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഇനിയും വൈകിക്കൂടാ.
കേരളം രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ്. 1995-96ലെ ജനകീയ ആസൂത്രണ പദ്ധതിയിലൂടെ ജനങ്ങളെ ശാക്തീകരിച്ച ചരിത്രം അതിനുണ്ട്. ആ ഇച്ഛാശക്തി ഒന്നുകൂടി കാണിക്കേണ്ട സമയമാണിത്.
(newindianexpress.com പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates