തിരക്കഥയെഴുതാൻ കലൂർ ഡെന്നിസിന് പ്രചോദനമാകുംവിധമാണ് ആന്റോ അഗസ്റ്റിനേയും കൂട്ടി വയനാട് ചുരം കയറിയ കേരള പൊലീസിന്റെ കണ്ടെത്തലുകൾ. മെസി ഡീൽ മുതൽ ആരുടേയോ രണ്ടാം കല്യാണത്തിന്റെ കുറി വരെ അന്വേഷിച്ചിറങ്ങിയ പൊലീസിന്റെ കയ്യിൽ തടഞ്ഞത് അന്യഥാ പ്രലോഭനത്തിനു കാരണമാകുംവിധം മദ്യക്കുപ്പികളായിരുന്നു. വെറും കുപ്പികളല്ല, വിലകൂടിയ വിദേശനിർമിത വിദേശമദ്യക്കുപ്പികൾ. എക്‌സൈസിന് തിരിച്ചറിയാൻ കഴിയാത്ത വാറ്റും കൂട്ടത്തിലുണ്ട്. വയനാടല്ലേ, വാറ്റില്ലാതിരിക്കുമോ? നിർമിക്കാനും സൂക്ഷിക്കാനും എക്‌സൈസിന്റെ അനുമതിയില്ലാത്തതുകൊണ്ടാണ് അവ വ്യാജമായത്. അമേരിക്കയിൽ ചെന്നാൽ സമ്പന്നരായ മലയാളികൾ നിലവറ തുറന്ന് മദ്യശേഖരത്തിന്റെ വിസ്മയം കാണിച്ചുതരും. അതവരുടെ അഭിമാനമാണ്. കേരളത്തിൽ നിർഭാഗ്യവശാൽ മദ്യം ശേഖരിക്കുന്നത് ശിക്ഷാർഹമായതും ജാമ്യം ലഭിക്കാത്തതുമായ കുറ്റമാണ്. കിട്ടുന്നത് ഉടൻ കുടിക്കണം. അഗസ്റ്റിൻ കുടുംബത്തിലെ മദ്യം കഴിക്കാത്ത കൊച്ചുമുതലാളി വയനാട്ടിൽ അയാളുടേതല്ലെന്നു പറയുന്ന ആരുടേയോ വീട്ടിൽ അത് അലക്ഷ്യമായി കരുതിവച്ചത് അക്ഷന്തവ്യമായ അപരാധമായി ഞാൻ കാണുന്നില്ല. ക്രിസ്മസിന് അത് തീർക്കുമായിരിക്കും. നിയമങ്ങളിൽ കാലാനുസാരിയായ മാറ്റമുണ്ടാകണം. മരം മുറിക്കുന്നതുപോലെ അഗസ്റ്റിൻ സഹോദരൻ മദ്യം വാറ്റി വിൽക്കുന്നുവെന്ന് പറയാനാവില്ല. ഡ്രൈ ഡേയിലെ കച്ചവടക്കാരനായി അയാളെ കാണരുത്. വിരോധത്തിന്റെ മൂർധന്യത്തിൽ പൊലീസിനെക്കൊണ്ട് ഒരുപക്ഷേ, അതും പറയിപ്പിച്ചുകൂടെന്നില്ല.
എന്റെ വിഷയം മറ്റൊന്നാണ്. മദ്യത്തിന്റെ ലഹരിയിലും ഉന്മാദത്തിലും മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. മാധ്യമസ്ഥാപനത്തിലെ ന്യൂസ് റൂമിന്റെ അലംഘനീയത അക്കൂട്ടത്തിൽപ്പെടുന്നു. മൂലധനത്തിന്റെ ഹാൾമാർക് നോക്കിയല്ല മാധ്യമവിഷയങ്ങളിൽ നിലപാടെടുക്കേണ്ടത്. അൻപതാം വർഷത്തിലും അടിയന്തരാവസ്ഥ എന്ന ഭീകരാനുഭവത്തിന്റെ ഓർമയിൽ മനസ്സുലയുന്ന ആളെന്ന നിലയിൽ എനിക്ക് ചില നിലപാടുകളിൽ വിട്ടുവീഴ്ചയില്ല. ന്യൂസ് റൂമിൽ വാർത്താസംപ്രേഷണം നടക്കുമ്പോൾ കാക്കിയിട്ട പൊലീസുകാർ അതിക്രമിച്ചു കയറി ന്യൂസ് എഡിറ്ററുടെ കസേരയിൽ ഇരിപ്പുറപ്പിച്ചതും ന്യൂസ് റൂം നിയന്ത്രണവിധേയമാക്കിയതും ഗർഹണീയതയാണ്. മരംമുറി മുതൽ സ്റ്റേഡിയം കയ്യേറ്റം വരെ നിരവധിയായ സഹോദര വിക്രിയകൾ മറന്ന് അപലപിക്കേണ്ടതായ കാര്യമാണത്. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അത് ചെയ്തില്ലെന്നു മാത്രമല്ല, അപലപിച്ചവരെ പരിഹസിക്കുകയും ചെയ്തു. മീഡിയ വൺ സംപ്രേഷണാനുമതി പിൻവലിക്കപ്പെട്ടപ്പോൾ തെരുവിൽ പ്രതിഷേധിച്ച് ക്രിമിനൽ കേസിൽ പ്രതിയായ ആളാണ് ഞാൻ. ആ ചാനലിന്റെ മൂലധനത്തിന്റെ വിശുദ്ധി ഞാൻ നോക്കിയില്ല. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവർത്തനം പ്രതിഫലേച്ഛയില്ലാത്തതാണ്. അത് റിപ്പബ്ലിക്കിനുവേണ്ടിയുള്ള പ്രാർത്ഥനയാണ്.
Like a bull in a china shop എന്ന് ഇംഗ്ലീഷിൽ ഒരു ഇഡിയം പഠിച്ചിട്ടുണ്ട്. പിഞ്ഞാണക്കടയിൽ കയറിയ കാളക്കൂറ്റൻ എന്തൊക്കെ ഉടയ്ക്കുമെന്ന് പറയാനാവില്ല. മുഖ്യമന്ത്രിക്ക് അസൗകര്യമുളവാക്കുന്ന ഒരു രേഖ പിടിച്ചെടുക്കാനായിരുന്നുവത്രേ പൊലീസിന്റെ നീക്കം. എങ്കിൽ അവസ്ഥ കുറേക്കൂടി ഗൗരവമുള്ളതാകുന്നു. റിപ്പോർട്ടർമാരുടെ ചേംബറിലും ഫോണിലും സംരക്ഷിക്കപ്പെടേണ്ടതായ രഹസ്യങ്ങൾ ഉണ്ടായിരിക്കും. വാർത്തയുടെ സോഴ്‌സ് വെളിപ്പെടുത്തുന്ന സൂചനകളും അക്കൂട്ടത്തിലുണ്ടാകും. വാട്ടർഗേറ്റ് വാർത്തകളുടെ കാലത്ത് ഡീപ്പ് ത്രോട്ട് എന്നറിയപ്പെട്ടിരുന്ന സോഴ്‌സിന്റെ ഐഡന്റിറ്റി വെളിപ്പെട്ടു കിട്ടുന്നതിന് വാഷിങ്ടൺ പോസ്റ്റിന്റെ ന്യൂസ് റൂമുകളിൽ റെയ്ഡ് ഉണ്ടായില്ല. ഉണ്ടായെങ്കിലും ഒന്നും കിട്ടുമായിരുന്നില്ല. അത്ര രഹസ്യത്തിലാണ് സോഴ്‌സ് വിവരങ്ങൾ കൈമാറിയിരുന്നത്. ഔദ്യോഗിക വിവരങ്ങൾ ചോരുന്നത് തടയാൻ നിയോഗിക്കപ്പെട്ട എഫ്.ബി.ഐ മേധാവി തന്നെയായിരുന്നു വിവരങ്ങൾ ചോർത്തിക്കൊണ്ടിരുന്നതെന്ന കാര്യം പത്രചരിത്രത്തിൽ എക്കാലത്തും ചിരിക്കുള്ള വകയായി.
വാർത്താസ്രോതസ് കോടതി ആവശ്യപ്പെട്ടാൽ മാത്രമാണ് വെളിപ്പെടുത്തേണ്ടത്. അപ്പോഴും അനുസരിക്കാത്ത മാധ്യമപ്രവർത്തകരുണ്ട്. അവർ ഉന്നതമായ മാധ്യമതത്ത്വങ്ങൾ പാലിച്ച് ജയിലിൽ പോകുന്നവരാണ്. ഈ പശ്ചാത്തലത്തിൽ വേണം രേഖ തേടിയുള്ള പൊലീസ് പര്യവേഷണത്തെ കാണേണ്ടത്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അലോസരപ്പെടുത്തുന്ന രേഖ തേടിയെത്തിയവരാണ് അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയത്. രേഖ കിട്ടിയില്ല. ഒടുവിൽ രേഖ കൈവശപ്പെടുത്തിയ ജയറാം പടിക്കൽ അത് ചിന്നം ചിന്നം കീറി ചിക്കൻ കറിയിലാക്കി രേഖയുടെ കൈവശക്കാരനായിരുന്ന നവാബ് രാജേന്ദ്രനെക്കൊണ്ട് കഴിപ്പിച്ചു.
രേഖ എപ്പോഴും വാർത്തയിൽ ഇടംപിടിക്കാറുണ്ട്. ചില രേഖകൾ ശങ്കരാടി കാണിക്കുംപോലെ കൈവെള്ളയിലായിരിക്കും. രേഖ ആർക്കാണോ അസൗകര്യമാകുന്നത് അയാളുടെ ദൃഷ്ടിയിൽ അത് വ്യാജരേഖയായിരിക്കും. കെ.വി. തോമസ് മന്ത്രിയായിരുന്നപ്പോൾ മന്ത്രിയുടെ ഹവാല ഇടപാട് എന്ന വാർത്തയ്ക്ക് ഉപോദ്ബലകമായി സൂര്യ ടിവിയിൽ അനിൽ നമ്പ്യാർ പ്രദർശിപ്പിച്ച രേഖ വ്യാജമാണെന്ന് മന്ത്രി പറഞ്ഞതോടെ രേഖ വ്യാജരേഖയായി. അനിൽ നമ്പ്യാർ പ്രതിയായി. പൊലീസ് മുദ്രയുള്ള രേഖ വ്യാജമാണെന്ന് പൊലീസ് പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ അത് സ്വീകരിക്കുകയും അനിൽ നമ്പ്യാർ ഒറ്റപ്പെടുകയും ചെയ്തു.
പൊലീസിന് എവിടെയും കടക്കാമെന്നത് നിയമപരമായി ശരിയായ മിഥ്യാധാരണയാണ്. ക്ഷേത്രത്തിലൊളിച്ച പ്രതിയെ പിടിക്കാൻ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒരിക്കൽ ക്ഷേത്രത്തിൽ കയറി. ഉമ്മറും ഉമ്മനും ക്ഷേത്രത്തിൽ കടന്നു എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഇന്നത്തെ അവസ്ഥ അല്ലാതിരുന്നതുകൊണ്ട് അന്ന് അതങ്ങനെ അവസാനിച്ചു. മന്നം സമാധിയിൽ വി.ഐ.പിക്ക് അകമ്പടിയായിപ്പോലും ഷൂസിട്ട പൊലീസുകാർ കയറരുതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറയുന്നത് ആ പരിസരത്തിന്റെ പവിത്രത കണക്കിലെടുത്തുകൊണ്ടാണ്. ജനാധിപത്യത്തിലും ചില ശ്രീകോവിലുകളുണ്ട്. ശബരിമലയിലെ ശ്രേഷ്ഠതന്ത്രി സ്വർണാപഹരണക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. അതുകൊണ്ട് പരിശോധനയുടെ ഭാഗമായി അദ്ദേഹത്തിനു മാത്രം പ്രവേശനമുള്ള ശ്രീകോവിലിലേക്ക് പൊലീസിനു കയറാൻ കഴിയുമോ?
ചില വാക്കുകൾ ചിലരോടു ചേരുമ്പോൾ അർത്ഥവത്താകും. ഉദാഹരണം വേഡ്‌സ് വർത്ത്. കവിയുടെ പേരായപ്പോൾ അത് മൂല്യവത്തായി. അപ്രകാരം വാക്കുകൾ ആപ്റ്റാകുന്ന അവസ്ഥയെ ആപ്‌ട്രോണിം എന്നു പറയും. ആകെ അലങ്കോലമാകുന്ന അവസ്ഥയ്ക്ക് മെസി എന്നു പറയും. ലയണൽ മെസിയുമായി ചേരുമ്പോൾ മെസി ആപ്‌ട്രോണിം ആകുന്നില്ല. പക്ഷേ, ആന്റോ അഗസ്റ്റിനുമായി ചേർന്നപ്പോൾ മെസി അലങ്കോലത്തിന്റെ പര്യായമായി. അർജന്റീന ഡീലുമായി ബന്ധപ്പെട്ട് ഒരു അന്താരാഷ്ട്ര കേസിൽ കുടുങ്ങിയിരുന്നെങ്കിൽ അത് ആ ധനികന് ഭൂഷണമാകുമായിരുന്നു. പക്ഷേ, ഇപ്പോൾ പെട്ടത് വിലയും വീര്യവും തരവും കുറഞ്ഞ കേസിലാണ്. ഇങ്ങനെയാണ് സ്വന്തം പണം മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. മെസി വല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കിയിടത്തോളം പറ്റിക്കപ്പെട്ടത് മെസിയുടെ ദർശനസൗഭാഗ്യത്തിനായി കാത്തിരുന്ന ജനമാണ്. അവരിൽനിന്ന് ആന്റോ ഒന്നും കൈപ്പറ്റിയിട്ടില്ലാത്തതുകൊണ്ട് ഒരു ശിക്ഷയും ആന്റോയെ കാത്തിരിക്കുന്നില്ല. ശിക്ഷിക്കപ്പെടാതെ വിചാരണ ചെയ്യപ്പെടുന്നവരുടെ കൂടെയാണ് ഞാൻ. അബ്‌ദുന്നാസർ മഅ്ദനി, പിണറായി വിജയൻ, ബിഷപ്പ് ഫ്രാങ്കോ, ദിലീപ്. മാധ്യമവിചാരണയാണ് അവർക്കുള്ള ശിക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates