“തെളിവുകൾ...” ചെറുപ്പക്കാരൻ ഒരു ആത്മഗതമെന്നോണം മൂന്നാംതവണയും ആവർത്തിച്ചു.
“അതെ... തെളിവുകൾ ആണ് ആവശ്യം.” വാർഡ് മെമ്പർ സന്ദുജ ഉറപ്പിച്ചു പറഞ്ഞു.
“നീ ദേവകിയമ്മയുടെ മകൻ ഉദയൻ തന്നെയാണെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?”
ചെറുപ്പക്കാരൻ വീണ്ടും അഗാധമായൊരു മൗനത്തിലേക്കു കടന്നു. കാര്യങ്ങൾക്ക് ഒരു തീർപ്പുകല്പിക്കാനായി വിളിച്ചുചേർക്കപ്പെട്ട ആൾക്കൂട്ടം അക്ഷമയോടെ അയാളെ ഉറ്റുനോക്കി.
അയാൾ ഉദയൻ ആണെങ്കിൽ അയാൾക്ക് വേണ്ടപ്പെട്ട എല്ലാവരും ഉണ്ടായിരുന്നു അവിടെ. വല്യമ്മ, ഇളയമ്മ, അമ്മാവന്മാർ, അമ്മാവന്മാരുടെ മുതിർന്ന ആൺമക്കൾ, അവരുടെ ഭാര്യമാർ, മൂന്ന് ചിറ്റപ്പന്മാർ, അയൽക്കാർ, വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ്, പ്രമുഖ സമുദായസംഘടനയുടെ രണ്ടു ഭാരവാഹികൾ...
അല്ലെങ്കിലും ഞങ്ങളുടെ കുടുംബക്കാർക്ക് ബന്ധുബലത്തിന് കുറവൊന്നുമില്ല - ദേവകിയമ്മയുടെ മൂത്തമകൾ ഉഷ ഓർത്തു. പണത്തിനു മാത്രമേയുള്ളൂ കുറവ്. പക്ഷേ... മുന്നിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരൻ... അയാളൊരു സമസ്യയാണെന്ന് ഉഷയ്ക്ക് തോന്നി. ഈ കുരുക്ക് എങ്ങനെ അഴിച്ചെടുക്കും? ഇനി അയാൾ എന്റെ അനിയൻ ഉദയൻ തന്നെയായിരിക്കുമോ? ഉഷ അയാളെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. എന്നാൽ അങ്ങനെ ഒരടുപ്പമൊന്നും അവൾക്ക് അയാളോടു തോന്നിയില്ല.
വരാന്തയിൽ ദേവകിയമ്മയുടെ ചേച്ചി സാവിത്രിയമ്മ ഒരു തെറ്റുകാരിയെപ്പോലെ തലതാഴ്ത്തി കൂനിക്കൂടിയിരിക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയ്ക്കു മുന്‍പ് ചെറുപ്പക്കാരൻ ഈ പടികടന്നുവന്നപ്പോൾ സാവിത്രിയമ്മയാണ് ആദ്യമായി അയാളെ തിരിച്ചറിഞ്ഞ് ഉറക്കെ വിളിച്ചുകൂകിയത്.
“ഉഷേ, ഉമേ... ദാ ഉദയൻ വന്നു! ദേവകീടെ മോൻ.”
അമ്പരപ്പോടെ ഉമ്മറത്തേക്കു വന്ന ഉഷയും ഉമയും മുറ്റത്തുനിൽക്കുന്ന അപരിചിതനെ കണ്ട് ആശയക്കുഴപ്പത്തിലായി. പതിമൂന്നാം വയസ്സിൽ അമ്മയോടു പിണങ്ങി നാടുവിട്ടുപോയ സഹോദരന്റെ രൂപം അവരുടെ ഓർമയിൽ മങ്ങലോടെ തെളിഞ്ഞു.
“അമ്മ...?” ആഗതൻ നനഞ്ഞ കണ്ണുകളോടെ തിരക്കി. ഉഷ അകത്തെ മുറിയിലേക്കുള്ള വഴികാട്ടി. ചുവരിലെ, ദേവകിയമ്മയുടെ ഫോട്ടോയുടെ താഴെ അയാൾ കണ്ണുകളടച്ചുനിന്ന് എന്തോ പ്രാർത്ഥിച്ചു.
ദേവകിയമ്മയുടെ രണ്ടാം ചരമവാർഷികമായിരുന്നു അന്ന്. ചടങ്ങിനായി ഒത്തുകൂടിയവർ ആ രംഗം കണ്ട് വീർപ്പടക്കി നിശ്ശബ്ദരായി നിന്നു. ബന്ധുക്കളായ സ്ത്രീകൾ അടുക്കളയിൽ ഊണിനു കൂട്ടാനൊരുക്കുന്ന തിരക്കുകളിലായിരുന്നു. എല്ലാ കണ്ണുകളും അപരിചിതനിലേക്കു നീണ്ടത് പെട്ടെന്നാണ്.
“അമ്മ മരിച്ച ദിവസം തന്നെയാണല്ലോ അവൻ തിരിച്ചെത്തിയത്.” പെണ്ണുങ്ങൾ പിറുപിറുത്തു.
പതിമൂന്നു വയസ്സുവരെ ഉദയൻ താമസിച്ച മുറിതന്നെ ഉഷ ചെറുപ്പക്കാരനുവേണ്ടി തുറന്നുകൊടുത്തു. നേരം സന്ധ്യയായി. ചടങ്ങിനു വന്നെത്തിയ ബന്ധുക്കളൊക്കെ പലവഴിക്കു പിരിഞ്ഞു. അയാൾ മാത്രം പോകാനുള്ള ഭാവമില്ലെന്നു കണ്ട് ഉഷയും ഉമയും അങ്കലാപ്പിലായി. അവരുടെ ഗൾഫിലുള്ള ഭർത്താക്കന്മാർ സംഭവമറിഞ്ഞ് കുറ്റപ്പെടുത്തി.
“ഇയാൾ ഉദയൻ തന്നെയാണോ എന്ന് എങ്ങനെയറിയും? ഇനി വല്ല തട്ടിപ്പുകാരനോ മറ്റോ ആണെങ്കിൽ... അല്ലെങ്കിൽ ഇത്രനാളും ഇയാൾ എവിടെയായിരുന്നു? ചോദിച്ചില്ലേ നിങ്ങൾ?” ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഫോണിലൂടെ ഒഴുകിയെത്തി. നാളുകൾ കഴിയുംതോറും വല്ലാത്തൊരു ആശങ്ക ഉഷയെ കീഴ്‌പെടുത്തി. ഒറ്റ നിമിഷത്തെ ബുദ്ധിശൂന്യത! അയാളെ വീട്ടിനകത്തേക്കു കയറ്റിയ നിമിഷത്തെ അവൾ ശപിച്ചു. സാവിത്രി ഇളയമ്മയാണ് അയാൾ ഉദയനാണെന്നു തിരിച്ചറിഞ്ഞതും വിളിച്ചുകൂകി നാട്ടുകാരെ അറിയിച്ചതും. പിറ്റേ ദിവസംതന്നെ ഉഷ അയാളോടു ചോദിച്ചുനോക്കിയതാണ്.
“നീ ഇത്രകാലം എവിടെയായിരുന്നു? നീ ഏതുവരെ പഠിച്ചു? എന്താണ് നിന്റെ ജോലി? നിന്റെ കല്ല്യാണം കഴിഞ്ഞതാണോ?”
ചെറുപ്പക്കാരൻ ഒരിക്കലും വായ തുറക്കില്ലെന്നു തോന്നിച്ചു. നന്നായി മൂടി ചേർത്തടച്ച ഒരു പാത്രംപോലെയായിരുന്നു അയാൾ. അയാളിൽനിന്നും ഒരു ഉത്തരവും വാർന്നുവീണില്ല. ആശയവിനിമയത്തിനുള്ള സാഹചര്യങ്ങളൊക്കെ അയാൾ ബോധപൂർവം ഒഴിവാക്കുകയാണെന്നു തോന്നി. അയാൾ മിക്ക സമയത്തും അമ്മയുടെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് സമീപം എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നുണ്ടാകും. ചില സമയത്ത് അമ്മയുടെ പഴയ പെട്ടികളിൽ വ്യഗ്രതയോടെ എന്തോ അന്വേഷിക്കുന്നത് കാണാം. ഒരുപക്ഷേ, പഴയ ആൽബങ്ങളോ മറ്റോ തിരയുകയാകാം. പക്ഷേ, ആ പെട്ടികളിൽ അമ്മയുടെ പഴയ വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് ഉഷയ്ക്കറിയാം.
ഉഷയും അവളുടെ മകളുമായിരുന്നു ദേവകിയമ്മയുടെ മരണശേഷം ആ വീട്ടിൽ താമസിച്ചിരുന്നത്. ചെറുപ്പക്കാരന്റെ കാര്യത്തിൽ ഒരു തീർപ്പുകല്പിക്കുംവരെ അവരോടൊപ്പം അവിടെ കഴിയുന്നതാണ് ഉചിതമെന്ന് ഉമയ്ക്കു തോന്നി. എന്നിരുന്നാലും വന്നുചേർന്ന ചെറുപ്പക്കാരൻ ജ്യേഷ്ഠൻ തന്നെയാന്നെന്നു വിശ്വസിക്കാനായിരുന്നു ഉമയ്ക്ക് ഇഷ്ടം.
“എനിക്ക് ഉറപ്പാണ് ചേച്ചീ” -ഉമ പറഞ്ഞു.
“ഉദയേട്ടന്റെ അതേ കണ്ണും മൂക്കുമല്ലേ ഇയാൾക്കും? വേറെ ആരെങ്കിലുമാണെങ്കിൽ ഇത്രയ്ക്കും സാദൃശ്യം വരുമോ?”
“ഓ... പിന്നെ... നിനക്ക് അവനെ അത്രയ്ക്കങ്ങോട്ട് ഓർമയുണ്ടോ?” ഉഷ സംശയിച്ചു.
“അവൻ വീടുവിട്ടു പോകുമ്പോൾ നിനക്ക് എട്ടു വയസ്സാ. ആ പ്രായത്തില് അത്രയ്ക്കൊക്കെ ഓർമ കാണുമോ?”
“ഏട്ടന്റെ മുഖം എപ്പോഴും എന്റെയുള്ളിലുണ്ട്” -ഉമ പറഞ്ഞു.
“മൂന്നു വയസ്സു തൊട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്.”
“എന്തോ എനിക്കറിയില്ല” -ഉഷ പറഞ്ഞു.
“പക്ഷേ, പണ്ട് അവന് ഇത്രയ്ക്കും വെളുപ്പില്ലായിരുന്നല്ലോ? പിന്നെ താടിയിൽ ഒരു മറുകില്ലായിരുന്നോ?” -ഉഷ ഓർമിച്ചു.
“നിറത്തിനു കുറെയൊക്കെ മാറ്റം വരാമല്ലോ?” -ഉമ തർക്കിച്ചു.
“പിന്നെ മറുക്... അതിപ്പോൾ ഉണ്ടോ എന്നെങ്ങനെയറിയും? അയാൾ താടി നീട്ടി വളർത്തിയിരിക്കുകയല്ലേ?”
“അതെ” -ഉഷ നിരാശയോടെ പറഞ്ഞു.
“അതൊരു അടയാളമായിരുന്നു.”
“അതിനെക്കാൾ കൃത്യമായ അടയാളങ്ങളുണ്ട് ചേച്ചീ.” ഉമ എന്തോ ചിന്തിച്ചുകൊണ്ടു പറഞ്ഞു.
“ഓർമകൾ... അതിലും വലിയ തെളിവുകൾ വേറെയുണ്ടോ?”
ഓർമകൾ... ഉഷ ചിന്തിക്കുകയായിരുന്നു. കുട്ടിക്കാലത്തിന്റെ ഏത് ഓർമകളിലാണ് ഉദയൻ ഇല്ലാത്തത്? ഏതൊക്കെ ഓർമകളിൽനിന്നാണ് അവൻ പാതിവഴിയിൽ ഇറങ്ങിപ്പോയത്? പിന്നീട് അനുവാദം ചോദിക്കാതെ പ്രത്യക്ഷപ്പെട്ടത്? അടുക്കളച്ചായ്‌പിൽ അവൻ ബാക്കിയാക്കിയ പഴയ സൈക്കിൾ ഏറ്റവും ക്രൂരമായൊരു ഓർമയായിരുന്നു. പുതിയ സൈക്കിളിനുവേണ്ടി വാശിപിടിച്ചു വീടുവിട്ടുപോയ പതിമൂന്നുകാരനെ തിരിച്ചുവിളിക്കാൻ ഓർമയുടെ ഒരു കണ്ണിപോലും അവശേഷിച്ചിരുന്നില്ലേ? ഈയൊരു ചിന്ത മരണംവരെ അമ്മയെ പീഡിപ്പിച്ചിരിക്കാം. രോഗക്കിടക്കയിൽ വെച്ചുപോലും അമ്മ ഉദയനെ തിരക്കിയിരുന്നില്ലെന്ന് ഉഷ അവിശ്വസനീയതയോടെ ഓർമിച്ചു. ഒരു സാഹചര്യത്തിലും അവന്റെ പേര് ഉച്ചരിക്കാതിരിക്കാൻ അമ്മ ശ്രമിക്കുന്നതായി തോന്നിയിരുന്നു.
ഉദയന്റെ തിരോധാനത്തിനുശേഷം പൊലീസ് ഒന്നുരണ്ടു തവണ വീട്ടിലേക്കു വന്നതും മൊഴിയെടുത്തതും ഉഷ ഓർത്തു. അന്ന് ഉദയനുമായി അടുപ്പമുള്ളവരിൽ പലരേയും ചോദ്യം ചെയ്തു. അവൻ പോകാനിടയുള്ള സ്ഥലങ്ങളിലും നഗരങ്ങളിലുമൊക്കെ പൊലീസ് അവനായി തിരഞ്ഞു. പക്ഷേ, നാളുകളേറെ കഴിഞ്ഞിട്ടും അവന്റെ വിവരമൊന്നും കിട്ടുകയുണ്ടായില്ല.
ഇരുപത്തിനാലു വർഷങ്ങൾക്കുശേഷമുള്ള ഉദയന്റെ മടങ്ങിവരവ് ഒരുപക്ഷേ, അതിലും ദുരൂഹമായി എല്ലാവർക്കും തോന്നി.
“ശരിക്കു പറഞ്ഞാൽ ഇക്കാര്യം പൊലീസിൽ അറിയിക്കുകയാണു വേണ്ടത്. നിങ്ങൾ അത് സമ്മതിക്കാത്തതുകൊണ്ടാണ്.” അയൽവാസികളിലൊരാൾ അഭിപ്രായപ്പെട്ടു.
“ലോകത്ത് ഇങ്ങനെ എന്തൊക്കെ സംഭവങ്ങൾ നടക്കുന്നു! എന്നിട്ടും... നിങ്ങൾക്ക് വിവരമില്ലേ പെണ്ണുങ്ങളേ...” മറ്റൊരാൾ അവരെ ഗുണദോഷിച്ചു.
“അയാൾ ഉദയൻ തന്നെയാണോ എന്നു ടെസ്റ്റു ചെയ്യാനൊക്കെ ഇപ്പോൾ വഴികളുണ്ട്.” മൂന്നുനാലു വീടുകൾക്കപ്പുറം താമസിക്കുന്ന വാർഡ് മെമ്പർ സന്ദുജ പറഞ്ഞു.
“നിവൃത്തിയില്ലെങ്കിൽ ഡി.എൻ.എ പരിശോധന നടത്തണം. അതിനുമുന്‍പേ ഞങ്ങളൊന്നു സംസാരിച്ചു നോക്കട്ടെ.”
“അതാണു നല്ലത്.” ഉഷയുടെ ചിറ്റപ്പന്മാരിലൊരാൾ അഭിപ്രായപ്പെട്ടു.
“ഇയാൾ ഉദയൻ ആണെങ്കിൽ ഇയാൾക്കു കാര്യങ്ങളൊക്കെ തുറന്നു പറയാമല്ലോ.”
“കുട്ടിക്കാലത്ത് പുതിയ സൈക്കിൾ വാങ്ങിക്കൊടുക്കാത്തതിന് ഉദയൻ നാടുവിട്ടു പോയെന്നല്ലേ പറയുന്നത്.” ചിറ്റപ്പന്റെ ഭാര്യ പറഞ്ഞു.
“സൈക്കിൾ വാങ്ങിക്കൊടുക്കാത്തത് അത്ര വലിയ ഒരു പ്രശ്നമാണോ? ഇത്രയും നിസ്സാരമായ ഒരു കാര്യത്തിന് നാടുവിട്ടവനെ എങ്ങനെ വിശ്വസിക്കും?” ഒരു നിമിഷത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
“എന്റെയഭിപ്രായത്തിൽ നമ്മൾ-ബന്ധുക്കളും നാട്ടുകാരുമൊക്കെ ഒന്നിച്ചുചേർന്ന് ഒരു തീരുമാനമെടുക്കണം.” ചിറ്റപ്പൻ പറഞ്ഞു.
“അതാണ് എന്റേയും അഭിപ്രായം.” വാർഡ് മെമ്പർ സന്ദുജ പറഞ്ഞു.
“ഞാൻ പഞ്ചായത്ത് പ്രസിഡന്റിനെക്കൂടി വിവരമറിയിക്കാം. ഏറെ വൈകണ്ട. മറ്റന്നാൾ- ഞായറാഴ്ച തന്നെയായിക്കോട്ടെ.”
ഞായറാഴ്ച രാവിലെ വീടിന്റെ ഉമ്മറത്തു സന്നിഹിതരായ ആളുകൾക്കു മുന്നിലേക്ക് എത്തുമ്പോൾ ചെറുപ്പക്കാരൻ തെല്ലു പരിഭ്രമിച്ചതായി തോന്നി. നുണപരിശോധനയ്ക്കു വിധേയനാകുന്ന കുറ്റവാളിയെ എന്നതുപോലെ ജനക്കൂട്ടം അയാളെ ജാഗ്രതയോടെ നിരീക്ഷിച്ചു.
“അപ്പോൾ ഇനി എന്താണ് നിങ്ങൾക്കു പറയാനുള്ളത്? ഇനിയും കാര്യങ്ങൾ വ്യക്തമാക്കിയില്ലെങ്കിൽ ഒരിക്കലും ആർക്കും അംഗീകരിക്കാൻ കഴിയില്ല നിങ്ങൾ ഉദയനാണെന്ന്.” പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
“പണ്ട് എട്ടാം ക്ലാസ്സിൽ പഠിച്ചപ്പോൾ നാടുവിട്ടുപോയവനല്ലേ നീ? ഗവൺമെന്റ് സ്കൂളിൽ നിന്റെ കൂടെ പഠിച്ച കൂട്ടുകാരൊക്കെ നാട്ടിലെമ്പാടുമുണ്ടല്ലോ. നീ അവരെയൊന്നും പോയി കാണാത്തതെന്താ?” അയൽക്കാരിലൊരാൾ സംശയിച്ചു.
“എന്റെ മോൾ രാധികയെ നിനക്കറിയില്ലേ?” അയൽവാസിയായ മറ്റൊരു സ്ത്രീ ചോദിച്ചു.
“കുട്ടിയായിരുന്നപ്പോൾ നീയും രാധികയുംകൂടി എത്ര ഉത്സവപ്പറമ്പുകളിൽ ഡാൻസ് കളിച്ചിട്ടുണ്ട്! അവളെ നീ ഇപ്പോൾ ഓർക്കുന്നുണ്ടോ?”
“നീ ഉദയനാണെങ്കിൽ നിന്നെ ഇവിടുന്നു പുറത്താക്കണമെന്ന് ഞങ്ങൾക്കാർക്കും ഉദ്ദേശ്യമില്ല. നിന്റെ അമ്മയുടെ വസ്തുവിലൊരു വിഹിതത്തിന് നിനക്കും അവകാശമുണ്ടായിരിക്കും.” ഉഷയുടെ മൂത്ത അമ്മാവൻ തുടർന്നു.
“പക്ഷേ, നീ ഉദയൻ തന്നെയാണോ എന്നറിയണം. ഉഷയ്ക്കും ഉമയ്ക്കും അത് നിന്റെ മുഖത്തുനോക്കി ചോദിക്കാൻ മടിയാ. അതുകൊണ്ടാ ഇപ്പോൾ ഞങ്ങൾ ഇടപെടുന്നത്.”
“നീ വന്നതിനുശേഷം ഉഷയോടും ഉമയോടും ഒന്നു മനസ്സ് തുറന്ന് സംസാരിച്ചിട്ടു കൂടിയില്ലെന്നു പറയുന്നു. അതെന്താ?” ഇളയ അമ്മാവൻ സംശയത്തോടെ ചോദിച്ചു.
“നിങ്ങൾ ഉദയൻ തന്നെയാണെന്നതിന് തെളിവുകൾ വല്ലതുമുണ്ടോ? കുട്ടിക്കാലത്തെ എന്തെങ്കിലുമൊരു സംഭവം? അല്ലെങ്കിൽ ഒരു ഓർമ...?” വാർഡ് മെമ്പർ സന്ദുജ ആവർത്തിച്ചു.
“ഇക്കാലത്ത് ഒരു അപരിചിതനെ സഹോദരനെന്നു വിശ്വസിച്ചു വീട്ടിൽ താമസിപ്പിക്കുന്നത് എത്രമാത്രം അപകടമാണെന്ന് നിനക്കറിഞ്ഞുകൂടേ?”
ഉമ്മറപ്പടിമേൽ നിശ്ശബ്ദനായി നിൽക്കുകയായിരുന്ന ചെറുപ്പക്കാരൻ സാവധാനം തലയുയർത്തി ആൾക്കൂട്ടത്തെ അഭിമുഖീകരിച്ചു. എല്ലാവരുടേയും നോട്ടങ്ങളിലെ ചോദ്യമുനകൾ അയാളിൽ കേന്ദ്രീകരിച്ചു. ആളുകളുടെ ആകാംക്ഷകൾക്കിടയിൽ അപ്പോൾ ആദ്യമായി അയാളുടെ ശബ്ദം ഉയർന്നുകേട്ടു.
“ഉഷച്ചേച്ചിയുടേയും ഉമയുടേയും സഹോദരൻ ഉദയൻ നിങ്ങൾക്കറിയാവുന്നതുപോലെ പതിമൂന്നാം വയസ്സിൽ നാടുവിട്ടു പോയി. എന്നാൽ, അതിനും അഞ്ചു വർഷത്തിനു മുന്‍പ് ഒരു വേനൽക്കാലത്ത് വൈകുന്നേരം അവനെ കാണാതെ പോയിരുന്നു. അമ്മ വെപ്രാളത്തോടെ അവനെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ഓടിവന്ന ആളുകൾ വീട്ടിനകത്തും പുറത്തും അവനെ തേടി നടന്നു. അടുത്തുള്ള കിണറുകൾ, കുളങ്ങൾ, തോടുകൾ, എല്ലായിടവും ആളുകൾ പരിശോധിച്ചു. പക്ഷേ, ഫലമുണ്ടായില്ല. നേരം സന്ധ്യയായപ്പോൾ വീടിന്റെ പുരപ്പുറത്ത് ഉറങ്ങിക്കിടന്ന കുട്ടി ഉണർന്നു. സ്കൂളിൽ അന്ന് പഠിപ്പുമുടക്കായിരുന്നതിനാൽ ഉച്ചയ്ക്കുതന്നെ വീട്ടിലെത്തിയതായിരുന്നു അവൻ. മുറ്റത്തെ മാവിലെ വിളഞ്ഞുപഴുത്ത മാങ്ങകളുടെ ഗന്ധമുള്ള ഒരു കാറ്റ് അവനെയപ്പോൾ തൊട്ടുവിളിച്ചു. ഏണി ചാരിവെച്ചു പുരപ്പുറത്തു കയറിയിട്ട് അവൻ താഴ്ന്നുകിടക്കുന്ന ശിഖരങ്ങളിലെ മാങ്ങകൾ പറിച്ചു തിന്നാൻ തുടങ്ങി. വീടിന്റെ മേലേക്കു ചാഞ്ഞു പടർന്നുപന്തലിച്ച നാട്ടുമാവിന്റെ ശിഖരങ്ങൾ മേൽക്കൂരയ്ക്ക് തണുപ്പു നൽകി. അതിന്റെ തണലും ഇളംകാറ്റും അവനെ ഉറക്കി.
നേരം കടന്നുപോയി. സന്ധ്യയായപ്പോൾ വീട്ടിലെ ബഹളം കേട്ട് അവൻ ഞെട്ടിയുണർന്നു. പെട്ടെന്ന് കോണിപ്പടികളിറങ്ങി അവൻ അങ്ങോട്ടോടിയെത്തി. എല്ലായിടത്തും കുട്ടിയെ തിരഞ്ഞുകൊണ്ടിരുന്ന ആളുകൾ ആശ്വാസത്തോടേയും അവിശ്വസനീയതയോടേയും അവനെ നോക്കി.
“എവിടെയായിരുന്നു മോനേ, നീയിതുവരെ?”
അമ്മ കണ്ണീരിന്റെ തിളക്കത്തിനിടയിലൂടെ അവനോടു ചോദിച്ചു. അവന്റെ ചേച്ചിയും മൂന്നു വയസ്സുകാരിയായ അനിയത്തിയും അമ്മയുടെ പിന്നിൽനിന്ന് അവനെ അമ്പരപ്പോടെ നോക്കി. ചെറുപ്പക്കാരൻ ഏതോ ഓർമയിൽനിന്നും ഉണർന്നതുപോലെ ഒന്നു നിർത്തി.
“ഇത് ഉദയൻ തന്നെ.” ചെറുപ്പക്കാരൻ പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപേത്തന്നെ അയാളുടെ അടുത്തേക്ക് ഓടിവന്ന് കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ഉഷ പറഞ്ഞു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു.
“ഞാൻ പറഞ്ഞില്ലേ, എനിക്കൊരു സംശയവുമില്ലായിരുന്നു ഏട്ടനാണെന്ന്.” വിലപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ ആഹ്ലാദത്തോടെ ഉമ ഉറക്കെപ്പറഞ്ഞു.
“എന്തൊക്കെയായാലും അവൻ തിരിച്ചെത്തിയല്ലോ.” ഉദയനെ ആദ്യം തിരിച്ചറിഞ്ഞ സാവിത്രിയമ്മ ഉത്സാഹത്തോടെ പറഞ്ഞു.
“ഇതു കാണാൻ ദേവകി ഇല്ലാതായിപ്പോയല്ലോ.” ബന്ധുക്കളും അയൽക്കാരും പതിഞ്ഞ ശബ്ദത്തിൽ പലവിധ അഭിപ്രായപ്രകടനങ്ങൾ നടത്തി.
“എന്തായാലും കാര്യങ്ങൾക്ക് ഒരു തീർപ്പുകല്പിക്കാൻ പറ്റി.” പഞ്ചായത്ത് പ്രസിഡന്റ് സംതൃപ്തി നിറഞ്ഞ ശബ്ദത്തിൽ വാർഡ് മെമ്പറോടു പറഞ്ഞു. അടക്കി സംസാരിച്ചുകൊണ്ട് ജനക്കൂട്ടം പിരിഞ്ഞുപോയി.
ഉച്ചവെയിൽ തീക്ഷ്ണമായി കത്തിയെരിയാൻ തുടങ്ങി.
“എന്നാലും നിന്നെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ലല്ലോ മോനേ...” എല്ലാവരും പോയപ്പോൾ ഉഷ ഉദയനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“ഏട്ടനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു.” ഉമ കണ്ണീരു തുടച്ചുകൊണ്ട് പറഞ്ഞു.
“ഏട്ടന് എന്തൊരു സ്നേഹമായിരുന്നു എന്നോട്. ഉമക്കുട്ടീന്നു വിളിച്ചാൽ മുഴുവൻ വിളിക്കത്തില്ലായിരുന്നു.”
“എന്നാലും ഞങ്ങളെയൊക്കെ കാണാതെ ഇത്രകാലം കഴിച്ചുകൂട്ടാൻ എങ്ങനെ തോന്നി നിനക്ക്?” ഉഷ പരിഭവത്തോടെ ചോദിച്ചു.
“അമ്മ എന്നെ തിരക്കുമായിരുന്നോ?” ഉദയൻ എന്തോ ആലോചിച്ചുകൊണ്ടു ചോദിച്ചു.
“അമ്മ നിന്റെ കാര്യം അങ്ങനെയൊന്നും പറയാറില്ലായിരുന്നു. പക്ഷേ, മരിക്കുന്നതിന്റെ തലേ ദെവസം ചോദിച്ചു. “ഉദയൻ എവിടെ? അവൻ എപ്പഴാ വരുന്നേന്ന്?”
ഉദയൻ നിശ്ശബ്ദനായി മുഖം കുനിച്ചുനിന്നു.
“നിന്റെ കുട്ടിക്കാലത്തെ ഓർമ പറഞ്ഞപ്പഴാ എല്ലാവർക്കും നിന്നെപ്പറ്റിയുള്ള സംശയം മാറിയത്. എന്തായാലും എല്ലാം ഭംഗിയായി അവസാനിച്ചല്ലോ. അതുമതി.” ഉഷ കണ്ണീരു തുടച്ചുകൊണ്ട് പറഞ്ഞു.
“ഒന്നും അവസാനിച്ചില്ല ചേച്ചീ.” ഉദയൻ പെട്ടെന്ന് അവളെ തിരുത്തി.
“ശരിക്കും ഉദയന്റെ കഥ തുടങ്ങുന്നത് ആ ഒരു സംഭവത്തിൽ നിന്നാണ്.” ഉദയന്റെ കണ്ണുകളിലെ ദുരൂഹതയിലേക്ക് ഉഷ അമ്പരപ്പോടെ നോക്കി. ആരോടും പങ്കുവയ്ക്കാത്ത വലിയൊരു രഹസ്യം അവന്റെ മനസ്സിൽ ഒരു കാട്ടുതീയായി ആളിപ്പടരുകയാണെന്ന് ഉഷയ്ക്കു തോന്നി. അതിന്റെ വെളിച്ചവും ചൂടും പുകയും ആ നിമിഷത്തിൽ അവൾ അനുഭവിച്ചറിഞ്ഞു.
“സ്കൂളിൽ പഠിപ്പുമുടക്കായിരുന്നപ്പോഴൊക്കെ ഞാൻ നേരത്തെ വീട്ടിലെത്താറുണ്ടായിരുന്നല്ലോ; മിക്കവാറും ചുട്ടുപൊള്ളുന്ന ഉച്ചനേരങ്ങളിൽ. അപ്പോഴൊക്കെ പുരപ്പുറത്തു കയറി അവിടത്തെ തണുപ്പിൽ കിടന്നുറങ്ങുന്നത് വർഷങ്ങളോളം ഞാൻ ശീലമാക്കി.” ഉദയൻ പറഞ്ഞുതുടങ്ങി.
“അങ്ങനെയുള്ള ഒരു ദിവസം വീട്ടിനകത്തുനിന്നും ഉയർന്നുകേട്ട അമ്മയുടെ ചിരിയും സംസാരവും എന്നെയുണർത്തി. ഞാൻ നേരത്തെ വീട്ടിലെത്തിയത് അമ്മ അറിഞ്ഞിരുന്നില്ല. അമ്മ ആരോടാകും സംസാരിക്കുന്നത്? എനിക്ക് ജിജ്ഞാസയായി. ഉഷച്ചേച്ചിയും ഉമയും സ്കൂളിൽ പോയിരിക്കുകയാണല്ലോ.
ഞാൻ പെട്ടെന്ന് കോണിപ്പടികളിറങ്ങി മുൻവാതിലിൽ തട്ടിനോക്കി. അമ്മ അത് കേട്ടമട്ടില്ല. വീടിന്റെ പുറകുവശത്തുകൂടി നടന്ന് കിടപ്പുമുറിയുടെ തുറന്നിട്ട ജനാലയിലൂടെ നോക്കിയ ഞാൻ അമ്പരന്നുപോയി. അമ്മ ഏതോ ഒരാളോടു സംസാരിച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുന്നു. അയാളുടെ കൈകൾ അമ്മയുടെ ശരീരത്തുകൂടി ഇഴഞ്ഞുനടക്കുന്നു. ഞാനയാളെ സൂക്ഷിച്ചുനോക്കി. ഒട്ടും മുഖപരിചയമില്ലാത്ത ഒരാൾ. കറുത്തുമെലിഞ്ഞ, ദൃഢമായ ശരീരമുള്ള ഒരപരിചിതൻ. ആരാണയാൾ? അമ്മയുടെ ദേഹത്തുതൊടാൻ അയാൾക്കെന്തവകാശം? അമ്മ എന്തിന് അതനുവദിക്കുന്നു? ഉച്ചവെയിലിന്റെ തീഗോളം പൊടുന്നനെ എന്റെ തലയിൽ പതിച്ചതായി തോന്നി. എന്റെ ഉടൽ പൊള്ളിത്തുടങ്ങി.
ഞാൻ വാതിലിൽ ഇരുകൈകൊണ്ടും ശക്തമായി ഇടിച്ചുതുടങ്ങി. വാതിൽ തുറന്ന അമ്മയുടെ കണ്ണുകളിലെ നേരിയ സംഭ്രമം ഞാൻ തിരിച്ചറിഞ്ഞു. അമ്മയുടെ പിന്നിലായി അയാളുമുണ്ടായിരുന്നു. മറഞ്ഞിരിക്കാതെ സ്വയം വെളിപ്പെടാനുള്ള അയാളുടെ ചങ്കൂറ്റം ഞാൻ മനസ്സിൽ കുറിച്ചിട്ടു.
“ഇയാളാരാ?” കഴിയുന്നത്ര പരുഷമായി ഞാൻ ചോദിച്ചു. എന്റെ ഭാവമാറ്റം തിരിച്ചറിഞ്ഞിട്ടാകണം അമ്മയുടെ മുഖം ഒന്നു മങ്ങി.
“അതൊക്കെ മോന് സാവധാനം മനസ്സിലാകും.” അമ്മ പതിഞ്ഞതെങ്കിലും ദൃഢമായ ശബ്ദത്തിൽ പറഞ്ഞു.
“ഇനി എന്നും മോന്റെ അച്ഛന്റെ സ്ഥാനത്ത് കാണേണ്ടയാളാ...”
ഞാൻ ഒന്നു നടുങ്ങി. എന്റെ ദേഹത്തുകൂടി മിന്നലിന്റെ ഒരല പാഞ്ഞുപോയി. ഞാനയാളെ രൂക്ഷമായി നോക്കി. അന്നു വെറും പതിമൂന്നു വയസ്സുള്ള കുട്ടിയായിരുന്നെങ്കിലും എന്റെ എക്കാലത്തേയും എതിരാളിയാണ് മുന്നിൽ നിൽക്കുന്നതെന്ന് എനിക്ക് വെളിപാടുണ്ടായി.
ഏതാനും മാസങ്ങൾക്കുശേഷം അമ്മയും അയാളും തമ്മിലുള്ള കല്ല്യാണം നടക്കുമെന്ന് അന്നു രാത്രിയിൽ അമ്മ സൂചിപ്പിച്ചു. അത്താഴത്തിനുശേഷം ഉമ്മറപ്പടിയിലെ തണുപ്പിൽ അസ്വസ്ഥതയോടെ ഇരിക്കുകയായിരുന്നു ഞാൻ. മൂന്നോ നാലോ മാസങ്ങൾക്കു മുൻപാണത്രെ അമ്മ അയാളെ പരിചയപ്പെടുന്നത്. ഞങ്ങളുടെ നാട്ടിലേക്ക് പുതുതായി എത്തിയ ഒരു കൽപ്പണിക്കാരനായിരുന്നു അയാൾ.
“ഉഷച്ചേച്ചിക്കും ഉമയ്ക്കുമൊക്കെ ഇതറിയാമോ?” ഞാൻ ചോദിച്ചു.
“ഉഷയോട് ഞാനെല്ലാം പറഞ്ഞു.” അമ്മ എന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“അവൾക്ക് എതിർപ്പൊന്നുമില്ല. പിന്നെ ഉമ... അവൾ കൊച്ചുകുട്ടിയല്ലേ? അവൾക്കെന്തറിയാം?”
എന്റെയുള്ളിലെ ദേഷ്യവും വെറുപ്പും ഒരു വേട്ടനായയെപ്പോലെ തുടലു പൊട്ടിച്ച് കുതറിയോടി.
“എന്തുപറഞ്ഞാലും ഞാനിതിനു സമ്മതിക്കില്ല.” ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു.
“അമ്മ അയാളെ കല്ല്യാണം കഴിച്ചാൽ ഉറപ്പായും ഞാൻ അയാളെ കൊല്ലും.”
അമ്മയുടെ കണ്ണുകളിൽ ഒരു നടുക്കം നിഴലിച്ചു. അടുത്ത നിമിഷം പതിവ് ശാന്തതയോടെ അമ്മ എന്നെ നോക്കി.
“വേണ്ടാത്തതൊന്നും പറയല്ലേ മോനേ...” അമ്മ അപേക്ഷിക്കുന്ന മട്ടിൽ പറഞ്ഞു.
“അദ്ദേഹത്തിനെ നിങ്ങൾക്കറിയാത്തതുകൊണ്ടാണ്. നിങ്ങൾ മൂന്നുപേരെയും അദ്ദേഹം പൊന്നുപോലെ നോക്കും.”
“വേണ്ടാ...” ഞാൻ ഒച്ചവെച്ചു.
“അയാളുടെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട.” അമ്മ അമ്പരപ്പോടെ എന്നെ നോക്കി.
പിന്നീട് പലതവണ ഞാൻ അയാളെ കണ്ടുമുട്ടി. സന്ധ്യാസമയത്ത് അയാൾ ജോലി കഴിഞ്ഞു മടങ്ങിവരുമ്പോൾ, റബ്ബർ തോട്ടത്തിൽവച്ച്, ചിലപ്പോൾ വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ കയറുമ്പോൾ, മറ്റു ചിലപ്പോൾ വീട്ടിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിൽ വെച്ച്... ഞങ്ങളുടെ വീട്ടിലേക്കുള്ള അയാളുടെ സന്ദർശനങ്ങൾ തുടരുകയാണെന്നു വ്യക്തമായിരുന്നു. ഉഷച്ചേച്ചിയേയോ ഉമയേയോ ഇതൊന്നും ബാധിച്ചില്ല. എന്നാൽ, എന്റെ മനസ്സിൽ ഒരു കരിങ്കൽചീള് തുളച്ചുകയറിയെന്നു തോന്നി. ഒരുപക്ഷേ, അയാൾ ദിവസവും കോടാലികൊണ്ടു വെട്ടിമുറിക്കുന്ന കരിങ്കല്ലുകളെക്കാളും ഭാരമുള്ള ഒന്ന്. ഞങ്ങളുടെ ജീവിതത്തിലേക്ക് അയാൾ കടന്നുവരാതിരുന്നെങ്കിൽ... ഞാൻ വെറുതെ ആശിച്ചു.
ഒരു ദിവസം പണികഴിഞ്ഞ് അയാൾ മടങ്ങിവരുന്ന സമയത്ത് അയാളുടെ വീടിനോടു ചേർന്ന വിജനമായ വഴിയിൽ ഞാൻ കാത്തുനിന്നു. എന്തു ചെയ്യണമെന്ന വ്യക്തമായൊരുദ്ദേശ്യവും മനസ്സിലില്ലായിരുന്നെങ്കിലും വലംകയ്യിൽ മൂർച്ചയേറിയ ഒരു കത്തി ഞാൻ മുറുകെ പിടിച്ചിരുന്നു. അച്ഛന്റെ മരണശേഷം, ഞങ്ങൾ കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾ രാത്രികളിൽ സ്വരക്ഷയ്ക്കായി അമ്മ ഒപ്പം കരുതിയിരുന്ന കത്തിയായിരുന്നു അത്. ഒരർത്ഥത്തിൽ ഇതും സ്വരക്ഷ തന്നെയാണ് - ഭയവും ജിജ്ഞാസയും കൂടിക്കലർന്ന മനസ്സോടെ എന്റെ പ്രതിയോഗിയെ കാത്തുനിൽക്കുമ്പോൾ ഞാൻ സ്വയം ന്യായീകരിച്ചു. കൽപ്പണിക്കാരായ ഏതാനും കൂട്ടുകാർക്കൊപ്പം അയാൾ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചുവീട് കുറച്ചകലെയായി കാണാമായിരുന്നു. അതിന്റെ ഉമ്മറത്ത് ആരോ കത്തിച്ചുവച്ച മണ്ണെണ്ണവിളക്കിന്റെ പ്രകാശം ആ രാത്രിയുടെ ദുരൂഹത കൂട്ടിയതേയുള്ളൂ.
എന്റെ കാത്തുനിൽപ്പ് നീണ്ടുപോയി. അപ്പോൾ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടു. അയാളുടെ ദൃഢമായ കാൽവയ്പുകൾ കൂടുതൽ വ്യക്തമായിത്തുടങ്ങി. ശത്രുവിന്റെ മണം... ഞാൻ സ്വയം പറഞ്ഞു. എനിക്ക് നിന്നെ തിരിച്ചറിയാനാകും - എതിരുട്ടിലും ഏതുറക്കത്തിലും എത്ര അകലെവച്ചും... നീ ഏതു രൂപത്തിൽ വന്നാലും ഞാൻ നിന്നെ തിരിച്ചറിയും.
കാടുകയറിത്തുടങ്ങിയ ഇടുങ്ങിയ നടപ്പാതയ്ക്കു സമീപമുള്ള അത്തിമരം മറഞ്ഞുനിന്ന് ഞാനയാളെ സശ്രദ്ധം വീക്ഷിച്ചു. എന്റെ മനസ്സ് അപ്പോൾ നിസ്സംഗമായിരുന്നു. അതേ ശാന്തതയോടെ ഞൊടിയിടയിൽ ഞാനയാളെ പിന്നിൽനിന്നും വട്ടം ചുറ്റിപ്പിടിച്ചു. കത്തിയുടെ മൂർച്ച അയാളുടെ പുറം തുളച്ചിറങ്ങി. ചെറുത്തുനില്‍പ്പിനുള്ള ഏതാനും ശ്രമങ്ങൾക്കുശേഷം അയാളുടെ ബലിഷ്ഠമായ ദേഹം നിലത്തേക്കു കമിഴ്ന്നുവീണു. മരണവെപ്രാളത്തിൽ പുളയുന്നതിനിടയിൽ അയാളുടെ നോട്ടം ഒരു നിമിഷം എന്റെ മുഖത്തു തങ്ങി. ‘ഉദയൻ...’ ദുർബലമായി അയാൾ മന്ത്രിച്ചു. അതു പറഞ്ഞപ്പോൾ അവിശ്വസനീയതയാണ് അയാളുടെ ശബ്ദത്തിൽ നിറഞ്ഞതെന്നു തോന്നി. ഞാൻ കുറച്ചുസമയം അവിടെ തറഞ്ഞു നിന്നുപോയി. അയാളിൽനിന്നും ഒഴുകിപ്പരന്ന ചോര ഇരുട്ടത്ത് അവ്യക്തമായി. രാത്രിയിൽ വീട്ടിലേക്കുള്ള വഴിയിലുടനീളം അയാളുടെ ശബ്ദം പിന്തുടരുന്നതായി എനിക്കു തോന്നി.
ഏറെ പരിചിതമായ വഴി അന്ന് പലതവണ എന്നെ കബളിപ്പിച്ചു. ഒടുവിൽ വലംകയ്യിൽ ചേർത്തുപിടിച്ച കത്തിയുമായി ഒരു ചോദ്യചിഹ്നംപോലെ വീട്ടിൽ ചെന്നുകയറി. അമ്മയുടേയോ ഉഷയുടേയോ കണ്ണിൽപ്പെടാതെ നേരെ മുറിയിലേക്കു നടന്നു. ചോരപുരണ്ട കത്തി മുഷിഞ്ഞ വസ്ത്രങ്ങൾക്കിടയിലൊളിപ്പിച്ച് പുസ്തകക്കെട്ടിന്റെ സമീപം വെച്ചു. നടന്നതൊക്കെ ആരുടേയോ ദുഃസ്വപ്നമായിരുന്നെന്നു സമാധാനിക്കാൻ ശ്രമിച്ചെങ്കിലും അന്നു രാത്രിയിൽ എനിക്ക് തീരെ ഉറക്കം കിട്ടിയില്ല; തുടർന്നുള്ള ദിവസങ്ങളിലും.
കുത്തേറ്റു ഗുരുതരാവസ്ഥയിൽ അയാളെ ആശുപത്രിയിൽ കൊണ്ടുപോയ വിവരം ഏറെ താമസിയാതെ കേട്ടു. അയാൾ മരിച്ചില്ല! ഞാൻ അസംതൃപ്തിയോടെ മനസ്സിൽ പലതവണ ഉരുവിട്ടു. ഒറ്റക്കുത്തിനു തീരേണ്ടതായിരുന്നു! എന്നിട്ടും... പെട്ടെന്ന് ഭീതിയുടെ മൂർച്ചയുള്ള ഉടവാൾ എന്റെ തലയ്ക്കുമീതെ തൂങ്ങിയാടാൻ തുടങ്ങി. ‘ഉദയൻ...’ അയാൾ എന്നെ തിരിച്ചറിഞ്ഞ നിമിഷം നടുക്കത്തോടെ വീണ്ടുമോർത്തു. അയാളുടെ അവിശ്വസനീയത നിറഞ്ഞ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങി.
അയാൾ അത്യാസന്നനിലയിൽ ആശുപത്രിയിൽ ഒരാഴ്ച കിടന്നു. ആ ദിവസങ്ങളിൽ അമ്മ ആശുപത്രിയിൽ അയാൾക്കു കൂട്ടിരിക്കാൻ പോകുന്നതായി ഞാനറിഞ്ഞു. ആസന്നമായ ഒരു ദുരന്തം മുൻകൂട്ടി കണ്ടതുപോലെ അമ്മയുടെ മുഖം ഏറെ മ്ലാനമായിരുന്നു. ആദ്യ ദിവസങ്ങളിൽ അബോധാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അയാൾ അവ്യക്തമായി സംസാരിച്ചു തുടങ്ങി. ഈ ദിവസങ്ങളിലൊന്നിൽ പൊലീസ് ആശുപത്രിയിൽ എത്തി അയാളുടെ മൊഴി രേഖപ്പെടുത്തി. നാട്ടിൽ മുൻപ് കണ്ടു പരിചയമില്ലാത്ത രണ്ടു മദ്യപാനികളാണ് തന്നെ കുത്തിയതെന്ന് അയാൾ പറഞ്ഞുവത്രെ.
പിന്നീട് അയാൾ ഏറെ നാളുകളൊന്നും ജീവിച്ചില്ല. ഒരു ദിവസം ആശുപത്രിയിൽ നിന്നെത്തിയ അമ്മ അയാളുടെ മരണമറിയിച്ചു. അമ്മയുടെ കണ്ണുകളിലെ മരവിപ്പ് എന്നിലേക്കു പടർന്നത് പെട്ടെന്നായിരുന്നു. വല്ലാത്തൊരു ഭീതിയിൽ എന്റെ ഉടൽ വിറച്ചു. ഞാൻ കൈകൾ വിടർത്തിനോക്കി. വിരൽമടക്കുകളിൽ ചോരയുടെ ഗന്ധമുണ്ടോയെന്ന് മണത്തു. പെട്ടെന്ന് ഞാനാ കത്തിയുടെ കാര്യമോർത്തു. അതെ! തെളിവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്! അയാളുടെ ജീവനെടുത്ത ആയുധം, അന്നു ഞാൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ...
ഞാൻ ഉദ്വേഗത്തോടെ എന്റെ മുറിയിലേക്കോടി. മുഷിഞ്ഞ വസ്ത്രങ്ങൾക്കിടയിലും എന്റെ പുസ്തകക്കെട്ടുകളിലും തിരയാൻ തുടങ്ങി. അവിടെ ഒളിപ്പിച്ചുവച്ചതായിരുന്നല്ലോ... പിന്നെയതെവിടെപ്പോയി? എനിക്ക് ഭ്രാന്തുപിടിച്ചു. എല്ലാ സാധനങ്ങളും വാരിവലിച്ചിട്ടിട്ട് ഞാൻ മുറിയാകെ അരിച്ചുപെറുക്കാൻ തുടങ്ങി. എന്റെ ദേഹം വിയർപ്പിൽ മുങ്ങി. ഞാൻ തിരച്ചിൽ നിർത്തിയിട്ട് വെപ്രാളത്തോടെ എഴുന്നേറ്റു. അപ്പോൾ വാതിൽക്കൽ അമ്മ നിൽക്കുന്നത് ഞാൻ കണ്ടു.
“അവിടെയൊന്നും തിരഞ്ഞിട്ടു കാര്യമില്ല.”
അമ്മ എന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.
“ഞാനതൊക്കെ കത്തിച്ചുകളഞ്ഞു.”
വാക്കുകൾ നഷ്ടപ്പെട്ട് ഞാൻ അമ്മയെ മിഴിച്ചുനോക്കി.
“നീ പേടിക്കേണ്ട.” അമ്മ ഭാവഭേദമില്ലാതെ തുടർന്നു.
“അദ്ദേഹം ആരോടും നിന്റെ പേര് പറഞ്ഞിട്ടില്ല.”
അമ്മയുടെ നോട്ടം നേരിടാനാകാതെ ഞാൻ തലകുനിച്ചുനിന്നു.
“അദ്ദേഹത്തിന് കുത്തേറ്റപ്പോൾത്തന്നെ എനിക്ക് സംശയമുണ്ടായിരുന്നു.” അമ്മ തുടർന്നു.
“ആശുപത്രിയിൽ അദ്ദേഹത്തിനു ബോധം വന്നപ്പോൾ ആരാണിതു ചെയ്തതെന്ന് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, അദ്ദേഹം ഒന്നും മിണ്ടിയില്ല. “ഉദയനാണോ?” ഒരു ദിവസം ഞാൻ ചോദിച്ചു. “അല്ല” എന്ന് ഏറെ ക്ലേശിച്ചു പറഞ്ഞയുടനെ അദ്ദേഹം മരിച്ചുപോയി.”
അമ്മയുടെ മുഖം വലിഞ്ഞുമുറുകി. ഞാൻ നടുക്കത്തോടെ അമ്മയെ നോക്കി.
“കള്ളം പറയാൻ തീരെ താല്പര്യമില്ലാത്ത ആളായിരുന്നു അദ്ദേഹം.” അമ്മ തുടർന്നു.
“നിന്നോട് നുണ പറഞ്ഞാൽ ഞാൻ മരിച്ചു എന്നാണർത്ഥം” - “ഒരിക്കൽ അദ്ദേഹം കളിയായി എന്നോടു പറഞ്ഞിട്ടുണ്ട്.” അമ്മയുടെ ശബ്ദമിടറി.
“അന്നു പറഞ്ഞത് അറംപറ്റിയതുപോലെയായി. നീയല്ല അതു ചെയ്തതെന്ന് പറഞ്ഞയുടനെ അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോയി.” അമ്മ ഒന്നു നിർത്തി.
“ആ ഒരു നുണയായിരിക്കുമോ അദ്ദേഹത്തിന്റെ ജീവനെടുത്തത്?” പൊടുന്നനെ അമ്മ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു. വേർപാടിന്റെ തീരാനോവിനിടയിലും അമ്മ ഈ ചോദ്യം പലയാവർത്തി സ്വയം ചോദിച്ചിരിക്കണം.
“പിന്നീട് അവിടെ താമസിക്കുന്നത് അസാധ്യമായി എനിക്കു തോന്നി. അന്നു രാത്രിതന്നെ ഞാൻ നാട് വിട്ടു. പല ബസ്സുകളിൽ മാറിമാറിക്കയറി കഴിയുന്നത്ര അകലേക്ക് എത്തിപ്പെടുകയായിരുന്നു ഉദ്ദേശ്യം.”
ഉദയൻ പെട്ടെന്ന് സംസാരം നിർത്തി ഉഷയേയും ഉമയേയും അഭിമുഖീകരിച്ചു. അജ്ഞാതമായ ഏതോ ലോകത്ത് സ്വയം നഷ്ടപ്പെട്ടിട്ടെന്നവണ്ണം നിൽക്കുകയായിരുന്നു അവർ. ഏതാനും മിനുട്ടുകൾക്കു മുന്‍പ് അവർക്കു തിരിച്ചുകിട്ടിയ ഉദയനെ വീണ്ടും കൈമോശം വന്നതുപോലെ അവർക്കു തോന്നി.
“അയാളുടെ മരണശേഷം കേസന്വേഷണം ഊർജിതമായി എന്ന് ഞാനറിഞ്ഞു.” ഉദയൻ വീണ്ടും സംസാരിച്ചുതുടങ്ങി.
“അയാൾ കുത്തേറ്റുവീണ പ്രദേശത്തെ കള്ളവാറ്റ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്യദേശക്കാരെയൊന്നാകെ ചോദ്യം ചെയ്തു. പല മദ്യപാനികൾക്കും പൊലീസിന്റെ തല്ലുകൊണ്ടു. പക്ഷേ, സത്യം മാത്രം തെളിഞ്ഞില്ല. ക്രമേണ അന്വേഷണം തേഞ്ഞുമാഞ്ഞുപോയി. അയാളുടെ മരണമൊഴിയാണ് കേസ് അട്ടിമറിച്ചതെന്നു പറയാം. കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടുകിട്ടുകയുണ്ടായില്ല. അമ്മ അതും നശിപ്പിച്ചുകളഞ്ഞിരുന്നു.”
ഉദയൻ ഒരുനിമിഷത്തേക്കു നിശ്ശബ്ദനായി.
“വീടുവിട്ടശേഷം ഞാൻ പല സ്ഥലങ്ങളിൽ അലഞ്ഞു ജീവിച്ചു. പല ജോലികൾ ചെയ്തു.
അജ്ഞാതമായ ഒരു ഭീതി എന്നെ എക്കാലവും പിന്തുടർന്നതുകൊണ്ടാകാം ഒരിടത്തും ഒരുപാടു കാലം ഉറച്ചുനിൽക്കാൻ എനിക്കു കഴിഞ്ഞില്ല. സ്കൂളിൽ ഒപ്പം പഠിച്ച ഒരു കൂട്ടുകാരനെ മാത്രം ഞാൻ ഇടയ്ക്കൊക്കെ വിളിച്ച് വിശേഷങ്ങൾ അറിയുന്നുണ്ടായിരുന്നു. പുതിയ സൈക്കിൾ വാങ്ങിക്കൊടുക്കാത്തതിനാൽ ഞാൻ പിണങ്ങി നാടുവിട്ടുപോയെന്നാണ് അമ്മ എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞു. അവൻ എല്ലാ വിവരങ്ങളും എന്നെ അറിയിച്ചുകൊണ്ടിരുന്നു. ഉഷച്ചേച്ചിയുടേയും ഉമയുടേയും കല്ല്യാണമുൾപ്പെടെ എല്ലാക്കാര്യങ്ങളും. അപ്പോഴൊക്കെ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, കഴിഞ്ഞില്ല. നാട്ടിലേക്കു വരാൻ ഒരുങ്ങുമ്പോഴൊക്കെ പഴയ ചില ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞുവരാൻ തുടങ്ങി. ഇരുണ്ട ഒരു സന്ധ്യയ്ക്ക് മരത്തിന്റെ നിഴൽപറ്റി നിൽക്കുന്ന കൗമാരക്കാരൻ... അവന്റെ വലംകയ്യിൽ അമർത്തിപ്പിടിച്ച കത്തിയുടെ ദയാരഹിതമായ തിളക്കം... വിദൂരതയിൽനിന്നും അവന്റെ അടുത്തേക്കെത്തുന്ന കാലടിശബ്ദം...”
ഉദയൻ വിവർണമായ മുഖത്തോടെ ഉഷയുടേയും ഉമയുടേയും നേരെ തിരിഞ്ഞു.
“ഇക്കാലമത്രയും എന്നെ അലട്ടിയ ഒരു സംശയമുണ്ട്. മരണക്കിടക്കയിൽവെച്ച് കഠിനമായ വേദനക്കിടയിലും അയാൾ എന്റെ പേര് പറയാതിരുന്നത് എന്തുകൊണ്ടാകാം? അത്രയധികം അയാൾ എന്നെ സ്നേഹിച്ചിരുന്നോ? ഞാനോ എന്റെ പെങ്ങന്മാരോ അച്ഛന്റെ സ്നേഹമറിഞ്ഞിരുന്നില്ലല്ലോ. ജീവിച്ചിരുന്നെങ്കിൽ അയാൾ ഞങ്ങൾക്ക് നല്ല ഒരു അച്ഛനാകുമായിരുന്നോ? അറിയില്ല.”
ഉദയൻ ഒരു വിങ്ങലോടെ നിർത്തി. ഉഷയും ഉമയും അയാളെ അമ്പരപ്പോടെ നോക്കിയിട്ട് എന്തോ പറയാനൊരുങ്ങി. വെളിച്ചം മങ്ങിയ പഴയ ഒരു സന്ധ്യയുടെ ഓർമ അപ്പോൾ അവരുടെ വാക്കുകളെ തടഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates