representative image created by Ai image generator Ai image generator
Pen Drive

പാതാള ഗംഗ - ചാള്‍സ് എഴുതിയ കഥ

Author : ചാള്‍സ്

ദിയിലൂടെ കടല്‍ നോക്കി പാഞ്ഞു കൊണ്ടിരുന്ന അനേകം ഗ്യാസ് സിലിണ്ടറുകളൊന്ന് ജീവന്‍ പണയപ്പെടുത്തി പിടിച്ചെടുത്ത് അഭിമാനത്തോടെ തലയില്‍ ചുമന്ന് ആഹ്ലാദനൃത്തം ചവിട്ടിയാണ് ദീനുലാല്‍ ആ മഴയത്ത് വീട്ടിലേക്ക് കയറി വന്നത്.

ദിവസങ്ങളോളം ഒരു നേരം മാത്രം പച്ചവെള്ളത്തില്‍ കുതിര്‍ത്ത പൊഹ കഴിച്ച് മനംമടുത്ത ദീനുലാലിന്റെ മക്കള്‍ ആ കാഴ്ച കണ്ട് തുള്ളിച്ചാടുകയായിരുന്നു. തോരാതെ പെയ്യുന്ന മഴയില്‍ കൂലിവേല ഇല്ലാതായതോടെ ദീനുലാലിന്റെ വീട്ടില്‍ ദാരിദ്രവും പട്ടിണിയും കയറി ഇരുപ്പുറപ്പിച്ചിട്ട് അത്രയും തന്നെ ദിവസങ്ങളായിരുന്നു.

പിടിച്ചെടുത്ത സിലിണ്ടര്‍ നഗരത്തില്‍ കൊണ്ടുപോയി, പറ്റിക്കപ്പെടുകയാണ് എന്നറിയാത്ത ഒരു ചെറിയ തുകക്ക് വിറ്റുകിട്ടിയ കാശു കൊണ്ടാണ് ദീനുലാല്‍ ഗോതമ്പ് പൊടിയും കുറേ ഉരുളകിഴങ്ങും പരിപ്പും മക്കള്‍ പറഞ്ഞ മഞ്ഞ മിച്ചറും പാക്കറ്റില്‍ വില്‍ക്കുന്ന പൊള്ളിച്ച ചോളവും വാങ്ങിയത്.

മഴയില്‍ തണുത്ത് മരവിച്ച് കത്താന്‍ മടിച്ച് കിടന്ന മരകൊള്ളികളെ ഏറെ നേരം പ്രായസപ്പെട്ട് ഊതി ഊതി സമ്മതിപ്പിച്ചു കൊണ്ടാണ് ദീനുലാലിന്റെ ഭാര്യ സുമന്‍ വിറകടുപ്പില്‍ ആലുറൊട്ടിയും ഡാലും മക്കള്‍ക്ക് പ്രിയ്യപ്പെട്ട ഉരുളക്കിഴങ്ങ് പൊരിച്ചതും ഉണ്ടാക്കിയെടുത്തത്.

കഴിക്കാന്‍ വട്ടത്തില്‍ ഇരുന്ന് ദീനുലാലും മക്കളും ആഹ്ലാദത്തോടെ ഒരു പാട്ട് പാടുമ്പോഴാണ് പൊലീസ് കതക് ചവിട്ടിത്തുറന്ന് അകത്തേക്ക് പാഞ്ഞു കയറിയത്. മഴയില്‍ കുതിര്‍ന്ന കാക്കി നിറത്തിന് കട്ടി കൂടിയിരുന്നു.

പൊലീസുകാരാല്‍ പുറത്തേക്ക് എടുത്ത് എറിയപ്പെട്ട ചൂട് റൊട്ടികളും ഡാലും മഴയുടെ തണുപ്പേറ്റ് ഒന്ന് തണുക്കാനെന്ന ഭാവേന നിശ്ചേഷ്ടരായി മണ്ണില്‍ തന്നെ കിടന്നു.

അച്ചനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോവുന്നത് കണ്ടു നിന്ന ദീനുലാലിന്റെ മക്കളുടെ കരച്ചിലിന്റെ ശബ്ദത്തെ തോല്‍പ്പിക്കാനെന്നോണം പുറത്ത് മഴ തന്റെ ശബ്ദത്തിന്റെ വ്യാപ്തി കൂട്ടികൊണ്ടിരുന്നു

പൊള്ളിച്ച ചോളവും മഞ്ഞ മിച്ചറും മഴ വെള്ളത്തോടൊപ്പം ഒലിച്ച് ഓവുചാലിലേക്ക് വീണ് പാതാള ഗംഗ കാണാന്‍ പടിഞ്ഞാറോട്ട് ഒഴുകി. ദീനുലാലിന്റെ കുടുംബത്തെ അത്രയും ദിവസം സംരക്ഷിച്ചു നിര്‍ത്തിയ പൊഹയും അവര്‍ക്കു പിറകെ മുറ്റത്തേക്കിറങ്ങി സ്വതന്ത്രരാക്കപ്പെട്ട മത്സ്യകുഞ്ഞുങ്ങളെപോലെ ഓവു ചാലിലൂടെ ഓടി.

ദീനുലാലിനെ പൊതിരെ തല്ലുന്നതിനിടയില്‍ ചില പൊലീസുകാര്‍ സുമനെ അസഭ്യം പറഞ്ഞു കൊണ്ട് അകത്തെ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി അവളുടെ അരക്കെട്ടിന്റെയും മുലകളുടേയും പൃഷ്ഠഭാഗത്തിന്റെയും അളവുകളെടുത്ത് തിരിച്ചിറങ്ങി. അച്ചനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോവുന്നത് കണ്ടു നിന്ന ദീനുലാലിന്റെ മക്കളുടെ കരച്ചിലിന്റെ ശബ്ദത്തെ തോല്‍പ്പിക്കാനെന്നോണം പുറത്ത് മഴ തന്റെ ശബ്ദത്തിന്റെ വ്യാപ്തി കൂട്ടികൊണ്ടിരുന്നു.

ആ കാഴ്ചകളൊക്കെ കണ്ട് ഒന്നുമറിയാത്തവരെ പോലെ നോക്കി നിന്ന മറ്റ് ഗ്രാമവാസികള്‍ തങ്ങള്‍ക്ക് കിട്ടിയ സിലിണ്ടറുകള്‍ പൊലീസിന്റെ കണ്‍വെട്ടത്തു നിന്ന് മറച്ച് വച്ച് ശിക്ഷയില്‍ നിന്ന് രക്ഷ നേടി.

മഴയുടെ മൂന്ന് നാളുകള്‍ മുഴു പട്ടിണിയിലായ ദീനുലാലിന്റെ ഭാര്യയും മക്കളും നാലാം ദിനം അപ്പോഴും നദിയിലൂടെ ഒഴുകികൊണ്ടിരുന്ന സിലിണ്ടറുകള്‍ക്കൊപ്പം ചേര്‍ന്ന് കടലിലേക്ക് ഒഴുകി നീങ്ങി. മോഷണ ശിക്ഷ കഴിഞ്ഞ് പിറ്റേന്ന് എത്തിയ ദീനുലാല്‍ ഗ്രാമവാസികള്‍ പറഞ്ഞാണ് ഭാര്യയും മക്കളും കടലിലേക്ക് നീന്തി പോയ വിവരം അറിഞ്ഞത്!

ആര്‍ത്തലച്ച് പടിഞ്ഞാറോട്ട് കുത്തി ഒലിക്കുന്ന പാതാള ഗംഗയുടെ കരയില്‍ മൗനത്തിന്റെ ഭാഷയില്‍ അവളേക്കാള്‍ ഉച്ചത്തില്‍ ആര്‍ത്തലച്ച് കരയുന്ന മനവുമായി ഏറെ നേരം നിന്ന ദീനുലാല്‍ കടലിന്റെ ഏതെങ്കിലുമൊരു കോണിലോ നിയമങ്ങളും പൊലീസും കടന്നു വരാത്ത കടലിന്റെ അടിത്തട്ടിലെ ഏതെങ്കിലുമൊരു കോട്ടയിലോ തന്റെ ഭാര്യയേയും മക്കളേയും കണ്ടു മുട്ടുമെന്ന പ്രതീക്ഷയില്‍ കടലിലേക്കുള്ള യാത്രക്കായി പാതാള ഗംഗയിലേക്ക് എടുത്ത് ചാടി.

മക്കളെ കാണുമ്പോള്‍ കൊടുക്കാന്‍ അവര്‍ക്ക് നുണയാന്‍ പറ്റാതെ പോയ മഞ്ഞ മിച്ചറിന്റെയും ചുട്ട ചോളത്തിന്റെയും രണ്ട് പൊതികള്‍ ഒഴുക്കില്‍ നഷ്ടപ്പെടാതിരിക്കാന്‍ അരയിലെ ചുവന്ന ചരടില്‍ ദീനുലാല്‍ കെട്ടി ഉറപ്പിച്ചിരുന്നു....

അവനെ തൊട്ട് തലോടി ആശ്വസിപ്പിക്കാനെന്നോണം അപ്പോഴും കടലിലേക്ക് ഒഴുകിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ കടലിലേക്ക് ഒഴുകുന്ന ദീനുലാലിനെ ഇടയ്ക്കിടക്ക് വന്ന് സ്പര്‍ശിക്കുന്നുണ്ടായിരുന്നു.

പാതാള ഗംഗ മതില്‍ തകര്‍ത്ത് ഇരച്ചു കയറി ആ ഗ്യാസ് പ്ലാന്റില്‍ നിന്നും കവര്‍ന്നെടുത്ത് ഒഴുക്കി കൊണ്ടുപോയ ആയിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുക്കുന്നവര്‍ തിരികെനല്‍കിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് കലക്ടര്‍ എന്നൊരു അധികാരി പ്രഖ്യാപിച്ചിട്ടുണ്ട് എന്നറിയാതെ പട്ടിണിയുടെ ഗ്യാസ് നിറഞ്ഞ് വീര്‍ത്ത വയറുകളുമായി അപ്പോഴും പലരും ജീവന്‍ പണയപ്പെടുത്തി സിലിണ്ടറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.

മുംബൈയില്‍ കനത്ത മഴയില്‍ പന്‍വേലിനടുത്തു പാതാള്‍ഗംഗ നന്ദിക്കു സമീപത്തെ പ്ലാന്റിന്റെ മതില്‍ തകര്‍ന്ന് സിലണ്ടറുകള്‍ ഒഴുകിപ്പോയിരുന്നു

Malayalam short story written by Charles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

'നിനക്കിത് എന്തിന്റെ കേടാ ?ഇങ്ങനെ കാണിച്ചാൽ നിഷേധം ആണെന്ന് പറയത്തില്ലേ ?' എന്ന് ഭർത്താവ് ചോദിച്ചു'; 'ഉള്ളൊഴുക്ക്' ഒഴിവാക്കി കൊണ്ടിരുന്നത് അതിനാൽ'

ഫുള്‍ 80s വൈബ്! ട്രെന്‍ഡ് പിടിച്ച് ജെന്‍സിയും, ആ വൈറല്‍ പ്രോംപ്റ്റുകള്‍ ഇതാ...

'അച്ഛനും അമ്മയും എന്‍റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന്‍ ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി

സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?