പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ മെഴുകുതിരികൾ അണയുന്നില്ല; മരിച്ചുപോയ ഉമ്മൻ ചാണ്ടിക്ക് ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തുണ്ട്.
1989 കാലം; മാതൃഭൂമിയുടെ കോട്ടയം കറസ്‌പോണ്ടന്റ്; അന്ന് കെ.എസ്.യു നേതാക്കളായിരുന്ന ആന്റോ ആന്റണി (ഇപ്പോഴത്തെ എം.പി), ടോമി കല്ലാനി (മുൻ കോട്ടയം ഡി.സി.സി പ്രസിഡന്റ്) തുടങ്ങിയവരാണ് അടുപ്പക്കാർ. ഒരു രാത്രിയിൽ ഉമ്മൻചാണ്ടി തിരുവനന്തപുരത്തുനിന്നും വരുന്നുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു. ഒന്നുരണ്ട് പത്രസമ്മേളനങ്ങൾ കവർ ചെയ്തിട്ടുണ്ടെങ്കിലും ഉമ്മൻചാണ്ടിയുമായി അടുപ്പമുണ്ടായിരുന്നില്ല.
ബസ്സിൽ വന്നിറങ്ങിയ ഉമ്മൻ ചാണ്ടിയെ ആന്റോ ആന്റണിയും ടോമി കല്ലാനിയും പരിചയപ്പെടുത്തി; അറിയാമല്ലോ എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങൾ നാലുപേരും ചായകുടിക്കാൻ തട്ടുകടയിലേക്ക് മാറി. അപ്പോഴുണ്ട് തൊട്ടപ്പുറത്ത് ഒരു ഏറ്റുമുട്ടൽ; അടിപിടി; പെട്ടെന്ന് കല്ലേറുണ്ടായി.
“ഓടിക്കോ...” ആരോ വിളിച്ചുപറഞ്ഞു.
ഉമ്മൻ ചാണ്ടിക്കൊപ്പം ഞങ്ങളും ഓടി. ആരോ ഇരുട്ടിൽനിന്നും ചോദിച്ചു:
“എന്നതാ കുഞ്ഞൂഞ്ഞേ... വല്ലോം പറ്റിയോ?”
ഉമ്മൻ ചാണ്ടി ചിരിച്ചു. മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഏറുകൊണ്ടപ്പോഴും ഉമ്മൻ ചാണ്ടി ഇതേ ചിരി ചിരിച്ചു; എറിഞ്ഞ കല്ല് ഉമ്മൻ ചാണ്ടിയുടെ നെറ്റിയിലാണു കൊണ്ടത്; പൊട്ടി ചോര വന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്താൻ ആലോചന നടന്നു. ഉമ്മൻ ചാണ്ടി വിലക്കി; അക്രമാസക്തമാകുമായിരുന്ന ഒരു ഹർത്താൽ ഒഴിവായി.
കൈരളി ടി.വിയിൽ തിരുവനന്തപുരം ബ്യൂറോ ചീഫായി പ്രവർത്തിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുത്തത്. അർദ്ധരാത്രിയിൽ ഏകനായി ക്ലിഫ് ഹൗസിലെ ഡൈനിംഗ് ടേബിളിൽ ഫയൽ നോക്കുന്ന ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്.
സോളാർ കേസ് കത്തിനിൽക്കുന്ന കാലം. രാത്രി പതിനൊന്നര കഴിഞ്ഞിട്ടുണ്ടാവും, അവസാനത്തെ ശുപാർശക്കാരനും ഗേറ്റ് കടന്നുകഴിഞ്ഞു. കയ്യില്ലാത്ത ബനിയനും കൈലിമുണ്ടുമാണ് വേഷം; രണ്ടു കൂന ഫയലുകൾ മുന്നിൽ. വാർത്തയുടെ സോഴ്‌സ് അദ്ദേഹം തിരക്കിയില്ല; പകരം പൂർണബോധ്യത്തോടെയാണോ വാർത്ത കൊടുക്കുന്നതെന്ന് ചോദിച്ചു.
സോളാർ കേസിലെ പ്രതിയുടെ ഭർത്താവ് മന്ത്രി ഗണേശനെതിരെ പരാതി പറഞ്ഞുവെന്നത് ചർച്ചയായിരുന്നു. എന്തായിരുന്നു പരാതി?
“അത് രഹസ്യമാ...”
ഉമ്മൻ ചാണ്ടി ആ രഹസ്യം മരണംവരെ സൂക്ഷിച്ചു. രഹസ്യം കൈമാറാൻ ഏറ്റവും പറ്റിയ ഇടം ആൾക്കൂട്ടമാണെന്ന് ഉമ്മൻ ചാണ്ടി വിശ്വസിച്ചു. എന്നോടും ‘ചില രഹസ്യങ്ങൾ’ ആൾക്കൂട്ടത്തിനിടയിൽ കൈമാറിയിട്ടുണ്ട്.
ഫാരിസ് അബൂബക്കറുമായി ജോൺ ബ്രിട്ടാസ് കൈരളി ടി.വിയിൽ ഒരഭിമുഖം നടത്തി. ആ അഭിമുഖം നടത്താൻ തയ്യാറാണോ എന്ന് ബ്രിട്ടാസ് എന്നോടു തിരക്കി; ഞാൻ തയ്യാറായിരുന്നില്ല. പിണറായിയുടെ അടുപ്പക്കാരനും മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവുമായ ഫാരിസിനെ തള്ളിപ്പറഞ്ഞ് അച്യുതാനന്ദൻ പത്രസമ്മേളനം നടത്തി; ‘വെറുക്കപ്പെട്ടവൻ’ എന്ന് ആക്ഷേപിച്ചു.
അടുത്ത ദിവസം കൈരളി ന്യൂസ് ബ്യൂറോയ്ക്ക് നേരെ കല്ലേറുണ്ടായി. അസാമാന്യ വലിപ്പമുള്ള ഒരു പാറക്കല്ല് ക്യാബിന്റെ ചില്ല് തകർത്ത് എന്റെ കസേരയിൽ വീണു. കസേരയിൽ ആൾ ഉണ്ടാകുമായിരുന്നെങ്കിൽ തല തകരുമായിരുന്നു.
വിവാദ അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസ് ഇരിക്കുന്നത് ബ്യൂറോയുടെ എതിർവശത്തുള്ള മെയ്ൻ ഓഫീസിൽ; അവിടെ ആക്രമണം നടന്നില്ല.
അടുത്ത ദിവസം ഉമ്മൻ ചാണ്ടി എന്നെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞു; വീട്ടിലേക്ക് ചെന്നു. അദ്ദേഹം ആൾക്കൂട്ടത്തിനിടയിൽനിന്നു രഹസ്യം പറഞ്ഞു:
“താൻ സൂക്ഷിക്കണം; പ്രത്യേകിച്ചും യാത്ര ചെയ്യുമ്പോൾ; ഓഫീസിന് പൊലീസ് സംരക്ഷണം വേണമെന്ന് കോടിയേരിയെ കണ്ട് പറയണം.”
എറിയപ്പെടാൻ എനിക്കെന്ത് പ്രസക്തി? വിശ്വാസം വരാതെ ഉമ്മൻ ചാണ്ടിയെ നോക്കിനിന്നു. ഒന്നു ശ്രദ്ധിച്ചാൽ അതിന്റെ കാരണം കണ്ടുകിട്ടാനിടയുണ്ടെന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി ആ വിഷയം അവസാനിപ്പിച്ചു. കള്ളൻ പാർട്ടിയുടെ കപ്പലിൽ തന്നെ ഉണ്ടായിരുന്നു. കോടിയേരിയെ കണ്ട് കാര്യം പറഞ്ഞു. കൈരളി ന്യൂസ് ബ്യൂറോ പൊലീസ് കാവലിലായി. ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തിനിടയിൽ പറഞ്ഞ രഹസ്യം ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് ഓർക്കാറുണ്ട്.
ഒരിക്കൽ ചോദിച്ചു:
“ഏറ്റവും ഇഷ്ടമുള്ള സ്ഥലമേതായിരിക്കും?”
“പുതുപ്പള്ളി തന്നെ...”
“ഇഷ്ടമില്ലാത്തതോ?”
“ഡൽഹിയിൽ അധികം പോയി നില്‍ക്കുന്നത് ഇഷ്ടമല്ല.”
“വെളിച്ചം കാത്തിരുന്നപ്പോൾ എനിക്ക് ഇരുട്ട് ഉണ്ടായി. ദുരിത ദിനങ്ങൾ എന്നെ എതിരേൽക്കുന്നു.”
ബൈബിളിൽ ഇയ്യോബ് വിലപിച്ചതുപോലെ ഉമ്മൻ ചാണ്ടിയും അന്ത്യകാലത്ത് നിസ്സഹായനായിരുന്നു. എന്നിട്ടും അദ്ദേഹം വിശ്വാസത്തിൽ ഉറച്ചുനിന്നു. ആരോപണങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്നത് കണ്ടിട്ടാണ് കണ്ണടച്ചത്.
“മൺപുറ്റിനെ മഹാപർവതമാക്കി”യതാണെന്ന് ഉമ്മൻ ചാണ്ടി തന്നെ വിശേഷിപ്പിച്ച സോളാർ കേസുകളും തുടർന്നുണ്ടായ കോടതിക്രമങ്ങളും ആരോപണങ്ങളുമാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം തകർത്തത്. 2017 ഒക്‌ടോബറിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിക്കെതിരെ ബലാത്സംഗത്തിനു കേസെടുക്കാൻ ഉത്തരവിട്ടു; 33 പേരിൽനിന്ന് സോളാർ കേസ് നായിക 6.5 കോടിരൂപ തട്ടിച്ചുവെന്നായിരുന്നു കേസ്. ഇതന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷനു മാത്രം 7.5 കോടി രൂപ ചെലവായി. ഉമ്മൻ ചാണ്ടിക്കെതിരെ കേസ് വാദിക്കാൻ ഡൽഹിയിൽനിന്നും കൊണ്ടുവന്ന അഭിഭാഷകനുവേണ്ടി മാത്രം 1.20 കോടി ചെലവാക്കി!
ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നിരാകരിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് 2022-ൽ സി.ബി.ഐ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
സി.ബി.ഐയുടെ കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 2023 ആഗസ്റ്റിൽ അംഗീകരിച്ചു, അതിന് ഒരു മാസം മുൻപ് ഉമ്മൻ ചാണ്ടി വിടവാങ്ങി.
ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ എഴുതി: “അദ്ദേഹം ആരുടേയും കുടുംബാംഗങ്ങളെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; പക്ഷേ, ഈ മര്യാദ അദ്ദേഹത്തിനു കിട്ടിയില്ല.”
ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഞാൻ ഉമ്മൻ ചാണ്ടിയോടു ചോദിച്ചു:
“ഏറ്റവും ഭയപ്പെടുത്തുന്നത് എന്താണ്?”
“ഏകാന്തത; ആരേയും കാണാതിരിക്കുന്നത്.”
ഭയപ്പെട്ടതു സംഭവിച്ചു; ഏകാന്തതയിൽ ഉമ്മൻ ചാണ്ടിയുടെ അന്ത്യകാലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates