ആകെ കിട്ടിയ എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങളിൽ നാലാമത്തേത് സ്വന്തമാക്കുന്ന കാലത്തുപോലും ലയണൽ മെസ്സി ആരാണെന്ന് അർജന്റീനയ്ക്ക് ‘പൂർണമായി’ മനസ്സിലായിരുന്നില്ല. പക്ഷേ, പന്തുള്ള നാടുകളിലെല്ലാം ബാഴ്‌സലോണയുടെ 10-ാം നമ്പർ കുപ്പായം അതിനകം ബെസ്റ്റ് സെല്ലറായി മാറിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത മെസ്സിക്ക് ഒരക്ഷരം പോലും ഉരിയാടാതെ ആഗോളവിപണികളിൽ ഷൂസും ടീഷർട്ടും സോഫ്റ്റ് ഡ്രിങ്ക്‌സും എൻഡോഴ്‌സ് ചെയ്യാൻ സാധിച്ചിരുന്നു.
അപ്പോഴും അർജന്റീനക്കാർ കുറച്ചൊന്നു മടിച്ചുനിന്നു. മെസ്സി ഒരു പ്രതിഭയാണെന്ന് അവർക്കുമറിയാമായിരുന്നു. എന്നാൽ, അയാൾക്ക് ‘അർജന്റീനത്തം’ ആവശ്യത്തിനുണ്ടോ എന്നവർ സംശയിച്ചു. 13-ാം വയസ്സിൽ റൊസാരിയോ തെരുവിന്റെ രോഗാതുരതകളിൽനിന്ന് ബാഴ്‌സലോണ നഗരത്തിന്റെ സുഭിക്ഷതയിലേക്കു കുടിയേറിയവനാണ് മെസ്സി. ക്യാമറകൾക്കു മുന്നിൽ ദേശസ്നേഹം തെളിയിക്കാൻ പഠിച്ചിരുന്നില്ല; ദേശീയഗാനം ആലപിക്കുമ്പോൾ മിക്കവാറും നിശ്ശബ്ദൻ. അതിലൊക്കെ ഉപരി, ബാഴ്‌സലോണ ജഴ്‌സിയിൽ ഗോളുകൾ വാരിക്കൂട്ടുമ്പോഴും അർജന്റീനയുടെ കുപ്പായത്തിൽ വലിയ കിരീടങ്ങൾ അകന്നുനിൽക്കുന്ന കാലം. അതും പോരെങ്കിൽ, അർജന്റീനയുടെ ഫുട്‌ബോൾ ലോകത്ത് അന്ന് ഏകദൈവ വിശ്വാസികൾ മാത്രമായിരുന്നു. ആ ദൈവത്തിന്റെ പേര് ഡീഗോ മറഡോണ എന്നായിരുന്നു.
മറഡോണയുമായുള്ള നിരന്തരമായ താരതമ്യങ്ങൾ മെസ്സിക്കു പലപ്പോഴും യോജിച്ചിരുന്നില്ല. അർജന്റീനയിലെ പട്ടിണിയോടു പടവെട്ടി അവിടെത്തന്നെ കളിച്ചുവളർന്നവനായിരുന്നു മറഡോണ. രാഷ്ട്രീയം ഉറക്കെ പറയാൻ മടികാണിക്കാത്ത താന്തോന്നി. ഓരോ അണുവിലും വിപ്ലവം ജ്വലിപ്പിച്ച് 1986-ൽ ഒറ്റയ്ക്കൊരു ലോകകപ്പ് വെട്ടിപ്പിടിച്ചവൻ; അർജന്റീനയുടെ ദേശീയ ബിംബം! ബാഴ്‌സലോണ അക്കാദമിയിൽ വളർന്ന മെസ്സിയാകട്ടെ, അർജന്റീനയുടെ പ്രതീകം എന്നതിലുപരി ആഗോള സൂപ്പർതാരമായാണ് വളർന്നുവന്നത്. അർജന്റീനയ്ക്കു വേണ്ടിയിരുന്നതോ, മറ്റൊരു മറഡോണയേയും! മെസ്സി ഒരിക്കലും അതാകാൻ ശ്രമിച്ചില്ല. എന്നിട്ടും മെസ്സി 2.0 സംഭവിക്കുക തന്നെ ചെയ്തു...
ബാഴ്‌സലോണ ജയന്റ് എന്ന് ഒരിക്കൽ ‘വിമർശിക്കപ്പെട്ട’ ആ പ്രതിഭ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്നു വിരമിക്കുന്നത്, സ്വന്തം രാജ്യത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഫുട്‌ബോളറായാണ്. ഇക്കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പിൽ അർജന്റീന നടത്തിയ നാല് തിരിച്ചുവരവുകളേക്കാൾ നാടകീയമാണ് അർജന്റീനക്കാരുടെ ഹൃദയങ്ങളിലേക്കുള്ള മെസ്സിയുടെ ഈ തിരിച്ചുവരവ്. അതിനു പിന്നിൽ ദേശസ്നേഹത്തിന്റെ മേക്കോവറുകളോ ഡോക്യുമെന്ററി വഴിയുള്ള കുറ്റസമ്മതങ്ങളോ നാടകീയമായ സെൽഫ് റീബ്രാൻഡിങ്ങോ ഒന്നുമുണ്ടായിരുന്നില്ല.
ലോകമെങ്ങും മെസ്സിക്ക് ആരാധകരുണ്ടായി. എന്നാൽ, അർജന്റീനയ്ക്കുവേണ്ടിയിരുന്നത് അവൻ തങ്ങളുടെ സ്വന്തമാണെന്നതിന്റെ തെളിവായിരുന്നു. മറഡോണ പ്രതിനിധീകരിച്ചത് ചേരികളേയും ചെറുത്തുനിൽപ്പിനേയും അപൂർണതയേയും പ്രതികാരത്തേയുമായിരുന്നു. ഫോക്ക്‌ലാൻഡ് യുദ്ധം കഴിഞ്ഞ് നാല് വർഷത്തിനു ശേഷം ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം നേടിയ രണ്ട് ഗോളുകൾ ദേശീയ പുരാവൃത്തമായിക്കഴിഞ്ഞിരുന്നു. പക്ഷേ, മെസ്സി എന്നാൽ, കൃത്യതയും അച്ചടക്കവും നിശ്ശബ്ദതയുമാണ്. മറഡോണയുടെ ബാല്യമോ രാഷ്ട്രീയമോ 1986-ഓ അനുകരിക്കാൻ മെസ്സിക്കു കഴിയില്ലായിരുന്നു. അധ്വാനവർഗത്തിനുവേണ്ടി സംസാരിക്കുന്നു എന്നയാൾ ഒരിക്കലും അവകാശപ്പെട്ടതുമില്ല. രണ്ടാമത്തെ മറഡോണയാകുന്നതിനു പകരം ആദ്യത്തെ മെസ്സിയാകുകയാണ് അയാൾ ചെയ്തത്.
2014-ലെ ലോകകപ്പ് ഫൈനൽ തോൽവിയും 2015-ലേയും 2016-ലേയും കോപ്പ അമേരിക്ക ഫൈനലുകളിലെ നിരാശയും അയാളെ തളർത്തിയിരുന്നു. 2016-ൽ വിരമിക്കുക വരെ ചെയ്തു! പക്ഷേ, അതിനുശേഷമുള്ള 10 വർഷംകൊണ്ടാണ് മെസ്സി തന്റെ അർജന്റീനത്തം അർജന്റീനക്കാർക്കു മുന്നിൽ തെളിയിച്ചത്. 2022-ൽ ഫിഫ ലോകകപ്പിന്റെ രൂപത്തിൽ മെസ്സി അതു തന്റെ കിടക്കയിൽ വെച്ച് കൂടെയുറങ്ങി.
മറഡോണയ്ക്ക് എന്നും നാപ്പോളിയെക്കാൾ വലുത് അർജന്റീനയായിരുന്നു. അതുകൊണ്ടുതന്നെ, ബാഴ്‌സലോണയ്ക്കായുള്ള മെസ്സിയുടെ അസാധാരണ പ്രകടനങ്ങൾ അർജന്റീനയുടെ നിരാശകൾക്ക് ആഴം കൂട്ടിയിട്ടുണ്ടാവും. എങ്കിലും, 29-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ അവരയാളോടു പറഞ്ഞത് “നോ തെ വയാസ്, ലിയോ” (പോകരുത്, ലിയോ) എന്നാണ്. കുട്ടികൾ കത്തുകളെഴുതി. പ്രമുഖർ പരസ്യമായ അഭ്യർത്ഥനകൾ പുറപ്പെടുവിച്ചു. മൂന്നു ഫൈനലിൽ തോറ്റതിനു പഴിച്ചവരെല്ലാം ആ നഷ്ടത്തിന്റെ വലുപ്പം അളന്നുതുടങ്ങി.
അർജന്റീനയ്ക്കുവേണ്ടി അയാൾ തിരിച്ചുവന്നു. 2018-ലെ ലോകകപ്പിലും 2019-ലെ കോപ്പ അമേരിക്കയിലും നിരാശ ആവർത്തിച്ചു. എങ്കിലും അർജന്റീനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ മെസ്സി തെരഞ്ഞെടുത്തത് സ്റ്റുഡിയോ ഫ്ലോറുകളായിരുന്നില്ല, ഫുട്‌ബോൾ മൈതാനങ്ങളായിരുന്നു. 2021-ലെ കോപ്പ അമേരിക്കയിലൂടെ, 28 വർഷത്തിനിടയിലെ ആദ്യ മേജർ കിരീടം; അതും മരക്കാനയിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട്. ഓരോ മത്സരവും മെസ്സിക്ക് മാർക്കിടാനുള്ള പരീക്ഷകളായി കാണാതെ അർജന്റീനക്കാർ അയാളെ ആസ്വദിച്ചു തുടങ്ങിയത് അതിനു ശേഷമായിരിക്കണം. അപ്പോഴും ആ പരിവർത്തനം ആരാധനയുടെ പൂർണതയായിക്കഴിഞ്ഞിരുന്നില്ല. അതിന് ഖത്തർ വേണ്ടിയിരുന്നു.
സൗദി അറേബ്യയോട് ആദ്യ മത്സരം തോറ്റിട്ടും അർജന്റീന ഫൈനലിലെത്തി. അവിടെ ഫ്രാൻസിനെതിരെ രണ്ട് ഗോളടിക്കുക മാത്രമല്ല മെസ്സി ചെയ്തത്, എതിരാളികളുമായി കയർത്തു, റഫറിമാരുമായി തർക്കിച്ചു, തനിക്ക് ഒരിക്കലുമുണ്ടാകില്ലെന്നു പലരും കരുതിയിരുന്ന രോഷം അതിന്റെ പരകോടിയിൽത്തന്നെ പ്രകടമാക്കി. അതിന്റെ ഫലം വലുതായിരുന്നു, നമ്മൾ കരുതുന്നതിനെക്കാളൊക്കെ വളരെ വലുത്. ഇന്ന് 95 ശതമാനം അല്ലെങ്കിൽ 100 ശതമാനം അർജന്റീനക്കാരും തന്നെ സ്നേഹിക്കുന്നു എന്നാണ് അതിനുശേഷം മെസ്സി പറഞ്ഞത്. സ്വന്തം രാജ്യത്തിന്റെ വൈകാരികമായ അംഗീകാരത്തെ ഏറ്റവും വലിയ വിജയമായി അയാൾ കണ്ടു, മറഡോണയാകാതെ തന്നെ; അതായിരുന്നു അയാളുടെ യഥാർത്ഥ തിരിച്ചുവരവ്.
മെസ്സി പെനാൽറ്റി പാഴാക്കുന്നതും വിരമിക്കുന്നതും ഫൈനലുകൾ തോൽക്കുന്നതും അർജന്റീന കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പ് നേടിയപ്പോഴേക്കും മെസ്സിയുടെ കഥ അവരുടേതു കൂടിയായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ഇനിയൊരിക്കൽക്കൂടി “നോ തെ നയാസ്, ലിയോ” എന്നവർ അയാളോടു പറയില്ല. കാരണം, അവർക്കു നൽകാവുന്നതിന്റെ പരമാവധി അയാൾ നൽകിക്കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates