പൂമാലയില്ല. ആരവങ്ങളില്ല. കൺചിമ്മി തുറക്കുന്ന ക്യാമറകളില്ല. ആകെയുള്ളത് വേദന മാത്രം. തീരാത്ത അവഗണനയുടെ വേദന.
ന്യൂമോണിയ ബാധിച്ച വയോധികനായ പിതാവിനേയും കൂട്ടി കിദ്ദർപൂരിലെ റെയിൽവെ ആശുപത്രിയിലെത്തിയതായിരുന്നു മകൻ. അതീവ ഗുരുതരാവസ്ഥയിലാണ് അച്ഛൻ. പോരാത്തതിന് മറവിരോഗവും. എത്രയും വേഗം അഡ്മിറ്റ് ചെയ്തേ പറ്റൂ.
എന്നാൽ, അനുകൂല സാഹചര്യമല്ല ആശുപത്രിയിൽ. മുറിയൊന്നും ഒഴിവില്ല അവിടെ. പ്രത്യേക പരിഗണന നൽകി ജനറൽ വാർഡിൽ ഒരു കിടക്ക തരപ്പെടുത്താമോ എന്നു ചോദിച്ചപ്പോൾ സാധ്യമല്ല എന്ന് അറുത്തുമുറിച്ചുള്ള മറുപടി. അച്ഛൻ പഴയ പന്തുകളിക്കാരനാണെന്നും ഏഷ്യാഡ് ഗോൾഡ് മെഡലിസ്റ്റാണെന്നും ഒളിമ്പ്യനാണെന്നുമൊക്കെ പറഞ്ഞുനോക്കി മകൻ കിഷൻലാൽ. ഫലമുണ്ടായില്ല. മകന്റെ അവകാശവാദങ്ങൾ പരിഹസിച്ചു തള്ളി അവർ. കൂട്ടത്തിൽ ഒരു കുത്ത് കൂടി: പഴയ സ്വർണമെഡലും സർട്ടിഫിക്കറ്റുകളുമൊക്കെ കൊണ്ടുവന്നു കാണിച്ചുതന്നാൽ കിടക്കാനൊരിടം തരുന്ന കാര്യം പരിഗണിക്കാം...
മറവി രോഗം ബാധിച്ചത് അച്ഛനോ അതോ സമൂഹത്തിനോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു കിഷൻലാൽ. മനസ്സില്ലാമനസ്സോടെ ആണെങ്കിലും ചികിത്സാ സൗകര്യത്തിനായി ഒടുവിൽ സംസ്ഥാന കായിക മന്ത്രിയെ ശരണം പ്രാപിക്കാൻ തീരുമാനിക്കുന്നു അദ്ദേഹം. കൊൽക്കത്ത നഗരഹൃദയത്തിലുള്ള എസ്.എസ്.കെ.എം ആശുപത്രിയിൽ ഒരു കിടക്ക കിഷന്റെ അച്ഛന് അനുവദിച്ചു കിട്ടിയത് അങ്ങനെയാണ്. അപ്പോഴേക്കും അസുഖം നിയന്ത്രണാതീതമായിരുന്നു. അധികകാലം ജീവിച്ചിരുന്നില്ല പിന്നെ രോഗി. അതേ ആശുപത്രിയിൽ കിടന്നുകൊണ്ടുതന്നെ മരണത്തിനു കീഴടങ്ങി അദ്ദേഹം; എൺപത്തിരണ്ടാം വയസ്സിൽ.
കിഷൻലാലിന്റെ പിതാവിനെ നാം അറിയുക രാജ്യം സൃഷ്ടിച്ച എക്കാലത്തേയും മികച്ച പന്തുകളിക്കാരിലൊരാളായാണ്: പേര് സാഹു മേവലാൽ. ഇന്ത്യൻ ഫുട്‌ബോളിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ. ഗോളുകളുടെ നിത്യകാമുകൻ. ആദ്യ ഏഷ്യാഡിലെ ഫുട്‌ബോൾ സ്വർണം ഇന്ത്യക്ക് നേടിക്കൊടുത്ത ഗോളിന്റെ ഉടമ. 1948-ലെ ലണ്ടൻ ഒളിമ്പിക്സിൽ ബൂട്ടിടാതെ കളിച്ച് ബ്രിട്ടീഷ് ചക്രവർത്തിയെപ്പോലും ഞെട്ടിച്ച സെന്റർ ഫോർവേഡ്.
കിഷൻലാലിന്റെ ദുരനുഭവം വായിച്ചറിഞ്ഞപ്പോൾ, അതിനും എട്ട് വർഷം മുൻപ് കൊൽക്കത്ത ഹേസ്റ്റിംഗ്സിലെ ഇടുങ്ങിയ ഫ്ലാറ്റിലിരുന്ന് മേവലാൽ പറഞ്ഞ വാക്കുകളായിരുന്നു ഓർമയിൽ: “കളിക്കുമ്പോൾ നമ്മൾ എല്ലാം മറക്കും; കുടുംബത്തെപ്പോലും. പ്രായമാകുമ്പോഴാണ് കളിയിൽനിന്ന് കാര്യമായി ഒന്നും സമ്പാദിക്കാനായില്ലല്ലോ എന്നോർത്ത് വേവലാതിപ്പെടുക. അപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരിക്കും.” പറഞ്ഞുനിർത്തിയ ശേഷം തൊട്ടടുത്തിരുന്ന ഭാര്യ ലക്ഷ്മിയെ നോക്കി ചിരിച്ചു മേവാദാ. എന്നിട്ട് പറഞ്ഞു: “ഇവളുടെ ഉപദേശം ചെറുപ്പത്തിലേ കൈക്കൊണ്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു...”
ആഹ്ലാദവും വേദനയും കലർന്ന കഥ
കളിക്കളത്തിൽനിന്ന് താൻ നേടിയ ഗോളുകളും മെഡലുകളും ട്രോഫികളും സ്നേഹവാത്സല്യങ്ങളുമെല്ലാം മേവലാൽ സമർപ്പിച്ചിട്ടുള്ളത് പ്രിയതമയ്ക്കാണ്; ദൽഹി നാഷണൽ സ്റ്റേഡിയത്തിൽ ആദ്യത്തെ ഏഷ്യൻ ഗെയിംസ് സ്വർണത്തിന്റെ സുഖശീതള സ്പർശം കവിളിൽ ഏറ്റുവാങ്ങി ഭർത്താവ് അഭിമാനപുളകിതനായി നിൽക്കുമ്പോൾ അങ്ങുദൂരെ കൊൽക്കത്തയിലെ വീട്ടിലിരുന്ന് വിതുമ്പിക്കരഞ്ഞ ലക്ഷ്മിക്ക്. “അന്നത്തെ അവളുടെ ത്യാഗത്തിന് എന്റെ മെഡലുകളെക്കാളൊക്കെ പതിന്മടങ്ങു വിലയുണ്ട്...” -മേവലാലിന്റെ വാക്കുകൾ.
കണ്ണീരിന്റെ നനവുള്ള കഥയാണത്. ഭാര്യയെ മുന്നിലിരുത്തിക്കൊണ്ടുതന്നെ ആ കഥ വിവരിച്ചു മേവാദാ.
1951 മാർച്ച് 10. പ്രഥമ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ഫൈനലിനായി വീർപ്പടക്കി കാത്തിരിക്കുകയാണ് നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം. രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ഉൾപ്പെടെ രാഷ്ട്രനേതാക്കളുടെ ഒരു നിര തന്നെയുണ്ട് കാണികളായി. ഇന്ത്യൻ ഫുട്‌ബോൾ ‘നനഞ്ഞ പടക്ക’മായി അധഃപതിക്കുന്നതിന് പതിറ്റാണ്ടുകൾ മുൻപത്തെ കഥ.
കളിക്കാനിറങ്ങുമ്പോൾ മനസ്സ് നിറയെ വേവലാതിയായിരുന്നു മേവലാലിന്. വസൂരി ബാധിച്ച് കൊൽക്കത്തയിൽ ചികിത്സയിലാണ് ഒരേയൊരു മകൾ. അന്നവൾക്ക് നാലോ അഞ്ചോ വയസ്സ് മാത്രം പ്രായം. ഒരു മണിക്കൂർ മുൻപ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭേദമുണ്ട് എന്നായിരുന്നു ഭാര്യയുടെ മറുപടി. എങ്കിലും എന്തോ ഒരു വല്ലായ്മ. “എന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ടാവണം കോച്ചും മാനേജരും ആശ്വസിപ്പിച്ചു: പ്രശ്നമൊന്നുമില്ല, അവൾക്കൊന്നും സംഭവിക്കില്ല. ധൈര്യമായി പോയി കളിച്ചുവരൂ...”
കിക്കോഫിന് പിന്നാലെ ആദ്യമായി പന്ത് കാലിൽ വന്നു സ്പർശിച്ച നിമിഷം എല്ലാ വേദനകളും ആശങ്കകളും മറന്നുപോയെന്ന് മേവലാൽ. ചുറ്റും ഇരമ്പിയാർക്കുന്ന ജനസഹസ്രങ്ങളെ കണ്ടില്ല അദ്ദേഹം. ആരവങ്ങൾ കേട്ടതുമില്ല. മുന്നിൽ ഒരേയൊരു ലക്ഷ്യം മാത്രം: ഇറാന്റെ ഗോൾവലയം. ഇടവേള കഴിഞ്ഞു നാലാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തുന്നു. ഗുഹ താക്കൂർദായുടെ ത്രോയിൽനിന്നു ലഭിച്ച പന്ത് വരുതിയിലാക്കി ടച്ച് ലൈനിന് സമാന്തരമായി കുതിച്ച ശേഷം ഇൻഫീൽഡിലേക്ക് കട്ട് ചെയ്തിറങ്ങിവന്ന ലത്തീഫ്, അതേ ശ്വാസത്തിൽ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന മേവലാലിന് നീട്ടുന്നു. വൺ ടച്ച് ഗെയിം ആണ് മേവലാലിന്റെ ശൈലി. പന്ത് വെറുതെ കാലിൽ വെച്ച് സമയം പാഴാക്കില്ല. ലത്തീഫിന്റെ പാസ് ഇടത്തേ ഇൻസ്റ്റെപ്പിൽ സ്വീകരിച്ച് പൊടുന്നനെ വലംകാലിലേക്ക് മാറ്റി നിറയൊഴിക്കുന്നു മേവലാൽ. മുപ്പത് വാര ദൂരെ നിന്നുള്ള ഹാഫ് വോളി. ഡൈവ് ചെയ്യാൻ സെക്കന്റിന്റെ നൂറിലൊരംശം വൈകിപ്പോയ ഇറാനിയൻ ഗോളിയുടെ ചൂണ്ടുവിരൽ സ്പർശിച്ച് പന്ത് വലയിൽ.
നിമിഷനേരത്തെ നിശ്ശബ്ദത. സ്റ്റേഡിയം പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് പിന്നെ കേട്ടതെന്ന് മേവലാൽ. അഹമ്മദ് ഖാനും ലത്തീഫും ശൈലൻ മന്നയും താക്കൂർദായുമെല്ലാം ഓടിയെത്തി മേവാദായെ പൊതിയുന്നു. വി.ഐ.പി ഗാലറിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആവേശപൂർവം എഴുന്നേറ്റ് നിന്ന് കയ്യുയർത്തി വീശുന്നു. എല്ലാം സ്വപ്നംപോലെ. ഏഷ്യൻ ഫുട്‌ബോളിലെ ചക്രവർത്തിപദം ഇന്ത്യ കൈക്കുമ്പിളിലൊതുക്കിയ നിമിഷം.
അവസാന വിസിലിനു പിന്നാലെ ജനം എല്ലാ സുരക്ഷയും ഭേദിച്ച് മൈതാനത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ ഒരു നിമിഷം മേവലാൽ വീടിനെക്കുറിച്ചോർത്തു; മകളെക്കുറിച്ചും. “ദൈവമേ അവൾക്കൊന്നും വരുത്തരുതേ...” പ്രാർത്ഥനാനിരതനായി നിൽക്കുന്നതിനിടെ വലിയൊരു ജനക്കൂട്ടം വന്ന് താരത്തെ പൊതിയുന്നു; ചുമലിലേറ്റുന്നു. എല്ലാം കഴിഞ്ഞു ജനസാഗരത്തിന്റെ കൈകളിൽനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന വിജയനായകനെ രണ്ടു പേർ കാത്തുനിന്നിരുന്നു- കോച്ചും മാനേജരും. ഇരുവരുടേയും മുഖത്ത് രക്തപ്രസാദമില്ല. എന്തോ പന്തികേട് മണത്തു മേവലാൽ.
“ക്ഷമിക്കണം.” -മേവലാലിന്റെ കൈകൾ നെഞ്ചോട് ചേർത്ത് മാനേജർ പറഞ്ഞു: “ഞങ്ങൾ ഒരു തെറ്റ് ചെയ്തു. മേവായുടെ മകൾ ഇന്ന് കാലത്ത് നമ്മെയെല്ലാം വിട്ടുപോയി. കരുതിക്കൂട്ടി പറയാതിരുന്നതാണ്. പറഞ്ഞിരുന്നെങ്കിൽ മേവാ കളിക്കില്ലായിരുന്നു; ഇന്ത്യ ജയിക്കുകയും...”
നിശ്ശബ്ദനായി തരിച്ചുനിൽക്കുകയായിരുന്നു ഇന്ത്യയുടെ വിജയശില്പി; ഒന്നു കരയാൻ പോലുമാകാതെ. “നിന്ന നിൽപ്പിൽ മരിച്ചുപോയെങ്കിൽ എന്നുപോലും ചിന്തിച്ചുപോയ നിമിഷം. അത്രയും വലിയ ആഘാതമായിരുന്നു അത്. എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അവരെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല. ആ ഘട്ടത്തിൽ രാജ്യതാല്പര്യം മുൻനിർത്തി ഏറ്റവും ഉചിതമായി, ഏറ്റവും പ്രായോഗികമായി തോന്നിയത് അവർ ചെയ്തു. അത്രമാത്രം. മരിച്ചുപോയ മകളെ എനിക്കേതായാലും തിരിച്ചുകിട്ടാൻ പോകുന്നില്ല. ഇന്ത്യക്കാകട്ടെ, നേടാൻ ഏറെയുണ്ട് താനും.” ഒരു നിമിഷം നിർത്തി, കട്ടിലിനു താഴെയുള്ള തകരപ്പെട്ടിയിൽനിന്ന്, കാലപ്പഴക്കംകൊണ്ട് നിറം മങ്ങിയ ഒരു മെഡൽ എടുത്തു കാണിച്ച് മേവലാൽ പറഞ്ഞു: “ഇന്നും ഈ ഏഷ്യാഡ് മെഡൽ കാണുമ്പോൾ ഞാൻ മകളെ ഓർക്കും. എന്റെ മകൾ എനിക്കു സമ്മാനിച്ച മെഡലാണിത്.”
ഏഷ്യാഡ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെമേൽ വന്നുവീഴുകയായിരുന്നു ഭാര്യയെന്ന് മേവലാൽ. “മരണവാർത്ത ഒരു കാരണവശാലും എന്നെ അറിയിക്കരുതെന്ന് അവളെ പറഞ്ഞു ചട്ടംകെട്ടിയിരുന്നു ടീം അധികൃതർ. ഫോണിലൂടെ വിതുമ്പലിന്റെ ശബ്ദം എന്നെ കേൾപ്പിക്കാതിരിക്കാൻ എത്ര പ്രയാസപ്പെട്ടിരിക്കണം അവൾ...” പക്ഷേ, അതൊരു മഹത്തായ ത്യാഗമായിരുന്നു എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല മേവലാൽ. “രാജ്യത്തിനുവേണ്ടി ജീവൻ തന്നെ ബലിയർപ്പിക്കുന്നവരുള്ളപ്പോൾ ഇതൊക്കെ എന്തു ത്യാഗം. അവർക്കു മുൻപിൽ ഞാൻ വെറും നിസ്സാരൻ.”
ചക്രവർത്തിയെ അമ്പരപ്പിച്ച കാലുകൾ
ഹിന്ദിയും ബംഗാളിയും ഇംഗ്ലീഷുമെല്ലാം കൂട്ടിക്കലർത്തി മേവാദാ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ഇന്നോർക്കുമ്പോൾ അവിശ്വസനീയമായി തോന്നാവുന്ന കഥകൾ, അനുഭവങ്ങൾ. ലണ്ടനിലെ ഇൽഫോർഡ് സ്റ്റേഡിയം മുതൽ കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം വരെ നീളുന്ന ഐതിഹാസിക പ്രകടനങ്ങൾ. 1948-ലെ ലണ്ടൻ ഒളിംപിക്സിൽ ഫ്രാൻസിനെ നേരിടുമ്പോൾ മേവാലാലിന് പ്രായം 22. മത്സരം 1-2-ന് ഇന്ത്യ തോറ്റുകൊടുത്തെങ്കിലും ഗാലറിയുടെ മനം കവർന്നത് നഗ്നപാദരായി കളിച്ച ഇന്ത്യയാണ്. മത്സരപ്പിറ്റേന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ടീമിന് വിരുന്നുനൽകിയ ജോർജ് ആറാമൻ ചക്രവർത്തി തന്റേയും ക്യാപ്റ്റൻ ടാലിസ് മറോൺ ആവോയുടേയും കാലുകൾ അത്ഭുതത്തോടെ തൊട്ടുനോക്കിയത് മേവലാലിന് ഓർമയുണ്ട്. ആ കാലുകളിൽ എന്ത് ഇന്ദ്രജാലമാണ് ഇരുവരും ഒളിച്ചുവെച്ചിരുന്നതെന്ന് അറിയണം ചക്രവർത്തിക്ക്.
1940-കളുടെ ആദ്യമായിരുന്നു ആര്യൻസിലൂടെ ഫസ്റ്റ് ക്ലാസ്സ് ഫുട്‌ബോളിൽ മേവലാലിന്റെ അരങ്ങേറ്റം. 1946-ൽ ബംഗാളിനുവേണ്ടി ആദ്യം സന്തോഷ് ട്രോഫി കളിച്ചു. ഹാട്രിക്കോടെയായിരുന്നു തുടക്കം. ഇടയ്ക്ക് മൂന്ന് നാഷണൽസ് മുടങ്ങിയിട്ടും അഞ്ച് ഹാട്രിക്കും 37 ഗോളുമെന്ന സന്തോഷ് ട്രോഫി റെക്കോർഡ് വർഷങ്ങളോളം പോറലേൽക്കാതെ കൊണ്ടുനടന്നു മേവലാൽ. രണ്ട് ഒളിംപിക്സ് (1948, 52), ഒരു ഏഷ്യാഡ് സ്വർണം, പിന്നെ ഗോളികളുടെ മന്നനായ ലെവ് യാഷിന്റെ വലയിൽ ഒരു അപൂർവഗോൾ. റെക്കോർഡുകൾ നീളുന്നു. ഇന്ത്യൻ ഫുട്‌ബോളിൽ ബൈസിക്കിൾ കിക്ക് ആദ്യമായി അവതരിപ്പിച്ചത് മറ്റൊരു ചരിത്രകഥ. പക്ഷേ, നേട്ടങ്ങൾ പ്രതിഭാശാലിയായ ആ കളിക്കാരനെ കൂടുതൽ വിനയാന്വിതനാക്കിയേ ഉള്ളൂ. “അമിത മോഹങ്ങൾ ഒന്നുമില്ല അച്ഛന്. കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെട്ടാണ് ശീലം. അതുകൊണ്ടുതന്നെ കിട്ടാത്ത അംഗീകാരങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരിതപിച്ചു കേട്ടിട്ടില്ല” -കിഷൻലാലിന്റെ വാക്കുകൾ.
ഹേസ്റ്റിംഗ്സിലെ ഷാരജത് റോഡിന് സമീപമുള്ള ഇടുങ്ങിയ തെരുവിലെ ഇരുനിലക്കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു ഒളിംപ്യന്റേയും കുടുംബത്തിന്റേയും താമസം. “എന്റെ ഓഫീസാണിത്” -സ്വീകരണമുറിയിലെ കട്ടിലിന്റെ മുകളിലും താഴെയുമായി കുന്നുകൂടിക്കിടക്കുന്ന ഫയലുകളും കടലാസുകളും ചൂണ്ടി ചിരിയോടെ മേവലാൽ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ചുമരിലെ ചില്ലലമാരയിൽ കാലപ്പഴക്കംകൊണ്ട് തുരുമ്പിച്ച മെഡലുകൾ, ഷീൽഡുകൾ, ട്രോഫികൾ, മങ്ങിത്തുടങ്ങിയ പഴയ ഫോട്ടോഗ്രാഫുകൾ. അത്ഭുതം തോന്നി. ശൂന്യതയിൽനിന്ന് ഗോളുകൾ സൃഷ്ടിച്ച് തലമുറകളെ വിസ്മയിപ്പിച്ച മേവലാലിന്റെ വാസസ്ഥലത്തെക്കുറിച്ച് അല്പം കൂടി വർണാഭമായ സങ്കല്പങ്ങളാണല്ലോ ഉള്ളിലുണ്ടായിരുന്നത്.
എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം മേവാദാ പറഞ്ഞു: “സിറ്റിയിൽനിന്ന് കുറച്ചകലെയാണ്. പക്ഷേ, ഇവിടുത്തെ മനുഷ്യർ എന്നെ സ്നേഹിക്കുന്നു. അവരെ വിട്ടുപോകാൻ എനിക്കാവില്ല. മരിക്കും വരെ...” നിമിഷനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഏറ്റവുമടുത്ത ആളുകൾ അല്ലാതെ ആരും ഇങ്ങോട്ട് വരാറില്ല. നിങ്ങളുടെ നാട്ടുകാർ എന്നെ ഇപ്പോഴും ഓർക്കുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു. ഇവിടെ പലർക്കും ഇങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നത് പോലുമറിയില്ല.” മുഖത്തെ സൗമ്യമായ പുഞ്ചിരിക്കുപോലും മറയ്ക്കാനാവാത്ത ആത്മരോഷമുണ്ടായിരുന്നില്ലേ ആ വാക്കുകളിൽ?
1032 ഗോളുകൾ, 62 ഹാട്രിക്
പഴയ റെയിൽവെ ഫുട്‌ബോൾ താരമാണ് മേവലാലിന്റെ മകൻ കിഷൻലാൽ. മാസങ്ങൾ മാത്രം മുൻപുണ്ടായ ഒരു ദുരന്തമരണത്തിന്റെ ആഘാതത്തിൽനിന്നു പൂർണമായി മുക്തനായിരുന്നില്ല അപ്പോഴും കിഷൻ. അടുപ്പിൽനിന്ന് തീ ആളിപ്പടർന്ന് പൊള്ളി മരിക്കുകയിരുന്നു കിഷന്റെ ഭാര്യ. “മകളെപ്പോലെയായിരുന്നു എനിക്ക് അവൾ” -മേവലാൽ പറഞ്ഞു. “അവളില്ലാത്തതുകൊണ്ടാണ് ഈ വീട് ഇങ്ങനെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നത്...”
ഇടയ്ക്കൊരിക്കൽ, കട്ടിലിനടിയിലെ തകരപ്പെട്ടിയിൽനിന്ന് പഴയൊരു ആൽബം പുറത്തെടുക്കുന്നു മേവലാൽ. 1940-’50 കാലഘട്ടത്തിലെ പത്രങ്ങളുടെ ക്ലിപ്പിംഗുകൾ. ഹിന്ദുവിലും ഇന്ത്യൻ എക്സ്പ്രസ്സിലും സ്‌പോർട്ട് ആൻഡ് പാസ്‌ടൈമിലും ബ്ലിറ്റ്‌സിലുമെല്ലാം വന്ന വാർത്തകൾക്കും ചിത്രങ്ങൾക്കുമിടയിൽ മേവലാലിന്റെ കണ്ണഞ്ചിക്കുന്ന സ്‌കോറിംഗ് റെക്കോർഡിനെക്കുറിച്ചുള്ള പരാമർശവും കണ്ടു: 20 വർഷത്തെ (1938-’58) ഫസ്റ്റ് ക്ലാസ് ഫുട്‌ബോൾ ജീവിതത്തിൽ 62 ഹാട്രിക്ക് ഉൾപ്പെടെ 1032 ഗോളുകൾ. “അതിലേറെയും ബൂട്ടില്ലാതെ നേടിയതാണ്. ഇതാ എന്റെയീ പാവം കാൽ കൊണ്ട്” -കളിക്കളത്തിലെ പഴയ പരിക്കുകളുടെ അവശിഷ്ടങ്ങൾ തെളിഞ്ഞുകാണാവുന്ന വലം കാലിലേക്ക് ചൂണ്ടി ചിരിയോടെ മേവാദാ പറഞ്ഞു.
വെറുതെ തൊട്ടുനോക്കി ആ സുവർണ പാദം. വർഷങ്ങളോളം ഇന്ത്യൻ ഫുട്‌ബോളിന്റെ ഗതിവിഗതികൾ നിർണയിച്ച പാദമല്ലേ?
രണ്ടു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ടാക്സിയിൽ യാത്രയാക്കാൻ താഴേക്കിറങ്ങിവന്ന മേവലാലിനോടൊപ്പം മകനുമുണ്ടായിരുന്നു. സ്നേഹപൂർവം പുറത്തുതട്ടി വിടപറയുമ്പോൾ മേവാദായുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ? “അദ്ദേഹം ഇങ്ങനെയാണ്. പഴയ കഥകൾ പറയുമ്പോൾ കരയാൻ തുടങ്ങും” -കിഷൻലാൽ പറഞ്ഞു. ഇരുട്ടിനെ വകഞ്ഞുമാറ്റി കുതിക്കുന്ന കാറിലിരുന്ന് തിരിഞ്ഞുനോക്കിയപ്പോൾ ചിരിച്ചുകൊണ്ട് കൈവീശുന്ന മേവലാലിനെ കണ്ടു. അതായിരുന്നു ഒടുവിലത്തെ കാഴ്ച. 2008 ഡിസംബറിൽ മേവാദാ ഓർമയായി.
മറ്റൊരു ലോകകപ്പ് കൂടി കടന്നുവരുമ്പോൾ വീണ്ടും മേവലാലിനെ ഓർക്കുന്നു. മേവലാലിനെ മാത്രമല്ല, സർവവും കളിക്ക് സമർപ്പിച്ച് ഒടുവിൽ ജീവിക്കാൻപോലും മറന്നുപോയ പ്രതിഭാശാലികളായ എത്രയോ താരങ്ങളെ. മറവിയുടെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞ ആ നിർഭാഗ്യവാന്മാർ കൂടി ചേർന്നതാണല്ലോ നമ്മുടെ നാടിന്റെ ഫുട്‌ബോൾ ചരിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates