India’s 1983 World Cup triumph Kapil’s Devils
1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം 1983 Cricket World Cupx

ആ രാത്രിയിൽ ലോകം ഒരു വിസ്മയം കണ്ടു നിന്നു... ലോഡ്‌സില്‍ നുരഞ്ഞ ചെകുത്താന്‍മാരുടെ ഷാംപെയ്ന്‍!

'ഇന്ത്യ ലോകകപ്പ് നേടുമെന്ന് തുടക്കം മുതല്‍ വിശ്വസിച്ച ഏക മനുഷ്യന്‍ കപിലായിരുന്നു'
Published on

1983ല്‍ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി യാത്ര പുറപ്പെടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് തന്റെ ബാഗില്‍ ഒരു കുപ്പി ഷാംപെയ്ന്‍ ആരും കാണാതെ ഒളിച്ചു വച്ചിരുന്നു. ടീം യാത്രയുടെ ഇടയ്‌ക്കെപ്പോഴോ കപിലിന്റെ സഹ താരം കീര്‍ത്തി ആസാദ് അതു കണ്ടുപിടിക്കും വരെ ആ കുപ്പി രഹസ്യമായി കപിലിന്റെ ബാഗിലിരുന്നു. കണ്ടയുടനെ തന്നെ കീര്‍ത്തി ആ ഷാംപെയ്ന്‍ ടീം അംഗങ്ങള്‍ക്കു നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കപില്‍ അതിനു വിസമ്മതമറിയിച്ചു.

പിന്നീട്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലത്തേക്കുള്ള യാത്രയ്ക്കു തുടക്കമിട്ട നിര്‍ണായക നിമിഷത്തില്‍ ആ ഷാംപെയ്ന്‍ കുപ്പി പൊട്ടി നുരഞ്ഞു പൊന്തി... അതും വിശ്വ വിഖ്യാതമായ ലോഡ്‌സിന്റെ ബാല്‍ക്കണിയില്‍ തന്നെ!

ഇന്ത്യന്‍ ക്രിക്കറ്റ് നഭസിലെ നിറമുള്ള ഒരു വിസ്മയ നക്ഷത്രക്കാഴ്ചയാണ് 1983ലെ ഇന്ത്യയുടെ കന്നി ഏകദിന ലോകകപ്പ് വിജയം. രണ്ട് തുടര്‍ ലോകകപ്പ് നേട്ടത്തിന്റെ പകിട്ടില്‍ എത്തിയ അതികായരായ കരീബിയന്‍ പടയെ അരിഞ്ഞു തള്ളി കപിലിന്റെ ഐതിഹാസിക ചെകുത്താന്‍ സംഘം ലോകത്തിന്റെ നെറുകെ നെഞ്ചുവിരിച്ച് നിന്ന രാത്രി.

ഓര്‍മകളുടെ രാത്രി, പ്രചോദനങ്ങളുടെ രാത്രി, ഇന്ത്യയിലെ ക്രിക്കറ്റ് ജ്വരം മൂര്‍ധന്യത്തിലേക്ക് സഞ്ചരിക്കുന്നതിന്റെ ശിലാന്യാസം നടന്ന ലോഡ്‌സിലെ രാവ്.

അന്ന് ലോകകപ്പ് കളിച്ച ആ ടീമിനെപ്പോലെയൊരു സംഘം ഒരുകാലത്തും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ലെന്നു നിസംശയം പറയാം. നിശ്ചദാര്‍ഢ്യമായിരുന്നു കപിലിന്റേയും ചെകുത്താന്‍ സംഘത്തിന്റേയും ധാതുവീര്യം. അന്നുവരെ ലോകം കണ്ട ഏറ്റവും മികച്ച ടീമിനെതിരെയായിരുന്നു ഇന്ത്യയുടെ കലാശപ്പോരാട്ടം. ക്ലൈവ് ലോയ്ഡും വിവിയന്‍ റിച്ചാര്‍ഡ്‌സും മൈക്കല്‍ ഹോള്‍ഡിങും മാല്‍ക്കം മാര്‍ഷലുമടങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയം ഇന്ത്യയിലെ ക്രിക്കറ്റിനെ അടിമുടി മാറ്റാന്‍ പര്യാപ്തമായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ആ വിശ്വ വിജയത്തിന്റെ ആഴവും പരപ്പും. ഇന്ത്യന്‍ കായിക ചരിത്രത്തിലെ മഹത്തായ ഏടായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച, അത്ഭുതപ്പെടുത്തിയ ആ വിജയം.

ലീഗിനപ്പുറം പോകില്ലെന്നു ക്രിക്കറ്റ് പണ്ഡിതരായ എല്ലാവരും വിധിയെഴുതിയ സംഘം. തങ്ങളുടെ വിധി നിര്‍ണയിക്കപ്പെട്ടെന്നു കരുതി തന്നെ മത്സരിക്കാനിറങ്ങിയ ടീം അംഗങ്ങള്‍. ടൂര്‍ണമെന്റില്‍ നിന്നു നേരത്തെ പുറത്താകുമെന്നതിനാല്‍ അമേരിക്കയില്‍ അവധി ആഘോഷിക്കാന്‍ പ്ലാനിട്ട താരങ്ങള്‍.

ടീമിന്റെ ഓപ്പണറായ കൃഷ്ണമാചാരി ശ്രീകാന്ത് ലോകകപ്പിനു തൊട്ടുമുന്‍പാണ് വിവാഹിതനായത്. അദ്ദേഹം ഹണിമൂണ്‍ ട്രിപ്പ് പോലും പ്ലാന്‍ ചെയ്താണ് ഇംഗ്ലണ്ടിലെത്തിയത്!

എന്നാല്‍ കാലം കാത്തു വച്ച വിസ്മയങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു...

ലീഗും കടന്ന് ക്വാര്‍ട്ടറും സെമിയും ഫൈനലും കടന്ന് കപിലും സംഘവും കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ടൂര്‍ണമെന്റിലെ ആദ്യ പോരില്‍ തന്നെ അട്ടിമറിച്ച് തുടങ്ങിയ ഇന്ത്യ കലാശപ്പോരിലും അതു തന്നെ ആവര്‍ത്തിച്ചു. തുടക്കവും ഒടുക്കവും അക്കാലത്തെ ഏറ്റവും മികച്ച ടീമിനെ അട്ടിമറിച്ച് ലോകകപ്പ് നേടിയെന്നതും ആലോചിച്ചു നോക്കിയാല്‍ അവരുടെ കളിയുടെ കാമ്പും കാതലും ഉള്‍ക്കൊള്ളാം. അതിനിടെ ഇന്ത്യ ഓസ്‌ട്രേലിയയോടും വെസ്റ്റ് ഇന്‍ഡീസിനോടും തോല്‍ക്കുന്നുമുണ്ട്.

ലീഗിലെ അഞ്ചാം പോരില്‍ എതിരാളികള്‍ സിംബാബ്‌വെ. ആദ്യം ബാറ്റിങിനെത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ തുടക്കത്തില്‍ തെളിഞ്ഞത് റണ്‍സല്ല. വിക്കറ്റായിരുന്നു. റണ്ണെടുക്കും മുന്‍പ് ഒന്നാം വിക്കറ്റ് നഷ്ടം.

India’s 1983 World Cup triumph Kapil’s Devils
അവര്‍ക്ക് ഫുട്‌ബോള്‍ ഉന്മാദമാണ്; ചോര തെറിക്കും കലഹവും കലാപവും...!

6 റണ്‍സ് എത്തുമ്പോഴേയ്ക്കും 3 പേര്‍ കൂടാരം കയറിക്കഴിഞ്ഞു. ഓപ്പണര്‍മാരായ സുനില്‍ ഗാവസ്‌കറും ശ്രീകാന്തും പൂജ്യത്തില്‍ മടങ്ങി. പിന്നാലെ വന്ന മൊഹിന്ദര്‍ അമര്‍നാഥ് 5 റണ്‍സുമായും സന്ദീപ് പാട്ടീല്‍ 1 റണ്‍സുമായും തിരിച്ചെത്തി. 9 റണ്‍സില്‍ നാലാം വിക്കറ്റും 17 റണ്‍സില്‍ അഞ്ചാം വിക്കറ്റും നഷ്ടം.

ആറാം സ്ഥാനത്ത് എത്തിയത് കപില്‍ ദേവായിരുന്നു. മറു ഭാഗത്ത് വിക്കറ്റ് വീഴ്ച തുടരുന്നുണ്ടായിരുന്നു. എന്നാല്‍ കപില്‍ മാത്രം കുലുങ്ങിയില്ല. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി നിലകൊണ്ട ഒറ്റ മനുഷ്യനേ ടീമില്‍ ഉണ്ടായിരുന്നുള്ളു. അത് കപില്‍ ദേവ് രാംലാല്‍ നികുഞ്ജ് എന്ന ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. ലീഗ് പോരില്‍ കപിലിന്റെ ബാറ്റിങ് മൂര്‍ധന്യം ലോകം അന്നാദ്യമായി കണ്ടു. അമ്പരപ്പിക്കുന്ന രീതിയില്‍ ഏതാണ്ട് ഒറ്റയ്ക്ക് കപില്‍ ടീമിനെ ചുമന്നു. റോജര്‍ ബിന്നി (22), മദന്‍ ലാല്‍ (17) എന്നിവരെ കൂട്ടുപിടിച്ച് കപില്‍ അസാധ്യമെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഇന്നിങ്‌സാണ് കളിച്ചത്.

138 പന്തില്‍ 16 ഫോറും 6 സിക്‌സും സഹിതം 175 റണ്‍സാണ് അന്ന് കപില്‍ പുറത്താകാതെ അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിന്റെ ഈ കാലത്തു നിന്നു 42 കൊല്ലം പിന്നിലേക്ക് സഞ്ചരിച്ചാല്‍ അതിന്റെ മൂല്യം തിട്ടപ്പെടുത്തി എടുക്കാം. 9ാം സ്ഥാനത്തിറങ്ങിയ സയ്യിദ് കിര്‍മാനി പുറത്താകാതെ 24 റണ്‍സുമായി ക്യാപ്റ്റനൊപ്പം നിന്നപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 266 റണ്‍സ് എന്ന സംഖ്യ തെളിഞ്ഞു.

77 റണ്‍സില്‍ ആറാം വിക്കറ്റും 78ല്‍ ഏഴാം വിക്കറ്റും 140ല്‍ എട്ടാം വിക്കറ്റും നഷ്ടമായ ടീമാണ് 60 ഓവറില്‍ (അന്ന് 60 ഓവറായിരുന്നു ഏകദിനം) 266 റണ്‍സ് സ്വന്തമാക്കിയത്. അതില്‍ 175ഉം കപിലിന്റെ ബാറ്റില്‍ നിന്ന്. സയ്യിദ് കിര്‍മാനി 56 പന്തുകള്‍ ചെറുത്തു നിന്നതോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തുന്നത്. ഏകദിന കരിയറില്‍ കപില്‍ നേടിയ ഏക ശതകവും ഇതു തന്നെ. അടുത്ത മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയേയും വീഴ്ത്തി സെമിയിലേക്ക് ടിക്കറ്റെടുത്തു. സെമിയില്‍ അനായാസം ഇംഗ്ലീഷ് പടയെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്ത് ഫൈനലിലേക്ക്. സെമിയില്‍ 6 വിക്കറ്റ് ജയം.

അതോടെ ശ്രീകാന്തിന് ഹണിമൂണ്‍ ട്രിപ്പിനായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നു. ടീം അംഗങ്ങളുടെ അവധി ആഘോഷങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. തനിക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ കപിലിന് ബാധ്യതയുണ്ടെന്നു പില്‍ക്കാലത്ത് ശ്രീകാന്ത് തമാശയായി പറഞ്ഞിട്ടുണ്ട്.

1983 world cup
ലോകകപ്പ് നേടിയ അം​ഗങ്ങൾ വർഷങ്ങൾക്കു ശേഷം ഒത്തുകൂടിയപ്പോൾ 1983 Cricket World Cupx

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം അനായാസം നിര്‍ണയിക്കപ്പെട്ടു എന്ന തോന്നലായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ 140 റണ്‍സില്‍ വിഖ്യാത കരീബിയന്‍ സംഘം പൊലിഞ്ഞു തീരുന്നത് കണ്ടു ലോകം അമ്പരന്നു നിന്നു.

കത്തുന്ന ഫോമില്‍ നിന്ന വിവിയന്‍ റിച്ചാര്‍ഡ്സിനെ അവിശ്വസനീയമായി പുറത്താക്കി കപില്‍ തകര്‍ച്ചയുടെ നാന്ദി കുറിച്ചു. കപിലിന്റെ കേളികേട്ട ഒരു ക്യാച്ചായിരുന്നു വിന്‍ഡീസ് പടയുടെ തകര്‍ച്ചയുടെ തുടക്കമിട്ട റിച്ചാര്‍ഡ്സിന്റെ പുറത്താകല്‍. ആ നിമിഷത്തില്‍ കിരീടം ഇന്ത്യക്കെന്നു കപില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അസാധ്യമായ തകര്‍ച്ചയില്‍ നിന്നു 175 അടിച്ച് ഇന്ത്യയെ ഉയര്‍ത്തിയ അതേ കപില്‍.

റിച്ചാര്‍ഡ്സിന്റെ മടക്കം കളിയുടെ ഗതി നിര്‍ണയിച്ചു എന്നു തെളിയിക്കുന്നതായിരുന്നു വിന്‍ഡീസ് ബാറ്റിങ് സംഘത്തിന്റെ ദയനീയ പതനം.

ലോകകപ്പിന് മുന്‍പ് വിസ്ഡം ക്രിക്കറ്റ് മന്ത്ലി എഡിറ്റര്‍ ഡേവിഡ് ഫ്രിത് ഒരു ലേഖനം എഴുതിയിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന പ്രവചനമായിരുന്നു ആ ലേഖനം. അഥവാ പ്രവചനം തെറ്റിയാല്‍ ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ താന്‍ തിരിച്ചെടുക്കുമെന്നും ഫ്രിത് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് വിജയം പിന്നീട് ഫ്രിതിനെ ഒരു വായനക്കാരന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഫ്രിത് വാക്കും പാലിച്ചു. അദ്ദേഹം തന്റെ പ്രവചനം തെറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞു. ആ വാക്കുകള്‍ പിന്‍വലിക്കപ്പെട്ടത് ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തിന്റെ ശ്രദ്ധേയ പ്രതീകമാണ്.

India’s 1983 World Cup triumph Kapil’s Devils
എസ് കല്യാണ രാമന്റെ 'ചാരുകേശി'യും... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബൈസിക്കിള്‍ കിക്കും'!

1983ലെ ലോകകപ്പ് വിജയം ഇന്ത്യയുടെ കായിക ഭൂപടത്തിലെ നിര്‍ണായക ദശാസന്ധിയാണ്. നിശ്ചയദാര്‍ഢ്യത്തിന്റേയും തിരിച്ചടിക്കാനുള്ള ഇച്ഛാശക്തിയുടെയും മൈതാനക്കാഴ്ച. പൊരുതിക്കയറും പോരാട്ടങ്ങളുടെ പല പാഠങ്ങള്‍ പില്‍ക്കാല ഇന്ത്യന്‍ കായിക ലോകത്തിനു പകര്‍ന്ന ചരിത്ര മുന്നേറ്റമായിരുന്നു ആ ലോക കിരീടം.

കപില്‍ അന്ന് ഷാംപെയ്ന്‍ കുപ്പി തന്റെ ബാഗില്‍ വയ്ക്കുമ്പോള്‍ വിശ്വം ജയിച്ചേ മടങ്ങി വരൂ എന്നു ഒരുപക്ഷേ അയാള്‍ മാത്രം ഉറപ്പിച്ചിരുന്നു. അത് കളത്തില്‍ അയാള്‍ കാണിക്കുകയും ചെയ്തു. ബാറ്റിങ് വേണ്ടപ്പോള്‍ അങ്ങനെ, പന്തെടുക്കുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴുമൊക്കെ കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു ആ മനുഷ്യന്‍.

കപില്‍ ബാഗില്‍ വച്ച ഷാംപെയ്ന്‍ കുപ്പിയെക്കുറിച്ച് ഒരിക്കല്‍ കീര്‍ത്തി ആസാദ് ഇങ്ങനെ പറഞ്ഞു.

'ഇതുകൊണ്ടു നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുകയാണ്. നിങ്ങള്‍ ഇതു കുടിക്കരുത്. അതു ഞങ്ങള്‍ക്കു തരു. ഞാന്‍ കപിലിനോടു ആവശ്യപ്പെട്ടു. എന്നാല്‍ കപില്‍ ആര്‍ക്കും അതു നല്‍കിയില്ല. ലോകകപ്പ് കഴിയുന്നതു വരെ അവന്‍ അതു സൂക്ഷിച്ചു. അന്ന് ലോഡ്സിന്റെ ബാല്‍ക്കണിയില്‍ തുറന്ന ആദ്യത്തെ കുപ്പി അതായിരുന്നു. കപിലിന്റെ കൈയില്‍ നിന്നു ഷാംപെയ്ന്‍ കുപ്പി എടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അവന്‍ അപ്പോഴും അതു നല്‍കിയില്ല. ടീം കിരീടം നേടുമെന്ന് തുടക്കം മുതല്‍ വിശ്വസിച്ച ഏക മനുഷ്യന്‍ കപിലായിരുന്നു'!

Summary

The 1983 Cricket World Cup (officially the Prudential Cup '83) was the third edition of the Cricket World Cup tournament. It was held from 9 to 25 June 1983 in England and Wales and was won by India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com