card Samakalika Malayalam
Malayalam Weekly

സലിന്‍ മാങ്കുഴി എഴുതിയ കഥ ‘കമ്മ്യൂണ്‍’

സലിന്‍ മാങ്കുഴി

ആംബുലന്‍സിന്റെ മുന്‍സീറ്റിലിരുന്ന പ്രസാദ് വണ്ടി നിര്‍ത്തിയ പാടേ ചാടിയിറങ്ങി വഴിയില്‍ കാത്തുനിന്ന ജേക്കബിനെ മുന്നിലിരിക്കാന്‍ ക്ഷണിച്ചു.

''വേണ്ട. ഞാന്‍ പിറകിലിരിക്കാം'' - ജേക്കബ് പിന്നിലേയ്ക്ക് നടന്നു.

കുന്തിരിക്കത്തിന്റേയും ചന്ദനത്തിരിയുടേയും ഗന്ധം നാലുനാലര മണിക്കൂര്‍ യാത്ര കഴിഞ്ഞിട്ടും ഐസ്പെട്ടിക്കു ചുറ്റിലും ശ്വാസമടക്കി നിന്നു. പുകമറ മൂടിയ കണ്ണാടിക്കൂട് കൈകൊണ്ട് തുടച്ചിട്ട് അതിനുള്ളില്‍ കിടന്ന അജയനെ നോക്കി ജേക്കബ് നീളന്‍ സീറ്റില്‍ ഒറ്റയ്ക്കിരുന്നു.

ആംബുലന്‍സിനുള്ളിലിരുന്ന മൂവര്‍ക്കും അജയന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു സന്ദര്‍ഭം പറഞ്ഞ് സംസാരിച്ച് തുടങ്ങാം. എവിടെനിന്ന് തുടങ്ങിയാലും ആ ജീവിതകഥയുടെ ആദ്യ പകുതിയേയും രണ്ടാംപകുതിയേയും നെടുകെ പിളര്‍ന്ന ഒരു ദിവസത്തില്‍ എത്തിച്ചേരും. ആംബുലന്‍സിനുള്ളില്‍ എല്ലാ ശബ്ദങ്ങളും നിലച്ചുകിടന്നു. രണ്ട് മാസം മുന്‍പ് അജയന്‍ വില്‍പത്രമെഴുതി പഞ്ചായത്ത് മെമ്പര്‍ പ്രസാദിനെ ഏല്പിച്ചത് മുതല്‍ പിറകോട്ടും ആ ജീവിതത്തെ വായിക്കാം.

''എന്റെ പൊന്ന് അജയേട്ടാ... മരിച്ചുകഴിഞ്ഞാല്‍ പിന്നെ നമ്മുടെ ബോഡി എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കില്ല; അത് അപ്പോഴത്തെ സൗകര്യംപോലെ ജീവിച്ചിരിക്കുന്നവര്‍ എന്താന്നുവെച്ചാ ചെയ്‌തോളും. ചേട്ടനെന്തിനായിപ്പം ഇതുവരെയില്ലാത്ത തരത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്?'' മുദ്രപ്പത്രത്തിലെ വിറയാര്‍ന്ന അക്ഷരങ്ങള്‍ വായിച്ചിട്ട് പ്രസാദ് ചോദിച്ചു.

''ഒരു... ആഗ്രഹം...'' തലകുമ്പിട്ടിരുന്ന അജയന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

''ഒരാള്‍ മരണാനന്തരമുള്ള കാര്യങ്ങളാഗ്രഹിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്'' - പ്രസാദ് സൗമ്യതയോടെ പറഞ്ഞു.

''മരിച്ചാലെങ്കിലും പ്രയോജനം ഉണ്ടാകട്ടേയെന്നു കരുതിയാ. വേണ്ടങ്കീ വേണ്ട പ്രസാദേ...'' അജയന്‍ നിര്‍വികാരതയോടെ പറഞ്ഞു.

പ്രസാദ് നിശ്ശബ്ദനായി.

''കൊടുക്കാന്‍ വേറെയെന്താ എന്റെ കയ്യില്‍...?'' അജയന്‍ തലയുയര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു.

''അയ്യോ! പതിവില്ലാതെ അജയേട്ടന്‍ ഇങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ തര്‍ക്കിച്ചതാ. നിങ്ങളത് സീര്യസാക്വോ. അജയേട്ടന്‍ ഒരു വാക്കു പറഞ്ഞാല്‍ മതി. ഞാനത് നടപ്പാക്കിയിരിക്കും'' - പ്രസാദ് അജയന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

പത്താം ക്ലാസ്സ് കഴിഞ്ഞ് നഗരത്തിലെ വിദ്യാലയത്തിലേയ്ക്ക് കുടിയേറിയതിന്റെ പരിഭ്രമത്തോടെ ആദ്യദിവസം ക്ലാസ്സില്‍ ഒറ്റപ്പെട്ടിരുന്നപ്പോള്‍ അടുത്തേയ്ക്ക് വന്നിരുന്നു ചിരിച്ച കുട്ടിയോട് അജയന്‍ പേരു ചോദിച്ചു.

''ജേക്കബ് മാത്യു'' - മുന്‍കാല സുഹൃത്തെന്നപോലെ ചിരിക്കുകയും അജയന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അവന്‍ കൂട്ടുറപ്പിക്കുകയും ചെയ്തു.

നീണ്ട വര്‍ഷങ്ങള്‍... ഓര്‍മകള്‍... വ്യസനങ്ങള്‍... ജേക്കബിന്റെ മനസ്സ് കലങ്ങി.

''ഡോക്ടര്‍ സമയത്ത് നാട്ടിലുണ്ടായിരുന്നത് ഭാഗ്യമായി'' - ആംബുലന്‍സിന്റെ മുന്നിലിരുന്ന പ്രസാദ് പിന്നിലേയ്ക്ക് നോക്കി പറഞ്ഞു.

''ഭാഗ്യം.'' ജേക്കബ് മനസ്സില്‍ ആ വാക്കു രണ്ടുമൂന്നാവര്‍ത്തി ഉച്ചരിച്ചു. ഏത് വാക്കും ആവര്‍ത്തിച്ച് പറഞ്ഞാല്‍ അര്‍ത്ഥശൂന്യവും ജഡവുമാകും. അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുപോലെ കിടന്ന അജയനെ ഐസ്പെട്ടിയിലെ പുക പൊതിഞ്ഞു.

താന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയിലേയ്ക്ക് സ്ഥലംമാറ്റം ചോദിച്ചിട്ടുണ്ടെന്നും അവിടന്ന് മുത്തങ്ങയിലേക്ക് പത്തു പതിനാല് കിലോമീറ്റര്‍ ദൂരമേയുള്ളൂവെന്നും പറഞ്ഞപ്പോള്‍ കിടക്കയില്‍ പറ്റിക്കിടന്ന അജയന്റെ കണ്ണുകള്‍ ഒരു നിമിഷം തിളങ്ങിയത് ജേക്കബ് ഓര്‍ത്തു. ഒരാവശ്യവുമില്ലാതെ ഒരാഴ്ച ലീവു കൊടുത്തിട്ട് പെട്ടെന്ന് നാട്ടിലേയ്ക്ക് ട്രെയിന്‍ കയറുമ്പോഴും നാട്ടിലെത്തിയിട്ട് ഒരു പകലും രാത്രിയും താന്‍ തിടുക്കപ്പെട്ട് വന്നതെന്തിനെന്ന് സ്വയം ചോദിച്ചപ്പോഴും കിട്ടാത്ത ഉത്തരം രണ്ടാംദിവസം ഉറക്കത്തില്‍നിന്നു വിളിച്ചുണര്‍ത്തിയ പ്രസാദിന്റെ ഫോണ്‍ കോളിലെ വിറയ്ക്കുന്ന ശബ്ദം പറഞ്ഞു:

ചിത്രീകരണം

''ഡോക്ടറേ, അജയേട്ടന്‍ പോയി.''

''എപ്പോള്‍?'' നിലവിളിക്കുംപോലെ ജേക്കബ് ചോദിച്ചു.

''വെളുപ്പിന് എന്നെ ഫോണില്‍ വിളിച്ചിട്ട് നെഞ്ചുവേദനയെന്ന് വിക്കിവിക്കി പറഞ്ഞു. ഞാന്‍ വണ്ടിയും എടുത്ത് പാഞ്ഞ് ചെന്നപ്പോഴേക്കും ആകെ അവശനായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറാകും മുന്‍പ് കഴിഞ്ഞു...'' പ്രസാദിന്റെ ദീര്‍ഘനിശ്വാസമേറ്റ് ഫോണ്‍ കട്ടായി.

ഒറ്റ മകനെ പഠിപ്പിച്ച് ഡോക്ടറാക്കാന്‍ ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ അജയന്റെ അച്ഛനേയും മകനു പഠനമികവിനു കിട്ടിയ ട്രോഫികളും പത്താം ക്ലാസില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനു ജില്ലാ കളക്ടര്‍ സമ്മാനം നല്‍കുന്ന ചില്ലിട്ട ചിത്രവും ദിവസവും തുടച്ച് വൃത്തിയാക്കി അഭിമാനിച്ചിരുന്ന അവന്റെ അമ്മയേയും ജേക്കബിന് ഓര്‍മവന്നു.

ക്ലാസു കഴിഞ്ഞിറങ്ങി ജേക്കബും അജയനും നടന്ന് വഞ്ചിയൂരിലേയ്ക്ക് ട്യൂഷനു പോകുന്ന പതിവ് യാത്രയ്ക്കിടയില്‍ ഒരു ദിവസം സെക്രട്ടേറിയറ്റിന്റെ സമരഗേറ്റില്‍നിന്ന് തെക്കേ ഗേറ്റിന്റെ അടുത്തോളം കുടില്‍കെട്ടി സമരം ചെയ്യുന്നവരെ കണ്ടു. പൊലീസും പത്രക്കാരും കാഴ്ചക്കാരും ചുറ്റിലും കാട്‌പോലെ കൂടിനിന്നു.

ട്യൂഷന്‍ കഴിഞ്ഞ് അജയനും ജേക്കബും മടങ്ങിവന്നപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നിലെ സമരക്കാര്‍ ഈണത്തില്‍ പാട്ടു പാടുകയായിരുന്നു. അജയനും അവര്‍ക്കൊപ്പം ഈണം മുറിയാതെ പാടി.

''എടാ നിനക്കീ പാട്ടൊക്കെ എങ്ങനെയറിയാം?'' ജേക്കബ് അതിശയിച്ചു. കുസൃതിയൊളിപ്പിച്ച ചിരിയായിരുന്നു മറുപടി. സമരം നീണ്ടുനീണ്ടു പോയി. അവരിരുവരും ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വീട്ടില്‍ പോകും വഴി എല്ലാ ദിവസവും കുറച്ചുനേരം സമരപ്പന്തലിന്റെ ഓരം ചേര്‍ന്നു നിന്നു.

സമരക്കാരെ ഒടുവില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ആഹ്ലാദനൃത്തങ്ങള്‍ക്കിടയില്‍ സമരപ്പന്തലുകള്‍ പൊലീസുകാര്‍ ധൃതിപ്പെട്ട് പൊളിച്ചുമാറ്റി. നാല്‍പത്തിയെട്ടു ദിവസത്തെ സമരത്തിനിടയില്‍ ഈണത്തില്‍ കുതിര്‍ന്ന കുറേ പാട്ടുകള്‍ ജേക്കബും മന:പാഠമാക്കി. അജയന്റെ വീട്ടിലും ആഹ്ലാദം അലയടിച്ചു.

''എന്റെ അമ്മയുടെ നാട് ബത്തേരിക്കടുത്താ. അച്ഛനാദ്യം ജോലി കിട്ടിയത് അവിടെയാ. അവിടെ വില്ലേജാഫീസില്‍ വെച്ചാണ് അമ്മയെ അച്ഛന്‍ കാണുന്നത്. അമ്മയുടെ അച്ഛന്റെ സ്വത്തുക്കളെല്ലാം ആരൊക്കെയോ പറ്റിച്ചുകൊണ്ടുപോയി. ആദിവാസികളുടെ അന്യാധീനപ്പെട്ട സ്വത്ത് തിരികെ കിട്ടാന്‍ നിയമമുണ്ടെന്നറിഞ്ഞാണ് അമ്മ വില്ലേജാഫീസില്‍ അപേക്ഷയുമായി കേറിയിറങ്ങിയത്. നിയമമൊക്കെയുണ്ടായിരുന്നെങ്കിലും ഭൂമിയൊന്നും തിരിച്ചുകിട്ടിയില്ല. പക്ഷേ, അമ്മയ്ക്ക് അച്ഛനെ കിട്ടി. അച്ഛന് അമ്മയേയും'' - അജയന്‍ പറഞ്ഞു.

''ഭരണവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് നിനക്കറിയാമോ?'' സെക്രട്ടേറിയറ്റിനു മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരപ്പന്തലിനു സമീപം നിന്ന അജയന്‍ ഒരു സന്ധ്യാനേരത്ത് ജേക്കബിനോട് ചോദിച്ചു. സമരത്തില്‍ അണിചേര്‍ന്ന അജയന്റെ അച്ഛന്‍ സമരക്കാര്‍ക്ക് കഞ്ഞിവെക്കാനും വിളമ്പാനുമൊക്കെയായി ഓടിനടന്നു. 32 ദിവസവും അജയന്‍ ആ സമരപ്പന്തലില്‍ അച്ഛനെ ചുറ്റിപ്പറ്റി നിന്നു. അനുഭാവ സത്യഗ്രഹത്തിലും മനുഷ്യച്ചങ്ങലയിലും അവനും അമ്മയും പങ്കെടുത്തു. സമരം സന്ധിയായ ദിവസം അച്ഛന്‍ വാടകവീടിന്റെ ഇത്തിരി മുറ്റത്ത് അസ്വസ്ഥതയോടെ സിഗരറ്റും പുകച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നതും ജനകീയസമരങ്ങളെ തോല്‍പിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യത്തെയാണ് കശാപ്പ് ചെയ്യുന്നതെന്ന് പ്രതിഷേധത്തോടെ പറഞ്ഞതും പിറ്റേ ദിവസം സെക്രട്ടേറിയറ്റ് വളപ്പിലെ വേലുത്തമ്പി ദളവയുടെ പ്രതിമയുടെ മുന്നിലെ അരമതിലിലിരുന്ന് അജയന്‍ ജേക്കബിനോട് പറഞ്ഞു.

''അച്ഛന് വിഷമമുണ്ടോ?'' വലിഞ്ഞുമുറുകിയ മുഖത്തോടെ പിറ്റേന്നുരാത്രി വൈകിയും നിശ്ശബ്ദനായി മുറ്റത്ത് ഉലാത്തിയ അച്ഛനോട് അജയന്‍ ചോദിച്ചു. ''എന്ത് മൂഢന്മാരാണ് ഈ സര്‍ക്കാറുകള്‍! ഇത്തരമൊരു പ്രസ്ഥാനത്തെ അടിച്ചമര്‍ത്തല്‍കൊണ്ട് ഇല്ലാതാക്കാം എന്നാണ് ഇവരുടെ വിചാരം''1 അച്ഛന്‍ പറഞ്ഞു.

''സമരത്തില്‍ തോറ്റവരല്ല, സമരങ്ങളെ തോല്‍പിക്കുന്നവരാ കാലം കഴിയുമ്പോള്‍ തോറ്റുപോകുന്നത്'' അടങ്ങാത്ത പ്രതിഷേധത്തോടെ അച്ഛന്‍ പറഞ്ഞു.

ചിത്രീകരണം

അച്ഛന്റെ അസ്വസ്ഥതകള്‍ മകനിലും കത്തിപ്പിടിക്കുന്നത് ജേക്കബ് കണ്ടു.

സമരക്കാരൊഴിഞ്ഞ നഗരത്തിന്റെ ഉപരിതലത്തില്‍ അവ്യവസ്ഥകള്‍ ഒന്നുമില്ലെന്ന തോന്നലോടെ പകലും രാത്രിയും ശാന്തമായൊഴുകി.

''ഡോക്ടറേ, നമുക്കിവിടെന്ന് നേരെ പോകാമല്ലോ?'' ആംബുലന്‍സ് ഉള്ളൂരെത്തിയപ്പോള്‍ പ്രസാദ് ചോദിച്ചു.

''ഇടത്തേയ്ക്ക് പോകാം'' - ജേക്കബ് പറഞ്ഞു.

ആംബുലന്‍സ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിനു മുന്നിലെത്തിയപ്പോള്‍ ജേക്കബ് ഇടത് വശത്തേയ്ക്ക് പോകാന്‍ പറഞ്ഞു. മുന്നോട്ട് പോകാന്‍ വന്ന വാഹനം നിരത്തില്‍ തടസ്സമുണ്ടാക്കി തിരിച്ചപ്പോള്‍ ഒതുക്കിവെച്ച ബാരിക്കേഡുകളുടെ മുന്നില്‍ കൂട്ടംകൂടി നിന്ന പൊലീസുകാര്‍ സംശയത്തോടെ നോക്കി. വഴിവക്കില്‍ കിടന്ന രണ്ട് ജലപീരങ്കികളേയും കടന്ന് വാഹനം കന്റോണ്‍മെന്റ് ഗേറ്റ് കടന്ന് പ്രസ് ക്ലബ്ബ് റോഡിലൂടെ മാധവരായരുടെ പ്രതിമയുടെ മുന്നിലൂടെ ഭരണസിരാകേന്ദ്രത്തെ വലംവെച്ച് ആംബുലന്‍സ് മെഡിക്കല്‍ കോളേജ് ലക്ഷ്യമാക്കി സഞ്ചരിച്ചു.

''കാലത്തിന്റെ കുളമ്പടി ശബ്ദം

കേട്ടില്ലെന്നു നടിക്കുന്നവരേ

കാലം നിങ്ങടെ കവിളില്‍

കരിയാല്‍ ദ്രോഹിയെന്നു വരയ്ക്കുമ്പോള്‍

ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും...''

ഇടിമുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി മുഷ്ടിചുരുട്ടി നിന്ന ഒരുപറ്റം ചെറുപ്പക്കാര്‍ മെഡിക്കല്‍ കോളേജിലെ ആദ്യദിനത്തിലേയ്ക്ക് അജയനേയും ജേക്കബിനേയും വരവേറ്റു. തട്ടുതട്ടായി പിന്നിലേക്കുയര്‍ന്ന ഇരിപ്പിടങ്ങളുള്ള ക്ലാസിലെ ജനാലയുടെ അരികിലായി അവരിരുവരും അടുത്തടുത്തിരുന്നു. മുദ്രാവാക്യപ്പെരുമഴകളില്‍നിന്നും സമരങ്ങളില്‍നിന്നും ഒഴിഞ്ഞുനടന്ന അവരില്‍

സ്വപ്നങ്ങള്‍ നക്ഷത്രങ്ങളെപ്പോലെ പെരുകി.

''എടാ, ഡിഗ്രി കിട്ടിയാലുടന്‍ നമുക്ക് വയനാട്ടിലെ ഏതെങ്കിലും ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യണം. നീയും കണ്ടതല്ലേ സമരത്തിനു വന്നവരെ. സ്ട്രഗിള്‍ ചെയ്താ അവരൊക്കെ ഓരോ ദിവസവും ജീവിക്കുന്നത്. ജീവിതമാണെന്നുപോലും പറയാനാകാത്ത ജീവിതം. ഫസ്റ്റ് പോസ്റ്റിംഗ് അങ്ങോട്ട് ചോദിച്ചു വാങ്ങി നമുക്കു പോകണം'' - കോഫീ ഹൗസിലിരുന്ന അജയന്‍ പറഞ്ഞു.

''തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നത് മാത്രമല്ല സമരം. ഒച്ചയെടുക്കാതേയും മറ്റൊരാളിന് എളുപ്പം മനസ്സിലാകാതേയും സമരം ചെയ്യാം. പലപ്പോഴും ശബ്ദസമരങ്ങളെക്കാള്‍ പത്തിരട്ടി ഉറപ്പുള്ളതാണ് നിശ്ശബ്ദസമരങ്ങള്‍ ' -അജയന്‍ പറഞ്ഞു.

മനുഷ്യശരീരത്തെ തലനാരിഴ കീറി സൂക്ഷ്മപഠനം നടത്തുമ്പോഴും നീതികിട്ടാത്ത മനുഷ്യരുടെ ജീവിതത്തേയും അവരെയങ്ങനെ നിലനിര്‍ത്തുന്ന വ്യവസ്ഥിതിയേയും കുറിച്ചും അവരിരുവരും നിരന്തരം ചര്‍ച്ച ചെയ്തു.

''ജേക്കബേ, ഒരാഗ്രഹം കൂടി പറയട്ടെ'' - മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്ന അജയന്‍ ചോദിച്ചു.

''എന്താടാ?'' ജേക്കബ് കണ്ണുകള്‍ കൂര്‍പ്പിച്ചു.

''കുറച്ച് ദിവസമായി മനസ്സില്‍ കിടന്നത് ചുറ്റുകയാ. നമ്മള്‍ വയനാട്ടിലേയ്ക്ക് പോകുമ്പോള്‍ എനിക്കൊരു കൂട്ടുകാരി കൂടി വേണമെന്നൊരാഗ്രഹം...'' - അജയന്‍ പറഞ്ഞു.

''അസ്ഥിരോഗം പിടിച്ചോ?'' ജേക്കബ് ചിരിച്ചു

''ഞാനവളോട് പറഞ്ഞൊന്നുമില്ല; പറയണം. സമ്മതം ചോദിക്കണം'' - അജയന്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഇടത്തേക്ക് കണ്ണുപായിച്ചുകൊണ്ട് പറഞ്ഞു.

''അല്ല; ആരാ കക്ഷി?'' ജേക്കബ് ആകാംക്ഷപ്പെട്ടു. പറക്കുന്ന സിക്‌സറിനൊപ്പം ആര്‍പ്പുവിളിക്കുന്ന കുട്ടികളുടെ കൂട്ടത്തിലെ നീലചുരിദാറുകാരിയെ അജയന്‍ ചൂണ്ടിക്കാണിച്ചു.

''പരീക്ഷാച്ചൂട് കഴിയട്ടെ... പറയണം'' - അജയന്‍ നെടുവീര്‍പ്പോടെ അവളെ നോക്കി.

കളി കഴിഞ്ഞപ്പോള്‍ അജയന്‍ എഴുന്നേറ്റു.

ചിത്രീകരണം

അജയനു പിന്നാലെ ജേക്കബ് ആശുപത്രിയിലെ പുരുഷന്മാരുടെ ജനറല്‍ വാര്‍ഡിലേയ്ക്ക് നടന്നു.

''ഈ വാര്‍ഡിന് അബുവാര്‍ഡെന്ന് പേര് കിട്ടിയതെങ്ങനെയെന്ന് നിനക്കറിയോ?'' അജയന്‍ ചോദിച്ചു. ജേക്കബ് ഇല്ലെന്ന് തലയാട്ടി.

''ഒ.എം. അബു എന്ന ഒരു വലിയ സഖാവ് ഈ വാര്‍ഡില്‍ ദീര്‍ഘകാലം കിടന്നിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിലെ മുന്നണിപ്പോരാളിയാ കക്ഷി. വയലാറിലെ കയര്‍, ചെത്ത്, മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് പാരീസ് കമ്മ്യൂണ്‍ മാതൃകയില്‍ വയലാര്‍ കമ്മ്യൂണ്‍ ഉണ്ടാക്കണമെന്നു സ്വപ്നം കണ്ട് നടന്ന ചെറുപ്പക്കാരന്‍. പൊലീസുകാരുടെ മര്‍ദനമേറ്റ് ജീവച്ഛവമായ അബുവിനെ കാണാന്‍ വലിയ നേതാക്കളൊക്കെ ഇവിടെ വന്നിട്ടുണ്ട്. കെ.വി. പത്രോസ്, എന്‍.പി. തണ്ടാര്‍, സി.ആര്‍. ദാസ്, പി.കെ. ചന്ദ്രാനന്ദന്‍, വി.എസ്. അച്യുതാനന്ദന്‍ അങ്ങനെ എത്രയോ പേര്‍'' - അജയന്‍ പറഞ്ഞു.

''ഇതൊക്കെ നിനക്കെങ്ങനെയറിയാം?'' ജേക്കബ് അതിശയിച്ചു.

''എന്റെ വല്യപ്പാപ്പന്റെ ഉറ്റചങ്ങായിയായിരുന്നു അബു. കീഴടക്കുന്നത് മാത്രമല്ല ചിലപ്പോള്‍ കീഴടങ്ങുന്നതും സമരമാകും'' - ഒന്നു നിര്‍ത്തിയിട്ട് അജയന്‍ ചോദിച്ചു: ''കുന്തക്കാരന്‍ പത്രോസെന്ന് നീ കേട്ടിട്ടുണ്ടോ?''

''ഇല്ല'' - ജേക്കബ് പറഞ്ഞു.

''കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു കുന്തക്കാരന്‍ പത്രോസെന്ന കെ.വി. പത്രോസ്. വകേല് എന്റെ വല്യപ്പാപ്പനാ'' - അജയന്‍ കുറേ നേരം ഓര്‍മയില്‍ മുഴുകിനിന്നിട്ട് നിശ്ശബ്ദനായി പുറത്തേയ്ക്ക് നടന്നു.

''ആളും ആരവവും ഇല്ലാതെ അബുവാര്‍ഡില്‍ വച്ച് ദീപ്തിയുടെ കഴുത്തില്‍ മാലയിടണമെന്നാ എന്റെ ആഗ്രഹം'' - അനാട്ടമി ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നിലെ മരത്തിനു ചുവട്ടിലെത്തിയപ്പോള്‍ അജയന്‍ പറഞ്ഞു. മരം അവനുമേല്‍ പൂക്കള്‍ ചൊരിഞ്ഞു.

അജയന്‍ അവളോട് ഇഷ്ടം പറയാനുറപ്പിച്ചതിന്റെ തലേദിവസമാണ് മുത്തങ്ങയില്‍ പൊലീസ് വെടിവെയ്പ് നടത്തിയത്. അജയന്റെ വീട് നീറിപ്പുകഞ്ഞു. അവന്റെ അമ്മ ഉറക്കമില്ലാതെ തേങ്ങലോടെയിരുന്നു. അച്ഛന്‍ ഇടയ്ക്കിടയ്ക്ക് അകത്തേയ്ക്ക് തലയെത്തിച്ച് നോക്കിയിട്ട് അസ്വസ്ഥതയോടെ മുറ്റത്ത് ഉലാത്തി. കേരളത്തിലങ്ങോളമിങ്ങോളമുയര്‍ന്ന പ്രതിഷേധസമരങ്ങള്‍ പത്രങ്ങളിലൂടെ അവര്‍ അറിഞ്ഞു. സെക്രട്ടേറിയറ്റിന്റെ മുന്നിലും നഗരത്തിലാകമാനവും വിദ്യാര്‍ത്ഥിസമരം കത്തിപ്പിടിച്ചു. ലാത്തിയും ജലപീരങ്കിയും കണ്ണീര്‍വാതകവുമായി പൊലീസ് സമരക്കാരെ നേരിട്ടു. നഗരം ചോരയില്‍ കുതിര്‍ന്നു. മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

വെടിവെയ്പ് നടന്നതിന്റെ രണ്ടാം ദിവസം ഉച്ചയ്ക്ക് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നിറങ്ങി എം.എല്‍.എ കോര്‍ട്ടേഴ്സിലെ കാന്റീനിലേയ്ക്ക് നടന്ന അജയനെ പാഞ്ഞുവന്ന ജീപ്പില്‍ നിന്നിറങ്ങിയ പൊലീസുകാര്‍ തലങ്ങും വിലങ്ങും തല്ലി. അടികൊണ്ട് വീണ അവന്റെ തലയില്‍ ഒരു പൊലീസുകാരന്‍ ആഞ്ഞടിച്ചു. പൊട്ടിയ തലയില്‍ ചോരക്കയ്യും പൊത്തിപ്പിടിച്ച് അജയന്‍ വേച്ചുവേച്ചോടി ആശാന്‍ സ്‌ക്വയറില്‍ ബോധംകെട്ടു വീണു. പിന്നാലെ വന്ന മറ്റൊരു ജീപ്പില്‍ പൊലീസുകാര്‍ അവനേയും കൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് ചുറ്റിക്കറങ്ങിപ്പോയി.

ബോധമില്ലാതെ രണ്ടാഴ്ചയും ബോധം വന്നതിനുശേഷം മൂന്നു മാസത്തോളവും ആശുപത്രിയില്‍ കിടന്ന അജയന്റെ പേരില്‍ നിയമപാലകരെ കൊല്ലാന്‍ ശ്രമിച്ചതിനും ഗൂഢാലോചന നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. പ്രതിപ്പട്ടികയില്‍ ആറാമനായ അജയന്‍ സംഭവിച്ചതൊന്നും ഓര്‍ത്തെടുക്കാനാവാതെ മങ്ങിയും തെളിഞ്ഞും തത്തിക്കളിക്കുന്ന ഓര്‍മകളോടെ കിടന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അച്ഛനോടും അമ്മയോടുമൊപ്പം ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന ട്രെയിന്‍ യാത്രയ്ക്കുശേഷമുള്ള കാലം അവന് ഓര്‍ത്തെടുക്കാനായില്ല. തലച്ചോറിലെ സ്മൃതിയറയില്‍നിന്നു ജീവിതത്തിലെ ഒരു കനല്‍കാലം വിസ്മൃതിയിലേയ്ക്ക് അടര്‍ന്നുവീണു. കുമ്പിട്ട തല ഉയര്‍ത്താനോ മുറിയാതെ സംസാരിക്കാനോ കഴിയാത്ത അജയന്‍ ഇടയ്ക്കിടയ്ക്ക് ''അച്ഛാ ട്രെയിന്‍ എവിടെയെത്തി?'' എന്നു ചോദിക്കുകയും ആയാസപ്പെട്ട് തലചരിച്ച് നോക്കുകയും ചെയ്തു. അവന്‍ തന്റെ ആദ്യ തിരുവനന്തപുരം യാത്രയുടെ ഹരത്തില്‍ ട്രെയിനിന്റെ ജാലകത്തിനടുത്തിരുന്ന് പുറംകാഴ്ചകള്‍ കാണുകയായിരുന്നു. അബുവാര്‍ഡിലെ ജനാലയ്ക്കടുത്തുള്ള കിടക്കയില്‍ കിടന്ന അജയന്റെ ഇടവും വലവുമിരുന്ന അവന്റെ അച്ഛനും അമ്മയും ആ യാത്രയില്‍ ഒപ്പം ചേര്‍ന്നു. മരുന്നും ചികിത്സയും കിട്ടാതെ മരിച്ചുപോയ മാതാപിതാക്കളേയും സഹോദരങ്ങളേയുമോര്‍ത്ത് കരഞ്ഞ അമ്മയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഹൈസ്‌കൂള്‍കാരനായ ആ മകന്‍ പറഞ്ഞ വാക്കുകള്‍ അമ്മ യാത്രയിലുടനീളമോര്‍ത്തു..

''അച്ഛാ... ട്രെയിന്‍ ലേറ്റാണോ?'' അജയന്‍ ചോദിച്ചു.

''ഇല്ല മോനേ, കൃത്യസമയമാ'' തൊണ്ടയിടറാതിരിക്കാന്‍ ശ്രദ്ധിച്ച് അച്ഛന്‍ മറുപടി പറഞ്ഞു. ജനാലവഴി വന്ന കാറ്റ് വാര്‍ഡില്‍ ചുറ്റിക്കറങ്ങി തിരികെപ്പോയി.

''നമ്മളെപ്പോഴങ്ങെത്തും അച്ഛാ?'' അജയന്റെ അസ്വസ്ഥമായ ചോദ്യം കേട്ട അച്ഛന്‍ അവന്റെ നെറ്റിയിലെ മുറുവുണങ്ങിയ പാടില്‍ വാത്സല്യത്തോടെ തലോടി. മകന്‍ ചോദ്യമാവര്‍ത്തിച്ചു.

''ഉടനെയെത്തും കണ്ണാ'' - അച്ഛന്‍ ഇടറി. അടക്കിയിട്ടും അടങ്ങാത്ത തേങ്ങലിനെ അമ്മ സാരിത്തലപ്പിനാല്‍ പൊത്തിപ്പിടിച്ചു.

''ഡോക്ടറേ എത്തി'' - ആംബുലന്‍സ് മെഡിക്കല്‍ കോളേജിലെ അനാട്ടമി

ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെത്തി.

''ഇത് കോപ്പിയാ. നോട്ടറി അറ്റസ്റ്റ് ചെയ്ത ഒര്‍ജിനല്‍ ഞാനാ ഇവിടെക്കൊണ്ട് കൊടുത്തത്. ഇവിടെന്നന്നു വന്ന് അജയേട്ടനുമായി സംസാരിച്ച ഡോക്ടറോട് ഞങ്ങളിങ്ങോട്ട് പുറപ്പെട്ട വിവരം വിളിച്ചുപറഞ്ഞിട്ടുണ്ട്'' - കവറില്‍നിന്നെടുത്തു നല്‍കിയ പേപ്പറുകളുടെ കൂട്ടത്തില്‍ മുകളിലിരുന്നതില്‍ ചൂണ്ടി പ്രസാദ് പറഞ്ഞു.

മുറ്റത്തെ മഴവെള്ളത്തില്‍ ചിതറിക്കിടന്ന മഞ്ഞപ്പൂക്കളെ കടന്ന് ജേക്കബ് നീളന്‍ ഇടനാഴിയിലേയ്ക്ക് കയറി. നിറയെ പൂക്കളുള്ള വലിയ മരത്തിന്റെ ചില്ലകളില്‍നിന്ന് ആംബുലന്‍സിന്റെ മുകളിലേയ്ക്ക് മഴത്തുള്ളികളോടൊപ്പം പൂക്കളും തുരുതുരെ വീണു. ആ മരത്തണലിലിരുന്ന് അജയന്‍ കണ്ട എണ്ണിയാലെടുങ്ങാത്ത സ്വപ്നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ജേക്കബ് വീണ്ടും ഓര്‍ത്തു. എത്രയോ തവണ അജയന്റെ കിടക്കയ്ക്കരുകിലിരുന്ന് അവയോരോന്നും പറഞ്ഞ് ഓര്‍മകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതാണ്. അജയന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ നാലോ അഞ്ചോ തവണ ദീപ്തിയേയും കൂട്ടി ആലപ്പുഴയിലെ കായലോരത്തുള്ള വീട്ടില്‍ പോയി ഓര്‍മകളെ ചൂണ്ടയെറിഞ്ഞ് പിടിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. അജയന് ഒരിക്കലും ആ ട്രെയിന്‍ യാത്ര അവസാനിപ്പിക്കാനോ അതിനു ശേഷമുള്ള കാലത്തിലേയ്ക്ക് പ്രവേശിക്കാനോ കഴിഞ്ഞില്ല. ഓര്‍മയില്‍ ഒരിടത്തുമില്ലാത്ത ജേക്കബിന്റേയും ദീപ്തിയുടേയും ചൂണ്ടക്കൊളുത്തുകള്‍ അവനെ അസ്വസ്ഥനാക്കി.

അജയന്റെ പഴയ മോഹം ദീപ്തിയോട് ജേക്കബ് വെളിപ്പെടുത്തിയില്ല. വെളിപ്പെടുത്താത്ത രഹസ്യങ്ങളാണ് ഈ ലോകത്തെ സമാധാനപൂര്‍ണമായി നിലനിര്‍ത്തുന്നത്.

നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കൈമാറിയിട്ട് തിരികെ ഇറങ്ങിയപ്പോള്‍ മുറ്റത്തെ വലിയമരത്തിലേക്ക് ജേക്കബ് നോക്കി.

''അജയന്റെ ശരീരം കീറിമുറിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് അവനാരായിരുന്നുവെന്നും അവന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്തായിരുന്നുവെന്നും പറഞ്ഞുകൊടുക്കണം. കത്തിയെരിഞ്ഞോ ചീഞ്ഞളിഞ്ഞോ പോകുന്ന മൃതദേഹങ്ങളില്‍ തുടിച്ചിരുന്ന മനുഷ്യരല്ല, പഠിക്കാനായി കുട്ടികളുടെ മുന്നില്‍ കിടക്കുന്ന മൃതദേഹങ്ങളില്‍ ജ്വലിച്ചിരുന്ന മാനവരാണ് വിപ്ലവകാരികളെന്ന് ബോധ്യപ്പെടുത്തി കൊടുക്കണം.'' ജേക്കബിന്റെ ആത്മഗതമറിഞ്ഞ വൃക്ഷം ജലത്തുള്ളികള്‍ പൊഴിച്ചു.

''ഡോക്ടറേ നമുക്കെന്തെങ്കിലും കഴിച്ചിട്ട് പിരിയാം'' - പ്രസാദ് പറഞ്ഞു.

''നിങ്ങള്‍ കഴിക്ക്. എനിക്ക് വിശപ്പു തീരെയില്ല'' - ജേക്കബ് പറഞ്ഞു.

''ഒന്നാലോചിച്ചാ ഇപ്പോ സമാധാനമായി. കേസെന്നും പറഞ്ഞ് നിരപരാധിയായ അജയേട്ടനേം ചുമന്നോണ്ട് ഞാനെത്രകാലമായി കോടതി കേറിയിറങ്ങുന്നു. ഇനി എത്രയും വേഗം കോടതീല് മരണസര്‍ട്ടിഫിക്കറ്റ് കൊടുക്കണം. കേസ് തീര്‍ന്നുകിട്ടുമല്ലോ. പാവം ഇങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ.'' പോകാന്‍ നേരം പ്രസാദ് കൂപ്പുകയ്യോടെ പറഞ്ഞു.

റോഡിന്റെ ഓരം ചേര്‍ന്ന് ജേക്കബ് സാവധാനം നടന്നു. വയ്യാത്ത മകനേയുംകൊണ്ട് കോടതി കയറേണ്ടി വന്നതിലുള്ള അജയന്റെ അച്ഛന്റേയും അമ്മയുടേയും നീറ്റല്‍ ജേക്കബിന് ഓര്‍മ വന്നു.

''ജേക്കബേ, കേസ് ചാര്‍ജ് ചെയ്ത പൊലീസുകാരനെ ഒന്നുപോയി കണ്ട് ഒഴിവാക്കിത്തരാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നപേക്ഷിച്ചാലോ?'' രണ്ടോ മൂന്നോ തവണ കോടതിയില്‍ മകനേയും കൊണ്ടുപോയി കാത്തുനിന്നു പരിക്ഷീണനായ അച്ഛന്‍ ഇടര്‍ച്ചയോടെ ചോദിച്ചു.

''നമുക്കു പോകാം അങ്കിളേ'' - ക്ഷീണിച്ച ആ ശരീരത്തെ ചേര്‍ത്തുപിടിച്ചുകൊണ്ട് ജേക്കബ് പറഞ്ഞു.

''റോഡിലൂടെ പോയ ഒരു ചെറുപ്പക്കാരനെ ഞാന്‍ എന്റെ തീരുമാനപ്രകാരം ചുമ്മാ തലയ്ക്കടിച്ചിടുമെന്ന് നിങ്ങള് കരുതുന്നുണ്ടോ? ഒന്നാമത് നിങ്ങളീ പറയുന്ന സംഭവം എനിക്ക് തീരെ ഓര്‍മയില്ല. ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തോണ്ടിരുന്നാല്‍ ലോകത്തൊരു പൊലീസുകാരനും ഡ്യൂട്ടി ചെയ്യാന്‍ പറ്റില്ല. ഇനി നിങ്ങള് പറഞ്ഞതുപോലെ ഞാനങ്ങനെ ചെയ്‌തെന്ന് തന്നെയിരിക്കട്ടെ. എനിക്കു മുകളില്‍നിന്നു കൃത്യമായ നിര്‍ദേശം കിട്ടിയിട്ടാവും. എന്റെ മോളിലിരിക്കുന്ന ആളിന് അതിന്റെ മോളീന്ന്. അങ്ങനെ പൊലീസ് മന്ത്രിയില്‍ വരെയത് ചെന്നെത്തും. ഇതൊരു സിസ്റ്റമല്ലേ മാഷേ. നിങ്ങള്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാര്‍ക്കെന്നല്ലേ പറഞ്ഞത്. നിങ്ങളെപ്പോലെയുള്ള ഒരാളിന് ഇതറിഞ്ഞുകൂടെന്നു വെച്ചാല്‍ ഞാനെന്തു പറയാനാ? ഡ്യൂട്ടി സമയത്ത് നമ്മള്‍ സര്‍ക്കാരാ. നമ്മള്‍ ഒരു വ്യക്തിക്കുവേണ്ടിയല്ല മൊത്തം ജനങ്ങള്‍ക്കുവേണ്ടിയിട്ടാ ഡ്യൂട്ടി ചെയ്യുന്നത്. പഴയ മന്ത്രി പോയി ഇപ്പോ പുതിയ ആളായി. നിങ്ങള് അവിടെച്ചെന്ന് ഒരു പരാതി കൊടുത്തുനോക്ക്. കോടതീലായ കേസില്‍ പൊലീസുകാര്‍ക്ക് ഒരു റോളുമില്ല. പിന്നെ, പൊലീസുകാരനെന്ന നിലയില്‍ ഞാന്‍ ചെയ്ത ഒരു പ്രവൃത്തിക്കും വ്യക്തിയെന്ന നിലയില്‍ ഞാന്‍ കുമ്പസാരിച്ചിട്ടുമില്ല, ഇനിയങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല'' - അജയന്റെ തലയ്ക്കടിച്ച പൊലീസുകാരന്‍ ഒരു സിഗററ്റിനു തീപിടിപ്പിച്ചുകൊണ്ട് പറഞ്ഞു.

''വലിക്വോ?'' നിസ്സഹായനായി നിന്ന അച്ഛനോട് പൊലീസുകാരന്‍ ചോദിച്ചു. മറുപടി പറയാതെ അയാള്‍ ജേക്കബിന്റെ ചുമലില്‍ പിടിച്ച് പൊലീസ് സ്റ്റേഷന്റെ പുറത്തേയ്ക്ക് നടന്നു.

മെഡിക്കല്‍ കോളേജില്‍നിന്നിറങ്ങി പരിചയക്കാരാരുമില്ലാത്ത നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നപ്പോഴും ജേക്കബിന്റെ കൈകളിലെ തണുപ്പ് മാറിയില്ല. അജയന്റെ മൃതദേഹം താങ്ങിയെടുത്ത് അനാട്ടമി ഡിപ്പാര്‍ട്ടുമെന്റിന്റെ സ്ട്രച്ചറിലേയ്ക്ക് കിടത്തിയപ്പോള്‍ ഐസ് പോലെ തണുത്ത ആ ദേഹത്തും മുഖത്തും ജേക്കബ്ബ് തൊട്ടു.

വൈകുന്നേരമായതിനാല്‍ നഗരം മുഴുവന്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങളാല്‍ നിറഞ്ഞിരുന്നു. തിരക്കില്‍ ശ്വാസംമുട്ടിയ നഗരത്തിന്റെ ഓരംപറ്റി ജേക്കബ് നടന്ന് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിനു മുന്നിലൂടെ വഴുതക്കാടെത്തി. എണ്ണമറ്റ തവണ അജയന്റെ തോളില്‍ കയ്യിട്ട് നടന്ന പാതയിലൂടെ സഞ്ചരിച്ച് ഈശ്വരവിലാസം റോഡിലേയ്ക്കിറങ്ങി. ആ ഇറക്കം അവസാനിക്കുന്നയിടത്തെ ഒരു ചെറിയ വഴിയിലൂടെ അകത്തേയ്ക്ക് കയറുന്നിടത്താണ് അച്ഛനമ്മമാരോടൊപ്പം അജയന്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിരുന്നത്. ചെറിയ വീടുകളെയെല്ലാം വിഴുങ്ങിവീര്‍ത്ത ഒരു പടുകൂറ്റന്‍ ഫ്‌ലാറ്റ് ആകാശത്തിലേയ്ക്ക് വാപിളര്‍ത്തി നിന്നു.

മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കണമെന്നെഴുതി നല്‍കിയതറിഞ്ഞ് ഓടിപ്പിടച്ച് ചെന്നപ്പോഴും അതിനുശേഷം അവസാനം കണ്ടപ്പോഴും അജയന്റെ കണ്ണുകള്‍ പതിവില്ലാതെ നിറഞ്ഞൊഴുകിയതല്ലാതെ ചോദിച്ചതിനൊന്നിനും മറുപടി പറയാതെ കുമ്പിട്ടിരുന്നത് ജേക്കബ് ഓര്‍ത്തു. ഓര്‍മകള്‍ തിരിച്ചുകിട്ടിയിട്ടുണ്ടാകും. ആ വിങ്ങല്‍ താങ്ങാനാവാതെ ഹൃദയം പിടഞ്ഞൊടുങ്ങിയതാവുമെന്ന് ജേക്കബ് ഉറപ്പിച്ചു. അമ്മ മരിച്ചപ്പോഴും അജയനേയും ചേര്‍ത്തു പിടിച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന് അച്ഛന്‍ ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ട് ജന്മനാട്ടിലേയ്ക്ക് മടങ്ങിയപ്പോഴും നിറയാത്ത അജയന്റെ കണ്ണുകളാണ് ഒടുവില്‍ ഓര്‍മകളുടെ ആഘാതത്താല്‍... ജേക്കബിന്റെ നെഞ്ചുനീറി. ചുറ്റിലും ഇരുട്ട് പടരാന്‍ തുടങ്ങി.

അനാട്ടമി ലാബിലെ ഫോര്‍മാലിന്‍ ലായനി നിറച്ച കിണറിന്റെ ആഴങ്ങളിലേക്ക് അജയന്‍ മെല്ലെ നീന്തിയിറങ്ങി. ഇടത്തും വലത്തുമുള്ള ലായനിക്കിണറുകളില്‍ അവന്റെ അച്ഛനും അമ്മയും പോരാട്ട സ്മരണകളോടെ ഉണര്‍ന്നു.

''മോനേ'' - ഏറെക്കാലമായി കാത്തുകിടന്ന അജയന്റെ അമ്മ കനിവോടെ വിളിച്ചു.

''കണ്ണാ'' - അജയന്റെ അച്ഛന്‍ ഈണത്തില്‍ വിളിച്ചു.

''നമ്മള്‍ എത്തിയോ അച്ഛാ?'' അജയന്‍ ചോദിച്ചു.

''എത്തി മോനേ'' - അച്ഛനും അമ്മയും ഒരുമിച്ചു പറഞ്ഞു.

മൂന്നു കിണറുകളില്‍ കിടന്ന ആ മൂന്നു പേര്‍ ആഴങ്ങളിലേയ്ക്ക് ആണ്ടിറങ്ങി. മെല്ലെ മെല്ലെ മൂവരുടേയും മുഖത്ത് ചിരി വിരിയാന്‍ തുടങ്ങി. അമ്മ ഉറച്ചസ്വരത്തില്‍ പാടി.

''ആശംകുത്തി പൊന്നൊക്കെ

പൂമി കുത്തി പൊന്നൊക്കെ

പൂമിക്കൊരു പൊലിമുറം

ആശംകൊരു പൊലിമുറം

ഇയ്യാഹോ... ഹൊയ്''2

അജയനും അച്ഛനും ലായനിക്കിണറുകളില്‍ നീന്തിയ അജ്ഞാതരായ മറ്റനേകം മാനവരും ഒറ്റ സ്വരത്തില്‍ ഒരേ ഈണത്തില്‍ ഏറ്റുപാടി.

1) ഫ്രെഡറിക് ഏംഗല്‍സ്

2) ആകാശം നക്ഷത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു! ഭൂമി മിന്നാമിനുങ്ങിനാല്‍ തെളിഞ്ഞിരിക്കുന്നു! സമൃദ്ധിയുടെ പൊലിവില്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു.

ചിത്രീകരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല: ഇ ശ്രീധരന്‍

നാട്ടിലെ കളിയില്‍ സഞ്ജു പുറത്തിരിക്കുമോ?, ടീമില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സില്‍; പക്ഷെ '9 മിനിറ്റ് കാണാനില്ല'; ഒന്നും മിണ്ടാതെ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ കലിപ്പില്‍!

ഇടതു നിരീക്ഷകന്‍ ബി എന്‍ ഹസ്‌കറും സിപിഐ നേതാവ് എ മുസ്തഫയും ആര്‍എസ്പിയില്‍

'മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം'; പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

SCROLL FOR NEXT