അമ്ഹയിലെ കുട്ടികള്‍ക്കൊപ്പം ഭാനുമതി|Interview | Dr. P Bhanumathi, Founder of AMHA, in Conversation with P S Ramshad സമകാലിക മലയാളം വാരിക
Malayalam Weekly

അവരും മനുഷ്യരാണ്, ഈ ‘അമ്മയുടെ’ കുട്ടികളാണ്

സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നു പോലും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഇടമാണ് അമ്ഹ. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കാര്യാട്ടുകരയിലെ അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡികാപ്ഡ് അഡല്‍റ്റ്‌സിന്റെ സ്ഥാപക ഡോ. പി. ഭാനുമാതിയുടെ ജീവിതത്തെക്കുറിച്ച്.ഓട്ടിസം ബാധിതരും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുമുൾപ്പെടെ പാർശ്വവൽകൃതരുടെ ജീവിതം നമ്മുടേതുകൂടിയാക്കി മാറ്റുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു അവര്‍.

പി.എസ്. റംഷാദ്


സോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്കാപ്ഡ് അഡൽറ്റ്‌സ് എന്നാണ് അമ്ഹയുടെ മുഴുവൻ പേര്. പക്ഷേ, അറിയുന്നവർക്കും അനുഭവിക്കുന്നവർക്കും അമ്ഹ എന്നാൽ അമ്മയാണ്; സ്‌നേഹത്തിന്റേയും കരുതലിന്റേയും വിശ്വരൂപം. പ്രൊഫസറായി കേരള വർമ കോളേജിൽ നിന്നു വിരമിച്ച, കാൻസർ ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റെടുത്ത പി. ഭാനുമതി ഉയിരും ഉണർവും കൊടുത്തു ജനിപ്പിച്ച് വളർത്തിയ സ്ഥാപനം. അനായാസം കൈകൾ വീശി നടന്നിട്ടല്ല 1996-ലെ ഗാന്ധിജയന്തി ദിനത്തിൽനിന്ന് മൂന്നു പതിറ്റാണ്ടിലേക്ക് എത്തുന്നത്. വാക്കിനു വാക്കും നോക്കിനു നോക്കും മനസ്സിനു മനസ്സും കൊടുത്ത് കൂടെ നിന്നവർ, നിൽക്കുന്നവർ; ആയിരക്കണക്കിന് ആളുകളുടെ കൊച്ചുകൊച്ചു സാമ്പത്തിക പിന്തുണ, പ്രവർത്തനങ്ങളുടെ ആഴവും പരപ്പും വിശദമായി മനസ്സിലാക്കി സി.എസ്.ആർ ഫണ്ട് നൽകി പിന്തുണച്ച പൊതുമേഖലാ കമ്പനികൾ തുടങ്ങി നിരവധി പേർ ഈ യാത്രയിൽ കൂടെ സഞ്ചരിച്ചു.

കാര്യാട്ടുകരയിലെ സ്ഥാപനത്തിൽ പ്രായപൂർത്തിയായ 60 പേരാണുള്ളത്. 30 പേർ സ്ഥിരതാമസവും 30 പേർ വീട്ടിൽ പോയി വരുന്നവരും. ഒരു വയസ്സു മുതൽ 10 വയസ്സു വരെയുള്ള, ഓട്ടിസം മാത്രമുള്ള കുട്ടികൾക്ക് തെറാപ്പി കൊടുക്കുന്ന സ്ഥാപനം ഒളരി അമ്പാടിക്കുളം ഗ്രൗണ്ടിനടുത്ത്; 92 കുട്ടികൾ നിലവിൽ തെറാപ്പിയെടുക്കുന്നു; തെറാപ്പി കഴിഞ്ഞുപോയവരുമുണ്ട്. തൈക്കാട്ടുശേരിയിൽ പത്തു വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക്ക് സ്‌കൂളായി തുടങ്ങിയിട്ടുണ്ട്. ഓട്ടിസം തെറാപ്പി കഴിഞ്ഞാലും ഈ കുട്ടികൾക്ക് സാമൂഹിക സ്വീകാര്യത കിട്ടാതിരിക്കുകയും സ്‌കൂളുകളിൽ അവരെ എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. അങ്ങനെ ഒന്നിൽനിന്നു മൂന്നിലേക്കു വളർന്നിരിക്കുന്നു ഈ തണൽമരം.

മക്കൾ വേണ്ട എന്നു തീരുമാനിച്ചാണ് ഭാനുമതി ടീച്ചറും പങ്കാളി ഇ.ബി. സലീഷും ജീവിതം തുടങ്ങിയത്. അതിൽനിന്നു പിന്നോട്ടു പോയിട്ടില്ല. “മക്കളുണ്ടായിക്കഴിഞ്ഞാൽ തീർച്ചയായിട്ടും കുറച്ചൊരു സോഫ്‌റ്റ്കോര്‍ണർ എന്റെ മക്കളോടായിരിക്കും. അപ്പോൾ ചിലപ്പോൾ ഈ ചെയ്യുന്നതുപോലെ ഇവരെ സ്‌നേഹിക്കാൻ പറ്റിയെന്നു വരില്ല. സഹോദരങ്ങളേയും ഇതുപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇപ്പോഴെനിക്ക് നൂറ്റിയൊന്നു ശതമാനം ഉറപ്പാണ് ഞാൻ അവർക്കു കൊടുക്കുന്ന കെയർ ലോകത്ത് വേറെയാർക്കും കൊടുക്കാൻ കഴിയില്ല. അത്രയ്ക്ക് ശ്രദ്ധയോടെയാണ് ഞാനത് ചെയ്യുന്നത്. മക്കളുണ്ടെങ്കിൽ ഒരുപക്ഷേ, ഞാൻ ഇപ്പോഴത്തെപ്പോലെ ഇവരുടെ കൂടെയായിരിക്കില്ല താമസിക്കുക. ഞാൻ വേറൊരിടത്തു താമസിക്കുകയും ഇതിന്റെ പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയും ചെയ്യുമ്പോൾ ഇതുപോലെ ആയിരിക്കില്ല. അതിനും അനുഭവങ്ങളുണ്ട്” - ഭാനുമതി ടീച്ചർ പറയുന്നു. ഓട്ടിസം ബാധിതരായ മൂന്ന് ആങ്ങളമാരുടെ പെങ്ങൾക്ക് സ്വന്തം ജീവിതം ഈ വിധം മാറിപ്പോയതിലെ തീരുമാനത്തിന്റെ തൃപ്തിതന്നെയാണ് മുഖ്യം. പാലക്കാട് ജില്ലയിലെ കൊടുമുണ്ട എന്ന ഗ്രാമത്തിന് നവോത്ഥാന ശ്രമങ്ങളുടെ നിരവധി അനുഭവങ്ങളുണ്ട്. പക്ഷേ, പിന്നോട്ടു പിടിച്ചുവലിക്കുന്നവരാൽ ചുറ്റപ്പെട്ടു ജീവിച്ച ഒരു പെൺകുട്ടിക്ക് അതിന്റെ തുടർക്കണ്ണിയാവുക എളുപ്പമായിരുന്നില്ല. ഗോപി മേനോന്റേയും കാർത്യായനിയമ്മയുടേയും പന്ത്രണ്ടു മക്കളിലാർക്കും അത് തീരെ എളുപ്പമായിരുന്നില്ല. ആ എളുപ്പക്കുറവിനെ മറികടന്നെത്തിയ ജീവിതത്തിന്റെ ചുരുക്കപ്പേരു കൂടിയാണ് അമ്ഹ.

കേന്ദ്രഗവൺമെന്റിന്റെ സ്ത്രീശക്തി പുരസ്‌കാരവും സംസ്ഥാന ഗവൺമെന്റിന്റെ മഹിളാതിലകം അവാർഡും ഉൾപ്പെടെ ടീച്ചർക്കു സമ്മാനിച്ച നാൽപ്പതോളം അവാർഡുകളും തേടിയെത്തിയതു തന്നെയാണ് എന്നു മനസ്സിലാകും ആ ജീവിതം മനസ്സിലാകുമ്പോൾ. പ്രസ്ഥാനങ്ങൾ വ്യക്തികളിലേക്കു ചുരുങ്ങുന്ന കാലത്ത്, താങ്കളൊരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന അഭിനന്ദനം കിട്ടിയിട്ടുണ്ട് ഭാനുമതി ടീച്ചർക്ക്. അതും അതിലപ്പുറവും അവർ അർഹിക്കുന്നുമുണ്ട്. ഒരു നല്ല വാക്കും അവർ സ്വീകരിക്കാതിരിക്കുന്നില്ല. തനിക്കു മാത്രം അവകാശപ്പെട്ടതായി ചില്ലിട്ടു വയ്ക്കുന്നില്ലെന്നു മാത്രം. തന്റെയും കൂടെ നിൽക്കുന്നവരുടേയും പ്രവർത്തനങ്ങൾ ശരിയായി തിരിച്ചറിയപ്പെടുന്നതിന്റെ ഈ സന്തോഷം ഭിന്നശേഷിക്കാരായ ഒരുകൂട്ടം ആളുകളുടേയും അവർക്കു പ്രിയപ്പെട്ടവരുടേയും ആശ്വാസജീവിതം കൂടിയാണ്.

ജീവിതം നമ്മളെ കൊണ്ടുനിർത്തുന്ന ഓരോ സ്ഥലങ്ങൾ അപ്രതീക്ഷിതമാണ് എന്നും. ആദ്യ വിവാഹം വിജയകരമായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത്രയും ആളുകൾക്ക് അഭയവും ആശ്രയവുമായി മാറുകില്ലായിരുന്നുവെന്നും ടീച്ചർ പറയുന്നു. “ഞാനത് പലപ്പോഴും വിചാരിക്കാറുണ്ട്. അയാളുടെ കുട്ടികളെയൊക്കെ പ്രസവിച്ച് ഒരു റിട്ടയേഡ് ടീച്ചറായി അങ്ങനെ കഴിയുന്നുണ്ടാകും. ആ അനുഭവമാകാം എന്നെ മാറ്റിയത്. അത്തരം തിക്താനുഭവങ്ങൾ നമ്മളെ കൂടുതൽ സ്‌ട്രോംഗ് ആക്കുമല്ലോ. എന്റെ സഹോദരങ്ങളെ നോക്കുമായിരുന്നിരിക്കും. പക്ഷേ, ഇത്രയും കുട്ടികൾക്ക് ആശ്വാസമാകാൻ കഴിഞ്ഞേക്കില്ല.”

ഒരു നിറഞ്ഞ മനുഷ്യനാണ് ടീച്ചറിന്റെ ജീവിതപങ്കാളി സലീഷ്. കൂടെ നിൽക്കേണ്ടത് എങ്ങനെയാണ് എന്നതിനൊരു നിഘണ്ടു. “വിവാഹത്തിനു മുന്‍പുതന്നെ ഇത്തരം കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. ഞാൻ കടന്നുപോയ തീവ്രമായ അനുഭവം, കുട്ടികളെ വേണ്ട എന്നു വയ്ക്കുന്നതിനുള്ള കാരണം, എന്റെ വയ്യാത്ത സഹോദരങ്ങളെ നോക്കിയേ തീരൂ എന്ന നിർബന്ധം, ഇങ്ങനെയുള്ളവർക്കുവേണ്ടി ഒരു സ്ഥാപനം തുടങ്ങുന്നത് - ഇതൊക്കെ നേരത്തേ പറഞ്ഞതാണ്. അതൊക്കെ അദ്ദേഹം സമ്മതിക്കുകയാണ് ചെയ്തത്. കൂടെത്തന്നെയുണ്ടായിരുന്നു. ഞാൻ റിട്ടയർ ചെയ്യുന്നതുവരെ കോളേജിൽ പോയി വരുന്നതിനിടയിലുള്ള സമയത്ത് അമ്ഹയിൽത്തന്നെ ഉണ്ടാകും. മെഡിക്കൽ റെപ്രസന്റേറ്റീവ് ആണ്. ഇപ്പോൾ ഒരു മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ ചെയ്യുന്നു. അദ്ദേഹം ഈഴവ സമുദായത്തിൽ നിന്നുള്ള ആളാണ് എന്ന പേരിൽ എന്റെ കുടുംബത്തിലും എന്റെ രണ്ടാം വിവാഹമാണ് എന്ന പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിലും ചെറിയ പ്രശ്‌നങ്ങളൊന്നുമല്ല ഉണ്ടായത്. അദ്ദേഹം എനിക്കൊപ്പം നിന്നു അതെല്ലാം മറികടക്കാൻ.”

“സമത്വമാണ് എന്റെ രാഷ്ട്രീയം. എല്ലാത്തരം സമത്വവും വേണം. സാമ്പത്തികമായും സാമൂഹികമായും ജാതീയമായുമൊക്കെ വേണം. ഒരാളും മറ്റൊരാളെക്കാൾ പ്രമുഖരാണ് എന്ന ധാരണയിൽ കാര്യമില്ല. പണമുള്ളവർക്ക് അത് ഓരോ പരിതസ്ഥിതികൊണ്ട് ഉണ്ടാകുന്നതാണ്. പക്ഷേ, അതിന്റെ പേരിൽ ഞാൻ വലിയ ആളാണ് എന്ന ബോധം ഉണ്ടായാൽ കഴിഞ്ഞു. ആ ബോധം ഉണ്ടാകരുത്. ഈ സ്ഥാപനത്തെ സംബന്ധിച്ച്, ഇവിടെ എല്ലാവരുമുണ്ട്; മത ജാതി വ്യത്യാസമില്ലാതെ. ജീവനക്കാരാണെങ്കിൽ കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരുമൊക്കെയുണ്ട്. ഇവിടെ ഒരുതരം വേർതിരിവുമില്ല.”

കഥയല്ല ജീവിതം

സ്വന്തം കുട്ടിക്ക് ഓട്ടിസമുണ്ട് എന്നറിഞ്ഞാൽ, മറ്റെന്തെങ്കിലും പരിമിതി ഉണ്ട് എന്നറിഞ്ഞാൽ എന്തു ചെയ്യണം എന്ന് അമ്ഹ തുടങ്ങുന്ന കാലത്തു മാത്രമല്ല, ഇന്നും പല രക്ഷിതാക്കൾക്കും അറിയില്ലെന്നു ഭാനുമതി ടീച്ചർ പറയുന്നു. “പ്രത്യേകിച്ചും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റും പിറകിലേക്കു നിൽക്കുന്ന കുടുംബങ്ങൾക്ക് ആ അറിവുതന്നെയൊരു കനലാണ്. അവർ നട്ടം തിരിയും.” ഞങ്ങൾ സംസാരിക്കുന്നതിനു തൊട്ടുമുന്‍പ് വന്നുപോയ ഒരു രക്ഷിതാവിനെക്കുറിച്ച് ടീച്ചർ പറഞ്ഞു: “ഇപ്പോൾ അമ്ഹയിലുള്ള കുട്ടിയുടെ അച്ഛനാണ്. സ്ഥാപനത്തിൽ ആ കുട്ടിയെക്കൊണ്ട് ഒരു പ്രശ്‌നവുമില്ല. അവിടുത്തെ രീതികളോടു ചേർന്നാണ് പോകുന്നത്. പക്ഷേ, വീട്ടിൽ ചെന്നു കഴിഞ്ഞാൽ എപ്പോഴും ചോറ് ചോദിക്കും. കിട്ടിയില്ലെങ്കിൽ അമ്മയെ അടിക്കും. ആ കുട്ടിയെ ആ ശീലം വീട്ടിൽ നേരത്തേ പഠിപ്പിച്ചിട്ടില്ലാത്തതാണ് കാരണം; പഠിപ്പിക്കാൻ അവർക്ക് അറിയില്ല. വീട്ടിൽച്ചെന്നാൽ ഇത് നടക്കും എന്നറിയാവുന്നതുകൊണ്ടാണ് അവൻ വയലന്റാകുന്നത്. ഇവിടെ അവനെക്കൊണ്ട് ഞങ്ങൾക്കൊരു പ്രശ്‌നവുമില്ല. മറ്റു കുട്ടികളെ കുറച്ചൊക്കെ തോണ്ടുകയോ ഒക്കെ ചെയ്യുമെന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ഇങ്ങനെയൊരു കുട്ടിയെ എങ്ങനെ മാനേജ് ചെയ്യണം എന്ന് പല രക്ഷിതാക്കൾക്കും അറിയില്ല എന്നതിന് ഉദാഹരണമായിട്ടാണ് ഞാനിതു പറയുന്നത്. മുമ്പ് തീരെ അറിയുമായിരുന്നില്ല. ഇപ്പോൾ കുറച്ചൊക്കെ അറിയാം എന്നായിട്ടുണ്ട്.” അമ്ഹയുടെ 30 വർഷം എന്നത് ടീച്ചർ ഈ മേഖലയിൽ പ്രവർത്തിച്ച 30 വർഷം മാത്രമല്ല, ഭിന്നശേഷിക്കാരെ മനസ്സിലാക്കുന്നതിലും അവരോടുള്ള പെരുമാറത്തിലും അവരുടെ ജീവിതത്തിൽ ഇടപെടുന്നതിലും സമൂഹത്തിനും സർക്കാരുകൾക്കുമുൾപ്പെടെയുണ്ടായ ക്രമാനുഗത മാറ്റത്തിലേക്ക് കേരളവും സഞ്ചരിച്ച മൂന്നു പതിറ്റാണ്ട്.

ഇത്രയ്ക്ക് ആഴത്തിൽ ഈ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള ഒന്നാമത്തെ കാരണം ടീച്ചർ പറയുന്നുണ്ട്: “മൂന്നു സഹോദരന്മാർ ജന്മനാ ഓട്ടിസം ബാധിതരായതുകൊണ്ട് വളരെ ചെറുപ്പത്തിൽത്തന്നെ ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ നിരവധി. സമൂഹത്തിൽനിന്നു നേരിടേണ്ടിവരുന്ന അവജ്ഞയും പരിഹാസങ്ങളും ഒളിഞ്ഞുനോക്കിയിട്ടുള്ള ചിരികളും ഉൾപ്പെടെ ഒരുപാട് അനുഭവങ്ങൾ അമ്മയ്ക്കും എനിക്കുമൊക്കെയുണ്ട്. അന്നൊക്കെ ഞാൻ ചെറുതാണെങ്കിൽപ്പോലും മനസ്സിനെ അത് വേദനിപ്പിക്കും. എന്തുകൊണ്ട് എന്ന ചോദ്യം ഉള്ളിന്റെയുള്ളിൽനിന്നു ചോദിക്കുകയും അത് നമ്മളെ വേദനിപ്പിക്കുകയും ചെയ്യും. എനിക്കു സ്വന്തം കാലിൽ നിൽക്കാനായാൽ ഇവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് അന്നേ മനസ്സിലുണ്ട്. എന്നുവച്ചാൽ എന്റെ സഹോദരങ്ങൾക്കല്ല; വീട്ടിലൊരു കെയർടേക്കറെ നിർത്തി അവരെ നോക്കാൻ കഴിയുന്ന ഒരു സാഹചര്യം വീട്ടിലുണ്ടായിരുന്നു. പക്ഷേ, അതില്ലാത്ത കുറേയാളുകൾ സമൂഹത്തിലുണ്ട്. ഒരാളെ ശമ്പളത്തിനു വയ്ക്കാനോ അല്ലെങ്കിൽ ഈ കുട്ടിയെ വേണ്ടവിധം നോക്കാനോ ഒന്നും പറ്റാത്തവർ. അവരെന്തു ചെയ്യണം എന്നത് ചിന്തിപ്പിച്ചിരുന്നു.”

മറ്റൊരു കാര്യം, അഞ്ച് വയസ്സിൽ സ്‌കൂളിലേക്ക് വിടുന്നതുവരെ ഈ കുട്ടിക്ക് എന്താണ് പ്രശ്‌നമെന്ന് വീട്ടിലുള്ളവർക്ക് തിരിച്ചറിയാൻ പറ്റില്ല. അല്ലെങ്കിൽ, ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കില്ല. തിരിച്ചറിയില്ല എന്നതിനെക്കാൾ അംഗീകരിക്കില്ല എന്നതാണ്. അന്നും ഇന്നുമുണ്ട് ഈ പ്രശ്‌നം. സ്വന്തം കുട്ടിക്ക് പ്രശ്‌നമുണ്ട് എന്ന് അംഗീകരിക്കാത്ത രക്ഷിതാക്കൾ ഇപ്പോഴുമുണ്ട്. മുന്‍പ് കൂടുതലായിരുന്നു.

സഹോദരങ്ങളുടെ അനുഭവത്തിൽനിന്ന് അതിന്റെ മനോവേദന എന്താണ് എന്നു മാത്രമല്ല മനസ്സിലായത്. വളർന്നപ്പോൾ, ഒരു സാമൂഹിക പ്രശ്‌നം എന്ന നിലയിലും മനസ്സിലായി. പിന്നെ ചിന്തിച്ചത്, അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽപ്പോലും ഇങ്ങനെയെങ്കിൽ അത് ഇല്ലാത്തവരുടെ സ്ഥിതി എന്തായിരിക്കും. അങ്ങനെയാണ് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുന്നതിലേക്ക് എത്തിയത്. “ഞാൻ ജോലി ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ടു മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്ന് തീരുമാനമുണ്ടായിരുന്നു. അതുകൊണ്ടാണ് കുറച്ചു വൈകിപ്പോയത്. നമ്മൾ സ്വയമുണ്ടാക്കുന്ന പണത്തിന് വേറേ ആരോടും സമാധാനം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ജോലിയൊക്കെ കിട്ടിയ ശേഷമാണ് തുടങ്ങിയത്. വളരെ അടുത്ത ചില സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടായി എന്നതും ആ സമയത്ത് തുടങ്ങാൻ കാരണമായി.”

“അധികം സംസാരിക്കുകയൊന്നും ചെയ്യാത്ത പ്രകൃതമുള്ള ഒരു ഇൻട്രോവേർട്ട് ആയിരുന്നു ഞാൻ. കുടുംബക്കാർ ആലോചിച്ചു നടത്തിയ ആദ്യത്തെ വിവാഹം പരാജയമായിരുന്നു. തീക്ഷ്ണമായ, ഒരിക്കലും പ്രതീക്ഷിക്കാത്ത വളരെ മോശം അനുഭവങ്ങൾ ഉണ്ടായി; മാനസികമായി വല്ലാതെ ഡിപ്രസ്ഡ് ആയി. അങ്ങനെയായിരിക്കുമ്പോൾ എന്റെ എച്ച്.ഒ.ഡിയുടെ ഭാര്യയും അന്നുമിന്നും എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളുമായ മംഗള മിസ്സ്, ലേണിംഗ് ഡിസെബിലിറ്റിയുടെ ഇന്ത്യയിലെത്തന്നെ അതോറിറ്റികളിലൊരാളായ വി.വി. ജോസഫ്, ഇവരൊക്കെ നിർബന്ധിച്ച് ട്രാൻസാക്ഷനൽ അനാലിസിസ് (ടി.എ) എന്ന കോഴ്‌സിന് ചേർത്തു. തൃശൂരിൽത്തന്നെയായിരുന്നു അത്. അങ്ങനെയാണ് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ധൈര്യം കിട്ടിയത്. മുന്‍പായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയൊന്നും പറ്റില്ലായിരുന്നു. സ്‌ക്രിപ്റ്റ് ചെയ്യുക എന്നൊരു കാര്യമുണ്ട് ടി.എ കോഴ്‌സിന്. എല്ലാവരും കൂടിയിരുന്ന് ഓരോരുത്തരും അവരുടെ ചെറുപ്പം തൊട്ടുള്ള അനുഭവങ്ങളൊക്കെ പറയുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്തിട്ടാണ് സ്‌ക്രിപ്റ്റ് ചെയ്യുക. നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള മോശമായ കാര്യങ്ങളെയൊക്കെ കളഞ്ഞ് പുതിയ വ്യക്തിയാക്കി മാറ്റുകയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡോ. കെ.എസ്. ഷാജിയുടെ പിന്തുണയും ആ സമയത്ത് സ്ഥാപനം തുടങ്ങുന്നതിൽ വലിയ സഹായമായി.

അങ്ങനെ 1996 ഒക്ടോബർ രണ്ടിന് അമ്ഹ തുടങ്ങി. “ഇത്രയും വർഷങ്ങൾ എത്തിനിൽക്കുമ്പോൾ നല്ല സംതൃപ്തിയുണ്ട്. സമൂഹത്തിനുവേണ്ടി എന്തൊക്കെയോ ചെയ്യാൻ പറ്റി. മുന്‍പേ പോയ ഒരുപാടുപേർ ചെയ്ത നല്ല കാര്യങ്ങളുടെ കടലിൽ ഞങ്ങളുടേയും ഒരു തുള്ളി. പ്രത്യേകിച്ചും ഏറ്റവും പാർശ്വവൽകൃതരായ ഒരു വിഭാഗമാണ് ഈ കുട്ടികൾ. ഇവരെ എന്തുചെയ്യണം എന്ന് സമൂഹത്തിനുതന്നെ ഒരു പിടിയുമില്ലാത്ത അവസ്ഥയിൽ ഇത്രയും ചെയ്യാൻ പറ്റി എന്നതിലെ സംതൃപ്തി. മൂന്നു പേരെ വച്ച് ചെറിയ ഒരു ക്ലാസ്സ്റൂമിൽ തുടങ്ങിയതാണ് മൂന്നു സ്ഥാപനങ്ങളായത്. അതുവഴി നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക് ആശ്വാസം കൊടുക്കാൻ പറ്റുന്നു.”

ഇടപെടലുകൾ

അമ്ഹ സ്‌കൂളിൽ കുട്ടികളുടെ വരവും പോക്കും ഉൾപ്പെടെ സാധാരണ സ്‌കൂളുകളിലെപ്പോലെ തന്നെ. രക്ഷിതാക്കൾ കുട്ടികളെ സാധാരണ സ്‌കൂൾ ബസിൽ കയറ്റിവിടുന്നതുപോലെ അമ്ഹയുടെ തന്നെ വണ്ടിയിൽ ലഘുഭക്ഷണവും ഉച്ചഭക്ഷണവുമായി കയറ്റിവിടും. വൈകുന്നേരം മൂന്നരയ്ക്ക് തിരിച്ചെത്തിക്കും. എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത്, പങ്കുവയ്ക്കുക എന്ന ശീലം, ടോയ്‌ലറ്റ് ശീലങ്ങൾ, ക്ലാസ്സ്റൂം അന്തരീക്ഷത്തിൽ എങ്ങനെ പെരുമാറണം തുടങ്ങിയതൊക്കെയാണ് ഈ സ്‌കൂൾ സമയത്ത് അവരെ പരിശീലിപ്പിക്കുന്നത്. അക്വാ തെറാപ്പിക്കുവേണ്ടി വലിയ ഒരു സ്വിമ്മിംഗ് പൂൾ ഉണ്ട്. ആവശ്യമുള്ളവർക്ക് നീന്തലിലും പരിശീലനം കൊടുക്കും. അവിടെ സൈക്കിൾ പാതയും സ്‌കേറ്റിംഗ് പാതയുമുണ്ട്. പാഠ്യേതര മികവുകൾ ഉണ്ടെങ്കിൽ അതുകൂടി അവരിൽനിന്നു പുറത്തുകൊണ്ടുവരികയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. അമ്ഹ ഉൾപ്പെടെ മൂന്നു സ്ഥാപനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റ് ഭൂമി പാട്ടത്തിനു നൽകിയ സ്ഥലത്താണത്. ഭൂമി വിഭജിക്കാതെ ഒറ്റ കെട്ടിടമായി നിർമിച്ചു. എന്നിട്ട് മൂന്നു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അന്നത്തെ എം.എൽ.എ തേറമ്പിൽ രാമകൃഷ്‌ണന്റേയും കളക്ടറായിരുന്ന എം.എസ്. ജയയുടേയും അഭ്യർത്ഥന മാനിച്ചാണ് അങ്ങനെ ചെയ്തത്.

ഗവൺമെന്റിൽനിന്നു സാമ്പത്തിക സഹായങ്ങളൊന്നും അമ്ഹയ്ക്ക് കിട്ടുന്നില്ല. കാരണം, 18 വയസ്സ് കഴിഞ്ഞവരെ പരിചരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന നയം നിലവിൽ സംസ്ഥാന ഗവൺമെന്റിന് ഇല്ല. ഈ നയം മാറി വരണം, അതിന് ആരെങ്കിലും താല്പര്യമെടുക്കണം. പക്ഷേ, അങ്ങനെ താല്പര്യമെടുക്കണമെങ്കിൽ ഇത്തരത്തിലൊരു അനുഭവമുണ്ടെങ്കിലേ അത് മനസ്സിലാവുകയുള്ളു. ആളുകൾക്ക് സഹതാപമൊക്കെ ഉണ്ടാകാം എന്നല്ലാതെ, അതിനപ്പുറം നമ്മൾ അനുഭവിക്കുന്നതേ നമുക്കു മനസ്സിലാവുകയുള്ളു. അത് ഈ കാര്യത്തിൽ മാത്രമല്ല; സന്തോഷമാകട്ടെ, ദുഃഖമാകട്ടെ, വേദനയാകട്ടെ, നമ്മൾ അനുഭവിക്കുമ്പോഴേ അതിന്റെ തീവ്രത മനസ്സിലാവുകയുള്ളു. അതുകൊണ്ട് അടുത്തകാലത്തൊന്നും അങ്ങനെയൊരു നയം വരുമെന്ന് പ്രതീക്ഷയില്ല. ദേശീയതലത്തിൽത്തന്നെ നയമുണ്ടാകേണ്ടി വരും.”

സമൂഹത്തിന്റെ വാക്കിലും പെരുമാറ്റത്തിലും വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് എന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടാണ് ടീച്ചർ ഈ വിഷയത്തെ സമീപിക്കുന്നത്. “ഭിന്നശേഷിയുള്ളവർ, ഭിന്നശേഷിക്കാർ എന്നാണ് എല്ലാവരും പൊതുവേ പറയാറ്. മന്ദബുദ്ധി എന്നൊന്നും പറയാറേയില്ല. അങ്ങനെ പറയുന്നതു വിലക്കുന്ന കോടതിവിധിയുമുണ്ടായി. അധ:കൃതരാക്കുന്നവിധം അങ്ങനെ പറയുന്നതിനെതിരെ നമ്മളും കുറേയധികം ഫൈറ്റ് ചെയ്തിട്ടുണ്ട്. മന്ദബുദ്ധികൾ എന്ന് അധിക്ഷേപിക്കപ്പെടുന്നവരുടെ തലച്ചോറിന് അധിക്ഷേപിക്കുന്നവരുടെ തലച്ചോറിന്റെ വളർച്ച ഉണ്ടായിട്ടില്ല എന്നേയുള്ളു. അവരെ അതിന്റെ പേരിൽ അധിക്ഷേപിക്കേണ്ടതില്ല. പക്ഷേ, ആ ബോധ്യം മാത്രം പോരാ; അവർക്ക് ജീവിക്കാൻ കൂടുതൽ ഭിന്നശേഷിസൗഹൃദപരമായ നയങ്ങളും പരിപാടികളും ഉണ്ടാവുകയും വേണം.”

ഗവൺമെന്റ് തലത്തിൽ പ്രായപൂർത്തിയായവർക്കുവേണ്ടിയുള്ള ഇത്തരം സ്ഥാപനങ്ങൾ കുറവാണ്. ആകെ രണ്ടെണ്ണമേയുള്ളു. തൃശൂരിൽത്തന്നെ രാമവർമപുരത്ത് പെൺകുട്ടികൾക്കു വേണ്ടി പ്രത്യാശാഭവൻ, മലപ്പുറത്ത് പ്രതീക്ഷാഭവൻ - അത്രമാത്രം. തീർച്ചയായും അത് വലിയൊരു പ്രശ്‌നമാണ്. ചെറിയ കുട്ടികളാകുമ്പോൾ മാനേജ് ചെയ്യുന്നതുപോലെ എളുപ്പമല്ല വലുതാകുമ്പോൾ. പ്രായപൂർത്തിയാകുമ്പോഴത്തെ ഹോർമോൺ മാറ്റങ്ങളും ശാരീരിക മാറ്റങ്ങളുമൊക്കെ നമ്മളെപ്പോലെത്തന്നെ അവർക്കുമുണ്ട്. പക്ഷേ, ആ മാറ്റത്തിലെ വേർതിരിവ് അവർക്കറിയില്ല. പെൺകുട്ടിയെ കണ്ടാൽ തോന്നുന്ന പ്രണയം നിയന്ത്രിക്കാൻ സാധാരണ കൗമാരക്കാരന് അറിയാം. മറിച്ച്, ഇവരെ സംബന്ധിച്ചിടത്തോളം രൂക്ഷമല്ലാത്തവിധം ഓട്ടിസമുള്ള കുട്ടിയാണെങ്കിൽ ആ തോന്നൽ പ്രകടിപ്പിച്ചുവെന്നു വരും. ഹോർമോൺ-ശാരീരിക വളർച്ച സാധാരണയുള്ളവരെപ്പോലെ ഇവർക്കുമുള്ളതുകൊണ്ടാണ് അത്. പക്ഷേ, സ്വകാര്യത ഇവർക്ക് അറിയില്ല, ചെയ്യേണ്ടതേ ചെയ്യാവൂ എന്നറിയില്ല. ഇവിടെത്തന്നെ പരസ്യമായി സ്വയംഭോഗം ചെയ്തിരുന്ന കുട്ടികളുണ്ട്. അത് അവരുടെ ശാരീരിക ആവശ്യമാണ്. അതിന് നമ്മൾ തെറ്റ് പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, നമ്മൾ അവരെ സ്വകാര്യത പഠിപ്പിക്കണം. “ടോയ്‌ലറ്റിൽ പോയി ചെയ്യുക. പരസ്യമായി ചെയ്യാൻ പാടില്ല; അങ്ങനെ ചെയ്യേണ്ട കാര്യമല്ല ഇത് എന്നു പറഞ്ഞ് പഠിപ്പിക്കണം. ഇത് പഠിപ്പിക്കേണ്ടത് പതിനെട്ട് വയസ്സിൽ അല്ല. സ്വകാര്യത എന്നത് കുഞ്ഞുന്നാൾ മുതൽ പഠിപ്പിക്കണം. ടോയ്‌ലറ്റിൽനിന്നു വസ്ത്രം ധരിച്ചേ ഇറങ്ങിവരാൻ പാടുള്ളു, അല്ലെങ്കിൽ കുളിച്ചുകഴിഞ്ഞാൽ വസ്ത്രമിട്ടിട്ടേ വരാവൂ എന്നുള്ള പാഠങ്ങളൊക്കെ വളരെ ചെറുപ്പത്തിലേ പഠിപ്പിക്കണം. പക്ഷേ, അതിന്റെയൊരു അവബോധം പല രക്ഷിതാക്കൾക്കും ഇല്ല. ഇപ്പോഴാണെങ്കിൽ സ്‌ക്രീൻ ടൈം കൂടുതൽ കൊടുക്കുന്നതിന്റെ പ്രശ്‌നങ്ങൾ ഏറെയാണ്. അടക്കിനിർത്താൻ മൊബൈൽ ഫോൺ കൊടുക്കും. പിന്നീട് അത് കിട്ടാതിരിക്കുമ്പോൾ കുട്ടി പ്രശ്‌നമുണ്ടാക്കും.”

രക്ഷിതാക്കളുടെ ജീവിതം താറുമാറായിപ്പോകാതിരിക്കാനും അമ്ഹ ബോധവൽകരണം കൊടുക്കുന്നുണ്ട്. വിദഗ്ധരെ വിളിച്ച് പലപ്പോഴായി ക്ലാസ്സ് കൊടുക്കും. പ്രത്യേകിച്ചും ഇപ്പോൾ കൊച്ചുകുട്ടികളുടെ തെറാപ്പിയുടെ ഭാഗമാണ് അതും. “പലപ്പോഴും ഇങ്ങനെയുള്ള കുട്ടികൾ അമ്മയുടെ മാത്രം ചുമതലയിൽ വരുന്ന അവസ്ഥയുണ്ട്”, ഭാനുമതി ടീച്ചർ പറയുന്നു, “അച്ഛൻ ഇട്ടിട്ടു പോകുന്ന സംഭവങ്ങൾ നിരവധിയാണ്; ഇവിടെത്തന്നെയുണ്ട്. അതുകൊണ്ട് ആഴ്ചയിലൊരിക്കൽ കുടുംബത്തിലെ എല്ലാവരും ചേർന്ന ഒരു എക്‌സർസൈസ് നിർദേശിക്കുന്നുണ്ട്. എന്തെങ്കിലും കളിയാകട്ടെ, എന്തെങ്കിലുമൊരു പ്രവൃത്തി അമ്മയും അച്ഛനും സഹോദരങ്ങളും കുട്ടിയും കൂടി ചെയ്യുകയും അത് വീഡിയോ എടുത്ത് അയച്ചുതരികയും വേണം. അത് നിർബന്ധമാണ്. അതിൽ ഏറ്റവും നന്നായിട്ടുള്ളവർക്ക് ചെറുതെങ്കിലും ഒരു സമ്മാനവും കൊടുക്കും. വളരെ ചുരുക്കമായിട്ടാണെങ്കിലും അച്ഛന്റെ മാത്രം ഉത്തരവാദിത്വമായി മാറുന്ന സംഭവങ്ങളുമുണ്ട്. അതുകൊണ്ട് ഈ കുട്ടികളെ നോക്കുക എന്നത് അമ്മയുടേയോ അച്ഛന്റേയോ മാത്രം ഉത്തരവാദിത്വമല്ല; കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണ് എന്ന സന്ദേശമാണ് ഇങ്ങനെയൊക്കെ നൽകുന്നത്.” കഴിഞ്ഞ ക്രിസ്മസ് കാലത്ത് അമ്ഹ ഒരു ക്യാമ്പ് നടത്തി, രണ്ടു ദിവസം. അച്ഛനമ്മമാരും സഹോദരങ്ങളുമാണ് പങ്കെടുത്തത്.

നല്ലതും ചീത്തയും

“കൃഷ്ണൻ എന്നൊരു കുട്ടിയുണ്ടായിരുന്നു ഇവിടെ; മുതിർന്നാലും നമുക്ക് അവർ കുട്ടികൾ തന്നെയാണ്. കുട്ടൻ എന്നാണ് വിളിക്കുക. അസ്സലായി പാടും. ഞാനുമായി ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. ഇവിടെ, ഈ ഓഫീസ് മുറിയുടെ ജനലരികിൽ വന്ന് എന്നെ നോക്കിനിൽക്കുമ്പോൾ “കുട്ടാ, ഒന്നു പാടെടാ” എന്നു പറഞ്ഞാൽ ഒരു മടിയുമില്ലാതെ പാടും. ‘പാരിജാതം തിരുമിഴി തുറന്നു’ എന്ന പാട്ടൊക്കെ എത്ര മനോഹരമായാണ് പാടുന്നതെന്നോ. സെർവിക്കൽ സ്‌പോണ്ടിലോസിസ് ഉണ്ടായിരുന്നു കുട്ടന്. ഈ കുട്ടികളിൽ പലർക്കും വേദന പറയാൻ അറിയില്ല. അവരുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നമ്മൾ നോക്കിയാലേ അവർക്ക് എന്തോ ബുദ്ധിമുട്ടുണ്ട് എന്ന് മനസ്സിലാവുകയുള്ളു. അന്ന് ഞങ്ങൾക്ക് ഹോസ്റ്റൽ കെട്ടിടം വേറെ ഇല്ല. ഇവിടെത്തന്നെ പകൽ ക്ലാസ്സും രാത്രി താമസവുമാണ്. ചില ദിവസങ്ങളിൽ, ‘മിസ് അടുത്തിരിക്കണം, മിസ് അടുത്തിരിക്കണം’ എന്ന് ഇവൻ പറയും. അപ്പോൾ ഞാനടുത്തിരുന്ന് തലയൊക്കെ ഒന്ന് തഴുകിക്കൊടുത്ത് ആശ്വസിപ്പിക്കും, അങ്ങനെ അവൻ ഉറങ്ങും. ചിലപ്പോഴവന് ഈ വേദനയുള്ളപ്പോഴായിരിക്കണം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അത് എനിക്കും മനസ്സിലായില്ല. ഒരു ദിവസം രാവിലെ ടോയ്‌ലറ്റിൽ പോയപ്പോൾ വീണ് ബോധം പോയി. വിളിച്ചിട്ട് മിണ്ടുന്നില്ല. ആകെ പേടിയായി. അടുത്ത ആശുപത്രിയിൽനിന്ന് ആംബുലൻസ് വരുത്തി കൊണ്ടുപോയി. കുട്ടിക്ക് പനിച്ചിട്ട് രക്തസമ്മർദം കുറഞ്ഞിട്ട് ബോധം പോയതാണ് എന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു. കുട്ടിക്ക് പനിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു. തലേന്നും ഞാനാണ് ചോറ് വിളമ്പിക്കൊടുത്തത്. കിടക്കുമ്പോഴും ഞാൻ അടുത്തുപോയിരുന്നു. എല്ലാ കുട്ടികളേയും കിടക്കുന്ന സമയത്ത് നോക്കാറുണ്ട്.

ഞാൻ പറയുന്നത് കേട്ടാൽ മതി എന്നായിരുന്നു ഡോക്ടറുടെ മറുപടി. തിരിച്ചു ഞങ്ങളാരും ഒന്നും പറഞ്ഞില്ല. അതുകഴിഞ്ഞ് നഴ്‌സ് ടെംപറേച്ചർ നോക്കിയപ്പോൾ എത്രയുണ്ട് സിസ്റ്ററേ പനി എന്നു ചോദിച്ചു. അത് ഞാൻ ഡോക്ടറോടു പറഞ്ഞോളാം എന്നായിരുന്നു മറുപടി. സിലബസ്സിൽ മെഡിക്കൽ എത്തിക്‌സ് പഠിപ്പിക്കുന്ന ആളാണ് ഞാൻ. എനിക്കറിയാം, രോഗിയെ സംബന്ധിച്ച് ആരോട് എന്തു പറയണമെന്ന്. ആവർത്തിച്ച് ചോദിച്ചിട്ടും ഡോക്ടറോടേ പറയൂ എന്ന മറുപടിയാണുണ്ടായത്. അതായിരുന്നു സമീപനം. അങ്ങനെ ഒരാഴ്ച അവിടെ ചികിത്സിച്ചു. പകലും രാത്രിയും ഞാനും ഹസ്ബൻഡും മാറി മാറി കൂട്ടുനിന്നു. ഒരു ദിവസം രാത്രി ഹസ്ബൻഡ് വിളിച്ചു പറഞ്ഞു, കുട്ടന് ഫിറ്റ്‌സ് വന്നുകൊണ്ടിരിക്കുകയാണ്, വേഗം വരണം.

ചെന്നപ്പോൾ ഫിറ്റ്‌സ് വന്നുകൊണ്ടിരിക്കുകയാണ്. ഭാഗ്യത്തിന് അന്നത്തെ ഡ്യൂട്ടി ഡോക്ടർ എന്റെയൊരു വിദ്യാർത്ഥിയുടെ ക്ലാസ്‌മേറ്റാണ്. അവനെന്നെ അറിയാം. ഇനി ഇവിടെ തുടരേണ്ട, വേറെ എവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കൊള്ളൂ മിസ്സേ എന്ന് ആ കുട്ടി പറഞ്ഞു. ഈ അദ്ധ്യാപക ജോലിയുടെ വലിയ ഗുണമാണത്; എവിടെയെങ്കിലുമൊക്കെ നമ്മളെ അറിയുന്ന ആരെങ്കിലും ഉണ്ടാകും.

കുട്ടനെ മദർ ഹോസ്‌പിറ്റലിലേക്ക് മാറ്റി. സ്‌പോണ്ടിലോസിസിന്റെ പ്രശ്‌നംകൊണ്ട് എല്ലു ചെന്ന് സ്‌പൈനൽകോഡിൽ അമരുന്നതാണ് കുട്ടന്റെ പ്രശ്‌നമെന്ന് അവിടെ നോക്കുമ്പോഴാണ് കാണുന്നത്. അങ്ങനെയാണ് ബോധംകെട്ടു വീണത്. പക്ഷേ, ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ അത് കണ്ടില്ല. പിന്നീട് മൂന്നുനാല് മാസം കോമയിലായിരുന്നു കുട്ടൻ. അതിൽനിന്ന് രക്ഷിച്ചു കൊണ്ടുവന്നു. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്. ഒരു സഹോദരനും സഹോദരിയുമാണുള്ളത്. സഹോദരൻ യുകെയിൽ സൈക്യാട്രിസ്റ്റ്. സഹോദരി സായിബാബയുടെ ആശ്രമത്തിൽ. ഒരു ദിവസം പോലും സഹോദരനെ കാണാനൊന്നു വന്നിട്ടില്ല. ഒരുപാട് ശ്രദ്ധിച്ചാണ് ജീവിതത്തിലേക്ക് ഞങ്ങൾ കുട്ടനെ തിരിച്ചുകൊണ്ടുവന്നത്. കുറേ വർഷങ്ങൾ കഴിഞ്ഞു. എന്റെ സഹോദരന്റേയും കുട്ടന്റേയും ജന്മദിനം അടുത്തടുത്തായിരുന്നു. ഞങ്ങൾ രണ്ടുപേരുടേയും കൂടെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. അന്നൊക്കെ കുട്ടന് ഒരു പ്രശ്‌നവുമില്ല. പിന്നീട് ക്രമേണ ഹൃദ്രോഗം വന്നു. ഡോ. വിജയരാഘവന്റെ ചികിത്സയിലായി. ചികിത്സാവിവരങ്ങൾ രേഖപ്പെടുത്തുന്ന ഒരു ബുക്ക് ഡോക്ടറോടു പറഞ്ഞ് പ്രത്യേകം മാറ്റിവച്ചു. ആശുപത്രിയിൽ അഡ്‌മിറ്റായിരിക്കുമ്പോൾ ഫിറ്റ്‌സ് വന്നു. ഞാൻ ചെന്ന് സാധാരണ കൊടുക്കുന്ന ഗുളിക കൊടുത്തു. തിരിച്ചു ഞാൻ വന്നപ്പോൾ വീണ്ടും അവിടെന്നു വിളിച്ചു. പൾസ് കുറവാണ്, സ്ഥിതി മോശമാണ് എന്ന്. ചെന്നുനോക്കുമ്പോൾ കഴിഞ്ഞു. സഹോദരനെ ഫോണിൽ വിളിച്ചു, മെയിലും അയച്ചു. മൂന്നു ദിവസം മൃതദേഹം അവിടെ വയ്ക്കൂ, ഞങ്ങൾ ഇവിടെയിരുന്നു പ്രാർത്ഥിക്കാം എന്ന് പറഞ്ഞു. നടക്കില്ലെന്ന് ഞാൻ പറഞ്ഞു. കാരണം, മറ്റു കുട്ടികളുണ്ട്; അവരുടെ മുന്നിൽ മൃതദേഹവും വച്ച് മൂന്നു ദിവസം ഇരിക്കാൻ പറ്റില്ല. സംസ്‌കരിക്കണം, അതിന് അനുമതി തരണം. കൊവിഡ് കഴിഞ്ഞ ഉടനെയാണ്. ആശുപത്രികളിലൊന്നും മോർച്ചറിയിൽ പുറത്തുനിന്നുള്ള മൃതദേഹം എടുക്കില്ല. പിന്നീട് അവർ രണ്ടുപേരും കൂടി മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി മെയിൽ ചെയ്തു തന്നു. ഞാൻ തന്നെയാണ് കൊള്ളിവച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഹേർട്ട് ബ്രേക്കിംഗ് ആയ അനുഭവങ്ങളിലൊന്നാണത്. ഇപ്പോഴും അത് ആലോചിക്കുമ്പോൾ സങ്കടമാണ്. ചിതാഭസ്മം സൂക്ഷിച്ചുവയ്ക്കണം, വന്നു കൊണ്ടുപോയി ഒഴുക്കിക്കൊള്ളാം എന്ന് സഹോദരൻ പറഞ്ഞു. ഞാനത് സൂക്ഷിച്ചു. പക്ഷേ, അവർക്ക് സമയം ഉണ്ടായില്ല. എന്റെ ഹസ്ബൻഡാണ് അത് കൊണ്ടുപോയി ഒഴുക്കിയത്. നമുക്കുള്ള അറ്റാച്ച്‌മെന്റ്പോലും പലപ്പോഴും അവർക്കില്ലാത്ത അനുഭവം. അത്തരം അനുഭവങ്ങൾ പലതും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.”

“കുട്ടന്റെ കാര്യത്തിലെപ്പോലെ ആരോഗ്യപ്രവർത്തകരിൽനിന്ന് മോശമായ അനുഭവങ്ങൾ കുറേയുണ്ട്. പറയാതിരിക്കാൻ കഴിയില്ല. വ്യക്തിപരമായ ഒരു അനുഭവം: ഓട്ടിസം ബാധിച്ച ഇളയ സഹോദരൻ ജയന് 65 വയസ്സുണ്ട്. അവന് ഇതിനൊപ്പം ബ്ലഡ് കാൻസർ കൂടി വന്നു. അമല ആശുപത്രിയിലെ സുഹൃത്തായ ഡോ. സുധീറിനോടു ചോദിച്ചു, ആരെയാണ് കാണിക്കേണ്ടത്. അദ്ദേഹം ഒരു ഡോക്ടറെ നിർദേശിച്ചു. അദ്ദേഹത്തെ കാണിച്ച് ചികിത്സ നടക്കുകയായിരുന്നു. അതിനിടെ അവിടെ ക്യാൻസർ ഡിപ്പാർട്ടുമെന്റിൽത്തന്നെ ചില ഡിവിഷനുകൾ വരികയും കൂടുതലായി ഡോക്ടർമാർ ചേരുകയും ചെയ്തു. നമ്മൾ കണ്ടിരുന്ന ഡോക്ടർക്കു പകരം വേറൊരു ഡോക്ടറെ കാണിക്കാൻ പറഞ്ഞു. അതു വേണ്ടെന്ന് ഞാൻ പറഞ്ഞു, സർ തന്നെ മതി. അദ്ദേഹം കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്ന ആളാണ്. പക്ഷേ, ആശുപത്രിയിലെ നിയമമാണ് എന്ന് പറഞ്ഞ് മാറ്റി. അങ്ങനെ അവിടെത്തന്നെ ചികിത്സ തുടർന്നു. ജയന് ശരീരത്തിൽ നിറയെ തിണർത്തു പൊന്തി. വല്ല അലർജിയുമായിരിക്കുമെന്ന് വിചാരിച്ച് അതിനു മരുന്നു ചെയ്തു. കുറയുന്നില്ല. ഞാൻ നെറ്റിൽ നോക്കിയപ്പോൾ ജയൻ കഴിക്കുന്ന ഒരു മരുന്നിന്റെ പാർശ്വഫലമാകാം അല്ലെങ്കിൽ രക്താർബുദത്തിന്റെ തന്നെ സ്‌കിൻ എക്‌സ്പ്രഷനാകാം. അപ്പോഴെനിക്ക് പേടിയായി. രോഗിയേയുംകൊണ്ട് ഡോക്ടറുടെ അടുത്തുപോയി. അതത്ര എളുപ്പമല്ല. സാധാരണ റിപ്പോർട്ടുമായാണ് പോകാറ്. വളരെ ശങ്കയോടുകൂടി ചോദിച്ചു, ഇത് സ്‌കിൻ എക്‌സ്പ്രഷനായിരിക്കുമോ. ഡോക്ടർ ക്ഷുഭിതനായി പറഞ്ഞത് ഞാനിതുവരെ കണ്ടിട്ടില്ല എന്നാണ്. കാണാത്തതുകൊണ്ട് ഒരു കാര്യം ഇല്ലാതാകുമോ? അദ്ദേഹം കാണാത്തതുകൊണ്ട് ത്വക്‌രോഗ വിഭാഗത്തിലേക്ക് റഫർ ചെയ്തു. അപ്പോഴൊക്കെ ഞങ്ങളുടെ അവസ്ഥ ആലോചിക്കണം. ഒന്നും പ്രകടിപ്പിക്കാൻ പറ്റാത്ത രോഗിയാണ്. സ്‌കിന്നിൽ കാണിച്ചപ്പോൾ പൊടിയിൽനിന്നുണ്ടാകുന്ന അലർജി - സ്‌കാബീസ് - ആണെന്ന് അവരുറപ്പിച്ചു. സ്‌കാബീസ് ആകാൻ യാതൊരു സാധ്യതയുമില്ല, കാരണം അത്രയ്ക്ക് വൃത്തിയായാണ് സ്ഥാപനവും അവിടെയുള്ള ആളുകളേയും നോക്കുന്നത് എന്ന് ഞാൻ പറഞ്ഞു. ജയന് ഈ അസുഖമുള്ളതുകൊണ്ട് ദിവസേന ബെഡ്ഷീറ്റും തലയണയുമൊക്കെ മാറ്റുന്നതാണ്. സർജിക്കൽ സ്പിരിറ്റുവച്ച് ദേഹം തുടയ്ക്കുകയും ചെയ്യും. അത്ര കെയർഫുൾ ആയാണ് നോക്കുന്നത്.

പക്ഷേ, അതുതന്നെയാണ് എന്ന് പറഞ്ഞ് അവർ സാമ്പിൾ തോണ്ടിയെടുത്ത് പരിശോധിച്ചു. ഫലം നെഗറ്റീവാണ്. എന്നിട്ടും തൃപ്തിയായില്ല. എന്നെ പരിശോധിച്ചു. എനിക്കില്ല. അതുകഴിഞ്ഞ് കൂടെ വന്ന സ്‌പെഷൽ എജുക്കേറ്റർ ജേക്കബിനേയും ഡ്രൈവറേയും പരിശോധിച്ചു. ആർക്കുമില്ല. എന്നിട്ടും ആ ലേഡി-ലേഡി എന്നു പ്രത്യേകം പറയട്ടെ- സ്‌കാബീസിനുള്ള മരുന്ന് എഴുതി ഞങ്ങളെ പറഞ്ഞയച്ചു.

എലൈറ്റ് മിഷൻ ഹോസ്‌പിറ്റലിലെ ഡോ. മോഹൻദാസിന്റെ മരുമകൾ സ്‌കിൻ സ്‌പെഷലിസ്റ്റാണ്. ആ കുട്ടി ഇടയ്ക്ക് സ്ഥാപനത്തിൽ വരികയും എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്യാറുമുണ്ട്. അവരെ വിളിച്ചുപറഞ്ഞപ്പോൾ വന്നു വിശദമായി നോക്കി. ലുക്കീമിയ ക്യൂട്ടിസ് അല്ലാതൊന്നുമല്ല എന്നാണ് പറഞ്ഞത്. അപ്പോൾപ്പിന്നെ, എനിക്ക് നേരത്തേ പരിശോധിച്ചവരോടു പ്രതികരിക്കാതെ വയ്യെന്നായി. ജയന്റെ കാലിൽ മുഴുവൻ തിണർത്തു പൊന്തിയിരിക്കുന്നതിന്റെ ഫോട്ടോയെടുത്തു. അതിന്റെ പ്രിന്റെടുക്കാൻ പോയിടത്തെ ആൾ ചോദിച്ചു, ഇതൊരു കാൻസർ രോഗിയുടെ കാലാണല്ലേ എന്ന്. അച്ഛന് കാൻസർ വന്നിട്ട് അയാൾ കണ്ടിട്ടുണ്ട്. അതുപോലും ഡോക്ടർമാർക്ക് മനസ്സിലായില്ലേ. മനസ്സിലാകാത്തതല്ല, ഈ ആളുകൾക്ക് ഇത്രയൊക്കെ മതി എന്ന മനോഭാവമാണ്.

നെറ്റിൽ സേർച്ച് ചെയ്തു കിട്ടിയ ആർട്ടിക്കിളും അതിലെ പടങ്ങളും എടുത്തു. എല്ലാം കൂടി രണ്ടു കവറുകളിലാക്കി. ആ രണ്ടുപേരുടേയും സമയം നഷ്ടപ്പെടുത്താതെ ടോക്കണെടുത്ത് കൊണ്ടുകൊടുത്തു. വൈകുന്നേരം എന്നെ വിളിച്ച് സോറി പറഞ്ഞു. പക്ഷേ, അതിൽ അർത്ഥമില്ലല്ലോ. കാൻസറിനെക്കുറിച്ച് കുറച്ചൊരു ഗ്രാഹ്യമുള്ളതുകൊണ്ട് എനിക്കത് പറയാൻ കഴിഞ്ഞു. മറിച്ച്, ഒരു വിദ്യാഭ്യാസമില്ലാത്ത, അല്ലെങ്കിൽ ഇതിനേക്കുറിച്ച് അവബോധമില്ലാത്ത ആളാണെങ്കിൽ എന്തുചെയ്യും. ആ ഒരു നെഗ്ലിജന്റ്‌സ് വളരെ പേടിപ്പിക്കുന്നതാണ്. ഇവർക്ക് ഇത്രയുമൊക്കെ മതി എന്ന ചിന്ത.

എന്റെ ഓട്ടിസമുള്ള മൂന്ന് സഹോദരങ്ങളിൽ ഒരാൾ ഇന്നില്ല. ആ സഹോദരൻ കുട്ട്യേട്ടൻ- ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ഒരു ദിവസം ഞാൻ കോളേജിൽനിന്ന് ചെല്ലുമ്പോൾ അവരെ നോക്കുന്ന കെയർടേക്കർ പറഞ്ഞു. ഞാൻ ചോദിച്ചപ്പോഴും വേണ്ടാന്നു പറഞ്ഞു. മിക്‌സിയിൽ ചോറും തൈരും കൂടിയൊക്കെ അടിച്ച് കൊടുത്തപ്പോൾ കഴിച്ചു. ആ നേരം മനസ്സിലായി, തൊണ്ടയ്ക്ക് എന്തോ ബുദ്ധിമുട്ടുണ്ട്. ഇറക്കാനൊരു പ്രയാസം. പിറ്റേ ദിവസം ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോൾ കൈപ്പാടകലത്തിനപ്പുറത്ത് ഇരുത്തി ഒരു ഗുളിക എഴുതി വിട്ടു. അന്നു രാത്രി കുട്ട്യേട്ടൻ മരിച്ചു. അപ്പോഴത്തെയൊക്കെ നിസ്സഹായത അനുഭവിച്ചാൽത്തന്നെയേ അറിയൂ. ഇത്രയൊക്കെ മതി ഇവർക്ക് എന്ന മനോഭാവത്തിന് ആരോഗ്യപ്രവർത്തകരിൽനിന്ന്, പ്രത്യേകിച്ചും ഡോക്ടർമാരിൽനിന്ന് നിരവധി അനുഭവങ്ങൾ ഉണ്ട്. വ്യക്തിപരമായി മാത്രമല്ല, അല്ലാതെയുമുണ്ട് ഇത്തരം അനുഭവങ്ങൾ.”

ഇങ്ങനെയുള്ള കുട്ടികൾക്ക് ഒരു റെസ്‌പൈറ്റ് ഹോം എന്നത് കാലങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്; ഹ്രസ്വവാസ വസതി. അതായത്, അച്ഛനും അമ്മയും രണ്ടു കുട്ടികളുമുള്ള കുടുംബമാണെന്ന് വിചാരിക്കുക. അതിൽ മറ്റേ കുട്ടിക്ക് ഒരസുഖം വന്നാൽ അമ്മ കെയർടേക്കറായി പോകണം. ഈ വയ്യാത്ത കുട്ടിയെ എവിടെയാക്കും, എന്താക്കും എന്നത് വലിയ പ്രശ്‌നമാണ്. ആശുപത്രിയിൽ ആരും സ്വീകരിക്കില്ല. കുടുംബശ്രീയുടേയോ മറ്റോ സഹായത്തോടെ ആഴ്ചയിൽ നാലു ദിവസം, അല്ലെങ്കിൽ രണ്ടു ദിവസമെങ്കിലും ഈ കുട്ടികളെ സുരക്ഷിതരായി താമസിപ്പിക്കാനുള്ള സ്ഥലം. അങ്ങനെയൊരു സംവിധാനമില്ല നമുക്ക്. വിശ്വസിച്ച് ഈ കുട്ടികളെ ബന്ധുക്കളുടെ അടുത്താക്കി പോകാൻ പറ്റില്ല. കാരണം, ലിംഗഭേദമില്ലാതെ പീഡിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഈ കുട്ടികൾ. നിരവധി സംഭവങ്ങളുണ്ട്; അച്ഛൻ മകളേയും അമ്മാവൻ മരുമകളേയുമൊക്കെ പീഡിപ്പിച്ച കേസുകൾ. അങ്ങനെ പീഡിപ്പിക്കപ്പെട്ട ആൺകുട്ടി രോഗബാധിതനായി മരിച്ച സംഭവം വരെയുണ്ട്. അതുകൊണ്ട് ഈ കുട്ടികളെ വിശ്വസിച്ച് ഏല്പിച്ചിട്ടു പോകാനൊരു സ്ഥലമില്ല. കൂടെക്കൊണ്ടുപോകാം എന്നുവച്ചാൽ അക്രമാസക്തരാകുന്ന കുട്ടികളാണെങ്കിൽ അതും പ്രശ്‌നമാണ്. അങ്ങനെയൊക്കെയുള്ള ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് ഈ മനുഷ്യർ കടന്നുപോകുന്നത്; ജീവിക്കുന്നത്.

സ്വത്തുൾപ്പെടെ രക്ഷാകർതൃത്വം കിട്ടാൻ സഹോദരൻ നടത്തിയ അഭിനയവും പിന്നീട് ആ കുട്ടിക്ക് ഉണ്ടായ അനുഭവവും ജീവിതത്തിൽ വലിയൊരു നടുക്കവും പാഠവുമായി. യാദൃച്ഛികമായി ആ വഴിക്കു പോയപ്പോൾ ആ വീട്ടിലൊന്നു കയറിയപ്പോൾ എല്ലും തോലുമായ കുട്ടിയെയാണ് കണ്ടത്. എലിക്കാട്ടമൊക്കെ നിറഞ്ഞ ഒരു മുറിയിൽ അടച്ചിട്ടിരിക്കുന്നു, മുകളിലെ നിലയിൽ. താഴെ സഹോദരനും കുടുംബവും സുഖമായി കഴിയുന്നു. ഇതെന്താണ് ഇങ്ങനെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത്, ഭക്ഷണം കൊടുത്താൽ മലമൂത്ര വിസർജനം നടത്തും എന്നാണ്. അതുകൊണ്ട് ഒന്നും കൊടുക്കില്ല എന്ന്. പിന്നീട് മരിച്ചു എന്ന് അറിയിച്ച് എന്നെ വിളിച്ചത് ഈ സഹോദരന്റെ മകളാണ്. മരിച്ചതല്ലല്ലോ കൊന്നതല്ലേ എന്ന് ചോദിച്ചു. നന്നായി നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് കൊണ്ടുപോയതാണ്. രക്ഷാകർതൃത്വം ഏല്പിച്ചുകൊടുക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണം വന്നപ്പോൾ അന്നത്തെ അയാളുടെ കരുതൽ കണ്ട് ഞാൻ അനുകൂലമായി പറയുകയും ചെയ്തു. അവൾ മരിക്കുന്നതോടെ സ്വത്ത് മുഴുവൻ അയാൾക്കാകും. അതിനായിരുന്നു അഭിനയം എന്ന് മനസ്സിലാക്കാൻ കഴിയാതെ പോയി.

നമ്മൾ തന്നെയാണ് അവർ

കുട്ടികളുടെ കാര്യത്തിൽ വേർതിരിവും മാറ്റിനിർത്തലും പരിഹാസവുമൊക്കെ എപ്പോൾ കണ്ടാലും അപ്പോൾ പ്രതികരിക്കുന്നതാണ് ഭാനുമതി ടീച്ചറുടെ രീതി. ഇവിടെ വരാൻ സ്‌കൂൾ ബസ് കാത്തുനിൽക്കുന്ന ഒരു കുട്ടിയെ ബസ് സ്‌റ്റോപ്പിൽ സ്ഥിരമായുള്ള ചില ആളുകൾ കളിയാക്കിയ സംഭവമുണ്ടായി. ഞാൻ സ്‌കൂൾ ബസ്സിൽ അവിടെ വരെ പോയി; നല്ലവണ്ണം പറഞ്ഞു. അതോടെ നിന്നു ആ ചിരിയും പരിഹാസവും. അത്, എവിടെയാണെങ്കിലും എന്റെ ശ്രദ്ധയിൽപ്പെട്ടാൽ പ്രതികരിച്ചിരിക്കും. അതാണ് ചെയ്യേണ്ടത്. പലരും അങ്ങനെ ചെയ്യില്ല. അവർ ഇങ്ങനെയുള്ള കുട്ടികളല്ലേ എന്നാണ് ചിന്ത. അത് സമൂഹത്തിന്റേയുംകൂടി മനോഭാവമാണ്, ഡോക്ടർമാർക്കു മാത്രമല്ല. പക്ഷേ, ഇപ്പോൾ കുറച്ചൊക്കെ മാറിവരുന്നുണ്ട്. കാരണം, ഓട്ടിസമുള്ള കുട്ടികൾ കൂടിവരികയാണ്. 68 കുട്ടികളിൽ ഒരു കുട്ടി ഓട്ടിസ്റ്റിക്കാണ് എന്നുവരെ ജനറലായ കണക്കു പറയുന്നു. പക്ഷേ, ശരിക്കുമുള്ളത് അതിലും കൂടുതലാണ്. വിദേശ രാജ്യങ്ങളിൽ പലയിടത്തും 40-ൽ ഒരു കുട്ടിയാണ്. കൂടിക്കൂടി വരികയാണ്. പണ്ടത്തെപ്പോലെയല്ലാതെ കൂടുതൽ കുട്ടികളെ കാണുന്നതുകൊണ്ട് ജനങ്ങൾക്ക് കുറച്ചുകൂടിയൊരു അവബോധം വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാലും ആ മനോഭാവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.

അമ്ഹയിലെ പ്രായപൂർത്തിയായവരിൽ എല്ലാത്തരം ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുമുണ്ട്. അതിൽത്തന്നെ ചില അപൂർവരോഗ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരുമുണ്ട്. മാർഫാൻസ് സിൻഡ്രോമുള്ള കുട്ടി, ഫ്രജൈൽ എക്‌സ് സിൻഡ്രോമുള്ള ഒരു കുട്ടി; ഇത് അയ്യായിരം ആൺകുട്ടികളിൽ ഒരാൾക്ക് ഉണ്ടാകുന്നതാണ്. അവർ തിരുപ്പൂരുകാരാണ്. മാർഫാൻസ് സിൻഡ്രോംകാരന്റെ കേസ് സമൂഹത്തിന്റെ പിന്തുണയില്ലായ്മയുടെ കൂടി ഉദാഹരണമാണ്. ആ മോന്റെ അമ്മ മാനസികാരോഗ്യക്കുറവുള്ള ആളാണ്. അത് മൂടിവച്ച് കല്ല്യാണം നടത്തിയതാണ്. രണ്ടു മക്കൾ. പെൺകുട്ടിക്ക് ഓട്ടിസം, ആൺകുട്ടിക്ക് മാർഫാൻസ് സിൻഡ്രോം. മാർഫാൻസ് സിൻഡ്രോമിൽ സൈക്കോസിസും കൂടിയുണ്ടാകും. മോൾ നേരത്തേ ഇവിടെയായിരുന്നു. അവിടെ ബഡ്‌സ് സ്‌കൂൾ തുടങ്ങിയപ്പോൾ അങ്ങോട്ടു കൊണ്ടുപോയതാണ്. കൊവിഡ് കാലത്ത് അതിഭയങ്കരമായ പ്രതിസന്ധി: അമ്മയുടെ രോഗസ്ഥിതി അതങ്ങനെ, മക്കൾ രണ്ടും ഇങ്ങനെ. പെൺകുട്ടി കുറച്ച് ഹൈപ്പർ ആക്റ്റീവാണ്. വല്ലാതെ ചീത്ത പറയും. രണ്ടു മക്കളും ഭാര്യയും ഇങ്ങനെ. ആ മനുഷ്യൻ മീൻകച്ചവടം നടത്തിയാണ് കുടുംബം നോക്കുന്നത്. കൊവിഡ് കാലത്ത് മീൻ കച്ചവടവുമില്ല, സാമ്പത്തിക പ്രതിസന്ധി, അതിനൊപ്പം മക്കളുടേയും ഭാര്യയുടേയും അവസ്ഥയുടെ സ്‌ട്രെസ്സ്. ഒരു ദുർബല നിമിഷത്തിൽ അയാൾ ആ മോളെ വെട്ടിക്കൊന്നു. ചെയ്തു പോയതാണ്, വേണമെന്നു വച്ചു ചെയ്തതല്ല. ജാമ്യം കിട്ടി വന്നപ്പോൾ ടീച്ചറുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു: പറ്റിപ്പോയി മിസ്സേ എന്ന്. അതു കേട്ടപ്പോൾ ഞാൻ പറഞ്ഞു, ഇങ്ങോട്ടു കൊണ്ടുവന്നു കൂടായിരുന്നോ അവളെ? എന്നിട്ട്, ഇതു കഴിഞ്ഞപ്പോൾ അവിടെനിന്നു പഞ്ചായത്ത് മെമ്പർ വിളിക്കുന്നു, വേറെ പലരും വിളിക്കുന്നു. മോനെ ഇങ്ങോട്ടുകൊണ്ടുവരാൻ. നിങ്ങൾക്കിതു കുറച്ച് മുന്‍പ് ചെയ്യാമായിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. ഒരു ധാർമിക പിന്തുണ ആ മനുഷ്യനു കൊടുത്തിരുന്നെങ്കിൽ, സാമ്പത്തിക പിന്തുണ കൊടുത്തിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. സംഭവിച്ചുകഴിഞ്ഞപ്പോൾ ആളുകളായി, വിളിയായി. അതാണ് അവസ്ഥ. എന്നിട്ട് ആ കുട്ടിയെ നമ്മൾ ഇങ്ങോട്ടു കൊണ്ടുവന്നു. പലപ്പോഴും ഇത്തരം കുടുംബങ്ങൾ വലിയ വിഷമസ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്.

“എന്നെപ്പോലെയും നിങ്ങളെപ്പോലെയും ഒരു ഇടം ഇവർക്കുമുണ്ട് സമൂഹത്തിൽ. അത് അവർക്ക് നേടിയെടുക്കാൻ അറിയില്ല. നമ്മൾ കൊടുക്കണം. കൊടുത്തേ മതിയാകൂ. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കും ഓട്ടിസം ബാധിതർക്കും അവരുടെ അവകാശങ്ങൾ അറിയില്ല. അവരുടെ ഒരേയൊരു ആവശ്യം ഭക്ഷണം മാത്രമാണ്; വസ്ത്രം പോലും അവരുടെ ആവശ്യമല്ല. അവർ വസ്ത്രമിട്ടു നടക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മറിച്ച്, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അവരുടെ അവകാശങ്ങളറിയാം. അതുകൊണ്ട് ഓട്ടിസം ബാധിതരും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുമായവരെ സമൂഹംതന്നെ അതിന്റേതായ പരിഗണനയോടെ അംഗീകരിക്കണം, സ്വീകരിക്കണം.”

എന്താണ് ജീവിതം?

“ഞങ്ങളുടെ പാലക്കാടൻ ഗ്രാമങ്ങളിലെ ഉത്സവങ്ങളിൽ ഉണ്ടാകാറുള്ള രണ്ട് കലാരൂപങ്ങളാണ് പൂതനും തിറയും. മണ്ണാൻ സമുദായത്തിലുള്ളവരും പറയസമുദായത്തിലുള്ളവരുമാണ് ഇതു കെട്ടുക. ഇവർ വരുമ്പോൾ മുണ്ട് ചോദിക്കും, കൊടുക്കുകയും ചെയ്യും. ഒരു പ്രാവശ്യം പറയരുടെ പൂതൻ കെട്ടിയ ചക്കൻ എന്ന ആൾ ഇതുപോലെ മുണ്ട് ചോദിച്ചു. അവർക്ക് കൊടുക്കാൻ എടുത്തുവച്ച മുണ്ടുണ്ട്. എങ്കിലും കുറേ പ്രാവശ്യം ചോദിപ്പിച്ച ശേഷമേ കൊടുക്കുകയുള്ളു. കൊടുക്കാൻ വച്ചിട്ടുള്ളതല്ലേ, അയാൾക്കങ്ങ് കൊടുത്തുകൂടേ എന്നു ഞാൻ ചോദിച്ചു. അത് വലിയ പ്രശ്‌നമായി. പറയരെ അയാൾ എന്ന് പറയരുത്; അവൻ എന്നേ വിളിക്കാൻ പാടുള്ളു. എന്നെക്കാൾ പ്രായമുള്ള ആളാണ്. എങ്കിലും അവൻ എന്നു പറയണം. ചക്കന്റെ ശരീരത്തിലും എന്റെ ശരീരത്തിലും ഓടുന്നത് രക്തമാണ്, ഞങ്ങൾ രണ്ടും മനുഷ്യരാണ് എന്ന് ഞാൻ പറഞ്ഞു; വിളിച്ചതിൽ ഒരു കുഴപ്പവുമില്ല.

ഏതായാലും അതിന്റെ പേരിൽ ഒരുപാടുകാലം ഞാൻ പരിഹാസമേൽക്കേണ്ടിവന്നു. അങ്ങനെയൊക്കെ ഒരു സാഹചര്യത്തിലാണ് വളർന്നത്. അതൊന്നും ശരിയല്ല എന്ന ബോധം എന്നിലുണ്ടാക്കിയത് ശങ്കരൻ നായർ മാഷ് ആണ്; എന്റെ അദ്ധ്യാപകൻ. മാഷ് ഞങ്ങളെ ജാതിയൊന്നും പരിഗണിക്കാതെ ഇടകലർത്തി ഇരുത്തും. എന്നെ പ്രത്യേകിച്ചും അച്ഛന്റെ കുടിയാമ്മാരുടെ മക്കളുടെ ഇടയിൽത്തന്നെ ഇരുത്തും. എനിക്ക് അതിൽ ഒരു വിരോധവും തോന്നിയിട്ടുമില്ല. സാമ്പത്തിക, സാമൂഹിക, ജാതീയ സമത്വമാണ് അതിലൂടെ അദ്ദേഹം ലക്ഷ്യമാക്കിയത്; ലിംഗസമത്വവുമാണ്. ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തുന്നത് അതിനാണ്. കന്നുകച്ചവടക്കാരൻ സെയ്തലവിയുടെ മകൻ കുഞ്ഞുമുഹമ്മദിനേയും എന്നെയും ഒന്നിച്ചിരുത്തി സാമ്പത്തികവും സാമൂഹികവുമായ വേർതിരിവ് കുട്ടികളുടെ മനസ്സുകളിൽ ഇല്ലാതാക്കാനാണ്.

മറ്റു സഹോദരങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. ഏറ്റവും താഴെയുള്ള അനിയൻ മാത്രം വല്ലപ്പോഴും വരും; ചക്കയും മാങ്ങയുമൊക്കെയായിട്ടാണ് വരിക. 12 മക്കളിൽ ഒമ്പതാമത്തെയാണ് ഞാൻ. നാലു പേർ മരിച്ചു. ഞങ്ങളിനി എട്ടു പേരുണ്ട്. ആർക്കും ഇപ്പോൾ വിരോധമൊന്നുമില്ല. ആ കാലത്ത് അച്ഛന്റെ കൂടെ നിന്നിരുന്നു അവരെല്ലാം. അമ്മയ്ക്ക് അന്നും വിരോധമുണ്ടായിരുന്നില്ല. അമ്മ മരിച്ചപ്പോൾ ഞാൻ ചെന്നാൽ തടയാൻ വാതിൽക്കൽ രണ്ടുപേരെ അച്ഛൻ നിർത്തി. അവരെ നീക്കിയാണ് ഞാൻ കയറിയത്. എന്റെ അമ്മയാണ്, എന്റെ വീടാണ്, ഞാൻ കയറും എന്ന് പറഞ്ഞു. പക്ഷേ, ഹസ്ബന്റിനോട് ഞാൻ പറഞ്ഞു, വരണ്ട. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ തർക്കത്തിനു നിൽക്കേണ്ട. അദ്ദേഹം വല്യമ്മയുടെ വീട്ടിലിരുന്നു. ഞാൻ കയറി എല്ലാ കാര്യങ്ങളിലും പങ്കാളിയായി. ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛന്റെ കാലത്ത് ഞങ്ങളാണ് ഉണ്ടായിരുന്നത്. അച്ഛനത് ബോധ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്തു. പരമ്പരാഗതമായി അച്ഛനു കൈമാറിക്കിട്ടിയ, അച്ഛനിൽനിന്ന് ആൺമക്കൾക്കാർക്കെങ്കിലും കിട്ടേണ്ട മോതിരം ഊരി എനിക്ക് ഇട്ടുതന്നത് മനസ്സുകൊണ്ടുള്ള ചേർക്കലായിരുന്നു. എന്റെ സ്‌നേഹവും തീരുമാനങ്ങളിലെ സത്യസന്ധമായ സമർപ്പണവും പ്രഹസനമല്ല എന്ന് അച്ഛനു മനസ്സിലായതാകാം കാരണം. എന്നെ സംബന്ധിച്ചിടത്തോളം, എന്നോടെന്തു ചെയ്തു എന്നതല്ല; നമുക്കെന്തു ചെയ്യാൻ കഴിയും എന്നതാണ് പ്രധാനം” ടീച്ചറുടെ ജീവിതമുണ്ട് ഈ വാക്കുകളിൽ.

P S Ramshad speaks to Dr. P Bhanumathi, founder of the Association for Mentally Handicapped Adults (AMHA), about the organisation’s work and vision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവു നായയ്ക്കു തീറ്റ കൊടുക്കുന്നവരും ആക്രമണത്തിന് ഉത്തരവാദികള്‍, സംസ്ഥാനങ്ങള്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടിവരും: സുപ്രീംകോടതി

മകരവിളക്ക്: പത്തനംതിട്ട ജില്ലയിൽ നാളെ അവധി

'ഞാനെന്തിന് ഇതിനൊക്കെ മറുപടി പറയണം ?'; ബോബിയും സണ്ണിയുമായി പിരിഞ്ഞോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഹേമ മാലിനി

ഇനി പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഒരു വീഴ്ചയുണ്ടായാല്‍ തകര്‍ത്തുകളയും; മുന്നറിയിപ്പുമായി കരസേനാ മേധാവി

ഇന്‍ഷുറന്‍സ് ഇല്ലേ? വാഹനം പിടിച്ചെടുക്കും, പുതിയ നിയമം വരുന്നു

SCROLL FOR NEXT