ഇരട്ടത്താപ്പുകാർ എന്ന് അങ്ങോട്ടും ഇങ്ങോട്ടും പല വംശക്കാരും ദേശക്കാരും പഴിചാരാറുണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാർ പെട്ടുപോകുന്നത് വിഷയം വർണവെറി ആകുമ്പോഴാണ്. വംശീയ വിദ്വേഷത്തിന്റെ വികൃതമുഖമാണല്ലോ വർണവെറി. ഒരുകാലത്ത് വെള്ളക്കാരിൽനിന്നും സ്വന്തം നാട്ടിലും കുടിയേറിയ നാടുകളിലും വർണവെറിയുടെ ഇരകളായിരുന്നു ഇന്ത്യക്കാർ. അതിനെതിരെ അതിശക്തമായി പ്രതിഷേധിച്ച ചരിത്രമാണ് നമ്മുടേത്. ദക്ഷിണ ആഫ്രിക്കയിൽ ട്രെയിനിൽനിന്നും ഗാന്ധിജിയെ പുറത്താക്കിയ സംഭവത്തിൽ ആത്മരോഷം കൊള്ളാത്ത ഇന്ത്യക്കാർ ഇന്നും ഉണ്ടാവില്ല. എന്നാൽ, വെള്ളക്കാരുടെ വർണവിദ്വേഷം ഇന്ന് പുറമേ എങ്കിലും അടിമുടി മാറി. അതേസമയം, ഇന്ത്യക്കാരാകട്ടെ, പണ്ടത്തെ വെള്ളക്കാരേയും പിന്നിലാക്കി തൊലിപ്പുറത്തിന്റെ മഹത്വത്തിന് പുതിയ ആഴങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രബുദ്ധ കേരളത്തിൽ അടുത്തിടെ ഒരു ഉന്നത ഉദ്യോഗസ്ഥയ്ക്കും നർത്തകനും ശാന്തിക്കാരനും നിറത്തിന്റെ പേരിൽ നേരിട്ട അനുഭവങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊള്ളത്തരവും തൊലിക്കട്ടിയുമാണ് കാണിക്കുന്നത്. ഒന്നുമില്ലെങ്കിലും വെള്ളക്കാർ അവരുടെ ഇടയിൽ വർണവെറി കാണിച്ചിരുന്നില്ല. നമ്മളാകട്ടെ, നാട്ടുകാരേയും സ്വന്തക്കാരേയും പോലും നിറത്തിന്റെ പേരിൽ മാറ്റിനിർത്താനുള്ള പുതിയ മേഖലകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. എങ്കിലും അതിന്റെ കനം കേവലം തൊലിപ്പുറം എന്ന് വിശേഷിപ്പിക്കാനുള്ളത്രയുമേയുള്ളു. എന്നിരുന്നാലും മാരക അണുക്കളിൽനിന്നും ചൂടിൽനിന്നും തണുപ്പിൽനിന്നുമൊക്കെ നനുത്ത ചർമസ്തരം പ്രതിരോധ കവചം ഒരുക്കുന്നു. അതേസമയം തൊലിപ്പുറമാകട്ടെ, പല നിറത്തിൽ കാണപ്പെടുന്നു - കറുത്തവർ, വെളുത്തവർ, ഇരുനിറക്കാർ, തവിട്ട് നിറവും മഞ്ഞനിറവും കലർന്നവർ. എന്നാൽ, ഇവരെല്ലാവരും തന്നെ ആഫ്രിക്കയിൽ നിന്നുള്ള ഒരു അമ്മയിൽനിന്നും പെറ്റുപെരുകിയവരുമാണ്. അപ്പോൾ പിന്നെ എങ്ങനെയാണ് മനുഷ്യർ വ്യത്യസ്ത നിറക്കാരായി മാറിയത്?
സസ്തനി വർഗങ്ങളുടെ സവിശേഷതയാണ് രോമാവൃതമായ ശരീരം. ഇന്നുള്ള 5000-ത്തോളം സസ്തനിവർഗങ്ങളിൽ രോമമില്ലാത്തവയെ ആന, കാണ്ടാമൃഗം, ഹിപ്പോ എന്നിങ്ങനെ വിരലിലെണ്ണാം. നമ്മുടെ മച്ചുനന്മാരായ ചിമ്പാൻസിയും ഗൊറില്ലയുമൊക്കെ രോമനിബിഡരാണ്. മറ്റ് ആൾക്കുരങ്ങുകളുടെ പൂർവികരിൽനിന്നും മനുഷ്യപൂർവികർ പിരിഞ്ഞ ശേഷമുണ്ടായ പ്രധാന പരിണാമമാറ്റങ്ങളിൽ ഒന്നാണ് രോമാവൃതപ്രകൃതിയിൽ ഉണ്ടായ സാരമായ കുറവ്. ഏകദേശം പതിനഞ്ച് ലക്ഷം വർഷങ്ങൾക്ക് മുന്‍പ് മനുഷ്യപൂർവികരായ ഹോമോ ഇറക്ടസ് സ്‌പീഷീസിലാണ് ഈ ‘പരിണാമ-വാക്‌സിങ്’ നടന്നത്. ആൾക്കുരങ്ങുകളുടെ ആദിമ ആവാസവ്യവസ്ഥയായ ആഫ്രിക്കയിലെ മഴക്കാടുകളിൽനിന്ന് തുറസ്സായ പുൽമേടുകളിലേക്ക് മനുഷ്യപൂർവികർ കുടിയേറിയ സമയത്താണ് തൊലിപ്പുറം മാറാൻ തുടങ്ങുന്നത്. വനാന്തരങ്ങളിലെ ഇരുളിമയിൽനിന്നും സൂര്യൻ ജ്വലിച്ച് നിൽക്കുന്ന പുൽമേടുകളിലെത്തിയപ്പോൾ ശരീരോഷ്മാവിന്റെ ക്രമീകരണത്തിന് മാറ്റങ്ങൾ അനിവാര്യമായിരുന്നു. മുഖ്യമായും തലയിലും കക്ഷത്തും ഗുഹ്യഭാഗങ്ങളിലും ഒഴിച്ച് രോമാവൃത പ്രകൃതം ഇല്ലാതെയായി: കൂടുതൽ കൂടുതൽ വിയർപ്പ് ഗ്രന്ഥികൾ ഉണ്ടായി. അതോടൊപ്പം മനുഷ്യചർമത്തിന്റെ നിറവും അതിജീവനവും തമ്മിലുള്ള അഭേദ്യബന്ധത്തിനും തുടക്കമായി.
ചർമത്തിലുള്ള മെലാനിൻ എന്ന വർണകത്തിന്റെ ഏറ്റക്കുറച്ചിലുകളാണല്ലോ മനുഷ്യരുടെ ഇടയിലെ നിറവ്യത്യാസത്തിന് കാരണം. ആദ്യകാല ശാസ്ത്രീയ നിഗമനങ്ങൾ പറഞ്ഞിരുന്നത് സൂര്യകിരണങ്ങൾ ഏറ്റുള്ള കാൻസറുകളിൽനിന്നും മറ്റ് പരിക്കുകളിൽ നിന്നുമുള്ള സുരക്ഷയ്ക്കായിട്ടാണ് ചർമത്തിൽ മെലാനിൻ ഉണ്ടായതെന്നാണ്. അങ്ങനെ ആഫ്രിക്കയിലെ ആദിമ മനുഷ്യ വർഗങ്ങൾ - കറുത്ത നിറക്കാരായി. പക്ഷേ, ഈ അനുമാനത്തിൽ ചില വിള്ളലുകളുണ്ട്. ഇത് ആഫ്രിക്കയിലെ മനുഷ്യപൂർവികർ ഇരുണ്ടവരായി മാറാൻ മറ്റ് കാരണങ്ങൾ ഉണ്ടോയെന്നുള്ള അന്വേഷണത്തിൽ ശാസ്ത്രലോകത്തെ എത്തിച്ചു.
വിറ്റാമിൻ B9 (ഗുളിക ആയി നൽകുമ്പോൾ ഫോലിക് ആസിഡ്) ചുവന്ന രക്താണുക്കൾ ഉണ്ടാകുന്നതിനും കോശങ്ങളുടെ വളർച്ചയ്ക്കും അവശ്യഘടകമാണ്. ഗർഭകാലത്ത് അത്യന്താപേക്ഷിതമായ വിറ്റാമിൻ B9-ന്റെ അഭാവം നവജാത ശിശുക്കളിൽ നാഡീവ്യൂഹ വൈകല്യങ്ങൾക്ക് കാരണമാകാം. ഇതേ വിറ്റാമിനുമായി ബന്ധപ്പെട്ട മറ്റൊരു അറിവ് മനുഷ്യ ചർമത്തിലെ ഇരുളിമ എങ്ങനെ ഉണ്ടായി എന്നതിലേക്ക് വെളിച്ചം വീശി. ശക്തമായ സൂര്യപ്രകാശമേറ്റാൽ വിറ്റാമിൻ B9-ന്റെ അളവ് കുറയാം. എന്നാൽ, ചർമത്തിൽ മെലാനിൻ ഉണ്ടെങ്കിൽ അത് അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് വിറ്റാമിന്റെ നാശം ഒഴിവാക്കും. ഇങ്ങനെ ചൂടുള്ള സ്ഥലങ്ങളിൽ കറുപ്പ് നിറം രക്ഷാകവചം ഒരുക്കുന്നു.
നമ്മുടെ നിറവുമായി അഭേദ്യബന്ധമുള്ള മറ്റൊരു ഘടകമാണ് വിറ്റമിൻ D. കാൽസ്യം ഭക്ഷണത്തിൽനിന്ന് ആഗിരണം ചെയ്യാൻ വിറ്റമിൻ D ആവശ്യമാണ്. വിറ്റാമിന്‍ D-യുടെ പ്രത്യേകത സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ത്വക്കിൽതന്നെ ഉല്പാദിപ്പിക്കപ്പെടുന്നു എന്നതാണ്. ജന്മഭൂമിയായ ആഫ്രക്കയിൽനിന്ന് ആധുനിക മനുഷ്യർ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയതോടെ ചർമത്തിന്റെ നിറം പരിണാമ പ്രക്രിയയ്ക്ക് വീണ്ടും വിധേയമായി. ഏതാണ്ട് എഴുപതിനായിരം വർഷങ്ങൾക്ക് മുന്‍പെയാണ് ആഫ്രിക്കയിൽനിന്ന് പുറത്തേക്കുള്ള പലായനം ആരംഭിക്കുന്നത്. ആഫ്രിക്കയിൽനിന്ന് പുറപ്പെട്ട ആദ്യ കൂട്ടർ ഏകദേശം അന്‍പതിനായിരം വർഷങ്ങൾക്ക് മുന്‍പ് തന്നെ വൻകരകളും കടലുകളും താണ്ടി ആസ്ട്രേലിയയിൽ എത്തിച്ചേർന്നതായി കരുതപ്പെടുന്നു. സൂര്യവികിരണങ്ങൾ കഠിനമായ ആസ്ട്രേലിയയിൽ എത്തിയവർ ആഫ്രിക്കയിലെ പൂർവികരെപ്പോലെ കറുത്തവരായി തുടർന്നു. കറുത്ത ചർമം വിറ്റാമിൻ ബി 9-ന്റെ അളവ് കുറയുന്നതിൽനിന്നും ത്വക്ക് കാൻസറിൽനിന്നും ആസ്‌ട്രേലിയൻ ആദിവാസികളെ രക്ഷിച്ചു. അതേസമയം സൂര്യകിരണങ്ങൾ അതിശക്തമായ പ്രദേശമായതിനാൽ കറുത്തനിറം വിറ്റാമിൻ ഡി-യുടെ ഉല്പാദനത്തിന് തടസ്സമായതുമില്ല.
ഏതാണ്ട് മുപ്പതിനായിരം വർഷങ്ങൾക്കു മുമ്പെയാണ് യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിൽ മനുഷ്യർ എത്തിച്ചേർന്നത്. സൂര്യപ്രകാശം പരിമിതമായ ശീതപ്രദേശങ്ങളിൽ എത്തിയവർ അതിജീവനത്തിന്റെ ഭാഗമായി മെലാനിൻ കുറഞ്ഞ് വെളുത്ത നിറക്കാരായി മാറി. സൂര്യപ്രകാശം പരിമിതമായതിനാൽ കറുപ്പ് നിറം വിറ്റമിൻ ഡി-യുടെ ഉല്പാദനത്തിന് തടസ്സമാവുമായിരുന്നു. അതേസമയം, സൂര്യതാപം കുറവായതിനാൽ കറുത്തവർ വെള്ളക്കാരായി എന്നതുകൊണ്ട് വിറ്റമിൻ ബി 9-ന്റെ അളവ് കുറയുന്നില്ല - ത്വക്ക് കാൻസർ കൂടുതലായി ഉണ്ടാകുന്നുമില്ല. ചുരുക്കത്തിൽ വിവിധ മനുഷ്യവിഭാഗങ്ങളുടെ നിറം സൂര്യപ്രകാശത്തിന്റെ തീവ്രതയുടേയും അതുമായി ബന്ധപ്പെട്ടുള്ള വിറ്റാമിൻ ഡി, വിറ്റമിൻ ബി 9 എന്നിവയുടെ ലഭ്യതയുടേയും ത്വക് കാൻസർ ഉണ്ടാകാനുള്ള സാധ്യതയുടേയും പ്രതിഫലനമാണ്.
ആധുനിക മനുഷ്യർ യൂറോപ്പിലും ഏഷ്യയിലും എത്തുന്ന സമയത്ത് നിയാണ്ടർതാൽ മനുഷ്യർ അവിടങ്ങളിൽ ഉണ്ടായിരുന്നു. സൂര്യപ്രകാശം കുറഞ്ഞ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന നിയാണ്ടർതാൽ മനുഷ്യർ അവർ കണ്ട ആധുനിക മനുഷ്യരെക്കാൾ ഇളം നിറമുള്ളവരായിട്ടാണ് കരുതപ്പെടുന്നത്. വംശനാശം സംഭവിച്ച നിയാണ്ടർതാലുകൾ ആധുനിക മനുഷ്യരുമായി ഇണചേർന്നിട്ടുണ്ട്. മറ്റൊരു കൂട്ടം മനുഷ്യർ വെയിൽ കുറഞ്ഞ വടക്ക് കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിൽ എത്തിച്ചേർന്നു- ജപ്പാൻകാരുടേയും ചൈനക്കാരുടേയും മറ്റും പൂർവികർ. അവരും മെലാനിന്റെ അളവ് കുറഞ്ഞിട്ട് ഇളംനിറക്കാരായി. ഈ ജനിതകമാറ്റം യൂറോപ്പിൽ സംഭവിച്ചതിൽനിന്ന് വ്യത്യസ്തമായാണ് സംഭവിച്ചത്.
നിറവും ഭൂപടവുമായി ബന്ധപ്പെടുത്തിയാൽ പൊതുവിൽ ഭൂമധ്യരേഖ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏറ്റവും ഇരുണ്ട നിറമുള്ളവരാണ്. ധ്രുവപ്രദേശങ്ങളോട് അടുക്കുംതോറും ഇരുളിമ കുറയുന്നു. എന്നിരുന്നാലും ഭൂമധ്യരേഖയിൽനിന്നും തെക്കോട്ടും വടക്കോട്ടും പോകുന്നതിനനുസരിച്ച് അനുക്രമമായ നിറമാറ്റം ഉണ്ടാകണമെന്നില്ല. ഭൂമിശാസ്ത്രപരമായ പല പ്രത്യേകതകളും തനതായ ജീവിതരീതികളും നിറത്തിൽ സ്വാധീനം ചെലുത്തുന്നതായി കാണാം.
ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് വികിരണം ഉള്ളത് ഭൂമധ്യരേഖയോട് ചേർന്ന സ്ഥലങ്ങളിലാണല്ലോ. അതിൽ തന്നെ ആഫ്രിക്കൻ തീരപ്രദേശങ്ങളും ശാന്തസമുദ്രത്തിലെ മെലനേഷ്യൻ ദ്വീപുകളും എടുത്തുനിൽക്കുന്നു. തെളിഞ്ഞ ആകാശവും സൂര്യപ്രകാശത്തെ സമൃദ്ധമായി പ്രതിഫിലിപ്പിക്കുന്ന സമുദ്രസാന്നിധ്യവും കടുത്ത അൾട്രാവയലറ്റ് വികിരണങ്ങൾക്ക് തദ്ദേശവാസികളെ ഇരയാക്കി. ലോകത്ത് ഏറ്റവും ഇരുണ്ട നിറമുള്ളവർ ഇവിടങ്ങളിൽ കാണപ്പെടുന്നു. സൂര്യൻ ആണ്ടൊട്ടുക്കും തലയ്ക്കുമീതെ കത്തിനിൽക്കുന്ന ഇവിടങ്ങളിൽനിന്നും സൂര്യൻ തെക്കുനിന്ന് ഒളിഞ്ഞുനോക്കുന്ന സ്‌കാൻഡിനേവിയ-കാനഡ-ഗ്രീൻലാൻഡ് പ്രദേശങ്ങളിൽ എത്തുമ്പോൾ അതിജീവനത്തിന് നേർവിപരീത സാഹചര്യങ്ങൾ ഉണ്ടാവുന്നു.
ലോകത്തിലെ ഏറ്റവും വെളുമ്പൻമാർ അല്ലെങ്കിൽ മെലാനിൻ ഏറ്റവും കുറവുള്ള മനുഷ്യർ താമസിക്കുന്നത് സ്വീഡൻ, നോർവേ, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്പിന്റെ വടക്കൻ പ്രദേശങ്ങളിലാണ്. കറുപ്പിന്റെ മേലങ്കി കളഞ്ഞതോടെ ലഭ്യമായ അൾട്രാവയലറ്റ് കിരണങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ ഇവർക്ക് കഴിയുന്നു. എന്നാൽ, ഇവിടെ കൗതുകകരമായ ഒരു വസ്തുതയുണ്ട്. ഇവരെക്കാൾ തണുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരാണ് എസ്‌കിമോകൾ എന്നറിയപ്പെട്ടിരുന്ന (എസ്‌കിമോകൾ എന്നു പറയുന്നത് വംശീയാക്ഷേപപരമായാണ് ഇന്ന് കാണുന്നത്) കാനഡയിലേയും ഗ്രീൻലാൻഡിലേയും ഇന്യൂട്ട് വംശജരും റഷ്യയുടെ വിദൂരപൂർവങ്ങളിലുള്ള യുപിക് വംശജരും. എന്നാൽ, അവർ സ്വീഡൻകാരെയോ നോർവേക്കാരെയോ പോലെ വെളുമ്പൻമാർ അല്ല. എന്തുകൊണ്ടാവാം അതങ്ങനെ ആയത്?
ആർട്ടിക് പ്രദേശങ്ങൾ വർഷത്തിൽ കൂടുതൽ സമയം ഇരുണ്ട് കിടക്കുമെങ്കിലും വേനൽകാലത്ത് സൂര്യകിരണങ്ങൾ ശക്തമാണ്. തൂവെള്ള മഞ്ഞ് സൂര്യപ്രകാശത്തെ ശക്തമായി പ്രതിഫലിപ്പിക്കും. ഈ അവസ്ഥയെ നേരിടാൻ എസ്‌കിമോകളുടെ ചർമം ടാനിങ്ങിനുള്ള കഴിവ് ആർജിച്ചു. അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതൽ മെലാനിൻ ഉല്പാദനം നടത്തി നിറം കൂടുതൽ ഇരുണ്ടതാകുന്നതിനെയാണ് ടാനിങ്ങ് എന്നു പറയുന്നത്. അതുവഴി ഏറ്റവും തണുപ്പുള്ള പ്രദേശത്ത് താമസിക്കുന്നെങ്കിലും എസ്‌കിമോകളുടെ നിറം താരതമ്യേന ഇരുണ്ടു.
എസ്‌കിമോകളെപ്പോലെ നിറവും ഭൂമിശാസ്ത്രവുമായി പൊരുത്തക്കേടുള്ള മറ്റൊരു കൂട്ടരാണ് അറബികൾ. ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് വികിരണമുള്ള സ്ഥലങ്ങളിലൊന്നാണ് അറേബ്യൻ ഉപദ്വീപ്. സൂര്യകിരണങ്ങളെ നേരിടാൻ എസ്‌കിമോകൾക്ക് ജനിതകമാറ്റങ്ങൾ സഹായകമായതെങ്കിൽ അറബികളെ സഹായിച്ചത് വേഷവിധാനത്തിലെ പ്രത്യേകതയാണ്. അയഞ്ഞ ളോഹകുപ്പായവും തലമുണ്ടും മരുഭൂമിയിലെ കൂടാരങ്ങളും അറബികൾക്ക് സംരക്ഷക കവചങ്ങളായി. അറബികൾക്ക് മെലാനിന്റെ സഹായം കാര്യമായി വേണ്ടിവന്നില്ല.
മനുഷ്യർ പുതിയ ചുറ്റപാടുകളിൽ എത്തിച്ചേരുമ്പോൾ നിറം കറുപ്പായാലും വെളുപ്പായാലും ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. അതിനുദാഹരണങ്ങളാണ് അമേരിക്കയിലേക്കും ആസ്‌ട്രേലിയയിലേക്കുമുള്ള കുടിയേറ്റങ്ങൾ. അമേരിക്കയിൽ എത്തിയ യൂറോപ്യന്മാർക്കില്ലാത്ത ആരോഗ്യപ്രശ്‌നങ്ങൾ ആഫ്രിക്കക്കാർക്ക് ഉണ്ടായി. എന്നാൽ, ആസ്ട്രേലിയയിൽ യൂറോപ്യന്മാർക്കാണ് മാരകരോഗങ്ങൾ ഉണ്ടായത്.
വിറ്റാമിൻ ഡിയുടെ കുറവ് കാരണം ഉണ്ടാകുന്ന അസുഖമാണല്ലോ റിക്കറ്റ്‌സ്. എല്ലുകൾ വളർച്ച മുരടിക്കുകയും കാലുകൾ വില്ല് പോലെ വളയുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. സൂര്യപ്രകാശം കുറഞ്ഞ വടക്ക് കിഴക്കേ അമേരിക്കൻ നഗരങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ വളർന്ന കറുത്ത കുട്ടികൾക്ക് റിക്കറ്റ്‌സ് വരുന്നത് വളരെ സാധാരണമായിരുന്നു. മുതിർന്നവരിലും വൈകല്യങ്ങളും മരണങ്ങളും വ്യാപകമായി. പക്ഷേ, രോഗഹേതു ആദ്യം മനസ്സിലായിരുന്നില്ല. അമേരിക്കയിൽ കറുത്തവർക്കാണ് നിറം പ്രശ്‌നമായതെങ്കിൽ ആസ്ട്രേലിയയിൽ വെള്ളക്കാർക്കാണ് നിറം വിനയായത്. ലോകത്ത് ഏറ്റവും കൂടുതൽ ത്വക്ക് കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലമാണ് ആസ്ട്രേലിയ. ആസ്‌ട്രേലിയയിലെ ശക്തമായ സൂര്യപ്രകാശത്തിൽ റോഡെന്റ് അൾസർ, മാലിഗ്‌നന്റ് മെലനോമ തുടങ്ങിയ കാൻസറുകൾ സാധാരണമായി. ആസ്ട്രേലിയയിൽ മാത്രമല്ല, ഇന്ത്യ ഉൾപ്പെടെയുള്ള ഉഷ്‌ണമേഖലാ രാജ്യങ്ങളിലും വെള്ളക്കാർക്ക് സൂര്യൻ ഭീഷണിയായി. ഇന്ന് റിക്കറ്റ്‌സിനെക്കുറിച്ചും ത്വക്ക് കാൻസറിനെക്കുറിച്ചും നമ്മൾ ബോധവാന്മാരാണ്. എങ്കിലും സൂര്യപ്രകാശ ലഭ്യതയുമായി ബന്ധപ്പെട്ട് പുതിയൊരു ആരോഗ്യപ്രശ്‌നം ലോകമെങ്ങും കൂടിവരുകയാണ്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങൾക്കു മുന്‍പ് വരെ മിക്ക മനുഷ്യരും പകൽസമയം കൂടുതലും തുറന്ന സ്ഥലങ്ങളിലായിരുന്നു സമയം ചെലവഴിച്ചിരുന്നത്. ഇന്ന് മിക്കവരുടേയും ജീവിതം നാല് ചുമരുകൾക്കുള്ളിലാണ്. കഴിഞ്ഞ ഒന്ന് രണ്ട് നൂറ്റാണ്ടുകളിലായി വസ്ത്രധാരണത്തിലുണ്ടായ മാറ്റവും ഇവിടെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന് കേരളം പോലുള്ള ആർദ്ര ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ മിക്കവരും അർദ്ധനഗ്നരായാണ് കഴിഞ്ഞിരുന്നത്. പിന്നീടുണ്ടായ മാറ്റങ്ങൾ ശരീരത്തിൽ വെയിൽ ഏൽക്കാനുള്ള സാധ്യത കുറച്ചു. അത് നയിച്ചത് വിറ്റാമിന്‍ ഡിയുടെ കുറവിലേക്കാണ്. ഇത് കാരണമായുള്ള ശാരീരിക പ്രശ്‌നങ്ങൾ ഇന്ന് സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും നിറം ഒരു ആരോഗ്യവിഷയം എന്ന നിലയ്ക്കല്ല, മറിച്ച് ഒരു സാമൂഹ്യവിഷയമായിട്ടാണ് പൊതുമണ്ഡലത്തിൽ ചർച്ചയാവുന്നത്.
നിറത്തിന്റെ പേരിലുള്ള മുൻവിധികളും വിവേചനങ്ങളുമാണ് ‘കളറിസം’ എന്നറിയപ്പെടുന്നത്. വർണവിവേചനം വംശീയവിവേചനത്തിന്റെ (റേസിസം) കാതലായ ഘടകങ്ങളിലൊന്നാണ്. എല്ലാ കാലത്തും കൂടുതൽ അധികാരവും അറിവും കൈമുതലായുള്ളവർ തങ്ങളുടെ പ്രകൃതങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠമാണെന്ന് കരുതിയിരുന്നു. ഉദാഹരണത്തിന് അരിസ്റ്റോട്ടിലിന് ഗ്രീക്കുകാർ ഏറ്റവും ഉന്നതർ ആയിരുന്നു. ഗ്രീക്കുകാർക്ക് കറുത്തവർ മാത്രമല്ല, തങ്ങളെക്കാൾ വെളുത്തവരും വംശശ്രേണിയിൽ കുറഞ്ഞവർ ആയിരുന്നു.
വാസ്‌കോഡഗാമയോടെ ആരംഭിച്ച കൊളോണിയൽ യുഗത്തോടെയാണ് മനുഷ്യരെ വംശീയമായി ശ്രേണീകരിക്കാനുള്ള ആധുനിക പ്രവണതകൾ തുടങ്ങുന്നത്. വലിയ ചിന്തകരായിരുന്നെങ്കിലും കാന്റും വോൾടയറുമൊക്കെ വെള്ളക്കാരന്റെ വംശീയ കേമത്തരത്തിന്റെ കുഴലൂത്തുകാർ ആയിരുന്നു. മനുഷ്യരുടെ സ്വഭാവത്തേയും ബുദ്ധിയേയും അവർ നിറവുമായി ബന്ധിച്ചു; ശാസ്ത്രീയമെന്നും യുക്തമെന്നും തോന്നുന്ന വിശദീകരണങ്ങൾ നൽകി. കറുത്തവൻ പൂർണ മനുഷ്യൻ അല്ല എന്ന ചിന്ത ഇതുണ്ടാക്കി. കറുത്തവൻ ദൈവത്തിന്റെ രണ്ടാംകിട സൃഷ്ടി ആണെന്ന തരത്തിലുള്ള ബൈബിൾ വായനകളും ഇതിന് പിൻബലം നൽകി. കൂടാതെ പഴയനിയമത്തിലെ ഹാമിന്റെ കഥ കറുത്ത മനുഷ്യർ ദൈവത്തിന്റെ രണ്ടാംകിട സൃഷ്ടി ആണെന്ന വ്യഖ്യാനങ്ങൾ ഉണ്ടാക്കി. ഇതിന്റെ സ്വാധീനം സെമിറ്റിക് മതങ്ങളിലെല്ലാം ഉണ്ടാവുകയും അടിമവ്യാപാരത്തിന് ധാർമിക ലൈസൻസ് നൽകുകയും ചെയ്തു. യൂറോപ്യന്മാർക്ക് മുന്‍പ് അടിമവ്യാപാരത്തിന്റ കുത്തക അറബികൾക്ക് ആയിരുന്നല്ലോ.
കൊളോണിയലിസം വെള്ളക്കാരന് കറുത്തവന്റെ മേലുള്ള അധീശത്വത്തിന്റെ ചരിത്രമാണ്. ഉന്നതകുലബോധം തലയ്ക്കുപിടിച്ച വെള്ളക്കാരൻ കോളനികളിൽ തങ്ങളുടെ സഹായത്തിനായി കൂടുതൽ ഇളം നിറമുള്ളവരെ തിരഞ്ഞെടുത്തു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളേക്കാൾ നിറം കുറഞ്ഞ തദ്ദേശീയരുടെ അടുത്തും വർണവെറിയുടെ ഭ്രാന്ത് കാണിച്ചുതുടങ്ങി. ഒരുപക്ഷേ, യൂറോപ്യന്മാർക്ക് പകരം എണ്ണക്കറുപ്പുള്ള ആഫ്രിക്കക്കാരോ പോളിനേഷ്യക്കാരോ ആയിരുന്നു ലോകം കീഴടക്കിയതെങ്കിൽ കറുപ്പ് അധികാരത്തിന്റേയും കുലീനതയുടേയും പര്യായം ആകുമായിരുന്നു. ജനിതകപരമായ കഴിവുകളല്ല, സാമൂഹ്യ-പാരിസ്ഥിതിക സാഹചര്യങ്ങളാണ് വെള്ളക്കാരന് ലോകം ഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തത്.
ലോകത്ത് തൊലിപ്പുറത്തെ വർണവൈവിധ്യം ഏറ്റവും കൂടുതൽ പ്രകടമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ ഉപഭൂഖണ്ഡം. മഞ്ഞുമലകളും മരുഭൂമിയും പുൽമേടും ആർദ്ര ഉഷ്‌ണമേഖലാ പ്രദേശങ്ങളും ഉൾപ്പെടുന്ന ഭൂമികയിൽ അത് സ്വാഭാവികമാണ്. മാത്രമല്ല, സഹസ്രാബ്ദങ്ങളായി കുടിയേറ്റങ്ങളുടെ പല വേലിയേറ്റങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രധാനമായും നാല് വിഭാഗം കുടിയേറ്റങ്ങളുടെ കൂടിക്കലർപ്പാണ് ഇന്നത്തെ ബഹുഭൂരിപക്ഷം ഇന്ത്യാക്കാരുമെന്നാണ്. ആഫ്രിക്കയിൽനിന്നുള്ള പ്രഥമ മനുഷ്യ പലായനത്തിന്റെ ഭാഗമായെത്തിയ ആദിമ നിവാസികൾ; പിന്നീട് ഇറാനിയൻ മലനിരകളിൽനിന്നും യൂറോപ്യൻ-മദ്ധേഷ്യൻ പുൽമേടുകളിൽനിന്നും ദക്ഷിണ കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിൽനിന്നും എത്തിയ വിവിധ ഗോത്രങ്ങൾ. അതിനുശേഷം, പല കാലങ്ങളിലായി പലപ്പോഴായി, ഗ്രീക്കുകാരും ജൂതന്മാരും അറബികളും ആഫ്രിക്കക്കാരും പടിഞ്ഞാറൻ യൂറോപ്യന്മാരും ഇന്ത്യയിൽ വന്നുചേർന്നു. സ്വാഭാവികമായും രക്തത്തിന്റെ കൂടിക്കലരുകൾ ഉണ്ടായി.
പലകാലങ്ങളിലായി പലദേശങ്ങളിൽനിന്ന് എത്തിയവരുടെ കൂടിക്കലരുകൾ ഉണ്ടായതുകൊണ്ടുകൂടിയാണ് ഇന്ത്യാക്കാരുടെ ഇടയിൽ ഇത്രയേറെ നിറവ്യത്യാസമുള്ളത്. ഒരു ഗോത്രത്തിലോ ഒരു കുടുംബത്തിൽ തന്നെയോ ഇളം നിറക്കാരോ ഇരുണ്ട നിറക്കാരോ സാധാരണമാണ്. പൊതുവിൽ വടക്കേ ഇന്ത്യയിൽനിന്നും സൂര്യപ്രകാശം കൂടുതൽ പതിക്കുന്ന തെക്കോട്ട് വരുംതോറും ചർമനിറം ഇരുളുന്നു. പൊതുവിൽ പുറംപണികൾ എടുക്കുന്ന വിഭാഗങ്ങൾ കൂടുതൽ ഇരുണ്ടിരിക്കുന്നു. എന്നാൽ, കറുത്ത പഞ്ചാബിയോ വെളുത്ത തമിഴനോ കറുത്ത ബ്രാഹ്മണനോ വെളുത്ത ദളിതനോ കൂട്ടത്തിൽ എടുത്തുനിൽക്കുന്നുമില്ല. എന്നാൽ, അതോടൊപ്പം വർണവെറി വംശീയതയും ജാതീയതയുമായി കൂടിക്കലരുന്ന കാഴ്ചയും കാണാം.
ഇന്ന് കളറിസം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചെറുപ്രായത്തിലേ കേൾക്കുന്ന നാടോടിക്കഥകളിലും മിത്തുകളിലുമൊക്കെ സൗന്ദര്യമുള്ളവർ നല്ലവരായി ചിത്രീകരിക്കപ്പെടുന്നതിനാൽ സൗന്ദര്യമുള്ളവർ നല്ലവരാണ് എന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, ഇന്ത്യൻ സൗന്ദര്യസങ്കല്പത്തിൽ നിറത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നതായി കാണുന്നില്ല. പൗരാണിക സാഹിത്യത്തിലെ സ്ത്രീ-പുരുഷ സൗന്ദര്യവർണനകൾ അതിന് തെളിവാണ്.
നിറത്തിന് പ്രാധാന്യം കൂടാനുള്ള മറ്റൊരു കാരണം നൂറ്റാണ്ടുകളായി ഇവിടെ അധികാര സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന പേർഷ്യൻ അഫ്ഗാൻ മംഗോൾ വംശജർ പൊതുവെ ഇളം നിറക്കാർ ആയതുകൊണ്ടും അവർ സമാന നിറമുള്ളവരെ കൂടുതൽ പരിഗണിച്ചതുകൊണ്ടുമാവാം. പിന്നീട് ശരിക്കുമുള്ള വെള്ളക്കാരൻ ഇന്ത്യയുടെ യജമാനനായപ്പോൾ നാട്ടുകാർക്ക് വെളുപ്പ് നിറത്തോടുള്ള ആരാധന പതിന്മടങ്ങായി. ഇതിന്റ പ്രതിഫലനമെന്നോണം സൗന്ദര്യത്തിന്റേയും കഴിവിന്റേയും കുലത്തിന്റേയും അടയാളമായി തൊലിവെളുപ്പ് മാറി. മതാധിഷ്ഠിതമായ സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാവുന്ന യുക്തിരാഹിത്യങ്ങളും ഇതിന്റെ ആഴം കൂട്ടുന്നു. ഹിന്ദുക്കളുടെ ഇടയിൽ ദൈവത്തിനെ ശുശ്രൂഷിക്കാൻ ബ്രാഹ്മണൻ തന്നെ മിക്കവർക്കും വേണമെന്ന് മാത്രമല്ല, ബ്രാഹ്മണനായാലും നിറം കുറഞ്ഞാൽ ഭക്തർക്ക് പൂജാരിയുടെ മാറ്റ് കുറയും. കറുത്ത കൃഷ്‌ണനെ ‘നീല’ കൃഷ്‌ണൻ ആക്കുന്ന കാഴ്ച ഇപ്പോൾ കാണാം. ക്രിസ്തുമതത്തിലാകട്ടെ, യൂറോപ്യൻ-പശ്ചിമേഷ്യൻ മേധാവിത്വം വെളുത്തവരുടെ മേധാവിത്വമായി മാറുന്നു. യേശു ഏഷ്യക്കാരനാണെങ്കിലും ചിത്രത്തിൽ യൂറോപ്യനാണ്. ഇസ്‌ലാമിലാകട്ടെ, അറബികളുടെ മേധാവിത്വം അതിന്റെ തുടക്കം മുതലുണ്ട്. അത് നിറത്തിലേക്കും മാറുന്നു.
സൗന്ദര്യസങ്കല്പവും നിറവുമായുള്ള ബന്ധം വ്യക്തിഗതമാണെങ്കിലും അതിന്റെ പേരിൽ വ്യവസ്ഥാപിതമായ രീതിയിൽ വിവേചനം ഉണ്ടാവുമ്പോഴാണ് അത് സാമൂഹ്യപ്രശ്‌നമായി മാറുന്നത്. പാട്ട് പാടുന്ന കുട്ടിയെ നിറത്തിന്റെ പേരിൽ അടയാളപ്പെടുത്തുന്ന മനുഷ്യത്വരാഹിത്യവും വങ്കത്തരവും നമ്മുടെ ഇടയിലുണ്ട്. ബി.ബി.സിയിൽ കറുത്ത വർഗക്കാരിലെ വനിതകൾ താരങ്ങളാണെങ്കിലും ഇന്ത്യൻ ചാനലുകളിൽ ഇന്ത്യാക്കാരിലെ കറുത്ത വനിതകളെ മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ല. ഒരു ഓപ്രവിൻഫ്രിയോ ഹാലി ബെറിയോ ഇന്ത്യയിൽ ഇന്നും അസാധ്യമാണ്. ഇവിടെ സാധ്യതയുള്ളത് വെളുപ്പിക്കാനുള്ള ഉല്പന്നങ്ങളുടെ മനുഷ്യത്വവിരുദ്ധമായ പരസ്യങ്ങളാണ്. ഇവിടെ കലാകാരന് കലയല്ല നിറമാണ് വേണ്ടത്; ഉദ്യോഗസ്ഥയുടെ കഴിവും നിറത്തിലാണ്. കറുത്തവനേയും സൃഷ്ടിച്ച ദൈവത്തെ പൂജിക്കാൻ വെളുത്തവൻ തന്നെ വേണം. വർണവൈജാത്യത്തിന്റെ ജനിതകം സൂര്യനെ നേരിടാനുള്ള കേവല അതിജീവനത്തിന്റേതാണെങ്കിൽ വർണവെറിയുടെ ജനിതകം മാനവവിരുദ്ധ പ്രാകൃതഗോത്രീയതയുടേയും പൊള്ളപ്പൊങ്ങച്ചങ്ങളുടേതുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates