ആ യുദ്ധം നടന്നത് രണ്ട് നൂറ്റാണ്ട് മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 1818 ജനുവരി ഒന്നിന്. സ്ഥലം മഹാരാഷ്ട്രയില്‍ പൂനെ ജില്ലയിലെ ഭീമ-കോറിഗാവ് ഗ്രാമം. ചരിത്രത്തില്‍ മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം എന്നതറിയപ്പെടുന്നു. ബ്രിട്ടീഷുകാരും മറാത്ത ഭരണാധികാരി ബാജിറാവു പേഷ്വയും തമ്മിലായിരുന്നു യുദ്ധം. പേഷ്വ പരാജയമടഞ്ഞു. വിദേശികളോട് സ്വദേശികള്‍ നടത്തിയ യുദ്ധം എന്ന നിലയില്‍ സാമ്രാജ്യത്വത്തോട് ദേശീയത്വം നടത്തിയ യുദ്ധമായാണ് നമ്മുടെ ചരിത്രപാഠപുസ്തകങ്ങളില്‍ അത് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഈ ആഖ്യാനം അംഗീകരിക്കാത്ത ഒരു വിഭാഗം പണ്ടേയുണ്ട്. മഹാരാഷ്ട്രയിലെ ദളിത് വിഭാഗത്തില്‍പ്പെടുന്ന മഹാര്‍ ജാതിക്കാരാണവര്‍. അവരുടെ ആഖ്യാനമനുസരിച്ച് കോറിഗാവ് യുദ്ധം മഹാറുകളും ബ്രാഹ്മണ ഭരണാധികാരി പേഷ്വയുമായുള്ള യുദ്ധമായിരുന്നു. ആ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് സേനയിലെ 834 പേരില്‍ അഞ്ഞൂറിലേറെപ്പേര്‍ മഹാര്‍ ജാതിക്കാരായിരുന്നു എന്നു അവര്‍ എടുത്തുകാട്ടുന്നു. നൂറ്റാണ്ടുകളായി മഹാറുകളെ അടിച്ചമര്‍ത്തിയ മറാത്തക്കാര്‍ക്കെതിരെ തങ്ങള്‍ നടത്തിയ ധീരവീര പോരാട്ടമായാണ് മഹാര്‍ ജാതിക്കാര്‍ ഭീമ-കോറിഗാവ് യുദ്ധത്തെ കാണുന്നത്.
യുദ്ധാനന്തരം കോറിഗാവില്‍ ബ്രിട്ടീഷുകാര്‍ വിജയസ്തംഭം (രണസ്തംഭം) സ്ഥാപിച്ചു. ആത്മാഭിമാനത്തിനും സാമൂഹിക സമത്വത്തിനും വേണ്ടി ബ്രാഹ്മണാധിപത്യത്തിനെതിരെ തങ്ങള്‍ നടത്തിയ അടരാട്ടത്തിന്റെ പ്രതീകമായാണ് മഹാറുകള്‍ ആ സ്തംഭത്തെ വീക്ഷിച്ചുപോന്നത്. മഹാര്‍ ജാതിയില്‍പ്പെട്ട ബി.ആര്‍. അംബേദ്കര്‍ 1927 ജനുവരിയില്‍ കോറിഗാവ് സന്ദര്‍ശിച്ചപ്പോള്‍ തന്റെ ജാതിക്കാരുടെ ഈ സാംസ്‌കാരിക സ്മൃതിക്ക് അദ്ദേഹം ദൃഢീകരണം നല്‍കി. കോറിഗാവ് യുദ്ധവും അവിടെ സ്ഥാപിക്കപ്പെട്ട വിജയസ്തംഭവും മഹാറുകളുടെ രണശൂരതയുടെ സമുജ്ജ്വല നിദര്‍ശനമാണെന്നു അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ഭീമ-കോറിഗാവില്‍ പേഷ്വക്കെതിരെ നേടിയ വിജയം മാത്രമല്ല മഹാറുകളുടെ സാംസ്‌കാരിക സ്മൃതിയിലുള്ളത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ മറ്റു ചില തിയതികളും അവരെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്. ഡിസംബര്‍ ആറ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം എന്ന നിലയിലല്ല, അംബേദ്ക്കറുടെ ചരമദിനം എന്ന നിലയിലാണ് 1992-നുശേഷവും മഹാറുകള്‍ ഓര്‍ക്കാറുള്ളത്. ആ ദിവസം മുംബൈയിലെ ചൈത്യഭൂമിയില്‍ അംബേദ്കര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ ആയിരക്കണക്കില്‍ മഹാറുകള്‍ ഒത്തുകൂടുക പതിവാണ്. ഡിസംബര്‍ 25-ഉം മഹാര്‍ സ്മൃതിയില്‍ ജ്വലിച്ചുനില്‍ക്കുന്നു. ആ ദിവസമാണ് അംബേദ്കര്‍ മനുസ്മൃതി കത്തിച്ചത്. ദളിത്-ബഹുജന്‍ ഫെമിനിസ്റ്റുകള്‍ ആ ദിനം 'ഭാരതീയ സ്ത്രീ മുക്തി ദിവസ്' ആയി ആചരിച്ചുപോരുന്നു. ജനുവരി മൂന്നിന് സാവിത്രിബായ് ഫുലെയുടെ ജന്മദിനാഘോഷം നടത്തുന്ന മഹാറുകള്‍ അംബേദ്കറുടെ നേതൃത്വത്തില്‍ വിരചിതമായ ഭരണഘടന അംഗീകരിക്കപ്പെട്ട ജനുവരി 26 എന്ന തിയതിയും സവിശേഷ പ്രാധാന്യം കല്‍പ്പിക്കുന്നു.
സാമ്പ്രദായിക ഇന്ത്യന്‍ ദേശീയതയുടേയും ഹിന്ദുത്വ ദേശീയതയുടേയും കള്ളികള്‍ക്ക് പുറത്തു നില്‍ക്കുന്ന ചില ആഖ്യാനങ്ങള്‍ അംബേദ്കറിസ്റ്റുകള്‍ നടത്തുന്നു എന്നു മുകളില്‍ സൂചിപ്പിച്ച വസ്തുതകളില്‍നിന്നു തെളിയുന്നുണ്ട്. ഭീമ-കോറിഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികമായിരുന്നു 2018 ജനുവരി ഒന്നിന് മഹാറുകള്‍ സംഘടിപ്പിച്ച അനുസ്മരണാച്ചടങ്ങ് പ്രസ്തുത ആഖ്യാനങ്ങളുടെ തുടര്‍ച്ചയായിരുന്നു. അതിനു നേരെയാണ് ഹിന്ദുത്വശക്തികള്‍ കോറിഗാവ് രണസ്തംഭത്തിനു മുന്നില്‍ ആക്രമണമഴിച്ചുവിട്ടത്. മഹാരാഷ്ട്രയിലെ പൂനെ, നാഗ്പൂര്‍, താന, കോല്‍ഹാപൂര്‍ എന്നീ ജില്ലകളിലേക്ക് ആ കലാപം പടരുകയും അവിടങ്ങളില്‍ ജനജീവിതം സ്തംഭിക്കുകയും ചെയ്തു.
ഇക്കുറി ഭീമ-കോറിഗാവ് ആഘോഷത്തില്‍ മുഴച്ചുനിന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്ര വിരുദ്ധതയായിരുന്നു. അംബേദ്കറുടെ പൗത്രനായ പ്രകാശ് അംബേദ്കറാണ് അതിനു നേതൃത്വം നല്‍കിയത്. വിവിധ ദളിത് സംഘടനകള്‍ ചേര്‍ന്നു പ്രകാശിന്റെ നായകത്വത്തില്‍ പൂനെയില്‍ പേഷ്വയുടെ കൊട്ടാരം നിലനിന്ന ഷനിവര്‍വാദയില്‍ നടത്തിയ സമ്മേളനത്തിന്റെ പ്രമേയം ഇങ്ങനെ: ''നിയോ പേഷ്വാഹിക്കെതിരെ ശബ്ദിക്കുക''. നിയോ പേഷ്വാഹി എന്നതു കൊണ്ടുദ്ദേശിച്ചത് നിയോ ഫാസിസം എന്നാണ്. നിയോ ഫാസിസം എന്നതു കൊണ്ടുദ്ദേശിച്ചതാകട്ടെ, ഹിന്ദുത്വ പ്രത്യയശാസ്ത്രമെന്നും.
ഹിന്ദുത്വ പ്രത്യയശാസ്ത്രകാരന്മാര്‍ മുന്നോട്ടുവെയ്ക്കുന്ന ദേശീയതാ സങ്കല്‍പ്പമാണ് ഭീമ-കോറിഗാവില്‍ വെല്ലുവിളിക്കപ്പെട്ടത്. ഹിന്ദുസമാജത്തെക്കുറിച്ച് ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തില്‍ നിശിത വിചാരണയ്ക്ക് വിധേയമായി. വ്യത്യസ്ത ജാതികളില്‍പ്പെട്ട ഹിന്ദുക്കള്‍ ഒന്നാണെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ സമാനമാണെന്നുമുള്ള സംഘപരിവാര്‍ വാദം പൊള്ളയാണെന്നത്രേ കോറിഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിലൂടെ ദളിത് സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്നെന്ന പോലെ ഇന്നും ബ്രാഹ്മണ മൂല്യാധിഷ്ഠിത ഹൈന്ദവ വലതുപക്ഷം നിര്‍വ്വചിക്കുന്ന ദേശീയത ഉള്‍ക്കൊള്ളല്‍ ദേശീയതല്ല, പുറന്തള്ളല്‍ ദേശീയതയാണെന്നു വിളിച്ചുപറയുകയായിരുന്നു പ്രകാശ് അംബേദ്കറും കൂട്ടരും.
ദീര്‍ഘകാലമായി ദളിത് വിഭാഗങ്ങള്‍ ആവര്‍ത്തിക്കുന്ന വിമര്‍ശനങ്ങളെ മറികടക്കുന്നതിനു ചില സൂത്രപ്പണികള്‍ ഒപ്പിക്കാനാണ് ബി.ജെ.പി. ശ്രമിച്ചുപോന്നിട്ടുള്ളത്. ഹിന്ദുസമൂഹത്തില്‍ ജാതിശ്രേണിയില്‍ താഴെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തുന്നതിനു ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തി. 2015 തൊട്ട് ബി.ജെ.പി. നടത്തിവരുന്ന 'സാമാജിക് സമരസ്ത അഭിയാന്‍' അതിന്റെ ഭാഗമാണ്. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള കീഴ്ജാതിക്കാരോടൊപ്പം 'സഹഭോജന്‍' (മിശ്രഭോജനം) നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബി.ജെ.പി. ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്താകട്ടെ, ജാതിഭേദം തമസ്‌കരിക്കുന്നതിനു 'ഹിന്ദുമിത്ര പരിവാര്‍' പദ്ധതിയുമായി രംഗത്ത് വന്നു.
വഞ്ചി പക്ഷേ, തിരുനക്കരത്തന്നെ നിന്നു. കീഴ്ജാതി, മേല്‍ജാതി വൈരുദ്ധ്യം ഇല്ലാതാക്കാന്‍ പര്യാപ്തമായില്ല പരിവാറിന്റെ പൊടിക്കൈകള്‍. രോഹിത് വെമുല സംഭവം ഉദാഹരണമാണ്. ജാതിവിവേചനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത രോഹിത് ദളിതനല്ലെന്നു സമര്‍ത്ഥിക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ.) യു.പിയിലെ മുസഫര്‍ നഗറിലും ഷംലിയിലുമുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളെ അധികരിച്ച് നിര്‍മ്മിച്ച ഹ്രസ്വചിത്രമായിരുന്നു എ.ബി.വി.പിയെ പ്രകോപിപ്പിക്കുകയും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അവരെ തിരിച്ചുവിടുകയും ചെയ്തത്. ബി.ജെ.പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ചിത്രം 'ഹിന്ദുവിരുദ്ധ'മാണെന്ന് അവര്‍ വിലയിരുത്തി. തന്നെയുമല്ല, എ.എസ്.എ. ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ വ്രതമെടുത്ത സംഘടനയാണെന്നു സംഘപരിവാര്‍ പ്രചരിപ്പിക്കുകയും ചെയ്തു.
വെമുല സംഭവത്തിനുശേഷം ബി.ജെ.പിയുടെ ഹിന്ദു ഐക്യം എന്ന മുദ്രാവാക്യത്തിനേറ്റ കനത്ത തിരിച്ചടിയത്രേ ഉനയില്‍ കണ്ടത്. ഗോ സംരക്ഷകര്‍ ഗോമാംസം ഭക്ഷിക്കുന്നവരെയെല്ലാം അഹിന്ദുക്കളായി ചാപ്പകുത്തി തെരുവിലിറങ്ങി. പശുവിറച്ചി കഴിച്ചു എന്നാരോപിച്ച് മുസ്ലിങ്ങളെ മാത്രമല്ല അവര്‍ വളഞ്ഞിട്ടാക്രമിച്ചത്. ഉനയിലെ ദളിതരേയും അവര്‍ പിടികൂടി. വന്‍ പ്രതികരണമാണ് ആ സംഭവത്തിലുണ്ടായത്. ഉനയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ കന്നുകാലികളുടെ ജഡം പ്രത്യക്ഷപ്പെട്ടു. തന്നെയുമല്ല, സഹഭോജനത്തിലൂടെ ഹിന്ദു സാഹോദര്യം ഊട്ടി വളര്‍ത്താന്‍ ശ്രമിച്ച പരിവാറുകരോട് ഭോജനമല്ല, ഭൂമിയാണ് തങ്ങള്‍ക്കു വേണ്ടതെന്നു ദളിതര്‍ മുഖത്തടിച്ചു പറയുകയും ചെയ്തു. ഗുജറാത്തില്‍ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജിഗ്‌നേഷ് മേവാനിയുടെ വിജയത്തില്‍ ഉനസംഭവം നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഭീമ-കോറിഗാവ് പ്രശ്‌നത്തില്‍ മഹാറുകള്‍ ഉള്‍പ്പെടെയുള്ള ദളിതര്‍ക്കെതിരെ ദേശവിരുദ്ധതയാണ് ഹിന്ദുത്വവാദികള്‍ ആരോപിച്ചിരിക്കുന്നത്. കോറിഗാവിലെ വിജയസ്തംഭത്തെ നെഞ്ചേറ്റുന്നവര്‍ ദേശീയതാവിരുദ്ധരും രാജ്യദ്രോഹികളുമാണെന്ന പരിവാര്‍ വാദം അംഗീകരിക്കാന്‍ ദളിതര്‍ കൂട്ടാക്കിയില്ല. സ്തംഭത്തിനു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ അവര്‍ നിശ്ചയദാര്‍ഢ്യത്തോടെ രംഗത്തു വന്നു. ദേശീയതയായാലും ദേശസ്‌നേഹമായാലും അവയ്ക്ക് തങ്ങളുടേതായ ആഖ്യാനങ്ങളുണ്ടെന്നും അവരില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമുള്ള സന്ദേശമാണ് പ്രകാശ് അംബേദ്കറും സംഘവും പ്രക്ഷേപിച്ചിരിക്കുന്നത്.
ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്‍ ദളിതവിഭാഗങ്ങളുടെ പ്രത്യാഖ്യാനങ്ങളെ ശ്രദ്ധിച്ചാല്‍ മാത്രം പോരാ. ഇന്ത്യന്‍ ദേശീയത എന്ന സങ്കല്‍പ്പം ഒരാധുനിക പ്രതിഭാസമാണെന്ന വസ്തുത തിരിച്ചറിയുക കൂടി ചെയ്യണം അവര്‍. ഭാരതത്തിലായാലും പുറത്തായാലും ശാസ്ത്രസാങ്കേതിക പുരോഗതിയുടേയും ആധുനികീകരണത്തിന്റേയും അധിനിവേശത്തോടുള്ള പ്രതിഷേധത്തിന്റേയും മറ്റും ഭാഗമായാണ് ഇന്നറിയപ്പെടുന്ന മട്ടിലുള്ള ദേശീയബോധവും വികാരവും അനുക്രമം കിളിര്‍ത്തുവന്നത്.
ഈ യാഥാര്‍ത്ഥ്യം മനസ്സിലുറപ്പിക്കാത്തതുകൊണ്ടാണ് പൃഥ്വിരാജ് ചൗഹാന്‍ മുഹമ്മദ് ഗോറിക്കെതിരേയും ഛത്രപതി ശിവജി ഔറംഗസേബിനെതിരേയും നടത്തിയ പോരാട്ടങ്ങള്‍ ഭാരത ദേശീയബോധത്തിന്റെ കണക്കില്‍ ചേര്‍ക്കാന്‍ ഹൈന്ദവ വലതുപക്ഷം ഉദ്യുക്തരാകുന്നത്. ആ കാലയളവുകളില്‍ ഭാരതത്തിനകത്തുള്ള ഒരു ഭരണാധികാരിയും ഭാരതത്തിനുവേണ്ടിയല്ല, തന്റെ പരിധിയിലുള്ള ഭൂഭാഗത്തിനുവേണ്ടി മാത്രം പൊരുതിയവരാണ്. സ്വരാജ്യസ്‌നേഹം അവര്‍ക്കുണ്ടാവാം. പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ച അവര്‍ക്ക് ഭാരതസ്‌നേഹവും ഭാരതീയബോധവും ഉണ്ടാവുക സാധ്യമല്ല.
ബ്രിട്ടീഷുകാരോട് പൊരുതിയ ടിപ്പു സുല്‍ത്താന്‍, ബാജിറാവു പേഷ്വ എന്നിവരുടെ കഥയും അതുതന്നെ. ഇരുവരും തങ്ങളുടെ വരുതിയിലുള്ള 'സാമ്രാജ്യം' പരിരക്ഷിക്കാന്‍ പടവെട്ടിയവരാണ്. ബ്രിട്ടീഷുകാര്‍ക്ക് പകരം ഇന്ത്യക്കാര്‍ തന്നെയാണ് തങ്ങളുടെ രാജ്യം അക്രമിച്ചിരുന്നതെങ്കിലും അവര്‍ തുല്യരീതിയില്‍ ചെറുത്തുനില്‍ക്കുമെന്നുറപ്പ്. മഹാഭാരതയുദ്ധത്തില്‍ വിദേശ സാമ്രാജ്യത്വമോ ദേശീയത്വമോ പ്രേരകഘടകങ്ങളായിരുന്നില്ലാത്തതുപോലെ മേല്‍ച്ചൊന്ന പോരാട്ടങ്ങളിലും അവ പ്രേരകഘടകങ്ങളായി വര്‍ണ്ണിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates