മമ്മൂട്ടിയുടെ വിശ്രമകാല സങ്കേതങ്ങളെന്നത് ആര്‍ട്ട് സിനിമ എന്ന മുദ്രവീണ കലാമൂല്യമുള്ള ചിത്രങ്ങളാണ് 
Archives

സത്യന്‍ അന്തിക്കാടു പോലും തോറ്റുപോയി, ഒരു ചെറുചിരി പോലും പുറത്തെടുക്കാന്‍ മമ്മൂട്ടിയെ അനുവദിക്കരുത്!

ഗൃഹപാഠങ്ങളുടെ വിജയകഥ എന്ന തലക്കെട്ടില്‍ 1999 ജനുവരി 1 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ജിഎസ് ജയപ്രകാശ്

ഗൃഹപാഠങ്ങളുടെ വിജയകഥ

മ്മൂട്ടി എന്ന ചലച്ചിത്ര നടന്റെ അവതാരകന്‍ എംടി വാസുദേവന്‍ നായരാണ്. മുഹമ്മദ്കുട്ടിയെ മമ്മൂട്ടിയിലേക്ക് നാമപരിവര്‍ത്തനം ചെയ്യിച്ച എംടി വാസുദേവന്‍ നായര്‍ നാമലളിതവല്‍ക്കരണത്തോടൊപ്പം തന്നെ പുതിയ വിശ്വാസങ്ങളിലേയ്ക്കുള്ള ജ്ഞാനസ്‌നാനവും ചെയ്തുകൊടുക്കുകയായിരുന്നു. മമ്മൂട്ടി എന്ന പേരിന്റെ മലയാളപ്പഴക്കം മലയാളികളുടെ മനസ്സിലെ നിലനില്പിന് ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നടന്റെ പേരിനെ പൈങ്കിളീകരിക്കുന്ന പതിവിന് മുമ്പില്‍ വിരാമചിഹ്നം വീഴുകയും ചെയ്തു. പിജി വിശ്വംഭരന്‍ എന്ന സംവിധായകന്‍ 'സ്ഫോടനം' എന്ന സിനിമയില്‍ അഭിനയിക്കവെ മമ്മൂട്ടിയുടെ പേരിലൊരു പൈങ്കിളി പ്രയോഗം നടത്തിനോക്കിയെങ്കിലും അതൊരിടത്തും കൊള്ളാതെപോയി. ആയതുകൊണ്ട് മുഹമ്മദ്കുട്ടിക്ക് മമ്മൂട്ടിയായി ഇന്നും വിലസാന്‍ കഴിയുന്നു.

അറുപതുകളില്‍ സ്‌കൂള്‍ പഠനകാലത്തുതന്നെ എംടി സാഹിത്യം മമ്മൂട്ടിയുടെ മനസ്സില്‍ ഒരു വലിയ സ്വാധീനമായി നിലയുറപ്പിച്ചിട്ടുണ്ടാവണം. ഉറക്കവും സ്വപ്നങ്ങളും മാറിപ്പോയ രാത്രികളില്‍ എംടിയുടെ കഥാപാത്രങ്ങളുമായി ഐഡന്റിഫൈ ചെയ്തു കരയുകയും വിദ്വേഷിക്കുകയും ചെയ്ത തലമുറയിലെ ഇങ്ങേയറ്റത്തുകാരനാണ് മമ്മൂട്ടി. മമ്മൂട്ടി തന്റെ ഹൃദയത്തിന്റെ ആഴംകൊണ്ട് സ്പര്‍ശിച്ച കഥാപാത്രങ്ങളില്‍ 'അസുരവിത്തി'ലെ ഗോവിന്ദന്‍ കുട്ടിയുടേയും 'കാല'ത്തിലെ സേതുവിന്റേയും നിഴല്‍രൂപങ്ങള്‍ കാണാന്‍ കഴിയും.

എംടിയ്ക്കൊപ്പം മമ്മൂട്ടി

എംടി സാഹിത്യത്തോടുള്ള ഒടുങ്ങാത്ത പ്രിയം തന്നെയാകണം തന്റെ സിനിമാസ്വപ്നങ്ങള്‍ക്ക് മമ്മൂട്ടി അവലംബമാക്കിയത്. അതുകൊണ്ട് സ്വപ്നങ്ങള്‍ ശരാശരിക്ക് മുകളില്‍ക്കൂടി മാത്രം സഞ്ചരിച്ചു. കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റികളുടെ ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ പതിവുകാരനായതോടെ അഭിനയത്തെക്കുറിച്ചുള്ള സാധാരണ സങ്കല്പങ്ങളും കടന്നുപോകാന്‍ കഴിഞ്ഞു. ജാപ്പനീസ് സിനിമയിലെ ചോരകൊണ്ട് ജീവിതപ്രമാണങ്ങള്‍ എഴുതുന്ന സാമുറായിമാര്‍ മമ്മൂട്ടിയെ ശരിക്കും ഭ്രമിപ്പിച്ചുകാണണം. ഊര്‍ജപ്രസരണം നടത്തുന്ന പവര്‍ഹൗസ് പോലെ അഭിനയരംഗത്തുണ്ടായിരുന്ന തോഷിറോമിഫൂണ്‍ മമ്മൂട്ടിയെ വളരെ ആകര്‍ഷിച്ച നടനാണ്. 'വടക്കന്‍ വീരഗാഥ'യിലെ ചന്തുവിനെ ഹൃദയവും ശരീരവുംകൊണ്ട് സ്വീകരിച്ച് സ്‌ക്രീനിലേക്ക് ആനയിക്കുന്ന വേളയില്‍ തോഷിറോമിഫൂണ്‍ മമ്മൂട്ടിയിലേല്പിച്ച സ്വാധീനം കാണാവുന്നതാണ്. ഉത്തമമാതൃകകളെ ചിന്തകളുടെ ദര്‍പ്പണത്തില്‍ പ്രതിഫലിപ്പിക്കുന്നത് വിലക്കപ്പെടേണ്ടതല്ല, ആദരിക്കപ്പെടേണ്ടതാണ്. നല്ല സാഹിത്യവും നല്ല സിനിമയും ചേര്‍ന്ന് മമ്മൂട്ടിയെ കോടമ്പാക്കം വഴി പോകുന്ന നടനപാതയില്‍നിന്ന് പിന്തിരിപ്പിച്ചുവെന്നതാണ് നേര്. എംടി വാസുദേവന്‍ നായര്‍ തുറന്നുപിടിച്ച വാതിലിലൂടെ നേരിട്ട് മലയാള സിനിമയില്‍ പ്രവേശിക്കാനുള്ള ഭാഗ്യവുമുണ്ടായി. സ്റ്റാനിസ്ലാവിസ്‌കിയുടെ അഭിനയ പാഠപുസ്തകം മറിച്ചുനോക്കുകയും തോഷിറോമിഫൂണും മാര്‍സലൊ മാസ്ട്രിയോണിയുമൊക്കെ അഭിനയിച്ച സിനിമാ കാസറ്റുകള്‍ ഇടയ്ക്കിടെ ഇട്ടു കാണുകയും ചെയ്യുന്ന ശീലം മമ്മൂട്ടിയുടെ അഭിനയത്തിന് അധിക മാര്‍ക്കുകള്‍ കൊടുത്തിട്ടുണ്ടാവാം.

ജയന്റെ അപകടമരണംകൊണ്ട് പ്രയോജനം ലഭിക്കാതെ പോയ നടനാണ് മമ്മൂട്ടി

എംടി വാസുദേവന്‍ നായരുടെ രചനവച്ച് ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിലെ കള്ളുംകുടിച്ച് പുലഭ്യവും പറഞ്ഞു നടക്കുന്ന സ്വപ്നവിരോധിയായ മാധവന്‍കുട്ടിയെന്ന ചെറുപ്പക്കാരനില്‍ മമ്മൂട്ടി മനസ്സിലാഗ്രഹിച്ച കഥാപാത്രമുണ്ടായിരുന്നു. വളരെയൊന്നും പരപ്രേരണ കൂടാതെ തന്നെ തന്നില്‍നിന്ന് ആ ചെറുപ്പക്കാരനിലേക്ക് മാറിക്കയറാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' വേണ്ടത്ര വിറ്റില്ലെങ്കിലും സിനിമ കണ്ടവര്‍ക്കൊക്കെ 'ഇതാ കൂട്ടത്തില്‍നിന്ന് മാറ്റിനിറുത്താന്‍ പോന്ന ഒരു നടന്‍' എന്നുതോന്നി. കെജി ജോര്‍ജിന്റെ 'മേള'യിലെ മോട്ടോര്‍ സൈക്കിള്‍ ജംപുകാരന്‍ അഭ്യാസിയിലും പതിവ് വിട്ടൊരു മുഖവും അഭിനയവും മലയാളികള്‍ക്ക് കാണാന്‍ കഴിഞ്ഞു. മമ്മൂട്ടി എന്ന സിനിമാനടന്റെ കരിയറിലെ സവിശേഷമായ രണ്ടു ബ്രേക്കുകള്‍ നല്‍കിയതും എംടിയും ജോര്‍ജുമാണെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

സിനിമയില്‍ നിലയുറപ്പിച്ചു വളരാന്‍ സ്വപ്നങ്ങളില്‍ നിന്നൊരു ഡീവിയേഷന്‍ ആവശ്യമാണെന്ന് മുഹമ്മദ്കുട്ടി വക്കീല്‍ മമ്മൂട്ടിയെ ഉപദേശിച്ചുകാണണം. പിജി വിശ്വംഭരന്റെ 'സ്ഫോടന'ത്തില്‍ രതീഷിന്റെ പ്രതിനായകനായി വന്ന് മമ്മൂട്ടി വെടിക്കെട്ട് നടത്തി. രതീഷിനെക്കാള്‍ മമ്മൂട്ടി നന്നായി എന്നത് ജനം സംസാരവിഷയമാക്കിയിട്ടും ചലച്ചിത്രവ്യവസായ മേഖലയിലെ മേല്‍ത്തട്ടുകാര്‍ അതറിയാന്‍ പിന്നെയും വൈകി. എന്നാല്‍, കീഴ്ത്തട്ടുകാര്‍ അത് മനസ്സിലാക്കുകയും ചെയ്തു. ബിഗ്രേഡ് എന്നു ബ്രാന്‍ഡ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ രതീഷും മമ്മൂട്ടിയും തമ്മില്‍ പൊരിഞ്ഞ അടി നടത്തി. പ്രേംനസീര്‍, ജയന്‍, സുകുമാരന്‍, എംജി സോമന്‍ എന്നീ നാലു നായകന്മാര്‍ മലയാളത്തിലെ കമേഴ്സ്യല്‍ സിനിമ കൈകാര്യം ചെയ്യുന്ന കാലം അവരോടു വെട്ടിക്കയറുന്നത് അത്രയെളുപ്പമല്ലെന്ന് മനസ്സിലാക്കിയ മമ്മൂട്ടി അവരുടെ നിഴലിലേയ്ക്ക് മാറി നിന്നുകൊണ്ട് അവരോടൊപ്പം കൂടുകയാണ് ചെയ്തത്. ജയന്റെ അപകടമരണംകൊണ്ട് പ്രയോജനം ലഭിക്കാതെ പോയ നടനാണ് മമ്മൂട്ടി. ജയന്റെ ആക്രോബാറ്റിക് അഭിനയത്തോട് വലിയ മമത ഇല്ലാത്തത് തന്നെയായിരുന്നു കാരണം. മമ്മൂട്ടിയുടെ ആഗ്രഹ കഥാപാത്രങ്ങളെ കയ്യടക്കിവച്ചിരുന്നത് സുകുമാരനായിരുന്നു. ആ കഥാപാത്രങ്ങളെ അപഹരിച്ചെടുക്കാന്‍ മമ്മൂട്ടിക്ക് സന്ദര്‍ഭം നല്‍കിയത് കെജി ജോര്‍ജിന്റെ 'യവനിക'യാണ്.

കെജി ജോർജ്

നാട്ടുനടപ്പനുസരിച്ച് അന്ന് നിലനിന്നുപോന്നിരുന്ന കമേഴ്സ്യല്‍ സിനിമാസെറ്റപ്പിന്റെ ഉത്സവാന്തരീക്ഷത്തില്‍നിന്ന് അകന്നുമാറിനിന്നുകൊണ്ടാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരനായ ജോര്‍ജ് 'യവനിക'യുടെ നിര്‍വ്വഹണം നടത്തിയത്. പുതുമകളെ കൗതുകത്തോടെ കണ്ട ഹെന്‍ട്രി എന്ന നവാഗതനായ നിര്‍മ്മാതാവ്. തുടക്കക്കാരന്റെ ഒതുക്കത്തോടെ തന്റെ വിഷയത്തില്‍ ആഴ്ന്നുനിന്ന തിലകന്‍. ഗോപിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അഭിനയ സംവാദങ്ങള്‍. നര്‍മ്മ മാരുതനായി ചുറ്റിയടിച്ച നെടുമുടിവേണു. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സൗഹൃദഭാഷയില്‍ മാത്രം പുറത്തെടുക്കുന്ന സംവിധായകന്‍. ഇത്തരം ചങ്ങാത്തം നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് മമ്മൂട്ടി ചെന്നുകയറിയത്. വിശ്വംഭരനെപ്പോലുള്ള സംവിധായകരുടെ ശകാരവര്‍ഷരീതി അനുഭവിച്ച മമ്മൂട്ടിക്ക് 'യവനിക'യുടെ സെറ്റപ്പ് നവ ചിന്താവിഷയം നല്‍കിക്കാണണം. തനിക്ക് ലഭിച്ച പൊലീസ് ഓഫീസര്‍ കഥാപാത്രമായി നേരിട്ട് ഇടപഴകാനുള്ള സാവകാശം മമ്മൂട്ടിക്ക് ലഭിച്ചു. സ്വയം ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം കിട്ടാന്‍ ഒബ്‌സര്‍വേഷന്റെ സഹായം തേടി. എല്ലാ വക്കീലന്മാരും പെറിമേസനെപ്പോലെയല്ലെങ്കിലും കുറ്റാന്വേഷണ ബുദ്ധി നിയമപഠനത്തിലൂടെ കിട്ടുമല്ലൊ. അതു മമ്മൂട്ടി ശരിക്കും പ്രയോജനപ്പെടുത്തി.

മമ്മൂട്ടിയെപ്പോലെ ഗ്രാമപശ്ചാത്തലവും ഒത്ത ശരീരവുമുള്ള ഒരാള്‍ പൊലീസ് ഓഫീസറുടെ യൂണിഫോം സ്വപ്നത്തിലണിയാതെ പോകില്ല. ഇതെല്ലാം ചേര്‍ന്നു 'യവനിക'യിലെ പൊലീസ് ഓഫീസറെ ഒരു കള്‍ട്ട് ഫിഗറാക്കി. കഥാപാത്രത്തിന് മമ്മൂട്ടി നല്‍കിയ മാനറിസങ്ങള്‍ യഥാര്‍ത്ഥ കാക്കിക്കുപ്പായക്കാരെപ്പോലും അമ്പരപ്പിച്ചു. മമ്മൂട്ടിക്ക് വിജയം വരിക്കാന്‍ സ്‌ക്രിപ്റ്റില്‍ നല്ലൊരു വകുപ്പ് ഉണ്ടാക്കിവച്ചിരുന്നു. സാധാരണ സിനിമകളില്‍ പൊലീസ് ഓഫീസറെ യൂണിഫോമും ഇടീപ്പിച്ച് കര്‍മ്മനിരതനാക്കുകയാണ് പതിവ്. ഈ പതിവ് ജോര്‍ജ് ചലച്ചിത്രബുദ്ധിയോടെ കടന്ന് തന്റെ പൊലീസ് ഓഫീസറെ അയാളുടെ കുടുംബവുമായി ബന്ധിപ്പിച്ച് വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. ഭര്‍ത്താവിനെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഭാര്യ ഉല്‍ക്കണ്ഠാകുലയാണ്. ആ ഉല്‍ക്കണ്ഠ ചോദ്യരൂപം പ്രാപിച്ച് അയാള്‍ക്ക് നേരെ ചെല്ലുന്നു. ഭാര്യയുടെ ചോദ്യങ്ങളില്‍ ചെറുതരിവെട്ടങ്ങള്‍ അയാള്‍ കാണുകയും ചെയ്യുന്നുണ്ട്. ഈ കഥാസന്ദര്‍ഭങ്ങള്‍ മമ്മൂട്ടി നന്നായി പ്രയോജനപ്പെടുത്തി അഭിനയിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ ഇത്തരം ഒരു കഥാപാത്രത്തെ മമ്മൂട്ടി ആവര്‍ത്തിച്ച് ഫലിപ്പിച്ചിട്ടുമുണ്ട്. പത്മരാജന്‍ എഴുതി ജോഷി സംവിധാനം ചെയ്ത 'ഈ തണുത്ത വെളുപ്പാന്‍കാലത്ത്' എന്ന ചിത്രത്തിലെ ക്രൈം ബ്രാഞ്ച് എസ്പി 'യവനിക'യിലെ പൊലീസ് ഓഫീസറുടെ ഭംഗിയായ എക്സ്റ്റെന്‍ഷനാണ്.

പ്രേംനസീറിന്റെ അളവില്‍ തുന്നിയെടുത്ത റോളുകളില്‍ മമ്മൂട്ടിക്ക് പലപ്പോഴും വടിവേലനായി കഴിയേണ്ടിവന്നിട്ടുണ്ട്.

'യവനിക' ഉയര്‍ന്നതോടെ മമ്മൂട്ടി വ്യാപകമായി സംഭാഷണ വിഷയമായി. സത്യനോടൊപ്പം തിരോധാനം ചെയ്യപ്പെട്ടുവെന്നു കരുതപ്പെട്ട ചാലകശക്തിയുള്ള അഭിനയശൈലി മമ്മൂട്ടിയിലൂടെ മലയാളികള്‍ക്ക് തിരിച്ചു ലഭിക്കുന്നതുപോലെ തോന്നി. സത്യന്റെ സംഭാഷണാനായാസതയില്‍ എത്തിയില്ലെങ്കില്‍പ്പോലും മമ്മൂട്ടി കേതുവിന്റെ ഉപദ്രവമില്ലാതെ കോണികയറിത്തുടങ്ങിയ ഈ സന്ദര്‍ഭത്തില്‍ ജനകീയ സിനിമയില്‍ അഭിനയ രീതികള്‍ പുനര്‍ചിന്തനം ചെയ്യപ്പെടുംവിധം ആര്‍ട്ട് സിനിമാഗ്രൂപ്പില്‍നിന്നും വന്ന രണ്ടു നടന്മാരുടെ ഇടപെടലുണ്ടായി. ഗോപിയും നെടുമുടിവേണുവുമായിരുന്നു ആ നടന്മാര്‍.

ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍ തുടങ്ങിയ മദ്ധ്യമാര്‍ഗം സ്വീകരിച്ച സംവിധായകരുടെ ചിത്രങ്ങളിലൂടെ അവര്‍ സാധാരണ ജനങ്ങള്‍ക്ക് പോലും സ്വീകാര്യരായി. കാറ്റ് വീശലിന്റെ ദിക്കറിഞ്ഞ മമ്മൂട്ടി അവരോടൊപ്പം കൂടി. അവരുടെ അഭിനയ ചിന്തകള്‍ ചോദിച്ചുവാങ്ങുകയും തന്റെ അഭിനയത്തില്‍ അതു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മലയാള സിനിമയിലെ ഏറ്റവും ചന്തമുള്ള പുരുഷരൂപത്തിന്റെ ഉടമയായ മമ്മൂട്ടിക്കു പുരോയാനത്തിന്റെ വഴിതെളിഞ്ഞുകിട്ടാന്‍ പിന്നെ വിഷമം നേരിട്ടില്ല. കമേഴ്സ്യല്‍ സിനിമയിലെ ശക്തരായ വിശ്വംഭരനും ഐവി ശശിയും ജോഷിയും മമ്മൂട്ടിയുടെ ഡേറ്റിന് ചുറ്റും കൂടി.

പ്രേംനസീറിന്റെ അളവില്‍ തുന്നിയെടുത്ത റോളുകളില്‍ മമ്മൂട്ടിക്ക് പലപ്പോഴും വടിവേലനായി കഴിയേണ്ടിവന്നിട്ടുണ്ട്. തല്ലുകയും കൊല്ലുകയും ചെയ്യുന്നതില്‍ കവിഞ്ഞു വടിവേലന്‍മാര്‍ക്ക് വേറെ ജോലിയില്ലല്ലൊ. ശാരീരികാദ്ധ്വാനത്തിന്റെ ആ നാളുകളില്‍ പത്മരാജന്റെ 'കരിയിലക്കാറ്റുപോലെ'യുള്ള ചുരുക്കം ചില ചിത്രങ്ങള്‍ മാത്രം മമ്മൂട്ടിയിലെ നടനെ തൃപ്തിപ്പെടുത്തി.

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
മമ്മൂട്ടിയുടെ പതിവുകാരായി അറിയപ്പെട്ടിരുന്ന പ്രൊഡ്യൂസര്‍മാര്‍ പോലും മനസ്സില്‍ മോഹന്‍ലാലിന്റെ ഡേറ്റിനായി കൊതിക്കുകയായിരുന്നു

മിസ്ഫിറ്റായ കഥാപാത്രങ്ങളുടെ ഘോഷയാത്രാ ലഹരിയില്‍ തട്ടകം താഴുന്നതറിയാന്‍ മമ്മൂട്ടി വൈകി. മോഹന്‍ലാലിന്റെ നായക കഥാപാത്രങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ വ്യാപ്തി അളന്നെടുക്കുന്നതിലും മമ്മൂട്ടിക്ക് തോല്‍വി സംഭവിക്കുകയായിരുന്നു. മെലിഞ്ഞുപോയ ഐശ്വര്യത്തിന്റെ വേദന അനുഭവിച്ച നാളുകള്‍. മമ്മൂട്ടിയുടെ പതിവുകാരായി അറിയപ്പെട്ടിരുന്ന പ്രൊഡ്യൂസര്‍മാര്‍ പോലും മനസ്സില്‍ മോഹന്‍ലാലിന്റെ ഡേറ്റിനായി കൊതിക്കുകയായിരുന്നു. 'പുലിവരുന്നേ പുലി', 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' തുടങ്ങിയ ചിത്രങ്ങള്‍ ഏഴുനിലയില്‍ പൊട്ടിച്ചിതറി. മറ്റൊരാളായിരുന്നുവെങ്കില്‍ മദിരാചഷകത്തിലേക്ക് നിലതെറ്റി വീണേക്കുമായിരുന്ന സന്ദര്‍ഭത്തില്‍ മമ്മൂട്ടിയെ രക്ഷിച്ചത് അസാധാരണമായ സെല്‍ഫ് ഡിസിപ്ലിനാണ്. ആ ഡിസിപ്ലിന്‍ ഏകദൈവത്തിലുള്ള ഒടുങ്ങാത്ത വിശ്വാസത്തില്‍നിന്ന് ലഭിച്ചതാവാം. അച്ചടക്കമുള്ള മനസ്സ് ഉണര്‍ന്നുകളിച്ചു.

'മെഗാസ്റ്റാര്‍' മമ്മൂട്ടിയുടെ ഗള്‍ഫ് പര്യടനവും ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ സംഘടിപ്പിച്ചെടുത്ത തുടരന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടുകളും ആ ഉണര്‍ന്നുകളിയുടെ ശിഷ്ടപത്രത്തില്‍ കിടപ്പുണ്ട്. സൂപ്പര്‍സ്റ്റാറില്‍നിന്ന് സ്വയം മെഗാസ്റ്റാറിലേക്ക് അവരോധിതനായ മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കാതെ കൊണ്ടുപോകാന്‍ ഫാസിലിന്റെ വക ഒരു ചിത്രവുമുണ്ടായി- 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍.' ഉള്ള് പൊള്ളിയിരുന്നതുകൊണ്ടാവണം എക്സാജെറേറ്റ് ചെയ്യപ്പെട്ട കഥാപാത്രമായിരുന്നിട്ടും ദുഃഖഭാവത്തിലൂടെ അഭിനയത്തിന്റെ തിരിച്ചറിവിലേക്ക് മമ്മൂട്ടി നയിക്കപ്പെട്ടത്.

മുഖ്യധാരാ സിനിമയില്‍ മമ്മൂട്ടി തന്റെ ടവറിങ്ങ് പെര്‍ഫോമന്‍സ് പുറത്തെടുത്തത് ജോഷിയുടെ സിനിമകളിലാണ്. 'ടൈഗര്‍ സലി'മിലും 'മൂര്‍ഖ'നിലും 'രക്ത'ത്തിലും ഒരുതരം കളിപ്പീര് സിനിമാനടപടികള്‍ ചെയ്തുകൂട്ടിയ ജോഷി മമ്മൂട്ടിയുടെ അഭിനയ സഹകരണത്തിലൂടെ ഉയരത്തിലേക്ക് കയറുകയായിരുന്നു. തിരക്കഥയുടെ ഭദ്രതയെക്കുറിച്ചും സിനിമയുടെ സാങ്കേതിക മികവിനെക്കുറിച്ചും നല്ല വിചാരങ്ങളുണ്ടായതും ജോഷിയുടെ മമ്മൂട്ടി ചിത്രങ്ങളെ നിലവാരമുള്ള എന്റര്‍ടെയിനറുകളാക്കി. 'ന്യൂഡെല്‍ഹി', 'നായര്‍സാബ്', 'ധ്രുവം' തുടങ്ങിയ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തിരക്കഥകള്‍ മമ്മൂട്ടിക്കുവേണ്ടി രൂപകല്പന ചെയ്തവയാണ്. ഒരു ചെറുചിരിപോലും മമ്മൂട്ടിയെക്കൊണ്ട് പുറത്തെടുക്കാതിരിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധവയ്ക്കുന്നു. മമ്മൂട്ടിയെ ചിരിക്കാന്‍ അനുവദിച്ചാല്‍ അത് അപകടകരമാകുമെന്ന് അവര്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. ഹൃദയം പ്രകടിപ്പിക്കുന്ന ഒരു ചിരി ചിരിക്കാനറിയാത്ത നടനായി മലയാളത്തില്‍ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല. കോപാകുലനായി പൊട്ടിത്തെറിക്കുന്ന കഥാപാത്രങ്ങള്‍ക്ക് മാത്രമേ കമേഴ്സ്യല്‍ സിനിമയില്‍ മമ്മൂട്ടിയുടെ ആക്ടിങ് ടാലന്റിനെ പുറത്തെടുക്കാന്‍ കഴിയുന്നുള്ളൂ. ശാന്തപ്രകൃതിയില്‍നിന്ന് ഉഗ്രപ്രതാപിയായി മാറുന്ന കഥാപാത്രങ്ങളും ചിലപ്പോഴൊക്കെ മമ്മൂട്ടിയെ രക്ഷിച്ചിട്ടുണ്ടെന്ന് കാണാം. അതിനുദാഹരണമാണ് ഐവി ശശിയുടെ 'മൃഗയ'. ലോഹിതദാസിന്റെ കഥയും തിരക്കഥയും പതിവില്‍നിന്നു വേറിട്ടൊരു ചിന്ത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഗ്ലോസി വേഷങ്ങളോടുള്ള പ്രാകൃതമായ ഭ്രമം മമ്മൂട്ടിയുടെ പല കഥാപാത്രങ്ങളേയും ഫാന്‍സി പരുവത്തിലാക്കിയിട്ടുണ്ട്. മിന്നിത്തിളങ്ങുന്ന വസ്ത്രധാരണശൈലി ജനസമ്മതിക്ക് ഒരു കാരണമാകുമെന്ന തെറ്റിദ്ധാരണയാവണം സ്വന്തം മെച്യൂരിറ്റിയെ ഹനിക്കുംവിധം മമ്മൂട്ടിയെ കെട്ടിയാടലിന് പ്രേരിപ്പിച്ചത്. മമ്മൂട്ടിയെപ്പോലുള്ള ഒത്തരൂപമുള്ള ഒരാള്‍ക്ക് ലാളിത്യവേഷമാണ് അഭികാമ്യം. കഥാപാത്രസ്വഭാവത്തെ തന്നെ നിഗ്രഹിക്കുംവിധമുള്ള വേഷം കെട്ടലുകള്‍ക്കുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മമ്മൂട്ടി തന്റെ സ്റ്റാര്‍ ഇമേജിനെ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു. ഫാസിലിന്റെ 'പപ്പയുടെ സ്വന്തം അപ്പൂസ്' പോലുള്ള തെലുങ്കുമട്ട് സിനിമകളില്‍ മമ്മൂട്ടി ഫാന്‍സി വേഷം കെട്ടുമ്പോള്‍ വിരല്‍ അറിയാതെ മൂക്കത്ത്തന്നെ വച്ചുപോകും. ഒരുപക്ഷേ, ഇതിനുവേണ്ടിയുള്ള പ്രായശ്ചിത്തം ചെയ്യാന്‍ വേണ്ടിയാവണം ടിവി ചന്ദ്രന്റെ 'പൊന്തന്മാട'യിലെ മാടയെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടുതന്നെ മമ്മൂട്ടി സ്വീകരിച്ചത്. കഥാപാത്രങ്ങളാണ് വേഷം നിശ്ചയിക്കേണ്ടതെന്ന തിരിച്ചറിവ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലെത്തിക്കാന്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. 'പൊന്തന്മാട'യ്ക്കുശേഷം ഫാന്‍സി വസ്ത്രകൗതുകത്തിന് ഒരു ശമനം കണ്ടു.

നവരസങ്ങളില്‍ ശൃംഗാരവും ഹാസ്യവും മമ്മൂട്ടിയെ തീരെ അനുഗ്രഹിക്കുന്നില്ല. പ്രണയരംഗങ്ങളില്‍നിന്ന് മമ്മൂട്ടിയെ ഒഴിവാക്കിക്കിട്ടാന്‍ സ്വന്തം ആരാധകര്‍ പോലും ആഗ്രഹിക്കുന്നുണ്ടാവും. ചിരിയുടെ വരള്‍ച്ചതന്നെയാവണം മമ്മൂട്ടിയെ ശൃംഗാരത്തിലേയ്ക്കും അടുപ്പിക്കാത്തത്. ഹാസ്യത്തിന്റെ കാര്യത്തില്‍ ഗ്രാഫ് വളരെ താഴേയ്ക്കു പോകുന്നു. പ്രവൃത്തികളിലെ അനായാസതയാണ് ഹാസ്യത്തിന്റെ മുഖ്യലക്ഷ്യം. അത് മമ്മൂട്ടിയില്‍ തീരെ ചെറിയ അളവിലെ കാണാനുള്ളൂ. നര്‍മ്മത്തിന്റെ കാര്യത്തില്‍ ഒറിജിനാല്‍റ്റിയുള്ള സമീപനം സ്വീകരിച്ച് വിജയിക്കാറുള്ള സത്യന്‍ അന്തിക്കാടുപോലും മമ്മൂട്ടിയുടെ സേവനം വാങ്ങി തോറ്റിട്ടേയുള്ളു. സമീകൃതമായ അഭിനയം എന്ന ലക്ഷ്യം ഇനിയും ഹൃദയത്തിലെടുത്ത് വയ്ക്കാവുന്നതേയുള്ളു.

അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ മമ്മൂട്ടിയും ​ഗോപകുമാറും
ക്രോധത്തേയും പുച്ഛത്തേയും വേണ്ട ലെവലില്‍ ചെത്തിനിറുത്തിയാല്‍ മമ്മൂട്ടി എതിരറ്റ നടനാകുമെന്ന് 'വിധേയ'നിലെ കഥാപാത്രം തെളിയിക്കുന്നു

കമേഴ്സ്യല്‍ സിനിമയില്‍ തല്ലിയും കൊന്നും ഗര്‍ജിച്ചും തളരുമ്പോഴൊക്കെ മമ്മൂട്ടി കൗശലപൂര്‍വ്വം വിശ്രമകാല സങ്കേതങ്ങള്‍ തേടാറുണ്ട്. മമ്മൂട്ടിയുടെ വിശ്രമകാല സങ്കേതങ്ങളെന്നത് ആര്‍ട്ട് സിനിമ എന്ന മുദ്രവീണ കലാമൂല്യമുള്ള ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ അഭിനയത്തെ ശാന്തസ്ഥായിയില്‍ ഭംഗിയായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് മനസ്സിലാക്കിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. 'അനന്തര'വും 'മതിലു'കളും മമ്മൂട്ടിയിലെ നടനെ തികഞ്ഞ മനുഷ്യസ്വഭാവമുള്ള കഥാപാത്രങ്ങളിലേക്ക് വീണ്ടെടുക്കുന്നു. 'വിധേയനി'ലെ ഭാസ്‌കരപട്ടേലര്‍ എന്ന കഥാപാത്രം ഈ നടന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ലാണെന്ന് തോന്നുന്നു. ക്രോധത്തിന്റെ കാര്യം വരുമ്പോള്‍ മമ്മൂട്ടി പലപ്പോഴും ആകാശംമുട്ടെ ചാടിയിട്ടുണ്ട്. ക്രോധം രൗദ്രത്തില്‍ ചെന്നുമുട്ടിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും അരോചകമായി തോന്നിയിട്ടില്ല. ക്രോധത്തേയും പുച്ഛത്തേയും വേണ്ട ലെവലില്‍ ചെത്തിനിറുത്തിയാല്‍ മമ്മൂട്ടി എതിരറ്റ നടനാകുമെന്ന് 'വിധേയ'നിലെ കഥാപാത്രം തെളിയിക്കുന്നു. മാളിക മുകളിലെ ശീമത്തമ്പുരാനോട് ഉയരത്തില്‍ കയറിനിന്നുകൊണ്ടാണെങ്കിലും താഴ്ചയായി ഗ്രാമവിശേഷങ്ങള്‍ അറിയിക്കുകയും ഒടുവില്‍ ഇഷ്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ തമ്പുരാനോടു തുല്യനാകുകയും ചെയ്യുന്ന 'പൊന്തന്മാട'യിലെ മാട മമ്മൂട്ടിയെ നന്നായി പരീക്ഷിച്ച കഥാപാത്രമാണെന്ന് തോന്നുന്നു. തന്റെ താരജാടകളില്‍നിന്ന് ഇറങ്ങിവന്നാണ് മമ്മൂട്ടി മാടയായത്. അതിന് വലിയൊരു സമ്മാനം കിട്ടുകയും ചെയ്തു. ചിന്തകളുടെ ഭ്രമണപഥത്തില്‍ മനസ്സിന്റെ രഥചക്രം ഊരി വീഴുമ്പോഴുണ്ടാകുന്ന വിഹ്വലതയോടും ഭയത്തോടും മമ്മൂട്ടിയിലെ നടന് നന്നായി പെരുമാറാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സിനിമകളാണ് 'തനിയാവര്‍ത്തന'വും 'ഭൂതക്കണ്ണാടി'യും.

'ഒരു വടക്കന്‍ വീരഗാഥ'യിലെ ചന്തുവിനുവേണ്ടി ഹോംവര്‍ക്ക് ഒത്തിരി ചെയ്തു മിനക്കെട്ടിട്ടുണ്ടാവണം. ആയോധനമുറകളുടെ പഠനത്തിനുവേണ്ടിയും ദിനങ്ങളനവധി ചെലവഴിച്ചിട്ടുണ്ടാകാം. വടക്കന്‍പാട്ടുകളില്‍ ചതിയനും കുറ്റവാളിയുമായി കഴിഞ്ഞുകൂടുകയായിരുന്ന ചന്തുവിനെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ എംടി അവലംബിച്ച പൂര്‍വ്വ മാതൃകയുടെ രഹസ്യവും മമ്മൂട്ടി അറിഞ്ഞിട്ടുണ്ടാവണം. ആ പൂര്‍വ്വമാതൃകയെന്ന് എമിലി ബ്രോണ്ടിയുടെ 'വൂതറിങ്ങ് ഹൈറ്റ്‌സ്'ലെ ഹീത് ക്ലിഫ്‌ലാണെന്ന രഹസ്യവും മമ്മൂട്ടിക്ക് പറഞ്ഞുകൊടുത്തത് എംടി തന്നെയാണെന്ന് തോന്നുന്നു. വിഷ്വലുകള്‍കൊണ്ടു സംവേദിക്കുന്നതിലേറെ സംഭാഷണങ്ങള്‍കൊണ്ട് കഴിയുമെന്ന ചലച്ചിത്ര മതത്തില്‍ അറിഞ്ഞോ അറിയാതെയോ വിശ്വസിക്കുന്ന ഒരാളാണ് എംടിയെന്ന് ചന്തുവിന്റെ വീരഗാഥ നമ്മളോടു സമ്മതിക്കുന്നു. ഒരുപക്ഷേ, മമ്മൂട്ടിയെ മനസ്സില്‍ കണ്ടുകൊണ്ടാവാം എംടി ഡയലോഗില്‍ ധാരാളിത്തം പ്രകടിപ്പിച്ചത്. മമ്മൂട്ടിയുടെ നാവില്‍നിന്ന് എംടിയുടെ ഡയലോഗുകള്‍ മണിമുത്തുകള്‍പോലെയാണ് ഉതിര്‍ന്നുവീണത്. 'വടക്കന്‍വീരഗാഥ'യിലെ ചന്തു മമ്മൂട്ടിയുടെ ഒരു ലൈഫ് ടൈം അച്ചീവ്‌മെന്റ് തന്നെയാണെന്നു കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഇന്ത്യ അറിയുന്ന നടനാണ് ഇന്ന് മമ്മൂട്ടി. മറ്റൊരു മലയാള നടനും ഇങ്ങനെയൊരു നേട്ടത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ അറിയണമെങ്കില്‍ ഹിന്ദി സിനിമവഴി അറിയണമെന്നുണ്ടല്ലോ. അഭിനയിച്ച ഹിന്ദി ചിത്രം സ്‌ക്രീനിലെത്തുന്നതിന് മുന്‍പ് തന്നെ ആ നേട്ടം മമ്മൂട്ടി കൈവരിക്കുകയാണ് ചെയ്തത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടുതവണ മമ്മൂട്ടിക്ക് ലഭിച്ചു. മമ്മൂട്ടിയെ അതിന് അര്‍ഹനാക്കിയ കഥാപാത്രങ്ങള്‍ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് നേരെ വാളോങ്ങി നില്‍ക്കുന്നവരാണ്. ജബ്ബാര്‍പട്ടേലിന്റെ 'അംബേദ്കര്‍' എന്ന ഹിന്ദിചിത്രത്തിലെ അഭിനയം പരീക്ഷണ കാലമായിരുന്നുവെന്ന് മമ്മൂട്ടി തന്നെ പറയുന്നു. അംബേദ്കര്‍ എന്ന സ്മര്യപുരുഷന്റെ ഹൃദയത്തിലൂടെ ഒരു ആഴസഞ്ചാരം നടത്തിയെന്നാണ് കേള്‍വി. 'സംവരണ'ങ്ങളുടെ ആനുകൂല്യമില്ലാതെ മൂന്നാമതൊരു ദേശീയ അവാര്‍ഡ്. അതു സംഭവിച്ചാല്‍ അത്ഭുതമാവില്ല.

Unlike actors who rely purely on spontaneous, natural instinct, Mammootty is a self-trained master craftsman who systematically builds distinct identities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം

'മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി'

പുതിയ ലുക്കില്‍, പജീറോ തിരിച്ചുവരുന്നു; കരുത്തുറ്റ എന്‍ജിന്‍, ഫീച്ചറുകള്‍

'ബഹിരാകാശത്തേക്ക് ലിഫ്റ്റില്‍ പോകാം'; ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

പുതിയ കളര്‍ സ്‌കീം; അപ്‌ഡേറ്റ് ചെയത ഹീറോ സൂം 125 ഉടന്‍ വിപണിയില്‍