പിയുടെ കഥ, ആലങ്കോട് എഴുതുന്നു P Kunjiraman Nair  
Archives

പി. പ്രണയപാപങ്ങളുടെ കടംകഥ

1997 ആഗസ്റ്റ് 1 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ആലങ്കോട് ലീലാകൃഷ്ണന്‍

മഹാകവി പി. കുഞ്ഞിരാമന്‍ നായരെ ഒരിക്കലേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ.

1976-ലോ '77-ലോ ആണത്.

ഗുരുവായൂരമ്പലത്തിന്റെ കിഴക്കേ നടയിലെ വലിയ ദീപസ്തംഭത്തിനു മുന്നില്‍ തൊഴുതു നില്‍ക്കുകയായിരുന്നു കവി.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കുഞ്ഞിരാമന്‍ നായരുടെ കവിതകളുമായി എനിക്കടുപ്പമുണ്ടായിരുന്നു. അക്കാലത്ത് 'മനോരമ' വാരികയിലും പിന്നീട് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലും വന്നിരുന്ന കവിയുടെ ആത്മകഥാഖ്യാനങ്ങള്‍ കുറെയൊക്കെ അന്നേ വായിക്കുകയും ചെയ്തിരുന്നു. ആ പരിചയമെല്ലാം എന്തുകൊണ്ടോ എന്റെ മനസ്സില്‍ കവിയെക്കുറിച്ചുണ്ടാക്കിയിരുന്ന ചിത്രം ഒരനാഥ മനുഷ്യന്റേതാണ്. തിരുത്താനാവാത്ത ഒരുപാട് തെറ്റുകള്‍ ചെയ്ത്, തെറ്റുകളില്‍നിന്നും തെറ്റുകളിലേയ്ക്കു സഞ്ചരിക്കുന്ന ഒരു പാപതീര്‍ത്ഥാടകനായിട്ടാണ് കവി അന്നെന്റെ മനസ്സില്‍ കയറിയിരുന്നത്.

അതുകൊണ്ടുതന്നെ, ഗുരുവായൂരപ്പന്റെ നടയില്‍ തൊഴുതു നില്‍ക്കുന്ന കവിയുടെ അടുത്ത് സഹാനുഭൂതി കലര്‍ന്ന ഒരുതരം വിസ്മയത്തോടെയാവണം ഞാന്‍ പോയിനിന്നത്. കണ്ണുകളടച്ച്, ഗാഢമായ ഒരു പ്രാര്‍ത്ഥനയില്‍ ലോകത്തെ തന്നെ മറന്നു നില്‍ക്കുകയായിരുന്നു കവി. കവിയെത്തന്നെ നിരീക്ഷിച്ച് കുറേനേരം ഞാനും അമ്പലനടയില്‍ നിന്നതോര്‍ക്കുന്നു. അങ്ങനെ നോക്കിനിന്നപ്പോള്‍ കവിയുടെ അടഞ്ഞ കണ്ണുകള്‍ക്കു താഴെ കണ്ണുനീര്‍ പടരുന്നുണ്ടെന്ന് എനിക്കു തോന്നി.

അപ്പോള്‍ എന്തുകൊണ്ടോ എനിക്കും വല്ലാത്ത സങ്കടം വന്നു.

പിന്നെ, പരസ്പരം കാണുകയോ മിണ്ടുകയോ ചെയ്യാതെ കേവലം അപരിചിതരായിത്തന്നെ കവി കവിയുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പിരിഞ്ഞു.

പിന്നീടു പക്ഷേ, കുഞ്ഞിരാമന്‍ നായരെ വായിക്കുമ്പോഴെല്ലാം കൗമാര കാലത്തനുഭവിച്ച അജ്ഞാതമായ ആ സങ്കടം ഞാന്‍ വീണ്ടും വീണ്ടും അന്നനുഭവിച്ചിട്ടുണ്ട്. ഒരു കാരണവുമില്ലാതെ മനസ്സില്‍ വന്നു നിറയുകയും ജന്മത്തെത്തന്നെ മൂടിക്കളയുകയും ചെയ്യുന്ന, കണ്ണീരു പൊട്ടാത്ത ഒരു പ്രാണസങ്കടം.

പ്രണയത്തെക്കുറിച്ചെഴുതുമ്പോഴും പ്രകൃതി സൗന്ദര്യത്തെക്കുറിച്ചെഴുതുമ്പോഴും തന്റെ പാപ ജന്മത്തിന്റെ അനാഥത്വത്തെക്കുറിച്ചെഴുതുമ്പോഴുമെല്ലാം സനാതനമായ ആ വിഷാദം കുഞ്ഞിരാമന്‍ നായരുടെ വരികള്‍ക്കിടയില്‍ കിടന്ന് നിശ്ശബ്ദമായി വിലപിച്ചുകൊണ്ടിരുന്നു. സ്വന്തം ദേഹത്തിലെ മുറിവുകള്‍ തെളിവായി കാണിച്ചുതന്ന് ആത്മനിന്ദയിലും ആത്മവിലാപത്തിലും ജീവിച്ച ഈ മനുഷ്യന്‍ എപ്പോഴും വിരല്‍ ചൂണ്ടിയത് ഭൗതിക വിജയത്തിന്റെ വിപരീതങ്ങളിലേക്കാണ്.

കുഞ്ഞിരാമന്‍ നായരുടെ കവിതയില്‍ ദുഃഖത്തിന്റെ ആന്തരികതലം കവിയുടെ വൈയക്തിക ദുഃഖമല്ല. മനുഷ്യജീവിതത്തിന്റെ അസ്തിത്വവിഷാദം തന്നെ അനിമിത്തക ദുഃഖമായിത്തീരുകയാണ്. പ്രപഞ്ചത്തിന്റെ ദുഃഖം മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വരുന്ന അനാഥനായ മനുഷ്യനാണ് അവിടെ പാപങ്ങളില്‍നിന്ന് പാപങ്ങളിലേക്ക് അഭയവും സാന്ത്വനവുമില്ലാതെ അലയുന്നത്. മനുഷ്യകുലത്തിന്റെ ആത്യന്തികമായ നിലനില്പിനെക്കുറിച്ച് ഏറ്റവും ആധുനികമെന്ന് ഇന്നു നാം കരുതിപ്പോരുന്ന ഉല്‍ക്കണ്ഠകളത്രയും ആ അലച്ചിലില്‍ ഉപദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

''ആരുവാന്‍ വിളിക്കുന്നതെന്നെ, ഞാനെല്ലാം നേടി-

യാത്മാവു നഷ്ടപ്പെട്ടോരഭയാര്‍ത്ഥിയാം മര്‍ത്ത്യന്‍'' എന്ന അഗാധമായ നിലവിളിയാണത്.

''കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ആദ്യം മനസ്സില്‍ വരുന്നത് ആ അനാഥ യാത്രയാണ്. ജീവിതത്തിന്റെ പുറമ്പോക്കില്‍, ഏതെങ്കിലുമൊരങ്ങാടിത്തെരുവില്‍ അനാഥജന്മങ്ങളായിപ്പോവുമായിരുന്ന ഞങ്ങളെ അന്നു രക്ഷിച്ചത് മുത്തച്ഛനാണ്.''

ആ നിലവിളിയുടെ സത്യം തേടി പിന്നീടു ഞാന്‍ കവിയുടെ കാല്പാടുകള്‍ക്കു പിറകേ ഒരുപാടു സഞ്ചരിച്ചിട്ടുണ്ട്. തീര്‍ത്തും ഏകാന്തവും വിജനവുമായ സ്വകാര്യ തീര്‍ത്ഥാടനങ്ങളായിരുന്നു ആ യാത്രകള്‍.

നിളാനദിയുടെ ഹൃദയസത്യം തേടി നടന്ന കാലത്ത് അവിചാരിതമായ ഒരു നിയോഗംപോലെ കവിയുടെ പഴയ ചില വഴിയമ്പലങ്ങളില്‍ ചെന്നെത്തുകയായിരുന്നു. കവി യാത്ര ചെയ്ത വഴികളിലൂടെയും കാഴ്ചകളിലൂടെയും. ഏതോ ഒരജ്ഞാത പ്രേരണയാല്‍. വര്‍ഷങ്ങള്‍ക്കുശേഷം പിന്നെയും നടക്കാന്‍ ഞാന്‍ നിയുക്തനായി.

പൊന്മളയിലും പട്ടാമ്പിയിലും പെരുമുടിയൂരിലും ലക്കിടിമംഗലത്തും തിരുവില്വാമലയിലും കൊല്ലങ്കോട്ടും കാഞ്ഞങ്ങാട്ടും ഗുരുവായൂരുമെന്നല്ല കവിയുടെ സഞ്ചാരമാര്‍ഗങ്ങളിലെല്ലാം പല തവണ ഞാന്‍ സഞ്ചരിച്ചു. കാലരാശികള്‍ മായ്ച്ചുകളഞ്ഞ് അവിടെയെല്ലാം കവിയുടെ ജീവിതം അപ്പോള്‍ കാല്പാടുകളിലെ പൂഴിമണ്ണില്‍നിന്ന് ഉയിര്‍ത്തെണീറ്റുവന്നു. കാലത്തിനപ്പുറം നിന്ന് കവി എന്നോടു സംസാരിച്ചു.

കവിയുടെ കൂട്ടുകാരും പ്രണയിനികളും ആരാധകരും സഹയാത്രികരും സ്വന്തക്കാരും ഞാനറിയാത്ത കവിയെക്കുറിച്ചു പറഞ്ഞു.

കവിയുടെ ജീവിതവും കവിതയും അപ്പോള്‍ പരസ്പരവിരുദ്ധങ്ങളും പരസ്പര പൂരകങ്ങളുമായ വിചിത്രദ്വന്ദങ്ങളായിത്തീര്‍ന്നു.

വില്വാദ്രിച്ചെരുവിലെ കിളികള്‍, കിഴക്കന്‍ മലനിരകളിലെ കോട മഴക്കാറുകള്‍, നിലാവു വറ്റിത്തീരാത്ത നിളാമണപ്പുറം, പുഴയോരത്തെ റെയില്‍പ്പാതകള്‍, രാത്രിവണ്ടികള്‍, മലനാട്ടിലെ പുഞ്ചവയല്‍പ്പരപ്പുകള്‍, താലപ്പൊലിപ്പാടങ്ങള്‍, നാട്ടുകാവുകള്‍, കര്‍ഷകവാടങ്ങള്‍, തോണിപ്പുരകള്‍, കടവുതോണികള്‍ എന്നല്ല, സമസ്ത ചരാചര രാശികളും നിര്‍ത്താതെ നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു-

ഒരേ സമയം സ്ഥലത്തിലൂടെയും കാലത്തിലൂടെയും വേറിട്ടു സഞ്ചരിച്ച അവധൂതനായ പ്രണയസഞ്ചാരിയെപ്പറ്റി.

ഏകമുഖവും തീക്ഷ്ണവുമായൊരു മധുരശോകത്തിന്റെ വിജനമണ്ഡലത്തിലൂടെ നടന്നുമറഞ്ഞ ഏകാകിയായ വിശ്വപ്രേമഗായകനെപ്പറ്റി.

പക്ഷേ, എനിക്കറിയേണ്ടിയിരുന്നത് അലൗകികമായ ആ കാല്പാടുകള്‍ക്കു പിറകിലെ കേവല മനുഷ്യനെയായിരുന്നു. ആദര്‍ശാത്മകതയുടെ നിറപ്പകിട്ടില്‍ വരയ്ക്കപ്പെടാത്ത കവിയുടെ ഭൂമിജീവിതം.

എഴുതപ്പെട്ട വാക്കുകളില്‍ മറഞ്ഞുകിടന്ന എഴുതപ്പെടാത്ത ആ ജീവിത സത്യം അപ്പോള്‍ സ്വത്വം മറച്ചു നടന്ന കവിയുടെ മായാജീവിതമായിത്തീര്‍ന്നു. ഉത്തരമറിയാന്‍ ശ്രമിക്കുംതോറും കൂടുതല്‍ ദുരൂഹമാകുന്ന വിചിത്രമായ കടംകഥ.

കവിയുടെ ജന്മഗ്രാമമായ കാസര്‍കോട് ജില്ലയിലെ വെള്ളിക്കോത്തു ഗ്രാമത്തില്‍വെച്ച്, മിഥുനമഴ കരഞ്ഞുനിന്ന ഒരേകാന്തസന്ധ്യയില്‍ കവിയുടെ ഒരേയൊരു മകന്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞതും ആ കടംകഥയാണ്.

''എനിക്ക് അച്ഛനെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍ക്കുമ്പോള്‍ വളരെ വിചിത്രമായിട്ടാണ് തോന്നുന്നത്. അച്ഛനെ അറിയുന്നതുവരെ സനാഥവും സന്തോഷഭരിതവുമായിരുന്ന എന്റെ ജീവിതം അച്ഛന്‍ വന്നതു മുതല്‍ അനാഥവും ക്ലേശപൂര്‍ണവുമാവുകയാണുണ്ടായത്.

കാണാന്‍ തുടങ്ങിയതു മുതല്‍ക്കേ അച്ഛനെനിക്കു പേടി സ്വപ്നമായിരുന്നു. അച്ഛന്റെ ക്രോധം നിറഞ്ഞ മുഖഭാവം കാണുമ്പോഴൊക്കെ മുത്തച്ഛന്റെ പ്രസന്നമായ മുഖം മനസ്സില്‍ത്തെളിയും. അച്ഛന്റെ ക്രൂരമായ പ്രഹരം ഏറ്റുവാങ്ങുമ്പോഴൊക്കെ മണ്‍മറഞ്ഞ മുത്തച്ഛനെ (അച്ഛന്റെ അച്ഛന്‍) വിളിച്ചു കരഞ്ഞുകൊണ്ടിരിക്കും. അച്ഛന്റെ ലാളനാസുഖം ജീവിതത്തിലൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ശൈശവം മുഴുവന്‍ കഴിഞ്ഞത് മുത്തച്ഛന്റെ വാത്സല്യപൂര്‍ണമായ സംരക്ഷണത്തിലാണ്. ചെറുപ്പം മുതല്‍ അച്ഛനെന്നു വിളിച്ചു ശീലിച്ചതും മുത്തച്ഛനെയാണ്.''

അതു പറയുമ്പോള്‍ രവീന്ദ്രന്‍ നായരുടെ മുഖത്ത് ഒരുപാടു ജന്മങ്ങളുടെ ക്ലേശവും വേദനയും നിറഞ്ഞിരുന്നു. 'പുന്നാക'മാകുന്ന നരകത്തില്‍നിന്ന് പിതാവിനെ രക്ഷിക്കാന്‍ പിതൃപരമ്പരകളുടെ മുഴുവന്‍ വിളികേള്‍ക്കുകയും അവരുടെ മുഴുവന്‍ ശാപം ഏറ്റുവാങ്ങുകയും ചെയ്ത പുത്രന്റെ ശോകം.

പി കുഞ്ഞിരാമന്‍ നായര്‍

രവി എന്ന മകന്‍ കഥ പറയുകയാണ്. പുറവങ്കര കുഞ്ഞമ്പുനായര്‍, പി. കുഞ്ഞിരാമന്‍ നായര്‍ എന്നീ പിതൃപുത്ര പരമ്പരകളിലേക്ക് പ്രണയവും പാപവുമായി പടര്‍ന്ന കര്‍മബന്ധങ്ങളുടെ തുടര്‍ക്കഥ.

രവിക്ക് ഓര്‍മ വയ്ക്കുന്ന കാലത്ത് അച്ഛന്‍ കുടുംബത്തിന്റെ കൂടെയില്ല. ചേച്ചിയും അമ്മയും താനുമടങ്ങുന്ന കുടുംബത്തെ കാഞ്ഞങ്ങാട്ട് വാടകവീട്ടിലാക്കി അമ്മയുടെ മൂന്നാമത്തെ പ്രസവ സഹായത്തിന് മുത്തശ്ശിയെ കൂട്ടിവരാന്‍ പൊന്മളയ്ക്കു പോയതായിരുന്നു അച്ഛന്‍.

വളരെ വര്‍ഷങ്ങളോളം പിന്നെ അച്ഛന്‍ തിരിച്ചു വന്നില്ല.

സാധാരണഗതിയില്‍ത്തന്നെ രാത്രി വരാമെന്നു പറഞ്ഞുപോയാല്‍ തിരിച്ചുവരുന്നത് ചിലപ്പോള്‍ പത്തും പതിനഞ്ചും ദിവസം കഴിഞ്ഞായിരിക്കും. അതിനിടയില്‍ ചില ദിവസങ്ങള്‍ കുടുംബം മുഴുപ്പട്ടിണിയിലാവും.

സഹായിക്കാനാരുമില്ല.

അച്ഛന്റെ സ്വന്തം നാടാണെങ്കിലും ബന്ധുക്കളും നാട്ടുകാരുമെല്ലാം കടുത്ത എതിര്‍പ്പിലാണ്. എതിര്‍പ്പിനു കാരണവുമുണ്ട്.

അച്ഛന്റെ മരുമകളായ ജാനകിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച് ആഭരണം വാങ്ങിക്കാന്‍ അച്ഛന്റെ കയ്യില്‍നിന്ന് അഞ്ഞൂറു രൂപയും വാങ്ങി നാടുവിട്ട കുഞ്ഞിരാമന്‍ നായര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിന്നെ തിരിച്ചുവന്നത് കാമുകിയെ വിവാഹം ചെയ്ത് രണ്ടു കുട്ടികളുമായിട്ടാണ്.

പുറവങ്കര കുഞ്ഞമ്പുനായര്‍ മകനേയും കുടുംബത്തേയും സ്വന്തം വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കിയില്ല. സര്‍വജനസമ്മതനായ പുറവങ്കര കുഞ്ഞമ്പുനായര്‍ക്കിഷ്ടമല്ലാത്ത മകനേയും ഭാര്യയേയും പിന്നെ നാട്ടുകാര്‍ സ്വീകരിക്കുമോ?

അങ്ങനെയാണ് പ്രതാപികളായ പിതാവിന്റെ വീട്ടുകാരുടെ കണ്‍വെട്ടത്ത് വാടകവീട്ടില്‍ കഴിഞ്ഞുകൂടാന്‍ വിധി വന്നത്.

അമ്മയ്ക്കാണെങ്കില്‍ യാതൊരു ലോകപരിചയവുമില്ല.

പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മയുടെ സംസ്‌കൃത ഗുരുകുലത്തില്‍ വിദ്വാന്‍ പരീക്ഷയ്ക്കു പഠിക്കുന്ന കാലത്ത് കവിയെ പ്രേമിച്ച് ഗുരുനാഥനേയും സ്വജനങ്ങളേയും ധിക്കരിച്ചിറങ്ങിപ്പോന്ന സ്വാര്‍ത്ഥവും സാമര്‍ത്ഥ്യവുമറിയാത്ത നാട്ടിന്‍പുറത്തുകാരി.

കവയിത്രിയും വിദുഷിയുമായിരുന്ന വട്ടൊളി കുഞ്ഞിലക്ഷ്മിയമ്മ അങ്ങനെ കേമദ്രുമയോഗക്കാരനായ കവിയോടൊപ്പം ദേശാടനം ചെയ്തു കഴിയാന്‍ വിധിക്കപ്പെട്ടു. പട്ടിണിയും പ്രാരാബ്ധവുമായി അവര്‍ പല നാടലഞ്ഞു ജീവിച്ചു. വരരുചിയോടൊപ്പം വീടുവിട്ടിറങ്ങിയ പറയിയെപ്പോലെ കവി നയിച്ചിടത്തേയ്‌ക്കൊക്കെ നിശ്ശബ്ദയായി പിന്തുടര്‍ന്ന് മനസ്സും ശരീരവും തളര്‍ന്നു.

ഒടുവില്‍ ഓരോ വയസ്സിന്റെ പ്രായവ്യത്യാസമുള്ള രണ്ടു കുട്ടികളും മൂന്നാമതൊന്ന് ഉദരത്തിലുമായി ഭര്‍ത്താവിന്റെ നാട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചിങ്ങത്തിലെ ചതുര്‍ത്ഥിയായി.

''ശുദ്ധാത്മാവായ കവിയെ കണ്ണു കാട്ടി വലവീശിപ്പിടിച്ച ഏതോ തെക്കത്തി'' എന്നേ ആദ്യമൊക്കെ വെള്ളിക്കോത്തുകാര്‍ക്ക് അവരെ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. കോരപ്പുഴ കടന്നു തെക്കുപോയി സംബന്ധം ചെയ്താല്‍ അന്നും ആഭിജാത്യമുള്ള തറവാടുകളില്‍ ഭ്രഷ്ടും വിലക്കുമുള്ള കാലമാണ്.

ഇതാകട്ടെ, ഒരു കല്യാണമില്ലാത്ത കല്യാണക്കഥയും.

കവിയോടൊപ്പം കാഞ്ഞങ്ങാട്ടു വന്നുകൂടിയ കുഞ്ഞിലക്ഷ്മി അമ്മയെ മറ്റൊരു നിലയ്ക്ക് വടക്കര്‍ക്ക് കാണാന്‍ കഴിയാതെ പോയതില്‍ അത്ഭുതമില്ല.

കണ്ണൂരില്‍ 'നവജീവന്‍' എന്ന സാമൂഹിക സാംസ്‌കാരിക പത്രിക നടത്തുകയായിരുന്നു അന്നു കവി. അച്ഛന്റെ കാലുപിടിച്ചു നേടിയ അഞ്ഞൂറുറുപ്പികയാണ് മൂലധനം. ഉത്തരകേരളത്തിന്റെ ദേശീയബോധത്തേയും സംസ്‌കാരതൃഷ്ണയേയും തട്ടിയുണര്‍ത്തി ആവേശം കൊള്ളിച്ച സ്വാതന്ത്ര്യജ്വാലയായി കവിയുടെ 'നവജീവന്‍' കുറേക്കാലം കേള്‍വികേട്ടു നിന്നു. പക്ഷേ, ജീവിത വരുമാനത്തിന് കവിക്ക് അതൊട്ടും പ്രയോജനപ്പെട്ടില്ല. ക്രമേണ പത്രം കടത്തിലായി.

അക്കാലത്താണ് ഭാര്യയുടെ മൂന്നാമത്തെ പ്രസവത്തിന്റെ സഹായത്തിന് അമ്മയെ (ഭാര്യയുടെ അമ്മ) കൂട്ടിവരാനാണെന്നും പറഞ്ഞ് കവി തെക്കോട്ട് പോയത്.

പിന്നീട് മാസങ്ങളോളം യാതൊരു വിവരവുമുണ്ടായില്ല. കവിയുടെ അകന്ന ചില ബന്ധുക്കളുടെ സഹായം മൂലം പട്ടിണി കൂടാതെ വാടകവീട്ടില്‍ കഴിഞ്ഞ ഗര്‍ഭിണിയായ കുഞ്ഞിലക്ഷ്മി അമ്മ ഒടുവിലൊരു ദിവസം തന്റെ രണ്ടു കുട്ടികളുമായി തൃശൂരോളം കവിയെ അന്വേഷിച്ചു ചെന്നു.

''കുഞ്ഞിരാമന്‍ വന്നിട്ടുണ്ട്.'' മുത്തച്ഛന്‍ ഒന്നും മിണ്ടാതെ ശ്ലോകങ്ങള്‍ ചൊല്ലുന്നത് തുടര്‍ന്നു. മുത്തശ്ശി പോയി കുറച്ചു കഴിഞ്ഞ് വീണ്ടും വന്നു. ''കുഞ്ഞിരാമന്‍ പടി കയറുന്നില്ല.'' ''അവനോട് കുളിച്ച് വല്ലതും കഴിക്കാന്‍ പറയ്.''

അനാഥമായ ആ യാത്ര ഇന്നും രവീന്ദ്രന്‍ നായര്‍ക്ക് അവ്യക്തമായി ഓര്‍മയുണ്ട്.

''കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ആദ്യം മനസ്സില്‍ വരുന്നത് ആ അനാഥ യാത്രയാണ്. ജീവിതത്തിന്റെ പുറമ്പോക്കില്‍, ഏതെങ്കിലുമൊരങ്ങാടിത്തെരുവില്‍ അനാഥജന്മങ്ങളായിപ്പോവുമായിരുന്ന ഞങ്ങളെ അന്നു രക്ഷിച്ചത് മുത്തച്ഛനാണ്.''

കുഞ്ഞിരാമന്‍ നായരെക്കുറിച്ച് യാതൊരു വിവരവുമില്ലാതായപ്പോള്‍ തന്റെ മകന്റെ അനാഥകുടുംബത്തെ കഴിഞ്ഞതെല്ലാം വിസ്മരിച്ച് സ്വീകരിക്കാന്‍ പുറവങ്കര കുഞ്ഞമ്പുനായര്‍ തയ്യാറായി.

അങ്ങനെ രവീന്ദ്രന്‍ നായരും ചേച്ചിയും അമ്മയും വെള്ളിക്കോത്തെ പിതൃഭവനത്തിലെത്തിച്ചേര്‍ന്നു.

ആഭിജാത്യം, സമ്പന്നത, വിദ്യാഭ്യാസം, പാരമ്പര്യം, പ്രാമാണിത്തം എന്നിവകൊണ്ട് പ്രശസ്തിയാര്‍ജിച്ചതായിരുന്നു പുറവങ്കര തറവാട്. കവിയുടെ പിതാവായ പുറവങ്കര കുഞ്ഞമ്പുനായരാകട്ടെ, സര്‍വജനസമ്മതനായ ഒരു നാട്ടുപ്രമാണിയും പണ്ഡിതനും മധ്യസ്ഥനുമൊക്കെയായിരുന്നു. സംസ്‌കൃത സാഹിത്യം, വേദാന്തം. ആയുര്‍വേദം എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ വ്യുല്‍പ്പത്തിയുണ്ടായിരുന്നു.

ഘനഗംഭീരവും ആജ്ഞാശക്തി നിറഞ്ഞതുമായ രാജകലയുള്ള ആ മുഖത്ത് എപ്പോഴും മന്ദസ്മിതാര്‍ദ്രമായ വാത്സല്യഭാവം കളിയാടിയിരുന്നുവെന്ന് രവീന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു.

''മുത്തച്ഛനാണ് എനിക്ക് ജീവിതത്തിലെ വാത്സല്യമത്രയും തന്നത്. പിതാവില്‍നിന്നു കിട്ടേണ്ടതിലുപരിയായ ലാളന അദ്ദേഹം എനിക്കു തന്നു. സ്‌നേഹമസൃണമായ ആ നീട്ടിവിളി ഇന്നും എന്റെ മനസ്സില്‍ പ്രതിദ്ധ്വനിക്കുന്നു.''

കവിയുടെ അമ്മയായ പനയന്തട്ട കുഞ്ഞമ്മ അമ്മയും വളരെ സംസ്‌കൃത ചിത്തയായിരുന്നു. ആധുനികാര്‍ത്ഥത്തില്‍ അഭ്യസ്തവിദ്യയല്ലെങ്കിലും പുരാണ പാരായണം, കീര്‍ത്തനാലാപം, ഭക്തിസാധന, കാവ്യാസ്വാദനം എന്നിവകൊണ്ട് സ്വന്തമായൊരു ജീവിതദര്‍ശനം നേടിയിരുന്ന കുഞ്ഞമ്മ അമ്മ കവിതകളെഴുതുകയും ചെയ്തിരുന്നു. വളരെ വാത്സല്യത്തോടെ തന്നെ അവര്‍ തന്റെ മകന്റെ കുട്ടികളെ പരിപാലിച്ചു.

പക്ഷേ, യാഥാസ്ഥിതിക വിശ്വാസ പ്രമാണങ്ങള്‍ രൂഢമൂലമായിത്തീരുന്നതു കൊണ്ടാവണം കുഞ്ഞിലക്ഷ്മി അമ്മയെ ഭര്‍ത്തൃഭവനം മനസ്സു തുറന്നു സ്വീകരിക്കാന്‍ തയ്യാറായില്ല.

കുറച്ചുകൂടി പ്രായം ചെന്നപ്പോഴാണ് രവി അച്ഛനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. നാടുവിട്ട അച്ഛനെ അന്വേഷിച്ച് മുത്തച്ഛന്‍ പലഭാഗത്തേയ്ക്കും ആളെ അയച്ചിരുന്നു.

അതിനിടയില്‍ എവിടെനിന്നോ കുഞ്ഞിരാമന്‍ നായരുടെ ഒരെഴുത്തുവന്നു. പിന്നീട് ക്രമത്തില്‍ എഴുത്തുകള്‍ വരാന്‍ തുടങ്ങി. ചില എഴുത്തുകളില്‍ നാട്ടിലേക്കു വരുന്നുണ്ടെന്ന സൂചനയുമുണ്ടായി.

അക്കാലങ്ങളില്‍ സ്‌കൂളില്‍പോലും പോവാതെ രവിയും ജ്യേഷ്ഠത്തി ലീലയും അച്ഛനെ പ്രതീക്ഷിച്ച് വീടിന്റെ ഉമ്മറപ്പടിയില്‍ സന്ധ്യവരെ കാത്തിരുന്നു. പടിവട്ടത്ത് അപരിചിതരായ ആരെയെങ്കിലും കണ്ടാല്‍ 'അച്ഛന്‍ അച്ഛന്‍' എന്നാര്‍ത്തു വിളിച്ച് പടിക്കലേയ്‌ക്കോടിച്ചെന്ന് അച്ഛനല്ലെന്നറിയുമ്പോള്‍ വിഷണ്ണരായി.

ഇതിനിടയില്‍ പിതൃദര്‍ശനത്തിനു ഭാഗ്യം ലഭിക്കാതെതന്നെ രവിക്കു താഴെ പിറന്ന അനുജന്‍ ലോകത്തോടു യാത്ര പറഞ്ഞുപോയി. അച്ഛനെന്ന കേട്ടു കേള്‍വി മാത്രം ഒരു കടംകഥപോലെ ബാക്കിയാവുകയും ചെയ്തു.

പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കാലത്താണ്. ഒരു സന്ധ്യയ്ക്ക് അച്ഛന്റെ മടിയില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു രവി. മുത്തച്ഛന്‍ നാരായണീയത്തിലെ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. പെട്ടെന്നു വടക്കിനിയില്‍ ഒരു ചിരിയും ബഹളവും കേട്ടു. എന്താണതെന്നു മുത്തച്ഛന്‍ വിളിച്ചു ചോദിച്ചു.

മുത്തശ്ശി തൂണിനു മറവില്‍ വന്നുനിന്നു പതുക്കെ പറഞ്ഞു:

''കുഞ്ഞിരാമന്‍ വന്നിട്ടുണ്ട്.'' മുത്തച്ഛന്‍ ഒന്നും മിണ്ടാതെ ശ്ലോകങ്ങള്‍ ചൊല്ലുന്നത് തുടര്‍ന്നു.

മുത്തശ്ശി പോയി കുറച്ചു കഴിഞ്ഞ് വീണ്ടും വന്നു.

''കുഞ്ഞിരാമന്‍ പടി കയറുന്നില്ല.''

''അവനോട് കുളിച്ച് വല്ലതും കഴിക്കാന്‍ പറയ്.'' അതു കേള്‍ക്കേണ്ട താമസം കവി പടികള്‍ ചാടിക്കയറി പിതാവിനെ സാഷ്ടാംഗം നമസ്‌കരിച്ചു. ഏതോ സംസ്‌കൃത ശ്ലോകം ചൊല്ലി, കണ്ണില്‍നിന്ന് ധാരധാരയായി കണ്ണീര്‍ പ്രവഹിച്ചു.

'പിറന്ന മണ്ണില്‍' എന്ന കവിത ഈ സമാഗമത്തിന്റെ വികാര പ്രവാഹമാണ്. കവിതയ്‌ക്കെക്കെഴുതിയിട്ടുള്ള മുഖക്കുറിപ്പില്‍ കവി ഇങ്ങനെ കുറിച്ചിട്ടുണ്ട്:

''എല്ലാമുള്ള, എല്ലാവരുമുള്ള വീട്, നാട്. കാഞ്ഞങ്ങാട്ടെ കേള്‍വികേട്ട പടനായര്‍ ജന്മിത്തറവാട്ടില്‍ പിറന്നവന്‍. നാട്ടില്‍ പ്രഭുവായ നായരുടെ മൂത്ത മകന്‍- കുഞ്ഞിരാമന്‍. അവനെന്തിനോ പിച്ചക്കാരനായി മലനാട്ടിലങ്ങോളമിങ്ങോളം അലഞ്ഞു. നാറുന്ന ഹോട്ടലൂണും ഇരുണ്ട മൂട്ടമുറിയുമായി ജന്മമൊടുക്കി ഏതോ വിളികേട്ട് ഒരു ദിവസം പിറന്ന മണ്ണില്‍, കാഞ്ഞങ്ങട്ടെ കടലോരത്ത് വണ്ടിയിറങ്ങി. മനസ്സു ജപിച്ചു: ഈ കല്ല് കല്‍ക്കണ്ടം. ഈ പൂഴിത്തരി തുലാവാവ് കുളിച്ച കടലോരം, കിഴവന്‍ നടക്കാവു മരങ്ങള്‍. ആകാശം. ഭൂമി-അവര്‍ വിളിച്ചു ചോദിച്ചു: ''കുഞ്ഞേ നീ വന്നോ?''

''ഇളം കുളിര്‍കാറ്റില്‍ തുളസിതന്മണ-

മിളകും ഹേമന്ത പ്രശാന്ത സന്ധ്യയില്‍

പരംവ്യവഹാരശതങ്ങള്‍ ചൂഴ്കിലും

പരമതേജസ്സില്‍ നിലീനചിത്തനായ്

ശശിബിംബം കണക്കിറയത്തു ചൂരല്‍-

ക്കസാലയില്‍ച്ചാരിക്കിടക്കയാണച്ഛന്‍

കൃതഘ്നതാഭാരം ചുമന്നു സാഷ്ടാംഗ-

പ്രണതിയര്‍പ്പിച്ചു പിതൃപദങ്ങളില്‍,

ഉലകിലെന്തുള്ളൂ പിതൃദയാനീരി-

ലലിഞ്ഞുചേരാത്ത സുതാപരാധങ്ങള്‍''

രവി എന്ന മകന്‍ ഓര്‍ക്കുന്നു.

''ഞാനെങ്ങോട്ടെങ്കിലും പോട്ടെ അമ്മേ?'' അമ്മ കുറച്ചു നേരത്തേയ്‌ക്കൊന്നും പറഞ്ഞില്ല. പിന്നെ മന്ത്രിക്കുന്നതുപോലെ അമ്മയുടെ വാക്കുകള്‍ കേട്ടു: ''പൊയ്‌ക്കോളൂ.''

-അച്ഛന്‍ എന്ന അപൂര്‍വ മനുഷ്യനെ കാണാന്‍ ഞാന്‍ ഉറക്കം വിട്ടെഴുന്നേറ്റു. കരിപിടിച്ച ലാല്‍ട്ടന്‍ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ആദ്യമായി അച്ഛനെ കണ്ടു. ചീകിവെയ്ക്കാത്ത ചപ്രത്തലമുടി, ഷേവു ചെയ്യാത്ത മുഖം. ഇറക്കമുള്ള ഖദര്‍ ജൂബ്ബയും മുണ്ടും. രണ്ടുവശവും തൂങ്ങി കനം പിടിച്ച പോക്കറ്റ്. ഞാനും ചേച്ചിയും അത്ഭുതത്തോടെ നോക്കി നിന്നു. അമ്മ ഞങ്ങളെ അച്ഛന് പരിചയപ്പെടുത്തി. ഞങ്ങള്‍ക്ക് അച്ഛനേയും. അച്ഛന്‍ ഞങ്ങളെ വാരിയെടുക്കാന്‍ മുന്നോട്ട് വന്നില്ല. ഞങ്ങള്‍ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചുമില്ല. ഒന്നു ചിരിച്ചു അത്രമാത്രം. ഞങ്ങള്‍ക്കു കൈനിറയെ മിഠായി തന്നു. അതു തിന്നാന്‍ തുടങ്ങുമ്പോഴേയ്ക്ക് പിന്നെയും ജൂബ്ബയുടെ പോക്കറ്റില്‍നിന്നു തന്ന അച്ഛനെ മുഷിപ്പിക്കാതിരിക്കാന്‍ മീതേയ്ക്കു മീതെ മിഠായി തിന്ന് അന്നെനിക്ക് ശ്വാസം മുട്ടി.''

അതായിരുന്നു കുഞ്ഞിരാമന്‍ നായര്‍ എന്ന മനുഷ്യന്‍. ഒന്നുകില്‍ സ്‌നേഹപ്രകടനംകൊണ്ട്, അല്ലെങ്കില്‍ പീഡനങ്ങള്‍ കൊണ്ട്. ഏറ്റവും അടുത്ത ആളുകളെ ആ മനുഷ്യന്‍ എന്നും ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.

പീഡനങ്ങള്‍കൊണ്ട് ശ്വാസം മുട്ടിയ ഓര്‍മകള്‍ നിരവധിയാണ് രവിക്ക്. മുത്തച്ഛന്‍ മരിച്ചതിനുശേഷം ഒരു ദിവസം മുത്തച്ഛന്റെ ചാരുകസേരയില്‍ കിടന്ന് മയങ്ങുകയായിരുന്നു. അതു കണ്ടുകൊണ്ടാണ് കവി കയറിവന്നത്. താന്‍പോലും ഒരിക്കലും ഇരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത തന്റെ പിതാവിന്റെ സേരയില്‍ മകന്‍ കയറിക്കിടക്കുന്നതു കണ്ട് കവി ക്രോധാക്രാന്തനായി..

കലസരയില്‍നിന്ന് രവിയെ പൊക്കിയെടുത്ത് ചുമരിലേക്ക് വലിച്ചെറിഞ്ഞു. പേടിച്ചലറിക്കരഞ്ഞ മകനെ ഭ്രാന്തനെപ്പോലെ വീണ്ടും വീണ്ടും മര്‍ദിച്ചു.

''ഗുരുത്വദോഷിയായ നീയിനി ജീവിച്ചിരുന്നിട്ടു കാര്യമില്ല'' എന്നു പറഞ്ഞായിരുന്നു മര്‍ദനം.

ഒടുവില്‍ മര്‍ദനവും കരച്ചിലുംകൊണ്ട് മകന് ശ്വാസം മുട്ടി. കണ്ണു തുറിച്ചു.

അപ്പോള്‍ മുത്തശ്ശി വന്നു പിടിച്ചു മാറ്റിയതുകൊണ്ടു മാത്രം രവിയുടെ ജീവന്‍ ശേഷിച്ചു.

അച്ഛന്‍ അടിക്കുമ്പോള്‍ പിടിച്ചു മാറ്റുവാന്‍ അമ്മയ്ക്കധികാരമുണ്ടായിരുന്നില്ല. മുത്തശ്ശിക്കു മാത്രമായിരുന്നു മകന്റെ ചെയ്തികളിലെ നീതിയും നീതികേടും നിശ്ചയിക്കാനധികാരമുണ്ടായിരുന്നത്.

അങ്ങനെ എത്രയെത്രയോ മര്‍ദനരംഗങ്ങള്‍ വീണ്ടും അരങ്ങേറി.

കുഞ്ഞിരാമന്‍ നായര്‍ കൂടാളി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന കാലത്ത് രവി അച്ഛന്റെ പരികര്‍മിയായി കൂടെയുണ്ടായിരുന്നു. സ്‌കൂള്‍ പഠിപ്പിനു പുറമേ അച്ഛന്റെ കവിത പകര്‍ത്തലും വീട്ടുജോലിയും പാചകവുമെല്ലാം രവിയുടെ ജോലിയായിരുന്നു.

''സ്‌കൂളിലും വീട്ടിലും അച്ഛന്റെ ശാസനാപൂര്‍ണമായ സംരക്ഷണം. അച്ഛന്റെ മുഖത്ത് ഒരിക്കലും പുഞ്ചിരി കണികാണാന്‍പോലും കിട്ടുകയില്ല. പരുഷസ്വരത്തിലുള്ള ആ വിളി കേട്ടാലേ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങും. രണ്ടാമത്തെ വിളി വേണ്ടിവന്നാല്‍ ചെല്ലുമ്പോഴേയ്ക്കും അടി കാത്തിരിപ്പുണ്ടാവും. ഉറങ്ങിയെണീക്കാന്‍ വൈകിയാല്‍, ദിനചര്യ തെറ്റിയാല്‍, പാചകത്തില്‍ അല്പം പിഴവു വന്നാല്‍ പിന്നെ പ്രഹരം തന്നെ. പ്രഹരമെന്നു പറഞ്ഞാല്‍, കൊല്ലാനുള്ള പ്രഹരമാണ്.''

ശിക്ഷ കഠിനമായി എന്നു തോന്നിയാല്‍ പെട്ടെന്നുതന്നെ കവിക്ക് പശ്ചാത്താപമാവും. അപ്പോള്‍പ്പിന്നെ സഹിക്കാന്‍ കഴിയാത്ത സ്‌നേഹമാണ്. മധുരപലഹാരങ്ങളും മിഠായിയും സ്‌നേഹ വാക്കുകളുംകൊണ്ട് മകന് വിര്‍പ്പു മുട്ടും.

തീര്‍ത്തും അനിശ്ചിതമായിരുന്ന ആ ജീവിതാവസ്ഥ ഒരു ദിവസംപോലും സഹിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് രവി ഓര്‍ക്കുന്നു. കുറേ വര്‍ഷങ്ങള്‍ അങ്ങനെ അവഗണിതാത്മാവായി അച്ഛന്റെ കൂടെ കഴിഞ്ഞു.

''എന്തിനായിരുന്നു ഈ ക്രൂരമായ വിവേചനം എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. സര്‍വചരാചരങ്ങളേയും സ്‌നേഹിച്ചു നടന്ന, വിശ്വപ്രേമത്തിന്റെ സന്ദേശവാഹകനായിരുന്ന കവി സ്വന്തം മക്കളെ മാത്രം തന്റെ സ്‌നേഹവാത്സല്യങ്ങളുടെ പടിപ്പുറത്താണ് നിര്‍ത്തിയത്. ഒരുപക്ഷേ, അത് കവി ഞങ്ങളോടു കാണിച്ച ഏറ്റവും സവിശേഷമായ സ്‌നേഹവും പരിഗണനയുമാവാം. അച്ഛന്റെ ഉത്തമ മനുഷ്യസങ്കല്പം വളരെ ഉദാത്തമായിരുന്നു. തനിക്കു സാക്ഷാല്‍ക്കരിക്കാന്‍ കഴിയാതെ പോയ ആ സങ്കല്പപദം കൈവരിക്കാന്‍ അദ്ദേഹം ഞങ്ങളെ സ്വയം പര്യാപ്തരാക്കിയതാവാം. അതുമല്ലെങ്കില്‍, ഏറ്റവും അടുത്ത് ആളുകള്‍ വ്യവഹാര കര്‍മങ്ങളില്‍ നിന്നല്ലാതെ ആന്തരികസ്‌നേഹം തിരിച്ചറിഞ്ഞുകൊള്ളണം എന്നു വിചാരിച്ചതുമാവാം. മഹത്വമാര്‍ന്ന മനസ്സുകളുടെ വഴികള്‍ കേവലരായ നമുക്കു മനസ്സിലാക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണ് ഞാനിന്നും എന്റെ പിതാവായ മഹാകവിയെ എനിക്ക് ഒരിക്കലും പൂര്‍ണമായി അറിയാന്‍ കഴിയാത്ത ദൈവസങ്കല്പത്തോടൊപ്പം വെച്ചു പൂജിക്കുന്നത്.''

എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്ന വിജയം നേടിയിട്ടും അച്ഛന്‍ രവിയെ കോളജില്‍ ചേര്‍ത്തില്ല. തന്റെ കവിതകള്‍ തിരുത്താനും കത്തുകളെഴുതാനും മറ്റുമായി നിയോഗിച്ചു. വീട് ചൂണ്ടിപ്പണയത്തിലാക്കി കവി അക്കാലത്ത് അഞ്ചു പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു (ആ പണയത്തിലാണ് കവിക്ക് പിന്നീട് സ്വന്തം വീടും നഷ്ടമായത്). ആ പുസ്തകങ്ങള്‍ വില്‍ക്കാനും പണം പിരിക്കാനുമായി രവി വളരെക്കാലം പല നാട്ടിലുമലഞ്ഞു. കവി തന്റെ ഉത്തമസുഹൃത്തുക്കളും ബന്ധുക്കളുമാണെന്നു വിശ്വസിച്ചിരുന്ന പലരുടേയും യഥാര്‍ത്ഥ മുഖങ്ങള്‍ അക്കാലത്താണ് രവി നേരിട്ടു കണ്ടത്. കവിയുടെ മകനാണെന്നറിഞ്ഞിട്ടുപോലും പലരും നിന്ദയും അവഗണനയും പ്രകടിപ്പിക്കാന്‍ മടിച്ചില്ല. ഒടുവിലൊരു ദിവസം മനംമടുത്ത് രവി അച്ഛനോടു പറഞ്ഞു:

''എനിക്കെവിടെയെങ്കിലും ഒരു ജോലി കിട്ടുമോ എന്നു നോക്കണം.'' അന്നു കിട്ടിയ മര്‍ദനങ്ങള്‍ വളരെ ക്രൂരമായിരുന്നു.

''നീ കമ്യൂണിസ്റ്റായി അല്ലേ? മുഖത്തു നോക്കി കാര്യം പറയാനൊക്കെ ധൈര്യം വന്നു അല്ലേ?'' എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദനം. ദയയുടെ ഒരു കണികപോലുമില്ലാതെ അച്ഛന്‍ മകനെ അടിച്ചു ചതയ്ക്കുകയായിരുന്നു.

അമ്മ നിശ്ശബ്ദമായി കരഞ്ഞ് എല്ലാം നോക്കി നിന്നു.

അച്ഛനുറങ്ങിയപ്പോള്‍ രാത്രി അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു കരഞ്ഞു. അടികൊണ്ടു തിണിര്‍ത്തിടത്തൊക്കെ പച്ചവെളിച്ചെണ്ണ പുരട്ടി അമ്മ തടവിക്കൊണ്ടിരുന്നു.

പൊടുന്നനെ ഞാനമ്മയോടു ചോദിച്ചു:

''ഞാനെങ്ങോട്ടെങ്കിലും പോട്ടെ അമ്മേ?''

അമ്മ കുറച്ചു നേരത്തേയ്‌ക്കൊന്നും പറഞ്ഞില്ല. പിന്നെ മന്ത്രിക്കുന്നതുപോലെ അമ്മയുടെ വാക്കുകള്‍ കേട്ടു:

''പൊയ്‌ക്കോളൂ.''

രണ്ടു തുള്ളി കണ്ണുനീര്‍ അപ്പോള്‍ എന്റെ മുഖത്തു വീണു.

ആ രാത്രി ഞാന്‍ നാടും വീടും വിട്ടു.

''പക്ഷേ, എന്റെ അമ്മ...''

വാക്കുകള്‍ പൂര്‍ത്തിയാവാതെ രവീന്ദ്രന്‍ നായര്‍ വിമ്മിട്ടപ്പെട്ടു. സങ്കടം നിയന്ത്രിക്കാനാവാതെ അദ്ദേഹം എന്റെ മുന്നിലിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു.

''അമ്മ ഒരുപാടു സഹിച്ചു. നിശ്ശബ്ദമായി. ആരോടും ഒരു പരിഭവവും പരാതിയുമില്ലാതെ. ഒരിക്കല്‍പ്പോലും അമ്മ അച്ഛനെ കുറ്റപ്പെടുത്തുന്നത് ഞാന്‍ കേട്ടിട്ടില്ല. അങ്ങേയറ്റം വേദനിച്ച സന്ദര്‍ഭങ്ങളില്‍പോലും ''എല്ലാം ഗുരുനാഥന്റെ ശാപം'' എന്നേ പറഞ്ഞു കേട്ടിട്ടുള്ളൂ. ഒടുവിലൊടുവില്‍ ലൗകികമായ ഒന്നിനോടും അമ്മയ്ക്ക് മമതയില്ലാതായി. അപ്പോഴും അച്ഛന്റെ ജീവിതത്തെക്കുറിച്ച് ഉല്‍ക്കണ്ഠയായിരുന്നു. അച്ഛന്റെ പ്രയാസങ്ങളെക്കുറിച്ച് വേവലാതിയായിരുന്നു.''

പി കുഞ്ഞിരാമന്‍ നായര്‍ നമ്പൂതിരിയുടെ വര

കൃഷ്ണപക്ഷത്തിലെ ചന്ദ്രക്കലപോലെ വിളര്‍ത്തു വിളര്‍ത്തൊടുങ്ങിയ ഈ അമ്മ ആരായിരുന്നു?

പി. കുഞ്ഞിരാമന്‍നായര്‍ എന്ന ആജന്മകവിയുടെ 'സൗന്ദര്യ ദേവത.'

കവിയുടെ തന്നെ വാക്കുകളില്‍:

''കുട്ടി കണ്ടാലെങ്ങനെ?''

''കുന്നത്തു പൂങ്കൊന്ന പൂത്തപോലെ.''

''സ്വഭാവത്തില്‍?''

''പുള്ളിമാന്‍ കിടാവ്.''

ആതിരമണവും ഊഞ്ഞാലാട്ടവുമുള്ള, മാമ്പൂ മണം പരന്ന ധനുമാസപ്പുലരി.

അമ്പലക്കുളത്തില്‍ കുളി കഴിഞ്ഞ് ദേവീക്ഷേത്രത്തില്‍ തൊഴുത് ഈറനുടുത്ത്, അഗ്രം കെട്ടിയ ചുരുണ്ട പുരിവാര്‍കുഴലുമായി അവള്‍ വന്നു. നീലക്കണ്ണുകള്‍ വാലിട്ടെഴുതി, നെറ്റിയില്‍ ചന്ദനവരക്കുറിയുമായി അവള്‍ കോലായില്‍നിന്നു. മുകളിലേക്ക് ഒരു നീലത്താമരപ്പൂ എറിഞ്ഞുതന്നു. കുമാരസംഭവം വായിക്കുന്ന സമയം, കാവ്യതപസ്സിലിരിക്കുന്ന ശിവന്‍ മുന്‍പില്‍ ഗിരിരാജകുമാരിയെ കണ്ടു. കയ്യില്‍ കളിത്താമരപ്പൂവുള്ള ഗിരിരാജകുമാരിയെ.

പുതിയ പരിമളക്കാറ്റ്.

പുതിയ മധുമാസ ലക്ഷ്മി.

അവളായിരുന്നു വട്ടോളി കുഞ്ഞിലക്ഷ്മി.

(തുടരും)

From Malayalam weekly archives- Alankode Leelakrishnan writes about P Kunjiraman Nair`s life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

ദക്ഷിണാഫ്രിക്കയിലെ മദ്യശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് കുട്ടികളും

ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 17 കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

പ്രവാസി കമ്മീഷൻ അദാലത്ത് തിരുവനന്തപുരത്ത്

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

SCROLL FOR NEXT