ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

എൻ. ഹരി എഴുതിയ കഥ വിഗ്രഹഭഞ്ജനം

എന്‍. ഹരി

റെനേരത്തെ ആലോചനയ്ക്കുശേഷം, അർദ്ധരാത്രിയോടെ തൃപ്പേരൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽനിന്നും അവർ പുറപ്പെട്ടു. നടക്കാൻ തുടങ്ങിയപ്പോഴേ ശങ്കരപ്പിള്ളയുടെ കാലുകൾക്ക് ഭാരംകൂടി. കൈകൾ വിറച്ചു. വിറ മാറ്റുന്നതിനായി കൈകൾ ആയത്തിൽ വീശാൻ ശ്രമിച്ചെങ്കിലും കാലുകൾ അതനുസരിച്ച് ചലിക്കാതിരുന്നതിനാൽ അയാളുടെ നടത്തം പിച്ചവെയ്ക്കുന്ന കുട്ടിയുടേതുപോലെയായിരുന്നു! അകത്തെ അപ്പനേയും ആകാശത്തെ നക്ഷത്രങ്ങളേയും ഒളിക്കാൻ കഴിയില്ലെന്നുവെച്ച് ആഗ്രഹങ്ങളൊന്നും സാധിക്കാതെ മരിക്കണോ എന്ന രഘുനന്ദിന്റെ ചോദ്യത്തിനു കീഴടങ്ങിയാണ് അയാൾ അവന്റെകൂടെ പുറപ്പെട്ടത്. തൃപ്പേരൂരപ്പനും നക്ഷത്രങ്ങളും മാത്രമല്ല, ഇരുട്ടിന്റെ മറപിടിച്ച്, ഒരുപാടാളുകൾ കൂടെ വരുന്നുണ്ടെന്ന് അയാൾക്കു തോന്നി.

നാൽപത് വർഷമായി ശങ്കരപ്പിള്ള തൃപ്പേരൂർ ക്ഷേത്രത്തിലെ കാവൽക്കാരനാണ്. ദിവസവും വൈകീട്ട് ദീപാരാധനയ്ക്കു മുന്‍പ് ക്ഷേത്രത്തിലെത്തി അയാൾ ആനക്കൊട്ടിലിൽ ഇരിപ്പുറപ്പിക്കും. പുലർച്ചെ തിരുമേനി നടതുറക്കുമ്പോൾ നിർമാല്യം തൊഴുതാണ് മടക്കം.

അപൂർവം ദിവസങ്ങളിൽ മാത്രമാണ് ശങ്കരപ്പിള്ള ഒന്നു നടുവ് നിവർക്കുന്നത്. അത്തരം രാത്രികളിൽ ക്ഷേത്രമുറ്റത്ത് കേൾക്കുന്ന ചിലമ്പൊലിയും പാദപതനങ്ങളും മായക്കാവിലമ്മയുടെ വരുത്തുപോക്കിന്റേതാണെന്ന് അയാൾക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ, മൂന്നാല് മാസം മുന്‍പൊരർദ്ധരാത്രിയിൽ ഉണർന്നിരിക്കെ കേട്ട, മനുഷ്യൻ ക്ഷേത്രമതിൽ ചാടിയ ശബ്ദം ശങ്കരപ്പിള്ളയെ നീണ്ട കാവൽജീവിതത്തിലെ നിർണായക നിമിഷത്തിലെത്തിച്ചു. ഒട്ടും അമാന്തിക്കാതെ, വർഷങ്ങളായി സൂക്ഷിക്കുന്ന കാഞ്ഞിരപ്പത്തലുമായി, നാല് പതിറ്റാണ്ട് മുന്‍പത്തെ ചെറുപ്പത്തിന്റെ ഊറ്റം ആവാഹിച്ച്, അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞുചെന്നു.

ശങ്കരപ്പിള്ള എത്തുന്നതിനും മുന്‍പേ രഘുനന്ദ് എഴുന്നേറ്റു നിന്നിരുന്നു! അരണ്ടവെളിച്ചത്തിലൂടെ പാഞ്ഞടുത്ത അസാധാരണമാംവിധം മെലിഞ്ഞ ശരീരവും ആറടിയിലധികം ഉയരവുമുള്ള ആ മനുഷ്യന്റെ ചൊടികണ്ട് അവൻ ഭയന്നുപോയി!

“ചേട്ടാ അടിക്കല്ലേ.” തൊഴുതുകൊണ്ട് രഘുനന്ദ് പറഞ്ഞു: “എനിക്കൊന്ന് ഒറങ്ങിയാ മാത്രം മതി!”

ഒരു പയ്യൻ ഉറങ്ങാൻവേണ്ടി ക്ഷേത്രമതിൽ ചാടിയെന്നത് വിശ്വാസമായില്ലെങ്കിലും ശങ്കരപ്പിള്ള അടിച്ചില്ല. കോളറിനു പിടിച്ചുകൊണ്ട് അയാൾ അവന്റെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കുകയും അരയിൽ തപ്പുകയും ചെയ്തു. അവന്റെ കൈവശം ആയുധങ്ങളൊന്നുമില്ലായിരുന്നു! അനുസരണയുള്ള നായക്കുട്ടിയെപ്പോലെയാണ് അവൻ നിന്നത്! അയാൾ പിടിവിട്ടപ്പോൾ, ആനക്കൊട്ടിലിൽ മടക്കിവെച്ചിരുന്ന പുൽപ്പായ നിവർത്തി അവനതിൽ കിടന്നു. പുതിയ കുട്ടികളിങ്ങനെ ചുണയില്ലാത്തവരല്ലല്ലോ എന്ന വിചാരത്തോടെ, അല്പനേരം കഴിഞ്ഞ് ശങ്കരപ്പിള്ള മുഖം താഴ്ത്തിയപ്പോൾ, പതിഞ്ഞ താളത്തിലുള്ള കൂർക്കംവലിയുടെ ശബ്ദമാണ് കേട്ടത്!

രാവിലെ ഉറക്കമുണർന്ന രഘുനന്ദ് “ചേട്ടാ കാണാം” എന്നുപറഞ്ഞ് ധൃതിയോടെ പുറത്തേയ്ക്ക് പോയി. ഒരിക്കൽക്കൂടി അവനെ കാണില്ലെന്നാണ് അപ്പോൾ ശങ്കരപ്പിള്ളയ്ക്ക് തോന്നിയതെങ്കിലും ഉറങ്ങാൻ വേണ്ടി രാത്രിയിൽ അവൻ മടങ്ങിയെത്തി!

മൂന്ന് രാത്രികളിലെ തുടർച്ചയായ ഉറക്കത്തിനുശേഷമാണ് അവൻ ശങ്കരപ്പിള്ളയോട് വിശേഷങ്ങൾ പറഞ്ഞത്. അവന്റെ അച്ഛൻ, ആനന്ദനെ ശങ്കരപ്പിള്ളയ്ക്ക് പരിചയമുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയിലെ മോർച്ചറി സൂക്ഷിപ്പുകാരനാണയാൾ. ആശുപത്രിയുടെ മുന്‍പിലെ പുറംപോക്കിലുള്ള ചെറിയ വീട്ടിലാണ് അയാൾ താമസിക്കുന്നത്. ഒരേപോലെയുള്ള രണ്ടാൺകുട്ടികളേയും പിടിച്ചുകൊണ്ട് അയാൾ ആശുപത്രിയുടെ മുന്‍പിലെ ബേക്കറിയിൽനിന്നും ഇറങ്ങിവരുന്നത് കണ്ടിരുന്നതായി ശങ്കരപ്പിള്ളയ്ക്ക് ഓർമവന്നു. പക്ഷേ, അതിലെ മൂത്തകുട്ടിയാണ് രഘുനന്ദനെന്ന് വിശ്വസിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ആ കൊച്ചൻ ഇത്രവേഗം വളർന്നോ എന്നയാൾ സംശയിച്ചപ്പോൾ, പത്തുപന്ത്രണ്ട് വർഷം മുന്‍പാണ് താനും അനിയനും അച്ഛന്റെ കൈപിടിച്ച് ബേക്കറിയിലേക്ക് പോയതെന്ന് രഘുനന്ദ് തറപ്പിച്ചു പറഞ്ഞു. അക്കാലത്താണ് അവനും ഇളയസഹോദരനും ഇരട്ടകളെപ്പോലെയിരുന്നത്.

അനിയന് ഇരുപത്തിയൊന്ന് വയസ്സ് പ്രായമുണ്ടെന്നും തന്നെക്കാൾ ഒരു വർഷം മാത്രം ഇളപ്പമുള്ള അവനെ കണ്ടാൽ ഇപ്പോൾ തന്റെ ചേട്ടനാണെന്നു തോന്നുമെന്നും രഘുനന്ദ് പറഞ്ഞു. ഹരിനന്ദ് എന്നായിരുന്നു അവന്റെ പേര്. നാല് ദിവസം മുന്‍പ്, പതിനാറ് വയസ്സിൽ കൂടുതൽ പ്രായം മതിക്കാത്ത, മെലിഞ്ഞതെങ്കിലും സൗന്ദര്യമുള്ള ഒരു പെൺകുട്ടിയേയും വിളിച്ചുകൊണ്ട് അവൻ വീട്ടിലെത്തി. അവരുടെ പിന്നാലെ നാലഞ്ച് പൊലീസുകാരും മൂന്നു കാറുകൾ നിറയെ ആളുകളും അവരുടെ വീടിനു മുന്‍പിൽ വന്നിറങ്ങി. ആൾക്കൂട്ടം കണ്ട് ഭയന്നുപോയ രഘുനന്ദിന്റെ അമ്മ അടുക്കളയിൽനിന്ന് ഇറങ്ങിയില്ല. മോർച്ചറി പൂട്ടിയശേഷം, ഒരു പൈന്റ് റെമ്മ് തീർത്തിട്ട് കിടക്കുകയായിരുന്ന അവന്റെ അച്ഛൻ പൊലീസുകാർക്കൊപ്പം വന്നവരുടെ ഉശിരും പോർവിളിയും കണ്ട്, ലഹരിവറ്റി വീട്ടുതിണ്ണയിൽ മിണ്ടാട്ടമില്ലാതെ ഇരുന്നു. അന്നേരം പെൺകുട്ടി, ആരെയും കൂസാതെ, പൊലീസുകാരുടെ നേരെ അവളുടെ ജനന സർട്ടിഫിക്കറ്റ് നീട്ടി. അതിൽ അവളുടെ പ്രായം പതിനെട്ട് തികഞ്ഞിട്ട് മൂന്നു ദിവസം കഴിഞ്ഞിരുന്നു. കൂട്ടിയും കിഴിച്ചും നോക്കിയശേഷം, പൊലീസുകാർ റോഡിലും മുറ്റത്തുമായി പോർവിളിച്ച് നിന്നിരുന്ന പെൺകുട്ടിയുടെ സ്വന്തക്കാരെ അവിടെനിന്നും തിരിച്ചയച്ചു. അവർ പോയതു മുതൽ ഹരിനന്ദും പെൺകുട്ടിയും ആ ഒറ്റമുറി വീട്ടിൽ മധുവിധു ആഘോഷം തുടങ്ങി. ആ മുറിയുടെ പുറകിലേക്ക് ചെരിച്ചിറക്കിയ അടുക്കളയിലെ പാത്രങ്ങൾ ഒതുക്കിവെച്ചാണ് രാത്രിയിൽ രഘുനന്ദിന്റെ അച്ഛനും അമ്മയും കിടന്നത്. പെൺകുട്ടിയെ തിരിക്കിവന്നവർ വീണ്ടും വരുമോ എന്ന ആശങ്കയോടെ രഘുനന്ദ് വീട്ടുമുറ്റത്ത് കാവലിരുന്നു.

രാത്രി വൈകിയതോടെ രഘുനന്ദിന്റെ ശ്രദ്ധ സ്വന്തം വീടിനുമേൽ പതിഞ്ഞു. ഹരിനന്ദും പെൺകുട്ടിയും കിടക്കുന്ന മുറിയിൽ ഒരു കട്ടിലും ഒരു ഇരുമ്പുമേശയും രണ്ട് പ്ലാസ്റ്റിക്ക് കസേരകളുമാണുണ്ടായിരുന്നത്. ആ കസേരകളെടുത്ത് മേശപ്പുറത്ത് വെച്ചിട്ടാണ് രഘുനന്ദും അനിയനും നിലത്ത് പായവിരിച്ചുകിടന്ന് ദിവസവും ഉറങ്ങിയിരുന്നത്. അടുക്കളയിലെ പാത്രങ്ങൾ എത്ര ഒതുക്കിവെച്ചാലും അവിടെ രണ്ട് പേർക്ക് കിടക്കാനുള്ള സ്ഥലം തികയുമോ എന്ന് സംശയമുണ്ട്. ഈയിടെയായി അച്ഛനും അമ്മയും തമ്മിലുണ്ടാകാറുള്ള പിണക്കം അവിടുത്തെ കിടപ്പോടെ മാറിക്കിട്ടുമെന്ന് തമാശയോടെ ആലോചിച്ചപ്പോൾ, ഇരുന്നിരുന്ന കസേര ഊഞ്ഞാലെന്നപോലെ ആടിയതായി രഘുനന്ദിനു തോന്നി! ആട്ടം നിലച്ചപ്പോൾ, മുന്നിലെ കസേരയിൽ കയറ്റിവെച്ചിരുന്ന കാലുകൾ നിലത്തിറക്കിവെച്ച് അതിശയത്തോടെ അവൻ ചുറ്റും നോക്കി. തന്റെ വീടിനിരുവശത്തുമുള്ള നാല് വീടുകളും ഉറക്കത്തിലാണ്. ആ വീടുകൾ ഉറങ്ങുന്നതിനു മുന്‍പേ വെളിച്ചം കെടുത്തിയിരുന്ന തന്റെ വീട് ഗാഢനിദ്രയിലായിരിക്കുമെന്നാണ് രഘുനന്ദ് കരുതിയത്. പക്ഷേ, അവന്റെ വീട് ഇരുട്ടത്ത് ദിവ്യവെളിച്ചത്തിലെന്നവണ്ണം പ്രകാശിച്ചുനിന്നു! ആ വീട് ഊഞ്ഞാലിലെന്നപോലെ ആടുന്നതിനാലാണ് താൻ കസേരയിലിരുന്ന് ആടിയതായി തോന്നിയതെന്ന് അവനു മനസ്സിലായി. അദൃശ്യനായ ആരോ, പാശങ്ങളിൽ ഇരുകൈകളും പിടിച്ച്, കാൽമുട്ടുകൾ വളച്ച്, പൃഷ്ഠം വായുവിൽ ഉന്തുന്നതിന്റെ ഊക്കിൽ തന്റെ വീട് ചില്ലാട്ടം പറക്കുന്നു! അത് ആടി ആകാശത്തെ തൊടുകയും താഴ്ന്ന് മറുവശത്തേക്കുയരുകയും ചെയ്യുന്നതിന്റെ ശീല്‍ക്കാരം രഘുനന്ദിന്റെ കാതുകളിൽ വന്നലച്ചു. ആ ഒറ്റമുറി വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ഒച്ചയോടെ ഇളകി! അവൻ ആ മുറിയുടെ അടുത്തേക്ക് ഓടിച്ചെന്നെങ്കിലും ലജ്ജകൊണ്ട് പിന്നാക്കം മാറി. അടുക്കളഭാഗത്തുനിന്നും പാത്രങ്ങൾ ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ ഒച്ചയാണ് കേട്ടത്. എന്നാൽ, ആ വീടിനുള്ളിൽ ശയിച്ചിരുന്നവർ ആരും നേരം വെളുക്കുവോളം ഉറക്കം ഉണർന്നില്ല!

പുലർച്ചെ, രഘുനന്ദിന്റെ അച്ഛനും അമ്മയും അടുക്കളവാതിലിലൂടെയാണ് പുറത്തിറങ്ങിയത്. അവർ ഇളയമകന്റേയും മരുമകളുടേയും ഉറക്കത്തിനു തടസ്സം വരാതിരിക്കാൻ ശ്രദ്ധിച്ചു. ആ മുറിയിൽ കയറിക്കിടന്ന് ഒന്നു മയങ്ങുന്നതിനായി, ഹരിനന്ദും പെൺകുട്ടിയും ഉറക്കമുണരാൻ രഘുനന്ദ് കാത്തിരുന്നു. പക്ഷേ, അവർ പുറത്ത് വരുന്നതിനു മുന്‍പേ ആ മുറി പെൺകുട്ടി സ്വന്തമാക്കിയിരുന്നു. ഉറക്കമില്ലാത്ത രാപകലിനുശേഷം അന്നു രാത്രിയിലും രഘുനന്ദ് വീടിനു കാവലിരുന്നു. അന്നു വൈകീട്ട്, വളരെ വർഷങ്ങൾക്കുശേഷം, ഭാര്യയ്ക്കും മക്കൾക്കുമായി പലഹാരങ്ങളുമായാണ് രഘുനന്ദിന്റെ അച്ഛൻ മോർച്ചറി പൂട്ടി വന്നത്. അയാൾ സാധാരണയിലും കുറച്ചുമാത്രമാണ് അന്നു മദ്യപിച്ചിരുന്നത്. ആരെങ്കിലും വീടിനുനേരെ ആക്രമണം നടത്തുമെന്ന് അവർ ഭയപ്പെട്ടില്ല. എവിടെപ്പോയി കിടന്ന് ഉറങ്ങുമെന്ന് നിശ്ചയമില്ലാത്തതിനാൽ, രണ്ട് ദിവസം കൂടി രഘുനന്ദ് സ്വന്തം വീടിനു കാവലിരുന്നു. ഉടുത്തിരുന്ന കൈലിമുണ്ട് പുതച്ച് കസേരയിലിരുന്ന് ഉറങ്ങാൻ ശ്രമിച്ചപ്പോഴൊക്കെ സ്വന്തം വീടിന്റെ അവിരതസ്പന്ദനം അവനെ വിളിച്ചുണർത്തി. നാലാം ദിവസം, എവിടെയെങ്കിലും കിടന്നുറങ്ങുന്നതിനായി നഗരത്തിലാകെ അലഞ്ഞുനടന്നാണ് അവൻ തൃപ്പേരൂരപ്പന്റെ മതിൽക്കെട്ടിനു മുന്‍പിലെത്തിയത്. അവിടെ ഒരു കാവൽക്കാരനുണ്ടെന്ന് അവനറിയാമായിരുന്നു. ദൈവവും മനുഷ്യനും മുഖാമുഖം കാവലിരിക്കുന്ന ആ കോട്ടയ്ക്കുള്ളിൽ കിടന്ന് ശാന്തനായി ഉറങ്ങാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തിൽ മറ്റൊന്നും ആലോചിക്കാതെ അവൻ മതിൽ ചാടുകയായിരുന്നു.

ചിത്രീകരണം

പിറ്റേന്ന് അവർ ഒന്നിച്ചാണ് ക്ഷേത്രത്തിൽനിന്നും ഇറങ്ങിയത്. പ്രധാന റോഡിലെത്തിയതോടെ രഘുനന്ദ് താലൂക്ക് ആശുപത്രിയുടെ ഭാഗത്തേക്കു പോയി. ഒറ്റയ്ക്കായപ്പോൾ, അവൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ശങ്കരപ്പിള്ള ചിന്തിക്കാൻ തുടങ്ങി. അവൻ പറഞ്ഞതെല്ലാം കളവാണെന്ന് അയാൾക്കു തോന്നി. ആനന്ദനെ അവസാനമായി കണ്ടത് ബേക്കറിയിൽവെച്ചാണെന്നതിൽ സംശയമില്ല. ആ ബേക്കറി നിന്നിടത്ത് ഇപ്പോൾ ബയോവിഷൻ എന്നൊരു ലാബോറട്ടറിയാണുള്ളത്. അത് ഏറെനാളായി അവിടെയുണ്ടെന്ന് ഓർത്തപ്പോൾ കാര്യങ്ങളാകെ കുഴയുന്നതായി അയാൾക്കു തോന്നി. ബേക്കറി നടത്തിയിരുന്ന നാസർകുഞ്ഞ് തന്റെ പ്രായക്കാരനും പരിചയക്കാരനുമാണ്. അയാളാണ് ബ്രൂഫിയ എന്ന ഹോട്ടൽ തുടങ്ങിയത്. ആ ഹോട്ടലിനു മുന്‍പിലൂടെയാണ് ദിവസവും ക്ഷേത്രത്തിലേക്കും തിരിച്ചും പോകുന്നത്. പുലർച്ചെ ആ ഹോട്ടലിന്റെ വലിയ മുറ്റം ഒഴിഞ്ഞുകിടക്കുന്നതും വൈകുന്നേരം കാറുകളാൽ നിറഞ്ഞ് കിടക്കുന്നതും കണ്ടിട്ടുണ്ട്. നാസ്സർകുഞ്ഞിനെ കണ്ട് പരിചയം പുതുക്കണം. അവിടെനിന്ന് ഒരു ചായ കുടിക്കണം. കൂട്ടത്തിൽ, ആനന്ദനെക്കുറിച്ച് അന്വേഷിക്കുകയുമാകാം. അയാൾ നിശ്ചയിച്ചു.

ശങ്കരപ്പിള്ള അത്തരം ഹോട്ടൽ കണ്ടിട്ടില്ലായിരുന്നു! ഗ്ലാസുകൾകൊണ്ട് വേർതിരിച്ച അതിന്റെ ഭിത്തികളിൽ അയാൾക്കറിയാത്ത വിഭവങ്ങളുടെ ചിത്രങ്ങൾ പതിച്ചിരുന്നു. അവിടെയുണ്ടായിരുന്ന തരം കൊത്തുപണികൾ ചെയ്ത കസേരകളും ചില്ല് മേശകളും ലൈറ്റുകളും പരവതാനികളും അയാൾ മുന്‍പ് കണ്ടിട്ടില്ലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി അവിടെ ആരും ഉണ്ടായിരുന്നില്ല! മൂന്നാല് ചെറുപ്പക്കാർ ഗ്ലാസുകൾ തുടച്ച് കൂടുതൽ തിളക്കം വരുത്തുന്നുണ്ടായിരുന്നു. ക്യാബിനടുത്തുനിന്നിരുന്ന നാസ്സർകുഞ്ഞിനെ അയാൾക്ക് പെട്ടെന്നു മനസ്സിലായി. നാസ്സർകുഞ്ഞ് പണ്ടത്തേതിനെക്കാൾ ചെറുപ്പമായിരിക്കുന്നു!

“നാസ്സറേ, നിന്റെ കടയിൽ ഇന്നാണ് കയറാൻ പറ്റിയത്! ഒരു ചായ വേണം!” ശങ്കരപ്പിള്ള പറഞ്ഞു.

നാസ്സർകുഞ്ഞ് മാത്രമല്ല, പണിക്കാരും അതിശയത്തോടെ ശങ്കരപ്പിള്ളയെ നോക്കി.

“നാസ്സറുകുഞ്ഞേ, എന്താണൊന്നും മിണ്ടാത്തത്?” എല്ലാവരും അപരിചിതനെപ്പോലെ നോക്കുന്നതിലുള്ള അസ്വസ്ഥതയോടെ ശങ്കരപ്പിള്ള ചോദിച്ചു.

“ഞാൻ നാസ്സർകുഞ്ഞിന്റെ മകനാണ്, ഷാനവാസ്! വാപ്പ അഞ്ചാറുകൊല്ലം മുന്‍പ് മരിച്ചുപോയി!”

തന്റെ മുന്‍പിൽ നിൽക്കുന്നത് നാസ്സർകുഞ്ഞല്ലെന്നു വിശ്വസിക്കാൻ ശങ്കരപ്പിള്ളയ്ക്ക് കഴിഞ്ഞില്ല. അടുത്തുകണ്ട കസേരയിൽ പിടിച്ചുനിന്ന്, “ഒരു ചായ വേണം” എന്ന് അയാൾ ആവർത്തിച്ചു.

“ഇവിടെ ചായ ഇല്ല, കാർന്നോരേ.” നാസ്സർകുഞ്ഞിന്റ മകൻ പറഞ്ഞു.

എന്തെങ്കിലും വാങ്ങാതെ തിരിച്ചുപോകുന്നത് പന്തിയല്ലല്ലോ എന്നു കരുതി, ഒരു കുറ്റി പുട്ടോ, മൂന്ന് അപ്പമോ പൊതിഞ്ഞെടുക്കാൻ അയാൾ ഷാനവാസിനോട് പറഞ്ഞു.

“കാർന്നോരേ, ഷവായിയോ ഷവർമയോ അൽഫാമോ കുഴിമന്തിയോ ഇവിടെ കിട്ടും. അതും പതിനൊന്ന് മണിയെങ്കിലും കഴിയണം.”

“വാപ്പയ്ക്ക് എന്തായിരുന്നു അസുഖം?” ബ്രൂഫിയയിൽനിന്നും ഇറങ്ങുന്നതിനു മുന്‍പ് ശങ്കരപ്പിള്ള ചോദിച്ചു.

“പ്രായം ചെന്നിരുന്നില്ലേ?” ഷാനവാസ് തിരിച്ചു ചോദിച്ചു.

നാസ്സറുകുഞ്ഞ് പ്രായാധിക്യത്താൽ മരിച്ചെന്നതും ചായയും അപ്പവും പുട്ടും കിട്ടാത്ത ഹോട്ടലുണ്ടെന്നതും ശങ്കരപ്പിള്ളയ്ക്ക് അവിശ്വസനീയമായി തോന്നി. ബ്രൂഫിയയിൽനിന്നും പുറത്തുവന്നതോടെ അയാൾ ശരിക്കും കണ്ണുകൾ തുറന്നു ചുറ്റും നോക്കി.

“ലോകം വല്ലാതെ വളർന്നിരിക്കുന്നു!” റോഡിലൂടെ ഇരമ്പിനീങ്ങുന്ന ട്രക്കിലേക്ക് നോക്കി അയാൾ പിറുപിറുത്തു: “ഞാൻ തിന്നുന്നതൊന്നുമല്ല ഇപ്പോൾ മനുഷ്യർ തിന്നുന്നത്!”

അമ്പലത്തിലെ കാവലിനും വീട്ടിലെ പകലുറക്കത്തിനുമിടയിലൂടെ കാലം അദൃശ്യമായി കടന്നുപോയിരിക്കണം. റോഡിനിരുവശത്തും കണ്ട ബഹുനിലക്കെട്ടിടങ്ങളിലേക്ക് അയാൾ അതിശയത്തോടെ നോക്കി. ഇന്നലെ വൈകീട്ട് ഇതുവഴി പോകുമ്പോൾ ആ കെട്ടിടങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല! റോഡ് കുറച്ചുകൂടി ഇടുങ്ങിയതായിരുന്നു. രാഘവച്ചാരുടെ കാളവണ്ടിക്ക് പുറകിലിരുന്ന് പാലൂത്തറ പള്ളിക്കൂടത്തിലേക്ക് പോയത് മിനിഞ്ഞാന്നാണ്. മാധവപുരം ചന്തയിൽനിന്ന് നെല്ലിക്ക വാങ്ങിച്ചവച്ച്, ലാസ്സറച്ചായന്റെ കിണറ്റിലെ വെള്ളവും കുടിച്ച്, ഇരപ്പൻമ്പാറയ്ക്കടുത്തുള്ള വെള്ളക്കെട്ടിൽ കാലുകൊണ്ട് പടക്കമടിച്ചാണ് വൈകീട്ട് തിരിച്ചുവന്നത്.

ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കിടന്നുറങ്ങുമ്പോൾ കണ്ട സ്വപ്നത്തിലാണ് രഘുനന്ദ് മതിൽചാടി വന്നതെന്ന് അയാൾക്കു തോന്നി. പക്ഷേ, അത് ഇന്നലെത്തന്നെയാണോ എന്നുറപ്പിക്കാനാവുന്നില്ല. നാൽപ്പത് വർഷമായി ഉറക്കമായിരുന്നെന്നും ആ ഉറക്കത്തിൽ കണ്ട ചില സ്വപ്നങ്ങൾ മാത്രമേ ഓർക്കുന്നുള്ളെന്നും അയാൾക്കു തോന്നി. അമ്മ മരിച്ചതായി കണ്ടതും അത്തരത്തിലൊരു സ്വപ്നമാണെന്നു ഭാവിച്ചാണ് അയാൾ വീടിനുള്ളിലേക്ക് കയറിയത്. അടിച്ചുവാരാതെയിട്ടിരിക്കുന്ന മുറികളിൽ അരണയും ചിതലും ഉറുമ്പും ഗൗളിയും അനാഥരായി നടക്കുന്നു.

ഭാരതിയെ ഈ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നെങ്കിൽ താനിങ്ങനെ കിടന്നുറങ്ങിപ്പോകുമായിരുന്നോ എന്നയാൾ ഓർത്തു.

“അവൾ ചോത്തിയാണ്! ഞാനും അവളും ഒന്നിച്ചിവിടെ പൊറുക്കത്തില്ല!”

ചക്കച്ചുള പറിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരിയായ അമ്മ, കയ്യിൽ പറ്റിയ അരക്ക് തവിട് തേച്ചിളക്കാൻ പാടുപെടുന്നതിനിടയിൽ, അരിശത്തോടെ പറഞ്ഞു.

ചിറകുണ്ടായിരുന്ന ചിതലിനു പുറകെ അടിവെച്ച് നീങ്ങിയ പല്ലിയോട്, “നീയങ്ങ് പുളുത്തും!” എന്ന് ശങ്കരപ്പിള്ള കുറച്ചുറക്കെ പറഞ്ഞു.

ഗൗളി ചിതലിനെ വായിലാക്കി പത്തായത്തിനു കീഴിലേക്ക് ഓടിയൊളിച്ചു.

സങ്കടത്തോടെ അയാൾ ജനാലയിലൂടെ അയൽവീടുകളിലേക്കു നോക്കി. പടിഞ്ഞാറുവശത്തെ പാണന്റയ്യത്ത് വീട് പൊളിച്ച് ഇരുനിലവീട് കെട്ടിയിരിക്കുന്നു. അവിടെ താമസിക്കുന്നത് രാഘവച്ചാരുടെ മകനോ ചെറുമകനോ? കിഴക്കുവശത്തെ തോപ്പിൽ പടീറ്റതിൽ പുരയിടം പണ്ടേ വിറ്റുപോയിരുന്നു. മുൻവശത്തെ ഗേറ്റിനിടയിലൂടെ, ആ പറമ്പിൽ പണിതിരിക്കുന്ന ‘വൈറ്റ് പാലസ്’ എന്ന കൂറ്റൻ വീട് കാണാം. ഹിന്ദിക്കാരനായ ഒരു കാവൽക്കാരനല്ലാതെ അവിടെയാരുമില്ല. തന്റെ ‘കൊട്ടാരത്തിൽ തറയിൽ’ വീട് സിമന്റ് തേക്കാത്ത ചുവരുകളുമായി മേൽക്കൂരയിലെ ഓടിളകി പത്തറുപത് വർഷം പുറകിൽ പോയി പാത്തുനിൽക്കുകയാണ്.

“നീയല്ല! ഞാനാണൂമ്പിപ്പോയത്; ദൈവത്തിന്റെ കാവൽക്കാരൻ!” ഒളിഞ്ഞിരുന്നു ചിലയ്ക്കുന്ന പല്ലിയോട് കുറച്ചുകൂടി ഉറക്കെ അയാൾ പറഞ്ഞു. “ചോത്തിയെ വീട്ടിൽ കേറ്റില്ലെന്നു പറഞ്ഞ തള്ളയും വയസ്സു ചെന്ന് വെള്ളം കുടിക്കാതെ പുഴുത്തു ചത്തു!”

ശങ്കരപ്പിള്ളയ്ക്ക് അപ്പോൾത്തന്നെ രഘുനന്ദിനെ കാണണമെന്നു തോന്നി. അമ്പലത്തിൽനിന്നും വന്നാലുടനെ കഞ്ഞിവെക്കാൻ അടുപ്പ് കത്തിക്കുന്ന ശീലം ഉപേക്ഷിച്ച് അയാൾ തിരിച്ചിറങ്ങി. കൊട്ടാരത്തിൽ തറയിൽ വീട് കുപ്പത്തൊട്ടിപോലെ കിടക്കുമ്പോൾ അവനെന്തിനാണ് ഉറങ്ങാനിടമില്ലാതെ അലയുന്നത്? അവന്റെ ജാതി ചോദിക്കാൻ ഒരു മുതുകെഴവിം ഇപ്പോൾ ഇവിടില്ല! പല്ലീം അരണേം പോയി മൂഞ്ചട്ടെ! എല്ലാത്തിനേം തല്ലിയെറക്കണം! മനുഷ്യശബ്ദം പുരയ്ക്കുള്ളിൽ കേൾക്കണം.

രഘുനന്ദിന്റെ വീട്ടിലെത്തിയതോടെ ശങ്കരപ്പിള്ളയുടെ സംശയങ്ങളെല്ലാം മാറി. അവനെ കണ്ടത് സ്വപ്നത്തിലല്ലെന്ന് അയാൾക്കുറപ്പായി. ഒരു പെൺകുട്ടി പകൽ വെളിച്ചത്തിലും അവിടെ പ്രകാശിച്ചു നിന്നിരുന്നു! കട്ടിലിൽ കിടന്നിരുന്ന ഹരിനന്ദ് അവിടെനിന്ന് എഴുന്നേൽക്കാതെ, രഘു ആറ്റിൽ ചൂണ്ടയിടുന്നുണ്ടാവുമെന്നു പറഞ്ഞു. ദേഹമാകെ പുതച്ചിരുന്നതിനാൽ അവന്റെ തടിച്ച ശരീരം അയാൾക്കു കാണാൻ കഴിഞ്ഞില്ല. പുതപ്പിന്റെ നടുഭാഗം സർക്കസ് കൂടാരംപോലെ ഒറ്റത്തൂണിൽ ഉയർന്നുനിൽക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു! അവന്റെ മുഖം പെൺകുട്ടിയുടേതുപോലെ തീരെ ചെറുതായിരുന്നു. ആറ്റുതീരത്തേക്ക് നടക്കുമ്പോൾ ഭാരതിയെ ആദ്യം കാണുമ്പോഴുള്ളതിലും പ്രായക്കുറവാണ് ആ പെൺകുട്ടിക്കെന്ന് അയാൾക്കു തോന്നി. ഭാരതി ആ പെൺകുട്ടിയെപ്പോലെ തന്റെ വീട്ടിലേക്ക് ഓടിക്കയറി വന്നിരുന്നെങ്കിലെന്ന് ആറ്റുതീരത്ത് തളർന്നിരുന്ന് അയാൾ വെറുതെ ചിന്തിച്ചു. കുറച്ചുകൂടി വെയിലുറച്ചപ്പോഴാണ്, കുളഞ്ഞിക്കാടിനുള്ളിൽ ചൂണ്ടക്കോലും പിടിച്ച്, പൊൻമാനെപ്പോലെ ധ്യാനിച്ചിരിക്കുന്ന രഘുനന്ദിനെ അയാൾ കണ്ടെത്തിയത്!

“നീ എന്റെകൂടെ വരണം. എന്റെ വീടൊന്ന് വൃത്തിയാക്കാൻ നിന്റെ സഹായം വേണം!” അയാൾ അവനോട് ഒരു ചൂണ്ടക്കാരന്റെ അവധാനതയോടെ പറഞ്ഞു.

ഒരു മീൻപോലും കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നെങ്കിലും രഘുനന്ദ് അയാളുടെ കൂടെ വരാൻ തയ്യാറായി. അവർ ആ ദിവസം മുഴുവൻ പരിശ്രമിച്ച് വീട് വൃത്തിയാക്കി. വൈകുന്നേരമായപ്പോഴേക്കും ആ വീട് കണ്ണാടിപോലെ തിളങ്ങി. അവിടെ വിഹരിച്ചിരുന്ന ചിലന്തിയും പല്ലിയും അരണയും ചരിത്രാതീതകാലത്തെ ദിനോസോറുകളെപ്പോലെ അപ്രത്യക്ഷരായി!

“നീ ഇന്നു മുതൽ ഇവിടെ കിടന്നോ!” വൈകുന്നേരം അയാൾ രഘുനന്ദിനോട് പറഞ്ഞു.

അവനത് കേട്ടതായി ഭാവിച്ചില്ല. “ദോ, അതുപോലൊരു വീട്ടിൽ കെടന്നൊറങ്ങീട്ട് മരിക്കണമെന്നാണ് എന്റെ ആഗ്രഹം!” മതിലിനു മുകളിലൂടെ കിഴക്കുവശത്തെ വീട്ടിലേക്കു നോക്കി അവൻ പറഞ്ഞു.

“അതൊരിക്കലും നടക്കത്തില്ല! നിനക്കും എനിക്കുവൊന്നും അതുപോലൊള്ള വീട്ടിൽ കെടക്കാൻ യോഗവില്ല. അവിടത്തെ കാവൽക്കാരൻപോലും ആ വീടിനകത്ത് കേറീട്ടൊണ്ടാവില്ല!”

വൈകീട്ട് ക്ഷേത്രത്തിലേക്ക് ഒന്നിച്ച് നടക്കുമ്പോൾ കിഴക്കുവശത്തെ വീടിന്റെ മുന്‍പിൽ ചെന്ന് ഗേറ്റിനിടയിലൂടെ അകത്തേക്ക് നോക്കി അവർ രണ്ടുപേരും കുറേനേരം നിന്നു.

“ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റോം വല്യ വീടാണിത്! കെടക്കുവാണെങ്കിൽ ഇതിനുള്ളിൽത്തന്നെ കെടന്നൊറങ്ങണം.” രഘുനന്ദ് ആവർത്തിച്ചു.

“പോയിനെടാ നാറികളേ, കാഴ്ച കാണാൻ നിൽക്കാതെ!” അകത്തു നിന്നിരുന്ന കാവല്‍ക്കാരൻ ഹിന്ദി പറഞ്ഞ് അവരെ ഓടിക്കാൻ നോക്കി.

“പോടാ നായെ, കൊരയ്ക്കാതെ!” രഘുനന്ദ് വടക്കേ ഇന്ത്യവരെ കേൾക്കത്തക്കവണ്ണം ഉറക്കെ പറഞ്ഞു!

രാത്രി ആനക്കൊട്ടിലിലിരുന്ന് രഘുനന്ദ് മൂന്നാമതും അവന്റെ ആഗ്രഹം പറഞ്ഞു. അത്രയും വലുതല്ലെങ്കിലും ആളുതാമസമില്ലാത്ത പല വീടുകളും നാട്ടിൽ ഒഴിഞ്ഞുകിടപ്പുണ്ടെന്നും അതിലേതെങ്കിലും ഒന്നു കുത്തിത്തുറന്ന് പോയിക്കിടന്നുറങ്ങാനും ഒട്ടൊരു തമാശയോടെ ശങ്കരപ്പിള്ള അവനോടു പറഞ്ഞു. വൈറ്റ് പാലസിലെ കാവൽക്കാരനെ ഒളിച്ച് ആ വീടിന്റെ മുറ്റത്തുപോലും കടക്കാൻ കഴിയില്ലെന്ന് അയാൾ ഓർമിപ്പിച്ചു. അപ്പോൾ മറുപടി പറയാതെ കിടന്നുറങ്ങിയ രഘുനന്ദ് പിറ്റേന്നും ശങ്കരപ്പിള്ളയോട് അതേ ആഗ്രഹം ആവർത്തിച്ചു!

“നിന്റെ പ്രായത്തിൽ ഒരു പെണ്ണിനെയാണ് ഞാൻ ആഗ്രഹിച്ചത്.” ശങ്കരപ്പിള്ള ഗൗരവത്തിൽ പറഞ്ഞു. “പലവിധ തടസ്സങ്ങളാൽ, ഞാനാഗ്രഹിച്ചവൾ എന്റെ കൂടെ വരാനോ, അവളെ വിളിച്ചോണ്ടുവരാനോ എനിക്കു കഴിഞ്ഞില്ല. നീ ഈ പ്രായത്തിൽ വല്ലവന്റേം വീട്ടിക്കെടന്ന് ഒറങ്ങണമെന്നു വിചാരിക്കാതെ, ഒരു പെണ്ണിന്റെ കൂടെ കെടക്കണമെന്നാണാഗ്രഹിക്കേണ്ടത്. അല്ലെങ്കിൽ, എന്നെപ്പോലെ, ഒരു ചെറുക്കൻ കൂട്ടിനൊണ്ടായാൽ കൊള്ളാവെന്ന് വിചാരിക്കുമ്പോൾ, ചെറുക്കൻ പോയിട്ട്, ഒറക്കംപോലും കാണത്തില്ല!”

അയാൾ പിന്നീട് ഭാരതിയെക്കുറിച്ചാണ് സംസാരിച്ചത്.

കുറേനേരം കഴിഞ്ഞപ്പോൾ, ഭാരതിച്ചേച്ചിക്ക് എത്ര വയസ്സ് കാണുമെന്ന് രഘുനന്ദ് ചോദിച്ചു.

“അവൾ ചേച്ചിയല്ല!” അയാൾ വേഗം അവനെ തിരുത്തി. “നിന്നേക്കാൾ എളേതാ. പത്തൊമ്പത് വയസ്സ്!”

രഘുനന്ദ് അന്തംവിട്ട് നോക്കുന്നതു കണ്ട് അയാൾ വിശദീകരിച്ചു: “എന്റെ ഭാരതി വളർന്നില്ല. ആരുടേയോ ഭാരതിയാണ് വളർന്ന് രണ്ട് പെൺമക്കളെ പെറ്റത്! ആ പെങ്കൊച്ചുങ്ങളും വളർന്നു പലവഴിക്ക് പോയി! ഭാരതി ഇപ്പോഴും പനമ്പള്ളി പാലത്തിന്റെ വടക്കുവശത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അവൾ കുറേനാൾ മുന്‍പുവരെ തൃപ്പേരൂരപ്പനെ തൊഴാൻ ഇവിടെ വരാറുണ്ടായിരുന്നു. ഞാനവളെ വെറുതെ നോക്കിനിൽക്കും. നമ്മൾ ചില മോഹത്തെ കാലത്തിന്റെ ഭിത്തിയിൽ ആണിയടിച്ച് തൂക്കും. എന്നിട്ടതിന്റെ മുന്‍പീന്ന് മാറത്തില്ല. കാലം മാത്രം ഓടും! അതുകൊണ്ട് മോനേ, നടക്കാത്തതൊന്നും നീ ആണിയടിച്ച് തൂക്കല്ലേ.”

ശങ്കരപ്പിള്ള വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ത്രീ പനമ്പള്ളി പാലത്തിനു വടക്കുവശത്ത് താമസിക്കുന്നുണ്ടെന്നു മാത്രം രഘുനന്ദിനു മനസ്സിലായി.

“ശങ്കരേട്ടാ, നിങ്ങളേപ്പോലാണ് ഞാനെന്നു വിചാരിക്കല്ലേ, അതുപോലൊരു വീട്ടിക്കെടന്ന് ഒറങ്ങണമെന്ന് ഞാൻ വിചാരിച്ചാൽ നാളെത്തന്നെ അവിടെ കെടന്നൊറങ്ങും! ഇതിനകത്തിരുന്ന് ഒറങ്ങുന്ന തൃപ്പേരൂരപ്പനാണെ സത്യം!” അവൻ അടഞ്ഞുകിടക്കുന്ന ചുറ്റമ്പലവാതിലിനുനേരെ ചൂണ്ടി പറഞ്ഞു.

ഭയന്നുപോയ ശങ്കരപ്പിള്ള അവനു കിടക്കാൻ അപ്പോൾത്തന്നെ പായ വിരിച്ചു.

പിറ്റേന്ന് രഘുനന്ദ് ക്ഷേത്രത്തിലെത്തിയില്ല. സ്ഥിരമായി വരാൻ തുടങ്ങിയതോടെ അവനെത്തിയതിനുശേഷമേ ശങ്കരപ്പിള്ള ഗോപുരവാതിൽ അടയ്ക്കാറുള്ളായിരുന്നു. രാത്രി വൈകിയിട്ടും രഘുനന്ദിനെ കാണാതായപ്പോൾ ആശങ്കയോടെ അയാൾ കാവൽ ജീവിതത്തിലാദ്യമായി തൃപ്പേരൂരപ്പനെ മറന്നു ഗോപുരത്തിന്റെ വാതിൽ പുറത്തുനിന്നും പുട്ടി തന്റെ വീടിന്റെ ഭാഗത്തേയ്ക്ക് നടന്നു. അവൻ വൈറ്റ് പാലസിലേക്ക് പോയിട്ടുണ്ടെങ്കിൽ ഹിന്ദിക്കാരന്റെ തല്ലുകൊണ്ട് കള്ളനെന്ന പേരോടെ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്ന് അയാൾക്കു തോന്നി.

പ്രകാശത്തിൽ കുളിച്ച് കിടന്ന വൈറ്റ് പാലസിനു ചുറ്റും ഹിന്ദിക്കാരൻ ഉപഗ്രഹം കണക്കെ വലം വെക്കുന്നുണ്ടായിരുന്നു. തൃപ്പേരൂരപ്പന്റെ കാവലേറ്റ നാളുകളിൽ താനും അതുപോലെയാണ് ക്ഷേത്രത്തിനു ചുറ്റും നടന്നിരുന്നതെന്ന് അയാളോർത്തു. രഘുനന്ദിനെ ആ വീടിന്റെ മുന്‍പിലോ മതിൽക്കെട്ടിനു സമീപത്തോ കാണാതെ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ തന്റെ വീടിന്റെ പടിഞ്ഞാറുവശത്തെ മുറ്റത്ത് ഒരു നിഴലനക്കം അയാൾ കണ്ടു. സംശയിച്ചതുപോലെ അത് രഘുനന്ദായിരുന്നു! ഇരുട്ടത്തിരുന്ന് അവൻ ഒരു നീണ്ട തടിക്കഷണത്തിൽ കുറുക്കുകമ്പുകൾ കെട്ടി ഏണിയുണ്ടാക്കുകയായിരുന്നു!

“എടാ, കഴുവർടാ മോനേ? നീ ഇവിടിരുന്ന് എന്തോ ഒണ്ടാക്കുവാ?” അയാൾ പതിഞ്ഞ കാൽവെപ്പുകളോടെ അവന്റെ അടുത്തേക്ക് ചെന്നു ശബ്ദമടക്കി ചോദിച്ചു.

“ശങ്കരേട്ടാ”, എഴുന്നേറ്റുനിന്ന് അവൻ പറഞ്ഞു. “മതില് കേറാൻ ഈ ഏണി മതി!” അരയിൽനിന്നും ഒരു കമ്പിക്കഷണം വലിച്ചൂരിക്കൊണ്ട് അവൻ തുടർന്നു: “പുറകുവശത്തെ കതക് പൊളിക്കാൻ ഈ ലിവറും!”

“എടാ, കൊച്ചുമൈരേ!” ശങ്കരപ്പിള്ള അവന്റെ കഴുത്തിൽ പിടിച്ചു. “നീ കള്ളനാന്നോടാ!”

അയാൾ അവന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് റോഡിലേക്ക് നടന്നു. കാവൽക്കാരൻ ഇല്ലാത്ത ദിവസം അവിടെ കയറാമെന്നും അതിനു താൻകൂടി സഹായിക്കാമെന്നും പറഞ്ഞാണ് അന്നയാൾ അവനെ ക്ഷേത്രത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നാലു മാസം കഴിഞ്ഞിരിക്കുന്നു.

പലപ്രാവശ്യം രഘുനന്ദ് വൈറ്റ് പാലസിലേക്ക് പോകുന്നതിനെപ്പറ്റി പറഞ്ഞെങ്കിലും ശങ്കരപ്പിള്ള തടയുകയായിരുന്നു. എന്നാൽ, നാലഞ്ച് ദിവസമായി അവിടെ കാവൽക്കാരന്റെ സാന്നിദ്ധ്യം ഇല്ലെന്നു കണ്ടതോടെ രഘുനന്ദിനെ അവിടേക്ക് സുരക്ഷിതനായി അയക്കാമെന്ന് അയാൾക്കു തോന്നി. സംശയനിവാരണത്തിനായി രാവിലെ അയാൾ ആ വീടിനു മുന്‍പിൽച്ചെന്ന് ഒന്നുകൂടി നോക്കിയുറപ്പിച്ചിരുന്നു. കുറച്ച് കിഴക്കുമാറിയുള്ള മറ്റൊരു ബംഗ്ലാവിൽ താമസിക്കുന്ന തര്യൻ ജോസഫ് അപ്പോൾ ആ വീടിന്റെ ഗേറ്റ് പുറത്തുനിന്നു പൂട്ടുന്നുണ്ടായിരുന്നു. അയാളുടെ മൂത്തമകന്റെ വീടാണത്. നാട്ടിലേക്കു പോയ സെക്യൂരിറ്റി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങിവരുകയുള്ളെന്നും വൈകീട്ട് ലൈറ്റിടുകയും രാവിലെ കെടുത്തുകയും ചെയ്യേണ്ടത് തന്റെ ജോലിയായെന്നും അയാൾ ശങ്കരപ്പിള്ളയോടു പറഞ്ഞു.

ചിത്രീകരണം

ശങ്കരപ്പിള്ള ആഹ്ലാദം അടക്കിച്ചിരിച്ചു!

സ്വന്തം കാലുകൾക്കു താങ്ങാൻ കഴിയാത്തത്ര അസാമാന്യവലിപ്പവും കിളിയുടെ ഒച്ചയുമുള്ളൊരു മനുഷ്യനായിരുന്നു തര്യൻ ജോസഫ്. തന്റെ ശബ്ദം കേട്ടാണ് ശങ്കരപ്പിള്ള ചിരിച്ചതെന്നു കരുതി മറ്റൊന്നും പറയാൻ നിൽക്കാതെ പിണക്കം ഭാവിച്ച് അയാൾ പെട്ടെന്ന് അവിടെനിന്നും പോയി! മുന്‍പൊരിക്കൽ, ആ വീടിനു മുന്‍പിൽനിന്ന്, മൂത്തമകൻ താമസിക്കുന്ന അമേരിക്കയിലെ മിനിസോട്ട എന്ന സ്ഥലത്ത് പോയതിനെക്കുറിച്ച് അരമണിക്കൂർ നേരം അയാൾ ശങ്കരപ്പിള്ളയോട് സംസാരിച്ചിരുന്നു.

“അതൊരു സ്വർഗമാണ്! പക്ഷേ, ആസ്തമ കൂടിയതിനാൽ നരകത്തിലൂടെയാണ് തിരിച്ചുവന്നത്!” അന്നയാൾ പറഞ്ഞതിൽ അതു മാത്രമേ ശങ്കരപ്പിള്ളയ്ക്ക് ഓർക്കാൻ കഴിഞ്ഞുള്ളൂ.

വൈറ്റ് പാലസിന്റെ കാവൽക്കാരൻ നാട്ടിൽപോയ വിവരം രാത്രിയിൽ ശങ്കരപ്പിള്ള രഘുനന്ദിനോട് പറഞ്ഞു. കേടുപാടുകൾ വരാത്തവണ്ണം പുറകുവശത്തെ കതക് തിക്കിത്തുറക്കുകയും രാവിലെ ചേർത്തടച്ചിട്ട് പോരുകയും ചെയ്താൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അതിനുള്ളിൽ കിടന്നുറങ്ങാമെന്ന് അയാൾ സൂചിപ്പിച്ചതോടെ പുൽപ്പായ വിരിച്ച് കിടക്കാൻ തുടങ്ങുകയായിരുന്ന രഘുനന്ദ് സന്തോഷത്തോടെ ചാടിയെഴുന്നേറ്റു.

“എന്നാൽ, നമ്മൾക്കൊന്നിച്ച് പുറപ്പെടാം!” അവൻ പറഞ്ഞു.

“എനിക്കൊരു കൊട്ടാരത്തിലും കെടക്കെണ്ട.” ശങ്കരപ്പിള്ള ദേഷ്യപ്പെട്ടു.

“കൊട്ടാരത്തിലേക്കല്ല; ഒരു സ്വർഗത്തിലേക്കാണ് ശങ്കരേട്ടൻ പോകുന്നത്! ഭാരതി ചേച്ചിയുടെ വീട്ടിലേക്ക്!”

“പോടാ!” ശ്രീകോവിലിനുനേരെ നോക്കി ശങ്കരപ്പിള്ള കൈകൂപ്പി കരഞ്ഞു.

തുടർന്ന്, തൃപ്പേരൂരപ്പനും നക്ഷത്രങ്ങളും വരെ വന്നിടപെട്ട അവരുടെ തർക്കം ശങ്കരപ്പിള്ള രഘുനന്ദിനൊപ്പം പുറപ്പെട്ടപ്പോഴാണ് അവസാനിച്ചത്.

മെയിൻ റോഡിലെത്തിയതോടെ അവർക്ക് രണ്ടു വഴിക്ക് പിരിയേണ്ടതായി വന്നു. തനിച്ച് വിട്ടാൽ ശങ്കരപ്പിള്ള പാലം കടക്കുമോ എന്ന സംശയം തോന്നിയതിനാൽ രഘുനന്ദ് അയാളോടൊപ്പം പനമ്പള്ളി പാലം കഴിയുന്നതുവരെ നടന്നു. ഇനി മടങ്ങിപ്പോകില്ലെന്ന് ശങ്കരപ്പിള്ള പലവട്ടം ഉറപ്പു പറഞ്ഞെങ്കിലും പാലമിറങ്ങി അരണ്ടവെളിച്ചത്തിലൂടെ തിരിഞ്ഞുനോക്കാതെ അയാൾ ഭാരതിയുടെ വീടിനെ ലക്ഷ്യമാക്കി പോകുന്നതു കണ്ടാണ് രഘുനന്ദ് പിന്തിരിഞ്ഞത്.

ഇരുണ്ട രൂപമുള്ളൊരാൾ ഒഴുക്കുനിലച്ചു കിടന്ന നദിയിലൂടെ പനമ്പള്ളി ഭാഗത്തുനിന്നും ക്ഷേത്രഭാഗത്തേക്കു തോണി തുഴയുന്നതും നോക്കി രഘുനന്ദ് വൈറ്റ് പാലസ് ലക്ഷ്യമാക്കി ഓടുകയായിരുന്നു.

ഓടിക്കിതച്ചുതന്നെയാണ് അവൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ തിരിച്ചെത്തിത്! അവിടെ കടത്തിണ്ണയിലിരുന്ന ശങ്കരപ്പിള്ള അവനെ കണ്ട് പൊട്ടിക്കരഞ്ഞു.

“ശങ്കരേട്ടൻ പോയില്ലേ?” അവൻ അണച്ചുകൊണ്ടു ചോദിച്ചു.

“പോയി!” അയാൾ കരഞ്ഞു.

“വേഗം വാ!” അവൻ അയാളുടെ കയ്യിൽ പിടിച്ചുകൊണ്ട് ക്ഷേത്രത്തിനുനേരെ ഓടാൻ ശ്രമിച്ചു.

“എനിക്ക് ഒരടി നടക്കാൻ വയ്യാടാ!” അയാൾ പിന്നെയും ഉച്ചത്തിൽ കരഞ്ഞു.

“ശങ്കരേട്ടാ”. അവനും കരയുംപോലെ പറഞ്ഞു. “നമ്മുടെ പുറകെ പൊലീസൊണ്ട് വേഗം അമ്പലത്തിനുള്ളിൽ കേറി ഒളിക്കണം.”

റോഡിലൂടെ വരുന്ന പൊലീസ് വാഹനത്തിന്റെ ബീക്കൻ ലൈറ്റ് കണ്ട് അവൻ ശങ്കരപ്പിള്ളയെ കടയുടെ പുറകിലേക്ക് വലിച്ച് മാറ്റി. അയാൾ നിലത്തിരുന്ന് വീണ്ടും കരഞ്ഞു.

“ഇരട്ടാണെന്നു വിചാരിക്കണ്ട. ലോകമാകെ കൺതുറന്നിരിക്കുകയാണ്!” കടയുടെ ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി അവൻ ഒച്ച താഴ്ത്തി പറഞ്ഞു.

ശങ്കരപ്പിള്ള നിലത്തുനിന്നും എഴുന്നേറ്റില്ല. അയാൾ കരച്ചിൽ നിർത്തിയതുമില്ല.

“ശങ്കരേട്ടൻ കരയാതെ കാര്യം പറ!” അക്ഷമനായി രഘുനന്ദും അവിടെ ഇരുന്നു.

“പേടിയും മടിയും കാരണം ഭാരതിയുടെ മുറ്റത്തുനിന്നും പലപ്രാവശ്യം ഞാൻ മടങ്ങിപ്പോരാൻ തുടങ്ങിയതാണ്.” തേങ്ങിക്കരച്ചിലോടെ അയാൾ പറഞ്ഞു: “പക്ഷേ, ഒടുക്കം ജാരനെപ്പോലെ പതിഞ്ഞ ശബ്ദത്തിൽ പേരുവിളിച്ചുകൊണ്ട് ഞാനവളുടെ കതകിനു മുട്ടി! കുറേനേരം വിളിച്ചിട്ടും അവൾ ഉണർന്നില്ല. കാലങ്ങളായുള്ള ഉറക്കത്തിൽനിന്നും അവളെ ഉണർത്താൻ ആ ശബ്ദം മതിയാവില്ലെന്നു കരുതി ഞാൻ കുറച്ചുകൂടി ഒച്ചയുയർത്തി വിളിക്കുകയും കതകിൽ തട്ടുകയും ചെയ്തു. എപ്പോഴാണ് എന്റെ ശബ്ദം പിടിവിട്ടതെന്ന് ഓർമയില്ല. അയൽക്കാർ ലൈറ്റുകളിട്ട് എഴുന്നേറ്റ് വന്നപ്പോൾ ഞാനവളുടെ കതകിൽ ആഞ്ഞിടിച്ച് നിലവിളിക്കുകയായിരുന്നു! ഏതോ ഭ്രാന്തൻ ആയിരിക്കുമെന്നാണ് അവർ കരുതിയത്. അടുത്തുവന്നപ്പോൾ അമ്പലത്തിലെ കാവൽക്കാരനെ പലർക്കും മനസ്സിലായി! “ഭാരതീ...” എന്ന ആവർത്തിച്ചുള്ള എന്റെ നിലവിളി കേട്ട്, “അവർ മരിച്ചോ” എന്നു പലരും ചോദിച്ചു. അയൽക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി എന്നെ കുറച്ചകലേയ്ക്ക് മാറ്റിനിർത്തി, “മിസ്റ്റർ ശങ്കർപിള്ള, നിങ്ങൾ അല്പം വൈകിപ്പോയി” എന്നു പറഞ്ഞു.

എന്റെ ഭാരതി മരിച്ചിരിക്കുമെന്ന് ആ നിമിഷം എനിക്കും തോന്നി.

“മിസ്റ്റർ പിള്ള, നിങ്ങൾ എന്നെങ്കിലും ഇവിടേക്ക് വരുമെന്നു വിചാരിച്ചാകണം ഭാരതി മാം ഈ വീട്ടിൽ ഏറെനാൾ ഒറ്റയ്ക്ക് കാത്തിരുന്നത്. തീരെ കിടപ്പായിപ്പോയ അവരെ ഇളയ മകൾ വന്ന് കഴിഞ്ഞാഴ്ച ദില്ലിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇനി ഒരു മടങ്ങിവരവ് ഉണ്ടാകില്ല. നിങ്ങളിവിടെ വരുകയാണെങ്കിൽ ഇതു പറയാൻ ഒരാളെങ്കിലും ഉണ്ടാകണമെന്നു കരുതിയായിരിക്കും അവർ നിങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത്!”

അവൾ എന്റെ കൈകൾ പിടിച്ച് വാത്സല്യത്തോടെ അമർത്തി. എന്റെയുള്ളിൽ മായാതെ നിന്നിരുന്ന ദാവണി ചുറ്റിയ ഭാരതി ടീ ഷർട്ടും പാന്റുമിട്ട് വന്ന് കൈപിടിക്കുന്നതായി എനിക്കു തോന്നി. പോയ വസന്തം ഒരിക്കലും മടങ്ങിവരില്ലെന്ന് അവളെന്നോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു!

“ഇനി ഞാൻ ആ നടയിലേക്കില്ല.” അയാൾ ക്ഷേത്രത്തിനു നേരെ നോക്കി കരഞ്ഞുകൊണ്ടു പറഞ്ഞു. “എത്രയോ രാത്രികളിൽ ദൈവവും ഞാനും മാത്രമായിരുന്ന് ലോകകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്! ഒരിക്കൽപ്പോലും ആ ദൈവം എന്നോട് ഭാരതിയെക്കുറിച്ച് ചോദിച്ചിട്ടില്ല! അവളുടെ മനസ്സ് കാണാനൊള്ള സൂചന തന്നില്ല!”

ശങ്കരപ്പിള്ള കരച്ചിൽ നിർത്താൻ ഭാവമില്ലെന്നു കണ്ട് അസ്വസ്ഥതയോടെ രഘുനന്ദ് ചുറ്റും നോക്കി.

അവന്റെ ഭയപ്പാട് കണ്ട് അയാൾ കണ്ണീർ തുടച്ചു.

“എന്റെ കഥ കഴിഞ്ഞു! നീ എന്താണ് ഇത്രയും നേരത്തേ മടങ്ങിപ്പോന്നത്? ഒന്നുറങ്ങാനുള്ള സമയമായില്ലല്ലോ?” അയാൾ രഘുനന്ദിനോട് ചോദിച്ചു.

“ഞാൻ മതിൽ ചാടി ആ വീട്ടുമുറ്റത്ത് എത്തിയപ്പോഴേക്കും ഒരു തടിയനും കുറച്ച് പൊലീസുകാരും രണ്ട് വഴിക്കുകൂടി ഗേറ്റിനു മുന്‍പിലെത്തി!” രഘുനന്ദ് ലാഘവത്തോടെ പറഞ്ഞു: “തടിയൻ ഫോണിലൂടെ ചോദിച്ചതിനൊക്കെ ആരോ മറുപടി പറയുന്നുണ്ടായിരുന്നു. അതുകേട്ട് അയാൾ പൊലീസുകാരോട് സെക്യൂരിറ്റിയുടെ ഔട്ട് ഹൗസിനു പുറകിൽ കള്ളൻ പതുങ്ങി നിൽപ്പുണ്ടെന്നു പറഞ്ഞു. അവിടെ നിന്നിരുന്നത് ഞാനായിരുന്നു! ഭയന്നുപോയ ഞാൻ വീടിനു പുറകിലേക്കോടിയപ്പോൾ, അവൻ വീടിനു പുറകിലേക്ക് ഓടിയിട്ടുണ്ടെന്ന്, ഗേറ്റ് തുറക്കുന്നതിനയിൽ, അയാൾ വീണ്ടും വിളിച്ചു പറഞ്ഞു. പൊലീസുകാർ പരസ്പരം പറയുന്നത് കേട്ടാണ് എനിക്കു കാര്യം മനസ്സിലായത്. അയാളുടെ മകനാണ് അമേരിക്കയിലിരുന്ന് എന്റെ നീക്കം കണ്ട് ഫോണിലൂടെ വിവരം കൈമാറിക്കൊണ്ടിരുന്നത്. പൊലീസുകാരും തടിയനും വീടിന്റെ പുറകിലെത്തിയപ്പോഴേക്കും ഒളിക്കാനും ആലോചിക്കാനും നിൽക്കാതെ തിരിച്ച് മതില് ചാടിയതുകൊണ്ട് രക്ഷപ്പെട്ടു. പൊലീസുകാർ കള്ളനെ പിടിക്കാൻ ഇപ്പോൾ നാടുചുറ്റുവാണ്!”

പരാജയപ്പെട്ട ദൗത്യത്തെക്കുറിച്ച് പറഞ്ഞുതീർത്ത് അവൻ ശ്വാസമെടുത്തു.

“ഈ നട്ടപ്പാതിരായ്ക്ക് ഇവിടെ നടക്കുന്ന കാര്യം അയാളെങ്ങനെ കണ്ടെടാ?” വിശ്വാസം വരാതെ ശങ്കരപ്പിള്ള ചോദിച്ചു.

“അവടിപ്പോൾ പാതിരായല്ല. നട്ടുച്ചയാ! അവിടെയിരുന്ന് വേറൊരു ഭൂഖണ്ഡത്തിൽ അർദ്ധരാത്രിയിൽ നടക്കുന്ന കാര്യം കണ്ടെന്നു പറഞ്ഞാ എനിക്കു വട്ടാണെന്ന് ചെലപ്പോൾ ശങ്കരേട്ടനു തോന്നും! പക്ഷേ, കാലം അതു സാധിച്ചുകഴിഞ്ഞ് ശങ്കരേട്ടാ! നമ്മളത് മുൻക്കൂട്ടി കണ്ടില്ല. അതാ, പരാജയപ്പെട്ടത്.” രഘുനന്ദ് വീണ്ടും സി.സി.ടി.വി ക്യാമറയുടെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു.

“പണ്ടേ അമേരിക്കയെ പാവപ്പെട്ടവനു വിശ്വസിക്കാൻ കൊള്ളില്ല!” ശങ്കരപ്പിള്ള അവനെ ആശ്വസിപ്പിക്കുംപോലെ പറഞ്ഞു.

വലവീശുമ്പോലെ, ബീക്കൺ ലൈറ്റിട്ട് ഒരു പൊലീസ് വാഹനം അപ്പോഴും റോഡിലൂടെ നീങ്ങുന്നതു കണ്ട്, അവിടെയിരിക്കുന്നത് സുരക്ഷിതമല്ലെന്നു പറഞ്ഞ് രഘുനന്ദ് ശങ്കരപ്പിള്ളയെ പിടിച്ചെഴുന്നേൽപ്പിച്ച് ക്ഷേത്രത്തിലേക്ക് നടത്തി.

ക്ഷേത്രത്തിന്റെ ഗോപുരവാതിൽ തുറന്നുകിടന്നിരുന്നു! അവർ അതുവഴി അകത്തേയ്ക്ക് പ്രവേശിച്ചപ്പോഴാണ് ശങ്കരപ്പിള്ളയ്ക്ക് ബോധമുണ്ടായത്. പോകുമ്പോൾ പുറത്തുനിന്നും പൂട്ടിയിരുന്ന വാതിൽ ആരാണ് തുറന്നിട്ടത്? തിരുമേനി എത്താൻ നേരമായിട്ടില്ല. അയാൾ വേഗം പുറത്തിറങ്ങി നോക്കി. താഴ് കാണുന്നില്ല! അതിട്ടിരുന്ന ഇരുമ്പുകുറ്റി ആരോ അടിച്ച് ഇളക്കിയിട്ടുമുണ്ട്. “ചതിച്ചല്ലോ!” എന്നു നിലവിളിച്ച് അയാൾ ക്ഷേത്രത്തിനുനേരെ ഓടി. ചുറ്റമ്പലത്തിന്റെ വാതിലും തുറന്നുകിടന്നിരുന്നു! ശ്രീകോവിലിന്റെ തുറന്നുകിടന്ന വാതിലിലൂടെ അകത്തേക്കു വീണ വെളിച്ചത്തിൽ, ദൈവമിരുന്ന പീഠം ശൂന്യമായിരിക്കുന്നതുകണ്ട് നെഞ്ച് പിളരുംവണ്ണം അയാൾ നിലവിളിച്ചു. ദൈവത്തെ തന്റെ നെഞ്ചിൽനിന്നാണ് ഇളക്കിക്കൊണ്ട് പോയതെന്ന് അയാൾക്ക് തോന്നി. അയാൾ നിലത്തുവീണുകിടന്നുരുണ്ടു!

എത്രയും വേഗം അവിടെനിന്നും രക്ഷപ്പെടണമെന്ന് രഘുനന്ദിനു തോന്നി. അവിടെ നിന്നാൽ ആദ്യം പിടിക്കപ്പെടുന്നത് താനും ശങ്കരപ്പിള്ളയുമായിരിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, ശങ്കരപ്പിള്ളയെ ഉപേക്ഷിച്ചുപോകാൻ അവനു മനസ്സുവന്നില്ല. നിലത്തുകിടന്നു നിലവിളിക്കുന്ന അയാളെ അവൻ എഴുന്നേൽപ്പിച്ചിരുത്തി.

“ശങ്കരേട്ടാ. വേഗം ഇവിടുന്നു രക്ഷപ്പെടണം. മറ്റൊന്നും ആലോചിക്കാൻ ഇപ്പോൾ നേരമില്ല.” അവൻ പരിപക്വതയോടെ പറഞ്ഞു.

“നീ പൊയ്‌ക്കോ, ദൈവം എനിക്കൊരു വഴി കാണിച്ചുതരും!” ശങ്കരപ്പിള്ള കരഞ്ഞുകൊണ്ട് പറഞ്ഞു.

“സ്വയം രക്ഷിക്കാൻ ശേഷിയില്ലാത്ത ദൈവം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞു! ഇനി അങ്ങേര് കാണിക്കുന്ന വഴിയും പ്രതീക്ഷിച്ചിരുന്നാൽ പെരുവഴിപോലും കാണത്തില്ല!”

“എവിടെപ്പോയാലും നമ്മൾ പിടിക്കപ്പെടുവെടാ!” നിരാശയോടെ ശങ്കരപ്പിള്ള പറഞ്ഞു.

“അതിനിപ്പോഴേ പോയിക്കെടന്ന് പൊലീസുകാരുടെ ചവിട്ട് കൊള്ളണോ? പിടിച്ചാൽ അവരാദ്യം ചോദിക്കുന്നത് വിഗ്രഹം എവിടാണെന്നാവും? നമ്മൾ എവിടെപ്പോയി അതെടുത്തോണ്ടുക്കൊടുക്കും? ഇടികൊണ്ട് ചാവേനേ പറ്റും!”

ഏറേ പ്രയാസപ്പെട്ടാണ് തിരുമേനി വരുന്നതിനു മുന്‍പേ രഘുനന്ദ് ശങ്കരപ്പിള്ളയെ ക്ഷേത്രത്തിനു വെളിയിലെത്തിച്ചത്. അപ്പോഴേക്കും പത്രവിതരണക്കാരും പശുക്കറവക്കാരും ആരോഗ്യസംരക്ഷകരുമെല്ലാം എന്നത്തേയുംപോലെ റോഡിലിറങ്ങിക്കഴിഞ്ഞിരുന്നു. പ്രധാന റോഡിലൂടെ പോയാൽ പിടിക്കപ്പെടുമെന്നു കരുതി, നേർത്ത ഇരുട്ടിന്റെ മറപിടിച്ച്, ആരുടേയും കണ്ണിൽപ്പെടാതെ ഇടവഴിയിലൂടെ നടന്ന് അവർ ആറ്റുതീരത്തെത്തി. കിഴക്ക് പനമ്പള്ളി പാലത്തിന്റെ ആർച്ചുകളിൽ പലവർണത്തിലുള്ള ലൈറ്റുകൾ തെളിയുന്നതും അതിനിടയിലൂടെ വാഹനങ്ങൾ പായുന്നതും കണ്ട് അവർ ആറ്റുതീരത്തുകൂടി പടിഞ്ഞാട്ടു നടന്നു. ശങ്കരപ്പിള്ള അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു.

ആറ്റുതീരത്തെ നാട്ടുവെളിച്ചത്തിൽ എന്തോ കിടന്ന് മിന്നുന്നതായി രഘുനന്ദാണ് ആദ്യം കണ്ടത്! അത് അസാധാരണമായ തെളിച്ചമാണെന്നു കണ്ട് അവൻ ശങ്കരപ്പിള്ളയേയും പിടിച്ചുകൊണ്ട് വേഗം അവിടേക്ക് ചെന്നു.

“പഞ്ചലോഹവിഗ്രഹം!” അവൻ പറഞ്ഞു.

“ദൈവമേ...!”

പ്രഭാപൂരം പൊഴിച്ച് ആറ്റുത്തീരത്തെ മണപ്പുറത്തിരിക്കുന്ന തൃപ്പേരൂരപ്പനെ കണ്ട് ശങ്കരപ്പിള്ള കുറച്ചുകൂടി ഉച്ചത്തിൽ നിലവിളിച്ചു. അയാൾ ഓടിച്ചെന്ന് വിഗ്രഹം എടുക്കാൻ ശ്രമിച്ചെങ്കിലും രഘുനന്ദ് തടഞ്ഞു.

“അല്പനേരത്തെ പിഴവിന് ഇങ്ങനെ പരീക്ഷിക്കണോ ദൈവമേ?” ശങ്കരപ്പിള്ള വിഗ്രഹത്തിനു മുന്‍പിൽ നിലത്തിരുന്നു തൊഴുതു.

കള്ളൻ വിഗ്രഹം മോഷ്ടിച്ചെങ്കിലും പൊലീസുകാർ റോന്ത് ചുറ്റുന്നതു കണ്ട് പിടിക്കപ്പെടുമെന്നു കരുതി ഉപേക്ഷിച്ചതായിരിക്കുമെന്ന് രഘുനന്ദിനു തോന്നി.

ക്ഷേത്രഭാഗത്തുനിന്നും മനുഷ്യാരവം ഉയരുന്നത് ശ്രദ്ധിച്ചുകൊണ്ട് വിഗ്രഹം എടുത്ത് വേഗം അവിടേക്കു പോകാമെന്ന് ശങ്കരപ്പിള്ള പറഞ്ഞെങ്കിലും അതു വലിയ അപകടമായാണ് രഘുനന്ദിനു തോന്നിയത്.

“തൊണ്ടി മുതലോടുകൂടി പിടിക്കപ്പെട്ടാൽ ശിക്ഷ ഉറപ്പാണ്” -അവൻ പറഞ്ഞു.

ശങ്കരപ്പിള്ളയ്ക്ക് ദേഷ്യവും സങ്കടവും അടക്കാൻ കഴിഞ്ഞില്ല. അയാൾ കൈചുരുട്ടി തലയിൽ ഇടിച്ച്, വിധിയെക്കുറിച്ച് പറഞ്ഞ് കുറച്ചുനേരം കൂടി കരഞ്ഞിട്ട്, എന്തെങ്കിലും ഒരു വഴി ആലോചിക്കാൻ രഘുനന്ദിനോടു പറഞ്ഞു. അവൻ പല വഴികളും ആലോചിച്ച് കഴിഞ്ഞിരുന്നു. വിഗ്രഹവുമായി സ്ഥലംവിടുന്നതാണ് ഉചിതമായ മാർഗമെന്നു തോന്നിയെങ്കിലും അത് ശങ്കരപ്പിള്ളയോട് പറയാനുള്ള ധൈര്യം അവനില്ലായിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ളതും അമൂല്യവുമായ ആ വിഗ്രഹത്തിലേക്ക് നോക്കിയിരുന്ന് അവൻ പിന്നെയും ആലോചിക്കാൻ തുടങ്ങി. മനുഷ്യന് അവന്റെ വിധിനിർണയ നേരത്ത് ഇത്രയും അടുത്തിരിക്കുമ്പോൾപ്പോലും ഒരു മാർഗം പറഞ്ഞുതരാൻ ദൈവത്തിനു കഴിയാത്തതെന്തുകൊണ്ടായിരിക്കും?

“ദൈവം എന്തെങ്കിലുമൊരു വഴി തോന്നിപ്പിക്കും!” ശങ്കരപ്പിള്ള അപ്പോഴും പറഞ്ഞു.

“ലോകത്തെ മനുഷ്യനിർമിതമായ ഏറ്റവും മനോഹരസൃഷ്ടിയാണ് ഈ ശില്പം!” അവൻ അയാളോടു പറഞ്ഞു: “പക്ഷേ, ഇതിന്റെ മുന്‍പിൽ വന്നുപെട്ടുപോയ നമ്മൾക്കിപ്പോൾ ഇതുകൊണ്ടെന്താണ് പ്രയോജനം?”

ശങ്കരപ്പിള്ള മറുപടി പറഞ്ഞില്ല. അയാളും രക്ഷപ്പെടാനുള്ള ഉപായം തേടുകയായിരുന്നു.

രക്ഷാമാർഗം തേടുന്ന വൃദ്ധനേയും യുവാവിനേയും നോക്കി, ആറ്റുതീരത്തെ മണപ്പുറത്തിരുന്ന് ആ ശില്പം, അഭൗമതേജസ്സോടെ മിന്നിമിന്നി ചിരിച്ചു. നേരം പരപരാ വെളുക്കാനും തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

വിരമിച്ചപ്പോൾ തുടങ്ങിയ വർണപ്രപഞ്ചം: മൂന്ന് കൂട്ടുകാരികളുടെ 'എക്സ്റ്റോറിക്ക' ചിത്രപ്രദർശനം വിസ്മയമാകുന്നു

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി

ബൈക്കുകൾ കൂട്ടിയിടിച്ചു; കാലിക്കറ്റ് എഫ്‌സി താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

നേതാവിനെ അപമാനിച്ച് റീല്‍സ്; യുവാവിനെ പിടികൂടി ഓഫീസില്‍ എത്തിച്ചു; 'പാര്‍ട്ടി രീതീ'യില്‍ മാപ്പു പറയിച്ചു