

കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ യാത്രയ്ക്ക് നാളെ തുടക്കം. നാളെ (ബുധൻ) പുലർച്ചെ ഇന്ത്യൻ സമയം 6.30 മുതലാണ് പോരാട്ടം. ആഫ്രിക്കൻ കരുത്തരായ അൾജീരിയയാണ് അർജന്റീനയുടെ ലോകകപ്പ് പോരാട്ടത്തിലെ ആദ്യ എതിരാളികൾ. കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ചരിത്രത്തിൽ ഇതുവരെ രണ്ട് രാജ്യങ്ങൾ മാത്രമാണ് തുടർച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നിലനിർത്തിയിട്ടുള്ളത്. 1930കളിൽ ഇറ്റലിയും, പിന്നീട് 1962ൽ പെലെയുടെ നേതൃത്വത്തിൽ ബ്രസീലും. നാല് വർഷം മുൻപ് ഖത്തറിൽ വെച്ച് ഫ്രാൻസിനെ തകർത്താണ് അർജന്‍റീന ലോക ചാംപ്യന്മാരായത്. ഇത്തവണ കപ്പ് നിലനിർത്തിയാൽ ബ്രസീലിനും ഇറ്റലിക്കും ഒപ്പം അർജന്‍റീനയ്ക്കും ആ അപൂർവ നേട്ടത്തിലെത്താം.
ഇതിഹാസ താരവും നായകനുമായ ലയണൽ മെസിക്കും ഇത് ചരിത്ര പോരാട്ടമാണ്. അർജന്റൈൻ മാന്ത്രികന്റെ 200ാം അന്താരാഷ്ട്ര പോരാട്ടം കൂടിയാണിത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളില്‍ മൂന്നാമതാണ് നിലവിൽ മെസി ഇപ്പോള്‍. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (228), കുവൈത്ത് താരം ബാദര്‍ അൽ മുത്‌വ (202) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ കുവൈത്തിന്‍റെ ബാദര്‍ അൽ മുത്‌വയെ മറികടന്ന് മെസി രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2005ൽ ഹംഗറിക്കെതിരെ ആണ് മെസി അര്‍ജന്‍റീനയുടെ സീനിയര്‍ ടീമില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ മത്സരത്തില്‍ 25 മിനിറ്റിനു ശേഷം മെസിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കരിയറില്‍ ഇതുവരെ കളിച്ച 199 മത്സരങ്ങളില്‍ നിന്നായി 117 ഗോളുകളും 64 അസിസ്റ്റുകളും മെസിക്കുണ്ട്. അർജന്റീന കുപ്പായത്തില്‍ 16,380 മിനിറ്റുകളാണ് മെസി ഗ്രൗണ്ടിലുണ്ടായിരുന്നത്. 2022ലെ ലോകകപ്പ് നേട്ടവും 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും 2022ലെ ഫൈനലിസിമയും മെസിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ആറാം ലോകകപ്പിനിറങ്ങുന്ന മെസി അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങൾ കളിച്ചു.
ലോകകപ്പിന് തൊട്ടുമുൻപ് ഹാംസ്ട്രിങ് പരിക്കിന്‍റെ ബുദ്ധിമുട്ടുകൾ മെസിയെ അലട്ടിയിരുന്നു. എന്നാൽ താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ് പരിശീലന ക്യാംപിൽ നിന്നുള്ള വിവരങ്ങൾ. കഴിഞ്ഞ ആഴ്ച ഐസ്‌ലൻഡിനെതിരെ നടന്ന അവസാന സന്നാഹ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസി, പെനൽറ്റിയിലൂടെ ഗോൾ നേടുകയും 20 മിനിറ്റോളം കളിക്കുകയും ചെയ്തിരുന്നു.
അർജന്റീന കോച്ച് ലയണൽ സ്കലോനി 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. ലയണൽ മെസിക്കൊപ്പം ലൗട്ടാരോ മാർട്ടിനെസും തിയാഗോ അൽമഡയും മുന്നേറ്റത്തിലുണ്ടാകും. അലക്‌സിസ് മാക്ക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവരാകും മധ്യനിരയിൽ. നിക്കോളാസ് ഒടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, ഫക്കുണ്ടോ മെഡിന, നഹുൽ മൊളിന എന്നിവരാകും പ്രതിരോധത്തിൽ. എമിലിയാനോ മാർട്ടിനെസ് ഗോൾ കീപ്പറാകും.
2014നു ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന അൾജീരിയ ടീം ആദ്യ കളിയിൽ അട്ടിമറി ജയം ലക്ഷ്യമിടുന്നു. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം. യോഗ്യതാ റൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് അൾജീരിയ തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates