അഴിയെണ്ണിക്കുമെന്നു പറഞ്ഞാൽ നിയമപരമായി സാധുതയുള്ള കൊലവിളിയാണ്. നിലവാരമുള്ള ബോർഡിങ്ങ് ഹൗസിലെ ഭക്ഷണക്രമമാണ് ഇപ്പോൾ ജയിലുകളിൽ ഉള്ളത് എന്നതിനാൽ ഗോതമ്പുണ്ട തീറ്റിക്കുമെന്ന മുന്നറിയിപ്പിന് പ്രസക്തിയില്ലാതായി. പ്രമേഹത്തിന്റെ അധിനിവേശകാലത്ത് ഗോതമ്പുണ്ട നിലവാരമുള്ള വീടുകളിലും ഇന്ന് അത്ര വർജ്യമല്ല. തടവിനുള്ള ഇടമാണ് ജയിൽ. കാരാഗൃഹത്തിൽ ബന്ധിക്കുന്നവരെ അധികാരികൾ മറക്കുകയാണ് പതിവ്. ഇരുട്ടിലും പട്ടിണിയിലും രോഗപീഡകൾ സഹിച്ച് തടവുകാർ ജീവൻവെടിയും. തടവറയിലെ സ്‌നാപകയോഹന്നാനെ ഹേറോദേസ് ഓർത്തത് പ്രവാചകന്റെ ശിരസ് ഹേറോദിയ ആവശ്യപ്പെട്ടപ്പോഴാണ്. അവസാനവിധിയുടെ നാളിലെ ഒ.എം.ആർ ടെസ്റ്റിൽ യെസ് ഓർ നോ എന്ന് ഉത്തരം അടയാളപ്പെടുത്താനുള്ള ആറ് ചോദ്യങ്ങളിൽ ഒന്ന് തടവുകാരെ സംബന്ധിച്ചുള്ളതാണ്. കാരാഗൃഹത്തിലായിരുന്നപ്പോൾ നിങ്ങൾ എന്റെയടുത്ത് വന്നുവോ എന്നതാണ് അനായാസം ഉത്തരം നൽകാവുന്ന ചോദ്യങ്ങളിലൊന്ന്. ആറു ചോദ്യങ്ങൾക്കും സ്‌കോർ വർദ്ധിപ്പിക്കുന്ന ശരിയുത്തരം എഴുതുന്നതിനുവേണ്ടി ഞാൻ പല ജയിലുകളും സന്ദർശിച്ച് തടവുകാരെ ആശ്വസിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ അബ്‌ദുന്നാസർ മഅ്ദനിക്ക് നിയമസഹായം നൽകുന്നതിനും സമാശ്വാസകരമായ സംസാരത്തിലേർപ്പെടുന്നതിനും പലവട്ടം പോയിട്ടുണ്ട്. ഒരു നവവത്സര രാവിന്റെ ആലസ്യത്തിൽ ദുബായ് ഉറക്കമുണരാൻ വിസമ്മതിച്ച പ്രഭാതത്തിൽ ഞാൻ അൽ അവീറിലെ സെൻട്രൽ ജയിലിലെത്തി അറ്റ്‌ലസ് രാമചന്ദ്രനുമായി കുറേ ഏറെനേരം സംസാരിച്ചു. അനുവദിച്ചതിൽ കൂടുതൽ സമയം ഗാർഡ് എനിക്ക് നൽകി. അത് അദ്ദേഹത്തിന്റെ അവസാനത്തെ നവവത്സരദിനമായിരുന്നു. കണ്ണൂരിൽ കാരായി ഉൾപ്പെടെ പല സഖാക്കളെയും കാണാൻ പോയിട്ടുണ്ട്. ദിലീപ് ജയിലിലായപ്പോൾ സമാശ്വാസവാക്കുകൾ പറഞ്ഞതിന് അതിരൂക്ഷമായ വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
പുലിക്കോടന്റെ മടയിൽ മരിച്ച് മൂന്നാം നാൾ അത്ഭുതകരമായി ഉയിർത്ത പിണറായി വിജയന് തടവുജീവിതത്തെക്കുറിച്ച് ആരും ക്ലാസ്സെടുക്കേണ്ട കാര്യമില്ല. എന്നിട്ടും ലോക്കപ്പുകളിലേക്കും ജയിലുകളിലേക്കും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുന്നത് നന്നായിരിക്കുമെന്ന് ഈ പംക്തിയിൽ ഞാൻ എഴുതിയിട്ടുണ്ട്. ജയിലിലെ തടവുകാരുടെ വേതനം 620 രൂപ വരെയായി വർദ്ധിപ്പിച്ചപ്പോൾ ഗോവിന്ദച്ചാമിയുടെ ആരോഗ്യമുള്ള ശരീരം കാണുമ്പോഴെന്നപോലെ പലരുടെയും നെറ്റി ചുളിഞ്ഞു. കഠിനതടവിന് വിധിക്കപ്പെടുന്നവർ തടവുകാലത്ത് കഠിനമായി ജോലി ചെയ്യണം. അടിമകളുടെ കാര്യത്തിലെന്നപോലെ അവരുടെ മുതുകിൽ നോട്ടക്കാരുടെ ചാട്ട വീഴുന്നില്ല എന്നേയുള്ളു. തടവുകാർ പാറ പൊട്ടിക്കുകയും കല്ല് വെട്ടുകയും ചെയ്യുന്നത് പഴയ സിനിമകളിൽ കാണാം. പൊട്ടിക്കാൻ ഇത്രയധികം പാറ ജയിൽ പരിസരത്തുണ്ടോ എന്ന് അത്ഭുതപ്പെടാം. 63 രൂപ മുതൽ 230 രൂപ വരെയായിരുന്നു തടവുകാർക്ക് ലഭിച്ചിരുന്ന ശമ്പളം. അത് ജയിലിലെ കാന്റീനിൽ ചെലവാക്കാം; വീട്ടിലേക്ക് അയയ്ക്കാം; അല്ലെങ്കിൽ മോചിതനാകുമ്പോൾ ഒരുമിച്ച് കൈപ്പറ്റാം. തടവിനൊപ്പം പിഴയുണ്ടെങ്കിൽ അതിനുള്ള തുകയും കണ്ടെത്തണം. പുതിയ നിരക്കിൽ മുപ്പതു ദിവസം ജോലി ചെയ്താൽ നൈപുണ്യമനുസരിച്ച് 18,600 രൂപ വരെ തടവുകാർക്ക് ലഭിക്കും.
അധ്വാനത്തിന്റെ പ്രതിഫലമാണ് തടവുകാർ കൈപ്പറ്റുന്നത്. ഫ്രീഡം എന്ന ഏകാന്തസുന്ദരമായ മോഹം ഉള്ളിലൊതുക്കി അവർ ജയിൽവളപ്പിനു പുറത്തേക്കു വിടുന്ന ഫ്രീഡം ചപ്പാത്തിയും ചിക്കൻ കറിയും വിമർശകരുടെ മേശയിലും എത്തുന്നുണ്ട്. തടവുകാരെ തൊഴിലാളികളായി കിട്ടുന്നതിൽ താല്പര്യമുള്ള തൊഴിൽ ഉടമകളുണ്ട്. മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ജയിലുകളുണ്ട്. മൊത്തം തടവുകാരുടെ എട്ട് ശതമാനം സ്വകാര്യ ജയിലുകളിലാണ് കഴിയുന്നത്. അവർ കരാറുകാർ ആവശ്യപ്പെടുന്ന അത്രയും സമയം പണിയെടുക്കണം. എട്ടു മണിക്കൂർ ജോലി എന്ന ചിക്കാഗോയിലെ മുദ്രാവാക്യത്തിനുള്ള മുതലാളിത്തത്തിന്റെ പ്രതിസ്‌പന്ദനമാണിത്. മുദ്രാവാക്യം വിളിക്കുകയും പണിമുടക്കുകയും ചെയ്യാത്ത തൊഴിൽക്കൂട്ടമാണ് തടവുകാർ. സ്റ്റാലിന്റെ സൈബീരിയയേക്കാൾ ഭീകരവും ദാരുണവുമായ അവസ്ഥയാണ് സ്വാതന്ത്ര്യത്തിന്റെ നാടായ ഐക്യനാടുകളിലുള്ളത്. വെനെസ്വേലയിലെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്ന ബ്രൂക് ലിനിലെ മെട്രോപോളിറ്റൻ ഡീറ്റെൻഷൻ സെന്റർ വിശേഷിപ്പിക്കപ്പെടുന്നത് ഭൂമിയിലെ നരകമെന്നാണ്. ഗ്വാണ്ടനാമോയിലെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ല.
തടവുശിക്ഷയ്ക്ക് ന്യായീകരണമായി നാല് സിദ്ധാന്തങ്ങളുണ്ട്. ഇവയിൽ ആധുനികലോകത്തിന് സ്വീകാര്യമായതും ഇന്ത്യ സ്വീകരിച്ചിട്ടുള്ളതുമായ സിദ്ധാന്തം നവീകരണസിദ്ധാന്തമാണ്. പാപത്തെ വർജിക്കുകയും പാപിയെ ആശ്ലേഷിക്കുകയും ചെയ്യുക എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. റിഫർമേറ്റീവ് തിയറി മനഃപരിവർത്തനത്തിന് ഉതകുന്ന രീതിയിലാണ് തടവുകാരനെ കൈകാര്യം ചെയ്യുന്നത്. പൂർണമായും ഇതിനുതകുന്ന പൊലീസും കോടതിയും ജയിലും ഇനിയും ഉണ്ടായിട്ടില്ല. തടവുകാരല്ല, തടവറകളാണ് നവീകരിക്കപ്പെടേണ്ടതെന്ന് തടവുകാരനായി ജയിലിൽ കിടന്നിട്ടുള്ള ഓസ്‌കർ വൈൽഡ് പറഞ്ഞതിൽ എല്ലാം അടങ്ങിയിരിക്കുന്നു. നമ്മൾ റെട്രിബ്യൂട്ടീവ് തിയറി മനസ്സുകൊണ്ട് പിൻതുടരുന്നവരാണ്. അതുകൊണ്ടാണ് ഓരോ വിധി വരുമ്പോഴും ഇരയ്ക്ക് നീതി കിട്ടിയില്ലെന്ന പരിദേവനമുണ്ടാകുന്നത്. തടവുകാരനായിരുന്ന യേശുവിനെ മനസ്സാവരിച്ചിട്ടുള്ള കന്യാസ്ത്രീകൾ പോലും ബിഷപ്പിന് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിർബന്ധബുദ്ധിയിലാണ്. പാപിനിയായ യുവതിയെ പാപത്തിൽനിന്നും വധശിക്ഷയിൽനിന്നും യേശു വിമോചിതയാക്കുന്ന സന്ദർഭം കന്യാസ്ത്രീകൾ വിസ്മരിക്കരുത്. നഷ്ടപ്പെടുന്നവരുടെ വേദന മനസ്സിലാക്കാൻ നഷ്ടപ്പെടുന്നവരാകണം. പാരതന്ത്ര്യം മാനികൾക്കു മാത്രമല്ല ഭയാനകമാകുന്നത്.
ബെൻഹർ എന്ന വിശ്രുതമായ സിനിമയിൽ അടിമകൾ കൂറ്റൻ കപ്പലുകളുടെ തുഴ വലിക്കുന്ന രംഗമുണ്ട്. അടിമകൾക്ക് അവകാശങ്ങളില്ല. സ്ഥലകാലബോധമില്ലാതെ യാന്ത്രികമായി തുഴ വലിക്കുന്നവരുടെ മുതുകത്ത് ഇടയ്ക്കിടെ നോട്ടക്കാരുടെ ചാട്ട ഒരു കാരണവുമില്ലാതെ നിപതിച്ചുകൊണ്ടിരിക്കും. ആലസ്യത്തിൽനിന്ന് അവരെ ഉണർത്താൻ വേണ്ടിയാണത്. പ്രിയദർശന്റെ ‘കാലാപാനി’ മനസ്സിലെ മറ്റൊരു നീറ്റലാണ്. തടവുകാർക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൺവെൻഷനുകളൊക്കെ ഉണ്ടാകുന്നതിനുമുന്‍പ് പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജോൺ ഹോവാർഡാണ് ജയിൽ പരിഷ്‌കരണത്തിന് തുടക്കമിട്ടത്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് എ.എൻ. മുള്ളയും സുപ്രീംകോടതിയിൽ വി.ആർ. കൃഷ്‌ണയ്യരും തടവുകാർക്കുവേണ്ടി നടപടികൾ സ്വീകരിച്ചവരാണ്. കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോൻ തടവുകാർക്കനുകൂലമായി നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ട്.
ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി എന്ന തത്ത്വം തടവുകാർക്കും ബാധകമാണെന്ന് കേരള ഹൈക്കോടതിയിൽ വാർത്താപ്രാധാന്യത്തോടെ പറഞ്ഞത് ആക്‌ടിങ് ചീഫ് ജസ്റ്റീസായിരുന്ന പി. സുബ്രഹ്‌മണ്യൻ പോറ്റിയാണ്. തടവുകാരുടെ വേതന പരിഷ്‌കരണം എന്ന ആശയം കേരളത്തിൽ ആദ്യം നടപ്പാക്കിയത് അദ്ദേഹമാണ്. പിന്നീടാണ് അത് സുപ്രീംകോടതിയുടെ ശ്രദ്ധാവിഷയമായത്. തടവുകാർക്ക് മാന്യമായ വേതനം നൽകണമെന്ന് ഒക്ടോബറിൽ സുപ്രീംകോടതി പറഞ്ഞു. തടവുകാർ പാവങ്ങളല്ലേ എന്ന് ഇ.പി. ജയരാജൻ ചോദിച്ചു. അവർ പാവങ്ങൾ ആയതുകൊണ്ടല്ല പണിക്കാർ ആയതുകൊണ്ടാണ് കൂലിക്ക് അർഹരാകുന്നത്. അവർ പാവങ്ങളല്ല; അടിമകളുമല്ല. ആശാപ്രവർത്തകർക്ക് പ്രതിമാസം 12,000 രൂപയാണ് ലഭിക്കുന്നതെന്ന പരാതിയുണ്ടായി. തടവുകാരുടേത് കുറയ്ക്കുന്നതിനു പകരം: ആശാമാരുടേത് കൂട്ടുകയാണ് വേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates