ഒറ്റച്ചിലമ്പുമായ് നര്‍ത്തനമാടാന്‍
തുടിക്കും മനസ്സിനെ കാണാച്ചരടില്‍
കുരുക്കിയതാരോ* വിഷാദത്തിരകളില്‍
മേലേക്കുയര്‍ത്തിയതാരോ, നിയതിയോ,
വര്‍ണ്ണം നിഷേധിച്ച കൈവിരലോ, നിലാ-
ത്തുമ്പികള്‍ പൂക്കുന്ന പൊന്‍തൂവലോ?
പൊന്നിന്‍ കുരുക്കഴിച്ചിന്നലെയാടിയ
നര്‍ത്തനം ശിഞ്ജിതം തീര്‍ക്കുന്ന വേളയില്‍
താളമേളങ്ങളാല്‍ രംഗം കൊഴുക്കുന്നു
അന്നേരമേതോ നിഴല്‍ വന്നു മൂടുന്നു,
ഒറ്റയാണൊറ്റയാണെന്നു മുഴക്കവേ
ഒറ്റ മുലച്ചിയെന്നര്‍ത്ഥം ചിതറിയോ?
കാണാച്ചരടാല്‍ കൊളുത്തിട്ടു കെട്ടിയി-
ട്ടഗ്‌നികുണ്ഡത്തില്‍ കുടഞ്ഞിട്ടു നെഞ്ചൂക്കു
കാട്ടിച്ചിരിച്ചവനാത്മരാഗത്തില്‍ രതി-
ഛായയില്‍ നിര്‍വൃതി തേടുന്ന വേളയില്‍
തീയാട്ടമാടിത്തിമിര്‍ക്കട്ടെയുച്ചിയില്‍
കാളിയനായി ഞാന്‍ സംഹാരമാടട്ടെ.
വര്‍ഷമേഘങ്ങളേ ദുന്ദുഭിയാര്‍ക്കുക
ഒറ്റയിലൊറ്റയായ് വിശ്വം നിറയുന്ന
ഉണ്മയിലെന്റെ വിഷാദത്തെയാഴ്ത്തുക,
ഒറ്റച്ചിലമ്പുമായൊറ്റമുലച്ചിയീ വേദിയില്‍
വര്‍ഷങ്ങളാടിത്തിമിര്‍ക്കവേ
ഉണ്മയിലെന്റെ വിമുക്തി ഭവിക്കട്ടെ.
*Narcissistic Abuse - ആത്മരതിയില്‍ വിരമിക്കുന്നവന്‍ ഇണയെ മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates