ഭൂമിയിൽ ജീവൻ തുടക്കം കുറിച്ച കാലഘട്ടം മുതൽ ഇന്നുവരെയുള്ള കോടിക്കണക്കിനു വർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, പ്രകൃതി അതിന്റെ അതിജീവനത്തിനായി സ്വീകരിച്ചിരുന്ന ഏക മാർഗം ‘സ്വാഭാവിക തിരഞ്ഞെടുപ്പ്’ (Natural Selection) ആയിരുന്നു. പരിസ്ഥിതിയിലെ മാറ്റങ്ങൾക്കനുസരിച്ച് ജീവിവർഗങ്ങളുടെ ജനിതകഘടനയിൽ കാലക്രമേണ മാറ്റങ്ങൾ സംഭവിക്കുകയും ആ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവ നിലനിൽക്കുകയും മറ്റുള്ളവയ്ക്ക് വംശനാശം സംഭവിക്കുകയും ചെയ്തുപോന്നു. എന്നാൽ, 21-ാം നൂറ്റാണ്ടിലെ മനുഷ്യൻ ഈ പ്രകൃതിനിയമത്തെത്തന്നെ തിരുത്തിയെഴുതാൻ തയ്യാറെടുക്കുകയാണ്. അതിന് അവനെ സഹായിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ക്രിസ്പർ (CRISPR-Cas9).
ജീവന്റെ വിജ്ഞാനകോശവും
ജനിതക ലിപിയും
ക്രിസ്പറിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുൻപ്, നമ്മെ നാമാക്കി മാറ്റുന്ന ആ ജനിതക രഹസ്യം എന്താണെന്ന് നാം അറിയണം. ഓരോ ജീവിയുടേയും കോശത്തിനുള്ളിൽ ആ ജീവിയുടെ നിർമാണത്തിനുള്ള മാസ്റ്റർപ്ലാൻ അടങ്ങിയിട്ടുണ്ട്. ഇതിനെയാണ് നമ്മൾ ഡി.എൻ.എ (DNA) എന്നു വിളിക്കുന്നത്. ഡി.എൻ.എ എന്നത് കേവലം ഒരു രാസതന്മാത്ര മാത്രമല്ല, അത് ജീവന്റെ ഒരു വലിയ വിജ്ഞാനകോശമാണ്. അഡെനിൻ (A), തൈമിൻ (T), ഗ്വാനിൻ (G), സൈറ്റോസിൻ (C) എന്നിങ്ങനെ പേരുള്ള നാല് നൈട്രജൻ ബേസുകൾ (Nucleobases) കൊണ്ടാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.
മനുഷ്യന്റെ കാര്യമെടുത്താൽ, ഓരോ കോശത്തിലും ഏകദേശം 300 കോടി ഇത്തരം അക്ഷര ജോഡികളുണ്ട്. ഈ അക്ഷരങ്ങളുടെ കൃത്യമായ വിന്യാസമാണ് നമ്മുടെ കണ്ണുകളുടെ നിറം, ഉയരം, ബുദ്ധിശക്തി, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം തീരുമാനിക്കുന്നത്. ഇതിൽ ഒരൊറ്റ അക്ഷരത്തിനു സംഭവിക്കുന്ന മാറ്റംപോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന്, സിക്കിൾ സെൽ അനീമിയപോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകുന്നത് ഈ 300 കോടി അക്ഷരങ്ങളിൽ ഒരേയൊരു അക്ഷരം തെറ്റായി രേഖപ്പെടുത്തുന്നതുകൊണ്ടാണ്. ഇതിനെ ശാസ്ത്രീയമായി ‘പോയിന്റ് മ്യൂട്ടേഷൻ’ എന്നു വിളിക്കുന്നു.
നൂറ്റാണ്ടുകളായി മനുഷ്യൻ ഈ അക്ഷരമാലയെ നിസ്സഹായനായി നോക്കിനിൽക്കുകയായിരുന്നു. രോഗങ്ങൾ ജനിതകമാണെന്നു തിരിച്ചറിഞ്ഞാൽപ്പോലും അതിൽ മാറ്റം വരുത്താൻ നമുക്കു സാധിച്ചിരുന്നില്ല. എന്നാൽ, ക്രിസ്പർ സാങ്കേതികവിദ്യയുടെ വരവോടെ, ജീവന്റെ ഈ പുസ്തകം വായിക്കാൻ മാത്രമല്ല, അതിലെ അക്ഷരത്തെറ്റുകൾ തിരുത്താനും ആവശ്യമില്ലാത്ത ഭാഗങ്ങൾ മുറിച്ചുമാറ്റാനും പുതിയ വരികൾ എഴുതിച്ചേർക്കാനും നമുക്കു സാധിക്കും. ഇത് കേവലം ഒരു ശാസ്ത്രീയ കണ്ടെത്തലല്ല, മറിച്ച് മനുഷ്യവർഗം പരിണാമത്തിന്റെ ശില്പികളായി മാറുന്ന ഒരു ചരിത്രപരമായ സന്ധിയാണ്.
പ്രകൃതിയിലെ പുരാതന യുദ്ധവും
ബാക്ടീരിയയുടെ പ്രതിരോധവും
നാം ഇന്ന് ഉപയോഗിക്കുന്ന ക്രിസ്പർ സാങ്കേതികവിദ്യ മനുഷ്യൻ ലാബോറട്ടറിയിൽ പൂജ്യത്തിൽനിന്നു വികസിപ്പിച്ചെടുത്ത ഒന്നല്ല. മറിച്ച്, കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും തമ്മിലുള്ള യുദ്ധത്തിൽനിന്ന് നാം കടമെടുത്ത പ്രതിരോധ തന്ത്രമാണിത്. ക്രിസ്പറിന്റെ ചരിത്രം പരിശോധിക്കുമ്പോൾ 1987-ൽ ജാപ്പനീസ് ശാസ്ത്രജ്ഞനായ യോഷിസുമി ഇഷിനോ (Yoshizumi Ishino) ആണ് ബാക്ടീരിയകളുടെ ഡി.എൻ.എയിൽ ആവർത്തിച്ചുവരുന്ന സവിശേഷമായ ജനിതക ക്രമങ്ങൾ ആദ്യമായി നിരീക്ഷിച്ചത്. എന്നാൽ, അന്ന് അതിന്റെ കൃത്യമായ ധർമം എന്താണെന്ന് ശാസ്ത്രലോകത്തിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 1990-കളിൽ സ്പാനിഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ്‌കോ മോജിക്ക (Francisco Mojica) ഈ നിഗൂഢ ശൃംഖലകൾക്ക് ‘ക്രിസ്പർ’ (CRISPR) എന്നു പേരിടുകയും അവ വൈറസുകൾക്കെതിരെയുള്ള ബാക്ടീരിയയുടെ ഒരുതരം ‘അനുകൂല പ്രതിരോധ സംവിധാനം’ (Adaptive Immune System) ആണെന്ന് കണ്ടെത്തുകയും ചെയ്തു.
ബാക്ടീരിയകളെ ആക്രമിക്കുന്ന വൈറസുകളെ ‘ബാക്ടീരിയോഫേജുകൾ’ എന്നു വിളിക്കുന്നു. ഇവ തങ്ങളുടെ ഡി.എൻ.എ ബാക്ടീരിയയുടെ ഉള്ളിലേക്ക് കുത്തിവെച്ച് അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു. ഈ ആക്രമണത്തെ അതിജീവിക്കുന്ന ബാക്ടീരിയ, ആ വൈറസിന്റെ ഡി.എൻ.എയിൽനിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് സ്വന്തം ജീനോമിലെ ഒരു പ്രത്യേക സ്ഥാനത്ത് സൂക്ഷിക്കുന്നു. ഇതൊരു ‘കുറ്റവാളികളുടെ ഫോട്ടോ ആൽബം’ പോലെയാണ്. ഭാവിയിൽ ഇതേ വൈറസ് വീണ്ടും ആക്രമിച്ചാൽ, ബാക്ടീരിയ ഈ സൂക്ഷിച്ചുവെച്ച വിവരങ്ങൾ ഉപയോഗിച്ച് വൈറസിനെ തിരിച്ചറിയുകയും Cas9 എന്ന എൻസൈമിനെ (ഒരു തന്മാത്രാ കത്രിക) അയച്ച് വൈറസിന്റെ ഡി.എൻ.എ മുറിച്ചു നശിപ്പിക്കുകയും ചെയ്യുന്നു.
നൊബേൽ സമ്മാനം നേടിയ വിപ്ലവം
ഈ പ്രതിരോധ സംവിധാനത്തെ ലോകത്തെ മാറ്റിമറിക്കുന്ന ഒരു ജനിതക എഡിറ്റിംഗ് ഉപകരണമാക്കി മാറ്റിയത് ഇമ്മാനുവേൽ ഷാർപ്പന്റിയേയും ജെന്നിഫർ ഡൗഡ്‌നയുമാണ്. 2011-ൽ ഇരുവരും കൈകോർത്തതോടെ ശാസ്ത്രലോകം പുതിയൊരു ദിശയിലേക്ക് നീങ്ങി. Cas9 പ്രോട്ടീനെ നയിക്കാൻ ലാബിൽ നിർമിച്ച ഒരു ‘ഗൈഡ് ആർ.എൻ.എ’ (gRNA) ഉപയോഗിക്കാമെന്ന് അവർ തെളിയിച്ചു. ഇതോടെ, ശാസ്ത്രജ്ഞർക്ക് ഡി.എൻ.എയിൽ ഏത് ഭാഗത്താണോ മാറ്റം വരുത്തേണ്ടത്, ആ ഭാഗത്തിന് അനുയോജ്യമായ ഒരു ആർ.എൻ.എ ശൃംഖല നിർമിച്ചാൽ മതി എന്ന അവസ്ഥ വന്നു. ഈ വിപ്ലവകരമായ കണ്ടെത്തലിന് 2020-ൽ ഇവർക്ക് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
പ്രവര്‍ത്തനരീതി
തിരയുക, മുറിക്കുക, തിരുത്തുക
ക്രിസ്പർ-Cas9 സംവിധാനം ഒരു കോശത്തിനുള്ളിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നത്:
തിരയുക (Search Phase): ശാസ്ത്രജ്ഞർ ലാബിൽ നിർമ്മിച്ച ഗൈഡ് ആർ.എൻ.എ (gRNA) ആണ് ഇതിലെ വഴികാട്ടി. ഈ ആർ.എൻ.എയും പേറി Cas9 പ്രോട്ടീൻ കോശത്തിനുള്ളിലെ കോടിക്കണക്കിന് ഡി.എൻ.എ അക്ഷരങ്ങളിലൂടെ സഞ്ചരിക്കുന്നു. ഗൈഡ് ആർ.എൻ.എയുമായി കൃത്യമായി ഒത്തുപോകുന്ന ഒരു ഡി.എൻ.എ ഭാഗം (Target Sequence) കണ്ടുമുട്ടുന്നതുവരെ അത് തിരച്ചിൽ തുടരുന്നു.
മുറിക്കുക (Cutting Phase): ലക്ഷ്യസ്ഥാനം കണ്ടെത്തിയാൽ Cas9 പ്രോട്ടീൻ ഡി.എൻ.എയുടെ ഇരട്ടപ്പിരി ഗോവണിയിലെ രണ്ട് ഇഴകളേയും കൃത്യമായി മുറിക്കുന്നു. ഇതിനെ ‘ഡബിൾ സ്ട്രാൻഡ് ബ്രേക്ക്’ എന്നു വിളിക്കുന്നു.
തിരുത്തുക (Repair Phase): ഈ മുറിവ് നന്നാക്കാൻ കോശം ശ്രമിക്കുമ്പോൾ നമുക്കു രണ്ട് രീതിയിൽ മാറ്റങ്ങൾ വരുത്താം. ഒന്നുകിൽ ആ ജീനിനെ പ്രവർത്തിക്കാത്ത രീതിയിൽ നശിപ്പിക്കാം (Gene Knockout), അല്ലെങ്കിൽ മുറിവിനൊപ്പം നമ്മൾ നൽകുന്ന ഒരു ‘ടെംപ്ലേറ്റ് ഡി.എൻ.എ’ ഉപയോഗിച്ച് തെറ്റായ അക്ഷരങ്ങൾ തിരുത്തി ശരിയായവ അവിടെ ചേർക്കാം (Gene Correction).
ഇന്ന് ഡി.എൻ.എ ശൃംഖല മുറിക്കാതെ തന്നെ അക്ഷരങ്ങൾ മാറ്റാൻ കഴിയുന്ന ‘ബേസ് എഡിറ്റിംഗ്’ (Base Editing) പോലുള്ള കൂടുതൽ കൃത്യതയുള്ള നൂതന രീതികളും ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വൈദ്യശാസ്ത്രത്തിലെ വിപ്ലവം:
രോഗകാരണങ്ങളെ വേരോടെ പിഴുതെറിയുന്നു
ലക്ഷണങ്ങളെ ചികിത്സിക്കുന്ന പഴയരീതിയിൽനിന്നു മാറി, രോഗകാരണമായ ജനിതക പിശകിനെത്തന്നെ തിരുത്തുന്ന ‘പ്രിസിഷൻ മെഡിസിൻ’ (Precision Medicine) എന്ന വിപ്ലവത്തിലേക്ക് നാം കടന്നിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 2023 ഡിസംബറിലും 2024 ജനുവരിയിലുമായി ലോകം സാക്ഷ്യം വഹിച്ച മാറ്റം. അമേരിക്കയിലെ FDA-യും യൂറോപ്പിലെ അധികൃതരും ക്രിസ്പർ അധിഷ്ഠിത ചികിത്സയായ ‘Casgevy’ അംഗീകരിച്ചു. സിക്കിൾ സെൽ അനീമിയ, ബീറ്റാ തലാസീമിയ എന്നീ രോഗികൾക്ക് ഇത് വലിയൊരു ആശ്വാസമാണ്. രോഗിയുടെ ശരീരത്തിൽനിന്ന് രക്തകോശങ്ങൾ പുറത്തെടുത്ത്, ക്രിസ്പർ ഉപയോഗിച്ച് അവയിലെ വൈകല്യം തിരുത്തി തിരികെ നിക്ഷേപിക്കുന്ന രീതിയാണിത്.
ക്രിസ്പറിന്റെ പ്രയോഗം അവിടേയും തീരുന്നില്ല. കാൻസർ ചികിത്സയിൽ ‘CAR-T സെൽ തെറാപ്പി’ വഴി രോഗിയുടെ പ്രതിരോധ കോശങ്ങളെ കാൻസർ കോശങ്ങളെ മാത്രം ആക്രമിക്കാൻ പാകത്തിൽ പരിഷ്‌കരിക്കാൻ ഇന്ന് സാധിക്കുന്നുണ്ട്. കൂടാതെ, അന്ധതയ്ക്ക് കാരണമാകുന്ന ജനിതക തകരാറുകൾ പരിഹരിക്കാൻ കണ്ണിനുള്ളിൽ നേരിട്ട് എഡിറ്റിംഗ് നടത്തുന്ന പരീക്ഷണങ്ങളും വിജയകരമായി തുടരുന്നു. നമ്മുടെ ഡി.എൻ.എയുടെ ഭാഗമായി ഒളിച്ചിരിക്കുന്ന എച്ച്.ഐ.വി (HIV) വൈറസുകളെ സ്‌കാൻ ചെയ്ത് മുറിച്ചുമാറ്റാനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.
ഇന്ത്യൻ പശ്ചാത്തലം:
പ്രതീക്ഷയുടെ കിരണങ്ങൾ
ആഗോളതലത്തിൽ നടക്കുന്ന ഈ ജനിതക വിപ്ലവത്തിൽ ഇന്ത്യയും പിന്നിലല്ല. ഭാരത സർക്കാരിന്റെ കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB) ഇക്കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യയിലെ ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന സിക്കിൾ സെൽ അനീമിയയ്ക്കുള്ള ചെലവ് കുറഞ്ഞ ക്രിസ്പർ ചികിത്സാരീതി വികസിപ്പിക്കാൻ ഇവിടുത്തെ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, കൊവിഡ് കാലത്ത് ലോകശ്രദ്ധ നേടിയ ‘ഫെലൂഡ’ (FELUDA) എന്ന ക്രിസ്പർ അധിഷ്ഠിത രോഗനിർണയ സംവിധാനവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്. കൃഷിരംഗത്ത് കൂടുതൽ വിളവ് നൽകുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമായ നെൽവിത്തുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളും വിവിധ ഇന്ത്യൻ കാർഷിക സർവകലാശാലകളിൽ പുരോഗമിക്കുന്നു.
അവയവമാറ്റ ശസ്ത്രക്രിയയിലെ
പുതിയ പ്രതീക്ഷകൾ
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യനിൽ വെച്ചുപിടിപ്പിക്കുന്ന ‘ക്‌സെനോ ട്രാൻസ്പ്ലാന്റേഷൻ’ (Xeno transplantation) എന്ന സാങ്കേതികവിദ്യയെ ക്രിസ്പർ യാഥാർത്ഥ്യമാക്കുന്നു. പന്നികളുടെ ആന്തരിക അവയവങ്ങൾക്ക് മനുഷ്യന്റേതുമായി ഘടനാപരമായ സാമ്യമുണ്ട്. എന്നാൽ, പന്നിയുടെ ഡി.എൻ.എയിലുള്ള വൈറസുകളും മനുഷ്യശരീരം അന്യഅവയവങ്ങളെ തിരസ്കരിക്കാനുള്ള സാധ്യതയും വലിയ തടസ്സമായിരുന്നു. 2024 മാർച്ചിൽ ആദ്യമായി ജനിതക പരിഷ്‌കരണം വരുത്തിയ പന്നി വൃക്ക ഒരു ജീവനുള്ള മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ചത് വൈദ്യശാസ്ത്ര ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ്. പന്നിയുടെ ഡി.എൻ.എയിലെ 60-ലധികം വൈറൽ ജീനുകളെ ക്രിസ്പർ വഴി നീക്കം ചെയ്താണ് ഇത് സാധ്യമാക്കിയത്.
കൃഷിയിലെ രണ്ടാം ഹരിതവിപ്ലവം
പഴയകാല ജി.എം.ഒ (GMO) വിളകളിൽനിന്ന് വ്യത്യസ്തമായി, അന്യജീവിയുടെ ഡി.എൻ.എ ചേർക്കാതെ തന്നെ ഒരു സസ്യത്തിന്റെ സ്വന്തം ജീനുകളിൽ മാറ്റം വരുത്താൻ ക്രിസ്പർ സഹായിക്കുന്നു. ഇതിനെ ‘ജീൻ എഡിറ്റിംഗ്’ എന്നു വിളിക്കുന്നു. മുറിച്ചുവെച്ചാൽ നിറംമാറാത്ത ആപ്പിളുകളും കൂണുകളും വരൾച്ചയേയും ഉപ്പുവെള്ളത്തേയും അതിജീവിക്കുന്ന നെൽവിത്തുകളും തക്കാളിയും വികസിപ്പിക്കുന്നത് ആഗോളതാപനത്തിനിടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. കൂടാതെ, അലർജിയില്ലാത്ത നിലക്കടല, വൈറ്റമിൻ സമ്പുഷ്ടമായ പച്ചക്കറികൾ എന്നിവയും ക്രിസ്പറിന്റെ നേട്ടങ്ങളാണ്.
വംശനാശം സംഭവിച്ച ജീവികളുടെ പുനരുജ്ജീവനം
ഒരിക്കൽ വംശനാശം സംഭവിച്ചാൽപ്പിന്നെ തിരിച്ചുവരവില്ല എന്ന പ്രകൃതിനിയമത്തെപ്പോലും ക്രിസ്പർ വെല്ലുവിളിക്കുന്നു. വംശനാശം സംഭവിച്ച വൂളി മാമത്തുകളുടെ ഡി.എൻ.എ അവശിഷ്ടങ്ങൾ ഉപയോഗിച്ച് അവയെ വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. മാമത്തുകളുടെ സവിശേഷതകളായ കൂടുതൽ രോമം, കൊഴുപ്പ് എന്നിവ ഏഷ്യൻ ആനയുടെ ഭ്രൂണത്തിൽ ക്രിസ്പർ വഴി നിക്ഷേപിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. 2027-ഓടെ ആദ്യത്തെ ‘മാമഫന്റിനെ’ (Mammophant) പുറത്തിറക്കാനാണ് ‘കൊളോസൽ ബയോസയൻസസ്’ പോലുള്ള സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുമെന്ന് കരുതുന്നവരുണ്ടെങ്കിലും പുതിയ രോഗങ്ങൾ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ധാർമികതയുടെ അതിർവരമ്പുകൾ
ക്രിസ്പർ മനുഷ്യ ഭ്രൂണങ്ങളിൽ പ്രയോഗിക്കുമ്പോൾ അത് വലിയ ധാർമിക ചോദ്യങ്ങൾ ഉയർത്തുന്നു. ഇവിടെ രണ്ടുതരം എഡിറ്റിംഗുകളെക്കുറിച്ച് നാം മനസ്സിലാക്കണം. ഒരു വ്യക്തിയുടെ ശരീരകോശങ്ങളിൽ (രക്തം, കണ്ണ് തുടങ്ങിയവ) മാത്രം മാറ്റം വരുത്തുന്ന ‘സോമാറ്റിക് എഡിറ്റിംഗ്’ ധാർമികമായി അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, ബീജത്തിലോ അണ്ഡത്തിലോ ഭ്രൂണത്തിലോ മാറ്റങ്ങൾ വരുത്തുന്ന ‘ജേംലൈൻ എഡിറ്റിംഗ്’ വരുംതലമുറകളിലേക്ക് എന്നെന്നേക്കുമായി കൈമാറ്റം ചെയ്യപ്പെടും.
2018-ൽ ചൈനീസ് ശാസ്ത്രജ്ഞനായ ഹേ ജിയാൻകുയി ക്രിസ്പർ ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ജനിതക പരിഷ്‌കരണം വരുത്തിയ ഇരട്ടക്കുട്ടികൾ ജനിച്ചതായി പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. രോഗങ്ങൾ മാറ്റുന്നതിനു പകരം ബുദ്ധിശക്തി, കായികക്ഷമത, സൗന്ദര്യം എന്നിവ വർദ്ധിപ്പിക്കാനായി ക്രിസ്പർ ഉപയോഗിക്കപ്പെടുന്നത് വലിയ സാമൂഹിക വിവേചനത്തിന് (Genetic Inequality) വഴിവെച്ചേക്കാം. പണമുള്ളവർ തങ്ങളുടെ കുട്ടികളെ ജനിതകമായി ‘ഡിസൈൻ’ ചെയ്യുന്ന ഒരുകാലം ശാസ്ത്രലോകം ഭയപ്പെടുന്നുണ്ട്.
പരിമിതികളും സാങ്കേതിക വെല്ലുവിളികളും
ഏറ്റവും മികച്ച സാങ്കേതികവിദ്യയാണെങ്കിലും ക്രിസ്പർ ഇപ്പോഴും നൂറ് ശതമാനം കുറ്റമറ്റതല്ല. നമ്മൾ ഉദ്ദേശിച്ച ഭാഗത്തിനു പകരം ജനിതകഘടനയിലെ സമാനമായ മറ്റൊരു ഭാഗത്ത് ക്രിസ്പർ അബദ്ധത്തിൽ മുറിവുണ്ടാക്കാം (Off-target effects). ഇത് അപ്രതീക്ഷിതമായ രോഗങ്ങൾക്കോ കാൻസറിനോ കാരണമായേക്കാം. കൂടാതെ, ഭ്രൂണത്തിൽ എഡിറ്റിംഗ് നടത്തുമ്പോൾ ചില കോശങ്ങളിൽ മാറ്റം സംഭവിക്കുകയും ചിലതിൽ സംഭവിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും (Mosaicism) ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ മറികടക്കാൻ ഡി.എൻ.എ മുറിക്കാതെ തന്നെ അക്ഷരങ്ങൾ മാറ്റാൻ കഴിയുന്ന ‘ബേസ് എഡിറ്റിംഗ്’ (Base Editing), ‘പ്രൈം എഡിറ്റിംഗ്’ (Prime Editing) എന്നീ നൂതന രീതികൾ ഇന്ന് വികസിപ്പിച്ചുവരുന്നു.
ഉപസംഹാരം: പരിണാമത്തിന്റെ
കടിഞ്ഞാണും ഉത്തരവാദിത്വവും
ഭൂമിയിൽ ജീവൻ തുടക്കം കുറിച്ച കാലം മുതൽ പരിണാമം എന്നത് പതുക്കെ സംഭവിക്കുന്ന ഒരു പ്രക്രിയയായിരുന്നു. എന്നാൽ, 2012-ൽ ക്രിസ്പറിന്റെ കണ്ടെത്തലോടെ ആ പ്രക്രിയയുടെ വേഗത തീരുമാനിക്കാനുള്ള അധികാരം മനുഷ്യന്റെ കൈകളിൽ എത്തിയിരിക്കുന്നു. നാം ഇന്ന് പരിണാമത്തിന്റെ വെറും കാഴ്ചക്കാർ എന്ന നിലയിൽനിന്ന് അതിന്റെ ശില്പികൾ എന്ന നിലയിലേക്കുള്ള മാറ്റത്തിലാണ്. പ്രകൃതിയുടെ ‘സ്വാഭാവിക തിരഞ്ഞെടുപ്പ്’ എന്ന നിയമത്തിന് പകരം മനുഷ്യന്റെ ‘ബോധപൂർവമായ രൂപകല്പന’ എന്ന തലത്തിലേക്ക് നാം കടന്നിരിക്കുന്നു.
വിവേകമുള്ള മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം, അറിവ് നൽകുന്ന ഈ അധികാരം വലിയ ഉത്തരവാദിത്വം കൂടിയാണ്. രോഗങ്ങളേയും പട്ടിണിയേയും ഇല്ലായ്മ ചെയ്യാൻ ഈ ആയുധം ഉപയോഗിക്കുമ്പോൾത്തന്നെ, അത് മാനവികതയെ വിഭജിക്കുന്ന ഒന്നായി മാറാതെ നോക്കണം. ഭാവിയിലെ ചരിത്രകാരന്മാർ നമ്മുടെ കാലഘട്ടത്തെ നോക്കിക്കാണുന്നത് ‘ക്രിസ്പറിന് മുൻപും’ (Pre-CRISPR) ‘ക്രിസ്പറിന് ശേഷവും’ (Post-CRISPR) എന്നായിരിക്കും. ശാസ്ത്രത്തിന്റെ ഈ പുതിയ ചുക്കാൻ വിവേകത്തോടെ ഉപയോഗിച്ച് കൂടുതൽ കരുണയും ആരോഗ്യവുമുള്ള ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കു സാധിക്കട്ടെ.
----
അവലംബം
Isaacson, Walter (2021). The Code Breaker: Jennifer Doudna, Gene Editing, and the Future of the Human Race. Simon & Schuster (ക്രിസ്പറിന്റെ ചരിത്രവും ജെന്നിഫർ ഡൗഡ്‌നയുടെ ജീവിതവും വിവരിക്കുന്ന പുസ്തകം).
Doudna, Jennifer A. & Sternberg, Samuel H. (2017). A Crack in Creation: Gene Editing and the Unthinkable Power to Control Evolution. Houghton Mifflin Harcourt (ക്രിസ്പർ സാങ്കേതികവിദ്യയെക്കുറിച്ചും അതിന്റെ ധാർമിക വശങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ തന്നെ എഴുതിയ പുസ്തകം).
NobelPrize.org. The Nobel Prize in Chemistry 2020 (ഇമ്മാനുവൽ ഷാർപ്പെന്റിയർക്കും ജെന്നിഫർ ഡൗഡ്‌നയ്ക്കും ലഭിച്ച നൊബേൽ സമ്മാനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ).
Nature Journal. CRISPR-Cas9: A decade of genome editing (Nature മാസികയിൽ പ്രസിദ്ധീകരിച്ച വിവിധ ശാസ്ത്ര പ്രബന്ധങ്ങൾ).
CSIR-IGIB (India). Gene Editing Research for Sickle Cell Anemia (ഇന്ത്യയിലെ ജനിതക ഗവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ റിപ്പോർട്ടുകൾ).
ScienceDaily. CRISPR Technology and Its Applications in Medicine and Agriculture (സമകാലിക ഗവേഷണ വാർത്തകൾ).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates