ഭൂരിഭാഗം മനുഷ്യരും ആഗ്രഹിക്കുന്നിടത്തല്ല പലപ്പോഴും അവര്‍ ചെന്നെത്തുന്നതെന്ന് പറയുന്നവരേയും, നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നടന്നാല്‍ പിന്നെ ഈശ്വരന്റെ ആവശ്യമുണ്ടോ എന്ന് മറുചോദ്യം ചോദിക്കുന്നവരേയും കണ്ടിട്ടുണ്ടെങ്കിലും നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി നന്നായി പരിശ്രമിക്കുകയും ചെയ്താല്‍ ഉദ്ദിഷ്ടകാര്യം നമ്മളിലേയ്ക്ക് യഥാസമയം വന്നുചേരും എന്ന പക്ഷക്കാരനാണ് ഞാന്‍. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മോഹന്‍ലാലെന്ന നമ്മുടെ നടനസ്വരൂപം.
വളരെ ചെറുപ്പത്തില്‍ത്തന്നെ അതിയായ സിനിമാഭിനയമോഹവുമായി നടന്നിരുന്ന മോഹന്‍ലാലിന് ഒരു നിര്‍മാതാവിന്റേയും സംവിധായകന്റേയും പടിവാതില്‍ കയറിയിറങ്ങാതെ തന്നെ, ലാലുപോലുമറിയാതെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ല്‍ അവസരമൊരുക്കി കൊടുത്തത് നല്ലവരായ കൂട്ടുകാര്‍ അയച്ചുകൊടുത്ത ഒരു ഫോട്ടോയില്‍നിന്നാണ്.
സിനിമയുടെ ഭാഷയും വ്യാകരണവും ഒന്നും പഠിക്കാതെ തന്നെ ആ കലാരൂപത്തോടുള്ള ആവേശം ഒന്നുകൊണ്ടുമാത്രം വെള്ളിത്തിരയുടെ വിസ്മയമായി മാറിയ സര്‍ഗപ്രതിഭയായ മോഹന്‍ലാലിനെക്കുറിച്ചാണ് ഞാന്‍ ഈ ലക്കത്തില്‍ പ്രതിപാദിക്കുന്നത്.
മമ്മൂട്ടിയെപ്പോലെ എന്റെ അധികം സിനിമകളില്‍ ലാല്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഞാനെഴുതിയ ‘ജനുവരി ഒരു ഓര്‍മ’യിലെ ലാലിന്റെ ഒരു മികച്ച പ്രകടനമാണ് എന്റെ മനസ്സിലേയ്ക്ക് ആദ്യം കയറിവരുന്നത്. അനാഥനായ രാജുവെന്ന കഥാപാത്രം തനിക്കഭയം നല്‍കിയ പള്ളീലച്ചനെ കാണാന്‍ വരുന്നതും അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കുന്നതുമായ സീനാണ് ഞാനിവിടെ കുറിക്കുന്നത്.
ഫാദര്‍ മേടയിലിരുന്ന് ഒരു കത്തെഴുതി കവറിലാക്കിയിട്ട് ഏതോ ഒരാളുടെ ഫോട്ടോയും എടുത്തുകൊണ്ട് പള്ളിക്കകത്ത് നില്‍ക്കുന്ന രാജുവിനടുത്തേയ്ക്ക് വന്ന് കത്ത് അവനു കൊടുത്തുകൊണ്ട് പറഞ്ഞു:
“രാജൂ, ഈ എഴുത്ത് എന്റെ ഒരു സുഹൃത്ത് ഡോ. ജയദേവനുള്ളതാണ്. ഞാന്‍ പണ്ട് മാനേജരായി ജോലി ചെയ്തിരുന്ന എറണാകുളത്തെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങളായി. ഈ എഴുത്ത് ഡോക്ടറുടെ കയ്യില്‍കൊണ്ടു കൊടുത്താല്‍ അദ്ദേഹം നിനക്ക് എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരും.”
രാജു പതുക്കെ കത്തു വാങ്ങി നോക്കുമ്പോള്‍ കയ്യിലിരുന്ന ഫോട്ടോ കാണിച്ചുകൊണ്ട് ഫാദര്‍ പറഞ്ഞു:
“ങാ, ഇതാണ് ഞാന്‍ പറഞ്ഞ ഡോ. ജയദേവന്‍. ഇതിന്റെ പുറകില്‍ ഡോക്ടറുടെ അഡ്രസ്സുമുണ്ട്.”
രാജു ഫോട്ടോ വാങ്ങി സൂക്ഷിച്ചുനോക്കി. അവന്റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ വളരുന്നത് കാണാം. പിന്നെ ഏതോ ഒരു തീരുമാനംപോലെ ഫാദറിനെ നോക്കിയിട്ട് അവന്‍ പറഞ്ഞു:
“എന്നാല്‍ ഞാന്‍ വരട്ടെ ഫാദര്‍.”
ഫാദര്‍ രാജുവിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് മൊഴിഞ്ഞു:
“ഗോഡ് ബ്ലെസ്സ് യു മൈ സണ്‍.”
രാജു ഫാദറിന്റെ കയ്യില്‍ ചുംബിച്ചുകൊണ്ട് പതുക്കെ അവിടെനിന്നിറങ്ങുന്നു. അവന്റെ മനസ്സില്‍ അപ്പോഴും എന്തൊക്കെയോ സംശയങ്ങള്‍ ബാക്കി നിന്നിരുന്നു. പിന്നെ ഫോട്ടോയിലും കത്തിലും മാറി മാറി നോക്കിയിട്ട് ഏതോ ഒരു തീരുമാനംപോലെ അവന്‍ കത്തു പൊട്ടിച്ചു വായിക്കുന്നു.
“പ്രിയപ്പെട്ട ഡോ. ജയദേവന്... നിങ്ങള്‍ക്കിങ്ങനെ ഒരു കത്തെഴുതേണ്ടിവരുമെന്ന് ഞാന്‍ ഒട്ടും വിചാരിച്ചതല്ല. പക്ഷേ, നമ്മുടെ ആഗ്രഹങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അപ്പുറത്താണല്ലോ ദൈവഹിതം. ഈ കത്തുമായി വരുന്ന ചെറുപ്പക്കാരന്‍ രാജു എനിക്ക് വേണ്ടപ്പെട്ട ഒരാളാണ്. അതിലുപരി നിങ്ങള്‍ക്കും. അനാഥാലയത്തില്‍ വളര്‍ന്ന ഇവനെ നിങ്ങളുടെ അടുത്തേയ്ക്ക് പറഞ്ഞുവിടുന്നത് അവനൊരു ജീവിതമാര്‍ഗം ഉണ്ടാക്കി കൊടുക്കാനാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ നിങ്ങള്‍ക്ക് ഇവനെ സ്നേഹിക്കാം... വിശ്വസിക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിങ്ങള്‍ എന്നെ ഏല്പിച്ച ആ ചോരക്കുഞ്ഞിന്റെ മുഖം നിങ്ങള്‍ക്കിവനില്‍ കാണാം. മൂടിവയ്ക്കപ്പെട്ട സത്യം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആയിരം നാവുകളോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും.”
കത്തു വായിച്ചുകഴിഞ്ഞ രാജുവിന്റെ ഉള്ളൊന്ന് ആന്തി.
ആ സത്യത്തിന്റെ പൊരുള്‍ അറിയാനായി അവന്‍ തിരിച്ചു ഫാദറിന്റെ അടുത്തേയ്ക്ക് ചെന്നു.
രാജു വന്നതറിയാതെ എന്തോ എഴതിക്കൊണ്ടിരുന്ന ഫാദറിനെ അവന്‍ പതുക്കെ വിളിച്ചു.
“ഫാദര്‍.”
ഫാദര്‍ തിരിഞ്ഞുനോക്കി.
“എന്താ രാജു, നീ പോയില്ലേ?”
അവന്‍ ഫാദറിനെ ദീനമായി ഒന്ന് നോക്കിയിട്ട് പതുക്കെ മൊഴിഞ്ഞു:
“ഫാദറെന്നോട് ക്ഷമിക്കണം. ഞാനൊരു തെറ്റ് ചെയ്തു. ഈ എഴുത്ത് ഞാന്‍ പൊട്ടിച്ചു വായിച്ചു.”
അതുകേട്ട് ഫാദര്‍ ഞെട്ടി എഴുന്നേറ്റു.
“മൂടിവയ്ക്കപ്പെട്ട സത്യം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആയിരം നാവുകളോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫാദര്‍ ഈ കത്തിലെഴുതിയിരുന്നില്ലേ? ആ സത്യം ഞാനല്ലേ?”
വീണ്ടും രാജു തന്റെ മനസ്സിനുള്ളിലെ അറിയാക്കഥകള്‍ ഫാദറിനോട് ചോദിക്കുന്നു.
‘ജനുവരി ഒരു ഓര്‍മ’യില്‍ ഇതേപ്പോലുള്ള പല മുഹൂര്‍ത്തങ്ങളുണ്ടെങ്കിലും എന്റെ മനസ്സിനെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു സീനാണിത്. അന്ന് വെറും 26 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മോഹന്‍ലാലിന്റെ പക്വതയും പാകതയും വന്ന സ്വാഭാവികമായ അഭിനയം അന്നെന്നെ ഏറെ അദ്ഭുതപ്പെടുത്തിയിരുന്നു.
ഫാദറില്‍നിന്ന് എല്ലാ സത്യങ്ങളും മനസ്സിലാക്കിയതിനുശേഷം മനസ്സിനുള്ളിലെ വിവിധ വികാരഭാവങ്ങളുമായി പള്ളിക്കകത്തുനിന്നും പുറത്തേയ്ക്കിറങ്ങി, കോടമഞ്ഞിലൂടെ നടന്നുനീങ്ങുന്ന ലാലിന്റെ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.
1987 ജനുവരി 23-നാണ് ‘ജനുവരി ഒരു ഓര്‍മ’ റിലീസായത്. പൂര്‍ണമായും കൊടൈക്കനാലില്‍ വെച്ചു ചിത്രീകരിച്ച ഈ ചിത്രം വന്‍വിജയമായി മാറുകയും ചെയ്തു. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ 150 ദിവസമാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.
‘ജനുവരി ഒരു ഓര്‍മ’ റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ അമ്മ പറഞ്ഞ ഒരു വാചകമുണ്ട്. വനിതയിലോ മറ്റോ വന്നതാണെന്നു തോന്നുന്നു.
“ലാലുമോന്‍ അഭിനയിച്ച ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ’ജനുവരി ഒരു ഓര്‍മ’യാണ്.
ജനുവരി ഒരു ഓര്‍മയ്ക്കുശേഷം മോഹന്‍ലാലിന്റെ നടനവൈഭവം പ്രകടമാക്കുന്ന എത്രയെത്ര ചിത്രങ്ങളാണ് പിന്നീട് പുറത്തിറങ്ങിയത്. ചില പ്രതിഭാശാലികളുടെ ജീവിതം അങ്ങനെയാണ്. ഭാവിയില്‍ അറിയപ്പെടാനായി ചിലപ്പോള്‍ ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതും.
ഇനി മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലേയ്ക്കു വരാം.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് നവോദയയുടെ എറണാകുളം മാനേജരായ രാജന്‍ എന്നെ വിളിക്കുന്നു:
“നാളെ രാവിലെ പത്തുമണിക്ക് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’ടെ പ്രിവ്യൂ ഷോ എറണാകുളം ലിറ്റില്‍ ഷേണായീസില്‍ വെച്ചിട്ടുണ്ട്. ഡെന്നീസ് ഉറപ്പായും വരണം.”
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്നു കേട്ടപ്പോള്‍ ഫാസിലെന്ന കന്നി സംവിധായകന്‍ പുതുമുഖങ്ങളെ വെച്ച് ചെയ്തിട്ടുള്ള ഒരു താരരഹിത ചിത്രമാണെന്ന് അറിയാവുന്നതുകൊണ്ട് എനിക്ക് പ്രിവ്യൂവിനു പോകാന്‍ അത്ര താല്പര്യമുണ്ടായിരുന്നില്ല. പിന്നെ ആര്‍ട്ടിസ്റ്റ് കിത്തോയും ജോണ്‍പോളും കൂടി നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പോകാന്‍ തീരുമാനിച്ചത്.
ലിറ്റില്‍ ഷേണായീസില്‍ ചെന്നപ്പോള്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും പത്രക്കാരുടേയും മറ്റു ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളുടേയും സാന്നിധ്യം കൊണ്ട് തിയേറ്റര്‍ നിറഞ്ഞ് കവിഞ്ഞിരുന്നു.
സംവിധായകന്‍ ഫാസില്‍ എല്ലാവരേയും സ്വീകരിക്കാനായി തിയേറ്ററിന്റെ ഡോറിന് മുന്‍പില്‍ത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഫാസിലെന്നെ ആദ്യമായി കാണുകയാണ്. ഞാന്‍ ചിത്രപൗര്‍ണമിയുടെ പത്രാധിപരാണെന്ന് അറിഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയോടെ അദ്ദേഹം എന്നെ അകത്തേയ്ക്ക് ആനയിച്ചു.
ഞാന്‍ തിയേറ്ററിനകത്തു കയറി അല്പസമയത്തിനുള്ളില്‍ പടം തുടങ്ങി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ മനസ്സിലെ ധാരണ അപ്പാടെ തെറ്റുകയായിരുന്നു. വളരെ കാവ്യഭംഗിയോടെയാണ് ഫാസില്‍ ഓരോ ഫ്രെയിമും എടുത്തുവെച്ചിരിക്കുന്നത്.
പടം കണ്ടു കഴിഞ്ഞപ്പോള്‍ നായകനായ ശങ്കറിനെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് വില്ലന്‍ വേഷം ചെയ്ത പുതുമുഖനടനായ മോഹന്‍ലാലിനെയാണ്. അന്നുവരെ മലയാള സിനിമ കാണാത്ത ഒരു പെക്കുലിയര്‍ ഫെയ്സുള്ള ആ യുവനടന്റെ നടനരീതികളും മാനറിസങ്ങളും തോളല്പം ചെരിഞ്ഞുള്ള നടത്തവും പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായി മാറുമെന്ന് എനിക്ക് തോന്നി.
സിനിമ കണ്ട് ഇറങ്ങിയ പാടേത്തന്നെ എന്റെ അഭിപ്രായം ഞാന്‍ ഫാസിലിനോട് തുറന്നു പറയുകയും ചെയ്തു.
“പടം വളരെ നന്നായിരിക്കുന്നു. ഇതു വലിയ ഹിറ്റായിരിക്കും. നായകനെക്കാള്‍ സ്കോര്‍ ചെയ്തത് വില്ലനാണ്.”
അതു കേട്ടപ്പോള്‍ ഫാസിലിന്റെ മുഖത്ത് സന്തോഷവും സംതൃപ്തിയും മിന്നിമറയുന്നതു ഞാന്‍ കണ്ടു. എന്നാല്‍, പ്രിവ്യൂ കണ്ട സിനിമാ തമ്പുരാക്കന്മാര്‍ക്ക് പുതുമുഖ വില്ലനെ അത്ര രസിച്ചില്ലത്രേ! ഒരു സിനിമാനടന് വേണ്ട യാതൊരു സൗന്ദര്യവുമില്ലാത്ത നാണം കുണുങ്ങി പയ്യന്റെ ചേഷ്ടകളുള്ള ഇയാള്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലെന്നുള്ള പ്രവചനത്തിലായിരുന്നു സിനിമാ തമ്പുരാക്കന്മാരില്‍ ഭൂരിഭാഗം പേരും. ഞാനന്ന് സിനിമയിലേയ്ക്ക് ഒരു കഥാകാരനായി കടന്നുവന്നിട്ടേയുള്ളൂ. ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സാണ് ഞാന്‍ പ്രകടിപ്പിച്ചത്. അവരെപ്പോലെ എനിക്ക് സിനിമയില്‍ വലിയ അനുഭവസമ്പത്തൊന്നുമില്ലല്ലോ?
തിയേറ്ററില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ എനിക്കും സന്ദേഹമായി. സിനിമാ തമ്പുരാക്കന്മാര്‍ പറഞ്ഞതായിരിക്കുമോ നാളെ സംഭവിക്കാന്‍ പോവുന്നത്?
പിറ്റേന്ന് ചിത്രം റിലീസായപ്പോള്‍ ജോണ്‍പോളിനേയും കിത്തോയേയും മറ്റു ചങ്ങാതി ക്കൂട്ടങ്ങളേയും വിളിച്ചുകൊണ്ട് അവരുടെ അഭിപ്രായംകൂടി അറിയാന്‍ വേണ്ടി വീണ്ടും ഞാന്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ കാണാന്‍ പോയി. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന അഭിപ്രായം തന്നെയായിരുന്നു ചങ്ങാതിക്കൂട്ടങ്ങള്‍ക്കും.
പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രമായതുകൊണ്ട് ആദ്യ ദിവസങ്ങളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കാണാന്‍ പ്രേക്ഷകര്‍ കുറവായിരുന്നു. പിന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം കയറി കൊളുത്തിയത്. അതോടെ മലയാള സിനിമയില്‍ പുതിയൊരു താരവസന്തം വിരിയുകയായിരുന്നു.
ഇതിനിടയില്‍ ഞാനും സിനിമയില്‍ സജീവമാവാന്‍ തുടങ്ങിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനുശേഷം പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച ഒരു ചിത്രവും എനിക്കു കാണാനായില്ല. അന്ന് ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളിലും ലാല്‍ വില്ലനും സഹനടനുമായി ഓടിനടന്ന് അഭിനയിക്കുകയായിരുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത് ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത്. 1982 ആഗസ്റ്റ് ആദ്യവാരത്തിലാണെന്നാണ് എന്റെ ഓര്‍മ. ജോഷിയും ഞാനും കൂടി ചെയ്ത ജൂബിലിയുടെ ‘ആ രാത്രി’യുടെ ഡിസ്കഷനുവേണ്ടി ഞാന്‍ മദ്രാസ് രഞ്ജിത് ഹോട്ടിലില്‍ താമസിക്കുമ്പോഴാണ് മോഹന്‍ലാല്‍, ശങ്കര്‍, പ്രിയദര്‍ശന്‍ എന്നീ ത്രിമൂര്‍ത്തികളെ അവിടെവെച്ച് അവിചാരിതമായി ഞാന്‍ കണ്ടുമുട്ടുന്നത്. രക്തവും കര്‍ത്തവ്യവും കഴിഞ്ഞ് ഞാന്‍ കത്തിനില്‍ക്കുന്ന സമയം. ഞാന്‍ താമസിക്കുന്ന ഫ്ലോറില്‍നിന്ന് പുറത്തേയ്ക്കിറങ്ങുന്ന സ്റ്റെയര്‍ കേസിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് അവര്‍ താമസിച്ചിരുന്നത്.
താഴെ കാന്റീനില്‍ പോയി ഭക്ഷണം കഴിക്കാനായി ഞാന്‍ പുറത്തേയ്ക്കിറങ്ങിയപ്പോള്‍ എന്നെ കാത്തുനില്‍ക്കുന്നതുപോലെ മൂവരും അവരുടെ റൂമിനു മുന്‍പില്‍ ഉലാത്തുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടേ ചിരിച്ചുകൊണ്ട് അവര്‍ ഒരേ താളത്തില്‍ വിഷ് ചെയ്തു.
നടന്മാരായ മോഹന്‍ലാലിനേയും ശങ്കറിനേയും സിനിമയില്‍ കണ്ടിട്ടുണ്ടെങ്കിലും കൂടെയുള്ള ആള് പ്രിയദര്‍ശനായിരുന്നെന്ന് എനിക്കന്ന് അറിഞ്ഞുകൂടായിരുന്നു. മൂവരും എന്റെ പുതിയ സിനിമയെക്കുറിച്ചും മറ്റും ചോദിച്ചുകൊണ്ടിരുന്നു. അവരുമായി അല്പനേരം സംസാരിച്ചതിനുശേഷം ഞാന്‍ ഭക്ഷണം കഴിക്കാനായി താഴേയ്ക്ക് ഇറങ്ങി.
നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ അനൗപചാരിക കൂടിക്കാഴ്ച അവര്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകുമോ എന്ന് എനിക്കറിയില്ല.
മോഹന്‍ലാലിനെ പിന്നീട് കാണുന്നത് ഞാന്‍ കഥയെഴുതിയ ‘ഒന്നാണ് നമ്മള്‍’ എന്ന ചിത്രത്തിന്റെ വര്‍ക്കലയിലെ ലൊക്കേഷനില്‍ വെച്ചാണ്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സിനിമയുടെ പകുതിയോടടുക്കുമ്പോള്‍ ഇടയ്ക്കുവെച്ച് മരിച്ചുപോകുന്ന ഉപനായകന്റെ വേഷമായിരുന്നു ലാലിന്.
പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ശശികുമാറിന്റെ ‘ആട്ടക്കലാശ’ത്തില്‍ നായക പരിവേഷമുള്ള ഒരു മികച്ച കഥാപാത്രം ലാലിനെ തേടിയെത്തിയത്. പ്രേംനസീറാണ് പ്രധാന കഥാപാത്രമായി വരുന്നതെങ്കിലും മോഹന്‍ലാലിന്റെ ഹ്യൂമറില്‍ പൊതിഞ്ഞ ഇന്നസെന്റായ കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. ചിത്രം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു.
തുടര്‍ന്ന് പല ചിത്രങ്ങളിലും വലുതും ചെറുതുമായ ഒത്തിരി വേഷങ്ങള്‍ ചെയ്തെങ്കിലും മോഹന്‍ലാലിനെ മലയാള സിനിമയിലെ പ്രജാപതിയായി അവരോധിച്ചത് തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ ആണ്. ‘ജനുവരി ഒരു ഓര്‍മ’യും ‘ഇരുപതാം നൂറ്റാണ്ടും’ ‘ചിത്ര’വും ‘താളവട്ട’വും കൂടി വന്നതോടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ന്നത്.
ഓരോ സിനിമ കഴിയുന്തോറും തൊടുന്നതെല്ലാം പൊന്നാക്കുന്ന ‘ലാല്‍മാജിക്’ എന്താണെന്ന് അന്വേഷിക്കുകയായിരുന്നു സിനിമാലോകം. അതിഭാവുകത്വമില്ലാത്ത സ്വാഭാവികതയോടെയുള്ള അയത്നലളിതമായ നടനരീതികളും നിഷ്കളങ്കതയോടെയുള്ള ചിരിയും നിമിഷാര്‍ദ്ധത്തില്‍ വിരിയുന്ന കുസൃതിത്തരങ്ങളും മുണ്ടും മടക്കിക്കുത്തി മീശ പിരിച്ചുകൊണ്ടുള്ള ആരേയും കൂസാത്ത നടത്തവും മലയാള സിനിമയില്‍ മറ്റൊരു നായകനടനിലും കാണാത്ത പ്രകടനപരതയുമൊക്കെയായിരിക്കാം മോഹന്‍ലാലെന്ന നടനവിസ്മയത്തെ മലയാള സിനിമയിലെ ജ്വലിക്കുന്ന സൂര്യനാക്കി മാറ്റിയത്.
മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമില്ലായിരുന്നെങ്കില്‍ താളവട്ടം, ചിത്രം, കിരീടം, ജനുവരി ഒരു ഓര്‍മ, കിലുക്കം, കമലദളം, ചെങ്കോല്‍, ദേവാസുരം, സ്ഫടികം, വാനപ്രസ്ഥം, നരസിംഹം, രാവണപ്രഭു, തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളൊന്നും ജനിക്കില്ലായിരുന്നു. ലാല്‍ ചെയ്ത വേഷങ്ങള്‍ പുനരാവിഷ്കരിക്കാന്‍ കഴിവുള്ള മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്നാണ് അനുഭവസ്ഥരായ പല സംവിധായക പ്രതിഭകളും പറഞ്ഞു ഞാന്‍ കേട്ടിട്ടുള്ളത്.
മോഹന്‍ലാല്‍ സിനിമയില്‍ വന്നിട്ട് നീണ്ട 45 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ഒരു തുടക്കക്കാരന്റെ അര്‍പ്പണബോധത്തോടെയാണ് ഇന്നും ഓരോ സിനിമയും ചെയ്യുന്നത്. എത്ര ദുഷ്കരം പിടിച്ച സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോഴും ലാലിന് ഇന്നും ഒരു യുവാവിന്റെ ആവേശവും ഉത്സാഹവുമാണ്. അങ്ങനെയുള്ള പല അനുഭവങ്ങള്‍ക്കും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഞാന്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ‘ജനുവരി ഒരു ഓര്‍മ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലില്‍ വെച്ചായിരുന്നു. ടൂറിസ്റ്റുകളെ ക്യാന്‍വാസ് ചെയ്യാനായി അല്പം തരികിടയും കുസൃതിയുമായി നടക്കുന്ന ഒരു അണ്‍-ഓതറൈസ്ഡ് ഗൈഡിന്റെ വേഷമായിരുന്നു ലാലിന്. അനാഥനായ ആ കഥാപാത്രം അവിടെ ടൂറിസ്റ്റായി എത്തുന്ന ഒരു ഫാമിലിയുമായി പരിചയപ്പെടുകയും അവരുമായി വലിയ ചങ്ങാത്തത്തിലാവുകയും ചെയ്യുന്നു. ഇതിനിടയില്‍ ആ വീട്ടിലെ പ്രൗഢയായ സ്ത്രീ സാന്നിധ്യം തന്റെ അമ്മയാണെന്നുള്ള ഞെട്ടിക്കുന്ന സത്യം അയാള്‍ അറിയുന്നു. നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളുള്ള ശക്തമായ ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ‘ഗൈഡ് രാജു.’
‘ജനുവരി ഒരു ഓര്‍മ’യില്‍ മോഹന്‍ലാല്‍ ചെളിയില്‍ കിടന്ന് ഫൈറ്റ് ചെയ്യുന്നൊരു സീക്വന്‍സുണ്ട്. ആര്‍ട്ട് ഡയറക്ടര്‍ തലേദിവസം പോയി അതിനു പറ്റിയ ലൊക്കേഷന്‍ കണ്ടു പിടിക്കുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ ഫൈറ്റെടുക്കാനായി യൂണിറ്റ് മുഴുവന്‍ ലൊക്കേഷനിലെത്തി. ലാലിന്റെ ഫൈറ്റ് കാണാനായി ഞാനും പോയിരുന്നു. ആകുന്നതും ഡ്യൂപ്പില്ലാതെ ചെയ്യാനാണ് ലാലിനു താല്പര്യം.
വല്ലാത്ത ദുര്‍ഗന്ധവും അഴുക്കുമുള്ള ചെളിക്കുണ്ട് കണ്ട് ജോഷി ആര്‍ട്ട് ഡയറക്ടറോട് വല്ലാതെ ചൂടായി.
“ഈ ചെളിയിലിറങ്ങി ലാല്‍ എങ്ങനെയാണ് ഫൈറ്റ് ചെയ്യുന്നത്?”
ആ സമയം ലാലും അവിടെ എത്തി. ഫൈറ്റ് ചെയ്യാനുള്ള ദുര്‍ഗന്ധം വമിക്കുന്ന ചെളിക്കുണ്ട് കണ്ടിട്ട് ലാലിന് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല.
“വല്ലാത്ത ദുര്‍ഗന്ധമടിക്കുന്നുണ്ടല്ലോ ലാലേ, ഇതില്‍ കിടന്ന് ഫൈറ്റ് ചെയ്യാന്‍ പറ്റുമോ?”
ജോഷി ചോദിച്ചു.
“അതു സാരമില്ല സാറെ. നന്നായിട്ട് സോപ്പിച്ച് കുളിച്ചാല്‍ ഈ മണമൊക്കെ പോവൂല്ലേ?”
മോഹന്‍ലാല്‍ വളരെ കൂളായി മറുപടി നല്‍കി.
വേഗം തന്നെ കോസ്റ്റ്യൂം ധരിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യാന്‍ തയ്യാറായി വന്നു. സ്റ്റണ്ട് തുടങ്ങി. ചെളിക്കുണ്ടിലെ ചീഞ്ഞളിഞ്ഞ മണംകൊണ്ട് എല്ലാവരും മൂക്ക് പൊത്തി നില്‍ക്കുമ്പോള്‍, വായിലും മൂക്കിലും ചെളി പോയിട്ടും ലാലതൊന്നും കാര്യമാക്കാതെ മലര്‍ന്നും കമഴ്ന്നും കിടന്ന് ഫൈറ്റ് ചെയ്യാന്‍ തുടങ്ങി. അതു കണ്ട് എല്ലാവരും അദ്ഭുതം കൂറി നില്‍ക്കുകയാണ്.
പെട്ടെന്നാണ് തെളിഞ്ഞ അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട് ശക്തമായ ഒരു മഴ പെയ്യാന്‍ തുടങ്ങിയത്.
അതുകണ്ട് ജോഷി പാക്കപ്പ് പറയാന്‍ തുടങ്ങിയപ്പോള്‍ ലാല്‍ പറഞ്ഞു:
“അല്പ സമയം കൂടി നോക്കാം സാറെ. മഴ മാറുമെങ്കില്‍ ഇന്നുതന്നെ തീര്‍ക്കാമല്ലോ?”
പക്ഷേ, മഴയ്ക്ക് യാതൊരു ദാക്ഷിണ്യവുമില്ലായിരുന്നു. മഴ കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. അങ്ങനെ അന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പിറ്റേന്നു രാവിലെത്തന്നെ ഫൈറ്റിന്റെ ബാലന്‍സ് എടുക്കാനായി എല്ലാവരും ലൊക്കേഷനിലെത്തി. മഴ പെയ്ത് വൃത്തികേടായി കിടക്കുന്ന ചെളിക്കുണ്ടില്‍ വീണ്ടുമിറങ്ങി ഫൈറ്റ് ചെയ്യാന്‍ ലാലിനൊരു മടിയും ഉണ്ടായിരുന്നില്ല.
ഇന്നേതെങ്കിലുമൊരു നായകനടന്‍ പൂര്‍ണമനസ്സോടെ ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ? ആര്‍ട്ടിഫിഷ്യല്‍ ചെളി ഉണ്ടാക്കിക്കൊണ്ടു വരാന്‍ പറയും.
ഇതേപ്പോലെ ഞാന്‍ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ‘ഇവിടെ എല്ലാവര്‍ക്കും സുഖം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും കൊടൈക്കനാലില്‍ വെച്ചായിരുന്നു. മോഹന്‍ലാല്‍ കൊക്കയില്‍ കിടന്ന് ഫൈറ്റ് ചെയ്യുന്നൊരു സീനുണ്ടതില്‍. കണ്ടാല്‍ വല്ലാതെ ഭയം തോന്നുന്ന ആ കൊക്കയിലേയ്ക്ക് ഇറങ്ങാന്‍ ഡ്യൂപ്പുകള്‍പോലും ഒന്ന് പേടിക്കും. പക്ഷേ, ലാല്‍ യാതൊരു കൂസലുമില്ലാതെ കൊക്കയിലേയ്ക്ക് ഇറങ്ങിയപ്പോള്‍ ഡ്യൂപ്പുകള്‍ക്ക് പിന്നെ ഇറങ്ങാതിരിക്കാനായില്ല. ഇവിടെയാണ് മോഹന്‍ലാലെന്ന നടന്റെ തൊഴിലിനോടുള്ള പ്രതിബദ്ധത എന്താണെന്ന് അവിടെ കൂടിയിരുന്ന ജനത്തിനു മനസ്സിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates