സതീഷ് മാമ്പ്ര എഴുതിയ കഥ AI Image
Pen Drive

അവള്‍ നമുക്ക് തിരികെ തരുന്നത് നമ്മുടെ ഏറ്റവും വലിയ ലഹരിയായ ഫുട്‌ബോളിനെയാണ്!

'അസൂറി രാജകുമാരി'' - സതീഷ് മാമ്പ്ര എഴുതിയ കഥ

Author : സതീഷ് മാമ്പ്ര

''കാതലൊള്ളത് നോക്കി വെട്ടാമ്പറണംട്ടാ...'

'ഹംസക്കാന്റെ പര്‍മ്പീന്ന് വെട്ടിക്കോളാന്‍ പര്‍ഞ്ഞ്ട്ട്ണ്ട്... അവ്ട്ന്നാവ്‌മ്പൊ നല്ല നീള് ള്ളൊതും കിട്ടും, എന്ത്യേ?''

''രാജേട്ട്‌ന്റെ വാളൂപ്പാടത്തോട് ചേര്‍ന്ന് കെട്ക്കണ പറ്മ്പില്ന്നും വെട്ട്ണംട്ടാ...'

'മ്മ്‌ടെ അള്ക്കണ നായ്‌ര്‌ല്ലേ? പെര്മ്പ്‌ള്‌ലെ തങ്ക്പ്പന്‍ നായ്‌ര്... അങ്ങേര്‌ടെ പൊക്കത്തെ പര്‍മ്പ്‌ല് നല്ല സൈസ് സാനോംണ്ട്... കിട്ടാമ്പാടാ... ഉസൈറേ, നീയ്യൊന്ന് ചോയ്‌ച്ചോക്കാമോ? മ്മ്‌ടെ സ്‌കൂള് മാനേയ്‌ര്് ഹംസക്കാനെക്കൊണ്ട് ചോയ്പ്പ്ച്ചാ കിട്ടാണ്ട്രിക്കില്ലാ .. അടയ്ക്കക്ക് പ്പത്ര വെല്യോള്ള കാലായോണ്ട് മൂപ്പര് തര്വോന്നൊര് സംശ്ശ്യോല്ലാണ്ട്ല്ല്യാ.''

വിപിന്‍ ചന്ദ്രന്റെ സംശയമതാണ്. നായര് തര്വോന്ന്!

''അത് നീ പേട്ക്കണ്ട്രാ വിപീ ... സംകതി അര്‍ഞ്ഞപ്പന്നെ തങ്ക്‌പ്പേട്ടന്‍ എത്രണ്ണാന്ന് വെച്ചാ വെട്ട്‌ക്കോളാന്‍ പര്‍ഞ്ഞട്ട്ണ്ട്.... അവ്‌ടെ തല പോയ്ത് മൂന്നാലെണ്ണം ണ്ട്ന്നാ നായ്രേട്ടന്‍ പര്‍ഞ്ഞേ.... ഞാ സത്യനോടും പിള്ളോര്‍ടും പര്‍ഞ്ഞേല്പിച്ചട്ട്ണ്ട് .... അതവര് നോക്ക്യോളും. പോരാത്തേന് കിഷോറും സുരേന്ദ്രനും കൂട്ടത്ത്‌ല്‌ണ്ടേനും... നല്ല കിണ്ണങ്കാച്ചി സാനോംണ്ടെ അവര് വരൂ..''

നാടുണരുകയാണ്. ദുരന്തം നടന്ന വീടുപോലെ ശോകമൂകമായി കിടന്നിടം എത്ര പെട്ടെന്നാണ് ഒരു വിവാഹ വീടിന്റെ ആഹ്ലാദാരവങ്ങളിലേയ്ക്ക് കടന്നിരുന്നത്! കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്ത മുഖങ്ങള്‍ പ്രഭാത സൂര്യന്റെ ചെങ്കതിരുകള്‍ വീണു വെട്ടി തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ പോലെ പ്രകാശ പൂരിതമായിരിക്കുന്നു.

ചെമ്പന്റെ ചായക്കടയിലെ പതിവ് പ്രഭാത ചര്‍ച്ചകളില്‍ പോലും ആ ഉണര്‍വ്വ് പ്രകടമാണ്. നനഞ്ഞ പടക്കം പോലെ കാണപ്പെട്ടിരുന്ന ചെമ്പാട്ടെ വര്‍ക്കിച്ചേട്ടന്‍ വരെ കാതടപ്പിക്കുന്ന കതിനയുടെ രൗദ്രഭാവത്തില്‍ പൊട്ടിത്തെറിച്ച് ചര്‍ച്ചകളിലേക്ക് കത്തിക്കയറി കഴിഞ്ഞിരിക്കുന്നു.

ലോകത്തില്‍ നടക്കുന്ന ഏതു കാര്യവും അന്നാന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമാണത്. മതവും രാഷ്ട്രീയവും കളിയും നാട്ടുകാര്യങ്ങളും ഹിതാഹിതങ്ങളും അതില്‍പ്പെടും. ചര്‍ച്ചകള്‍ നീളുന്തോറും ആളും കൂടും; കച്ചവടവും നടക്കും. നാട്ടിലെ ഏത് കാര്യവും ആദ്യം ചര്‍ച്ചയ്ക്ക് എടുക്കുന്നത് ചെമ്പന്റെ കടയിലാണെന്നൊരു സംസാരം തന്നെയുണ്ട്.

പക്ഷേ, അന്നത്തെ ആ സംഭവം ... ചര്‍ച്ചക്കാരേയും പിടിച്ചുലച്ചെന്നു തോന്നി.

നാടിന്റെ പെണ്‍കരുത്തായി തിളങ്ങി നിന്നവളാണ്! ഒരു നിമിഷത്തെ അശ്രദ്ധ അതോ... ??

''മറ്റേത് ഒര് ഒന്നൊന്നര സേവ്ന്ന്യാര്‍ന്നു.... അത് പറയാണ്ടിര്ക്ക്യാന്‍ പറ്റൂല ..''

ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുജീവന്‍ വച്ചിരിക്കുന്നു.

കാല്പന്തുകളിയെ നെഞ്ചേറ്റിയ യുവത്വങ്ങള്‍ ഏറെയും ഒത്തുകൂടുന്നത് കോവാടന്റെ ചായക്കടയിലാണ്. യൂണിയന്‍ ഗ്രൗണ്ടിലെ കളികഴിഞ്ഞ് അവര്‍ അവിടെ സമ്മേളിക്കും. സമീപ പ്രദേശങ്ങളിലെല്ലാം ടര്‍ഫുകളായെങ്കിലും നാട്ടിലെ കളിക്കാരൊന്നും യൂണിയന്‍ സ്‌കൂളിന്റെ പരുക്കന്‍ ഗ്രൗണ്ട് വിട്ട് മറ്റെവിടേയും പോയില്ല. അവരുടേയും പൂര്‍വ്വികരുടേയും വിയര്‍പ്പു തുള്ളികള്‍ വീണ് ദൃഢമായതാണ് ആ മൈതാനം. അത് വിട്ട് അവര്‍ എവിടെ പോകാന്‍?

'അല്ലേലും വിന്നേഴ്‌സിന്റെ പ്രതിരോധത്തെ വെട്ട്ച്ച് ജിതേഷ് കണ്ണന്‍ ഇടങ്കാലോണ്ട് തൊട്ത്ത ആ ഷോട്ട്ണ്ടല്ലാ ... അത് ഗോള്വല ചല്‍പ്പിച്ചപ്പ്‌ഴേ അവള്‍ടെ മൊകം പോയ്‌ര്ന്ന്....' വെള്ളാമ്പത്തെ സന്തോഷ് അര്‍ദ്ധ ശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.

'അത്പ്പ ആര്‍ക്കായ്ലും ണ്ടാവ് ല്ലേ? ഇത്വരെ ഗോള് വഴ്ങ്ങാത്തോളാവ്മ്പ... പ്രത്യേയ്ച്ചും ...' ചക്കരക്കാട്ടെ സുബൈര്‍ന് സംശയമില്ല.

''ബോക്‌സിലെ കൂട്ടപ്പൊര്ച്ചില് എത്ര ബംഗ്യായ് ട്ടാ ജിതേഷ് കണ്ണന്റെ ആ ആദ്യ ഗോള് വന്നത്! .... അത്പ്പ ആര്വാര്ച്ചാലും തട്ക്കാമ്പറ്റില്യാര്‍ന്ന്...' വടക്കോടത്തെ കൃഷ്ണചന്ദ്രന് അതില്‍ സംശയമില്ലായിരുന്നു.

''മറ്റേത് ഒര് ഒന്നൊന്നര സേവ്ന്ന്യാര്‍ന്നു.... അത് പറയാണ്ടിര്ക്ക്യാന്‍ പറ്റൂല ..'' കാസിംക്ക അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആരാധനയുടെ തിളക്കമുണ്ടായിരുന്നു.

''പക് തിക്കേനും അപ്രത്ത്ന്ന് പര്‍ന്ന് വീണല്ലേ കുത്തിപ്പൊര്‍ത്തേക്ക് വിട്ട്ത്...! ഔ അത്രെ് ഒന്നൊന്നര സേവ്ന്ന്യാര്‍ന്ന്ട്ടാ ...!'' എക്‌സ് മിലിട്ടറി അമ്പാട്ടെ വിജയന്‍ അതിശയം കൊണ്ടു.

''ഞാങ്കര്തീത് ഗോളായ്ന്നന്യാ ...! വെടിച്ചില്ല് പോലല്ലേ പന്ത്വന്നത് അവ്‌ളല്ല, വേറാര്ങ്ക് ലാര്‍ന്നെങ്ക്ല് ഒര്‍പ്പായ്ട്ടും ഗോളായ്നേ'' മൂലയ്ക്കലെ ബഞ്ചില്‍ പത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തിയിരുന്ന് പൊറോട്ടയും ചാപ്‌സും കഴിച്ചുകൊണ്ടിരുന്ന സത്യന്‍ തലയുയര്‍ത്താതെ പറഞ്ഞു.

''മുര്‍വ്വിന് നല്ല ആഴോണ്ടാര്‍ന്നെന്നാ പറേണെ .... ന്നാലും ഇങ്ങന്യോക്കെ സംബവ്‌ക്ക്യോ ...?'' കളി നേരിട്ട് കണ്ടിട്ടില്ലാത്ത കോവാടന്‍ അതിശയം കൂറി.

ലൈബ്രേറിയന്‍ പവിത്രനില്‍ നിന്നെത്തിയ ആ ഫോണ്‍ കോള്‍! ഐഎം വിജയന്റെ ക്ലാസിക് സിസര്‍ കട്ട് പോലെ അവരുടെ മനോമണ്ഡലത്തില്‍ തുളഞ്ഞിറങ്ങുമ്പോള്‍ ഒരു നാട് ശ്വാസം വീണ്ടെടുക്കുകയായിരുന്നു. അവരുടെ പ്രത്യാശയുടെ ഗോള്‍വല നിറയ്ക്കാനെത്തിയ ആദ്യ സുവര്‍ണ്ണ ഗോളായിരുന്നു അത്. പ്രതീക്ഷകള്‍ക്കപ്പുറത്തുനിന്നും അപ്രതീക്ഷിതമായൊരു മഴ വരണ്ടുണങ്ങി വിണ്ടുകീറിയ മണ്ണിലേയ്ക്ക് പൊടുന്നനെ പെയ്തിറങ്ങിയാലുള്ള അനുഭൂതി.

ഇനി വിത്തുകള്‍ പൊട്ടിമുളച്ചു കൊള്ളും. അതവര്‍ക്കറിയാം; ഒപ്പം നിലമൊരുക്കണമെന്നും.

തീരദേശ പാതയോട് ചേര്‍ന്നു കിടക്കുന്ന 'ഞാറ്റടി മുന്നൂറ് സോക്കര്‍ മൈതാനം'' ആളനക്കമില്ലാതെ കാടുകയറിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞു. വര്‍ഷത്തില്‍ 365 ദിവസവും ആളൊഴിയാത്ത മൈതാനമാണ്. കര്‍ക്കിടകത്തിലും തുലാത്തിലും മൈതാനം വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ പോലും വാട്ടര്‍ പോളോയുമായി കുട്ടി കൂട്ടങ്ങള്‍ മൈതാനത്തുണ്ടാകും. പുല്ലും പായലും മൂടിക്കിടക്കുന്ന തുറ കുളത്തില്‍നിന്നും ജലസമൃദ്ധിയിലേയ്ക്ക് ഊളിയിട്ടെത്തുന്ന കണ്ണട്ടകള്‍ കടിച്ചുപിടിച്ചു കിടന്നാലും വക വയ്ക്കാതെ കോരിച്ചൊരിയുന്ന മഴയത്തും അവര്‍ കളിയുടെ ആവേശത്തിലേയ്ക്ക് ആണ്ടിറങ്ങും. ഫുട്‌ബോള്‍ ഒരു ലഹരിയായി നാടിന്റെ ജീവനാഡിയിലൂടെ പ്രവഹിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്നോ! തലമുറകളുടെ പഴക്കമുണ്ടതിന്.

ഒക്കെ വെട്ടിയൊതുക്കി ലോകത്തോടൊപ്പം അവര്‍ക്കും ഫുട്‌ബോള്‍ വസന്തത്തെ നെഞ്ചേറ്റണം. വാഴ്വിന്റെ വയലോരങ്ങളില്‍ നീലക്കുറിഞ്ഞികളുടെ പുലരികളെ പെറ്റെടുക്കണം. ആവേശം അണ പൊട്ടിയൊഴുകുകയാണ്. മനപ്പൂര്‍വ്വം തടക്കെട്ടി നിര്‍ത്തിയ പുഴയുടെ ഗതിയായിരുന്നു അവര്‍ക്കും ചിന്തകള്‍ക്കും കഴിഞ്ഞ നിമിഷം വരെ. അതില്‍ ദ്വാരങ്ങള്‍ വീണു കഴിഞ്ഞു. ഇനിയവള്‍ കലങ്ങിമറിഞ്ഞ് നിറഞ്ഞൊഴുകും.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ശൈലിയെ അടുത്തു നിന്ന് കണ്ടും അറിഞ്ഞും പഠിച്ചുമെത്തിയ 'ടോട്ടല്‍ ഫുട്‌ബോളിന്റെ' നാടന്‍ അവതാരം- ''ഫുട്‌ബോള്‍ ആന്‍ഡ്രൂസ്.'' കളിയെ പ്രാണവായു പോലെ കൂടെ കൊണ്ടു നടക്കുന്നവന്‍

തുമ്പരത്തി സുരയുടെ നേതൃത്വത്തില്‍ സാമഗ്രികളുമായി പിള്ളേരെത്തിക്കഴിഞ്ഞു; ശ്മശാന ഭൂമിപോലെ കിടന്നിരുന്ന ''ഞാറ്റടി മുന്നൂറ് സോക്കര്‍ മൈതാനത്തെ അണിയിച്ചൊരുക്കാന്‍. സുരയും, കണ്ണേലില്‍ ഷാജിയും സഹായിപ്പറമ്പില്‍ സത്താറും ജോയിയും കാളാം പറമ്പന്‍ മാര്‍ട്ടിനുമൊക്കെ ഒരുമിച്ചു നിന്നാല്‍ നടക്കാത്ത കാര്യങ്ങളില്ല. ലാമിയര്‍ മാട്രസ്സിന് തീ പിടിച്ചപ്പോള്‍ കണ്ടതാണ് അവരുടെ ഒത്തൊരുമ; നാടിന്റെയും. ഇവിടേയും മറിച്ചാകില്ല; ഫുട്‌ബോളിന് വേണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും.

യൂണിയന്‍ സ്‌കൂള്‍ മൈതാനത്തും ഭാരണിപ്പാടത്തും ഇടവഴികളിലും വീട്ടു മുറ്റത്തും കളിച്ചു വളര്‍ന്ന തലമുറകളുടെ പിന്‍ഗാമികള്‍. അവര്‍ക്ക് കാല്‍പ്പന്ത് കഴിഞ്ഞേ മറ്റെന്തുമുള്ളെന്നു തോന്നും. അതില്‍ പ്രായഭേദമില്ല.

യൂണിയന്‍ സ്‌കൂളിന്റെ കണ്ടെത്തലുകളായ 'പെലെ വേലായുധനും' ' മുള്ളര്‍ മോഹനനും' ' ഗാരിഞ്ച അസീസ്സിനുമൊപ്പം ഗോള്‍ മുഖം കാക്കാന്‍ 'കുറുപ്പ് രാജേന്ദ്രനും' ചേര്‍ന്നാല്‍ യൂണിയന്‍ സ്‌കൂള്‍ ടീമിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല.

വലിയപറമ്പില്‍ നിന്നും വന്നിരുന്ന ശങ്കരന്‍ മാഷായിരുന്നു അന്ന് ഫിസിക്കല്‍ ഡയറക്ടര്‍. പിന്നീട് വന്ന ബെന്നി മാഷ് ഒരുപടി കൂടി മുന്നോട്ടു പോയി. എത്രയെത്ര പ്രതിഭകളെയാണ് സ്‌കൂള്‍ കണ്ടെത്തിയത്. റ്റിസി കുട്ടനും സത്താറും സലീമും ഉസൈറും ഏംഗല്‍സും തണ്ടപ്പിള്ളി ജോയിയും ഞാറേക്കാട്ടില്‍ ഷിഹാബും ജിനേഷുമെല്ലാം യൂണിയന്‍ മൈതാനത്ത് നിന്നെത്തിയവരാണ്.

അവര്‍ക്കിടയിലേയ്ക്കാണ് അവിരായില്‍ അന്തോണി മകന്‍ ' ആന്‍ഡ്രൂസിന്റെ കടന്നു വരവ്. ഇറ്റാലിയന്‍ പ്രവാസം കഴിഞ്ഞുള്ള വരവായിരുന്നത്. അങ്കമാലിയില്‍ നിന്നും ഇവിടേയ്ക്ക് പറിച്ചു നടപ്പെട്ടവന്‍. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ശൈലിയെ അടുത്തു നിന്ന് കണ്ടും അറിഞ്ഞും പഠിച്ചുമെത്തിയ 'ടോട്ടല്‍ ഫുട്‌ബോളിന്റെ' നാടന്‍ അവതാരം- ''ഫുട്‌ബോള്‍ ആന്‍ഡ്രൂസ്.'' കളിയെ പ്രാണവായു പോലെ കൂടെ കൊണ്ടു നടക്കുന്നവന്‍.

അസൂറിപ്പടയുടെ ആരാധകനായ അസൈനാരിക്കയും പൗളോ മാള്‍ഡീനിയെ നെഞ്ചേറ്റിയ ചെട്ട്യാരുകുന്നില്‍ ഔതക്കുട്ടിയും മാത്രമേ പഴയ തലമുറയുടെ അവശേഷിപ്പില്‍ ബാക്കിയുള്ളൂ.

പൗളോ റോസിയുടെ കേളീശൈലിയില്‍ ആകൃഷ്ടനായാണ് അസൈനാരിക്ക അസൂറികളുടെ ആരാധകനായതെങ്കിലും പിന്നീട് അവരോടല്ലാതെ മറ്റൊരു ടീമിനോടും അദ്ദേഹത്തിന് ആഭിമുഖ്യമുണ്ടായില്ല. അദ്ദേഹത്തിനും ഔതക്കുട്ടിക്കും പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ 2006 ഫിഫ ലോകകപ്പും മറ്റെരാസിയുമൊക്കെ ധാരാളം. പൊതുവേ പറഞ്ഞാല്‍ ' പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'' എന്ന നിലപാടാണ് രണ്ടു പേര്‍ക്കും അസൂറികളുടെ കാര്യത്തില്‍. നിര്‍ഭാഗ്യവശാല്‍ അവര്‍ ഇത്തവണയും യോഗ്യതാ റൗണ്ടില്‍ കടന്നുമില്ല.

എരയാംകുടി പാടശേഖരത്തോട് ചേര്‍ന്നു കിടക്കുന്ന നാടകശാലക്കാരുടെ ആളൊഴിഞ്ഞ പറമ്പിന്റെ പടിഞ്ഞാറേ ചരുവില്‍ തരിശുകിടക്കുന്ന ഭാഗത്താണ് ആന്‍ഡ്രൂസിന്റേയും കൂട്ടരുടേയും മൈതാനം. അതിനും ഏറെ മുകളില്‍ ഭയാനകത മുറ്റിനില്‍ക്കുന്ന ചാമുണ്ഡിക്കാവാണ്. കുറുങ്കാട്ടില്‍ ഗോവിന്ദനാശാരിയുടെ പറമ്പു ചാടിയാണ് കളിക്കാര്‍ അവിടെ എത്തുന്നത്.

ചരിത്രത്തില്‍ ആദ്യമാണ് നാട്ടിലെ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഒരു പെണ്‍ കരുത്ത് കടന്നുവരുന്നത്? അതും ഗോള്‍ മുഖം കാക്കാന്‍! ആന്‍ഡ്രൂസിന്റെ മകള്‍ ആന്‍ഡ്രിയ ആന്‍ഡ്രൂസ്. മധുരപ്പതിനേഴുകാരി സുന്ദരി. അച്ഛന്റെ കളി ഭ്രാന്തിന്റെ തനിപ്പകര്‍പ്പ്. ഫുട്‌ബോളിനൊപ്പം ക്രിക്കറ്റും ആയോധന കലകളും കളരിയും ജൂഡോയും അവള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ആകാര സൗഷ്ഠവത്തോടൊപ്പം മെയ് വഴക്കവുമുള്ളവള്‍.

ഇരുപത്തി നാല് ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍. നാട്ടില്‍ നിന്നു മാത്രം ഏഴ് ടീമുകള്‍! സത്താറിന്റെ ന്യൂ പ്ലയേഴ്‌സ് എഫ്‌സിയും റാവുത്തേഴ്‌സ് എഫ്‌സിയും സ്ട്രൈക്കേഴ്സ് എഫ്‌സിയും വിജയയുടെ വാസ്‌കും ലൈഫ് കെയര്‍ സൂപ്പര്‍ ബോയ്സും ഹാബി എഫ്‌സിയും പിന്നെ ആന്‍ഡ്രൂസിന്റെ ' വിന്നേഴ്സ് എഫ്‌സിയുമെല്ലാമുണ്ടായിരുന്നു അക്കൂട്ടത്തില്‍. ഫിഫ കപ്പിന് മുമ്പേ നാട് ഫുട്‌ബോള്‍ ലഹരിയിലമര്‍ന്ന സമയം. നാടിന്റെ ഫുട്‌ബോള്‍ ആവേശത്തെ അടയാളപ്പെടുത്താന്‍ ഇത്രയൊക്കെപ്പോരെ?

അസൂറിപ്പടയുടെ കേളി ശൈലി സ്വീകരിക്കുമ്പോഴും ആന്‍ഡ്രൂസിന്റെ മനസ്സ് കൊതിച്ചതും പ്രാര്‍ത്ഥിച്ചതും മിശിഹായുടെ ടീമിനു വേണ്ടിയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം?

കാനറികളുടെ കാതടപ്പിക്കുന്ന സാംബന്‍ താളത്തെ ഹൃദയത്തോട് ചേര്‍ക്കുന്നവരില്‍ റാവുത്തേഴ്‌സുമുണ്ടായിരുന്നു. മിശിഹായുടെ വിജയത്തിനായി കൊതിച്ചവരില്‍ മറ്റെല്ലാവരുമുണ്ടായിരുന്നെങ്കിലും പറങ്കിപ്പടയ്ക്ക് വേണ്ടി വാദിക്കാനും ചെമ്പന്റെ കടയിലും നാട്ടിലും ക്ലബ്ബുകളിലും ആളേറെയുണ്ടായിരുന്നു. എംബാപ്പെയെ നെഞ്ചേറ്റിയ പുതുതലമുറ.

അസൂറിപ്പടയുടെ കേളി ശൈലി സ്വീകരിക്കുമ്പോഴും ആന്‍ഡ്രൂസിന്റെ മനസ്സ് കൊതിച്ചതും പ്രാര്‍ത്ഥിച്ചതും മിശിഹായുടെ ടീമിനു വേണ്ടിയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം?

ഞാറ്റടി മുന്നൂറില്‍ സോക്കേര്‍ മൈതാനത്തിന്റെ വടക്കേ ഗോള്‍ പോസ്റ്റിലെ ഇടത്തേ കാലിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ സത്താറിന്റെ നേത്രങ്ങള്‍ ഈറനണിഞ്ഞിരുന്നു. ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞു നടക്കുമ്പോഴും അവന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളായിരുന്നു. വിന്നേഴ്സും വാളൂര്‍ ബ്ലൂ മാക്‌സും തമ്മിലായിരുന്നു ഫൈനല്‍. ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ടീമുകളുടെ പരസ്പര ധാരണയോടെ വിന്നേഴ്‌സിന്റെ ഗോള്‍ മുഖത്ത് ആന്‍ഡ്രിയയാണ്! എല്ലാവര്‍ക്കും അവള്‍ സുപരിചിതയാണ്. ആദ്യ ഗോള്‍ വീണതിനുശേഷം ബ്ലൂ മാക്‌സിന്റെ മുന്നേറ്റ നിര വിന്നേഴ്സ് ഗോള്‍ മുഖത്തേയ്ക്ക് നിരന്തരം ഇരച്ചുകയറി ഗോള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അപകടകരമായ പല ഷോട്ടുകളും ചടുലമായ മെയ് വഴക്കത്തോടെ ആന്‍ഡ്രിയ എന്ന സുന്ദരി തടഞ്ഞിട്ട് കാണികളുടെ ആവേശത്തിന് തീ പിടിപ്പിച്ച നേരം. അതിലൊന്ന് എതിര്‍ ടീമിനേയും കാണികളേയും റഫറിയേപോലും വിസ്മയിപ്പിച്ചതും മുമ്പൊരിക്കല്‍ പോലും നേരിട്ട് സാക്ഷ്യം വഹിച്ചിട്ടില്ലാത്തതും പ്രതീക്ഷിക്കാത്തതും!

കളി അവസാന മിനിറ്റുകളിലേയ്ക്ക് നീങ്ങിയിരുന്നു. ഇരു ടീമുകള്‍ക്കും വിജയത്തിന് ഒരു ഗോളെങ്കിലും നേടിയേ മതിയാകൂ എന്ന അവസ്ഥ. അതിനുള്ള ജീവന്‍ മരണ പോരാട്ടമാണ് നടക്കുന്നത്. സത്താറും ഷിഹാബും തീര്‍ക്കുന്ന പ്രതിരോധത്തെ മറികടന്ന് വിന്നേഴ്സ് ഗോള്‍ മുഖത്തെത്തുക എളുപ്പമല്ല. പ്രത്യേകിച്ചും സമനില ഗോള്‍ വീണതിനു ശേഷം. നിനച്ചിരിക്കാത്ത നേരത്താണ് വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജിതിന്‍ കണ്ണനിലേയ്ക്ക് ബ്ലൂ മാക്‌സിന്റെ ഐവിന്‍ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ പന്ത് മറിച്ചു നല്‍കിയത്. കാലുകൊണ്ട് തടുത്ത് പന്ത് ഡ്രിബ്ബിള്‍ ചെയ്ത് വരുതിയിലാക്കി ഗോള്‍മുഖം ലക്ഷ്യം വച്ച് ജിതിന്‍ കണ്ണന്‍ നീട്ടിയടിച്ചു. ഇടതുപോസ്റ്റിന്റെ കോര്‍ണര്‍ ലക്ഷ്യമാക്കി വെടിയുണ്ട പോലെ പാഞ്ഞുവന്ന പന്ത് ഇടതു കൈകൊണ്ട് കുത്തി പുറത്തേയ്ക്ക് പായിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ ഗോള്‍കീപ്പര്‍ ആന്‍ഡ്രിയ ആന്‍ഡ്രുസിന്റെ ശിരസ്സ് കോണ്‍ക്രീറ്റ് പോസ്റ്റില്‍ ആഞ്ഞ് ചെന്നിടിച്ച് ചോര ചിന്തി

സത്താറിനെ ഒന്ന് കുടഞ്ഞെടുത്തു. അബോധാവസ്ഥയില്‍ നിന്ന് അവള്‍ ഉണര്‍ന്നിട്ട് ഇന്നേയ്ക്ക് ഏഴ് ദിവസം. നാളെയാണ് ഡിസ്ചാര്‍ജ്ജ്... മനക്കരുത്തിന്റെ പ്രതീകമായ അവള്‍ നാളെ നേരെ 'ഞാറ്റടി മുന്നൂറ് സോക്കര്‍ മൈതാനത്തേയ്ക്കാണ് എത്തുന്നത് അവളുടെ ആഗ്രഹം പോലെ എല്ലാം ഒരുക്കണം.

ആദ്യ പകുതിയുടെ 23-ാം മിനിറ്റിലും തുടര്‍ന്നും അവള്‍ തീര്‍ത്ത വിസ്മയങ്ങള്‍ അവരുടെ മനസ്സില്‍ പച്ചച്ചു നില്‍ക്കുന്നിടത്തോളം അവര്‍ക്കെങ്ങിനെ അവളെ മറക്കാനാകും?! വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയും? ഫുട്‌ബോളിനെ നെഞ്ചേറ്റിയ തനി നാട്ടുമ്പുറത്തുകാരായ അവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നു; അവളുടെ പുനരാഗമനത്തിനായി.

ഒരു രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ് ഞാറ്റടി മുന്നൂറ് സോക്കര്‍ മൈതാനം. അവിടേയ്ക്കാണ് അവള്‍- ആന്‍ഡ്രിയ- അച്ഛന്റെ കൈപിടിച്ച് മെല്ലെ കടന്നു വന്നത്. മൈതാനത്തിനു കുറുകെ ഉയര്‍ത്തിക്കെട്ടിയ താല്ക്കാലിക നടപ്പാതയിലൂടെ വേദിയിലേയ്ക്ക് നടന്ന് മുന്നേറുമ്പോള്‍ നാട് മുഴുവന്‍ ആര്‍പ്പുവിളികളോടെ തന്നെ വരവേല്‍ക്കുന്നത് അവള്‍ കൃതജ്ഞതാ നിര്‍ഭരമായ നേത്രങ്ങളോടെ നോക്കി കാണുന്നുണ്ടായായിരുന്നു.

മൈതാനത്തിന്റെ നടുക്കു നാട്ടിയ ഉയരമുള്ള അടയ്ക്കാമരത്തില്‍ നിന്നും അറ്റങ്ങളിലേയ്ക്ക് വലിച്ചു കെട്ടിയിരിക്കുന്ന അര്‍ജന്റീനയുടേയും ബ്രസീലിന്റേയും പോര്‍ച്ചുഗലിന്റെയും ടീം ജഴ്‌സിയുടെ വര്‍ണ്ണങ്ങളിലുള്ള തോരണങ്ങള്‍, പതാകകള്‍. എല്ലാം നനഞ്ഞു കുതിര്‍ന്നിരുന്നു. മൂന്ന് ടീമുകളുടേയും വലിയ കട്ടൗട്ടറുകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട അതിരുകള്‍. അവയ്‌ക്കൊപ്പം ഉയര്‍ത്തിക്കെട്ടിയ പ്രീമിയര്‍ ലീഗില്‍ അണിനിരന്ന കളിക്കാര്‍ ഒന്നിക്കുന്ന മറ്റൊരു കട്ടൗട്ടറും. അതിനെല്ലാം പുറമേയായിരുന്നു പശ്ചിമ ഭാഗത്ത് ഉയരത്തില്‍ മഴയില്‍ നിന്നും സംരക്ഷിക്കപ്പെട്ട രണ്ട് കൂറ്റന്‍ എല്‍ഇഡി വോളുകള്‍! തോരാത്ത മഴയിലും തളരാതെ, ഒരൊറ്റ രാത്രി കൊണ്ട് പടുത്തുയര്‍ത്തിയ വിസ്മയങ്ങള്‍!

''പ്രിയമുള്ളവരേ, നമ്മുടെ രാജകുമാരി മരണത്തെ ജയിച്ച് വന്നിരിക്കുന്നു. നമ്മുടെ ജീവിത വഴികളിലെ പ്രകാശമാവാന്‍. ആര്‍ക്ക് വേണ്ടിയായിരുന്നുവോ നമ്മുടെ നാട് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നത്, അവളാണ് തിരികെ എത്തിയിരിക്കുന്നത്. തനിക്കൊപ്പം അവള്‍ നമുക്ക് തിരികെ തരുന്നത് നമ്മുടെ ഏറ്റവും വലിയ ലഹരിയായ ഫുട്‌ബോളിനെയാണ്! ഇതാണ് ആ നിമിഷം. നാം കാത്തിരുന്ന നിമിഷം. അനര്‍ഘ നിമിഷം. ആ എല്‍ഇഡി വോളുകള്‍ പ്രകാശിതമാകുന്നതോടെ ആ ധന്യ നിമിഷം സമാഗതമാവുകയാണ്. നാമും 2026 ഫിഫ കപ്പ് മത്സരങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ആസ്വദിക്കാന്‍ തുടങ്ങുകയാണ്. ഇന്നുമുതല്‍ ഈ എല്‍ഇഡി വോളിലൂടെയായിരിക്കും നാം കളി കാണുക. അതിന്റെ സ്വിച്ച് ഓണിനായി ആന്‍ഡ്രിയ എന്ന നമ്മുടെ രാജകുമാരിയെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.''

മാര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം അവള്‍ ആദ്യ സ്വിച്ചില്‍ വിരലമര്‍ത്തിയപ്പോള്‍ അവിടെ ഫിഫ വേള്‍ഡ് കപ്പിന്റെ സ്വര്‍ണ്ണ ട്രോഫി തെളിഞ്ഞു വന്നു. തുടര്‍ന്ന് മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ചിത്രങ്ങളും രൂപപ്പെട്ടു. മഴയെ കവച്ചു വയ്ക്കുന്ന ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ അവള്‍ രണ്ടാമത്തെ സ്വിച്ചില്‍ വിരലമര്‍ത്തി. അപ്പോള്‍ അവിടെ വലതുവശത്തായി ഉയര്‍ത്തിയ രണ്ടാമത്തെ വോളില്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ അവള്‍ - ആന്‍ഡ്രിയ - നടത്തിയ അത്യത്ഭുതകരമായ ആ ''സ്‌കോര്‍പിയന്‍ കിക്ക്'' സേവ് സ്‌ക്രീനില്‍ നിറഞ്ഞു കവിഞ്ഞ് തെളിഞ്ഞു വന്നു.. അതിനടിയില്‍ നീല വര്‍ണ്ണത്തില്‍ എഴുതിയിരുന്നു:

ഷി ഹിഗ്വിറ്റ- ഞങ്ങളുടെ അസൂറി രാജകുമാരി.''

Malayalam short story written by Satheesh Mambra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി

ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക

ട്രാഫിക് നിയമലംഘകർക്ക് കുവൈത്തിന്റെ പുതിയ മാതൃക; ശിക്ഷയിൽ വൻ മാറ്റം

വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്

'സിപിഎമ്മിന്റെ ചുവപ്പ് നിറം വേണ്ടേ, വേണ്ട'; വരുന്നു, ഇനി കാവി നിറത്തിലുള്ള സര്‍ക്കാര്‍ ബസ്സുകള്‍