അപ്പോഴാണ് നേരത്തെ സെന്‍ഡ് ആകാതെ കിടന്ന മെസേജ് ലിജിയുടെ ഓര്‍മ്മയില്‍ വന്നത്

സൈലന്റ് നമ്പര്‍ - ടിവി സജിത് എഴുതിയ കഥ
Malayalam Story
ടിവി സജിത് എഴുതിയ കഥAI Image
Updated on
6 min read

മംഗലാപുരം - തിരുവനന്തപുരം ഇന്റര്‍സിറ്റിയുടെ ജനലരികിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ ലിജിക്ക് ട്രെയിന്‍ യാത്ര ഒരു മോചനമായിരുന്നു.

കണ്ണൂരിലെ നിശ്ശബ്ദ ഗ്രാമത്തില്‍ നിന്ന് കോഴിക്കോട് പഠിക്കാന്‍ പോകുന്ന ഓരോ ദിവസവും അവള്‍ക്ക് ഒരു പുതിയ ലോകത്തിന്റെ വാതില്‍ തുറന്നതുപോലെ തോന്നും. അക്കൗണ്ടിംഗില്‍ മിടുക്കി. പക്ഷേ ജീവിതത്തെക്കുറിച്ച് അറിവ് കുറവ്.

അന്നാണ് ആദ്യമായി അവള്‍ അവനെ കണ്ടത്.

കറുത്ത ബാഗ്. കഴുത്തില്‍ ഐഡി കാര്‍ഡ്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ മരുന്ന് കമ്പനിയുടെ പേന.

''മെഡിക്കല്‍ റെപ്പ് ആണേ...''

അടുത്ത സീറ്റില്‍ വന്നിരുന്ന സുമുഖനായ ചെറുപ്പക്കാരന്‍ ചിരിച്ചു.

''ജോജു.''

Malayalam Story
'റേഡിയോയില്‍ നിന്റെ ശബ്ദം കേട്ടതുമുതല്‍ തുടങ്ങിയതാണ് ഈ പ്രണയം'

ലിജി ആദ്യം ചിരിച്ചില്ല. പക്ഷേ ദിവസങ്ങള്‍ കടന്നപ്പോള്‍ ഇന്റര്‍സിറ്റിയിലെ സ്ഥിരം സാന്നിധ്യമായി ജോജുമാറി. അവള്‍ക്ക് ഇഷ്ടമുള്ള കാപ്പി പോലും അയാള്‍ക്ക് മനപ്പാഠമായി.

''ക്രിസ്ത്യാനികളല്ലേ നമ്മള്‍... വീട്ടുകാര്‍ ഒടുവില്‍ സമ്മതിക്കും,''

ഒരു ദിവസം ട്രെയിന്‍ ജനലിന് പുറത്തേക്ക് മഴ നോക്കി ജോജു പറഞ്ഞപ്പോള്‍ ലിജിയുടെ ഹൃദയം വിറച്ചു.

അവള്‍ക്ക് നേരത്തെ വിവാഹം ഉറപ്പിച്ചിരുന്നു.

അകന്ന ബന്ധത്തിലുള്ള ബില്‍ബിയാണ് പ്രതിശ്രുത വരന്‍.

കേരള പൊലീസിന്റെ ക്രൈം ഡിറ്റാച്‌മെന്റില്‍ ജോലി. അധികം മിണ്ടാത്ത സ്വഭാവം. പക്ഷേ ആത്മാര്‍ഥതയുള്ളയാള്‍.

പക്ഷേ എപ്പോഴും തിരക്കിലായിരുന്ന ബില്‍ബിക്ക് തന്നെ ശ്രദ്ധിക്കാന്‍ സമയം ഇല്ലെന്ന് ലിജി പുതിയ സുഹൃത്തിനോട് പരാതി പറയുമായിരുന്നു.

അതില്‍ പിടിച്ചായിരുന്നു ജോജു അവളുടെ മനസിലേക്ക് കയറിക്കൂടിയത്.

നമ്പര്‍ കൈമാറിയ ശേഷം അവന്‍ അവളെ എപ്പോഴും വിളിക്കുമായിരുന്നു. പഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കും. പരീക്ഷാ ദിവസങ്ങളില്‍ ധൈര്യം നല്‍കും.

അത് ലിജിക്ക് വലിയൊരു ആശ്വാസമായിരുന്നു.

പഠിക്കാനും മുന്നോട്ട് പോകാനും പ്രോത്സാഹനം നല്‍കിയിരുന്നത് ജോജു തന്നെയായിരുന്നു.

അതുകൊണ്ടുതന്നെ ഒരുദിവസം അവന്‍ പറഞ്ഞ വാക്കുകള്‍ ലിജി പൂര്‍ണമായി വിശ്വസിച്ചു.

''നിനക്ക് എറണാകുളത്ത് നല്ലൊരു ജോലി ശരിയാക്കിത്തരാം...'

ലിജി ഒന്ന് മടിച്ചു.

''മെല്‍ബിനച്ചായനോട് പറയണം... വീട്ടുകാരറിയാതെ വേറെ എവിടെയും പോയിട്ടില്ല. പ്രശ്‌നമാകും...'

ജോജു ചെറുതായി ചിരിച്ചു.

''എന്നെക്കുറിച്ച് പറയണ്ട. നിന്നോട് എല്ലാം പറയാറില്ലല്ലോ. അതുപോലെ അങ്ങോട്ടും മതി...'

ലിജി നിശ്ശബ്ദമായി.

''എന്തായാലും അവനെ കല്യാണം കഴിക്കുന്നില്ലല്ലോ...'

'പൊലീസുകാരെല്ലാം സംശയരോഗികള്‍ ആണെന്ന് തോന്നുന്നു,''

ജോജു ചിരിച്ചുകൊണ്ട് പറഞ്ഞു.

ആ വാക്കുകളില്‍ ഒളിഞ്ഞിരുന്ന വിഷം ലിജി തിരിച്ചറിഞ്ഞില്ല.

എങ്ങനെയെങ്കിലും എറണാകുളത്ത് അവളെ ഒറ്റയ്ക്ക് എത്തിക്കാനായിരുന്നു ജോജുവിന്റെ പ്ലാന്‍.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അവളെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടിയായിരുന്നു അവന്റെ ശ്രമം.

ജോജു പറഞ്ഞതൊക്കെ പൊള്ളയായിരുന്നു.

ജോജുവിനെക്കുറിച്ച് കൂടുതല്‍ അറിയാനും ലിജി ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.

വിവാഹിതനായിരുന്നു ജോജു എന്ന കാര്യം അവന്‍ ഒളിച്ചുവച്ചിരിക്കുകയായിരുന്നു.

ആ ചിരിയാണ് അവളുടെ ജീവിതം തകര്‍ത്തത്.

ഒരു വൈകുന്നേരം തലശ്ശേരി പാലം കടക്കുമ്പോള്‍ ലിജിയുടെ ഫോണ്‍ കൈവിട്ട് പുഴയിലേക്ക് വീണു.

''അയ്യോ!''

ട്രെയിന്‍ മുന്നോട്ട് പാഞ്ഞു.

ഫോണ്‍ ഇരുണ്ട വെള്ളത്തില്‍ മറഞ്ഞു.

അടുത്ത ദിവസം പുതിയ മൊബൈല്‍ അവള്‍ക്ക് കിട്ടി.

അത് പ്രണയത്തിന്റെ സമ്മാനമെന്നായിരുന്നു ലിജി കരുതിയത്.

പക്ഷേ അത് ഒരു തടവറയുടെ താക്കോല്‍ ആയിരുന്നു.

ആ ഫോണിലേക്ക് രഹസ്യമായി വിളിക്കാനായി പുതിയ നമ്പറും ജോജു എടുത്തു കൊടുത്തിരുന്നു.

ഒരു ഫാന്‍സി നമ്പര്‍.

9847030405.

''ഇവിടെ റൂം എടുക്കുന്നത് ശരിയാണോ...?'' ലിജിയുടെ ശബ്ദത്തില്‍ ഭയം ഉണ്ടായിരുന്നു.

ബില്‍ബി മനസില്‍ കുറിച്ച ദിവസം അന്നായിരുന്നു.

ഒരു ശനിയാഴ്ച.

അടുത്ത ദിവസമുള്ള കല്യാണത്തിന് പോകുന്നുവെന്ന വ്യാജേന തലേന്നുതന്നെ ലിജി എറണാകുളത്തേക്ക് പുറപ്പെട്ടു.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നതിനാല്‍ എസിയില്‍ മുന്‍കൂട്ടി റിസര്‍വേഷന്‍ ടിക്കറ്റ് ജോജു ബുക്ക് ചെയ്തിരുന്നു.

കൂട്ടുകാരിയുടെ വിവാഹത്തിന് പോകുന്നുവെന്ന് കള്ളം പറഞ്ഞാണ് ലിജി വീട്ടില്‍ നിന്നും ഇറങ്ങിയത്.

പൊതുവെ സത്യസന്ധയായിരുന്ന ലിജിയെ വീട്ടുകാര്‍ക്കും വിശ്വാസമായിരുന്നു.

ആദ്യമായും അവസാനമായും ജോജു അവളെ എറണാകുളത്തേക്ക് കൊണ്ടുപോയ ആ ദിവസം അവള്‍ക്ക് ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടായിരുന്നു.

ലോഡ്ജ് മുറിയിലേക്ക് കയറുമ്പോള്‍ അവള്‍ വിറച്ചു.

''ഇവിടെ റൂം എടുക്കുന്നത് ശരിയാണോ...?''

ലിജിയുടെ ശബ്ദത്തില്‍ ഭയം ഉണ്ടായിരുന്നു.

ലൈംഗികമായി ചൂഷണം ചെയ്യാനാണോ കൊണ്ടുവന്നതെന്ന് സംശയമുണ്ടെന്ന് ലിജി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

ജോജു അവളെ നോക്കി ചെറുതായി ചിരിച്ചു.

''നീ എന്നെ തെറ്റിദ്ധരിച്ചല്ലോ...'

ജോജു അവളെ സ്പര്‍ശിച്ചില്ല.

തന്നെ വിശ്വസിച്ച് കൂടെ വന്നതിന്റെ മാനമാണ് ജോജു കാത്തുസൂക്ഷിച്ചതെന്ന് ലിജി കരുതി.

പക്ഷേ ജോജു തന്റെ മനസില്‍ കണക്കുകൂട്ടിയത് പോലെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു.

അന്ന് വൈകുന്നേരം മുറിയിലേക്ക് രണ്ട് പേര്‍ കൂടി വന്നിരുന്നു.

അവരുടെ വരവില്‍ ചെറിയൊരു അസ്വഭാവികത ലിജിക്ക് തോന്നിയെങ്കിലും കൂടെയുണ്ടായിരുന്ന ജോജുവിനോടുള്ള വിശ്വാസം കാരണം ഭയം തോന്നിയില്ല.

''നാളെ ഇന്റര്‍വ്യൂ അല്ലേ... സുഖമായി ഉറങ്ങിക്കോ,''

ജോജു പറഞ്ഞു.

മുറിയില്‍ രണ്ട് കട്ടിലുകളായിരുന്നു ഉണ്ടായിരുന്നത്.

ഇരുവരും വേറെ വേറെ കട്ടിലുകളില്‍ കിടന്നു.

അതും വിശ്വാസം നേടിയെടുക്കാനുള്ള ജോജുവിന്റെ അഭിനയത്തിന്റെ ഭാഗമായിരുന്നു.

കിടക്കാന്‍ നേരം തലവേദനയ്ക്ക് ഡോളോ കഴിക്കാന്‍ ജോജു നിര്‍ബന്ധിച്ചു.

കുടിക്കാന്‍ കൂട്ടുകാര്‍ കൊണ്ടുവന്ന ഫ്രൂട്ടിയും കൊടുത്തു.

അതില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ടെന്ന് ലിജി അറിഞ്ഞിരുന്നില്ല.

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ മരുന്ന് പ്രവര്‍ത്തിച്ചുതുടങ്ങി.

കണ്ണുകള്‍ മങ്ങുന്നതുപോലെ തോന്നി.

ശരീരം പതുക്കെ തളര്‍ന്നു.

Malayalam Story
'അബ്ദുക്കാ... വല്ലാത്തൊരു സാധനം തന്നാണ് ഇങ്ങളെ വീടര്.. എങ്ങനെ സഹിക്ക്ണ് ഈ പഹച്ചീനെ '

കണ്ണുകള്‍ തുറന്നപ്പോള്‍ ലിജിക്ക് ആദ്യം മനസ്സിലായത് താന്‍ പൂര്‍ണ്ണ നഗ്‌നയാണെന്നായിരുന്നു.

ഭയത്തോടെ അവള്‍ ഇരുകൈകളും കൊണ്ട് ശരീരം മറയ്ക്കാന്‍ ശ്രമിച്ചു.

അരയ്ക്കും തുടയ്ക്കും ചുറ്റി കറുത്ത സ്ട്രിപ്പുകള്‍ ഒട്ടിച്ചിരിക്കുന്നു.

മുറിക്കുള്ളില്‍ മുമ്പ് വന്നിരുന്ന രണ്ടുപേരെ കൂടാതെ മറ്റൊരു പെണ്ണും ഉണ്ടായിരുന്നു.

അവളുടെ ചുണ്ടില്‍ പുകയുന്ന സിഗരറ്റ്.

''ഇത് എന്താ...?''

ലിജിയുടെ ശബ്ദം വിറച്ചു.

കൂടെയുണ്ടായിരുന്ന പെണ്ണിന്റെ ചുണ്ടില്‍ നിന്നും സിഗരറ്റ് വാങ്ങിയ ജോജു പുക ലിജിയുടെ മുഖത്തേക്ക് ഊതി.

''നീ ഇപ്പോള്‍ ഞങ്ങളുടെ ആളാണ്.''

ജോജു ചിരിച്ചു.

ഒരു തരം വികൃത ചിരി.

നിഷ്‌കളങ്കയായ ഒരു പെണ്ണിനെ പൂര്‍ണമായി കുടുക്കിയതിന്റെ ക്രൂരമായ ആഹ്ലാദം ആ ചിരിയിലുണ്ടായിരുന്നു.

അവന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴും ലിജി പൂര്‍ണ ബോധത്തിലായിരുന്നില്ല.

പക്ഷേ ഒരു കാര്യം അവള്‍ക്ക് വ്യക്തമായിരുന്നു.

താന്‍ ചതിക്കപ്പെട്ടിരിക്കുന്നു.

അടുത്ത് നിന്ന ഒരാള്‍ മൊബൈലില്‍ അവളുടെ നഗ്‌നശരീരം വീഡിയോയായി പകര്‍ത്തിക്കൊണ്ടിരുന്നു.

അതിനുശേഷം അവളെ ആ ഹോട്ടല്‍ മുറിയില്‍ നിന്നും അവര്‍ എങ്ങോട്ടോ കൊണ്ടുപോയി.

അതിനെല്ലാം ഹോട്ടല്‍ ജീവനക്കാരും ഒത്താശ ചെയ്തിരുന്നു.

അടുത്ത ദിവസങ്ങളില്‍ അവളുടെ ലോകം അടഞ്ഞിരുന്നു.

അബോധാവസ്ഥയില്‍ വിവസ്ത്രയായി എടുത്ത ചിത്രങ്ങളും വീഡിയോകളും ബ്ലാക്ക്മെയിലിനായി അവരുടെ കൈവശമുണ്ടായിരുന്നു.

''എന്നെ വിട് ജോജുവേട്ടാ... വീട്ടില്‍ പോണം...' അവന്‍ ചിരിച്ചു. ''ഇനി നിനക്ക് പഴയ ജീവിതമില്ല.''

പക്ഷേ ഒരു കാര്യം മാത്രം ലിജി സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.

താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ല.

ആ വിശ്വാസത്തില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അവള്‍.

ഭൂമിക്കടിയിലുള്ള മുറിയിലെ ജീവിതം ഇരുണ്ടതായിരുന്നു.

അടുത്ത ദിവസം വൈകിയാണ് ലിജി ഉണര്‍ന്നത്.

ആ ഇരുണ്ട മുറിയില്‍ പകലാണോ രാത്രിയാണോ എന്ന് പോലും തിരിച്ചറിയാനായില്ല.

സമയം അറിയാന്‍ അവള്‍ ഫോണ്‍ എടുത്തു.

11:28.

മുറിക്കുള്ളില്‍ ആരുമില്ലായിരുന്നു.

പക്ഷേ തന്നെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നല്‍ അവള്‍ക്കുണ്ടായിരുന്നു.

എവിടെയെങ്കിലും സിസിടിവി ക്യാമറകള്‍ ഉണ്ടാകുമെന്ന് അവള്‍ക്ക് മനസ്സിലായിരുന്നു.

രക്ഷപ്പെടാനുള്ള ഏകവഴി അവള്‍ ചിന്തിച്ചു.

ബില്‍ബിയെ വിളിക്കണം.

പൊലീസിന്റെ സഹായം തേടണം.

വിറയുന്ന കൈകളോടെ അവള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു.

ആദ്യമായി ജോജു വാങ്ങിക്കൊടുത്ത അതേ ഫോണ്‍.

പക്ഷേ ബില്‍ബിയുടെ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഔട്ട്ഗോയിംഗ് സൗകര്യം കട്ട് ചെയ്തിട്ടുണ്ടെന്ന് അവള്‍ മനസ്സിലാക്കി.

വാട്ട്സ്ആപ്പ് ഇല്ല.

ഫേസ്ബുക്ക് ഇല്ല.

മറ്റ് ആപ്ലിക്കേഷനുകളൊന്നുമില്ല.

പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആപ്പിള്‍ ഐഡി അറിയാത്തതിനാല്‍ അതും സാധിച്ചില്ല.

എല്ലാം പ്ലാന്‍ ചെയ്ത് നശിപ്പിച്ചിരിക്കുന്നു.

ആ ഫോണില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അതെന്തിനാണെന്ന് ലിജിക്ക് മനസ്സിലായില്ല.

ഫോണില്‍ സിം ഇല്ലെന്ന് പോലും അവള്‍ കരുതിയിരുന്നു.

അപ്പോഴാണ് പെട്ടെന്ന് ഫോണ്‍ ബെല്‍ മുഴങ്ങിയത്.

സ്‌ക്രീനില്‍ തെളിഞ്ഞ പേര് കണ്ട് ലിജിയുടെ ഹൃദയം വിറച്ചു.

ജോജു.

ആ നിമിഷം അവള്‍ക്ക് എല്ലാം മനസ്സിലായി.

ആ ഫോണില്‍ ഇന്‍കമിംഗ് മാത്രം അനുവദിച്ചിരിക്കുന്നു.

''കരയണ്ട ലിജി...'

ഫോണിന്റെ മറുവശത്ത് ജോജുവിന്റെ ശബ്ദം ശാന്തമായിരുന്നു.

''നിനക്ക് ഒന്നും സംഭവിക്കില്ല... ഞങ്ങള്‍ പറയുന്നത് പോലെ ചെയ്താല്‍ മതി.''

ലിജി വിറച്ചു.

''എന്നെ വിട് ജോജുവേട്ടാ... വീട്ടില്‍ പോണം...'

അവന്‍ ചിരിച്ചു.

''ഇനി നിനക്ക് പഴയ ജീവിതമില്ല.''

ആ വാക്കുകള്‍ കേട്ട നിമിഷം ലിജിയുടെ ഉള്ളില്‍ ഒരു ആന്തല്‍ ഉണ്ടായി.

Malayalam Story
''നന്ദാ, താനൊരു ബലിയിടാമോ? ആരൊക്കെയോ ചവച്ചു തുപ്പി പുഴയിലെറിഞ്ഞ ആ സാധു സ്ത്രീക്ക് വേണ്ടി?''

ദിവസങ്ങള്‍ ആ ഇരുണ്ട മുറിക്കുള്ളില്‍ പതുക്കെ നീങ്ങി.

അവള്‍ക്ക് ഭക്ഷണം എത്തും.

ചിലപ്പോള്‍ മണിക്കൂറുകളോളം ആരും വരില്ല.

ചില രാത്രികളില്‍ പുറത്തുനിന്ന് ആളുകളുടെ ശബ്ദം കേള്‍ക്കും.

ചിരികള്‍.

സിഗരറ്റ് പുകയുടെ ഗന്ധം.

ലഹരിമരുന്നിന്റെ കഠിന മണം.

ഒരു ദിവസം ജോജു വീണ്ടും അവളുടെ മുന്നിലെത്തി.

അവന്റെ കയ്യില്‍ ചെറിയൊരു ഡയറിയും ഫോണും ഉണ്ടായിരുന്നു.

''നീ അക്കൗണ്ട്‌സില്‍ മിടുക്കിയല്ലേ...'

അവന്‍ ചിരിച്ചു.

അപ്പോഴാണ് ലിജിക്ക് അവരുടെ യഥാര്‍ഥ ആവശ്യം മനസ്സിലായത്.

അവള്‍ക്ക് നല്‍കിയ ഫോണ്‍ വഴി പണം കൈമാറ്റം ചെയ്യണം.

ഗൂഗിള്‍ പേ വഴി വരുന്ന ലക്ഷങ്ങള്‍ മറ്റൊരു അക്കൗണ്ടിലേക്ക് അയക്കണം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം എത്തിത്തുടങ്ങി.

ചെറിയ ചെറിയ തുകകളായി എത്തുന്ന പണം ഓരോ വൈകുന്നേരവും ഒരുലക്ഷം രൂപ തികയുമ്പോള്‍ ഒരു പ്രത്യേക നമ്പറിലേക്ക് അയക്കാന്‍ ജോജു നിര്‍ദ്ദേശിക്കും.

ബാക്കി തുക അക്കൗണ്ടില്‍ തന്നെ കിടക്കാനായിരുന്നു നിര്‍ദ്ദേശം.

അക്കൗണ്ട് ലിങ്ക് ചെയ്തിരുന്നത് പാലാരിവട്ടത്തെ ഒരു സ്വകാര്യ ബാങ്കിലെ ഏതോ നോര്‍ത്ത് ഇന്ത്യന്‍ പേരിലാണെന്ന് ലിജി കണ്ടെത്തിയിരുന്നു.

അക്കൗണ്ടിംഗ് അറിയാവുന്ന ആളെ തേടിയായിരുന്നു അവര്‍.

ലിജി ഇപ്പോള്‍ ജീവനുള്ള ഒരു ബാങ്ക് അക്കൗണ്ടായിരുന്നു.

അതേസമയം കണ്ണൂരില്‍ മറ്റൊരു കഥ നടന്നു.

''മുറപ്പെണ്ണ് ഒളിച്ചോടി പോയത് നന്നായി...'

ബില്‍ബിയുടെ അമ്മ പറഞ്ഞു.

''പൊലീസുകാരന്റെ ജീവിതം രക്ഷപ്പെട്ടു.''

പിന്നീട് ലിജിയുടെ അനിയത്തിയെ ബില്‍ബിക്ക് വിവാഹം കഴിപ്പിക്കാമെന്ന് ആലോചന വന്നു.

പക്ഷേ അവള്‍ സമ്മതിച്ചില്ല.

ബില്‍ബിയും ഇല്ല.

കാരണം അവന്‍ വിശ്വസിച്ചില്ല.

ലിജി ഒളിച്ചോടുന്ന പെണ്ണല്ല.

ആറുമാസം.

ലിജി ജീവനുള്ള ശവമായി മാറി.

എങ്കിലും ഒരു കാര്യം അവള്‍ മനസ്സിലാക്കി.

ഈ ഗാംങ്ങിന്റെ ഏറ്റവും വലിയ ബലഹീനത പണത്തിന്റെ പാത.

പണം ഒരിക്കലും കള്ളം പറയില്ല.

ഒരു ദിവസം അവള്‍ക്ക് അവസരം കിട്ടി.

അവള്‍ ഉദ്ദേശം നടക്കുമെന്ന ആത്മവിശ്വാസത്തോടെ ഗൂഗിള്‍പേ തുറന്നു.

അറ്റകൈയ്ക്ക് ആ ബുദ്ധി തന്നെ ഉപയോഗിക്കാമെന്ന് ലിജി തീരുമാനിച്ചു.

ബില്‍ബിയുടെ നമ്പര്‍ അവള്‍ ടൈപ്പ് ചെയ്തു.

ബില്‍ബിയുടെ നമ്പര്‍ ഇന്നും അവള്‍ക്ക് മനപ്പാഠമായിരുന്നു.

പക്ഷേ നേരിട്ട് സന്ദേശം അയച്ചാല്‍ അവര്‍ കണ്ടെത്തും.

എങ്കിലും ലിജി ധൈര്യം ചെയ്ത് ഒരു മെസ്സേജ് അയച്ചു.

''Hello!'

അവള്‍ സ്‌ക്രീനിലേക്ക് നോക്കി കാത്തിരുന്നു.

മറുപടി വന്നില്ല.

അങ്ങനെ മെസ്സേജ് റിസീവ് ചെയ്ത നോട്ടിഫിക്കേഷനും കാണുന്നില്ല.

ഈ നമ്പറിലേക്ക് തിരിച്ച് വിളിക്കണം എന്ന് ടൈപ്പ് ചെയ്‌തെങ്കിലും സാധിച്ചില്ല.

തിരിച്ച് വിളിച്ചാലും പ്രശ്‌നമാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു.

അപ്പോഴാണ് അവള്‍ക്ക് ഒരു ആശയം വന്നത്.

അവള്‍ നാല് ട്രാന്‍സാക്ഷന്‍ ചെയ്തു.

₹98

₹470

₹30

₹405

ബില്‍ബിയുടെ ഫോണിലേക്ക്.

ശേഷം ഒരു മെസ്സേജ് കൂടി ടൈപ്പ് ചെയ്തു.

''Its Me, Liji... trace this location. Thirich vilikkaruth... njan trapil aanu.'

സെന്‍ഡ് ബട്ടണിലേക്ക് വിരല്‍ നീങ്ങിയ നിമിഷം ഫോണ്‍ ബെല്‍ മുഴങ്ങി.

ജോജു.

ലിജിയുടെ നെഞ്ച് കുത്തനെ മിടിച്ചു.

ടൈപ്പ് ചെയ്ത മെസേജ് സെന്‍ഡ് ആകാതെ സ്‌ക്രീനില്‍ തന്നെ കിടന്നു.

കോള്‍ എടുത്തപ്പോള്‍ മറുവശത്ത് തണുത്ത ശബ്ദം.

''ഒരു ലക്ഷം ഇപ്പോ ഇടാന്‍...''

ലിജി ഞെട്ടി.

ആകെ ഒരു ലക്ഷം രൂപ മാത്രമാണ് ഒരു ദിവസം ട്രാന്‍സാക്ഷന്‍ ചെയ്യാന്‍ സാധിക്കുക.

അതിബുദ്ധി തന്നെ കുടുക്കിയിരിക്കുന്നു.

ഇപ്പോള്‍ത്തന്നെ നാല് ട്രാന്‍സാക്ഷനുകളിലായി 1003 രൂപ അയച്ചുകഴിഞ്ഞു.

താന്‍ പിടിക്കപ്പെട്ടെന്ന് ലിജിക്ക് മനസ്സിലായി.

ഈശോ രക്ഷിക്കുമെന്നായിരുന്നു അവളുടെ ഏക പ്രതീക്ഷ.

തന്റെ ഗൂഗിള്‍പേ മെസേജ് ബില്‍ബി കാണട്ടെയെന്ന് അവള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.

''വലിയ നമ്പറുകള്‍ രണ്ടായി മുറിച്ച് വായിച്ചാല്‍ എളുപ്പം മനപ്പാഠമാക്കാം... പൊലീസ് ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...'

ആ പ്രാര്‍ത്ഥന ബില്‍ബി കേട്ടു.

ബൈക്കിലായിരുന്നതിനാല്‍ ലിജിയുടെ നോട്ടിഫിക്കേഷന്‍ അവന്‍ കേട്ടിരുന്നില്ല.

പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഗൂഗിള്‍പേ ചെയ്യാന്‍ ഫോണ്‍ എടുത്തപ്പോഴാണ് ലിജിയുടെ 'Hello' മെസേജും നാല് ട്രാന്‍സാക്ഷനും അവന്‍ കണ്ടത്.

ആ വ്യത്യസ്ത തുകകള്‍ കണ്ടിട്ടും ആദ്യം പൊലീസ് ബുദ്ധി വര്‍ക്ക് ചെയ്തില്ല.

''ഇത് എന്ത് കളിയാ...?''

ബില്‍ബി വീണ്ടും വീണ്ടും ആ അക്കങ്ങള്‍ നോക്കി.

ആ സമയത്തും അവന്റെ മനസില്‍ ലിജിയുടെ തിരോധാനമായിരുന്നു.

ആരോടും പറയാതെ പോകുന്ന പെണ്ണല്ല അവള്‍.

എവിടെയോ ഒരു ട്രാപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്ന് അവന്റെ ഉള്ളില്‍ ഒരുതരം തോന്നല്‍ ഉണ്ടായിരുന്നു.

അപ്പോഴാണ് ലിജിയുടെ ഒരു പഴയ സംഭാഷണം ഓര്‍മ്മയില്‍ മിന്നിയത്.

ഒരു ദിവസം അവളുടെ പപ്പയുടെ ഫോണ്‍നമ്പര്‍ രണ്ടായി മുറിച്ച് താഴെ താഴെ എഴുതി ക്ലൂ കൊടുത്ത് മനസ്സിലാക്കാന്‍ പറഞ്ഞിരുന്നു.

94

00

38...

പക്ഷേ അന്നും ബില്‍ബിക്ക് ഉത്തരം കിട്ടിയിരുന്നില്ല.

അവസാനം ലിജി തന്നെ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.

''വലിയ നമ്പറുകള്‍ രണ്ടായി മുറിച്ച് വായിച്ചാല്‍ എളുപ്പം മനപ്പാഠമാക്കാം... പൊലീസ് ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...'

ആ വാക്കുകള്‍ ബില്‍ബിയുടെ തലച്ചോറില്‍ മിന്നല്‍പോലെ പാഞ്ഞു.

ബില്‍ബി വീണ്ടും ആ അക്കങ്ങള്‍ നിരത്തി നോക്കി.

98 | 470 | 30 | 405

അവന്റെ കണ്ണുകള്‍ വികസിച്ചു.

9847030405.

''ഇത് നമ്പറാണ്...'

അവന്‍ സ്വയം പറഞ്ഞു.

ഗാംഗ് ലിജിക്ക് നല്‍കിയ പുതിയ നമ്പര്‍ ട്രാന്‍സാക്ഷന്‍ തുകകളായി പിളര്‍ത്തി അയച്ചതാണെന്ന് ബില്‍ബിക്ക് മനസ്സിലായി.

അതോടൊപ്പം മുകളില്‍ കിടന്ന 'Hello' മെസേജും അവന്റെ ശ്രദ്ധയില്‍പ്പെട്ടു.

അത് ലിജി തന്നെയായിരിക്കും.

അവളാണെന്ന് ഉറപ്പിക്കാന്‍ ബില്‍ബിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.

ലിജി ഒരിക്കലും വെറുതെ മെസേജ് അയക്കുന്ന പെണ്ണല്ല.

എന്തോ പറയാന്‍ ശ്രമിച്ചിട്ടുണ്ട്.

അവന്‍ ഉടന്‍ ആ നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

റിംഗ് പോയി.

ബില്‍ബിയുടെ കോള്‍ എടുത്തെങ്കിലും ലിജി ഒന്നും സംസാരിച്ചിരുന്നില്ല.

സിസിടിവിയിലൂടെ ആ മുറിയിലെ ഓരോ ശബ്ദവും ജോജു കേള്‍ക്കുന്നുണ്ടാകുമെന്ന കാര്യം അവള്‍ക്കറിയാമായിരുന്നു.

അപ്പോഴാണ് നേരത്തെ സെന്‍ഡ് ആകാതെ കിടന്ന മെസേജ് ലിജിയുടെ ഓര്‍മ്മയില്‍ വന്നത്.

വിറയുന്ന വിരലുകളോടെ അവള്‍ അത് അയച്ചു.

''Its Me, Liji... trace this location. Thirich vilikkaruth... njan trapil aanu.'

അത് വായിച്ച ബില്‍ബി പിന്നീട് വീണ്ടും വിളിച്ചില്ല.

ബില്‍ബി എഴുന്നേറ്റു.

''ടവര്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യൂ!''

സൈബര്‍ സെല്ലിലേക്ക് വിളിച്ച് അവന്‍ നമ്പര്‍ കൈമാറി.

കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ലൊക്കേഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞു.

എറണാകുളത്തിന്റെ പുറമ്പോക്കിലുള്ള പഴയ ഇന്‍ഡസ്ട്രിയല്‍ മേഖല.

ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകള്‍ മാത്രം ഉള്ള പ്രദേശം.

''ലിജി അവിടെയുണ്ട്...'

അവന്‍ മനസില്‍ ഉറപ്പിച്ചു.

അടുത്ത ദിവസം രാത്രി.

കേരള പൊലീസിന്റെ രഹസ്യ ലഹരിവിരുദ്ധ ദൗത്യം ആരംഭിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍.

എറണാകുളത്തിന്റെ പുറമ്പോക്കിലെ ഉപേക്ഷിക്കപ്പെട്ട ഗോഡൗണുകള്‍ വളഞ്ഞ് കറുത്ത പൊലീസ് വാഹനങ്ങള്‍ നിരന്നു.

പുറത്ത് മഴ ചാറിത്തുടങ്ങിയിരുന്നു.

അകത്ത് കോടികളുടെ ലഹരിമരുന്ന് ഇടപാട് നടക്കുന്നതായി വിവരം കിട്ടിയിരുന്നു.

Malayalam Story
'നിങ്ങളുടേത് പ്രണയമല്ല, അതൊരു മത്സരമാണ്... അതുകൊണ്ട് ഞാന്‍ രണ്ടുപേരുടെയും ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു'

രാത്രി 1:40.

''പൊലീസ്! ആരും ഓടരുത്!''

ഒറ്റ നിമിഷം ഗോഡൗണ്‍ മുഴുവന്‍ കലാപമായി.

ഓട്ടം.

നിലവിളി.

വെടിവെപ്പ്.

ചിലര്‍ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ പൊലീസ് സംഘം എല്ലായിടത്തും വളഞ്ഞിരുന്നു.

ജോജു ഓടാന്‍ ശ്രമിച്ച നിമിഷം തന്നെ ബില്‍ബി അവനെ നിലത്തേക്ക് തള്ളിയിട്ടു.

''ലിജി എവിടെയാണ്?''

ബില്‍ബിയുടെ ശബ്ദം വിറച്ചിരുന്നു.

ജോജു ചിരിച്ചു.

ഒരു തരം വികൃത ചിരി.

പക്ഷേ അടുത്ത നിമിഷം ബില്‍ബിയുടെ കൈ അവന്റെ കോളറില്‍ മുറുകി.

''അവള്‍ എവിടെയാണെന്ന് ചോദിച്ചു!''

ഭയന്ന ജോജു താഴേക്കുള്ള ഇരുമ്പ് പടിയിലേക്ക് വിരല്‍ ചൂണ്ടി.

ഭൂമിക്കടിയിലേക്ക് ഇറങ്ങുമ്പോള്‍ ദുര്‍ഗന്ധം മൂക്കിലേക്കടിച്ചു.

ഇരുമ്പ് വാതിലുകള്‍.

ഈര്‍പ്പം.

ഇരുട്ട്.

അവസാന മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ ബില്‍ബിയുടെ കൈകള്‍ വിറച്ചു.

പൂട്ടു വെടിവെച്ച് പൊട്ടിച്ചു.

വാതില്‍ തുറന്നു.

മുറിയുടെ ഇടുങ്ങിയ മൂലയില്‍ കമ്പ്യൂട്ടറിന് മുന്നില്‍ നിന്നും അവള്‍ തല ഉയര്‍ത്തി.

ലിജി.

അവളുടെ കണ്ണുകള്‍ കുഴിഞ്ഞിരുന്നു.

മുഖം ക്ഷീണിച്ചിരിക്കുന്നു.

പക്ഷേ ബില്‍ബിയെ കണ്ട നിമിഷം അവളുടെ കണ്ണില്‍ എന്തോ തിളങ്ങി.

''ലിജി...'

ബില്‍ബിയുടെ ശബ്ദം പതറി.

അവള്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല.

പിന്നീട് പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

പക്ഷേ ശരീരം തളര്‍ന്നു വീണു.

ബില്‍ബി ഓടിയെത്തി അവളെ കെട്ടിപ്പിടിച്ചു.

ആ നിമിഷം ആദ്യമായി ലിജി കരഞ്ഞു.

ഉച്ചത്തില്‍.

പരിസരം മറന്ന്.

ആ ആലിംഗനം അത്രനാളുമുള്ള വേര്‍പെടലിന്റെ മഞ്ഞുരുകല്‍ ആയിരുന്നു.

അന്നേ ദിവസം കേരളത്തിലെ പത്ത് പേര്‍ അറസ്റ്റിലായി.

ലഹരിമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

പാലാരിവട്ടത്തെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളും വ്യാജ സിം കാര്‍ഡുകളും വിദേശ പണമിടപാടുകളും പുറത്തുവന്നു.

ലിജിയുടെ മൊഴി കേസിലെ പ്രധാന തെളിവായി.

ജോജു കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും ചിരിച്ചുകൊണ്ടിരുന്നു.

പക്ഷേ ലിജി അവനെ നോക്കിയില്ല.

അവള്‍ക്ക് മനസ്സിലായിരുന്നു

പ്രണയത്തിന്റെ മുഖംമൂടിയണിഞ്ഞുവരുന്ന ചില മനുഷ്യര്‍

ലഹരിയേക്കാള്‍ അപകടകാരികളാണെന്ന്.

മാസങ്ങള്‍ക്ക് ശേഷം.

ചെറിയൊരു പള്ളിയില്‍ ലളിതമായ വിവാഹം നടന്നു.

ലിജിയുടെ കൈ പിടിച്ച് നിന്നത് ബില്‍ബി.

വിവാഹശേഷം പള്ളിമുറ്റത്ത് മഴ പെയ്യുമ്പോള്‍ ബില്‍ബി മെല്ലെ ചോദിച്ചു:

''ആ ദിവസം ആ കോഡ് അയക്കുമ്പോള്‍ പേടിയുണ്ടായിരുന്നോ?''

ലിജി കുറച്ച് നിമിഷം മിണ്ടാതിരുന്നു.

പിന്നീട് പതിയെ ചിരിച്ചു.

''ഇച്ചായന് അത് മനസ്സിലാക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു.. തിരിച്ച് വിളിക്കും എന്ന് പേടിച്ചു.''

പള്ളിമണി മുഴങ്ങി.

ആ ശബ്ദം പള്ളിയില്‍ പ്രതിധ്വനിച്ചു.

ഒരിക്കലും ശബ്ദിക്കാത്തവിധം ഉപേക്ഷിച്ച ഒന്നുണ്ടായിരുന്നു.

ലിജിയുടെ ഫോണും.

ആ സൈലന്റ് നമ്പറും.

ലിജിയുടെ കൈ പിടിച്ച് പള്ളിയില്‍ നിന്നും ബില്‍ബി ജീവിതയാത്ര ആരംഭിച്ചു.

story writer
ടിവി സജിത്
Summary

Malayalam short story written by TV sajith

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com