Garrincha x
Premium

​ഗാരിഞ്ച... മാനെ ​ഗാരിഞ്ച... ഫുട്ബോളിന്റെ വശ്യതയും ലഹരിയും അഴിഞ്ഞാട്ടങ്ങളും

മൈതാനത്തിനുള്ളില്‍ ഉന്മാദത്തോടെ ഫുട്‌ബോള്‍ കളിച്ച ഗാരിഞ്ച, പെലെയുടെ സഹ താരമായിരുന്ന ഗാരിഞ്ച, മാസ്റ്റര്‍ ഡ്രിബ്ലര്‍ എന്നു ലോകം വാഴ്ത്തിപ്പാടിയ ഗാരിഞ്ച, മദ്യത്തിനടിപ്പെട്ട് ആല്‍ക്കഹോളിക്ക് കോമയിലെത്തിയ ഗാരിഞ്ച...

രഞ്ജിത്ത് കാർത്തിക

ഫുട്‌ബോളിന്റെ ലോജിക്കിനെ മാജിക്ക് കൊണ്ട് വ്യാഖ്യാനിച്ച ഒരു മനുഷ്യന്‍ 49 കൊല്ലം ഈ മണ്ണില്‍ ജീവിച്ചിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാഗില്‍ ജനിച്ച അയാളുടെ പേര് ഇപ്രകാരമായിരുന്നു. മാനുവല്‍ ഫ്രാന്‍സിസ്‌ക്കോ ഡോസ് സാന്റോസ്...

മാനുവലിന്റെ രണ്ട് കാലുകള്‍ക്കും വളവുണ്ടായിരുന്നു. വലത് കാലിനു നീളം കുറവായിരുന്നു. ആറ് സെന്റി മീറ്റര്‍ നീളം കൂടുതലുണ്ട് ഇടതു കാലിന്. നന്നേ മെലിഞ്ഞ്, ചെറിയ രൂപത്തിലുള്ള തന്റെ സഹോദരനെ നോക്കി മൂത്ത ചേച്ചി റോസയാണ് മാനുവലിനെ ആദ്യമായി ഗാരിഞ്ച എന്നു വിളിച്ചത്. ബ്രസീലിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നാണ് ഗാരിഞ്ച. നാലാം വയസ് മുതല്‍ അവന്‍ മാനെ ഗാരിഞ്ചയെന്നു സ്‌നാനപ്പെട്ടു.

മൈതാനത്തിനുള്ളില്‍ ഉന്മാദത്തോടെ ഫുട്‌ബോള്‍ കളിച്ച ഗാരിഞ്ച, പെലെയുടെ സഹ താരമായിരുന്ന ഗാരിഞ്ച, മാസ്റ്റര്‍ ഡ്രിബ്ലര്‍ എന്നു ലോകം വാഴ്ത്തിപ്പാടിയ ഗാരിഞ്ച, മദ്യത്തിനടിപ്പെട്ട് ആല്‍ക്കഹോളിക്ക് കോമയിലെത്തിയ ഗാരിഞ്ച...

വിശേഷങ്ങളില്‍ ഒതുങ്ങാന്‍ കൂട്ടാക്കാതെ പ്രതിഭയെ അഴിഞ്ഞാടാന്‍, അലയാന്‍ വിട്ട മാന്ത്രികനായ മാനെ ഗാരിഞ്ച...

കുഞ്ഞു പക്ഷിയുടെ ചിറകടി

14ാം വയസില്‍ തുണി മില്ലില്‍ ജോലിയ്ക്കു കയറിയ ഗാരിഞ്ച അലസനായ മനുഷ്യനായിരുന്നു. അയാള്‍ കൂടുതല്‍ സമയവും മില്ലിലെ സ്ത്രീ തൊഴിലാളികളുമായി സംസാരിച്ചിരിക്കാനാണ് ഇഷ്ടപ്പെട്ടത്. പക്ഷേ അയാള്‍ക്ക് അടങ്ങാത്ത അഭിനിവേശം ഫുട്‌ബോളിനോടുണ്ടായിരുന്നു. അലസനായി നടന്നതിന്റെ പേരില്‍ നിരവധി തവണ അയാള്‍ ജോലിയില്‍ നിന്നു പുറത്താകുന്നുണ്ട്. എന്നാല്‍ മില്ലിനു വേണ്ടി ഫുട്‌ബോള്‍ കളിക്കാന്‍ അവര്‍ക്ക് ഗാരിഞ്ചയെന്ന കുഞ്ഞു പക്ഷിയുടെ ചിറകടി ആവശ്യമായിരുന്നു. അതിനാല്‍ അവര്‍ ഗാരിഞ്ചയെ വേഗം തന്നെ ജോലിയ്ക്കു തിരിച്ചെടുത്തു. ഗാരിഞ്ചയുടെ ശീലങ്ങള്‍ക്ക് പക്ഷേ മാറ്റമൊന്നും സംഭവിച്ചില്ല. എന്നാല്‍ ഫുട്‌ബോളുമായി മൈതാനത്തിനിറങ്ങുന്ന ഗാരിഞ്ച ഓരോ ദിവസവും പുതിയ പുതിയ വിസ്മയങ്ങള്‍ അവര്‍ക്ക് കാട്ടികൊടുത്തു. റിയോ ഡി ജനീറോയിലെ വര്‍ക്കിങ് ക്ലാസ് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഗാരിഞ്ചയുടെ കളിയെ നെഞ്ചിലേറ്റി.

19ാം വയസില്‍ ബോട്ടോഫോഗ ക്ലബിലൂടെയാണ് ഗാരിഞ്ച പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് വരുന്നത്. ബോട്ടോഫോഗയുടെ സുവര്‍ണ കാലത്തിന്റെ തുടക്കവും അവിടെ അടയാളപ്പെട്ടിരുന്നു. ശരീര ചലനങ്ങളുടെ അപാര സിദ്ധി പ്രകടിപ്പിച്ച, ലോകത്തെ അന്തം വിട്ടു നോക്കാന്‍ പ്രേരിപ്പിച്ച വിസ്മയ ഡ്രിബ്ലിങുകളുടെ വസന്ത കാലത്തിന്റെ തുടക്കവും അവിടെ കുറിക്കപ്പെട്ടു.

ഫെയ്ന്റുകളുടെ മാന്ത്രിക നിമിഷങ്ങള്‍ നിറച്ച കുഞ്ഞു ചെപ്പുകള്‍ അയാള്‍ മൈതാനത്ത് തുറന്നു വച്ചു. ഷിമ്മി ടാക്കിള്‍ കൊണ്ട് അയാള്‍ എതിരാളികളെ അമ്പരപ്പിച്ചു നിര്‍ത്തി. വേഗവും ഭാവനയും കൊണ്ട് അയാള്‍ പന്തിനെ നിരന്തരം നവീകരിച്ചു, വ്യഖ്യാനിച്ചു. തന്നെ തടയാനെത്തുന്ന പ്രതിരോധക്കാരനെ കടന്ന് അയാള്‍ ഗോള്‍ ലക്ഷ്യമിട്ടോ അസിസ്റ്റ് ലക്ഷ്യമിട്ടോ കുതിക്കുമ്പോള്‍ വീണു പോയ പ്രതിരോധക്കാരനെ വീണ്ടും തന്നിലേക്കെത്തിക്കാനുള്ള വശ്യതയും അയാള്‍ മൈതാനത്ത് പുറത്തെടുത്തു.

അയാളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് വന്നു മെരുക്കാന്‍ എതിരാളികളില്‍ ആര്‍ക്കും സാധിച്ചില്ല. കൂട്ടമായി വന്നിട്ടും അതു നടന്നില്ല. പല ടീമുകളുടേയും എണ്ണം പറഞ്ഞ പ്രതിരോധക്കാരില്‍ പലരും കാണികളുടെ പരിഹാസം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട കഥാപാത്രമാക്കി നിര്‍ത്താന്‍ മാത്രം മാന്ത്രികത അയാള്‍ പന്തില്‍ കാണിച്ചു. തന്റെ കളിയുടെ ഉന്മാദാവസ്ഥയിലേക്ക് ആരാധകരെ അയാള്‍ നിരന്തരം ഉയര്‍ത്തി.

​ഗാരിഞ്ച, പെലെ

ഗാരിഞ്ചയുടെ ലോകകപ്പുകള്‍

1958ലെ ലോകകപ്പില്‍ ഗാരിഞ്ച ബ്രസീല്‍ ടീമിലുണ്ടായിരുന്നു. ലോകകപ്പ് കളിക്കാനെത്തും മുന്‍പാണ് അയാള്‍ ഫുട്‌ബോള്‍ ലോകത്തെ രസിപ്പിച്ച വിഖ്യാതമായൊരു ഗോള്‍ നേടിയത്. ഫിയോരെന്റിനെക്കെതിരായ സൗഹൃദ പോരാട്ടത്തിലായിരുന്നു ഈ ഗോള്‍ വന്നത്. നാല് പ്രതിരോധക്കാരെ വെട്ടിച്ച് പന്തുമായി ഡ്രിബ്ള്‍ ചെയ്ത് മുന്നേറിയ ഗാരിഞ്ച മുന്നോട്ടു കുതിക്കുന്നു. അയാളെ തടയാന്‍ തുനിഞ്ഞ ഫിയോരെന്റിന പ്രതിരോധക്കാരില്‍ എന്‍സോ റോബര്‍ട്ടിയുണ്ടായിരുന്നു. ഗാരിഞ്ചയ്ക്ക് പിന്നാലെയുള്ള ഓട്ടം റോബര്‍ട്ടി അപ്പോഴും നിര്‍ത്തിയിരുന്നില്ല. ബോക്‌സിലേക്ക് കയറി ഗാരിഞ്ച ഗോളിയെ കബളിപ്പിച്ച് പന്ത് ഇടത് വശത്തേക്ക് തട്ടുന്നു. ഇതു തടയാനായി എന്‍സോ റോബര്‍ട്ടി വീണ്ടും ബോക്‌സിനു ഇടതു വശത്തേക്ക് നീങ്ങി ഒറ്റയ്ക്കു ഒരു ശ്രമം കൂടി നടത്തുന്നു. എന്നാല്‍ റോബര്‍ട്ടിയേയും വെട്ടിച്ച്, അയാളെ അവിടെ തന്നെ സ്തബ്ധനാക്കി നിര്‍ത്തി വേഗം കുറച്ച് ഗാരിഞ്ച പന്ത് മൃദുവായി തട്ടി വലയിലാക്കി.

ഈ ഗോളിന്റെ ഖ്യാതിയില്‍ ടീമിലെത്തിയ ഗാരിഞ്ചയെ ആദ്യ രണ്ട് കളിയിലും കോച്ച് ബ്രസീല്‍ ഇലവനില്‍ കളിപ്പിച്ചില്ല. ഗാരിഞ്ച ഡ്രിബ്ലിങ് നടത്തി കളിയില്‍ സമയം വെറുതെ കളയുന്ന താരമാണെന്ന കോച്ചിന്റെ മുന്‍ധാരണ അയാളുടെ രണ്ടവസരങ്ങള്‍ ഇല്ലാതാക്കി. എന്നാല്‍ സോവിയറ്റ് യൂണിയനെതിരായ പോരാട്ടത്തില്‍ അയാള്‍ ലോകകപ്പില്‍ അരങ്ങേറി. ഒപ്പം ഇതിഹാസ താരം പെലെയും അയാള്‍ക്കൊപ്പം അന്ന് അരങ്ങേറ്റം കുറിച്ചു. ടൂര്‍ണമെന്റിലെ തന്നെ കരുത്തരായിരുന്നു അന്ന് സോവിയറ്റ് യൂണിയന്‍ ടീം.

ഈ മത്സരത്തിന്റെ ആദ്യ മൂന്ന് മിനിറ്റുകള്‍ ഇന്നും ഫുട്‌ബോള്‍ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെന്നു അടയാളപ്പെട്ട സമയമാണ്. തുടക്കം മുതല്‍ ആക്രമിക്കാന്‍ പറഞ്ഞ ബ്രസീല്‍ കോച്ച് വിസന്റ് ഫിയോളയുടെ നിര്‍ദ്ദേശം ഗാരിഞ്ച ശിരസാ വഹിച്ച മൂന്ന് മിനിറ്റുകളായിരുന്നു അത്. അക്കാലം വരെയുണ്ടായിരുന്ന ഫുട്‌ബോളിലേക്ക് ആക്രമണത്തിന്റെ നവ ഭാവുകത്വം സന്നിവേശിപ്പിച്ച സഖ്യത്തിന്റെ മനോഹരമായൊരു കളിക്കാഴ്ചയാണ് അന്ന് കണ്ടത്. ആ സഖ്യം പില്‍ക്കാലത്ത് ബ്രസീല്‍ ഫുട്‌ബോളിന്റെ ജാതകം തിരുത്തിയ താരങ്ങളായി മാറുന്നതിനുള്ള നാന്ദിയും അന്ന് കുറിയ്ക്കപ്പെട്ടു. പെലെയ്ക്ക് അന്ന് പ്രായം 17 വയസായിരുന്നു. ഗാരിഞ്ചയ്ക്ക് 24 വയസും.

കിക്കോഫിനു പിന്നാലെ വലതു വിങില്‍ നിന്നു ഗാരിഞ്ച പന്ത് സ്വീകരിക്കുന്നു. മൂന്ന് പ്രതിരോധക്കാരെ വെട്ടിക്കുന്നു. അയാള്‍ മുന്നോട്ടു കുതിക്കുന്നു. ഗോള്‍ ലക്ഷ്യമിട്ട് ഗാരിഞ്ച തൊടുത്ത ഷോട്ട് പക്ഷേ ക്രോസ് ബാറില്‍ തട്ടി മടങ്ങി. ആ പന്തും അയാള്‍ നഷ്ടപ്പെടുത്താന്‍ ഒരുക്കമായിരുന്നില്ല. പെലെയ്ക്ക് ഗോളടിക്കാന്‍ പാകത്തില്‍ ഗാരിഞ്ച പന്ത് വീണ്ടും ഒരുക്കി നല്‍കുന്നുണ്ട്. അപ്പോഴും ഗോള്‍ പിറന്നില്ലെങ്കിലും ആ മൂന്ന് മിനിറ്റില്‍ ലോകം ഒരു വിസ്മയം കണ്ടു തീര്‍ത്തിരുന്നു. മത്സരത്തില്‍ വാവയുടെ ഇരട്ട ഗോളില്‍ ബ്രസീല്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഗാരിഞ്ച ആ ടൂര്‍ണമെന്റില്‍ ഗോളടിക്കുന്നില്ല. എന്നാല്‍ ബ്രസീല്‍ മൂന്നാം മത്സരം മുതല്‍ ഫൈനല്‍ വരെയെത്തി കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ ഗാരിഞ്ചയായിരുന്നു ആ ടൂര്‍ണമെന്റിന്റെ താരം. ബ്രസീല്‍ നേടിയ ഒട്ടുമിക്ക ഗോളിന്റേയും മാസ്റ്റര്‍ മൈന്‍ഡും നടത്തിപ്പുകാരനും ഗാരിഞ്ചയായിരുന്നു.

പിന്നീട് മദ്യപാനവും അച്ചടക്കമില്ലാത്ത ജീവിതവും ഗാരിഞ്ചയുടെ ബ്രസീല്‍ ടീമിലെ സ്ഥാനം ഇളക്കുന്നുണ്ട്. അമിത മദ്യപാനം അയാളുടെ ശരീര ഭാരം കൂട്ടി. ഫുട്‌ബോള്‍, മദ്യം, സുന്ദരികളായ സ്ത്രീകള്‍ ഇതു മൂന്നുമായിരുന്നു ഗാരിഞ്ചയെ, അയാളുടെ ഉന്മാദ ജീവിതത്തെ ചലിപ്പിച്ചത്.

1962ല്‍ മറ്റൊരു ലോകകപ്പ്. പെലെ പരിക്കേറ്റ് പുറത്തായപ്പോള്‍ ബ്രസീല്‍ ടീമില്‍ അയാള്‍ സര്‍വ വ്യാപിയായി പറന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെയും സെമിയില്‍ ചിലിക്കെതിരെയും ഇരട്ട ഗോളുകളാണ് ഗാരിഞ്ച നേടിയത്. ക്വാര്‍ട്ടറിലെ ഗാരിഞ്ചയുടെ രണ്ടാം ഗോള്‍ ബനാന കിക്കായിരുന്നു. ആ ഗോളടക്കം ഗാരിഞ്ചയുടെ കളി കണ്ട് ബ്രിട്ടീഷ് പത്രങ്ങള്‍ അയാളെ 'മന്ത്രവാദി'യെന്നാണ് വിശേഷിപ്പിച്ചത്.

ചിലിക്കെതിരായ സെമിയില്‍ പിറന്ന ഇരട്ട ഗോളുകളില്‍ ഒന്ന് ലോങ് ഷോട്ടും മറ്റൊന്ന് ഹെഡ്ഡറുമായിരുന്നു. സെമിയിലെ ഗാരിഞ്ചയെ കണ്ട് ചിലിയന്‍ പത്രം 'മെര്‍ക്കുറിയോ' അദ്ദേഹത്തെ വിശേഷിപ്പിച്ചത് മറ്റൊരു ഗ്രഹത്തില്‍ നിന്നു വന്നയാള്‍ എന്നാണ്.

കടുത്ത പനി വന്ന് അനാരോഗ്യം വേട്ടയാടിയിട്ടും ഗാരിഞ്ച ഫൈനലില്‍ ഇറങ്ങി. ബ്രസീല്‍ 3-1നു ചെക്കോസ്ലോവാക്യയെ വീഴ്ത്തി തുടരെ രണ്ടാം വട്ടവും ലോകകപ്പുയര്‍ത്തി. ഗാരിഞ്ച ലോകകപ്പിന്റെ താരവുമായി.

1962 ലോകകപ്പിൽ എട്ട് മെക്സിക്കൻ താരങ്ങളാൽ വളയപ്പെട്ട ഗാരിഞ്ച

ഗാരിഞ്ചയുടെ ബ്രസീല്‍ ഫുട്‌ബോള്‍ കരിയറിനു തിരശ്ശീലയിട്ട ലോകകപ്പായിരുന്നു 1966ല്‍ അരങ്ങേറിയത്. പരിക്കുണ്ടായിട്ടും ആദ്യ കളിയില്‍ ബള്‍ഗേറിയക്കെതിരെ ഇറങ്ങി ഗാരിഞ്ച ഗോളടിക്കുന്നുണ്ട്. ഈ മത്സരത്തില്‍ പെലെയും ഗോളടിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ഗോള്‍ നേടിയ ബ്രസീലിന്റെ ഏക മത്സരവും ഇതായിരുന്നു. പിന്നാലെ ഹംഗറിക്കെതിരായ പോരാട്ടത്തിലും ഗാരിഞ്ച കളിച്ചു. എന്നാല്‍ മത്സരം ബ്രസീല്‍ 1-3നു പരാജയപ്പെട്ടു. ഗാരിഞ്ചയുടെ ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരമായിരുന്നു ഇത്. ഗാരിഞ്ച ബ്രസീല്‍ ജേഴ്‌സിയണിഞ്ഞ് പരാജയപ്പെട്ട ഏക മത്സരവും ഇതുതന്നെ!

ക്ലബ് ഫുട്‌ബോളില്‍ പിന്നീടും ഗാരിഞ്ച കളിച്ചെങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് പലപ്പോഴും വില്ലനായി. 1973ല്‍ അദ്ദേഹം ഫുട്‌ബോള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. 40ാം വയസിലേക്ക് കടന്നപ്പോഴാണ് അദ്ദേഹം തന്റെ ജീവിതത്തിലെ ഉന്മാദത്തിന്റെ ഒരു ഭാഗം ഉപേക്ഷിച്ചത്.

പിന്നീട് ഏതാണ്ട് 9 വര്‍ഷം കൂടിയാണ് അദ്ദേഹം ഈ ഭൂമിയില്‍ തുടര്‍ന്നത്. അപ്പോഴേക്കും അമിത മദ്യപാനവും കുടുംബ പ്രശ്‌നങ്ങളും ജീവിതത്തിലെ അരജാകത്വവും ഗാരിഞ്ചയുടെ എല്ലാ ആനന്ദങ്ങളേയും കെടുത്തിക്കളഞ്ഞിരുന്നു. മദ്യപിച്ച്, മദ്യപിച്ച് ആല്‍ക്കഹോളിക്ക് കോമയിലാണ് അദ്ദേഹം ജീവിതത്തില്‍ നിന്നു വിട പറഞ്ഞത്.

അമ്പരപ്പിച്ച, വിസ്മയിപ്പിച്ച, കരയിച്ച, ചിരിപ്പിച്ച, ആനന്ദിപ്പിച്ച, ആവേശം കൊള്ളിച്ച, ശരീരത്തിന്റെ വിസ്മയകരമായ ചലനങ്ങള്‍ കൊണ്ട് പന്തിനെ ചലിപ്പിച്ച, മാന്ത്രികമായ ഒരു ഫുട്‌ബോള്‍ കാലത്തിനു റിയോ ഡി ജനീറോയില്‍ 1983 ജനുവരി 20നു വിരാമം കുറിക്കപ്പെട്ടു.

ഉന്മാദങ്ങള്‍ ബാക്കി നിര്‍ത്തി ഗാരിഞ്ച എന്ന ഫുട്‌ബോള്‍ മൈതാനത്തെ ആ കുഞ്ഞു പക്ഷി ഈ ലോകത്തു നിന്നു മറ്റെങ്ങോട്ടേയ്‌ക്കോ സുദീര്‍ഘമായ യാത്ര പുറപ്പെട്ടു...

Brazilian footballer Mané Garrincha is widely regarded as one of the greatest players of all time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്', വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ചുംബിച്ചത് സഹപ്രവര്‍ത്തകയെ? വിരമിക്കാന്‍ 4 മാസം ബാക്കി, കര്‍ണാടക ഡിജിപിക്ക് സസ്പെന്‍ഷന്‍

എണ്ണ തേച്ചു കുളിക്കേണ്ട സമയം, ഈയാഴ്ച നിങ്ങള്‍ക്കെങ്ങനെ?

ദിവസവും 100 പുഷ്അപ്പ്, ഒന്നോ രണ്ടോ ​ഗ്ലാസ് വൈൻ; 73-ാം വയസ്സിലും 'സിക്സ് പാക്ക്'

'സ്വന്തം മകളെപ്പോലെ കരുതിയ ജ്യേഷ്ഠന്റെ കരുതല്‍'; ദീപക്കിനൊപ്പം അതേ ബസില്‍ യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്; കുറിപ്പുമായി ഹരീഷ് കണാരന്‍

SCROLL FOR NEXT