കൊച്ചി : ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്ന് എത്തുന്ന കാണികള്‍ക്കായി പ്രത്യേക പാര്‍ക്കിങ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. മത്സരം കാണാന്‍ എത്തുന്നവര്‍ പരമാവധി മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ആരാധകരുടെ സൗകര്യാര്‍ത്ഥം നാളെ രാത്രി 11.30 വരെ മെട്രോ സര്‍വീസ് ലഭ്യമായിരിക്കും. വടക്കന്‍ മേഖലകളായ പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തോ കണ്ടെയ്‌നര്‍ റോഡരികിലോ പാര്‍ക്ക് ചെയ്ത ശേഷം പൊതുഗതാഗതം വഴി സ്റ്റേഡിയത്തിലേക്ക് എത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും, ആലപ്പുഴ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നുള്ള കാണികള്‍ മെട്രോ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.വൈകിട്ട് 5 മുതല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി യാത്ര ചെയ്യണം. ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്‍ വഴി എസ്.എ റോഡ് ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates