പി കുഞ്ഞിരാമന്‍ നായരുടെ ജീവിത വഴികളിലൂടെ P Kunjiraman Nair Samakalika Malayalam
Archives

പ്രണയത്തിന്റെ നീളുന്ന പാത

1997 ആഗസ്റ്റ് 22 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ആലങ്കോട് ലീലാകൃഷ്ണന്‍

കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത വഴികളിലൂടെ ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തിയ യാത്ര- ഭാഗം മൂന്ന്. 1997 ആഗസ്റ്റ് 22 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്.

നിളാതീര ഗ്രാമങ്ങളില്‍ കടംകഥകളും പഴഞ്ചൊല്ലുകളും നാടന്‍ പാട്ടുകളും ശേഖരിക്കാന്‍ നടന്ന കാലത്തുതന്നെയാണ് കണിയാര്‍കോട്ടു തങ്കണി കവിയുടെ പ്രണയനായികയാകുന്നത്. ആ ഏകാങ്കപ്രണയം കല്ല്യാണമില്ലാത്ത കല്ല്യാണത്തിലെത്തിയില്ല. എങ്കിലും പെണ്ണിന്റെ പേരിലൊരു തെരുവുപോരു നടന്നു. കവിക്ക് പൊലീസ് സ്റ്റേഷനില്‍ കയറേണ്ടിവരികയും ചെയ്തു.

അഴിച്ചിട്ട ഈറന്‍ തലമുടി. തൈപ്പൂനെറ്റിയില്‍ കുങ്കുമപ്പൊട്ട്. അഴകിന്റെ മഷിയോടി കരിമീന്‍കണ്ണ്. ഒന്നരമുണ്ട്. റോസ് നിറം ബ്ലൗസ്.

അതായിരുന്നു തങ്കമണി.

പുഴവക്കില്‍ കന്നിനിലാവുപോലെ പൂത്തുനിന്ന തങ്കമണി പാട്ടു പകര്‍ത്താന്‍ സ്വന്തം കിടപ്പറ തന്നെ കവിക്ക് ഒഴിഞ്ഞുകൊടുത്തു.

നക്ഷത്രപ്പാല പൂത്ത മകരരാത്രി. കിടപ്പറയിലിരുന്ന് മലവേലപ്പാട്ട് പകര്‍ത്തി. വിളക്കൂതിക്കിടന്നു. കൊണ്ടുപോയ കല്‍ക്കണ്ടത്തുണ്ട് പാതി കടിച്ചു വായില്‍ തന്ന് രാക്കിളിപോലെ അവള്‍ പറഞ്ഞു.

''കഴുത്തില്‍ വീണ ഈ മാല ഇനി വലിച്ചെറിയാന്‍ പറ്റില്ല. ഇത് ഈ മാറില്‍ തലചായ്ച്ചു കിടക്കും. മയങ്ങും. എന്നേയ്ക്കുമായി വാടിക്കരിയും.''

കെട്ടിപ്പുണര്‍ന്ന് മുകര്‍ന്ന് അവള്‍ കണ്ണുനിറഞ്ഞ് ചോദിച്ചു:

'' പറയൂ, ഇല്ലേ എന്നെ ഇഷ്ടമില്ലേ?''

'ഇഷ്ടമുണ്ട്. ഉത്തരമില്ലാത്ത കടംകഥയാണ് നീ.''

-(തുഴയറ്റ തോണിയാത്ര)

നാടോടിപ്പാട്ടുകളും കടങ്കഥകളും നാട്ടുചൊല്ലുകളും തിരഞ്ഞ് കവി നിളാതീര മുദ്രാവാക്യങ്ങളിലെല്ലാം വളരെക്കാലം അലഞ്ഞിട്ടുണ്ട്. പല വീടുകളിലും അക്കാലത്ത് അന്തിയുറങ്ങി. അചുംബിതങ്ങളായ പാട്ടിന്റേയും ചൊല്ലിന്റേയും നാട്ടുചിന്തകളോടൊപ്പം കുറേയേറെ നാടന്‍പെണ്ണുങ്ങളുടെ പ്രണയവും പൊരുളും കവി കവര്‍ന്നെടുത്തു.

''എന്റെ കയ്യിലുണ്ട് കുറേ കടംകഥ. പോകും മുന്‍പ് അതിന്റെ അര്‍ത്ഥം പറഞ്ഞുതരാം'' എന്ന് അര്‍ത്ഥംവെച്ച് പറഞ്ഞു ചിരിച്ച ചിന്നമ്മാളു. കൈതപ്പൂപോലെ പുഴക്കരെ വിടര്‍ന്നുനിന്ന കൊച്ചു കോത എന്ന എണ്ണമൈലി നാടോടിപ്പെണ്ണ്. മൂന്നാഴി മുല്ലപ്പൂവും ചെന്തെങ്ങിളനീരും സമ്മാനിച്ച പതിനേഴ് തികയാത്ത വേശു-അങ്ങനെയങ്ങനെ എത്രയോ പെണ്ണുങ്ങള്‍.

പട്ടാമ്പിയിലെ ഒരു മാധവി അമ്മയേയും മകള്‍ തങ്കത്തേയും കുറിച്ച് കവി തന്നെ പറയുന്നുണ്ട്.

''അന്ന് ഉണ്ടു പാര്‍ത്തുവന്ന മാന്തോപ്പില്‍ ഭവനം. എന്തിനും മുന്നിട്ടിറങ്ങി കാര്യം കാണുന്ന മാധവി അമ്മ. അഴകുള്ള ആണുങ്ങളെ കണ്ടാല്‍ വീട്ടിലേയ്ക്ക് വിരുന്നിനു വിളിക്കുന്ന മാധവി അമ്മ. മകള്‍ തങ്കം. തങ്കത്തിന്റെ കരള്‍ സ്‌നേഹത്തിന്റെ പൂക്കള്‍ കൈമാറി. അന്ന് പവിഴമല്ലിച്ചോട്ടില്‍നിന്ന് പരന്ന പാടം കടക്കുംവരെ യാത്രയാക്കി കണ്ണീരോടെ നോക്കിനിന്നു, തങ്കം.

മാധവി അമ്മ ധാരാളം സമ്പാദിച്ചു. നെല്ലും പണവും കൂമ്പാരം കൂടി. വലിയ നിലയിലായി. ഒരു ദിവസം, ഇന്നും അതോര്‍ക്കുമ്പോള്‍ നടുങ്ങുന്നു. തെങ്ങിന്‍പൂക്കുലപോലുള്ള ആ ദേഹം പുലര്‍ച്ചയ്ക്ക് റെയില്‍പ്പാളത്തില്‍ രണ്ട് തുണ്ടായി കിടക്കുന്നു. നാട്ടുകാര്‍ എന്തൊക്കെയോ പറയുന്നു. വിധവയായ ആയമ്മയ്ക്ക് എട്ടു മാസം തികഞ്ഞുവെന്ന്. പലരുടേയും പേര് പറഞ്ഞുകേള്‍ക്കുന്നു.''

-(കവിയുടെ കാല്പാടുകള്‍)

പ്രണയത്തിന്റേയും പാപത്തിന്റേയും വഴികളില്‍ ഇങ്ങനെ കവി ഒരുപാട് നടന്നു. പ്രണയം തന്നെ ഒടുങ്ങാത്ത പാപമായിത്തീര്‍ന്നു.

''സ്ത്രീയില്‍ കുഞ്ഞിരാമന്‍ നായര്‍ കണ്ടത് പ്രകൃതി സൗന്ദര്യമാണ്. പ്രകൃതിയിലെ കവിതയെ.

യോഗമുറയിലുപാസിച്ച കവി സ്ത്രീയിലെ കവിതയെ ഭോഗമുറയിലുപാസിച്ച മനുഷ്യനായി. ഈ ഭോഗകഥകള്‍ മിക്കവാറും ദുരന്തപര്യവസായിയുമായി' എന്ന് കുഞ്ഞിരാമന്‍ നായര്‍ കവിതയെ ആഴത്തില്‍ പഠിച്ചറിഞ്ഞ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ വിലയിരുത്തുന്നു.

ഗുരുവായൂരിലെ കവിയുടെ ചില അടുത്ത സുഹൃത്തുക്കള്‍ പഴയൊരു സംഭവം ഓര്‍മിക്കുന്നു.

ഒരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ തൊഴുത് പ്രദക്ഷിണം വയ്ക്കുകയായിരുന്ന കുഞ്ഞിരാമന്‍ നായരെ ഒരമ്മയും മകളും പിന്തുടര്‍ന്നു. കവിയുടെ അടുത്തെത്തിയപ്പോള്‍ അമ്മ മകളോട് പറഞ്ഞു:

''അച്ഛനാണ്. കാലുതൊട്ടു വണങ്ങൂ.''

കാല്‍തൊട്ടു വന്ദിക്കാന്‍ കുനിഞ്ഞ മകളെ കുഞ്ഞിരാമന്‍ നായര്‍ തടഞ്ഞ് ചീത്ത പറഞ്ഞു. അമ്മയെ ആക്ഷേപിച്ചു.

ബഹളം കേട്ട് ആളു കൂടിയപ്പോള്‍ അജ്ഞാതരായ ആ അമ്മയും മകളും കണ്ണീരോടെ ആള്‍ത്തിരക്കില്‍ മറഞ്ഞു.

പി കുഞ്ഞിരാമന്‍ നായര്‍

ഇങ്ങനെ കവി പറയാത്തതും പുറത്തറിയാത്തതുമായ ഒട്ടുവളരെ ബന്ധങ്ങള്‍ വേറെയുമുണ്ടായിരുന്നു. ശരീരവും ഹൃദയവും പങ്കിട്ട ഒരുപാടു സ്ത്രീകള്‍ കവിയുടെ ഉദാത്തമായ സ്ത്രീസങ്കല്പത്തിന്റെ ആയിരത്തിലൊരംശം പോലുമാവാതെ പരാജിതരായി. അതുകൊണ്ടാണ് കവി എന്നും നിത്യകന്യകയെ തേടി നടന്നത്. കവിയുടെ മനസ്സിലെ സ്ത്രീ നിത്യമായി ജ്വലിക്കുന്ന ഒരു കന്യകാസ്വരൂപമായിരുന്നു. നിത്യവിരഹിണിയായ, നിത്യസ്വപ്നസ്വരൂപിണിയായ മിസ്റ്റിക് സൗന്ദര്യദേവത.

ഭൗതികതലത്തില്‍ അനേകം സ്ത്രീകളെ ഉപയോഗിച്ച് തള്ളുകയും ആത്മീയതലത്തില്‍ നിത്യകന്യകയായ കവിതയെ മാത്രം ഉപാസിക്കുകയുമാണ് പി. കുഞ്ഞിരാമന്‍ നായര്‍ ചെയ്തത്. തന്റെ കല്ല്യാണങ്ങള്‍ മനുഷ്യന്റേതല്ലായിരുന്നുവെന്നും സത്യം, ധര്‍മം, നീതി, ന്യായം, സമുദായമര്യാദ എന്നിവ കൈവിട്ട കണ്ണില്‍ച്ചോരയില്ലാത്ത രാക്ഷസന്റേതായിരുന്നുവെന്നും കവി തന്നെ പിന്നീട് വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശ്വപ്രസിദ്ധനായ ഇംഗ്ലീഷ് റൊമാന്റിക് കവി ഷെല്ലിയുടെ ജീവിതം ഓര്‍മപ്പെടുത്തുന്നു പി.യുടെ ജീവിതം. ഹാരിയറ്റ് ഗ്രോവ്, ഹാരിയറ്റ് വെസ്റ്റ്ബൂക്ക്, എലിസബത്ത് ഹിച്ച്നര്‍, കോര്‍ണീല്യ ടര്‍ണര്‍, മേരിഗോഡ്വിന്‍, ക്ലെയരി ക്ലയര്‍മൗണ്ട്, സോഫിസ്റ്റേഡി, എമിലിയാ വിവിയാനി തുടങ്ങി ഒട്ടുവളരെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ഷെല്ലിയും പക്ഷേ, ആത്മാവ് കൊണ്ട് സ്വീകരിച്ചത് കവിതയെ മാത്രമായിരുന്നുവല്ലോ. ഷെല്ലിയുടെ ജീവിതം അനുകരിക്കുകയായിരുന്നില്ല കുഞ്ഞിരാമന്‍ നായര്‍. ഒരേ മനോഘടനയുള്ള രണ്ട് കാല്പനിക കവികളുടെ ജീവിതത്തിലെ ആശ്ചര്യമായ സാദൃശ്യമായേ ഇക്കാര്യം വിലയിരുത്താനാവൂ.

ഒരുത്തിയെ വിവാഹമോചനം ചൊല്ലി തള്ളാതെ മറ്റൊരുത്തിയെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചത് പി.യുടെ ധര്‍മബോധമാണെന്ന് സി.പി. ശ്രീധരന്‍ ഒരിക്കല്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍, കവിയുടെ ഈ വിചിത്രധര്‍മബോധത്തെ ചോദ്യം ചെയ്യാനും പി.യുടെ ജീവിതത്തില്‍ത്തന്നെ ഒരു സ്ത്രീയെങ്കിലുമുണ്ടായി.

ലക്കിടി മംഗലത്ത് ഇന്നും ജീവിച്ചിരിക്കുന്ന പാറുക്കുട്ടി ടീച്ചര്‍.

***

ഒരിക്കല്‍ തിരുവില്വാമല തൊഴുതുമടങ്ങുമ്പോള്‍ പരിചയക്കാരായ കഥകളിപ്പാട്ടുകാരന്‍ ലക്കിടി ഭാഗവത(കൃഷ്ണന്‍ നായര്‍)രുടെ വീട്ടില്‍ കവി രാത്രി താമസിച്ചു. കവിയെ രസിപ്പിക്കാന്‍ ഭാഗവതരുടെ മകള്‍ പാറുക്കുട്ടി കഥകളിപ്പദം പാടി. രാമായണം വായിച്ചു. അതെല്ലാം കേട്ട് കവി രസിക്കുകയും ചെയ്തു.

പിന്നീടൊരിക്കല്‍ വഴിയില്‍ കണ്ടപ്പോള്‍ ഭാഗവതര്‍ ചോദിച്ചു.

''ഈ നാട് ഏറ്റവും പിടിച്ച നാടാണെന്നെനിക്കറിയാം. തിരുവില്വാമലയിലും കിള്ളിക്കുറുശ്ശി മംഗലത്തും സ്ഥിരമായി തൊഴലുണ്ടല്ലോ. എമ്പ്രാന്തിരിയുടെ മൂട്ട ബെഞ്ചില്‍ കിടന്ന് നരകിക്കാതെ ഈ നാട്ടില്‍ സ്ഥിരമായി ഒരു താവളമുണ്ടാക്കാന്‍ ആലോചിച്ചുകൂടെ?''

ഭാഗവതരോടൊപ്പം വീണ്ടും വീട്ടില്‍ച്ചെന്നു. ഭാരതപ്പുഴയുടെ കാറ്റോട്ടമുള്ള വീട്. വള്ളുവനാടന്‍ മനസ്സും ഭാഷയും.

നിളയുടെ മകളായ, കവിതയുടെ കളിത്തോഴിയായ പാറുക്കുട്ടി.

കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.

ലക്കിടി മംഗലത്തെ താവളം ഇതുതന്നെ. എല്ലാം തീരുമാനിച്ചു. കല്ല്യാണ തീയതിയും കുറിച്ചു.

ഭാഗവതര്‍ കടംകൊണ്ട് കല്ല്യാണമൊരുക്കി മംഗലത്ത് നാടടക്കി ക്ഷണിച്ചു.

പക്ഷേ, പാതിരയായിട്ടും കല്ല്യാണക്കാരന്‍ വന്നില്ല. കവിതയില്‍ കുടുങ്ങി പല നാടലഞ്ഞു നടന്ന കവി കല്ല്യാണം മറന്നുപോയി.

കല്ല്യാണച്ചെക്കനില്ലാതെ പെണ്ണ് ബോധംകെട്ടു വീണു. ഉണര്‍ന്ന് കിണറ്റില്‍ ചാടാനോടി. തല നിലത്തിട്ടടിച്ച് ഉരുണ്ടുവീണു.

എല്ലാം അറിഞ്ഞപ്പോള്‍ കവി സ്വയം ചോദിച്ചു: ''നിങ്ങള്‍ ചെകുത്താനോ ഭ്രാന്തനോ കവിയോ കളിക്കുട്ടിയോ?''

പിന്നീടൊരുനാള്‍ ഭാഗവതരുടെ വീട്ടില്‍ കയറിച്ചെന്നു.

''ക്ഷമിക്കണം. അന്നു വരാന്‍ പറ്റിയില്ല. പറ്റിയ തെറ്റ് തിരുത്താനൊരുങ്ങിവന്നതാണിന്ന്.'' ഭാഗവതര്‍ കണക്കറ്റ് ക്ഷോഭിച്ചു. പുലഭ്യം പറഞ്ഞ് ആട്ടിയിറക്കാനൊരുങ്ങി. ഒടുവില്‍ മദ്ധ്യസ്ഥനായ താച്ചു എഴുത്തച്ഛന്റെ നയതന്ത്ര സംഭാഷണങ്ങളില്‍ കാര്യം ഒത്തുതീര്‍പ്പായി. നടക്കാതെ പോയ കല്ല്യാണം കല്ല്യാണച്ചടങ്ങില്ലാതെ നടന്നു.

''മൂന്നാമത്തെ കല്ല്യാണമില്ലാത്ത കല്ല്യാണം.''

പി കുഞ്ഞിരാമന്‍ നായര്‍

പക്ഷേ, പാറുക്കുട്ടി ടീച്ചര്‍ കവിയെ വ്യവഹാര ജീവിതത്തിലെ തന്റേടിയായ സ്ത്രീ, ആരെന്ന് പഠിപ്പിച്ചു. ഇടപഴകിയവരെയെല്ലാം വിഡ്ഢികളാക്കി, ജീവിതം കുട്ടിക്കളിയാക്കി നടന്ന കപടനാട്യക്കാരനെ പലപ്പോഴും വരച്ചവരയില്‍ നിര്‍ത്തി. പെണ്ണ് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കവിക്കുപോലും പേടിയും അനുസരണശീലവും സ്വന്തം അനുഭവമായി.

ഒടുവില്‍ ആ ദാമ്പത്യബന്ധമെത്തിച്ചേര്‍ന്ന ദയനീയ സന്ദര്‍ഭങ്ങളിലൊന്ന് കവി തന്നെ വരച്ചുവെച്ചിട്ടുണ്ട്.

''അമ്മൂ. രണ്ട് കപ്പ് ചായ വേണം. കൂടെ ഒരാളുണ്ട്.''

''പാലില്ല.''

''കടുംകാപ്പി മതി.''

''അടുപ്പില്‍ തീ കെട്ടു.''

''ഒരു പാത്രം വെള്ളം.''

''നല്ല വെള്ളമില്ല.''

ഒരിക്കല്‍ അവള്‍ ഈറ്റപ്പുലിയായി ചീറി.

''പണ്ടത്തെപ്പോലെ മേലില്‍ തോന്നുമ്പോള്‍ ഈ വീട്ടില്‍ കയറിവരാന്‍ പറ്റില്ല.''

അവസാന കാലത്ത് കോടതി വ്യവഹാരങ്ങളില്‍ വരെ എത്തിച്ചേര്‍ന്നു ആ ബന്ധം.

'കവിയുടെ കാല്പാടുകള്‍' തിരഞ്ഞുനടക്കുന്നതിനിടയില്‍ രണ്ടുതവണ ഞാന്‍ ലക്കിടി മംഗലത്ത്, ഐവര്‍മഠത്തിനങ്ങേക്കരയിലുള്ള പാറുക്കുട്ടി ടീച്ചറുടെ വീട്ടില്‍ പോയിട്ടുണ്ട്.

കവിയുടെ മകള്‍ ബാലാമണിയും മക്കളുമൊന്നിച്ച് പാറുക്കുട്ടി ടീച്ചര്‍ ഇപ്പോള്‍ നല്ല ജീവിതത്തിന്റെ ശാന്തമായ സായാഹ്നത്തിലാണ്.

''ടീച്ചര്‍ക്കിപ്പോള്‍ കവിയോട് പഴയ പരിഭവമോ ദേഷ്യമോ ഒന്നുമില്ല. ശാന്തമായ ഓര്‍മകളില്‍ സ്‌നേഹവും ആദരവും മാത്രം.

മഹാന്മാരുടെ ജീവിതം മനസ്സിലാക്കാന്‍ സാധാരണക്കാരായ നമ്മള്‍ക്ക് കഴിയില്ലല്ലോ. അദ്ദേഹത്തെപ്പോലെ ഒരു വലിയ മനുഷ്യന്റെ കൂടെ ജീവിക്കാന്‍ എനിക്ക് യോഗ്യതയുണ്ടായിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു. എന്നോട് വല്ലാത്ത സ്‌നേഹമായിരുന്നു. കവിതയില്‍, ഗന്ധര്‍വന്റെ സ്‌നേഹം എന്നൊക്കെ പറയാമെന്ന് തോന്നുന്നു.''

ടീച്ചര്‍ വിഷാദത്തോടെ ചിരിച്ചു.

''എനിക്ക് കവിതയൊന്നുമറിയില്ലെങ്കിലും തട്ടിന്‍പുറത്തിരുന്ന് കുറിച്ച് കൂട്ടിയിരുന്ന ഒരുപാട് കവിതകള്‍ എന്നെ ചൊല്ലിക്കേള്‍പ്പിച്ചിട്ടുണ്ട് .''

അത് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് വാക്കുകള്‍ എവിടെയോ തടഞ്ഞു. പിന്നെ ഓര്‍മകള്‍ക്ക് കാലം തെറ്റി. കവി ഇന്നലെയാണ് ഇവിടെ നിന്നിറങ്ങിപ്പോയത് എന്ന മട്ടില്‍ ടീച്ചര്‍ പലതും പറഞ്ഞു. 'കളിയില്‍ തോറ്റുപോയ മനുഷ്യനാണ്' എന്നു പറഞ്ഞ് വെറുതെ ചിരിച്ചു.

ആ ചിരിയുടെ അടിയൊഴുക്കുകളില്‍ കരച്ചിലായിരുന്നു.

അമ്മയിപ്പോള്‍ ഇങ്ങനെയൊക്കെയാണ്. വല്ലാത്ത ഓര്‍മത്തെറ്റുണ്ട്. മനസ്സിന് ചിലപ്പോള്‍...''

മകള്‍ ബാലാമണി പൂര്‍ത്തിയാക്കിയില്ല.

കല്പടവുകളിടിഞ്ഞ പടിവടത്തേയ്ക്ക് ദൃഷ്ടികള്‍ പായിച്ച് പഴയ കാലത്തില്‍ നിന്നെപോലെ ടീച്ചര്‍ പിന്നെയും പറഞ്ഞു.

''പുഴ നിറഞ്ഞാല്‍ തോണിയില്‍ അക്കരെക്കടവില്‍ പോണം എന്നു പറഞ്ഞാണ് പോയത്. പിന്നെ, പണ്ടത്തെപ്പോലെ പാമ്പിന്‍തുള്ളലിന് മംഗലത്ത് പോണമെന്ന്.''

ഇല്ലിക്കാട് പൂത്ത നാട്ടുവഴിക്കും പരന്ന പാടത്തിനും അക്കരെ പിന്നെയും ഓര്‍മകളുടെ പുഴ നിറഞ്ഞു.

''ലക്കിടി - കിള്ളിക്കുറിശ്ശിംഗലത്തെ വീട്ടില്‍ പോക്കുവരവ് കിനാവിലെ കവിത ഭാരതപ്പുഴ, വില്വാദ്രിദീപം. കറവ കഴിഞ്ഞ പാടം. മങ്ങിയ നിലാവ്, ഇളനീര്‍ത്തെളിവെള്ളമുള്ള പുഴ, മണല്‍ത്തട്ട്, പാമ്പിന്‍തുള്ളല്‍, കവിത പൂത്തുലയുന്ന മീനമാസരാത്രി. കൂടെ നീലസാരിയുടുത്ത ടീച്ചര്‍. മീനരാത്രിയൊത്ത കൂട്ടുകാരി.

''സ്വര്‍ണനിറപ്പുള്ളിമിന്നു മിളംനീലം

വര്‍ണം വിതറുന്ന സാരിയുടുത്തവള്‍

നാണം കുണുങ്ങുന്നൊരമ്പലപ്പൂവിനാല്‍

കാറ്റിന്‍ കവിളത്ത് കിക്കിളിയാക്കിയോള്‍

ആരുമറിയാതെ പൂവിരിമെത്തയില്‍

നീരവം കണ്ണുനീര്‍ത്തുള്ളിയുതിര്‍ക്കുമ്പോള്‍

---

ചന്ദനരേഖ തെളിഞ്ഞൊരു കേതക-

സിന്ദൂരരാഗം പകരുമധരവും

അഞ്ജനനീല മിഴിയും വിലാസവും

സുന്ദരവാസന്ത ശോഭവിതറവേ

വാര്‍ക്കുഴല്‍ക്കൊണ്ടലഴിഞ്ഞാടി, വാര്‍മണി-

പ്പൂക്കുല കയ്യില്‍പ്പിടിച്ചിരുന്നോരു നീ

ചിന്നും പുരിവാര്‍ കുഴലിനാല്‍ മാച്ചുവോ

വര്‍ണപ്പൊലിമ കുറിച്ചതാമിക്കുളം?''

-(നിളാതടത്തിലെ രാത്രി)

ഓര്‍മയുടെ നദീതീരത്ത് കവികല്പന വരച്ചിട്ട ആ ഹൃദയവര്‍ണക്കുളം മാഞ്ഞുപോയി. ജീവന്റെ കാവില്‍വേല മുടിച്ച് കവി യാത്ര പറയാതെ പോവുകയും ചെയ്തു.

കവി വരുന്നതും കാത്ത് പണ്ട് പ്രണയം കൊരുത്ത് നിന്ന നാട്ടുവഴിയുടെ വിജനതയില്‍ പാറുക്കുട്ടി ടീച്ചര്‍ ഇന്ന് ഒറ്റയ്ക്കായിരിക്കുന്നു.

ടീച്ചറോട് യാത്ര പറഞ്ഞ് പോരുമ്പോള്‍ ഭാരതഖണ്ഡത്തിലൊഴുകുന്ന നദി കണ്ണീര്‍ പൊഴിച്ചു.

''ഈ വഴി എന്റെ പ്രിയപ്പെട്ട കവിയുടെ നിത്യപ്രണയവീഥിയായിരുന്നു.''

വില്വാദ്രിക്കും ലക്കിടിക്കുമിടയ്ക്ക് താരുണ്യം വിടാത്ത പുഴയുടെ പ്രണയകേളീവിലാസം.

സോമശേഖര ക്ഷേത്രവും ഐവര്‍മഠവും അതിരുന്ന 'ഭാരതഖണ്ഡ'മെന്ന ഇത്തിരിവെട്ടം.

കാലത്തില്‍നിന്ന് പിടഞ്ഞ് പിടഞ്ഞ് മുന്നോട്ട് നീളുന്ന പ്രണയത്തിന്റെ പെരുമ്പാതകള്‍ പുള്ളോര്‍ക്കുടം മുറുകി മൂളുന്ന വള്ളുവനാടന്‍ കുന്നിന്‍ ചെരുവുകള്‍. ഉത്സവം തിമിര്‍ക്കുന്ന താലപ്പൊലികള്‍.

കിഴക്ക് തുറന്നിട്ട വിദൂരനീലിമയോളം കവിയുടെ പ്രണയത്തിന്റേയും പാപത്തിന്റേയും കയ്യൊപ്പ് പതിഞ്ഞുകിടക്കുന്നു.

കാല്‍പ്പാടുകളും വഴിത്താരകളും പരസ്പരം പിണയുന്ന ആ പ്രണയപാപവീഥികളില്‍ നദിയുടെ ഓര്‍മകള്‍ പങ്കിട്ട് ഞാനൊറ്റയ്ക്ക് നടന്നു.

(തുടരും)

Archive: Alankode Leelakrishnan writes about P Kunjiraman Nair`s life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോ മണി ആറ് വര്‍ഷം കൊണ്ട് ഡി മണിയായി; കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വളര്‍ച്ച, അന്വേഷണം വ്യാപിപ്പിച്ച് എസ്എടി

വീട് വളഞ്ഞിട്ട് പിടികൂടാന്‍ സുബ്രഹ്മണ്യന്‍ കൊലക്കേസ് പ്രതിയാണോ?, ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്?: വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

'താര രാജാവിന് വട്ടം വച്ച ജനപ്രിയന്‍'; നാലാമതും മോഹന്‍ലാലിനെ ക്ലാഷില്‍ തോല്‍പ്പിച്ച് നിവിന്‍ പോളി

‘കടലമാവ്’ മാജിക്കിലൂടെ ആഘോഷങ്ങളിൽ തിളങ്ങാം

ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും

SCROLL FOR NEXT