സ്വരത്തിന് സ്വന്തമായി
ഒരു വീടില്ല
ഇപ്പോൾ എവിടെയാണോ
അതാണ് വീട്
കാഴ്ചയ്ക്കങ്ങനെയല്ല
ഒരുതരം തിരിച്ചെത്തലാണ്
ഓരോ കാഴ്ചയും
ശബ്ദം ഒരിടത്തും നിൽക്കുന്നില്ല
സഞ്ചാരീഭാവമാണ്
സ്വഭാവം തന്നെ
എവിടെയെങ്കിലും പ്രതിമപോലെ നിൽക്കുന്നൊരു
സ്വരത്തിനെപ്പറ്റി കേട്ടിട്ടുണ്ടോ
മഞ്ഞുപുഴപോലെ,
അസംബ്ലിക്കു നിശ്ശബ്ദരാവുന്ന കുട്ടികളെപ്പോലെ,
ചേക്കേറിയ മരത്തിൽ
പെട്ടെന്ന് ഉറങ്ങി തൂങ്ങിനിൽക്കുന്ന
നൂറോ ഇരുന്നൂറോ ചിറകുകളെപ്പോലെ
ഓരോ സ്വരസാദ്ധ്യതകളും,
ഉറഞ്ഞ സ്വരങ്ങളുണ്ടാവില്ല.
ഏത് കാഴ്ചയ്ക്കാണ്,
ശബ്ദംപോലെ
തന്റെ മാളത്തിൽനിന്നും
എന്നേക്കുമായി
മാറിനിൽക്കാനാവുക
കേട്ട സ്ഥലത്ത് തന്നെ
ഏതു സ്വരമാണ്
നിശ്ചലമായി ശവാസനത്തിൽ
കിടക്കുക,
ടവർലൈൻപോലെ ഒരേയിടത്ത്
നിൽക്കുക.
സ്വരത്തിന്
ഒരിടത്തും
നിൽക്കാനാവില്ല,
ഇരിക്കാനും കിടക്കാനും ഒന്നും.
പുറപ്പെട്ട
നാവിലെങ്കിലും
ഒരു നിൽക്കക്കള്ളിയുണ്ടോ അതിന്.
കാഴ്ച എത്ര കഴിഞ്ഞാലും,
ഓർമകളായ്
ആൽബങ്ങളായ്,
അതേ ചുമരിലേയ്ക്കുതന്നെ
തിരിച്ചുവരും
സ്വരത്തിനും,
പുറപ്പെട്ട ഇടത്തിലേക്ക്
ഒന്നുപോയി നോക്കാനൊക്കെ
തോന്നുന്നുണ്ടാവുമോ
സ്വന്തം ഉറവിടം
ഒപ്പമുണ്ടായിരുന്നവർ
സാഹചര്യങ്ങൾ
ഒന്നും ഇല്ലാതെ
ആരുമില്ലാത്ത യാത്രയിലാവും
ഓരോ സ്വരവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates