

മലയാളികൾ ഐഎം വിജയനൊപ്പം ഒരു കാലത്ത് ആഘോഷിച്ച സൂപ്പർ താരവും മുൻ ഇന്ത്യൻ നയകനുമാണ് ജോ പോൾ അഞ്ചേരി. മുൻ ഇന്ത്യൻ മധ്യനിര താരമായ അദ്ദേഹം നിലവിൽ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മലയാളം കമന്ററി ടീമിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. കടുത്ത ജോലിത്തിരക്കുകൾക്കിടയിലും അദ്ദേഹം 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ തന്റെ ലോകകപ്പ് ഓർമ്മകളും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളും അദ്ദേഹം പങ്കിടുന്നു.
ഇംഗ്ലണ്ട് കിരീടം നേടണം
പണ്ട് ഭൂരിഭാഗം മലയാളി ആരാധകരെയും പോലെ അർജന്റീന, ബ്രസീൽ ടീമുകളെയാണ് ജോപോൾ അഞ്ചേരിയും പിന്തുണച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ലോകകപ്പുകളായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ടീം ഇംഗ്ലണ്ടാണ്. 2026ലെ ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
'ഇംഗ്ലണ്ട് ശക്തമായ നിരയാണ്. മികച്ച പ്രതിഭകളും അവർക്കുണ്ട്. എന്നാൽ ഇത്തവണ പരിശീലകൻ തോമസ് ടുക്കൽ ചില നല്ല കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരുപക്ഷേ അവർ അദ്ദേഹത്തിന്റെ ഫോർമേഷന് അനുയോജ്യരല്ലാത്തത് കൊണ്ടാകാം. എങ്കിലും ടുക്കലിന്റെ തന്ത്രങ്ങൾ വിജയിക്കുമെന്നും ഇംഗ്ലണ്ട് കിരീടം നേടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.'
ഇന്ത്യ ലോകകപ്പ് കളിക്കുമോ
ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യത കിട്ടാൻ ഇനിയും സമയമെടുക്കുമെന്നാണ് ജോ പോളിന്റെ വിലയിരുത്തൽ. 2034 വരെയെങ്കിലും ചുരുങ്ങിയത് കാത്തിരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
'ഇന്ത്യ ലോകകപ്പ് കളിക്കാൻ 2034 വരെയെങ്കിലും കാത്തിരിക്കണം. 2034ന് മുൻപ് എന്തായാലും ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ ഫുട്ബോളിനോടുള്ള സമീപനത്തിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കേണ്ടത് അനിവാര്യമാണ്. ഐഎസ്എല്ലും ഐ ലീഗും മാത്രം കളിച്ചതുകൊണ്ട് അന്താരാഷ്ട്ര പരിചയം ലഭിക്കില്ല. വിദേശത്തുള്ള ഇന്ത്യൻ വംശജരായ കളിക്കാരെ ടീമിലേക്ക് കൊണ്ടു വരുന്നതും ഗുണം ചെയ്യും.'
പ്രിയപ്പെട്ട ലോകകപ്പ് ഓർമകൾ
ഡീഗോ മറഡോണ 1986ൽ ലോകകപ്പ് ഉയർത്തിയത് മറക്കാനാകാത്ത അനുഭവമാണെന്നു അദ്ദേഹം പറയുന്നു.
'ഡീഗോ മറഡോണ കപ്പുയർത്തിയ 1986ലെ മെക്സിക്കോ ലോകകപ്പ് എനിക്ക് മറക്കാനാകാത്ത ലോകകപ്പ് പോരാട്ടമാണ്. ആദ്യമായി ടെലിവിഷനിലൂടെ തത്സമയം കണ്ട അനുഭവം അതായിരുന്നു. ആദ്യമായി ഞാൻ നേരിട്ട് കണ്ട ലോകകപ്പ് 2022ലെ ഖത്തറിൽ അരങ്ങേറിയ ലോക പോരാട്ടമാണ്. നേരിട്ടറിഞ്ഞ ആവേശത്തിന്റെ അനുഭവം അതായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ഒത്തുചേർന്ന ആ അന്തരീക്ഷം ഒരിക്കലും മറക്കാനാവാത്തതാണ്.'
ഇഷ്ട താരങ്ങൾ
ഇഷ്ടപ്പെട്ട താരം ജർമൻ ഇതിഹാസവും മുൻ നായകനുമായ ലോതർ മത്തേവൂസാണെന്നും ജോൺ പോൺ അഞ്ചേരി വെളിപ്പെടുത്തി.
'ജർമ്മൻ ഇതിഹാസം ലോതർ മത്തേവൂസ് ആണ് കളിക്കുന്ന കാലത്തെ എന്റെ പ്രധാന ഹീറോ. കൂടാതെ മറഡോണ, പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ, ഫ്രാൻസിന്റെ സിനദിൻ സിദാൻ എന്നിവരോടും എനിക്ക് കടുത്ത ആരാധന തോന്നിയിട്ടുണ്ട്.
കമന്ററി ബോക്സിലെ വെല്ലുവിളികൾ
ദിവസേന കുറഞ്ഞത് രണ്ട് മത്സരങ്ങളുടെയെങ്കിലും കമന്ററി ചെയ്യേണ്ടതുണ്ട്. ഇത് കഠിനമായ ജോലിയാണ്. മൈക്രോ ഫോണിന് മുന്നിൽ സംസാരിക്കുക മാത്രമല്ല, പറയുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ വലിയ രീതിയിലുള്ള ഗവേഷണവും തയ്യാറെടുപ്പുകളും ആവശ്യമാണ്. ഇതിനായി പലപ്പോഴും ഉറക്കവും വിശ്രമവും പോലും മാറ്റിവെക്കേണ്ടി വരാറുണ്ട്. എങ്കിലും ഇതൊരു ആവേശകരമായ അനുഭവമാണെന്ന് പറയാതെ വയ്യ- ജോപോൺ അഞ്ചേരി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates