രമാ പ്രസന്ന പിഷാരടി എഴുതിയ കവിത Malayalam Poem AI Image
Pen Drive

ഇത് മഴക്കാലമാണ് - രമാ പ്രസന്ന പിഷാരടി എഴുതിയ കവിത

രമാ പ്രസന്ന പിഷാരടി

ത് മഴക്കാലം

തിമിര്‍ത്ത് പെയ്യുന്നുണ്ട്

ഇടവമേഘങ്ങളും,

ഈറന്‍ കിനാക്കളും,

പുലരി കാണാതെ

കനത്ത് പെയ്യുന്നുണ്ട്

കദനവും യുദ്ധവും

തീമഴത്തുള്ളിയും

ഇത് മഴക്കാലം

മുനഞ്ഞ് കത്തുന്നുണ്ട്

ഭയവും, വിളക്കും

കുരുന്ന് ബാല്യങ്ങളും

ഇത് മഴക്കാലം

ഇടിഞ്ഞ് വീഴുന്നുണ്ട്

പഴയതാം ചുമരിന്റെ

പ്രാണന്റെ നിസ്വനം

ഇത് മഴക്കാലം

നനഞ്ഞ കണ്‍പീലിയില്‍

മുകിലും, സമുദ്രവും

തൊട്ട് നില്‍ക്കുന്നുണ്ട്

പ്രളയവും, മായയും

തിരയും വിലാപവും

മണലിഴക്കുള്ളില്‍

കുരുങ്ങി നില്‍ക്കുന്നുണ്ട്

ചിതല്‍ തിന്നൊരോലയും

ശാന്തിമന്ത്രങ്ങളും

ജനലഴിക്കുള്ളില്‍

പിടഞ്ഞ് വീഴുന്നുണ്ട്

വഴി മാറിയൊഴുകു-

ന്നൊരരുവിയുടെ

കൈവഴിയില്‍

ലയമറ്റ വരികളും

സ്വരമറ്റ ജന്യവും

നിറമറ്റ പകലിന്റെ

നിനവിലിലുരുള്‍ പൊട്ടുന്ന

കുതിരുന്ന മണ്ണിന്റെ

ആരൂഢനോവുകള്‍

തിമിരം പടര്‍ന്ന യാത്രാ-

വഴിക്കരികിലായ്

തരിവെട്ടമേറ്റുന്ന

മിന്നാമിനുങ്ങുകള്‍..

ഇത് മഴക്കാലം

പുകഞ്ഞ് നീറും

മണ്ണുതരിയതില്‍ നിന്നും

പിളര്‍ന്ന ഭൂഖണ്ഡങ്ങള്‍

തകരുന്ന സ്തൂപം

പതാകകള്‍, വാനത്തി-

ലെഴുതുന്ന തീവെട്ടിയടരിന്റെ

കനലുകള്‍.

ഇത് മഴക്കാലം

ഒളിപ്പോരിരുട്ടിന്റെ

തിമിരവും, വിഷ-

വലച്ചുരുളും നിരാസവും

വഴിയില്‍ കുരുക്കിട്ടിടഞ്ഞ്

നില്‍ക്കുന്നുണ്ട്

നിറമറ്റ വാക്കെയ്ത് നീങ്ങുന്ന

നിഴലുകള്‍

ഇത് മഴക്കാലം

ഋതുക്കളുടെ ഭാഷയ്ക്ക്

കടലിന്റെ ജതികള്‍ക്ക്

കാറ്റാടിമരമതിന്

ജലമറ്റ പൊയ്കയ്ക്ക്

മണലെഴുത്തോര്‍മ്മയ്ക്ക്

ഇടറുന്ന സന്ധ്യയ്ക്ക്

തീപ്പെട്ട കനവിന്ന്

കൊടുവേനലറുതിയ്ക്ക്

ഞാറ്റുവേലക്കിളിക്കിത്

മഴക്കാലം കുളിര്‍ന്ന

മണ്ണില്‍ നിന്ന് പതിയെ-

മുള പൊട്ടുന്നു

തളിരിലച്ചിറകുകള്‍

ഇത് മഴക്കാലം

മൃദംഗം, മിഴാവുകള്‍

തനിയെ-യാവര്‍ത്തനം

ചെയ്യുന്ന രാപ്പകല്‍

ജതികള്‍ തെറ്റിപ്പിട-

ഞ്ഞോടുന്ന നദികളുടെ

മുടിയിലായ് കൈതോല-

മണമുള്ള കാറ്റുകള്‍..

ഇത് മഴക്കാലം

വരും, പോകുമൊരു

പ്രളയമത് പോലെ

മായ പോല്‍

പെയ്തങ്ങ് തോര്‍ന്നിടും.

ലയമറ്റിടക്കിടെ

വീണുപോകുമ്പോഴും

ജലതരംഗത്തിന്‍

തടാകങ്ങളായിടും

പെരുമഴക്കാലം

കടന്ന് പോകും വഴി

ശ്രുതിയൊന്ന് താഴ്ത്തിടും

വീണ്ടും തുടങ്ങിടും.

ഇത് മഴക്കാലം

ഇലത്താളമിലകളുടെ

ഇത് മഴക്കാലം ജലത്തിന്റെ

വിപ്‌ളവം

ഇത് മണ്ണെഴുത്തിന്റെ

വേരിന്റെ അക്ഷരം

ഇത് മഴക്കാലം പ്രതീക്ഷയുടെ

ജലലിപികള്‍..

Malayalam Poem, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

SCROLL FOR NEXT