ഡോ. പി.എം. മാത്യു വെല്ലൂര്‍  Samakalika Malayalam
Malayalam Weekly

കരിസ്മാറ്റിക്കായ ഒരു സൈക്കോളജിസ്റ്റ്

മലയാളിയുടെ മനസില്‍ പതിഞ്ഞ മനശാസ്ത്രജ്ഞനായിരുന്നു മാത്യു. വെല്ലൂരിന്റെ പംക്തിക്കായി കാത്തിരുന്ന ഒരു വായനാസമൂഹം ഇവിടെയുണ്ടായിരുന്നു. വാക്കുകളുടെ ഒഴുക്കും നർമവും പ്രേക്ഷകരെ ആകർഷിച്ചു. ഡോ. പി.എം. മാത്യു ഏറ്റവും ജനസമ്മതിയുള്ള സൈക്കോളജിസ്റ്റായി മാറി. കരിസ്മാറ്റിക്കായ ഒരു സൈക്കോളജിസ്റ്റ്.

കെ സെന്തില്‍ കുമാര്‍

നാൽപ്പത്തിയഞ്ച് വർഷത്തോളം മാനസിക വിഭ്രാന്തികളും വിചിത്ര മനഃസ്ഥിതികളും ഉള്ളവരുമായി ഇടപെട്ട് ജീവിതത്തെ ആഴത്തിൽ അറിയാൻ ശ്രമിച്ച മനസ്സായും ജീവിതത്തെ കൂടുതൽ ജീവസുറ്റതാക്കാൻ സഹായിക്കുന്ന വഴികൾ തുറന്നുതന്ന ഒരാളായുമാണ് ഡോ. പി.എം. മാത്യു വെല്ലൂരിനെ ഞാൻ കാണുന്നത്. ഇരുപത് വർഷത്തോളം വെല്ലൂരാനുമായി നേരിട്ടും ഫോണിലൂടെയും സംസാരിക്കാൻ എനിക്ക് കഴിഞ്ഞു. സാഹിത്യവും സിനിമയും കലയും മനശ്ശാസ്ത്രവും സയൻസും ആധ്യാത്മികതയും ഞങ്ങളുടെ ചർച്ചകളുടെ വിഷയമായി. പി.എം. മാത്യുവിന്റെ വ്യക്തിത്വത്തിന് കാന്തികതയുണ്ടായിരുന്നു. നല്ല പൊക്കവും വലിയ കണ്ണുകളും കണ്ണടയും ഫ്രോയിഡിയൻ താടിയും ഫുൾ സ്ലീവ് ഷർട്ടും പാന്റും. വിശാലമായ വായന. ചിരിക്കാനും ചിരിപ്പിക്കാനും ഏതു സങ്കീർണ വിഷയവും സരസമായി എഴുതാനും പറഞ്ഞു ഫലിപ്പിക്കാനുമുള്ള സഹജമായ കഴിവ്. മനശ്ശാസ്ത്രജ്ഞരിൽ പി.എം. മാത്യു വ്യത്യസ്തനായിരുന്നു. അല്ലെങ്കിൽ വെല്ലൂരാന്റെ വലിയ പുസ്തകശേഖരത്തിൽ ആർ.ഡി. ലായിങ്ങിന്റേയും തോമസ് ഷാസിന്റേയും ആന്റിസൈക്യാട്രി പുസ്തകങ്ങൾ ഞാൻ കാണുമായിരുന്നില്ല. സൈക്കോളജിയുടെ പരിമിതികളെക്കുറിച്ച് ബോധവാനായിരുന്നു പി.എം. മാത്യു. പാശ്ചാത്യമോഡലുകളെ അന്ധമായി പിന്തുടരുന്ന രീതിയോട് വെല്ലൂരാൻ വിയോജിച്ചു. മനോരോഗങ്ങളെ സമഗ്രമായി അറിയാൻ ഓരോ സംസ്‌കാരത്തിനും തനതായ ഒരു സമീപനം ഉണ്ടാകണം എന്ന് മാത്യു കരുതി.

ഉറച്ചുപോയ വികലമായ ലൈംഗിക കാഴ്ചപ്പാടുകളേയും ജഡതയാർന്ന ജീവിതസമീപനത്തേയും പി.എം. മാത്യു ചോദ്യം ചെയ്യുന്നതും ചിലപ്പോഴെങ്കിലും തകർത്തെറിയുന്നതും ആവേശത്തോടെ ആദ്യം വായിക്കുന്നത് കൗമാരത്തിലാണ്. വെല്ലൂരാന്റെ ശൈലിക്ക് ആകർഷണീയമായ ഒരു ഇന്റിമസി ഉണ്ടായിരുന്നു.

കൗമാരത്തിലെ എന്റെ ഹീറോയെ ഞാൻ ആദ്യമായി നേരിട്ട് കാണുന്നത് അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ വേളയിലാണ്. ദ് ഹിന്ദു പത്രത്തിനുവേണ്ടി അഭിമുഖം നടത്താൻ ചെല്ലുന്നുണ്ട് എന്നത് നേരത്തെത്തന്നെ വെല്ലൂരാനെ ഞാൻ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ ചാരാച്ചിറ കായലിനരികിലുള്ള വീട്ടിൽ ഞാൻ എത്തുമ്പോൾ ഇരുട്ട്‌ വീണുതുടങ്ങിയിരുന്നു. തീക്ഷ്‌ണമായ നോട്ടവും ഒപ്പം ചെറുചിരിയുമായി പി.എം. മാത്യു സ്റ്റെയർവേയുടെ മുകളിൽനിന്ന് എന്നെ സ്വാഗതം ചെയ്തു. വലിയ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഡോക്ടർ ചിലപ്പോഴൊക്കെ ഫോണിൽ വിളിച്ചുപറയും, “ആശാനേ, ഇങ്ങോട്ടൊന്നു വരുമോ? ഒന്ന് ചർച്ചിക്കാം” ഉടൻ തന്നെ ചാരാച്ചിറയിലുള്ള വീട്ടിൽ ഞാൻ എത്തും. മണിക്കൂറുകളോളം ചർച്ചിക്കും- സാഹിത്യത്തെക്കുറിച്ച്, ഫിലോസഫിയെക്കുറിച്ച്, സിനിമയെക്കുറിച്ച്, ടെലിവിഷനെക്കുറിച്ച്, മനസ്സിന്റെ വഴികളെക്കുറിച്ച്, അങ്ങനെ പലതിനേയും കുറിച്ച്. ഡോക്ടർ മാത്യുവിന്റെ അറിവിന്റെ റേഞ്ച് എടുത്തുപറയേണ്ടതാണ്. ഒപ്പം അദ്ദേഹത്തിന്റെ നർമബോധവും. വിലപ്പെട്ട പലതും അദ്ദേഹത്തിൽനിന്ന് പഠിച്ചു. സൈക്കോളജിയെ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. പദ്മശ്രീ ലഭിച്ചിട്ടില്ലെങ്കിലും അത് അർഹിക്കുന്ന ഒരാൾ.

ആദ്യമായി കണ്ട് അഭിമുഖത്തിന് ഇരുന്നപ്പോൾ ഞാൻ വെല്ലൂരാന്റെ പുസ്തകശേഖരത്തിലൂടെ കണ്ണോടിച്ചു. അത് മാത്യുവിന്റെ മനസ്സറിയാനുള്ള ഒരു ശ്രമമായിരുന്നു. ആന്റിസൈക്ക്യാട്രി രചനകൾ മുതൽ ഒക്കൾട്ട് പഠനങ്ങൾ വരെ ആ ശേഖരത്തിലുണ്ടായിരുന്നു. സൈക്കൊതെറാപ്പിയും വിമോചന ദർശനങ്ങളും (അദ്വൈതവും സെന്നും പോലെ) പങ്കിടുന്ന ചില സമാനതകളെക്കുറിച്ച് പറഞ്ഞപ്പോൾ ആർതർ ഡീക്ക്മാൻ എഴുപതുകളിൽ എഴുതിയ ‘ദ് ഒബ്സെർവിങ്ങ് സെൽഫ്’ എന്ന പുസ്തകവും എറിക്ക് ഫ്രോമിന്റെ ‘സൈക്കോഅനാലിസിസ് ആൻഡ് സെൻ ബുദ്ധിസം’ എന്ന കൃതിയും എന്റെ മനസ്സിലെത്തി. സൈക്കോതെറാപ്പി പോലെ മനസ്സിന്റെ ദുഃഖങ്ങളെ ലഘൂകരിക്കാനുള്ള അന്വേഷണമാണ് അദ്വൈതത്തിലും ബുദ്ധിസ്റ്റ് ഫിലോസഫിയിലുമുള്ളത്.

ഒരിക്കൽ കരിപ്പുഴയിലെ കുടുംബവീട്ടിലെത്തിയ മാത്യു ഒരു പഴയ ഡയറി കണ്ടെത്തി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് എഴുതിയിരുന്ന ഒരു ഡയറിയായിരുന്നു അത്. അതിന്റെ ആദ്യതാളിൽ, ഒരു സെൽഫ് പോർട്രെയ്റ്റിന് കീഴിൽ, ‘പി.എം. മാത്യു, സൈക്കോളജിസ്റ്റ്’ എന്ന് എഴുതിയിരുന്നു. മാത്യുവിന് സൈക്കോളജിസ്റ്റ് ആകുക എന്നത് ചെറുപ്പത്തിലേ മുളപൊട്ടിയ ആഗ്രഹമായിരുന്നു. പിന്നീട് മാത്യു ബാംഗ്ലൂർ NIMHANS-ൽ പഠിച്ചു. വെല്ലൂർ ക്രിസ്ത്യൻ കോളേജിൽ ചേർന്നു. അതിനു ശേഷമാണ് എഴുപതുകളിൽ ആദ്യമായി സ്വകാര്യ പ്രാക്ടീസ് തുടങ്ങുന്നത്. ഏതാണ്ട് പതിനഞ്ചോളം പുസ്തകങ്ങൾ എഴുതിയ പി.എം. മാത്യു മനശ്ശാസ്ത്രം, കുടുംബജീവിതം എന്നീ വാരികകളുടെ ചീഫ് എഡിറ്ററുമായിരുന്നു. ലൈംഗിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നത് പോപ്പുലറാകാനുള്ള ഒരു അടവല്ലേ എന്നൊരിക്കൽ ചോദിച്ചപ്പോൾ അങ്ങനെയല്ല എന്നും സൈക്കോട്ടിക് അവസ്ഥകൾ മാറ്റിനിർത്തിയാൽ ഒട്ടുമിക്ക മാനസിക രോഗങ്ങൾക്കും പിറകിൽ മതവിശ്വാസത്തിനും ലൈംഗികതയ്ക്കും വലിയ പങ്കുണ്ട് എന്നും മാത്യു പറഞ്ഞതോർക്കുന്നു. ആരോഗ്യകരമായ ലൈംഗിക ബോധവല്‍ക്കരണത്തിനുവേണ്ടി എഴുതിയതാണ് രതിവിജ്ഞാനകോശം എന്നും കൂട്ടിച്ചേർത്തു.

ഡോ. പി.എം. മാത്യു വെല്ലൂരിന്റെ പംക്തിക്കായി കാത്തിരുന്ന ഒരു വായനാസമൂഹം ഇവിടെയുണ്ടായിരുന്നു. കേരളത്തിൽ ഒരു ടെലിവിഷൻ ചാനൽ പോലും ഇല്ലാതിരുന്ന കാലത്ത് വാരികകളിലൂടെ മനോരോഗങ്ങളെക്കുറിച്ചും മനശ്ശാസ്ത്രതത്ത്വങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കാൻ മാത്യുവിന് സാധിച്ചു. കാലത്തിനൊത്ത് മാറാൻ തയ്യാറായിരുന്ന വെല്ലൂരാൻ ടി.വി ചാനലുകളിലും തുടർച്ചയായി ചോദ്യോത്തര പരിപാടികൾ നടത്തി. വെല്ലൂരാന്റേത് വളരെ ഇൻഫോർമലായ പ്രെസെന്റേഷനുകളായിരുന്നു. വാക്കുകളുടെ ഒഴുക്കും നർമവും പ്രേക്ഷകരെ ആകർഷിച്ചു. ഡോ. പി.എം. മാത്യു ഏറ്റവും ജനസമ്മതിയുള്ള സൈക്കോളജിസ്റ്റായി മാറി. കരിസ്മാറ്റിക്കായ ഒരു സൈക്കോളജിസ്റ്റ്.

“അറുപത് വർഷത്തോളം എന്നെ തേടിവന്ന വിചിത്ര മനഃസ്ഥിതിയുള്ളവരിൽനിന്നും ഞാൻ ഏറെ പഠിച്ചു. എന്നിലേക്ക് കൂടുതൽ ഞാൻ തിരിഞ്ഞു. എന്നെ കൂടുതൽ അറിയാൻ അവർ സഹായിച്ചു എന്ന് പറയാം. പല ‘റോൾ സെൽഫു’കൾ നമ്മിലുണ്ട്. സ്‌നേഹത്തോടെ പെരുമാറുന്ന ഭർത്താവ് ജോലിയിടത്തിൽ കാർക്കശ്യമുള്ളവനും വീട്ടിലെത്തി മക്കളോട് വാത്സല്യത്തോടെ ഇടപെടുന്നയാളും ആയിരിക്കും. കടകവിരുദ്ധമായ ഈ ‘ഞാനു’കളെ സമന്വയിപ്പിക്കാൻ കഴിയണം. പ്രതികൂല സന്ദർഭങ്ങളിൽ ന്യൂറോട്ടിക്കുകൾ ഉൾവലിഞ്ഞ് അവരുടേതായ ഒരു പ്രതിരോധം കണ്ടെത്തും. ആരോഗ്യമുള്ള മനസ്സിന്റെ ഉടമ ആ സാഹചര്യങ്ങളെ സമർത്ഥമായി നേരിടും.” ജീവിതവഴിയെ വന്ന പ്രഹരങ്ങളെ ചിരിയോടെ മാത്യു വെല്ലൂർ അതിജീവിച്ചു. നർമബോധം അദ്ദേഹത്തിന് തുണയായിട്ടുണ്ടാകണം. സമയനിഷ്ഠയും ചുറുചുറുക്കും കർമശേഷിയും പി.എം. മാത്യുവിനുണ്ടായിരുന്നു. മൂന്നു കുട്ടികളും പഠിച്ച് ഉദ്യോഗം കണ്ടെത്തി കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നു. ഭാര്യ സൂസി എൺപത്തിയേഴ് വയസ്സിൽ റേബയോടും ലോലയോടുമൊപ്പം വിദേശത്ത്. മകൻ സജൻ ഇംഗ്ലണ്ടിൽ.

* * *

കേരളത്തിലെ പ്രഗത്ഭരായ ചിലരെ ഇന്റർവ്യൂ ചെയ്യാൻ ഒരു ടെലിവിഷൻ ചാനൽ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ തിരഞ്ഞെടുത്ത ഒരാൾ പി.എം. മാത്യു ആയിരുന്നു. ഉള്ളിൽ സൂക്ഷിക്കുന്ന പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്ന തരത്തിൽ ഇന്റർവ്യൂ ചെയ്യണം എന്നാണ് ആവശ്യപ്പെടുന്നത് എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞപ്പോൾ, “അത് നാൽക്കവലയിൽ നിർത്തി ഉടുതുണി ഉരിയുന്ന പരിപാടിയാണ്. എല്ലാവരും അതിനു സമ്മതിക്കില്ല. പക്ഷേ, എനിക്ക് വിരോധം ഇല്ല. ഞാൻ വരാം” എന്ന് അദ്ദേഹം മറുപടി തന്നത് ഓർക്കുന്നു.

ഓഷോയുടേയും ഗുർദ്ജിയെഫിന്റേയും അലൻ വാട്‌സിന്റേയും പുസ്തകങ്ങൾ വായിച്ചിരുന്ന വെല്ലൂരാൻ മനുഷ്യമനസ്സ് പിടിതരാത്തവിധം ആഴമേറിയതും സങ്കീർണവുമാണ് എന്നും നമുക്ക് അനുഭവിക്കാൻ സാധിക്കാത്ത ബോധതലങ്ങൾ ഉണ്ടെന്നും കരുതിയിരുന്നു. ചില ശീലങ്ങൾ ആവശ്യമാണ്. ജീവിക്കുക എന്നതിനെ മറ്റൊരു ശീലമാക്കരുതെന്നും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശ്രദ്ധകൊണ്ടുവരണമെന്നും മാത്യു പലപ്പോഴും പറയുമായിരുന്നു. വർത്തമാന നിമിഷത്തിൽ ഉണർവോടെയിരിക്കാൻ സമയം കണ്ടെത്തണമെന്നും വെല്ലൂരാൻ പറഞ്ഞതോർമയുണ്ട്. എക്കാർട്ട് ടോലെയുടെ പുസ്തകങ്ങൾ മാത്യുവിനെ സ്വാധീനിച്ചിരുന്നു.

എസ്. ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്ത് സമകാലിക മലയാളം വാരികയിലാണ് ‘മത്തായിച്ചൻ കഥകൾ’, ‘എവർഗ്രീൻ മത്തായിച്ചൻ കഥകൾ’ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത്. ദൈനംദിന ജീവിതത്തിലെ ചില സന്ദർഭങ്ങളെ അടർത്തിയെടുത്ത് സൂഫി കഥകളെ ഓർമിപ്പിക്കുമാറ് നർമരസത്തോടെ എഴുതിയ ആ കഥകൾ പിന്നീട് പുസ്തകങ്ങളായി മാറി. മനസ്സിന്റെ വഴികളെക്കുറിച്ച് അസാധാരണ ഉൾക്കാഴ്ചകളുള്ള കഥകളാണ് അവ. ആഖ്യാനത്തിലും ഉള്ളടക്കത്തിലും മൗലികതയുള്ള ചില കഥകൾ. എവർഗ്രീൻ മത്തായിച്ചൻ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന പ്രകാശനച്ചടങ്ങിൽ ഞാനുമുണ്ടായിരുന്നു. കുറെ ദിവസങ്ങൾ കഴിഞ്ഞ് എനിക്ക് ഒരു പാർസൽ പോസ്റ്റിലൂടെ എത്തി. അതിൽ അന്നെടുത്ത ഫോട്ടോകളും കൂടെ ഡോക്ടർ മാത്യു എഴുതിയ കുറെ പുസ്തകങ്ങളും. എല്ലാറ്റിലും കുറിപ്പും ഒപ്പും.

എവർഗ്രീൻ മത്തായിച്ചൻ. ഡോക്ടർ പി.എം. മാത്യുവിനെകുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ തെളിയുന്നത് പച്ചനിറം. ജീവന്റെ നിറം. നിത്യഹരിതം. ഇത്രമേൽ ഉത്സാഹവും, ഒരു കൊച്ചുകുട്ടിയുടെ ഉന്മേഷവും മനസ്സിൽ കൊണ്ടുനടക്കുന്ന അപൂർവം ചിലരെ മാത്രമേ കണ്ടിട്ടുള്ളു.

വർഷങ്ങൾ കഴിഞ്ഞ് വെല്ലൂരാൻ കിടപ്പിലായപ്പോൾ, ചാരാച്ചിറയിലെ വീട്ടിൽവെച്ച്, ഞങ്ങൾ മത്തായിച്ചൻ കഥകളെക്കുറിച്ച് വീണ്ടും ഒരിക്കൽകൂടി സംസാരിച്ചു. കിടപ്പായെങ്കിലും ചിരി മാഞ്ഞിരുന്നില്ല. എപ്പോഴുമെന്നപോലെ ആകർഷണീയമായ വസ്ത്രധാരണം. വെല്ലൂരാൻ അതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. വീൽചെയറിൽ ഇരുന്ന് മാത്യു ഉഷസ്സും സന്ധ്യയും കണ്ടു. പൂക്കളേയും മേഘങ്ങളേയും നോക്കി. കിടപ്പിലും വെല്ലൂരാന്റെ മനസ്സിന് യുവത്വമുണ്ടായിരുന്നു. പല തവണ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. വെല്ലൂരാന്റെ ജീവിതാഭിനിവേശം ഒട്ടും കുറഞ്ഞിരുന്നില്ല. ജീവിതത്തെ അതിന്റെ സർവ ദുഃഖത്തോടും കൂടി പി.എം. മാത്യു സ്‌നേഹിച്ചു. അതിലെ വൈരുദ്ധ്യങ്ങളേയും അസംബന്ധങ്ങളേയും ആശ്ലേഷിച്ചു. ജർമൻ കവി റിൽകെ കുറിച്ചിട്ടത് ഓർക്കട്ടെ: “Let everything happen to you:/ beauty and terror/ Just keep going/ No feeling is final.” ഈ മനഃസ്ഥിതി മാത്യുവും പങ്കിട്ടിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിതത്തെ ഒരു വലിയ പാരഡോക്ക്സായി മാത്യു കണ്ടു. ചിരിയെ ദാർശനിക തലത്തിലേക്ക് ഉയർത്തിയ വെല്ലൂരാൻ ഓഷോയുടെ പുസ്തകത്തിൽ താൻ വായിച്ചത് ഓർത്തെടുക്കുമായിരുന്നു-- മറ്റുള്ളവരെ നോക്കി ചിരിക്കുന്നത് അധമ ചിരിയാണ്, നമ്മെ നോക്കി ചിരിക്കുന്നത് അഭിലഷണീയമായ ചിരിയാണ്, പ്രപഞ്ചത്തെ, അതിന്റെ എല്ലാ അസംബന്ധങ്ങളോടും കൂടി നോക്കി ചിരിക്കുന്നത് വിവേകിയുടെ ചിരിയാണ്.

“ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്തുകഴിഞ്ഞു. എഴുതാനുള്ളത് എഴുതിയും കഴിഞ്ഞു. എങ്കിലും ഏഴു വർഷം എങ്ങനെ ഞാൻ ഈ കിടപ്പു കിടക്കും?” ഡോ. മാത്യുവിന്റെ ആ ചോദ്യം രണ്ടായിരത്തി പതിമൂന്നിലായിരുന്നു. കൃത്യം ഏഴു വർഷങ്ങൾക്കു ശേഷം, കൊവിഡ് കാലത്ത്, 2020-ൽ ഡോ. പി.എം. മാത്യു വിടചൊല്ലി. ഏഴു വർഷം കിടക്കും എന്ന് എങ്ങനെ പറയാൻ കഴിഞ്ഞു എന്നത് ഇന്നും എന്നെ അതിശയിപ്പിക്കുന്നു. അഞ്ച് വർഷം മുന്‍പ്, സെപ്റ്റംബർ മാസം 28-ന്, ഈ ലോകത്തിൽനിന്നും കടന്നുപോകുമ്പോൾ ലോകത്തേയും അതിന്റെ അസംബന്ധങ്ങളേയും നോക്കി ചിരിച്ചുകൊണ്ടായിരിക്കും പി.എം. മാത്യു കടന്നുപോയത്. ജനിമൃതികളെക്കുറിച്ച് അത്രമേൽ വിശാലമായ കാഴ്ചപ്പാട് ഡോ. പി.എം. മാത്യുവിന് ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാറ്റിങ്ങില്‍ വിറച്ചു, പന്തെറിഞ്ഞ് പിടിച്ചു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

സിഡിഎസ്സിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ, ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

സൂരജ്കുണ്ഡ് കലാമേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു; ഒരു മരണം, 13 പേര്‍ക്ക് പരിക്ക്

തദ്ദേശ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ് യു നേതാവിന് സസ്‌പെന്‍ഷന്‍

എല്‍ഡിഎഫ് എംഎല്‍മാര്‍ക്ക് ശക്തമായ ജനപിന്തുണ, സര്‍വേ റിപ്പോര്‍ട്ട്; യുഡിഎഫ് ക്യാംപില്‍ ആശങ്ക

SCROLL FOR NEXT