‘ബാധകന്‍’ : malayalam short story sunu s ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്കസമകാലിക മലയാളം
Malayalam Weekly

‘ബാധകന്‍’

“ഇന്നുതന്നെ പോയി കണ്ടോ താമസിക്കണ്ട” എന്നും പറഞ്ഞ് അയാളുടെ ഫോൺ നമ്പർ എനിക്ക് തന്നു. സുനു എസ് എഴുതിയ കഥ വായിക്കാം.

സുനു എസ്

ഞാനും അവളുമായിട്ട് നേരെചൊവ്വേ എന്തെങ്കിലുമൊന്ന് മിണ്ടിയിട്ട് നാളുകളായിരുന്നു,

വല്ലപ്പോഴും എന്തെങ്കിലും മിണ്ടാൻ ചെന്നാൽ വലിയ ഒച്ചപ്പാടിലും കലഹത്തിലുമവസാനിക്കും. അവളോട് എങ്ങനേലും പറ്റിക്കൂടാനുള്ള ശ്രമങ്ങളൊക്കെ ദുരന്തത്തിൽ കലാശിച്ചു.

എന്റെ മടിയും അലസതയുമായിരുന്നു എല്ലാത്തിനും കാരണം, രോഗങ്ങളോ കടബാധ്യതകളോ മറ്റു കുടുംബപ്രശ്നങ്ങളോ ഇല്ല. തങ്കക്കുടംപോലെ രണ്ട് കുഞ്ഞുങ്ങളാണ് ഞങ്ങൾക്ക്. ആര് കണ്ടാലും അസൂയപ്പെടുന്നൊരു ഭാര്യയും. ജീവിതമൊന്ന് കരുപിടിപ്പിക്കാൻ എന്തിനും കൂടെ നിൽക്കുന്നവൾ. തരക്കേടില്ലാതെ ജീവിക്കാൻ പറ്റിയ ഭൂമിയുണ്ട്. അതിൽ പണിയെടുത്താൽ അല്ലലില്ലാതെ കുടുംബം കഴിഞ്ഞുപോകും. വീട്ടിലിരുപ്പുറച്ചിട്ട് പറമ്പിലിറങ്ങി എന്തെങ്കിലും ചെയ്യാൻ പറ്റണ്ടേ.

മുൻപെല്ലാം രാവിലെ എണീറ്റൊരു കട്ടനുമടിച്ച് സിറ്റിക്ക് പോയാൽ പത്ത് മണിക്കകം തിരിച്ച് വന്ന് പറമ്പിലേക്കിറങ്ങും. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലമായിരുന്നു പറമ്പ്. വല്ലാത്ത ബോറാണ്, കുറച്ചുനേരം എന്തെങ്കിലുമൊക്കെ ചൊറിഞ്ഞ പണികൾ ചെയ്തിട്ട്, ഫോണെടുത്ത് തോണ്ടി വാർത്തകളിലും വീഡിയോകളിലും ചെന്നിരിക്കും. ഉച്ചയോടുകൂടി ഇല്ലാത്തൊരു വേദനയോ വല്ലാത്ത ക്ഷീണമോ നടിച്ച് വീട്ടിലേക്കുതന്നെ കയറിച്ചെല്ലും. ആദ്യമൊക്കെ അവള് ചോദിക്കുകയും പറയുകയും ചെയ്തിരുന്നെങ്കിലും മടുപ്പും വേദനയുംകൂടി പറമ്പിലേക്കേ ഇറങ്ങാതായപ്പോൾ അവളൊന്നും മിണ്ടാതായി.

പിന്നെപ്പിന്നെ എണീറ്റ് പല്ലും തേച്ച് കക്കൂസേലും പോയിട്ട് പിള്ളേർക്ക് ഒണ്ടാക്കിയേന്റെ എന്നതേലും മിച്ചമൊണ്ടേൽ എടുത്ത് തിന്നിട്ട് നേരെ കവലക്ക് വിടും. വീട്ടിൽ നിന്നാൽ എന്തെങ്കിലുമൊക്കെ ചോദ്യോം പറച്ചിലുമാകുമെന്ന് പേടിച്ചിട്ട്. അവളുടെ മുഖഭാവം കണ്ടാൽ ജീവിതം കൈവിട്ട്, വിങ്ങിപ്പൊട്ടാറായ പോലായിരുന്നു.

പഞ്ചായത്ത് ഗ്രൗണ്ടിന്റെ ഓരത്തുള്ള മരത്തണലിലാണ് മിക്കവാറും പോയിരിക്കാറ്. എന്നെപ്പോലെ തന്നെ വേലേം കൂലീം ഇല്ലാത്ത ഒരു സെറ്റ് പിള്ളേരുമൊണ്ടവിടെ. തങ്ങളിലൊന്നും മിണ്ടാതെ ഫോണിൽ കുമ്പിട്ടിരിപ്പാണ്. കുടുംബമെന്നും കുഞ്ഞുങ്ങളെന്നും വിചാരമുള്ളവരൊക്കെ ആ നേരം പൊരിവെയിലത്ത് പണിയെടുക്കുകയായിരിക്കും. എന്റെ ഇരിപ്പു കണ്ടാൽ കാശുള്ള ഏതോ കുടുംബത്തിൽ ജനിച്ച് ജീവിക്കുന്നപോലായിരുന്നു.

ഒരു പത്ത് പതിനഞ്ച് കൊല്ലം മുൻപുള്ള എന്റെ ജീവിതം ഇങ്ങനെയേ ആരുന്നില്ല. നല്ല ഇഷ്ടത്തോടേയും ഉത്സാഹത്തോടേയും പറമ്പിലിറങ്ങി കിളച്ചിരുന്നു. കൊടിയിൽ കയറി മുളകും കാപ്പിയിൽ കയറി കുരുവും പറിച്ചിരുന്നു. നെല്ലു കൊയ്യാനും കറ്റതല്ലാനും കച്ചിപ്പണി ചെയ്യാനും പോയിരുന്നു. പണി കഴിഞ്ഞ് കണ്ടത്തിൽ ക്രിക്കറ്റ് കളിക്കാനും ഇരുട്ടുമ്പോൾ വീട്ടിൽ വന്ന് കുളിച്ച് കുന്നും മലയും കേറി കവലക്കും പോയിരുന്നു. കൂടെ നിരന്നിരിക്കുന്ന ന്യൂജെൻ പിള്ളേരുടെ ഭൂതകാലമായിരുന്നില്ല എന്റേത്. അതൊക്കെ ചിന്തിച്ചാൽ വട്ട്പിടിക്കും അതുകൊണ്ട് ഞാൻ ഇടതടവില്ലാതെ റീൽസും ന്യൂസ്‌കളും കണ്ട് തള്ളി.

എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവൾ സിറ്റിയിലെ ഏതോ കടയിൽ ജോലിക്ക് പോയി തുടങ്ങിയതാണ് എന്നെ ഏറ്റോം വിഷമിപ്പിച്ചത്. തമ്മിൽ കണ്ടാൽ ഒരു ബന്ധവുമില്ലാത്തതുപോലെ വഴിമാറി പോകുന്നു. കൂടെ കഴിഞ്ഞതും മക്കളുണ്ടായതുമൊന്നും ഒരോർമേം ഇല്ലാത്തപോലെ. ഇത്രേം അന്യത നടിക്കാൻ പെണ്ണുങ്ങക്കേ കഴിയത്തൊള്ളെന്ന് തോന്നി.

എനിക്കെന്റെ കുഞ്ഞുങ്ങളെ ഓർത്താരുന്നു സങ്കടം. അഞ്ച് വയസും മൂന്ന് വയസുമുള്ള അതുങ്ങൾക്ക് അമ്മ ഇല്ലാതാകുമോ?

ഒരു ദിവസം ജോലി കഴിഞ്ഞവൾ ഈ വീട്ടിലേക്ക് തിരിച്ച് വന്നില്ലെങ്കിലോ?

അവളും ഒരു മനുഷ്യ സ്ത്രീയല്ലേ, അവൾക്കും കാണില്ലേ മോഹങ്ങളും പ്രതീക്ഷകളും? അങ്ങനത്തെ എത്രയെത്ര വാർത്തകളാണ് ഓൺലൈനിൽ വരുന്നത്.

അന്നോളമില്ലാതിരുന്നൊരു ശോകഭാവം വന്നിരിക്കുന്നു മക്കൾക്കും. അതെന്താണെന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.

എന്റെ അച്ഛന്റെ ചേട്ടന്റെ മോനായിരുന്നു ഉദയൻ ചേട്ടൻ. പക്കാ നിരീശ്വരവാദി, എല്ലാ ദൈവവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്നാണ് പുള്ളീടെ പറച്ചിൽ. സ്വന്തം കൂടപ്പിറപ്പുകളെക്കാൾ എനിക്ക് ബന്ധവും അടുപ്പവും അങ്ങേരോടായിരുന്നു. ഏത് പ്രശ്നത്തിനും വിശ്വാസികളെക്കാളൊക്കെ കൃത്യവും വ്യക്തവുമായ പരിഹാരം പുള്ളീടടുത്തൊണ്ട്.

ഞാൻ മടിച്ച് മടിച്ചാണ് കാര്യം പറഞ്ഞത്, കേട്ട് കഴിഞ്ഞതും പുള്ളിയൊന്ന് ചിരിച്ചു. എനിക്ക് ചെറിയൊരാശ്വാസം തോന്നി.

“ഇതൊരു ജലദോഷപ്പനി പോലത്തെ കേസേ ഒള്ളടാ...” പുള്ളി നിസ്സാരമായി പറഞ്ഞു.

വര

“ബാധേം പിശാശുമൊന്നുമല്ല ഡിപ്രഷനാണ്...”

അതിനെക്കുറിച്ച് കേട്ടറിവല്ലാതെ വേറൊന്നും അറിയില്ല, അതുള്ളവരെ പരിചയോമില്ല, പക്ഷേ, എനിക്ക് എങ്ങനിത്...

“ഞാൻ കൂടെ ഉണ്ടായിട്ടും നിനക്കിതെങ്ങനെ വന്നെന്നാണ്...? പോട്ടെ സാരമില്ല..!”

അത് പറഞ്ഞങ്ങേര് ഫോണെടുത്ത് പരിചയത്തിലുള്ള സൈക്കാട്രിസ്റ്റിനെ വിളിച്ചു. ചിരിച്ചോണ്ട് തന്നെ നിസ്സാര മട്ടിൽ കാര്യോം പറഞ്ഞു.

“ഇന്നുതന്നെ പോയി കണ്ടോ താമസിക്കണ്ട” എന്നും പറഞ്ഞ് അയാളുടെ ഫോൺ നമ്പർ എനിക്ക് തന്നു.

വളരെ പ്രതീക്ഷയോടെയാണ് ഞാൻ സൈക്കാട്രിസ്റ്റിനെ കാണാൻ പോയത്.

പള്ളീലച്ചനോട് കുമ്പസാരിക്കുന്നപോലെ എന്റെ കുറ്റങ്ങളും കുറവുകളും വള്ളിപുള്ളി വിടാതെ ഏറ്റു പറഞ്ഞ്, എന്റെ മക്കളെയോർത്ത് അയാളുടെ മുന്നിലിരുന്ന് കരഞ്ഞു. എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് പറയുംപോലെ. ഞാനത്ര സങ്കടപ്പെട്ട് പറഞ്ഞിട്ടും അയാളതൊന്നും കാര്യമാക്കിയതായി തോന്നിയില്ല.

“കുഴപ്പമില്ല, ഈ ടാബ്‌ലറ്റ്‌സ് മുടങ്ങാതെ കഴിച്ചാൽ മതി. നെക്സ്റ്റ് മന്ത് എന്നെ വന്ന് കാണൂ” എന്നു പറഞ്ഞ് ഗുളികേടെ കുറിപ്പ് എന്റെ നേരെ നീട്ടി. അയാളൊരു ആശ്വാസവാക്ക് പോലും പറയാഞ്ഞിട്ട് എനിക്ക് വല്ലാത്ത നിരാശ തോന്നി. ചങ്ക് തുറന്ന് കാണിച്ചിട്ട്‌പോലും...

രണ്ടാഴ്ച ഗുളിക കഴിച്ചിട്ടും എന്റെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നില്ല. തലക്കടിച്ചപോലെ തൂങ്ങിയിരിക്കും.

കൂട്ടുകാർ രഹസ്യമായി എന്തെങ്കിലും പറഞ്ഞ് ചിരിച്ചാൽ അതുവരെ ഇല്ലാത്ത ആകാംക്ഷയോടെ ഞാൻ കാതോർക്കും. നമ്മടെ വീട്ടിലെ അപവാദകഥ ഏറ്റവുമൊടുവിൽ അറിയുന്നത് നമ്മളാരിക്കുമല്ലോ, നാട് മുഴുവനും ചീഞ്ഞ് നാറീട്ട്.

എനിക്ക് ആളുകളെ മുഖമുയർത്തി നോക്കാൻ മടി തോന്നി. ആരെങ്കിലും പരിചയക്കരെയോ സ്വന്തക്കാരെയോ കണ്ടാൽ അവരുടെ കണ്ണിൽ പെടാതെ വഴിമാറിപ്പോകുകയോ കള്ളനെപ്പോലെ ഏതെങ്കിലും മറവിലൊളിക്കുകയോ ചെയ്തു.

ഒരു ദിവസം പഴേയൊരു കൂട്ടുകാരൻ ലമ്പാടി രാജേഷ് എന്നെ വിളിച്ച് മാറ്റിനിർത്തി വളരെ രഹസ്യമായിട്ടൊരു കാര്യം പറഞ്ഞു: “അളിയാ നിന്റെ പ്രശ്നങ്ങളൊക്കെ അറിഞ്ഞു, യുക്തിവാദമൊക്കെ മാറ്റിവെച്ചിട്ട് വന്നാൽ നിന്നെ ഒരിടത്ത് കൊണ്ടുപോകാം.”

അവനൊരു നാഷണൽ പെർമിറ്റ് ലോറിയേലെ ഡ്രൈവറാരുന്നു. കേരളാ, തമിഴ്‌നാട്, കർണാടക, ആന്ധ്ര എല്ലാം പോകുന്നവൻ.

“എന്ത് പ്രശ്നം, നിന്നോട് ആര് പറഞ്ഞു?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“മറ്റേ മാനസികത്തിന്റെ ഗുളിക കഴിക്കുന്നതൊക്കെ എല്ലാവനും അറിയാവളിയാ. ഞാൻ പറഞ്ഞെന്നേയൊള്ളൂ, നിന്റിഷ്ടം...”

എനിക്കതത്ര വിശ്വാസം വന്നില്ല. വേറെന്തെങ്കിലും അറിഞ്ഞിട്ടാണോ ഇവൻ...

“സംഗതി മന്ത്രവാദമാ വിശ്വാസമൊണ്ടേ ഫലം കിട്ടും, ഇല്ലെങ്കി പിന്നെ പറഞ്ഞിട്ട് കാര്യമില്ല ചത്ത് പോയോരടെ ആൽമാവിനെ വെച്ചൊള്ള കളിയാ ധൈര്യമൊണ്ടേൽ വന്നാ മതി.”

എന്നെയൊന്ന് വെല്ലുവിളിക്കുന്നപോലെ അവൻ പറഞ്ഞു. പ്രാർത്ഥനേം കൂടോത്രോമൊന്നും ആരെയെങ്കിലും രക്ഷിക്കുമെന്ന് ഇതുവരേം തോന്നീട്ടില്ല. പക്ഷേ, ഇപ്പം എനിക്ക് വേറെ വഴിയില്ലെന്നായി.

“ക്യാഷ് എത്രയാകും..?”

കാശടിക്കാനുള്ള ഉടായിപ്പാണെന്ന് സംശയിച്ച് ഞാൻ ചോദിച്ചു.

“കാശൊക്കെ ഞാൻ കൊടുത്തോളാം പിന്നെ തന്നാ മതി പ്രശ്നം സോൾവായാൽ.”

അവനൊരു അറുക്കീസും ആർത്തിപ്പണ്ടാരോമാരുന്നു. അത്യാവശ്യം പൊങ്ങനും. ചെന്ന് കഴിയുമ്പം പതിനായിരമോ ഇരുപതിനായിരമോ ആയാൽ പെട്ടുപോകും.

തൊട്ടടുത്ത് മണിയൻപ്പെട്ടീലാരുന്നു സംഭവം. ചെറിയൊരു കുന്നിന്റെ ചെരിവിൽ അറബിക്കാപ്പികൾക്കിടക്കൂടെ കുറച്ചുദൂരം നടക്കണം. കാവൽപുരപോലെ ഒരു പടുതാ ഷെഡ് കണ്ടതും അവന്റെ സംസാരം പതുക്കെയായി, പിന്നത് തീരെ ചെറിയ കുശുകുശുപ്പായി. “ഒച്ചവെച്ചാ പുള്ളിക്കിഷ്ടപ്പെടത്തില്ല” എന്നവൻ അടക്കിപ്പറഞ്ഞു. ചുമ്മാ ബിൽഡപ്പ് ഇടുന്നതാരിക്കും എന്നാണ് തോന്നിയത്. മുറ്റത്ത് വേറെ ആരൊക്കയോ നിൽക്കുന്നു. ഉറപ്പായും അറിയാവുന്ന ആരെങ്കിലും കാണും. ഞാൻ നടത്തം പതുക്കെയാക്കി നിന്നു. എന്നെ കാണാതെ തിരിഞ്ഞുനിന്ന അവനോട്:

“നീ പോയി നോക്കീട്ട് വിളിച്ചാമതി” എന്ന് പറഞ്ഞ് ഫോണെടുത്ത് തോണ്ടിക്കൊണ്ട് ഒരു വാഴക്കൂട്ടത്തിന്റെ മറവിലേക്ക് മാറിനിന്നു.

പത്തിരുപത് മിനിറ്റ് കഴിഞ്ഞ് കാണും അവൻ തിടുക്കപ്പെട്ട് ഓടിവന്നു. “എടാ സംഗതി ഒക്കെ ആണ് നിന്റെ കയ്യിലിപ്പം ഒരു രണ്ടായിരം എടുക്കാനൊണ്ടോ..?”

വന്ന തിടുക്കത്തിലവൻ ചോദിച്ചു.

“എടാ എന്റെ കയ്യിൽ പത്തോ അറുനൂറോ രൂപയെ ഒള്ളൂ അതെടുത്താ ഒരു വിക്സ് മൊട്ടായി മേടിക്കണേപ്പോലും ഒന്നുമില്ല.”

“നീ ഇപ്പം മൊട്ടായി മൂഞ്ചണ്ട” എന്നു പറഞ്ഞവൻ പോക്കറ്റിൽ കയ്യിട്ട് ഒണ്ടാരുന്നത് തപ്പിപ്പെറുക്കി എടുത്തു.

എന്റെ കുഞ്ഞുങ്ങൾക്ക് എന്തേലും പലഹാരം മേടിച്ചോണ്ട് പോകാനുള്ള പൈസയാരുന്നു. എത്ര പിണക്കവും അകൽച്ചയുമാണെങ്കിലും കുഞ്ഞുങ്ങളോടുള്ള എന്റെ സ്നേഹമോർത്താണ് ഇപ്പഴും അവളെന്നെ സഹിക്കുന്നത്. അവനതും കൊണ്ടുപോയി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ വീണ്ടും ഓടിപ്പാഞ്ഞു വന്ന് പറഞ്ഞു: “പൊന്ന് മൈരേ ഒന്ന് വാ.”

യാതൊരു മയോമില്ലാതെ ഒരു ജാതി പുച്ഛത്തോടെയുള്ള വിളിയാരുന്നു.

ആരേലും പരിചയക്കാര് കാണുമോന്ന് പേടിച്ച് മുഖം കുനിച്ചാണ് ഞാനങ്ങോട്ട് ചെന്നത്. ഭാഗ്യത്തിന് ആരും പേരെടുത്ത് വിളിച്ച് കേട്ടില്ല.

ഒണങ്ങി മെലിഞ്ഞൊരു കെളവനാരുന്നു മന്ത്രവാദി. അയാളെ കണ്ടതേ ഉടായിപ്പാണെന്ന സംശയം ബലപ്പെട്ടു. കമ്പത്തും പാളയത്തുമൊക്കെ കൈവിഷക്കാരും ലാടന്മാരും നാട്ട് വൈദ്യക്കാരും ഇഷ്ടം പോലൊണ്ട്. അതിലൊരുത്തൻ മലകേറിവന്നതാണ്.

ഭസ്മംകൊണ്ടുള്ള കുറീം വരേമൊക്കെ ഒണ്ടേലും അയാള് കുളിച്ചിട്ട് മൂന്നോ നാലോ ദിവസമായിട്ട് കാണും. വെളുത്ത മുണ്ട് ചെളിപിടിച്ചു കരിക്കലത്തുണി പോലായിട്ടൊണ്ട്, ചിറിക്കിടയിൽ ഹാൻസോ ഗണേശോ വെച്ചിട്ടൊണ്ടെന്ന് ഒറ്റനോട്ടത്തിലേ അറിയാം.

എന്നെ കണ്ടതേ ഒരു മയോമില്ലാതെ ചീവീട് കാറുന്നപോലെ അയാൾ പറഞ്ഞു: 2000 കുടുത്തിറുക്ക്, പലം കെടച്ചാ ഒരു വാരത്തുക്കുള്ളെ എട്ടായിരംകൂടി കൊടുക്കണം.”

എട്ടായിരമെന്ന് കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടി ഞാൻ നിസ്സഹായതയോടെ ലമ്പാടിയെ നോക്കി.

“കാര്യം നടക്കുമല്ലോ അല്ലേ സാമീ?”

എനിക്കുവേണ്ടി എന്നോണം കിഴവനോട് താഴ്മയോടെയവൻ ചോദിച്ചു.

“നടക്കും.” അയാൾ ഗൗരവത്തിൽ പറഞ്ഞു.

“വിഷയത്തെ സൊല്ലുങ്കെ.”

ചമ്രം പടഞ്ഞിരിക്കാൻ വശമില്ലാതെ നിലത്ത് കയ്യൂന്നി ഇരുന്ന എന്നോടയാൾ അതേ ഗൗരവത്തിൽ പറഞ്ഞു.

ലമ്പാടിടെ കേൾക്കൽ അതു പറയാൻ എനിക്ക് മടിതോന്നി. എങ്കിലും സൈക്കാർട്രിസ്റ്റിനോട് പറഞ്ഞപോലൊരു കുമ്പസാരം തമിഴിലാക്കി ഞാനയാളോട് പറയാൻ ശ്രമിച്ചു.

“വിഷയത്തെ സൊല്ലുങ്കയാ.” കേൾക്കാൻ ക്ഷമയില്ലാത്തപോലെ അയാൾ പറഞ്ഞു.

വിഷയം അവളുടെ അകൽച്ചയാണ്; കുഞ്ഞുങ്ങൾക്കും എനിക്കും അവളെ നഷ്ടപ്പെടുമോ എന്നുള്ള ഭയം. ഞാൻ പറയുന്ന കേൾക്കാൻ കിളവനെക്കാൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന നാറീടെ മുന്നിൽ എങ്ങനത് പറയും.

“പൊണ്ടാട്ടി ഓടിപ്പോച്ചാ..?” ഉള്ളിലേക്ക് തീ കോരി ഇടുന്നപോലെ അയാൾ ചോദിച്ചു. ഞാൻ അവനെയൊന്ന് പാളിനോക്കി, കുറുക്കനെപ്പോലെ കണ്ണ് കൂർപ്പിച്ചിരിക്കുന്നു.

ഗത്യന്തരമില്ലാതെ അയാളോട് ഞാൻ കാര്യം പറഞ്ഞു. “എന്റെ പൊണ്ടാട്ടിക്കെന്നോട് വെറുപ്പാണ് സാമീ, പേശി റൊമ്പ നാളായി, ഒന്ന് തൊടാൻപോലും സമ്മതിക്കില്ല.”

“ഉനക്ക് അവളെ സന്തേഹമാ?”

കിഴവൻ ചോദിച്ചപ്പോൾ ലമ്പാടി ഒരു കൊക്കി ചിരി ചിരിച്ചു.

“ഒരു സന്തേഹവും ഇല്ല അവളെന്റെ വീട്ടിലുണ്ട്...” അവന്റെ പത്തി അടിച്ച് താഴ്ത്തുന്ന വാശിയോടെ ഞാൻ പറഞ്ഞു.

“എനിക്കവളെ തിരിച്ച് വേണം സാമീ എന്റെ പിള്ളേർക്കും.”

നാണക്കേട് മറന്ന് പറഞ്ഞിട്ട് ഞാൻ കുനിഞ്ഞിരുന്നു. പിന്നെനിക്കവനെ മുഖമുയർത്തി നോക്കാനായില്ല. പിണക്കോം കഷ്ടപ്പാടുമൊക്കെ ഉണ്ടെങ്കിലും ഞാനും അവളും തമ്മിൽ വളരെ സ്നേഹത്തിലാണെന്നായിരുന്നു നാട്ടുകാരുടെ ധാരണ. ഇന്നത്തോടെ അതു തീർന്നുകിട്ടി.

പൂജയും മന്ത്രവാദവുമൊന്നും നടക്കുന്നത് കണ്ടില്ല. കിഴവന്റൊരു ശിങ്കിടി വന്നെന്നെ തൊട്ട് പുറകിലുള്ള ഇടുങ്ങിയ ചായ്‌പിലേക്ക് കൂട്ടിക്കൊണ്ട് പോയി; അകത്ത് കടക്കും മുൻപ് “കണ്ണേ മൂടുങ്കെ”ന്ന് കടുപ്പിച്ച് പറഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് ശരിക്കും അന്ധവിശ്വാസിയായി. അയാളെന്നെ കൈപിടിച്ച് നടത്തി.

“കണ്ണ് തൊറക്കക്കൂടത്... എന്ന നടന്താലും.”

അയാളങ്ങനെ ആവർത്തിച്ച് പറഞ്ഞപ്പോൾ എനിക്ക് ചെറിയ പേടി തോന്നി. കണ്ണ് തുറന്നാൽ കാശ് പോകും അതിനുള്ള അടവാണ്.

വല്ലാത്ത മൂത്രനാറ്റമായിരുന്നു ഷെഡിനുള്ളിൽ. അയാളെന്റെ വലത് കയ്യിലെ ചൂണ്ടുവിരലിന്റെ അറ്റത്ത് സൂചിപോലെ എന്തൊ കൊണ്ട് കുത്തി. കണ്ണൊന്ന് ചിമ്മിത്തുറന്നോന്ന് സംശയം. ചോരയുടെ നനവോട്കൂടി ചമ്മന്തിപോലെന്തോ എന്റെ വായിലേക്ക് തിരുകിത്തന്നു. വല്ലാത്ത ചീഞ്ഞ ചുവയും നാറ്റവും.

“തുപ്പക്കൂടാത് തുപ്പിനാ പലൻ കിടക്കാത്.”

വര

കാശ് പോയെന്നുള്ളതുറപ്പായി. ഈ സാധനം എന്തൊക്കെ പ്രശ്നം ഉള്ളവനും തുപ്പാതെ ഇറക്കത്തില്ല.

അതിന് പുകലയുടേയും ഉണക്കിറച്ചിയുടേയും ഭസ്മത്തിന്റേയും രുചിയായിരുന്നു. ആരടെയേലും ശവം തീറ്റിക്കുകാണോ എന്ന് തോന്നിയപ്പോഴേക്കും എനിക്ക് ഓക്കാനം വന്നു.

“തുപ്പിനാ ഫലം കിടക്കാത്” എന്നയാൾ ഒന്നൂടോർമപ്പെടുത്തി. ചെകുത്താനും കടലിനും ഇടയ്ക്ക് പെട്ടപോലുള്ള അവസ്ഥ. ചാരായംപോലെ വായും തൊണ്ടയുമെരിഞ്ഞത് ഉള്ളിലേക്കിറങ്ങി. വയറിളകുന്നത് പോലൊരു തോന്നൽ.

“അണ്ണാ ഇങ്കെ ടോയ്‌ലറ്റ് ഉണ്ടോ?”

ഞാൻ ഉച്ചത്തിൽ വിളിച്ച് ചോദിച്ചു.

‘കണ്ണെ തിരക്കക്കൂടാത് എന്തപ്രച്ചനയുമില്ല. നാങ്ക പക്കത്തിലെ ഇരുക്ക്.”

അയാൾ എന്റെ ചുണ്ടിലേക്ക് ചുരുട്ട് പോലെന്തോകൂടി വെച്ച് തന്നു.

“മരുന്ത് താൻ നല്ലാ ഉള്ളെ വലിച്ച് എടുങ്കെ.”

അയാളതിന്റെ അറ്റം കത്തിച്ചുകൊണ്ട് പറഞ്ഞു. അത് കഞ്ചാവ് ചുരുട്ടാരുന്നു.

അയാൾ പറഞ്ഞതുപോലെ ഞാനത് ഉള്ളിലേക്ക് വലിച്ചുകയറ്റി, കുറച്ച് നേരത്തിനകം അതുവരെയുണ്ടായിരുന്ന ചുറ്റുപാടുകളും വിഷമങ്ങളുമെല്ലാം മാഞ്ഞുമറഞ്ഞു പോകുന്നപോലെയും ഞാൻ നല്ല രസമുള്ള ഇരുട്ടിൽ നിൽക്കുന്നപോലെയും ആരോ ഓടിക്കിതച്ചു കുന്നും മലയും കയറുന്നതുപോലെയും ചാരം പൂണ്ടൊരു നിഴല് പാഞ്ഞ് വന്നെന്റെ ദേഹത്തേക്ക് ഇടിച്ച് കയറുന്നപോലെയും തോന്നി. അതോടെ ഞാൻ കനമില്ലാത്തൊരു തൂവല് കണക്കെ പുറകോട്ട് മറിഞ്ഞു.

കണ്ണ് തുറന്നപ്പോൾ ഒരു പാറകൊക്കയുടെ വക്കത്താണ്. സന്ധ്യ ആയതുപോലൊരു മങ്ങൽ. എഴുന്നേറ്റ് നോക്കിയപ്പോൾ തൊട്ടുതാഴെ പാണ്ടിക്കുഴിയാണ്. ചെറുതായി തല വേദനിക്കുന്നുണ്ട്. എങ്കിലും അതുവരെ ഇല്ലാത്ത ഒരു ഉന്മേഷവും സന്തോഷവും തോന്നി, താഴെ ഗൂഡല്ലൂർ നഗരം കണ്ടപ്പോൾ.

എന്തോ വല്ല്യ കാര്യം സാധിച്ച് തന്നപോലൊരു പൊങ്ങച്ചിരിയോടെ ലമ്പാടി അടുത്ത് നിൽപ്പൊണ്ട്. അവന്റെ കരണക്കുറ്റിക്കൊന്നു വീക്കാനാണ് തോന്നിയത്.

“എന്നതാടാ വായിലിട്ട് തന്നെ? നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലാരുന്നോ, ദേഹത്തും പിടിക്കല്ല് ഒന്നും വായിലും തരരുതെന്ന്...”

ഞാനവനോട് കലിച്ചു.

“നീ എപ്പം പറഞ്ഞു? ചുമ്മാ വട്ട് പറയല്ല്.”

അവനും ദേഷ്യം വന്നു. അവിടെനിന്നാ ഒടക്കും അടീമാകും എന്ന് തോന്നിയതുകൊണ്ട് ഞാനവിടുന്ന് തിരിച്ച് നടന്നു. അവൻ പുറകീന്ന് വിളിച്ചിട്ടൊന്നും ഞാൻ നിന്നില്ല. കാലിന് ചിറക് മുളച്ചപോലൊരു ശക്തീം ആവേശോം. പെട്ടെന്നവന്റെ പേര് മറന്നതായി എനിക്ക് തോന്നി. ങാ... അവൻ ആരായാലും അവന്റെ കയ്യീന്ന് പിള്ളാർക്ക് എന്തേലും പലഹാരം മേടിക്കാനുള്ള കാശ് ചോദിക്കണമെന്ന് എപ്പഴോ വിചാരിച്ചിരുന്നു.

അതുപോട്ട് പലഹാരം മേടിച്ചില്ലേലും എന്റെ പിള്ളേര് എന്റെ തന്നെ ആണല്ലോന്ന് വിസാരിച്ച് കാലുകൾ അകത്തിവെച്ച് ഭൂമിയെ കുലുക്കി നടന്നു.

എനിക്കപ്പോ ഒന്നോടിയാ കൊള്ളാമെന്ന് തോന്നി. പണ്ടൊക്കെ കുന്നും മലയും ഇറക്കവുമൊക്കെ ഓടിയാണ് പോയിരുന്നത്. ഞാൻ ഓടി, പണ്ടത്തെപ്പോലെയല്ല, നല്ല ചാടിച്ചാടി കുതിരപോലെ.

തിരുട്ട്ക്കിഴവൻ ചത്ത കുതിരേടെ ആവിയെ കൊളുത്തിവിട്ടതാണോ..?

ഒന്നൊന്നര കിലോമീറ്ററോടീട്ടും മടുപ്പില്ല, വേറാരൊ കിതക്കുന്നപോലെ ചെറിയൊരൊച്ച മാത്രം. മെയിൻ റോഡ് ചെന്നതും ആരാണ്ടൊക്കെ അടുത്ത് വണ്ടിയെ നിർത്തി ഹോൺ അടിച്ചു, “ഞാനെങ്ങും ഇല്ലഡാ മലർഹളേ വിട്ടോ... വിട്ട് പോ.” ഞാൻ ആരേം നോക്കാതെ വീട് നോക്കി ഓടി.

മുറ്റത്ത് ചെന്നപ്പോ കലപിലകൂട്ടി മക്കളോടിവന്ന് പലഹാരപ്പൊതി തിരഞ്ഞു. ഞാൻ ചുമ്മാ ഇക്കിളിക്കൊണ്ടപോലെ ചിരിച്ചു, അവരെന്നാണ്ടൊക്കെ ചോദിച്ചു. ഞാനൊന്നും കേട്ടില്ല. ഒന്നും മിണ്ടീമില്ല. വീട്ടി കേറി നെലത്ത് കുത്തിയിരുന്നു.

“എന്നാന്നേ പറ്റിയെ... അതേ.”

അവളാരുന്നു. എന്നോട് തന്നെയോന്ന് എനിക്കതിശയം തോന്നി. ഞാനൊന്ന് ചിരിച്ചു നല്ല വെളുക്കനെ. വേറൊന്നും പറഞ്ഞില്ല. അങ്ങനൊരു ചിരി ആദ്യമായിരുന്നു എന്റെ മുഖത്ത്. അവളെന്നെ സംശയത്തോടെ നോക്കുന്നു.

ചെറിയ പൊതീം മൊബൈൽ ഫോണും അവള് കൊണ്ടെ തന്നു. “അയാളെ വിളിക്കാൻ പറഞ്ഞു, ആ രാജേഷിനെ.”

വര

അത് പറഞ്ഞിട്ട് അവള് പോയി. പൊതിയൊന്ന് തുറന്ന് നോക്കിയപ്പോ ഒരു പ്രത്യേക സംഗതിയാരുന്നു അതിൽ. കടലാസ് പൊതിക്കുള്ളിൽ ചെറിയ വാച്ച് പെട്ടിപോലൊരെണ്ണം. അതിന്റെ അടപ്പ് തുറന്നപ്പോ ഒണങ്ങി, ചുളുങ്ങിയ പരുവത്തിൽ ഒരു ചൂണ്ടുവിരൽ. ഏതോ ശവത്തിന്ന് മുറിച്ച് മാറ്റീതാണ്. അതിൽ ചെകുത്താന്റെപോലൊരു നീണ്ട നഖം. എനിക്ക് ഭയമില്ല. ഞാൻ പുറത്തിറങ്ങി പഴയ കന്നാലിക്കൂടിന്റെ എറമ്പീന്ന് തൂമ്പ എടുത്ത്, മുറ്റത്തിന്റെ കോണിലത് കുഴിച്ചിട്ടു. ആരോ ഉള്ളിലിരുന്ന് ചെയ്യിക്കുംപോലെ.

എനിക്കവളെ ഒന്ന് കാണണമെന്ന് തോന്നി വിളിക്കുകോ മിണ്ടുകോ ചെയ്യാതെ അടുക്കളേൽ ചെന്ന് പതുക്കെ അവളെ പുറകീന്ന് പിടിച്ചു. ഞാനാന്നറിഞ്ഞിട്ടും വേറാരാണ്ട് പിടിച്ചപോലെ അവള് കെടന്ന് കുതറി. പിടി അയക്കാതെ ചുണ്ടില് കടിച്ചതും കയ്യിലിരുന്ന കറിക്കത്തികൊണ്ട് എന്റെ കയ്യിലവൾ നീട്ടി വരഞ്ഞു. ഒച്ചേം ബഹളോം കേട്ട് പിള്ളാരോടി വന്നു. അതുങ്ങടെ കണ്ണ് പേടികൊണ്ട് മിഴിഞ്ഞിരിക്കുന്നു. കൂടുതല് പേടിക്കണ്ടാന്ന് വിചാരിച്ചിട്ടാകും ഒന്നും നടക്കാത്തപോലവള് കിതപ്പടക്കി.

എന്നെക്കാളും വേഗത്തിൽ ഞാനവിടുന്നെറങ്ങി മുറ്റം വിട്ട് നടന്നു. കയ്യില് തൂമ്പായുമൊണ്ടാരുന്നു. പറമ്പിന്റെ ഏറ്റോം താഴത്തേ മൂല തൊടങ്ങി അരയാൾ പൊക്കത്തിൽ വളർന്നുനിന്ന കാടും പള്ളേമെല്ലാം ഞാൻ കെളച്ചടക്കി. ഇരുട്ട് വീഴുന്ന വരെ. മടുപ്പോ വിശപ്പോ തോന്നിയില്ല.

പത്ത് തൂമ്പ കിളച്ചാലോ ചെറിയൊരു കേറ്റം കേറിയാലോ കിതച്ചു കുത്തിയിരിക്കുന്ന ഞാനാണ്. എനിക്ക് ഭയവും ആവേശവും തോന്നി. ഉള്ളിലിരുന്ന് ആരോ ചെയ്യിക്കുന്നു ഇടതടവില്ലാതെ. ഒന്നിരിക്കാനോ മൂച്ച് വിടാനോ സമ്മതിക്കാതെ.

ഇരുട്ട് വീണതും എനിക്കുറക്കം വന്നു. നിന്നിടത്ത് തന്നെ ചുരുണ്ടുവീണ് ഞാൻ കിടന്നുറങ്ങി.

നേരം വെട്ടം വീണതേ എഴുന്നേറ്റ് അതേ പണി തൊടങ്ങി. വരണ്ടുണങ്ങിയ ഏലച്ചെടിയെല്ലാം ചപ്പ് മാറ്റി തെളിച്ചു. പഴയ കന്നാലിക്കൂടിന്റെ പുറകിൽ കിടന്ന മണ്ണ് പരുവമായ ചാണകം ശൊമന്ത് ഏലത്തിന്റെ ചോട്ടിൽ നിരത്തി. വെച്ച് കെട്ടാതെ പൊളിഞ്ഞും മറിഞ്ഞും കിടന്ന കുരുമുളക് വള്ളികൾ മരത്തിൽ കെട്ടി. വെട്ടുകത്തി, കോടാലി, കൊട്ട, വള്ളി ഓരോന്നിനും ഞാൻ വീടിന് പുറകിലെ ചായ്‌പിലേക്ക് ഓടി. ഓരോന്നും എടുത്തോണ്ട് തിരിച്ച് തോട്ടത്തിലേക്കും.

ആദ്യം പിള്ളാരെന്നെ കളി ചിരിയോടെ വിളിക്കുകയും പിന്നെ അകന്നുമാറി നോക്കുകയും ചെയ്തു. പിന്നവർ പേടിയോടെ ഒളിഞ്ഞ് നോക്കുന്നതും കണ്ടു. ഒടുവിൽ അടുക്കള കതകിൽ തട്ടി വിളിച്ച് ഞാൻ പറഞ്ഞു: “സെടിയെല്ലാം ഭയങ്കരമാ കാഞ്ച് പോയിക്കെടക്കമ്മാ മോട്ടറെ പോടുങ്കെ തണ്ണി നനക്കണം.” കതക് തുറന്ന് വന്ന അവൾ പേടിയോടെ, അതിശയത്തോടെ എന്നെ നോക്കുന്നു. ഞാൻ ഒരു കച്ചത്തോർത്ത് മാത്രമേ ഉടുത്തിരുന്നുള്ളൂ. ഈ ലോകത്തിലെ ഏറ്റവും അഴകിയാണവളെന്ന് തോന്നി. മൂക്കും മുഴിയും കഴുത്തും മുലയും അരയും തുടയുമെല്ലാം എന്റെ കച്ചത്തോർത്ത് പൊങ്ങി നീണ്ടുവന്നു. അവളപ്പോൾ ഠപ്പേന്ന് കതകടച്ച് കളഞ്ഞു.

ഞാൻ പറമ്പിൽ ചെന്ന് നോക്കിയതും പച്ചോസിൽ വെള്ളം വരുന്നുണ്ട്. ഞാനത് പിടിച്ച് ഏലച്ചെടി നനച്ചു. കൊടീം മരതൈയും നനച്ചു. ചൂടല് പിടിച്ച് നിന്ന മരക്കൊമ്പെല്ലാം വെട്ടി മുറിച്ചിട്ടു. എനിക്കൊരു കളിയുടെ ആവേശമാരുന്നു. നിലത്ത് നടക്കുന്നപോലെ ഞാൻ മരത്തിൽ പിടിച്ച് കയറി. പണിയും നടപ്പുമെല്ലാം ഊഞ്ചൽ ആടും മാതിരി ഒരു സൊകം, ഒരു രസം.

വിശന്നാൽ എന്റെ ദേഹം തളർന്ന് വിറക്കുന്നതാണ്. ഇതുവരെയും ഞാനൊന്നും തിന്നോ കുടിച്ചോ ഇല്ല. വൈകുന്നേരം അവൾ പറമ്പിലേക്ക് ഇറങ്ങിവന്നു. വേറാരെയോ പേടിച്ച് വരും പോലെ ചുറ്റും കണ്ണോടിച്ച്: “വാന്നേ മതി ആരോടാ വാശി..? പിള്ളാരാകെ പേടിച്ചു. കേറി വാ.”

അവളപ്പോഴും സുന്ദരിയാരുന്നു. നല്ല കട്ടഴകി എന്റെ കച്ചത്തോർത്ത് പൊങ്ങി. അവളത് കണ്ടതും ചുറ്റുവാരം നോക്കി ആരെങ്കിലും ഉണ്ടോന്ന്. ഞാനവളെ പിടിച്ച് കടിച്ചുമ്മ വെച്ചു. ഒരേലച്ചെടിക്ക് മറവിലേക്ക് പിടിച്ച് കിടത്തി കുത്തിക്കയറി.

അവൾക്കത് വല്ലാതെ രസിച്ചെന്ന് തോന്നി. കുറച്ച് കഴിഞ്ഞ് വേദനിക്കുന്നപോലവളെന്നെ തള്ളിയകറ്റാൻ നോക്കി ഞാൻ വിട്ടില്ല, അവള് കുതറി എഴുന്നേറ്റ് തുണിയും വാരിപ്പിടിച്ചോടി.

ഇരുട്ട് വീണപ്പോഴവൾ വീണ്ടും ഇറങ്ങിവന്നു; ചോറും കറിയും പൊതിഞ്ഞ് കെട്ടി. ഞാനപ്പോൾ എലച്ചെടിക്കിടെ വീണ ചവറു കോതി മാറ്റുകാരുന്നു. പകല് മങ്ങുന്ന തിടുക്കത്തോടെ. എനിക്കെന്താണ് പറ്റിയതെന്നവൾ ഇമൈ സിമ്മാതെ നോക്കിനിന്നു. അവള്ക്ക് കരച്ചില് വന്നു.

“ഇനീം എന്നെയിങ്ങനെ വെഷമിപ്പിക്കല്ലേ ഇത് വന്നു കഴിക്ക് എന്നിട്ട് കേറിവാ...” ചോറും കറീം വെച്ചിട്ട് അവള് തിരിച്ച് നടന്നു. നാ അവളോട പിന്നഴക് നോക്കി, അങ്ങനേ നിന്നുപോയി.

അവള് പോയതും ചെന്ന് ചോറും കറീം ആർത്തിപിടിച്ച് വാരിത്തിന്നു. “അയല മീന് പൊരിച്ചതും തട്ടാൻ കായ മെഴുക്കുപുരട്ടിയും സാമ്പാറുമുണ്ട്, മാങ്കായ് അച്ചാറും. അത് വരെയും ഇല്ലാത്ത പുതുരുചി. എനിക്ക് ചോറ് മതിയായില്ല. വിരലുകൾ വല്ല്യ ഉച്ചത്തിൽ ഈമ്പുകയും നക്കുകയും ചെയ്തു.

ഞാൻ ടാങ്കില് പോയി കയ്യും മുഖവും കഴുകി വീട്ടിലേക്ക് കയറിച്ചെന്നു. അടുക്കള വാതിലിൽ മുട്ടി പതുക്കെ ചോദിച്ചു: “എനക്കൊരു ഷർട്ട്, മുണ്ട് കുടുപ്പീങ്കളാ മുഴുവൻ ചെളി വേർപ്പ് ആയി.”

ഞാൻ തന്നെയോ ഇതൊക്കെ പറയുന്നതെന്ന് എനിക്കുതന്നെ സന്തേഹം വന്നു. ചെറിയ ടെൻഷനും. നല്ല സിരിപ്പും.

“എന്തിനാ ഇങ്ങനെ കിറുക്ക് കാണിക്കുന്നേ, ഞാനെന്ത് തെറ്റാ ചെയ്തേ? നിങ്ങള് വീട് നോക്കാഞ്ഞപ്പഴല്ലേ ഞാൻ പണിക്ക് പോയേ പിള്ളാരെ നോക്കാൻ. എന്നെയിങ്ങനെ പരീക്ഷിക്കല്ല് പറഞ്ഞേക്കാം.”

അവള് കതക് തൊറക്കാതെ കരച്ചില് പോലെ പറഞ്ഞു. എന്നാ സെയ്യണമെന്നറിയാതെ നാൻ അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ നടന്ന് പിന്നാടിയുള്ള ഷെഡിൽ പോയി കെടന്നു.

ഒരു മാസത്തുക്കുള്ളെ പറമ്പെല്ലാം നല്ല പച്ചയ് നിറമായി. ഏലമില്ലാത്ത ഇടത്തിലെല്ലാം കായ് കറികളും വാഴകളും വെച്ചു. വീട്ട്കാരത്തി അമ്മാ എനക്ക് എല്ലാ ഒത്താശയും ചെയ്ത് തന്നു. വളത്തുക്ക് വളം പൂച്ചി മരുന്ത്. രാത്തിരി നേരം എങ്കൂടെ വന്നു പടുത്തു തന്നു. അവരെ അത് നല്ലാ രസിപ്പിച്ചിരുന്നു. പകൽസമയത്തിൽ ഒന്നും എന്റെ കൂടെ പേശവരാത് എന്നെ കണ്ടാ പാക്ക കൂടെ മാട്ടോ ആണാ രാത്തിരി...!

“രാത്തിരിയിൽ പൂത്തിരുക്കും

താമരയ് താൻപെണ്ണോ

രാജസുഗം തേടിവരാ

തൂത് വിടും കണ്ണോ...”

എന്നെ യാരാവത് കളിയാക്കിയാലോ രഹസിയമാ പഴി പറഞ്ഞാലോ വീട്ടുകാരത്തി അമ്മാ അവരെ നല്ല തെറിപറഞ്ഞു തുരത്തി. എനിക്ക് അവര് കൂടെ ആ വീട്ടിലെ വാഴണമെന്ന് ആസൈ.

എന്നെയിത് വല്ലാതെ സങ്കടപ്പെടുത്തുന്നു. എന്റെ നടപ്പും ഉടുപ്പും പ്രവൃത്തികളും സ്നേഹവും ദേഷ്യവും രുസിയും എന്റേതല്ലായി. എന്റെ കുഞ്ഞുങ്ങളെ ശരിക്കുമൊന്ന് കണ്ടിട്ട് നാളുകളായി, നനഞ്ഞ മുയൽ കുഞ്ഞ്ങ്ങളെപ്പോലെ അതുങ്ങൾ കതകിനും ഭിത്തിക്കും മറഞ്ഞുനിന്ന് എന്നെ നോക്കുന്നു. അവരുടെ കളിചിരികള് പോലും പേടിച്ചാണ്. അതുങ്കളെ തൊടാനും മുത്തം വെക്കാനും തോന്നുമ്പോത് കാലുകൾ തോട്ടത്തിലേക്കെന്നെ ഇഴ്ത്ത് കൊണ്ടുപോയി.

അവളോടെനിക്ക് ദേഷ്യവും അസൂയയുമായിരുന്നു. കൂടെ കിടക്കുമ്പോൾ എന്റെ ബലത്തിനും സമയത്തിനും അപ്പുറമാണവൾ കളിച്ച് രസിക്കുന്നത്. അന്നേവരെ എന്നെ സുമ്മാപോലും വിളിക്കാത്ത “ചക്കരേ, കുറ്റനേ...” എന്നൊക്കെ വിളിച്ച് പിള്ളാര് കേൾക്കുമെന്നുപോലും വെക്കമില്ലാതെ... തേവടിയാ മാതിരി... എന്നെയിത് കൊല്ലാതെ കൊല്ലുന്നു. എന്റെ വാക്കുകള് പോലും പിടിവിട്ട് പോഹ്ത്. എന്റെ സമയവുമതെ, പണി ചെയ്യുന്നവൻ, വീട് നോക്കുന്നവൻ, അവള്‌ടെ രഹസ്യക്കാരൻ, എന്റെ ദേഹത്തിനുള്ളിൽ ഉറങ്ങിക്കഴിയുമ്പോൾ കുറച്ച് നേരമാണ് ഞാൻ ഞാനായിരിക്കുന്നത്. എനിക്ക് പക്ഷേ, സ്വാന്തമാ ഒന്ന് തിരിഞ്ഞുകിടക്കാൻ പോലുമാകുന്നില്ല അവനാണിപ്പോൾ ബലവും വിലയും. എഴുന്നേറ്റ് പോയൊന്ന് കുഞ്ഞുങ്ങളെ കാണാൻ ഉള്ളം തുടിക്കിത്, മുന്നേപോലെ നെഞ്ചം സേർത്തുറക്കാൻ...

എനിക്കെന്തോ സംഭരിച്ചെന്ന് ആള്ങ്കളൊക്കെ അറിഞ്ഞു. എന്റെ കൈ, കാൽ, ഒടബെല്ലാം ജിം ബോഡി മാതിരി മെലിഞ്ഞ് നീണ്ടു. വെറുതെ നടന്ന് പോകുമ്പോതും ഞാൻ കബഡി വിളയാടുന്നപോലെ തുള്ളിത്തുള്ളിയാണ് നടപ്പ്.

പറമ്പിനക്കരെ മേട്ടേൽ ക്രിക്കറ്റ് കളിക്കുന്ന പശങ്കളോടയ ഒച്ചയും ആർപ്പും കേട്ട് ഒരു നാൾ, നാന് ഗ്രൗണ്ടിലെ ചെന്ന് പയ്യന്മാരെ റൈഡ് സെയ്യുന്ന മാതിരി പോസ് കൊടുത്ത് കബഡിക്ക് വിളിച്ചു, പിള്ളേര് സിരിച്ചു. നാന് അവന്മാരെ ഓട വിട്ട് അടിച്ചു.

പയ്യന്മാരെല്ലാം സേന്തെന്നെ പിടിച്ചടക്കി വീട്ടിലെ കൊണ്ട് വന്തു. വരും വഴിയിലെ ഞാൻ ഡൈവ് ചെയ്ത് രണ്ട് പേരോടെ മുഖത്ത് കിക്ക് ചെയ്തു. അവരെനിക്കിട്ട് രണ്ടിടിയും നല്ലോരു മിതിയും തന്നു. “സൂപ്പർഡാ സൂപ്പർ സൂപ്പർ സൂപ്പർ... പയ്യൻസ്‌ന്‌നാ ഇങ്കനെ വേണം.” വലിയൊന്നുമില്ലാതെ ഞാൻ വിളിച്ച് പറഞ്ചു:

“പൊന്ന് ചേച്ചീ ഈ പുള്ളിയെ വല്ല ചങ്ങലേം മേടിച്ച് പൂട്ട് എന്നാ ഊരാന്നെ മൂന്ന് പേരടെ ആരോഗ്യവാ.” എന്നെ വീട്ടില് കൊണ്ട് വന്നിട്ട് പയ്യൻസ് അവളോട് പറഞ്ചു. നാ വലിയ സൗണ്ടിലെ സിറിച്ചു സരവെടിപോലെ.

“എന്താ നിങ്ങടെ പ്രശ്നം ഒള്ളത് പറയ്?”

പയ്യൻസ് പോയതും എന്നെ സന്തേഹപ്പെട്ട് നോക്കി അവള് ചോദിച്ചു. എന്റെ മുഖത്തിനടുത്തു വന്ന് എന്നമോ മയക്ക് മരുന്നോടെ മണം പിടിച്ച്.

“ശെടാ എനിക്കൊരു കൊഴപ്പോമില്ല മനുഷ്യനെ നന്നാക്കാനും സമ്മതിക്കത്തില്ലേ?”

ഞാൻ ദേഷ്യത്തിൽ ചോദിച്ചു.

ഒരു നാൾ നാന് പാണ്ടിക്കാടിറങ്ങി കടലപ്പാടത്തേക്ക് സെന്നു.

എന്തിനെന്നറിയില്ല. പണ്ട് ഏലക്കായും കറുവായും ചുമന്ന് പാണ്ടികള് ഈ വഴി ഗൂഡല്ലൂര്ക്ക് പോയിരുന്നു അന്ത വഴിയെല്ലാമിപ്പോ ഇഞ്ചയും കൊങ്ങിണിയും കേറി അടഞ്ഞു.

ദേഹമാകെ മുള്ള്പട്ട് വരഞ്ഞുകീറി. കല്ലിലും പാറയിലുംകൊണ്ട് നഖം പറിഞ്ച് തൊങ്ങറ മാതിരി വേദനിച്ചു.

“എന്നെ കൊലചെയ്യാൻ കൊണ്ടുപോകുവാന്ന് തോന്നി. ഏതെങ്കിലും കാട്ട് പൊന്തക്ക് മറഞ്ഞ് പുലിയോ കരടിയോ കാണും. വഴിയില്ലാത്ത പോക്കിൽ ഏതെങ്കിലും പാറക്കൊക്കയിൽ വീണ് പോകാം, അറിയാതെ ഞാൻ ദൈവത്തെ വിളിച്ചുപോയി. എന്റെ കുഞ്ഞുങ്ങൾ...

അവരെയിനി ഒരിക്കലും കാണില്ല എന്ന തോന്നൽ. കരഞ്ഞും നിലവിളിച്ചും അടിവാരത്തെത്തി. പുളിന്തോപ്പുകളും കടലക്കാടും കടന്ത് തെങ്ങും വാഴയുമുള്ള ഇടം വന്നു. വഴിയെല്ലാം തീട്ടവും ചീഞ്ഞളിഞ്ഞ പട്ടിയും കോഴിയും വൃത്തികേടുകളും. കാൽകളാ വഴുവഴുത്ത ചെളിയിലിറങ്ങി നടന്നപ്പോൾ അയ്യേന്ന് നാൻ കണ്ണുകൾ ഇറുകെ അടച്ചു.

തൊട്ടടുത്തൊരു പേരത്തോട്ടം വന്തു

നാനതിന് നേരെയാണ് നടന്ന് സെല്ലുന്നത്. കാവൽക്കാരും വേട്ടപ്പട്ടികളും കാണും, ഉറപ്പ്.

യമ്മാ എവളോ പെരിയ കൊയ്യാക്കാ. പളമും ഉണ്ട്. നാ ട്രൗസർ പോക്കറ്റിലും കയ്യിലേയും നെറയെ പറിച്ചു. കാലയിലെ ഒന്നും സാപ്പിടലെ എന്നാ പസി. അങ്കയേ നിന്ന് നാ രണ്ട് പളം സാപ്പിട്ടു. നല്ല ഇനിപ്പ്... അടടടാ.

പേരത്തോട്ടം വിട്ട് ഞാൻ തിരുമ്പി നടന്നു. “ഇത് പറിക്കാനാണോ ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ വന്തത്?”

രണ്ട് വശവും വലിയ തിട്ടകളുള്ള മൺറോഡാണ്. കൈത മാതിരി വേലിച്ചെടികൾ വഴിയിലേക്ക് എലനീട്ടി നിൽക്കുന്നു. അവിടെത്തിയതും കാലുകളുടെ വേഗം കുറഞ്ഞു. എന്തിനാണെന്നറിയില്ല എന്നമോ നടക്കപ്പോവത് പോലൊരു തോണൽ. തലയിലെ വിറക് കെട്ടുമായി ഒരു പെണ്ണ് നടന്തു വരുന്നത് കണ്ടു. കറുപ്പ് നിറത്തിൽ നല്ല വണ്ണവും പൊക്കവുമുള്ള പെണ്ണ്. വിയർപ്പിൽ നനഞ്ഞ തുണിയും ദേഹവും. അടുത്ത് വന്തതും നാ ഒരു കൊയ്യാക്കാ അവള്ക്ക് നീട്ടി. “കൊയ്യാപ്ലം” ഭയന്ന് പോയെങ്കിലും അവളത് കയ്യെ നീട്ടി വാങ്കി. നാ അവളോടെ കയ്യെ തൊട്ട് തഴുവി... അഴകാന ഒടമ്പ്, ലേസാ അവളോടെ മാർബിലെ കയ്യെ വെച്ചു. “അയ്യോ പിന്നാടി ആള് വരാങ്കേ” ന്നവള് ഭയന്ത് പിന്നോട്ട് മാറിയതും ഞാനൊറ്റ ഓട്ടമോടി, കല്ലും മുള്ളും ചീഞ്ഞളിഞ്ഞ വൃത്തികേടുകളും ചവിട്ടി. എങ്ങനെയെങ്കിലും മലയൊന്ന് കേറിക്കിട്ടിയിരുന്നെങ്കിൽ ദൈവമേ. ഇതെങ്ങനെയെങ്കിലും വെച്ചൊഴിയണം ഇതെന്നെ അപായപ്പെടുത്തും. എന്റെ പിള്ളാരനാഥമാകും. ഈ മല കേറി പഴേ ജീവിതമെനിക്ക് തിരിച്ച് പിടിക്കണം.

അടിവാരത്തെത്തിയതും വഴി കാണാനില്ല. ഓട്ടത്തിനിടെ ഞാനിത് ഭയന്നിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന്. എന്റെ തിരച്ചിലിൽ നിൽക്കാതെ കാലുകളെന്നെ എങ്ങോട്ടോ വലിച്ചുകൊണ്ട് പോകുന്നു.

“ഞാൻ നിനക്ക് എന്നാടാ ദ്രോഹം ചെയ്തു എന്നെ വിട്ടിടടാ.” മുറിഞ്ഞ് ചോരയൊലിക്കുന്ന എന്റെ കാലിൽ തൊട്ട് ഞാൻ തന്നെ ക്ഷമ ചോദിച്ചു.

പക്ഷേ, യാതൊരു ദാഷിണ്യോമില്ലാതെ കാലുകളെന്നെ മുൾപടർപ്പിലും പാറക്കൂട്ടത്തിലും വലിച്ചിഴച്ചു. വഴി തെറ്റിച്ച് എന്നെയത് ഒരു പാറമലയുടെ ഉച്ചിയിലേക്ക് നടത്തിക്കൊണ്ട് പോയി, ഭയപ്പെടുത്താനാണ് അവിടെനിന്നും വീണ് ചത്താൽ പിന്നെ അതോടെ തീരും എന്റെ വീടും അവളും സുഖജീവിതവുമെല്ലാം.

ഞാൻ പഴയ എന്നെക്കുറിച്ചോർത്തു. പത്ത് പതിഞ്ച് വർഷം മുൻപ് ആരെയും കൂസാത്ത ഒരു ഞാനുണ്ടായിരുന്നു. വേണ്ട കാര്യങ്ങൾ വേണ്ടപോലെ ചെയ്യാൻ മടിയും പേടിയുമില്ലാത്ത ഞാൻ. ആരോടും തോൽക്കുകയോ തല കുനിക്കുകയോ ചെയ്യാത്ത ഞാൻ. പാറമലയുടെ ഉച്ചിയിൽനിന്നും ഞാൻ ബലമായി തിരിഞ്ഞു നടന്നു. ഉള്ളിലെ കുതറലും പിടിവലിയും വകവെക്കാതെ എന്റെ ദേഹം അതേ കാലത്തെപ്പോലെ മെലിഞ്ഞ് ബലപ്പെട്ടിരുന്നു. മലയിറങ്ങി ഞാൻ കൃത്യം മുകളിലേക്കുള്ള വഴി കണ്ടുപിടിച്ചു. അവിടെന്റെ കുഞ്ഞുങ്ങളും അവളും ജീവിതവുമുണ്ടെന്ന് ഉറപ്പിച്ചു. അതെന്നെ ആവേശപ്പെടുത്തി. കിതപ്പോടെ ഞാൻ കുത്തനെയുള്ള മല കയറി. കല്ലോ മുള്ളോ തട്ടിത്തടഞ്ഞില്ല. പുലിയും കരടിയും ചാടിവന്നില്ല. മങ്ങി മറഞ്ഞുപോയ പഴയ കാട്ടുവഴിയേ വേഗത്തിൽ നടന്നുകയറി.

നിരപ്പത്തെത്തിയതും ഞാൻ വീട്ടിലേക്കോടി കുഞ്ഞുങ്ങളെ ഒന്നു കാണാൻ. തിരിച്ച് മല കയറില്ല എന്ന് എപ്പോഴോ തോന്നിപ്പോയിരുന്നു. പിടിവലിയും വഴിതെറ്റലും അടങ്ങിയിരിക്കുന്നു. എങ്കിലും ഞാൻ... ഞാൻ മാത്രമല്ലെന്നൊരു തോന്നൽ. വീടെത്തും മുന്നേ ഞാൻ നിന്നു. എന്റെ മക്കളേയും അവളേയും എനിക്ക് ഞാനായിത്തന്നെ കാണണം, ഞാൻ മാത്രമായി. പാതിവഴിക്ക് ഞാൻ തിരിഞ്ഞോടി

മണിയൻപെട്ടിക്കുന്ന് ഓടിക്കിതച്ച് കയറി. അതേ കിതപ്പോടെ ഓടിച്ചെന്ന് മന്ത്രവാദിക്ക് മുന്നിലിരുന്നു. കിതപ്പടക്കി ഉള്ളിലുള്ളത് ഉച്ചത്തിൽ പറഞ്ഞു:

“താങ്ക മുടിയലെയ്യാ അന്താളോടെ തൊല്ല താങ്ക മുടിയലെ അവ ഒരു വേസ്റ്റ്ക്കൂതി പോണ്ടാട്ടിക്കും പിള്ളൈങ്കളുക്കും എന്ത പ്രയോജനമും ഇല്ലെ, അന്താളേ ഒഴിച്ചിടണം അയ്യാ.” അയാൾക്ക് മുന്നാടി കയ്യെ കൂപ്പീട്ട് ഞാനെഴുന്നേറ്റ് ഒറ്റ ഓട്ടം വെച്ച് കൊടുത്തു കുന്നിറങ്ങി വീട്ടിലേക്ക്.

malayalam short story sunu s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT