എസ്. ജാനകി  സമകാലിക മലയാളം വാരിക
Malayalam Weekly

തലമുറകൾ ചെന്നുചേരുന്ന പാഠപുസ്തകം

എസ്. ജാനകിയമ്മ കേവലം ഈ പാട്ടുകൾ പാടുകയായിരുന്നില്ല. അതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കി ഉള്ളിൽത്തന്നെ നിന്ന് അത് അനുഭവിക്കുകയായിരുന്നു

എം ജയചന്ദ്രന്‍

എഴുപതുകളിൽ ജനിച്ച ഒരാൾ എന്ന നിലയിൽ, നോക്കുമ്പോൾ ജാനകിയമ്മ എനിക്കു വ്യക്തിപരമായിട്ടും നമ്മൾ മലയാളികൾക്കും സ്വന്തം എന്നു പറയേണ്ടിവരും; നമ്മുടെ സ്വന്തം. ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ ഒന്നാണെങ്കിലും മറ്റൊരു ഭാഷയിൽനിന്ന്, മറ്റൊരു ഭൂമികയിൽനിന്നു വരുന്ന ഒരാൾ എന്ന നിലയിൽ ജാനകിയമ്മ നമ്മളിൽനിന്നു വേറിട്ടു നിൽക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. സുശീലാമ്മയും (പി. സുശീല) വാണിയമ്മയും (വാണി ജയറാം) ഒക്കെ ഉണ്ടെങ്കിലും എന്റെ ഫീലിംഗ് ജാനകിയമ്മയുടെ മലയാളത്തിന്റെ ഉച്ചാരണം അത്ര മനോഹരമായിരുന്നു എന്നാണ്.

“തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ” എന്നു പാടുമ്പോൾ, അല്ലെങ്കിൽ അതുപോലെ മലയാളത്തിലെ സുന്ദരമായ വാക്കുകളും വചനങ്ങളും സംഗീതരൂപേണ വരുന്നുണ്ടെങ്കിൽ അതിനെ അതിന്റേതായ എല്ലാ അന്തസ്സിലും ജാനകിയമ്മ പാടി; മലയാളത്തിന്റെ അന്തസ്സിൽ. അതു പറയേണ്ട കാര്യമാണ്: മലയാളി എന്നു പറയുമ്പോൾ മലയാളം അന്തസ്സായി സംസാരിക്കാൻ കഴിയണം, അല്ലെങ്കിൽ പാടുന്നവരാണെങ്കിൽ അന്തസ്സായി പാടാൻ കഴിയണം. അങ്ങനെ, വെളിയിൽനിന്നു വന്ന ഒരാൾ; വെളിയിൽനിന്ന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തിൽനിന്നല്ലാതെ എന്ന അർത്ഥത്തിലാണ്; അങ്ങനെ വന്ന പാട്ടുകാരിയായ ജാനകിയമ്മയുടെ മലയാളമാണ് ഏറ്റവും സുന്ദരമെന്ന് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ജാനകിയമ്മയെ ഞാൻ ഇന്റർവ്യൂ ചെയ്തപ്പോൾ അമ്മ ഓരോ പാട്ടുകളുടേയും അർത്ഥം എനിക്ക് ഇങ്ങോട്ടു പറഞ്ഞു തരുന്നുണ്ട്. ഇരു കണ്ണീർത്തുള്ളികൾ എന്ന ഭാസ്‌കരൻ മാഷിന്റെ പാട്ട്; അതിൽ എങ്ങനെയാണ് രണ്ട് കണ്ണീർത്തുള്ളികൾ വന്ന് അവ തമ്മിൽ ഒന്നിച്ചിരിക്കാൻ പറ്റാതെ അവസാനം ഒരു നിശ്വാസത്തിന്റെ വേഗത്തിൽ താഴെ വീണ് ആ തുള്ളികൾ തെറിച്ചുപോകുന്നത്, അവ ഒരിക്കലും ഒന്നിച്ചാകുന്നില്ല, അതുപോലെയാണ് ഇതിലെ കഥാപാത്രങ്ങൾ എന്നൊക്കെ പറഞ്ഞുതന്നു. ഭാസ്‌കരൻ മാഷിന്റെ വരികൾ വിശദീകരിച്ചു തരികയാണ്. “ഇടയ്ക്കൊന്നു ചിരിച്ചും ഇടയ്ക്കൊന്നു കരഞ്ഞും ഇടവപ്പാതി” എന്നു പറയുന്ന ആ പാട്ട്; അങ്ങനെ പല പാട്ടുകളെക്കുറിച്ചും.

അതായത്, ജാനകിയമ്മ കേവലം ഈ പാട്ടുകൾ പാടുകയായിരുന്നില്ല. അതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കി അതിന്റെ ഉള്ളിൽത്തന്നെനിന്ന് അത് അനുഭവിക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അതാണ് അമ്മയുടെ ഏറ്റവും വലിയ പ്രത്യേകത.

കൊച്ചിലേ മുതൽ എനിക്ക് ഐക്കോണിക് ആയി തോന്നിയിട്ടുള്ളത് യേശുദാസ് സാറും ജാനകിയമ്മയുമാണ്. ഇവരുടെ രണ്ടുപേരുടെ പാട്ടുകളാണ് ഞാൻ ഏറ്റവുമധികം കേട്ടിട്ടുള്ളത്. എഴുപതുകളുടെ അവസാനമാണ് ഞാൻ കൂടുതൽ സിനിമാഗാനങ്ങളും ലളിതഗാനങ്ങളുമൊക്കെ കേൾക്കാൻ തുടങ്ങിയത്. ജാനകിയമ്മയും ബാബുക്കയും കൂടിയുള്ള പാട്ടുകളാണ് എനിക്ക് ഏറ്റവും ഹൃദയത്തോട് അടുത്തുനിൽക്കുന്നതായി അനുഭവപ്പെട്ടത്; കുട്ടിയെന്ന നിലയിൽപ്പോലും. ഒരു കൊച്ചുസ്വപ്നത്തിൻ ചിറകിൽ, സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണാറുണ്ടോ, അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ടരികിലിരിക്കെ, മഞ്ഞണിപ്പൂനിലാവിൽ ഇങ്ങനെയുള്ള പാട്ടുകളൊക്കെ നമ്മളറിയാതെ തന്നെ മനസ്സിൽ കയറി ഇരുന്നവയാണ്.

പിന്നെ കുറച്ചുകൂടി കഴിഞ്ഞ്, എൺപതുകളിലേക്കു വരുമ്പോൾ “കാറ്റുതാരാട്ടും കിളിമരച്ചോലയിൽ”, “പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നൂ”, “നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ”, അങ്ങനെ കാലാന്തരത്തിൽ, “ഗോപികേ നിൻ വിരൽത്തുമ്പുരുമ്മി”, “സ്വർണമുകിലേ” അങ്ങനെ അങ്ങനെ അങ്ങനെ നമ്മൾ സഞ്ചരിക്കുകയാണ്. ജാനകിയമ്മയുടെ പല പാട്ടുകളും എടുത്തുനോക്കിയാൽ ആ കാലത്തെ നമുക്കു കാണാൻ പറ്റും, ആ കാലത്തിലേക്കു തിരിച്ചു യാത്ര ചെയ്യാൻ പറ്റും. ഗോപികേ എന്ന പാട്ടു കേൾക്കുമ്പോൾ ഞാൻ എന്റെ ജീവിതത്തിൽ എവിടെയായിരുന്നു എന്ന് ഓർക്കുമ്പോൾ ആ അന്നത്തെ ജീവിതത്തിലേക്കു തിരിച്ചുപോകാൻ ഒരു സെക്കന്റ് കൊണ്ട് എനിക്കു സാധിക്കുന്നു എന്നുള്ളതാണ്. അതാണ് കലയും കലാകാരനും മനുഷ്യരും തമ്മിലുള്ള ബന്ധം എന്നു ഞാൻ കരുതുകയാണ്.

ഇളയരാജയും സംവിധായകനായ ഭാരതിരാജ

പിൽക്കാലത്ത് ഇളയരാജ സാറിന്റെ തമിഴ് പാട്ടുകളിൽ ജാനകിയമ്മ പാടിയ പാട്ടുകൾ വളരെയധികം ഹൃദയാർദ്രമാണ്. അദ്ദേഹം മലയാളത്തിൽ ചെയ്ത “തുമ്പീ വാ തുമ്പക്കുടത്തിൽ”, “കൊഞ്ചിക്കരയല്ലേ” തുടങ്ങി നിരവധി പാട്ടുകൾ ജാനകിയമ്മ പാടിയിട്ടുണ്ട്. എങ്കിലും തമിഴിൽ ജാനകിയമ്മയെ കുറേക്കൂടി വേഴ്‌സറ്റൈൽ ആയി കാണുന്ന പാട്ടുകളും ഇളയരാജ സാർ ചെയ്തു. “റോജാ... പ്പൂ ആടി വന്തത്”, അങ്ങനെയുള്ള പാട്ടുകൾ. “പകലിലേ ഒരു നിനവിനെക്കണ്ട് അത് കറുപ്പുനിലാ” അങ്ങനെയുള്ള പാട്ടുണ്ട്, ഊരുസനം തൂങ്കിരിച്ച് എന്ന പാട്ടുണ്ട്. അങ്ങനെ പല പാട്ടുകളും. പണ്ട് “ശിങ്കാരവേലനേ ദേവാ” എന്ന പാട്ടുപാടി നമ്മളെ അത്ഭുതപ്പെടുത്തിയ ആൾ തന്നെയാണ് ഇതൊക്കെ പാടിയത് എന്നു നമുക്കു വിശ്വസിക്കാൻ പറ്റുന്നില്ല. ആ രീതിയിലേക്കാണ് അവരുടെ പ്രതിഭയുടെ ഒരു ഗരിമ; റഹ്മാൻ സാറിനുവേണ്ടി പാടിയ “ഒട്ടകത്തെ കെട്ടിക്കോ” ആണെങ്കിലും “മാർഗഴിത്തിങ്കളല്ലവാ” ആയാലും അവസാനത്തെ ഘട്ടം വരെ അമ്മ പാടിയത് ഏതും അങ്ങനെയാണ്.

പാഠപുസ്തകം പോലെ ജീവിതം

ഇത്രയും സംഗീതത്തെപ്പറ്റിയാണ് പറഞ്ഞത്. ഈ വഴികളിലൂടെയൊക്കെത്തന്നെ എനിക്കും (നമുക്കും) ജാനകിയമ്മയുടെ കൂടെയും ആ സംഗീതത്തിനൊപ്പവും സഞ്ചരിക്കാൻ പറ്റി. നമ്മുടെയൊരു 30,40 വർഷ കാലഘട്ടത്തെ ഇത്ര പരിപൂർണമാക്കുന്നവിധം, അല്ലെങ്കിൽ ജാനകിയമ്മ ഇല്ലെങ്കിൽ പൂർണമാകില്ല എന്ന നമുക്കു തോന്നിക്കുന്ന രീതിയിൽ അവർ നമ്മളെ പാട്ടിലൂടെ സ്നേഹിച്ചു. അതുപോലെത്തന്നെ ജാനകിയമ്മയുടെ മനുഷ്യത്വത്തെക്കുറിച്ച് പറയാനുണ്ട് എനിക്ക്. ഒരു സ്ത്രീ എന്ന നിലയിൽ അവർ ഒരു മഹതിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ജാനകിയമ്മ എല്ലാവരേയും ഉള്ളുകൊണ്ട് സ്നേഹിച്ചു. എല്ലാ രീതിയിലും എല്ലാവരേയും ഉപാധികളില്ലാതെ കാണാനും സ്നേഹം കൊടുക്കാനും ഡിവോട്ടഡ് ആയിരിക്കുകയും ചെയ്തു. അതേസമയം, ഒരു ഈശ്വരീയം കൂടി ഉണ്ടായിരുന്നു ജാനകിയമ്മയ്ക്ക്. ഞാൻ ഇന്റർവ്യൂ ചെയ്തപ്പോൾ ചോദിച്ചു, എങ്ങനെയാണ് ജാനകിയമ്മാ ഇത് പാടുന്നത്? അപ്പോൾ അവർ പറഞ്ഞു, എന്റെ ഉള്ളിൽ ഗോപാലകൃഷ്ണൻ ഇരുന്നു പാടുന്നു എന്നാണ് ഞാൻ കാണുന്നത്.

അവിടെയും കാണുന്ന ഒരു കാര്യമുണ്ട്: ഗോപാലകൃഷ്ണനാണ് ഞാനല്ല പാടുന്നത് എന്ന കാര്യം. അഹം എന്നത് തൊട്ട് ഒട്ടും പ്രശ്നമാക്കാതെ ഒരു അഹംബോധത്തിലാണ് ജാനകിയമ്മ ജീവിച്ചത്. അതാണ് മഹത്വം.

ഇവരൊക്കെ കാലങ്ങൾക്കപ്പുറം ജീവിക്കുന്ന ആൾക്കാരാണ്, സാധാരണക്കാരല്ല; എന്തായാലും അവർ കാലങ്ങൾക്കപ്പുറം എത്തും. റഫി സാഹിബിന്റെ പാട്ടുകൾ ഇപ്പോഴും എല്ലാവരും പാടി നടക്കുന്നില്ലേ. അതുപോലെ എസ്.പി.ബി സാറിന്റെ പാട്ടുകൾ; എല്ലാവരും പാടി നടക്കുന്നില്ലേ. അത് ജെൻ സി എന്നോ ജെൻ ആൽഫാ എന്നോ ബീറ്റാ എന്നോ ഗാമ എന്നോ വ്യത്യാസമില്ല. അതിൽ ഉള്ള കാര്യം എന്നു പറയുന്നത് ആ ലെജൻഡ്‌സിനെ ഓരോ കാലഘട്ടത്തിലും തിരിച്ചറിയുന്നു എന്നതാണ്. അവരൊരു പാഠപുസ്തകം പോലെയാണ്. ആ പാഠപുസ്തകത്തിലേക്ക് ഓരോ തലമുറയും വന്നുചേർന്നുകൊള്ളും.

ഭാരതരത്നമാണെങ്കിൽ സ്വീകരിക്കാം എന്നു പറയാൻ കഴിയുന്ന ആ ആത്മവിശ്വാസത്തെക്കുറിച്ചു കൂടിയാണ് ഞാൻ അഹംബോധം എന്നു പറഞ്ഞത്. അതിൽ ഒരു കള്ളത്തരവുമില്ല. സത്യമായിട്ടുള്ള കാര്യം നടക്കണം എന്ന ആഗ്രഹമാണ് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം. ഭാരതരത്ന ജാനകിയമ്മയ്ക്കു കൊടുക്കേണ്ടതായിരുന്നു. പക്ഷേ, നമ്മുടെ ജനസംഖ്യ വളരെ വലുതാണ്. നാനാത്വത്തിൽ ഏകത്വമാണ്. ഓരോ പ്രാവശ്യവും ഭാരതരത്ന ഒരൊറ്റയാൾക്കേ കൊടുക്കാൻ പറ്റുകയുള്ളു. അത് കൊടുക്കുന്ന നമ്മുടെ ഗവൺമെന്റിനു വലിയ ചലഞ്ചാണ്. അങ്ങനെ വരുമ്പോൾ അത് മാറിപ്പോകും. ഇത്രയധികം മില്യൺസ് ആന്റ് മില്യൺസ് ഉള്ള ആൾക്കാർക്കിടയിൽ ഒരാൾക്കു കൊടുക്കുമ്പോൾ അതിനു പല പല കാര്യങ്ങൾ നോക്കണം. മുന്‍പ് സച്ചിൻ ടെൻഡുൽക്കറിന് കൊടുത്തിട്ടുണ്ട്. ആ കാലഘട്ടത്തിലെ ഗ്രേറ്റസ്റ്റ് ക്രിക്കറ്റർ മാത്രമല്ല, ഇന്ത്യയുടെ അംബാസിഡർ എന്നുകൂടി വരുമ്പോൾ സച്ചിന് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾത്തന്നെ, ലിവിങ് ലെജൻഡ് എന്ന നിലയിൽ കൊടുക്കാതിരിക്കാൻ പറ്റാതെ വന്നു. അതിനു നമുക്കൊരു ഡെഫനീഷൻ പറയാൻ പറ്റില്ല.

പഴയകാലത്ത് ജാനകിയമ്മ ഓരോ പാട്ടും അതിന്റെ വരികൾ മിക്കവാറും മുഴുവനായിത്തന്നെ കാണാതെ പഠിക്കും. റെക്കോഡിങ്ങിനു വരുമ്പോൾ എത്രയോ പ്രാവശ്യം ഓർക്കസ്ട്രയായിട്ട് പ്രാക്റ്റീസ് ചെയ്ത് അതൊരു പക്വമായതിനു ശേഷമാണ് റെക്കോഡ് ചെയ്യുന്നത്. അങ്ങനെയാണ് പഴയ പാട്ടുകളൊക്കെ ജാനകിയമ്മ പാടിയത്. അങ്ങനെ മലയാളവുമായി ജാനകിയമ്മയ്ക്കൊരു ബന്ധമുണ്ടായി. അതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത്. ഭാസ്‌കരൻ മാസ്റ്ററുടേയും ഒ.എൻ.വി സാറിന്റേയും വയലാറിന്റേയുമൊക്കെ പാട്ടുകൾ പാടിപ്പാടി തഴക്കം വന്നു. മലയാളത്തിനു പുറത്തു നിന്നു വന്നിട്ട്, മലയാളം അതിന്റെ പൂർണതയിൽ ഉച്ചരിക്കുന്ന, വലിയ തലമുറ വ്യത്യാസമുള്ള ഗായികമാരായ ജാനകിയമ്മയും ശ്രേയാ ഘോഷാലും തമ്മിലുള്ള വ്യത്യാസവും അതിലുണ്ട്. ശ്രേയാ ഘോഷാലിനെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ ഒരു വാക്കിന്റെ പോലും അർത്ഥം അറിയാവുന്ന ആളല്ല. അത് ആ സമയത്ത് ഓരോ മ്യുസീഷ്യനും പറഞ്ഞു കൊടുക്കുകയാണ്. എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാൻ ഓരോ വാക്കിന്റെ അർത്ഥവും വാക്കുകൾ തമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ അതിന്റെ പുതിയ അർത്ഥതലങ്ങളും എല്ലാം പറഞ്ഞു കൊടുക്കാറുണ്ട്. പിന്നെ, ഉച്ചാരണം എങ്ങനെയാണ് വേണ്ടത് എന്നൊക്കെ പറയാറുണ്ട്. ഇത് രണ്ടും രണ്ടാണ്.

ശ്രേയയെ പറഞ്ഞു പഠിപ്പിച്ച് ചെയ്യുന്നു; പക്ഷേ, ജാനകിയമ്മ അങ്ങനെയല്ല. അവർ ആദ്യം പഠിച്ചു; പിന്നെ പക്വമായി മലയാളത്തെ കാണുകയും മലയാളത്തിന്റെ കൂടെ നിൽക്കുകയും മലയാളം എന്ന ഭാഷയുടെ സത്ത നന്നായി മനസ്സിലാക്കുകയും അത് സംഗീതത്തിന്റെ കൂടെ ചേരുമ്പോൾ എങ്ങനെയാണെന്ന് ബാബുക്കയെപ്പോലുള്ള ആൾക്കാർ പകർന്നുകൊടുത്ത കുറേ പാഠങ്ങൾ കിട്ടുകയും ചെയ്തു. അതുകൊണ്ട് ജാനകിയമ്മയും ശ്രേയാ ഘോഷാലും തമ്മിൽ ഇക്കാര്യത്തിൽ താരതമ്യം ചെയ്യാവുന്നവരല്ല, ഒരിക്കലും.

---

(പ്രമുഖ സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സംസാരിച്ചു തയ്യാറാക്കിയത് പി.എസ്. റംഷാദ്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

വയനാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി

ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം