ജൂണ്‍ 5ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനം (world environment day 2025), പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ ആഗോള ആഘോഷമാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) നേതൃത്വത്തില്‍ 1973 മുതലാണ് ഇത് വര്‍ഷം തോറും ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ദിനം ആഘോഷങ്ങളില്‍ പങ്കുചേരുന്നു. 1970കളുടെ തുടക്കത്തിലാണ് ലോക പരിസ്ഥിതി ദിനം എന്ന ആശയം ഉടലെടുത്തത്. 1972ല്‍ നടന്ന, മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള സ്‌റ്റോക്ക്‌ഹോം സമ്മേളനത്തിന്റെ ഓര്‍മ്മയ്ക്കായി, 1973 ജൂണ്‍ 5ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. 2025 ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിനാണ് ഊന്നല്‍ നല്‍കുന്നത്. 'BeatPlasticPollution' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത് മണ്ണ്, ജലം, വായു എന്നിവയെ മലിനമാക്കുകയും സസ്യജന്തുജാലങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രമേയം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, പ്ലാസ്റ്റിക് മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.
പ്ലാസ്റ്റിക് മലിനീകരണം ലോകമെമ്പാടുമുള്ള പാരിസ്ഥിതിക വെല്ലുവിളികളില്‍ ഏറ്റവും എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നാണെന്ന് യുഎന്‍ഇപി (UNEP)ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും നമ്മുടെ ശരീരത്തില്‍ പോലും പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍, ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പ്ലാസ്റ്റിക് ഉപയോഗം നിരാകരിക്കാനും കുറയ്ക്കാനും പുനരുപയോഗിക്കാനും പുനര്‍വിചിന്തനം ചെയ്യാനും ലോക പരിസ്ഥിതി ദിനം പ്രോത്സാഹനം നല്‍കും. 2022ലെ ആഗോള പ്ലാസ്റ്റിക് മലിനീകരണ ഉടമ്പടിയിലൂടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ആഗോള പ്രതിബദ്ധതയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും.
ആഗോളതലത്തില്‍, ഓരോ വര്‍ഷവും ഏകദേശം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ജല ആവാസവ്യവസ്ഥകളിലേക്ക് ഒഴുകിയെത്തുന്നു. അതേസമയം, കാര്‍ഷിക ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കാരണം അഴുക്കുചാലുകളില്‍ നിന്നും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും 'മൈക്രോപ്ലാസ്റ്റിക്കുകള്‍' മണ്ണില്‍ അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വാര്‍ഷിക സാമൂഹികവും പാരിസ്ഥിതികവുമായ ചെലവ് 300 ബില്യണ്‍ യുഎസ് ഡോളറിനും 600 ബില്യണ്‍ യുഎസ് ഡോളറിനും ഇടയിലാണ്. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ സജ്ജമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തിക്കും ഈ മുന്നേറ്റത്തില്‍ പങ്കുചേരാന്‍ സാധിക്കുമെന്നും യുഎന്‍ഇപി ഓര്‍മ്മിപ്പിക്കുന്നു.
നമ്മുടെ ഭക്ഷണത്തിലും വെള്ളത്തിലും ശരീരത്തില്‍ പോലും പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തുന്നതിലൂടെ, മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു. ഈ ചെറു കണികകള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കടല്‍ മത്സ്യങ്ങളിലും മറ്റ് സമുദ്രോത്പന്നങ്ങളിലും പ്ലാസ്റ്റിക് അംശങ്ങള്‍ എത്തുകയും, അവ മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നത് വലിയ ആശങ്കയാണ്. ഇത് നമ്മുടെ ഭക്ഷണ ശൃംഖലയെത്തന്നെ മലിനമാക്കുന്നു.
പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കാനും പ്രചരിപ്പിക്കാനും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ സജ്ജമാക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തിക്കും ഈ മുന്നേറ്റത്തില്‍ പങ്കുചേരാന്‍ സാധിക്കുമെന്നും യുഎന്‍ഇപി ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ആചരണം നടക്കുന്നത്, കടല്‍ പരിസ്ഥിതി ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാന്‍ ഒരു ആഗോള ഉടമ്പടി ഉറപ്പാക്കുന്നതിനായി രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്. 2024 നവംബറില്‍, പ്ലാസ്റ്റിക് മലിനീകരണ ഉടമ്പടി വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുടെ അഞ്ചാമത്തെ സമ്മേളനത്തിന് റിപ്പബ്ലിക് ഓഫ് കൊറിയ ആതിഥേയത്വം വഹിച്ചു. സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഓഗസ്റ്റ് 5 മുതല്‍ 14 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കും.
ലോകം പ്ലാസ്റ്റിക് മാലിന്യ നിവാരണത്തിനായി യത്‌നിക്കുന്ന ഈ സമയത്താണ് കേരളത്തിലെ വര്‍ക്കലമുതല്‍ പൊഴിയൂര്‍ വരെയുള്ള തീരപ്രദേശം അതിഭയാനകമായ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദുരന്തഭൂമി ആയി മാറിയത്. കഴിഞ്ഞ മെയ് 24ന് കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലായ MSC ELSA 3 മുങ്ങിയ സംഭവം, ഇന്ത്യയുടെ സമുദ്ര പരിസ്ഥിതിക്ക് പുതിയൊരു വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ കപ്പല്‍ച്ചേതം മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് തരികളുടെ ലാന്‍ഡിങ്ങിന്റെ ആദ്യത്തെ പ്രധാന സംഭവമാണിത്. ഈ കപ്പലില്‍ 643 കണ്ടെയ്‌നറുകളിലായി ഡീസല്‍, ഫര്‍ണസ് ഓയില്‍, കാല്‍സ്യം കാര്‍ബൈഡ് തുടങ്ങിയവയ്ക്കു പുറമെ, പ്ലാസ്റ്റിക് തരികള്‍ (നര്‍ഡില്‍സ്)അടങ്ങിയ കണ്ടെയ്‌നറുകളും ഉണ്ടായിരുന്നു. കപ്പല്‍ മുങ്ങിയതിന് പിന്നാലെ ഏകദേശം 100 കണ്ടെയ്‌നറുകള്‍ തിരുവനന്തപുരത്തിന്റെ തെക്കന്‍ തീരങ്ങളിലേക്ക് ഒഴുകിയെത്തി. മെയ് 27ന് വര്‍ക്കല മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്‌നറുകളില്‍ നിന്ന് പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയത് സ്ഥിതിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ സമുദ്ര പരിസ്ഥിതിക്ക് പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പ്ലാസ്റ്റിക് പെല്ലറ്റുകള്‍ (നര്‍ഡില്‍സ് എന്നും അറിയപ്പെടുന്നു) മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ തരികളാണ്. ISO 472:2013 അനുസരിച്ച്, ഇവ മോള്‍ഡിംഗ്, എക്‌സ്ട്രൂഷന്‍ എന്നിവയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന ഏകീകൃത വലുപ്പമുള്ള ചെറിയ പ്ലാസ്റ്റിക് പിണ്ഡങ്ങളാണ്. ഇവയെ െ്രെപമറി മൈക്രോപ്ലാസ്റ്റിക്‌സ് എന്ന് തരംതിരിക്കുന്നു. 1 മുതല്‍ 5 മില്ലീമീറ്റര്‍ വരെ വലുപ്പമുള്ള ഇവ പാക്കേജിംഗ്, വാട്ടര്‍ ബോട്ടിലുകള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. പോളിയെത്തിലീന്‍, പോളിപ്രൊഫൈലിന്‍, പോളിസ്‌റ്റൈറൈന്‍, പോളി വിനൈല്‍ ക്ലോറൈഡ് തുടങ്ങിയവയില്‍ നിന്നാണ് ഇവ പ്രധാനമായും നിര്‍മ്മിക്കുന്നത്. ഈ പെല്ലറ്റുകള്‍ക്ക് വിഷാംശം ഇല്ലെങ്കിലും, അവയുടെ ചെറിയ വലുപ്പം, വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കഴിവ്, മത്സ്യമുട്ടകളോടുള്ള സാമ്യം എന്നിവ കാരണം സമുദ്രത്തില്‍ അപകടകരമായ മലിനീകരണത്തിന് കാരണമാകുന്നു.
പ്ലാസ്റ്റിക് പെല്ലറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം അവ കൊണ്ടുപോകാനും കൈകാര്യം ചെയ്യാനും എളുപ്പമാണ് എന്നതാണ്. വ്യാവസായിക സംസ്‌കരണത്തിന് തയ്യാറായ രൂപത്തില്‍ പ്ലാസ്റ്റിക് വിതരണം ചെയ്യുന്നതിനുള്ള ആഗോള മാര്‍ഗ്ഗം കൂടിയാണിത്. വ്യാവസായിക ഉല്‍പ്പാദനത്തിന് ആവശ്യമായ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള ഒരു രീതി കൂടിയാണിത്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് തരികള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നു. ഇത് ആഗോള പ്ലാസ്റ്റിക് വിതരണ ശൃംഖലയുടെ ഒരു പ്രധാന ഘടകമാണ്, ഒപ്പം അപകടസാധ്യതയുള്ളതും.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് തരികള്‍ കടലില്‍ കലരുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടന്നു പ്രശസ്ത സമുദ്ര ഗവേഷകനും കുഫോസ് വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബിജുകുമാര്‍ അഭിപ്രായപ്പെടുന്നു. ഹോങ്കോംഗ് (2012), ദക്ഷിണാഫ്രിക്ക (2017), നോര്‍വേ (2023), ഇംഗ്ലണ്ട് (2025) എന്നിവിടങ്ങളിലെല്ലാം ഇത്തരം ചോര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ ശ്രീലങ്കന്‍ തീരത്തുണ്ടായ എംവി എക്‌സ്പ്രസ് പേള്‍ കപ്പല്‍ അപകടം ഏകദേശം 1,680 ടണ്‍ പ്ലാസ്റ്റിക് തരികള്‍ കടലിലെത്തിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണ ദുരന്തമായിരുന്നു. ഡോള്‍ഫിനുകള്‍, ആമകള്‍, മത്സ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമുദ്രജീവികള്‍ക്ക് ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മത്സ്യബന്ധനത്തെയും ടൂറിസത്തെയും ആശ്രയിച്ച് ജീവിക്കുന്ന തീരദേശ സമൂഹങ്ങളെ ഇത് സാരമായി ബാധിച്ചു. ഇത്തരം ചോര്‍ച്ചകള്‍ തടയാന്‍ ശക്തമായ അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഡോക്ടര്‍ ബിജുകുമാര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍, കൊച്ചിയില്‍ MSC ELSA 3 എന്ന കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്ലാസ്റ്റിക് തരി ചോര്‍ച്ചയും ഈ ആഗോള പട്ടികയില്‍ ഉള്‍പ്പെടുന്നു. കൊച്ചുവേളിയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് തരികളില്‍ പ്രധാനമായും LDPE (ലോഡെന്‍സിറ്റി പോളിയെത്തിലീന്‍), HDPE (ഹൈഡെന്‍സിറ്റി പോളിയെത്തിലീന്‍) എന്നിവയാണ്. പ്ലാസ്റ്റിക് ബാഗുകള്‍, ഭക്ഷണ കവറുകള്‍, കുപ്പികള്‍, ട്യൂബുകള്‍, പാല്‍ക്കുപ്പികള്‍, ഡിറ്റര്‍ജന്റ് കുപ്പികള്‍, പൈപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവ. LDPE പുനരുപയോഗം ചെയ്യാന്‍ പ്രയാസമാണന്നും അദ്ദേഹം പറഞ്ഞു.
സമുദ്രങ്ങള്‍ വഴി വന്‍തോതിലുള്ള ചരക്കു ഗതാഗതം സമുദ്രജീവിതത്തെ പലതരത്തിലും ദോഷകരമായി ബാധിക്കുന്നു. അപകടകരമായ പാക്കേജിംഗ്, പ്ലാസ്റ്റിക് തരികള്‍ (നര്‍ഡില്‍സ്) സാധാരണയായി കണ്ടെയ്‌നര്‍ കപ്പലുകളിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഈ തരികള്‍ പലപ്പോഴും ശരിയായി പായ്ക്ക് ചെയ്യാത്തതുകൊണ്ടോ സുരക്ഷിതമല്ലാത്തതുകൊണ്ടോ ചോര്‍ന്നുപോകാറുണ്ട്. ഷിപ്പിംഗ് അപകടങ്ങള്‍ വഴിയോ കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുന്നത് വഴിയോ വലിയ അളവില്‍ നര്‍ഡില്‍സ് നേരിട്ട് സമുദ്രത്തില്‍ എത്തുന്നു. വേള്‍ഡ് ഷിപ്പിംഗ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ശരാശരി 1,382 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ കടലില്‍ നഷ്ടപ്പെടുന്നു. ഇത് വലിയ തോതിലുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകുന്നു. കടലിലെത്തുന്ന പ്ലാസ്റ്റിക് തരികള്‍ സമുദ്രജീവികള്‍ക്ക് വലിയ ഭീഷണിയാണ്. അവ തീന്‍മേശയില്‍ കടന്നു കൂടുകയും ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു എന്നും ഈ പ്രശ്‌നങ്ങള്‍ ലോകമെമ്പാടുമുള്ള സമുദ്ര ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്നും സമുദ്ര ഗവേഷകനായ ഡോക്ടര്‍ ബിജുകുമാര്‍ അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക് മലിനീകരണം ലോകമെമ്പാടുമുള്ള ഒരു വലിയ പാരിസ്ഥിതിക പ്രശ്‌നമാണ്. ഇത് ലഘൂകരിക്കാന്‍ സര്‍ക്കാരുകള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സമൂഹങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനാകും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായി നേരിട്ട് ബന്ധമുള്ളവരും പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവരുമായതിനാല്‍ ഇവരുടെ ഇടപെടലുകള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുക, പ്ലാസ്റ്റിക് ഉത്പാദനം കുറയ്ക്കാന്‍ വ്യവസായശാലകള്‍ക്ക് പ്രോത്സാഹനം നല്‍കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരിക , മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ഫലപ്രദമായ മാലിന്യ ശേഖരണ, വേര്‍തിരിക്കല്‍, പുനരുപയോഗം (recycling) സംവിധാനങ്ങള്‍ സ്ഥാപിക്കുക, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും കുറയ്ക്കാനുള്ള വഴികളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക, പ്ലാസ്റ്റിക്കിന് പകരമുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രധാന കാര്യങ്ങള്‍.
പൊതുജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍, '3 R' തത്വം പാലിക്കുകഎന്നതാണ്. Reduce (കുറയ്ക്കുക), പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഉദാഹരണത്തിന്, ഷോപ്പിംഗിന് പോകുമ്പോള്‍ സ്വന്തമായി തുണി സഞ്ചികള്‍ കൊണ്ടുപോകുക, പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിന് പകരം സ്വന്തമായി കുടിവെള്ളം കൊണ്ടുപോകുക. Reuse (പുനരുപയോഗിക്കുക), സാധിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുക. Recycle (പുനര്‍നിര്‍മ്മിക്കുക), പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പുനരുപയോഗത്തിനായി നല്‍കുക. എന്നതാണ്.
പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ്, സ്റ്റീല്‍, തുണി, പേപ്പര്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക. മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കുക. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നിവയും പൊതുജനങ്ങള്‍ ശീലമാക്കേണ്ടതാണ്.
വിദ്യാലയങ്ങളില്‍ 'പ്ലാസ്റ്റിക് രഹിത ക്യാമ്പസ്' സംരംഭങ്ങള്‍ ആരംഭിക്കുക, പ്ലാസ്റ്റിക് ബോട്ടിലുകളും ടിഫിന്‍ ബോക്‌സുകളും ഒഴിവാക്കി സ്റ്റീല്‍/ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് പഠിക്കുക, ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുക. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ക്ലാസുകളിലും സമൂഹത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. സ്‌കൂളിന്റെ പരിസരങ്ങളിലും മറ്റും നടക്കുന്ന മാലിന്യ ശേഖരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുക. പേനകള്‍, നോട്ടുബുക്കുകള്‍ തുടങ്ങിയവ പുനരുപയോഗിക്കാവുന്നതോ പരിസ്ഥിതി സൗഹൃദപരമായതോ ആയവ തിരഞ്ഞെടുക്കുക. എന്നിവയിലൂടെ വിദ്യാര്‍ത്ഥികളും നമ്മുടെ ഭൂമിയുടെ സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ ആവാസവ്യവസ്ഥക്കു പുതുജീവന്‍ നല്‍കാന്‍ പ്രയത്‌നിക്കാന്‍ തയാറാവണം.
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പോരാട്ടത്തില്‍ ഹരിത നൈപുണ്യ പരിശീലനത്തിന് വലിയ പങ്കുവഹിക്കാനാകും. ഈ പരിശീലനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പരിസ്ഥിതി സൗഹൃദമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും സഹായിക്കും.
സിവില്‍ സമൂഹങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക. സെമിനാറുകളും കാമ്പെയ്‌നുകളും സംഘടിപ്പിക്കുക. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുക; തുണി സഞ്ചികളും സ്റ്റീല്‍ പാത്രങ്ങളും പ്രോത്സാഹിപ്പിക്കുക. സ്വന്തം പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് രഹിത ശീലങ്ങള്‍ കൊണ്ടുവന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുക. ശരിയായ മാലിന്യ തരംതിരിക്കലും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക; പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിക്കുക. പൊതു ഇടങ്ങളില്‍ ശുചീകരണ യജ്ഞങ്ങള്‍ സംഘടിപ്പിച്ച് ശുചിത്വബോധം വളര്‍ത്തുക. പ്ലാസ്റ്റിക് വിരുദ്ധ നയങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക. പ്ലാസ്റ്റിക്കിന് ബദല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരെ പിന്തുണയ്ക്കുക്.
മത സ്ഥാപനങ്ങള്‍ക്കും പുരോഹിതര്‍ക്കും നമ്മുടെ സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടുക. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് പ്രസംഗങ്ങളിലും പഠനങ്ങളിലും സ്ഥിരമായി പരാമര്‍ശിക്കുക. ആരാധനാലയങ്ങളും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുക. മതപരമായ ഒത്തുചേരലുകളില്‍ ബോധവല്‍ക്കരണം നടത്തുക. പ്ലാസ്റ്റിക് രഹിത ജീവിതശൈലി ആരാധനാലയങ്ങളില്‍ സ്വീകരിച്ച് മാതൃകയാവുക എന്നിവയിലൂടെ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
പരിശീലനത്തിലൂടെ സാധ്യമാകുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിപ്പിക്കുകയും, പുതിയതും പരിസ്ഥിതി സൗഹൃദവുമായ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുക വഴി പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാനും പുനരുപയോഗിക്കാനുമുള്ള കഴിവുകള്‍ വ്യക്തികള്‍ക്ക് ലഭിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ ഹരിത സമ്പദ്വ്യവസ്ഥയില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് വ്യക്തികളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക വഴി ഈ പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ ആളുകളെ മനസ്സിലാക്കാന്‍ സഹായിക്കും. ഈ ശ്രമങ്ങളിലൂടെ നമ്മുടെ പരിസ്ഥിതിയെയും ജലാശയങ്ങളെയും പ്ലാസ്റ്റിക് മുക്തമാക്കാനും ശുദ്ധമായ ഒരു ഭാവി തലമുറയ്ക്ക് കൈമാറാനും നമുക്ക് സാധിക്കും.
പ്രകൃതിക്ക് താങ്ങാനാവുന്നതിലും അധികം ഭാരമാണ് ഇപ്പോള്‍ ഉള്ളത്. ഈ നൂറ്റാണ്ടില്‍ ആഗോള താപനം 1.5°Cല്‍ താഴെ നിലനിര്‍ത്തണമെങ്കില്‍, 2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ വാര്‍ഷിക ഉദ്വമനം പകുതിയായി കുറയ്ക്കണം. നടപടികളില്ലെങ്കില്‍, സുരക്ഷിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കപ്പുറമുള്ള വായു മലിനീകരണം ഒരു ദശാബ്ദത്തിനുള്ളില്‍ 50% വര്‍ദ്ധിക്കും. കൂടാതെ, ജല ആവാസവ്യവസ്ഥകളിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം 2040ഓടെ ഏകദേശം മൂന്നിരട്ടിയാകും.
നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും തയ്യാറാണോ? നാം ഓരോരുത്തരും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്.
(പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ലേഖകന്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates