ഡിസംബർ രാവിൽ
സ്രാങ്കുഴിക്കട്ടിംഗിലെ
തീവണ്ടിപ്പാത അനന്തതയിലേക്ക് നീളുന്നു
ക്രിസ്മസ് വിളക്കുകൾക്ക്
കാവൽനിൽക്കുന്നു
ഒരു കഷണം ചന്ദ്രൻ
അലറിവിളിച്ച് പാഞ്ഞുപോകുന്നു
പേരറിയാത്ത തീവണ്ടി
പാളത്തിന്റെ വശങ്ങളിലെ
കമ്യൂണിസ്റ്റ് പച്ചയപ്പോൾ
കമ്യൂണിസ്റ്റായി
ചുവന്നുതുടുത്ത്
അങ്ങ് ചുവപ്പായ
പാളത്തിൽ ബാക്കിയായി
ഒരു മുടിപ്പിന്നൽ
അതിലൊരു മുടിയിൽ
തൂങ്ങിയാടുന്നുണ്ട്
മടിത്തട്ടിലെ പൂച്ച
മറ്റവളുടെയുള്ളിൽ
ഒരു തത്തമ്മപ്പച്ച
ഒരു മുടിയിഴ പറയുന്നു
ഞങ്ങളൊന്നിച്ച് മുള്ളിയത്
മീനച്ചിലാറിലേക്ക് എത്തിയതാണ്
മറ്റൊരുവൾ കരയുന്നു
എന്റെ കയ്യാളവൾ
പാളത്തിനിരുവശത്തേക്കും തെറിച്ച
രണ്ടുടലുകളവർ
കോർത്തുപിന്നലിനിടയിൽ
ചോരച്ചുപോയ വിഷാദച്ചിരിക്കിടയിൽ
പാളത്തിനു നടുവിൽ രണ്ടുമുഖങ്ങൾ
ഇനി ഉടലുകളുടെ ഉന്മാദങ്ങളില്ല
കുറ്റപ്പെടുത്തലുകളില്ല
ഇഴപിരിയാനാകില്ലെന്ന്
മുടിപ്പിന്നലിന്റെ കരച്ചിൽ മാത്രം
---
*തൊണ്ണൂറുകളുടെ അവസാനം പിറവം റോഡ് കാഞ്ഞിരമറ്റം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള സ്രാങ്കുഴിക്കട്ടിംഗിലെ റെയിൽവേ ട്രാക്കിൽ പരസ്പരം മുടികൾ കോർത്തുപിന്നി ആത്മഹത്യ ചെയ്ത രണ്ട് പെൺകുട്ടികൾക്കുവേണ്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates