ഗോഡ്ഫാദര്‍  സമകാലിക മലയാളം വാരിക
Malayalam Weekly

പൂക്കാലം വന്നു പൂക്കാലം

രവി മേനോന്‍

അടിയുടെ ആഘാതത്തിൽ നടുങ്ങിപ്പോയിരിക്കണം അവർ. എന്നാൽ, അധികം നീണ്ടില്ല ആ നടുക്കം. കണ്ടുനിന്നവരെ മുഴുവൻ വിസ്മയിപ്പിച്ചുകൊണ്ട് ഒരു പുഞ്ചിരി തെളിഞ്ഞു ആ മുഖത്ത്. നറുനിലാവ് പോലുള്ള പുഞ്ചിരി. അപൂർവമായേ കണ്ടിട്ടുള്ളൂ. അത്രയും ഹൃദയഹാരിയായ ഒരു മന്ദഹാസം. നിശ്ശബ്ദമായ ഒരു കരച്ചിലിന്റെ നനവ് കൂടി കലർന്നിരുന്നോ അതിൽ?

അത്ഭുതം തന്നെ. എങ്ങനെ ചിരിക്കാൻ കഴിയുന്നു ഈ വേദനയിലും?

മറന്നിട്ടില്ല ആ നിമിഷങ്ങൾ. കുറച്ചുകാലം മുൻപാണ്. നഗരത്തിലെ പ്രശസ്തമായ മാനസികാരോഗ്യകേന്ദ്രത്തിൽ ലഹരിവിമുക്തി ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു ആ കൗമാരക്കാരൻ. മരുന്നെടുത്തുതരാനെത്തിയ ചെറുപ്പക്കാരിയായ നഴ്‌സിനു നേരെ അപ്രതീക്ഷിതമായി പ്രകോപിതനാകുന്നു അയാൾ. പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല. പ്രവചനാതീതമായ ഭാവപ്പകർച്ചകളും മൂഡ് വ്യതിയാനങ്ങളും സാധാരണമാണല്ലോ മയക്കുമരുന്നിന്റെ അടിമകളിൽ.

കൈവീശി ഒരടി. നേരെ കവിളിൽ തന്നെ പതിഞ്ഞു അഞ്ചു വിരലുകൾ. മരുന്നെടുത്തുകൊടുക്കുന്ന തിരക്കിലായിരുന്ന നഴ്‌സ് ശരിക്കും പകച്ചുപോയി. വാർഡിന് അകത്തും പുറത്തുമായി നിന്നവരിലേക്കും പകർന്നു ആ ഞെട്ടൽ. നഴ്‌സിന്റെ പ്രതികരണം എന്തായിരിക്കും എന്നോർത്തായിരുന്നു ഭയം. ഇത്രയും പേരുടെ മുന്നിൽ വച്ചല്ലേ ആക്രമണം. ആരായാലും മാനസികമായി തകർന്നുപോകാവുന്ന ഘട്ടം. കരഞ്ഞുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

എന്നാൽ, നഴ്‌സ് കരഞ്ഞില്ല. ക്രുദ്ധയായതുമില്ല. പകരം ഞൊടിയിടയിൽ മനസ്സാന്നിധ്യം വീണ്ടെടുത്തു. പുഞ്ചിരിയോടെ ‘അക്രമി’യെ പുറത്ത് തലോടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന സിസ്റ്ററെയാണ് പിന്നീട് കണ്ടത്. കൂടിനിന്നവരെ എല്ലാം വിസ്മയിപ്പിച്ച കാഴ്ച. പയ്യന്റെ കോപം ശമിച്ചിരുന്നില്ല അപ്പോഴും. ഓരോ തവണ ഗുളിക കൊടുക്കുമ്പോഴും തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു അവൻ. ആഭാസച്ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു അകമ്പടിക്ക്. ക്ഷമയോടെ, ആശ്വാസവചനങ്ങളോടെ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു നഴ്‌സ്. എളുപ്പമായിരുന്നില്ല ആ ദൗത്യം. എങ്കിലും ഒടുവിൽ പയ്യൻ ‘കീഴടങ്ങുക’ തന്നെ ചെയ്തു. സ്‌നേഹംകൊണ്ടും ക്ഷമകൊണ്ടും കരുതൽകൊണ്ടും സിസ്റ്റർ അവനെ കീഴടക്കി എന്നുവേണം പറയാൻ.

ഒരു സുഹൃത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ക്ലിനിക്കിൽ എത്തിയതായിരുന്നു ഞാൻ. റൗണ്ടിനിടയ്ക്ക് അതേ സിസ്റ്റർ മുറിയിൽ വന്നപ്പോൾ കാലത്ത് കണ്ട സംഘർഷഭരിതമായ കാഴ്ചയെ കുറിച്ച് ചോദിക്കാതിരിക്കാനായില്ല. തെല്ലും സങ്കോചമില്ലാതെ സ്വന്തം ജീവിതകഥ പങ്കുവെച്ചു അവർ. ദരിദ്രജീവിത പശ്ചാത്തലത്തിൽനിന്ന് നഴ്‌സിംഗ് ജോലിയിൽ എത്തിപ്പെട്ട യുവതി. അമ്മ കർഷകത്തൊഴിലാളി. അച്ഛൻ ചെറുപ്പം മുതലേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നയാൾ. “ഞാൻ കണ്ടുവളർന്നത് രണ്ടു വിപരീത ഭാവങ്ങളുള്ള അപ്പച്ചനെയാണ്. ചിലപ്പോൾ നിറയെ സ്‌നേഹം. അല്ലാത്തപ്പോൾ വല്ലാതെ വയലന്റ്. അക്രമാസക്തനായാൽ അമ്മയേയും എന്നേയും വല്ലാതെ ഉപദ്രവിക്കും. അതുകഴിഞ്ഞാൽ കുറ്റബോധമാണ്. അങ്ങനെയൊരു ഘട്ടത്തിലാണ് അപ്പച്ചൻ ജീവിതം സ്വയം അവസാനിപ്പിച്ചതും...”

കൂടുതലൊന്നും വിശദീകരിച്ചില്ല; നല്ല വായനയും അത്യാവശ്യം കവിതയെഴുത്തും പാട്ടെഴുത്തും ഒക്കെയുണ്ടായിരുന്ന ആരോഗ്യപ്രവർത്തക. ജീവിതത്തിൽ ഇങ്ങനെയുള്ള അസുഖക്കാരോട് എങ്ങനെ പെരുമാറണം എന്ന് ബോധപൂർവമല്ലെങ്കിലും മകളെ പഠിപ്പിച്ചത് സ്വന്തം പിതാവ് തന്നെ. “ഓരോ രോഗിയിലും ഞാൻ കാണുക എന്റെ അപ്പച്ചനെയാണ്. ഇതൊരു രോഗമല്ല, വ്യത്യസ്തമായ മാനസികാവസ്ഥ മാത്രമാണെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ വേദനിപ്പിക്കുന്ന പ്രതികരണങ്ങളുണ്ടാകും. അതൊക്കെ സമചിത്തതയോടെ നേരിടാൻ ഞാൻ പഠിച്ചിരിക്കുന്നു.” ഒരു കാര്യം കൂടി പറഞ്ഞു അവർ: “നിങ്ങൾക്കിത് ഒരു അത്ഭുതക്കാഴ്ചയായിരിക്കാം. എന്നാൽ, ഇവിടെയുള്ളവർക്ക് ഇതൊരു പതിവ് കാഴ്ചയാണ്. പലരും ഉപദേശിക്കാറുണ്ട്, മാനസിക വെല്ലുവിളി നേരിടുന്നവരോട് ഇങ്ങനെ പെരുമാറുന്നത് അപകടം വിളിച്ചുവരുത്തുമെന്ന്. ശരിയായിരിക്കാം. പക്ഷേ, എനിക്ക് ഇങ്ങനെയേ പറ്റൂ...”

ആദരവ് തോന്നി ആ സഹോദരിയോട്. എത്ര ലളിതമായാണ് അതീവ ഗൗരവമാർന്ന ഒരു ജീവിതവീക്ഷണം അവർ പങ്കുവെച്ചത്; അതും തരിമ്പുപോലും നാട്യമില്ലാതെ. “പാട്ടുകൾ എനിക്ക് ജീവനാണ്”- അവർ പറഞ്ഞു. “പലപ്പോഴും ജീവിതത്തെ നമ്മളറിയാതെ തന്നെ വെറുത്തുപോകുന്ന ഘട്ടങ്ങളിൽ പാട്ടുകളെയാണ് ഞാൻ ആശ്രയിക്കുക. ഇഷ്ടഗാനങ്ങൾ, പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ കേട്ടാൽ മനസ്സ് പെട്ടെന്ന് ശാന്തമാകും. എപ്പോഴും കേൾക്കുന്ന പാട്ടുകൾ ചിലതുണ്ട്: ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’, ‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം’, ‘രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’

ആശുപത്രിയിൽനിന്ന് തിരിച്ചുപോരുമ്പോൾ പ്രസാദാത്മകമായ ആ മുഖവും ശബ്ദവുമായിരുന്നു മനസ്സിൽ. പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്റെ ആൾരൂപം. അത്തരം ആളുകളെ എപ്പോഴും കണ്ടുമുട്ടാൻ ഭാഗ്യമുണ്ടാവണമെന്നില്ല നമുക്ക്. ജീവിതത്തെ വെറുക്കാൻ ധാരാളം കാരണങ്ങളുള്ള ഒരാൾ. പക്ഷേ, മനസ്സിലെ നന്മകൊണ്ടും സ്‌നേഹംകൊണ്ടും അവയെയെല്ലാം മായ്ചുകളയുന്നു അവർ. ആരോടെങ്കിലും പടവെട്ടി തീർക്കാനുള്ളതല്ല ജീവിതമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

പിന്നീടൊരിക്കൽ കൂടി കണ്ടു അവരെ; സുഹൃത്തിനെ കാണാൻ വീണ്ടും ആശുപത്രിയിൽ ചെന്നപ്പോൾ. അപ്പോഴേക്കും ജനറൽ വാർഡിൽനിന്ന് മുറിയിലേക്ക് മാറിയിരുന്നു ‘രോഗി.’ ചികിത്സയുടെ അവസാനഘട്ടത്തിലായിരുന്നു അയാൾ. മുഖത്ത് മുൻപ് കണ്ട രൗദ്രഭാവത്തിന് പകരം ശാന്തത. ക്ഷമയോടെ, നേർത്തൊരു പുഞ്ചിരിയോടെ നഴ്‌സിന്റെ കയ്യിൽനിന്ന് മരുന്ന് വാങ്ങിക്കഴിക്കുന്നു അയാൾ. ഇടയ്ക്ക് തമാശകൾ പങ്കുവെയ്ക്കുന്നു.

“അറിയുമോ, നല്ലൊരു പാട്ടുകാരനാണ് ഇദ്ദേഹം”- ഞങ്ങളെ കണ്ടപ്പോൾ സിസ്റ്റർ പറഞ്ഞു. “ഒരു പാട്ട് പാടിക്കൊടുക്ക് ഈ ചേട്ടന്മാർക്ക്...”

തെല്ലൊരു ജാള്യത്തോടെ കുറച്ചുനേരം പുറത്തേക്ക് നോക്കിയിരുന്നു അയാൾ. പിന്നെ സിസ്റ്ററുടെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾക്കുവേണ്ടി രണ്ടുവരി പാടി: “പൂക്കാലം വന്നു പൂക്കാലം, തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ...”

തിരിച്ചുപോരുമ്പോഴും കാതിലുണ്ടായിരുന്നു ആ പാട്ട്. ഇതാ ഇപ്പോഴുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല'; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

ദൈവതുല്യന്‍ മമ്മൂക്കയ്ക്കും പിഷാരടിയ്ക്കും നന്ദി; നേരം നോക്കാതെ ഓടി അരികിലെത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും: കണ്ണന്‍ സാഗര്‍

'പൈസ കൊടുത്തിട്ട് പോയാൽ മതി':ഫാൻസി നമ്പർ ലേലത്തിൽ 5 ലക്ഷത്തിന്റെ 'ഷോ'; ഇനി പണമടച്ചില്ലെങ്കിൽ നടപടിയെന്ന് ഹൈക്കോടതി

മാംസം വേവിക്കുമ്പോൾ സോഫ്റ്റ് ആക്കാൻ ചെയ്യേണ്ടത്‌

'ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ശശാങ്കേ?'; മൂന്ന് ക്യാച്ചുകൾ നഷ്ടമാക്കി, പൊട്ടിത്തെറിച്ച് നായകനും കോച്ചും, ഒടുവിൽ വൻ ട്വിസ്റ്റ് ! (വിഡിയോ)

SCROLL FOR NEXT