“ഹായ്”
എഡിന്‍ബറയിലായിരിക്കെ കൊല്‍ക്കത്തയിലെ കോളേജ് സ്‌ട്രീറ്റ് കോഫീ ഹൗസില്‍നിന്നും ചമ്പയുടെ വിളി.
“അവിടെ കോട്ടക്കൊത്തളങ്ങളും പ്രതിമകളും പള്ളികളും കണ്ട് നേരം കളയാതെ ഹാരി പോട്ടറിന്റെ അമ്മയെ നേരിലൊന്ന് കാണാന്‍ ശ്രമിച്ചുകൂടെ?”
“അതെളുപ്പമല്ല മാഡം. നിങ്ങടെ മഹാശ്വേതാദേവിയല്ല ജെ.കെ. റോളിങ്ങ്.”
ഞാന്‍ അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരി പാര്‍ക്കുന്നത് എഡിന്‍ബറയിലല്ല. എഴുപത്തിനാലു നാഴിക വടക്കു മാറിയാണ്. തായ് നദിയുടെ കരയില്‍ പന്ത്രണ്ട് ഏക്കര്‍ വരുന്ന ഒരു എസ്റ്റേറ്റിലെ ഗോഥിക് മന്ദിരമാണ് പാര്‍പ്പിടം. അത് 1865-ല്‍ പണികഴിപ്പിക്കപ്പെട്ടതാണ്. ജോ എന്ന് സ്വയം വിളിക്കുന്ന ജോവന്ന റോളിങ്ങിന്റെ രണ്ടാം വിവാഹം അതിന്റെ ഗ്രന്ഥപ്പുരയിലായിരുന്നു. ആദ്യത്തെ കലുഷിത ദാമ്പത്യത്തില്‍ പിറന്ന മകള്‍, എട്ടുവയസ്സുകാരി ജെസ്സിക്ക ഇസബെല്‍ റോളിങ്ങ് അരാന്റെസ് വിടര്‍ന്ന കണ്ണുകളോടെ സാക്ഷി നിന്നു. ചുറ്റിലും മാന്ത്രികലോകം. പറക്കും മാന്ത്രികര്‍.
ചൂലിലേറി ചുമ്മാ കറങ്ങുന്ന വൃദ്ധ ആഭിചാരിണികള്‍. കൂര്‍ത്ത ദൃഷ്ടിയുള്ള കരിമ്പൂച്ചകള്‍. വലിപ്പമേറിയ ഊര്‍ണനാഭികള്‍. നീണ്ട നാവുള്ള ഗൗഡികള്‍. വിചിത്ര സ്വരങ്ങള്‍.
ഒരു മെഡിക്കല്‍ ഡോക്ടറായ നീല്‍മറെയാണ് വരന്‍. ജോവന്നയുമായി ആറു വയസ്സിന്റെ വ്യത്യാസം. ഖ്യാതിയുറ്റ എഡിന്‍ബറ സ്കൂള്‍ ഓഫ് മെഡിസിനില്‍ ജോലി. ആര്‍തര്‍ കോനന്‍ ഡോയലിന്റെ മാതൃവിദ്യാലയം. നീല്‍ മറെയും ജോവന്നയും എഡിന്‍ബറയെന്ന വിചിത്രമായ പശ്ചാത്തലത്തില്‍, അതിന്റെ നിഗൂഢതകള്‍ക്കിടയില്‍, കണ്ടുമുട്ടാനും പരിചയിക്കാനും പരസ്പരം ചേരാനും വിധിക്കപ്പെട്ടവരായിരുന്നു.
ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ ജോര്‍ജ് അരാന്റെസ്സിനെ ജോവന്ന കണ്ടുമുട്ടുന്നത് ഇംഗ്ലീഷ് അദ്ധ്യാപികയായി പോര്‍ച്ചുഗലില്‍ എത്തിയപ്പോഴാണ്. ഒരു ബാറിലായിരുന്നു യാദൃച്ഛികമായ സമാഗമം. മിണ്ടിയും പറഞ്ഞും ഇരിക്കെ ജെയ്ന്‍ ഓസ്റ്റിന്‍ കയറിവന്നു. രണ്ടുപേര്‍ക്കും വളരെ താല്പര്യമാണ് ജെയ്ന്‍ ഓസ്റ്റിനെ. അത്രയും മതിയല്ലോ. അവര്‍ സൗഹൃദത്തിലായി. 1992-ല്‍ വിവാഹം. ഒക്‌ടോബര്‍ 16-ന്. മകള്‍ ജെസ്സിക്ക പിറന്നത് 27 ജുലായ് 1993-ല്‍ പോര്‍ച്ചുഗലില്‍ത്തന്നെ.
ജീവകഥ നീണ്ടു പിന്നെയും. ജോര്‍ജ് അരാന്റെസ്സിന്റെ പ്രകൃതം പാടെയങ്ങ് മാറി. നാവില്‍ കടുവാക്കുകളായി. ജെയ്ന്‍ ഓസ്റ്റിന്റെ നില പരുങ്ങലിലായി. ഒരുനാള്‍ ജോവന്നയ്ക്കു കരണത്ത് അടിയേല്‍ക്കുന്നത് കാണേണ്ടിവന്നു. വാതില്‍ തുറക്കാന്‍ താക്കോലില്ലാതെ വെളിയില്‍ നിസ്സഹായയായി നില്‍ക്കുന്ന ജോയെ നോക്കി ജെയ്ന്‍ നിശ്ശബ്ദമായി വിതുമ്പി. ജോ, അടിയേറ്റും അപമാനിതയായും നോവ് സഹിച്ചും ഇങ്ങനെ എത്രനാള്‍? എഴുതിത്തുടങ്ങിയ മാന്ത്രിക നോവല്‍ പൂര്‍ത്തിയാക്കേണ്ടേ നിനക്ക്? കുഞ്ഞിനെ വളര്‍ത്തേണ്ടേ? എന്തു ചെയ്യും നീ?
അറിയില്ല. ജോവന്നയ്ക്ക് ഒന്നുമറിയില്ല.
ലിസ്ബണ്‍ കഴിഞ്ഞാല്‍ പോര്‍ച്ചുഗലിലെ ഏറ്റവും വലിയ നഗരമാണ് പോര്‍ട്ടോ. പുരാതനവും സംസ്‌കൃതിയുടെ സമൃദ്ധമായ പാരമ്പര്യമുറ്റതുമായ നഗരം. എത്രയോ പ്രൗഢമന്ദിരങ്ങള്‍. പോര്‍ട്ട് വൈന്‍ എന്ന പേര് ഈ നഗരവുമായി ബന്ധപ്പെട്ടതാണ്. മാനോയെല്‍ ഡി ഒലിവിയറയെന്ന (Manoel de Oliveira), ലോകമെങ്ങും അറിയപ്പെടുന്ന പോര്‍ച്ചുഗീസ് ചലച്ചിത്രകാരന്റെ സ്ഥലം.
“നരകത്തിലേയ്ക്കു പോ. പോയി തുലയ്.”
ജോര്‍ജ് അരാന്റെസ് ജോവന്നയെ ഒരു ദിവസം തെരുവിലേയ്ക്കു തള്ളി വാതിലടച്ചു. കുഞ്ഞിന്റെ കരച്ചിലിനു ചെവിയോര്‍ത്ത് ജോ വെളിയില്‍ നിന്നു. ജെയ്ന്‍ ഓസ്റ്റിന്‍ അവിടെയെങ്ങും ഇല്ലായിരുന്നു.
ജോവന്ന തെരുവിലൂടെ നടന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ചെന്നു. കുഞ്ഞിനെ വേണം. തന്റേതായ സാധനങ്ങളെടുക്കണം. അതിന് പൊലീസ് സഹായം കൂടിയേ തീരൂ.
വാതില്‍ തുറന്ന ജോര്‍ജ് അരാന്റെസ് കാണുന്നത് നിയമപാലകരെ. ഒപ്പം ജൊവന്നയും. അവള്‍ അകത്തുകടന്ന് തന്റെ സാധനങ്ങളൊക്കെ സമാഹരിച്ചു. ജെസ്സിക്കയെ കയ്യിലേറ്റി. ജീവിതത്തിന്റെ എഴുതാത്ത ആഖ്യായികയിലെ ഒരദ്ധ്യായത്തിന്റെ അവസാനം.
മമ്മി ദിവംഗതയായി രണ്ടു വര്‍ഷം തികയും മുന്‍പ് പപ്പ തന്റെ സെക്രട്ടറിയെ വിവാഹം കഴിച്ചിരുന്നു. അങ്ങോട്ട് പോകാന്‍ വയ്യ. ഇനിയുള്ളത് സ്‌കോട്ട്‌ലാന്‍ഡിലുള്ള സഹോദരിയാണ്. ആലോചിച്ചപ്പോള്‍ ജോയ്ക്ക് മറ്റൊന്നും മനസ്സില്‍ തോന്നിയില്ല. രണ്ടാഴ്ചക്കാലത്തെ ഒളിവുജീവിതത്തിനുശേഷം എഡിന്‍ബറയിലേയ്ക്കു വണ്ടി കയറി. ഒപ്പം കൈക്കുഞ്ഞായ ജെസ്സിക്ക. അവളെക്കാള്‍ പ്രായം കുറഞ്ഞ ഒരു നോവലിന്റെ മൂന്ന് അദ്ധ്യായങ്ങള്‍.
ഹ്രസ്വവും ദുരന്തപൂര്‍ണവുമെന്ന് ജോവന്ന പിന്നീട് വിശേഷിപ്പിച്ച ദാമ്പത്യത്തിന്റെ നിയമപരമായ അന്ത്യത്തിന് വേദിയായത് എഡിന്‍ബറയാണ്. ജോ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ കൃതി (Harry Potter and the Philosopher's Stone) എഴുതിത്തീര്‍ത്തതും എഡിന്‍ബറയിലിരുന്നാണ്. പരമനിസ്വയായ ഒരമ്മയെ, കൈക്കുഞ്ഞും എഴുതിത്തുടങ്ങിയ ഒരു ആഖ്യായികയുമായി വന്ന ജോവന്നയെ, എഡിന്‍ബറ തുണച്ചു. ഒരു വെറും ഏഴയോട് അത്രയും സ്നേഹം ഏതു നഗരം കാട്ടും?
‘ഡി’ എന്നു വിളിച്ചിരുന്ന അനിയത്തി ഡയാന ആയിടെയാണ് വിവാഹിതയായത്. രണ്ടു വയസ്സിന് ഇളപ്പം. നവവരന്‍ റോജര്‍ മൂര്‍. എഡിന്‍ബറയിലുള്ള ഒരു കഫെയില്‍ പങ്കാളിത്തമുണ്ട് റോജറിന്. കഫെയുടെ പേര് നിക്കോള്‍സണ്‍സ് കഫെ എന്ന്. ഡയാനയുമൊത്തുള്ള ജീവിതം തുടങ്ങിയിട്ടേയുള്ളൂ. പിഞ്ചുകുഞ്ഞും ഒരു സ്യൂട്ട്കെയ്സുമായി ജോവന്ന കയറിച്ചെന്നത് ആ ജീവിതത്തിലേയ്ക്കാണ്. അഭയം തേടാന്‍ വേറൊരിടവും ഭൂമുഖത്തില്ലായിരുന്നു.
നവംബര്‍ പാതി കഴിഞ്ഞിരുന്നു. ചോലമരങ്ങളില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞു. എഡിന്‍ബറയിലെ തെരുവുകള്‍ തണുപ്പറിയുകയായി.
അനിയത്തിയെ ആശ്രയിക്കുന്നത് ക്രിസ്‌മസ് വരെ മാത്രം, ജോ തീരുമാനിച്ചിരുന്നു.
സാമൂഹിക ക്ഷേമപദ്ധതിയനുസരിച്ചുള്ള സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചു. ഏക മാതാവെന്ന പരിഗണനയില്‍ ആഴ്ചതോറും അറുപത്തിയൊമ്പത് പൗണ്ട് അനുവദിച്ചുകിട്ടി. ആവൂ, അത്രയും ആശ്വാസമായി. ഒരു ഫ്ലാറ്റിലേയ്ക്കു മാറി. ചുണ്ടെലികള്‍ വിഹരിച്ചിരുന്ന ഒരിടം. അവ കുഞ്ഞു ജെസ്സിക്കയെ കടിക്കുമോ എന്ന ആശങ്ക വിട്ടൊഴിയാതെയായി. തണുപ്പാണെങ്കില്‍ കഠിനം. ചൂടിന് ഹീറ്ററില്ല. അമ്മയും കുഞ്ഞും ഒരുപോലെ തണുത്തുവിറച്ചു. പലപ്പോഴും മഞ്ഞ് പെയ്തു.
റോജറിന് പാതി അവകാശമുള്ള നിക്കോള്‍സണ്‍സ് കഫെ അടുത്തു തന്നെയാണ്. ജോവന്ന കുഞ്ഞും അപൂര്‍ണരചനയുമായി കഫെയില്‍ ചെന്നിരിക്കുക പതിവാക്കി. അവിടെ ഹീറ്ററുണ്ടായിരുന്നു. എലി ശല്യം ഇല്ലതാനും.
അറുപത്തിയൊന്‍പത് പൗണ്ടില്‍ അരിഷ്ടിച്ച് നാള്‍ പോക്കി.
പ്രൗഢവും പുരാതനവുമായ എഡിന്‍ബറക്കോട്ട സമീപക്കാഴ്ചയായുള്ള ‘ദ എലഫെന്റ് ഹൗസ്’ എന്ന റസ്റ്റോറന്റിലും ഇടയ്ക്കു ചെല്ലുമായിരുന്നു. ഒരു മൂലയിലിരിക്കും പകല്‍ മുഴുവനും. അരികെ ജെസ്സിക്ക. ചില്ലുജാലകത്തിനപ്പുറം കോട്ട.
‘ദ എലഫെന്റ് ഹൗസി’നടുത്തായി പണ്ടേയുള്ള ഒരു സെമിത്തേരി നിലകൊള്ളുന്നു. സെമിത്തേരിയിലെ സ്മാരകഫലകങ്ങളില്‍ രേഖപ്പെടുത്തിയ പല പേരുകളുമാണ്, ഭേദഗതികളോടെ ഹാരി പോട്ടര്‍ പരമ്പരയില്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഹാരി പോട്ടറിന്റെ ജന്മസ്ഥലമെന്ന് റെസ്റ്റോറന്റിന്റെ പുറത്തു കാണാം. അതും ഒരു തിരുപ്പിറവി.
1995-ല്‍ പൂര്‍ത്തിയാക്കപ്പെട്ട നോവല്‍ തിരസ്‌കരിച്ചത് പന്ത്രണ്ട് പ്രസാധകര്‍. ആദ്യത്തെ ബില്യന്‍ ഡോളര്‍ എഴുത്തുകാരിയെ സൃഷ്ടിച്ചത് ബ്ലൂംസ്ബറിയുടെ ബാരി കണ്ണിംഗ്ഹാമാണ്. ഒരുപക്ഷേ, അങ്ങേരുടെ എട്ടു വയസ്സുകാരി മകള്‍ ആലീസ് ന്യൂട്ടനാണെന്നതാവും കൂടുതല്‍ ശരി.
ബാരി കണ്ണിംഗ്ഹാം തനിക്ക് അയച്ചുകിട്ടിയ നോവലിലെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങള്‍ വായിക്കാന്‍ നല്‍കിയത് മകള്‍ക്കാണ്. അവളത് ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ത്ത് അടുത്ത ഭാഗങ്ങള്‍ ആവശ്യപ്പെട്ടതാണ് ജോവന്നയെ ഭാഗ്യവതിയാക്കിയത്. എന്തൊരു ഭാഗ്യം! എന്തൊരു മാജിക്!
പ്രാചീന സ്‌പാനിഷ് തത്ത്വചിന്തകള്‍ ലൂസ്യസ് അന്നേയസ് സെനക്ക (Lucius Annaeus Seneca. ക്രിസ്‌ത്വബ്‌ദം അറുപത്തിയഞ്ചില്‍ മരണം റോമില്‍വെച്ച്) പറഞ്ഞല്ലോ:
“As is a tale, so is life: not how long it is, but how good it is, is what matters.”
ജോവന്ന പിന്നീടെപ്പോഴോ പ്രൗഢമായ ഒരു പ്രസംഗത്തിന് വിരാമമിട്ടത് ഈ പറച്ചിലിലാണ്. സെനക്ക പണ്ടെന്നോ ഉരുവിട്ട വാക്കുകള്‍ക്ക് അങ്ങനെ പുതുജീവന്‍ കൈവന്നു.
ഹാരി പോട്ടര്‍ പരമ്പരയില്‍ എഴുതിയതും പഴയ വാക്കുകളാണ്. എത്രയോ മനുഷ്യജീവികള്‍ ഏതൊക്കെയോ കാലത്തായി പല പല സന്ദര്‍ഭങ്ങളില്‍ ഉരുക്കഴിച്ച വാക്കുകള്‍. ജോവന്ന അരുമയോടെ ഓരോ പദത്തേയും താലോലിച്ചു. ഓരോ വാക്കിനും മാന്ത്രികസ്‌പര്‍ശമേകി. ഓരോ വാക്കിനേയും വളര്‍ത്തുപ്രാവിനെയെന്നോണം വിഹായസ്സിലേയ്ക്കു പറത്തിവിട്ടു. വാക്കുകള്‍ ചിറകടിച്ച് പറന്നു. അവയെ ആഹ്ലാദാതിരേകത്തോടെ നോക്കിക്കൊണ്ട് താഴെ എഡിന്‍ബറയുടെ സ്വച്ഛതയില്‍ ജോവന്ന. ജോ.
ആമ്പിള്ളേരെ ലക്ഷ്യമാക്കുന്ന ഒരു നോവലിന് യഥാര്‍ത്ഥ പേര് നിരക്കില്ലെന്ന് പറഞ്ഞത് പ്രസാധകനായ ബാരി കണ്ണിംഗ്ഹാമായിരുന്നു. ആലോചനകള്‍ക്കൊടുവില്‍ രൂപപ്പെട്ട പേരാണ് ജെ.കെ. റോളിങ്ങ്. മാന്ത്രികതയുടെ മറ്റൊരു നിറവേറല്‍.
“എനിക്ക് ദേ, അരിശം വരുന്നുണ്ട്. മൂപ്പത്ത്യാര് ഇപ്പോ അവ്ടെയില്ലേ?” റോസന്ന ചോദിച്ചു.
“ഉണ്ട്.” ഞാന്‍ പറഞ്ഞു.
“എങ്കില്‍ കയറിച്ചെന്ന് കണ്ടൂടേ?”
“ഇത് കോഴിക്കോടോ തിരുവനന്തപുരമോ കോട്ടയമോ അല്ല.”
“പിന്നെ?”
“എഡിന്‍ബറയാണ്.”
“അവ്ടെയും ഇവ്ടത്തെപ്പോല്ള്ള മനുഷ്യര് തന്നെയല്ലേ?”
“ഉവ്വ്, മനുഷ്യര് തന്നെ. പക്ഷേ, കാഴ്ചപ്പാടുകളില്‍ വ്യത്യാസങ്ങളുണ്ട്. മനുഷ്യരെ ഒറ്റ ഗണമായി വര്‍ഗീകരിക്കാനാവില്ല. ഓരോ മനുഷ്യനും വെവ്വേറെയാണ്.”
“എന്നാലും ഉണ്ടല്ലോ പൊതുവായ ചിലതൊക്കെ.”
“ഉവ്വ്, സാഹിത്യം സ്ഥാപിക്കുന്നത് ഉണ്ടെന്നാണ്.”
“മനുഷ്യര്‍ സഹിക്കുന്ന നോവുകള്‍. അറിയുന്ന ആഹ്ലാദങ്ങള്‍. അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍.”
“അതെ.”
“ഒരു കാര്യം വിട്ടുപോയി. പ്രധാനപ്പെട്ട ഒന്ന്.”
“അതെന്തോന്ന്?”
“പറയാണ്ട് അറിഞ്ഞുകൂടെ? രതി.”
“ഓ, ശരിയാണല്ലോ. ഏദനില്‍ തുടങ്ങിയത്.”
“സര്‍പ്പം കണ്ടത്.”
“ഭൂമി കേട്ട ആദ്യത്തെ രതികൂജനം ഹവ്വയുടേതായിരുന്നു.”
“ഭൂമി കണ്ട ആദ്യത്തെ വിജൃംഭിതലിംഗം ആദത്തിന്റേയും.”
“അലോസരപ്പെടുത്താന്‍ ആരുമില്ലായിരുന്നു.”
“എത്രയെത്ര സുരതങ്ങള്‍! ഓഹ്, അസൂയ തോന്നുന്നു.”
“സുരതക്രിയയാണ് ലോകത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങളൊക്കെ വെറും നിസ്സാരം.
റോസന്ന തലയറഞ്ഞ് ചിരിച്ചു. ഞാനും അതില്‍ പങ്കുചേര്‍ന്നു. വളരെ അകലെയാണെങ്കിലും അടുത്താണെന്ന് തോന്നി. തണുപ്പകന്നു.
ചില നേരങ്ങളില്‍ നമ്മളൊക്കെയും ഇത്തിരി ഉന്മാദത്തിലാവും, ഇല്ലേ? പെട്ടെന്നോര്‍മ വരുന്നത് മൃണാള്‍സെന്‍ ചിത്രമായ ‘ഭുവന്‍ ഷോ’മിലെ ഒരു ദൃശ്യമാണ്. വെള്ള മണലിന്റെ പരപ്പുകളും കൂനകളുമുള്ള ഒരു ഗുജറാത്ത് ഗ്രാമത്തിലേയ്ക്ക് പക്ഷിവേട്ടയ്ക്കു പോയ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥനും കര്‍ശനസ്വഭാവിയുമായ ഭുവന്‍ ഷോം (ഉത്പല്‍ ദത്ത്) ഗ്രാമത്തിലെ ഗൗരിയെന്ന യുവതിയെ (സുഹാസിനി മുലെയ്) കണ്ടുമുട്ടി. അവളുമായിച്ചേര്‍ന്ന് നായാട്ടു നടത്തിയശേഷം അതിന്റെ തൃപ്തിയില്‍ തന്റെ ഓഫീസില്‍ തിരിച്ചെത്തിയ ദൃശ്യത്തില്‍ നാം കാണുന്ന ചെയ്തികള്‍ ഉന്മാദത്തിന്റേതാണ്. ഭുവന്‍ ഷോം സാധാരണ നിലയ്ക്ക് അങ്ങനെയൊന്നും കാട്ടില്ല. വളരെ ഗൗരവപ്രകൃതമാണ്. പക്ഷേ, ചെറിയ ഉന്മാദത്തില്‍ ആള്‍ ആകെ മാറുന്നു. പിന്നെ സംഭവിക്കുന്നത് ഒരു ചാപ്ലാനിസ്‌ക് കോമഡി. ഉത്പല്‍ ദത്തിന് ഹാസ്യവും വഴങ്ങുമല്ലോ. ഞാന്‍ കൊല്‍ക്കത്തയിലായിരിക്കെ പലവട്ടം കണ്ടിട്ടുണ്ട്. അരങ്ങുകളിലും വീട്ടില്‍ ചെന്നും.
ഉന്മാദം, അതെ, അപൂര്‍വം ചില മുഹൂര്‍ത്തങ്ങളില്‍. നമ്മെ തേടിയെത്തുന്നു. നാം ആരെയും കേള്‍പ്പിക്കാനല്ലാതെ പാടുന്നു, വസ്ത്രങ്ങള്‍ അപ്പാടെ ഉരിഞ്ഞെറിയുന്നു, നൃത്തം ചെയ്യുന്നു.
പെര്‍ത്ത് ആന്‍ഡ് കിന്‍റോസ്സിലെ ആബെര്‍ ഫെല്‍ഡിക്കരികിലായി സ്ഥിതിചെയ്യുന്ന കില്ലീക്കാസിക് വസതിയില്‍ ജെ.കെ. റോളിങ്ങും അത്തരം മുഹൂര്‍ത്തങ്ങളിലൂടെ ഉറപ്പായും കടന്നുപോയിരിക്കും.
ചരിത്രമൂല്യമുള്ള ഒരു ജോര്‍ജിയന്‍ നിര്‍മിതിയാണ് കില്ലീക്കാസിക്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. ഒരു സ്‌കോട്ടിഷ് പട്ടാളമേധാവി പണ്ടെന്നോ പണിതതാണ്. 1865-ല്‍ പുതുക്കിപ്പണിതു. അരികിലൂടെ തായ് നദി ഒഴുകുന്നു. പന്ത്രണ്ട് ഏക്കര്‍ സ്ഥലത്തിനു നടുവിലാണ് പൗരാണിക മാളിക. രണ്ടു ഹാള്‍, സ്വീകരണമുറി, തീന്‍മുറി, ഏഴ് കിടപ്പുമുറികള്‍, ലൈബ്രറി, അതിഥിമന്ദിരം, തടാകം, പ്രാവുകളുടെ പാര്‍പ്പിടം (dovecote) എന്നിങ്ങനെയാണ് ഘടന. ചുറ്റിലുമായി പുല്‍ത്തകിടിയും പലയിനം വൃക്ഷങ്ങളും തദ്ദേശീയര്‍ക്ക് പറയാനുണ്ട് പല ഐതിഹ്യങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കോട്ട്‌ലന്‍ഡ് ചരിത്രത്തില്‍ പ്രമുഖ സ്ഥാനത്തുള്ള ബോണീ പ്രിന്‍സ് ചാര്‍ലി (യഥാര്‍ത്ഥ നാമധേയം ചാള്‍സ് എഡ്വേര്‍ഡ് സ്റ്റുവര്‍ട്ട് 1720-1788), പ്രമുഖ കവി റോബര്‍ട്ട് ബേണ്‍സ് (1759-1796) എന്നിവരുമായി ഈ മന്ദിരത്തിനു ബന്ധമുണ്ടെന്നാണ് പ്രാദേശിക നാടോടിവിജ്ഞാനീയത്തില്‍ പറയുന്നത്. എന്തായാലും കില്ലീക്കാസിക് മഹത്വമാര്‍ന്ന ഒരു ഇടമാണ്. ഹാരി പോട്ടറിന്റെ സ്രഷ്ടാവ് ഇങ്ങനെയൊന്ന് തന്റെ സ്ഥിരം വസതിയായി കണ്ടെത്തിയെന്നത് അഭിനന്ദനാര്‍ഹമായ കാര്യം.
“ചെന്നോ അവ്ടെ?” ചമ്പ ആരാഞ്ഞു.
“മുന്നിലെ നിരത്തിലൂടെ കടന്നുപോയി. നിരത്തിലേയ്ക്കു ചാഞ്ഞ മരങ്ങള്‍ തെരുവുവിളക്കുകളെ മറയ്ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അധികൃതര്‍ മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റുകയായിരുന്നു അപ്പോള്‍.”
“നല്ല നേരത്തുതന്നെ അങ്ങോട്ട് ചെന്നത്. ഗെയ്റ്റില്‍ തട്ടിയോ?”
“ഇല്ല. ഞാന്‍ മാന്യത പുലര്‍ത്തി.”
“ഗ്ലെന്‍ഫിഡിക്ക് രണ്ടോ മൂന്നോ അകത്താക്കി പോകാമായിരുന്നില്ലേ? ധൈര്യം തോന്നിയേനെ.”
“അതാലോചിച്ചില്ല.”
“വേണ്ടത് വേണ്ടപ്പോള്‍ തോന്നണം എന്നല്ലേ ചൊല്ല്.”
“എന്തോ എനിക്കങ്ങനെ തോന്നാറില്ല. ദസ്‌തയേവ്‌സ്‌കിയുടെ മിഷ്‌കിനാണ് മിക്കപ്പോഴും.”
“ഇഡിയറ്റ്.”
“അതെ.”
“സ്വയം വിലകുറച്ച് കാണുന്നത് നല്ലൊരു കാര്യമല്ല.”
“വില ഉണ്ടായിട്ടുവേണ്ടേ?”
“അത് വെറും സിനിസിസം.”
“ഇസങ്ങളില്‍ എനിക്കിഷ്ടം ഇതാണ്.”
“അതുപോകട്ടെ. നിനക്കവിടെ ഇലിഷ് മാച്ച് കറിയായുണ്ടോ?”
“ഉവ്വ്, ഞാന്‍ കോളേജ് സ്‌ട്രീറ്റിനടുത്തെ ഒരു ഭോജനാലയത്തിലാണ്. ഇവിടെ ആധികാരിക ബംഗാളി വിഭവങ്ങള്‍ ഒക്കെയുണ്ട് ഉച്ചയ്ക്ക്.”
“കോഷാ മാംഗ്ഷോ?”
“അറിയില്ല.”
“പാതാര്‍ മാംഗ്തെര്‍ ജോല്‍?”
“മട്ടണ്‍ കറി?”
“അതെ, ടെന്‍ഡര്‍ മട്ടണ്‍.”
“ചോദിക്കാം.”
കടുകെണ്ണയില്‍ വറുത്തെടുക്കുന്ന ഹില്‍സയുടെ മണം എനിക്ക് അനുഭവവേദ്യമായി. പാചകം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ക്ക് നല്ല സന്ന്യാസിയാവാന്‍ പറ്റില്ലെന്നു വിശ്വസിച്ച സ്വാമി വിവേകാനന്ദന്‍ അവസാനമായി (4 ജൂലൈ 1902, വെള്ളി) ഭക്ഷിച്ചത് ഹില്‍സ കറിയായിരുന്നു; പുളിക്കുന്ന സൂപ്പിനൊപ്പം (ആമ്പുല്‍). ചമ്പയ്ക്ക് അതൊരു പുതിയ അറിവായി.
“വിവേകാനന്ദന്‍ നന്നായി പാചകം ചെയ്യുമായിരുന്നു. മത്സ്യവും മട്ടണും.”
“അങ്ങനെയാണല്ലേ നല്ല സന്ന്യാസിയായത്?”
“അതെ.”
നല്ല സന്ന്യാസിയായ വിവേകാനന്ദന്റെ ശരീരം വ്യാധിമന്ദിരമായി മാറിയതിനെക്കുറിച്ച് വായിച്ചറിവുണ്ട്. ശങ്കറിന്റെ ജീവചരിത്രകൃതിയില്‍ അതെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ടല്ലോ. ‘The Monk as Man’ അസാധാരണമായ ഒരു കൃതിയാണ്. വിവേകാനന്ദനെ ഒരു മനുഷ്യനെന്ന നിലയ്ക്ക് പരിചയപ്പെടുത്തുന്ന ഒരു കൃതി ശങ്കര്‍ എഴുതിത്തീര്‍ത്തുവെന്നത് വലിയൊരു കാര്യം. സ്വാമി വിവേകാനന്ദന്‍ എന്ന ധിഷണശാലി എങ്ങനെയാണ് ദൈനംദിന ജീവിതത്തിലൂടെ കടന്നുപോയതെന്ന് ശങ്കര്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. ചുമ്മാ എഴുതിയതല്ല. ക്ഷുരസ്യ ധാരാ നിശിതാ ദുരത്വയാ ദുർഗ്ഗം പഥസ്‌തത് കവയോ വദന്തി എന്ന് കഠോപനിഷത്ത്. ശങ്കറിനെപ്പോലെ ചില എഴുത്തുകാര്‍ ആ വഴിക്കു സഞ്ചരിക്കുന്നു.
“ഈ പറയുന്ന ആളുടെ വഴിയും അതുതന്നെയല്ലേ?” ചമ്പ ഹില്‍സയുടെ ഒരു നുറുങ്ങ് രുചിച്ചുകൊണ്ട് ചോദിച്ചു.
എനിക്കവളെ ചുംബിക്കണമെന്നു തോന്നി.
കടുകെണ്ണയില്‍ വറുത്ത ഹില്‍സയുടെ രുചിയും ഗന്ധവുമുള്ള ചുണ്ടുകള്‍ പതുക്കെ ഇളകുന്നത് ഇത്രയും അകലെയാണെങ്കിലും കാണാം. ബംഗ്ലാദേശിന്റെ ദേശീയ മത്സ്യത്തിന് എത്രമേല്‍ രുചിയാണെന്ന്, എന്തൊരു തിളക്കമാണെന്ന് എനിക്കറിയാം. ഒരു ചൊല്ലുണ്ട്: മംഗല്യസൂത്രം വിറ്റിട്ടാണേലും കഴിക്കാന്‍ പോന്ന മേന്മയുണ്ട് ഹില്‍സയ്ക്ക്.
ചമ്പ ചിരിച്ചു. അവളുടെ കഴുത്തില്‍ കെട്ടുതാലിയില്ല.
മാണിക് ബന്ദ്യോപാദ്ധ്യായയും ഋത്വിക് ഘട്ടക്കും ഏറെ വാഴ്‌ത്തിയ പദ്‌മാ നദിയില്‍ ഹില്‍സയുടെ ആദ്യ വിളവെടുപ്പ് വലിയൊരു ആഘോഷമാണ്. പദ്മാ നദിയിലെ മുക്കുവര്‍ ആചാരനിഷ്ഠയോടെ വലകള്‍ വീശുന്നു. ആണ്ടിലെ ആദ്യ ഹില്‍സകള്‍ വലകളില്‍ പിടയുന്നു.
കരയിലെങ്ങോ ഋത്വിക് ഘട്ടക്കുണ്ട്. കാണുകയാണ്. അമ്മയായ നദി പരന്നൊഴുകുന്നു. ‘കോമള്‍ ഗാന്ധാറി’ല്‍ അനസൂയയും ഭൃഗുവും ഒരു റെയില്‍പ്പാതയുടെ അറ്റത്തെത്തി നിന്ന് കണ്ട അതേ നദി. അനസൂയയുടെ അമ്മ കലാപത്തില്‍ കൊല്ലപ്പെട്ട നവഖലി നദിക്കക്കരെ. ഭൃഗുവിന്റെ നഷ്ടഭവനവും മറുകരയില്‍. ഋത്വിക്ദായുടേതും.
“പദ്മാ നദിയോട് ഇത്രയും തീവ്രമായ സ്നേഹം മറ്റാരും കാട്ടിയിരിക്കില്ല അല്ലേ.” ചമ്പ ചോദിച്ചു. അവള്‍ മേഘേ ധാക്ക താരയും കോമള്‍ ഗാന്ധാറും സുബര്‍ണരേഖയും കണ്ടിട്ടുണ്ട്. അവയിലെ നദീദൃശ്യങ്ങള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നു. തോണികള്‍ തുഴയുന്നവരുടെ നാടോടി ഗീതങ്ങള്‍ ഓര്‍മയിലുണ്ട്. പദ്മയിലെ തിരയിളക്കങ്ങള്‍. മേഘച്ഛായകള്‍. തീരവൃക്ഷങ്ങള്‍.
“ദര്‍ബാര്‍ ഗാട്ടി പദ്മ എന്നൊരു ഡോക്യുമെന്ററിയുണ്ട്. ഇരുപത്തിയൊന്നു മിനിറ്റ് നീളം. ബംഗാളി ഹിന്ദി സിനിമകളില്‍ ധാരാളമായി അഭിനയിച്ചിട്ടുള്ള ബിശ്വജിത് ചാറ്റര്‍ജിയാണ് നിര്‍മിച്ചത്. ബിശ്വജിത്തിനു പുറമെ നര്‍ഗീസും അഭിനയിക്കുന്നു. അപ്പോഴേയ്ക്കും നര്‍ഗീസ് സിനിമയില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നിട്ടും ഋത്വിക് ദായ്ക്കുവേണ്ടി ക്യാമറയ്ക്കു മുന്നിലെത്തി. ദിലീപ് കുമാര്‍ അതില്‍ സ്വന്തം സ്വരത്തില്‍ പാടുന്നുണ്ട്. സൂപ്പര്‍താരങ്ങളായ രാജേഷ് ഖന്നയും ധര്‍മേന്ദ്രയും ഹേമമാലിനിയും സംഗീത സംവിധായകന്‍ സലില്‍ ചൗധരി, ഗായകനായ മന്നാഡേ, ഋഷികേശ് മുഖര്‍ജി എന്നിങ്ങനെ പ്രമുഖരായ പലരും അതില്‍ അണിനിരക്കുന്നു. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിയെക്കുറിച്ചാണ് അതില്‍ പ്രതിപാദിക്കുന്നത്. അവസാനഭാഗത്ത് പറയുന്നു: പദ്മാ നദിയുടെ ഹൃദയം ചോര വാര്‍ക്കുകയാണ്. പദ്മാ നദിയിലെ ജലം ചുവപ്പാണ്. കടും ചുവപ്പ്.”
ചമ്പ ഞാന്‍ പറഞ്ഞതത്രയും ഒന്നു മൂളുകപോലും ചെയ്യാതെ ഔത്സുക്യത്തോടെ കേട്ടു.
“എനിക്കതെപ്പറ്റി അറിയില്ലായിരുന്നു.” അവള്‍ പറഞ്ഞു.
“ഞാനതിന്റെ ലിങ്ക് അയച്ചുതരാം. തീര്‍ച്ചയായും കാണണം.”
“ഓക്കെ.”
“എല്‍ ഡൊറാഡോയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഘട്ടക് തന്റെ ‘ബാരി തേക്കേ പാലിയേ’ തുടങ്ങുന്നത്.”
“എല്‍ ഡൊറാഡോ തെക്കേ അമേരിക്കയിലെ ഒരു മിത്തിക്കല്‍ നഗരമല്ലേ?”
“കിഴക്കന്‍ ബംഗാളിലെ കുട്ടിക്കാലത്ത് ഋത്വിക്കും ജ്യേഷ്ഠനായ മനീഷ് ഘട്ടക്കിന്റെ മകള്‍ മഹാശ്വേതാ ദേവിയും അങ്ങനെയൊരു സുവര്‍ണ നഗരം സ്വപ്നം കണ്ടിരുന്നു. ‘ബാരി തേക്കേ പാലി’യേയെക്കുറിച്ച് എഴുതുമ്പോള്‍ മഹാശ്വേതാ ദേവി അതോര്‍മിക്കുന്നുണ്ട്.”
“ഓര്‍മിക്കാന്‍ ഇനിയുമുണ്ട്. ഗോഥിക് ഫിക്‌ഷന്റെ പേരില്‍ ചരിത്രത്തിലുള്ള എഡ്ഗാര്‍ അല്ലന്‍ പോ നാല്‍പ്പതാം വയസ്സില്‍ വിചിത്രമായ സാഹചര്യത്തില്‍ മരിക്കുന്നതിന് തൊട്ടു മുന്‍പായി എഴുതിയ കവിതയുടെ പേര് എല്‍ ഡൊറാഡോ എന്നായിരുന്നു.”
ഞാനത് ഗൂഗിളില്‍ കണ്ടെത്തി. സുഭഗനും ആഹ്ലാദവാനുമായ ഒരു പോരാളി അശ്വാരൂഢനായി എല്‍ ഡൊറാഡോ തേടി പുറപ്പെടുന്നു. സൂര്യപ്രകാശത്തിലൂടെയും നിഴലുകളിലൂടെയുമുള്ള ദീര്‍ഘയാത്ര. പാടുന്നുമുണ്ട്. അതിധീരന്‍. പക്ഷേ, യാത്രയില്‍ വാര്‍ദ്ധക്യം ബാധിക്കുന്നു. ഹൃദയത്തിനു മീതെ ഒരു നിഴല്‍. തളര്‍ന്നുപോയി. വഴിയില്‍ കണ്ടുമുട്ടിയ ഒരു തീര്‍ത്ഥാടകനോട് ചോദിച്ചു, എവിടെ എല്‍ ഡൊറാഡോ? മറുപടി: കുതിരയോടിച്ചോളൂ, ധൈര്യമായി, എല്‍ ഡൊറാഡോ തേടുകയാണെങ്കില്‍.
‘ബാരി തേക്കേ പാലിയേ’യിലെ വീടുവിട്ടോടിപ്പോയ കാഞ്ചനെന്ന ബാലന്‍ എത്തിച്ചേരുന്നത് കല്‍ക്കത്തയിലാണ്. അതു പക്ഷേ, അവന്‍ പ്രത്യാശിച്ചതുപോലെ എല്‍ ഡൊറാഡോ ആയിരുന്നില്ല. വീടുപോലെ മറ്റൊരിടമില്ലെന്ന തിരിച്ചറിവോടെ അവന്‍ തന്റെ ഗ്രാമത്തിലേയ്ക്കു മടങ്ങുന്നു.
“നേടാനാവാത്ത സമ്പത്ത്, കിട്ടാത്ത അവസരങ്ങള്‍, പ്രാപിക്കാനാവാത്ത ലക്ഷ്യസ്ഥാനം, ലഭിക്കാത്ത സന്തോഷം അതൊക്കെയാണ് എല്‍ ഡൊറാഡോ.”
“ചോര ഛര്‍ദിച്ച് മരിക്കുമ്പോള്‍ ഘട്ടക്കിന് അന്‍പതു കഴിഞ്ഞതേയുള്ളൂ.”
“എന്തൊരു ജീവിതം!”
“എന്തൊരു മരണം!”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates