സതീഷ് മാമ്പ്ര എഴുതിയ കഥ AI Image
Pen Drive

''നന്ദാ, താനൊരു ബലിയിടാമോ? ആരൊക്കെയോ ചവച്ചു തുപ്പി പുഴയിലെറിഞ്ഞ ആ സാധു സ്ത്രീക്ക് വേണ്ടി?''

കര്‍ക്കടകപ്പെയ്ത്ത് - സതീഷ് മാമ്പ്ര എഴുതിയ കഥ

Author : സതീഷ് മാമ്പ്ര

ള്ള് കൂട്ടി മൂന്ന് നീര്..

ചന്ദനം കൂട്ടി മൂന്ന് നീര്...

മൂന്ന് നീര്....

മൂന്ന് പൂവാരാധിച്ച് തൊഴുത് ...

നാണു മൂത്തശ്ശന്‍ പറഞ്ഞു തരുന്നതിനനുസരിച്ച് പിതൃകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും എന്റെ ശ്രദ്ധ അല്പം ദൂരെയായി എനിക്കൊപ്പം വിചിത്രമായ രീതിയില്‍ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്ന ആ അമ്മയിലായിരുന്നു.

ശിവരാത്രിക്ക് ബലിയിട്ട് ആലുവ തേവരെ തൊഴാനെത്തിയപ്പോഴാണ് അവരെ ഞാന്‍ ആദ്യമായി കാണുന്നത്. ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെ ഗൗനിക്കാതെ ആല്‍ത്തറയില്‍ ചമ്രം പടഞ്ഞിരുന്ന് അവര്‍ ''അച്യുതം കേശവം രാമ നാരായണം കൃഷ്ണ ദാമോദരം വാസുദേവം ഹരി'' ചൊല്ലുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്കെന്തോ മാനസിക പ്രശ്‌നമുണ്ടെന്ന് ആര്‍ക്കും തോന്നും. എങ്കിലും നല്ല പ്രൗഢയായ ഒരാളായിരുന്നു അവര്‍.

നിറംകെട്ടതെങ്കിലും അവരുടെ വേഷവിധാനത്തില്‍ പോലും ആ കുലീനത്വം പ്രകടമായിരുന്നു... നെറ്റിയില്‍ ചന്ദനമോ സിന്ദൂരമോ ചാര്‍ത്തിയിരുന്നുമില്ല.

കര്‍മ്മം ചെയ്യുന്ന അവരുടെ അടുത്ത് കിണ്ടിയോ വെള്ളമോ തൂശനിലയോ മറ്റ് പൂജാദ്രവ്യങ്ങളോ ഉണ്ടായിരുന്നില്ല. എവിടെ നിന്നോ കിട്ടിയ ഒരു ചീന്ത് ഇലയില്‍ അവര്‍ മണല്‍ തരികള്‍ സമര്‍പ്പിച്ചു കൊണ്ടിരുന്നു! അവരുടെ കണ്ണുകളില്‍ നിന്നും ധാരമുറിയാതെ ചുടു കണ്ണീര്‍ ആ ഇലച്ചീന്തില്‍ വീണു ചിതറുന്നത് കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ കര്‍മ്മം മറന്നു. എന്റെ നേത്രങ്ങളും നിറഞ്ഞു തുളുമ്പിയിരുന്നു, അപ്പോള്‍.

''മരിച്ച ആളിന്റെ നാളും പേരും ബന്ധവും പറഞ്ഞ് ....''

'എന്തേ? എന്തുപറ്റി, രഘുനന്ദാ?'

നാണു മൂത്തശ്ശന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.

കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി പുഴയില്‍ ഒരിക്കല്‍ കൂടി മുങ്ങി നിവര്‍ന്ന് ദക്ഷിണ സമര്‍പ്പിക്കാനെത്തുമ്പോള്‍ അവര്‍ ബലി തൂവിയിടത്ത് നിന്ന് പിതൃക്കളെ വിളിച്ചു വരുത്താനെന്നവണ്ണം കൈകള്‍ കൊട്ടി വട്ടം ചുറ്റുകയായിരുന്നു.

ദക്ഷിണയ്ക്ക് ശേഷം മൂത്തശ്ശന്‍ ഇലച്ചീന്തില്‍ പകര്‍ന്നു നല്‍കിയ ബലിശിഷ്ടം ഇഞ്ചിത്തൈര് കൂട്ടി കഴിക്കാനൊരുങ്ങുമ്പോള്‍, അവര്‍ നീട്ടിയ കൈകളും ദൈന്യതയാര്‍ന്ന മിഴികളുമായി എന്റെ മുന്നിലേക്ക് ഓടിയലച്ചെത്തി. ഞാനൊന്നന്തിച്ചു. കയ്യിലെടുത്തത് കഴിച്ച് ഇലച്ചീന്തില്‍ അവശേഷിച്ചത് അവര്‍ക്ക് നീട്ടുമ്പോള്‍ മൂത്തശ്ശനെന്നെയൊന്ന് ഇരുത്തി നോക്കി തല ഇരുവശത്തേയ്ക്കും ആട്ടുമ്പോള്‍ ശ്മശ്രുക്കള്‍ നിറഞ്ഞ ആ മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം വിരിഞ്ഞതായി എനിക്ക് തോന്നി. അവരതുമായി പുഴക്കരയിലേയ്‌ക്കോടി. ഇലച്ചീന്ത് കുമ്പിള്‍ കുത്തി ജലം നിറച്ച് കൈകള്‍ ''ജലോപരിതലത്തിലേയ്ക്കുയര്‍ത്തിപ്പിടിച്ച് മുങ്ങി നിവര്‍ന്ന് ഈറനോടു കൂടി മണപ്പുറം പാലത്തിന്റെ ചവിട്ടുകള്‍ ഓടിക്കയറി. ഇടവും വലവും മുന്നും പിന്നും നോക്കാതെയുള്ള ആ ഓട്ടത്തില്‍ അവര്‍ ആരേയും കാണുന്നുണ്ടായിരുന്നില്ലെന്ന് തോന്നി. ഭ്രാന്തമായ ഒരാവേശത്തോടെ മുന്നോട്ടു കുതിച്ച അവര്‍ പുഴയുടെ നടുക്ക് പാലത്തിന് മുകളില്‍ നിന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ആ ബലിച്ചോറ് പുഴയിലേയ്ക്ക് സമര്‍പ്പിച്ച് നെഞ്ച് തകരും വിധം അലമുറയിട്ടു കരഞ്ഞു; നിലത്തിരുന്ന് പുഴയിലേയ്ക്ക് നോക്കി തൊഴുത് നമസ്‌കരിച്ച് കരയുമ്പോള്‍ എന്റെ നെഞ്ചില്‍ ഒരു പിടച്ചില്‍ അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. അത് മനസ്സിലാക്കിയിട്ടോ എന്തോ, മന്ത്രങ്ങള്‍ ചൊല്ലി കൊടുക്കുന്നതിനിടയിലും മൂത്തശ്ശന്‍ പറഞ്ഞു:

'നന്ദാ, താന്‍ പൊയ്‌ക്കോളൂ... അതൊക്കെ ഇവ്‌ടെ സാധാരണാ ... അതോര്‍ത്ത് വെഷ്മിക്കണ്ട; പൊക്കോളൂ..''

അര്‍ദ്ധമനസ്സോടെ ഞാന്‍ മടങ്ങുമ്പോഴും അവരുടെ ഹൃദയം നുറുങ്ങുന്ന വിലാപം എന്റെ കാതുകളില്‍ വന്നലച്ചുകൊണ്ടിരുന്നു!

***

''എന്താ നന്ദാ, പത്വില്യാതെ?''

പടികടന്നെത്തിയ ബുള്ളറ്റിന്റെ അലോസരപ്പെടുത്തുന്ന ഘടഘടാ ശബ്ദത്തില്‍ ഉച്ചമയക്കത്തിന് ഭംഗം നേരിട്ടതിന്റെ നീരസം മുഖത്ത് പ്രതിഫലിപ്പിക്കാതെ നാണു മൂത്തശ്ശന്‍ ചോദിച്ചു.

''മനസ്സീന്ന് മായ്ണില്യാ മൂത്ത്ശ്ശാ, അത് ....''

'' ഉം..''

ദീര്‍ഘമായൊരു നിശ്വാസത്തോടുകൂടിയ ഒരു മൂളലോടെ നാണു മൂത്തശ്ശന്‍ വിദൂരതയിലേയ്ക്ക് കണ്ണും നട്ടങ്ങനെയിരുന്നു. പിന്നെ യാന്ത്രികമായെന്നോണം പറഞ്ഞു:

''എന്‍ക്കത് അന്നേ അറിയായ്യിര്ന്നു നന്ദാ... നെന്‍ക്കത് താങ്ങാമ്പറ്റ്‌ല്യാന്ന്! എന്‍ക്കറ്യാലോ നെന്നെ .... ന്നാലും വല്ലാത്തൊര് വിധ്യായ്‌പ്പോയ് അയ്‌ന്റെ ... ഹൃദ്യോള്ളോര്‍ക്ക് കണ്ട്ക്കാമ്പറ്റണ കാഴ്ച്ചല്യാത്.. താന്‍ നേര്ട്ട് കാണ്വാണ്ടായ്‌ല്യാല്ലോ... അത് തന്റെ സുകൃതംന്ന് നെന്‍ച്ചാ മതീന്റെ നന്ദാ.... ഔ! പ്പ്‌ളും കണ്ണ്‌ന്റെ മുമ്പീക്കെട്ന്നങ്ങ്ട് മറ്യാ...'

''ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലുമൊക്കെ വേണ്ടേ കുഞ്ഞേ ...?

തോളില്‍ക്കിടന്ന മുഴിഞ്ഞ മല്‍മ്മല്‍ നേരിയതുകൊണ്ട് മുഖവും കഷണ്ടിയും അമര്‍ത്തി തുടച്ചുകൊണ്ടത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു.

എനിക്ക് മുഖം തരാതെ അദ്ദേഹം പുറത്തേയ്ക്ക് തന്നെ നോക്കിയിരുന്നു; എന്തൊക്കെയോ ഓര്‍ത്തെടുക്കാന്‍ ആ മനസ്സ് വെമ്പുന്നുണ്ടായിരുന്നെന്ന് വ്യക്തം.

മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിന്റെ കല്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ ആ മൃതശരീരത്തിന് നാലഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അമ്പത്തിയാറിലും ഉടയാത്ത അവരുടെ യൗവ്വനത്തുടിപ്പുകള്‍ ആരോ കടിച്ചു പറിച്ചെടുത്തിരുന്നു. വിവസ്ത്രയാക്കപ്പെട്ട ആ ശരീരത്തില്‍ പെരിയാറിലെ മത്സ്യങ്ങള്‍ കൊത്തിവലിച്ച പാടുകള്‍ക്കൊപ്പം ആരുടെയൊക്കെയോ നഖക്ഷതങ്ങളുമുണ്ടായിരുന്നു! എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലായ്മയില്‍ മനസ്സിന്റെ താളം തെറ്റി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധു സ്ത്രീ!

നാണു മൂത്തശ്ശന്‍ ഒരു ഞെട്ടലോടെ വെട്ടിത്തിരിഞ്ഞ് എന്നെ നോക്കി.

''ആണ്ടറുതിയില്‍ പുഴ കരകവിഞ്ഞൊഴുകി തീരങ്ങളെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്ന കര്‍ക്കടകപ്പെയ്ത്തില്‍ നന്ദാ, താനൊരു ബലിയിടാമോ? ആരൊക്കെയോ ചവച്ചു തുപ്പി പുഴയിലെറിഞ്ഞ ആ സാധു സ്ത്രീയ്ക്ക് വേണ്ടി?''

വിറയാര്‍ന്ന ശബ്ദത്തിലുള്ള മൂത്തശ്ശന്റെ ചോദ്യം എന്നെ ഒന്ന് വിറഞ്ഞെടുക്കാന്‍ പോന്നതായിരുന്നു.

''മൂത്തശ്ശാ! എനിക്കതിനാകുമോ?!''

''ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലുമൊക്കെ വേണ്ടേ കുഞ്ഞേ ...? മക്കളില്ലാതിരുന്ന അവരുടെ സ്വത്തുവകകളെല്ലാം ഉറ്റവര്‍ തട്ടിയെടുത്തതില്‍ മനം നൊന്താണ് അയാള്‍ നാരായണന്‍ നായര്‍ തന്നെ തന്നെ പുഴയ്ക്ക് സ്വയം സമര്‍പ്പിച്ചത് ... ശരീരം പോലും ഏറ്റുവാങ്ങാന്‍ ആരും വന്നില്ല! അന്ന് താളം തെറ്റിയതായിരുന്നു സാവിത്രിയുടെ മനസ്സ്. ആത്മാവിന്റെ മോക്ഷത്തിനായി കര്‍മ്മം ചെയ്യാന്‍പോലുമാളില്ലാതെ കണ്ടവരോടെല്ലാം കര്‍മ്മം ചെയ്യാന്‍ യാചിച്ച് അവര്‍ ക്രമം തെറ്റിയ മനസ്സുമായി തേവരെ ചുറ്റിപ്പറ്റി ജീവിച്ചു. ആര് കര്‍മ്മം ചെയ്യാനെത്തിയാലും അവര്‍ ആ കടവുകളിലെത്തി തന്റെ ഭര്‍ത്താവിനായി കര്‍മ്മം ചെയ്യും! എന്തൊരു വിധിയാ ന്റെ തേവരേ ഇങ്ങ്‌നൊര് വിധി അത് ന് കൊടുക്കേണ്ടീര്‍ന്നോ?''

എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നാണു മൂത്തശ്ശന്‍ രഘുനന്ദന്റെ ചുമലില്‍ താങ്ങി തിന്നു. അദ്ദേഹത്തെ തന്നോട് ചേര്‍ത്ത് രഘുനന്ദന്‍ പറഞ്ഞു: 'ഒന്നല്ല മൂത്തശ്ശാ... രണ്ട്... രണ്ട്വേര്‍ക്കും ഞാന്‍ ബലിടാം മൂത്തശ്ശാ...'

'കുഞ്ഞേ, ജന്മം കൊണ്ട് മാത്രമല്ല മകനാക്വാ; കര്‍മ്മം കൊണ്ട്വാകാം. നെനക്കതിനാകും കുഞ്ഞേ

'കുഞ്ഞേ, ജന്മം കൊണ്ട് മാത്രമല്ല മകനാക്വാ; കര്‍മ്മം കൊണ്ട്വാകാം. നെനക്കതിനാകും കുഞ്ഞേ ... നെനക്കേ അതിനാകു. മോക്ഷം കിട്ടാത്ത ആത്മാക്കളായി ഇനീങ്ക് ലും അവര് അലഞ്ഞു തിര്യാതിരിക്കട്ടെ... നാളെ കര്‍ക്കിടവാവല്ലേ? നാളത്തന്യാകാം കുഞ്ഞേ.. നാളത്തന്നെ.''

അദ്ദേഹം അത് പറയുമ്പോള്‍ ശക്തമായ ഇടിയോടു കൂടി പുറത്ത് ഒരനുഗ്രഹ വര്‍ഷം പോലെ കര്‍ക്കിടകം കളം നിറഞ്ഞ് പെയ്തു നിറയുകയായിരുന്നു; നാണു മൂത്തശ്ശന്റെ മനസ്സുപോലെ.

Malayalam short story written by Satheesh Mambra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT