ആറ്റിലേക്ക് കണ്ണുംനട്ട് ഏറെ നേരമായി ഒരു കൊക്ക് അവിടെ വന്നിരിക്കുന്നുണ്ട്. ആകാശത്തെവിടെനിന്നോ പറന്നു വന്നതാണെന്നു തോന്നുന്നു. മഴക്കാലം മാറി മാനത്ത് തെളിച്ചം വന്നു വീണിട്ടുണ്ട്. കാട്ട്ചെടികൾ നിറഞ്ഞ ഒരു നാട്ട് വഴി കുളത്തിലേക്കൊഴുകി പോകുന്നുണ്ട്. പ്രാണികൾ പുൽനാമ്പുകളെ ഉമ്മവയ്ക്കുന്നുണ്ട്. കൊക്ക് നിശ്ചലമായി ഒരേയിരുപ്പാണ്. മൗനം ആ പ്രദേശമാകെ തളംകെട്ടി നിൽക്കുന്നു. കൊക്ക് അവിടെ വന്നിരുന്നത്കൊണ്ടാണോ ആ പ്രദേശം ശാന്തമായത് അതോ ആ പ്രദേശം ശാന്തമായത് കൊണ്ടാണോ കൊക്ക് അവിടെ വന്നിരിക്കുന്നതെന്ന് അറിയാൻ വയ്യ. അവിടേക്ക് നാട്ടുകാർക്കൊന്നും അങ്ങനെ വരേണ്ട കാര്യമില്ല. ആ നാട്ടിലെ തിരക്കൊഴിഞ്ഞ ഒരിടമാണത്. കൊക്ക് എത്രയോ സമയമായി ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട്. ദൂരെനിന്ന് നോക്കുന്നവർക്ക് ഒരു വെളുത്ത തോർത്ത് ഉണക്കാനിട്ടതാണെന്നേ തോന്നൂ.
ആ ഇരിപ്പ് കണ്ടാൽ അതൊരു കള്ളനാണോ അതോ പഞ്ചപാവമാണോന്ന് പറയാൻ ഒക്കില്ല. അതിനൊരു മനസ്സ് കാണുമോ എന്തോ? മനുഷ്യനിൽനിന്നും ആ കൊക്കിനെ വേർതിരിക്കുന്നത് എന്താവും? കുളിക്കാൻ പോകും മുൻപ് ആ ആറ്റുകരയിൽ വന്നിരുന്ന് ജീവിതത്തെപ്പറ്റി ഓരോന്ന് ചിന്തിക്കുന്ന ഏതൊരാളും ഒരുകണക്കിന് ആ കൊക്ക് തന്നെയല്ലേ?
കൊക്ക് ആകാശത്തേക്കാണോ അതോ വെള്ളത്തിലേക്കാണോ നോക്കുന്നതെന്ന് ഉറപ്പിച്ച് പറയാൻ വയ്യ. ചെറുപ്രാണികളെ പിടിച്ച് തിന്നും മുൻപുള്ള ഒരു കണ്ണടച്ചിരിപ്പായിരിക്കാം. ലോകത്തോട് സ്നേഹമോ വെറുപ്പോ ഉണ്ടാവാം. ആകാശത്തെ തുഴഞ്ഞ് മേഘങ്ങൾ ഒഴുകി പൊയ്ക്കൊണ്ടിരിക്കുന്നു. ആറ്റിലെ വെള്ളം വല്ലപ്പോഴും കുളിക്കാൻ വരുന്നവരെ കാത്ത് തളംകെട്ടി നിൽക്കുന്നു. അങ്ങ് ദൂരെയുള്ള വഴിയിലൂടെ മനുഷ്യർ പാഞ്ഞ് എങ്ങോട്ടൊക്കെയോ പൊയ്ക്കൊണ്ടിരിക്കുന്നു. പണിയിടങ്ങളിലേക്കും സ്കൂളുകളിലേക്കും ചന്തസ്ഥലങ്ങളിലേക്കുമവർ ഒഴുകുന്നു. ആരോ ആരെയൊക്കെയോ കാത്തിരിക്കുന്നു. സമയം ആർക്കുവേണ്ടിയും സൗജന്യം ചെയ്യുന്നില്ല. ആറ്റ്‌വക്കിൽ ചെറുകിളികൾ തളിരിലകളെ കൊത്തുന്നു. കൊക്ക് ശാന്തതയെ പുണർന്ന് ആ വെറും നിലത്ത് ഏകനായി നിലകൊള്ളുന്നു. അണ്ണാന്മാർ, കീരികൾ, പാമ്പുകൾ, വീണുകിടക്കുന്ന കൊച്ചങ്ങകൾ, കൈതക്കാട്ടിൽനിന്നും പൊങ്ങിവന്ന കാറ്റ്, സൈക്കിളിൽ പാഞ്ഞുപോകുന്ന ഒരു കുട്ടി ഇവരെല്ലാം ആ വഴി കടന്നുപോയിട്ടും കൊക്ക് അതിലേക്കൊന്നിലും ശ്രദ്ധ കൊടുക്കുന്നേയില്ല.
സൂക്ഷിച്ച് മുഖത്തോട്ട് നോക്കിയിരുന്നാൽപോലും അത് എന്താണ് ചിന്തിക്കുന്നതെന്ന് ഒറ്റൊരാൾക്കും പറയാനാവില്ല. ഒരുപക്ഷേ, പുഴുവോ തവളയോ എറുമ്പോ വരുമ്പോൾ പിടിച്ച് ഭക്ഷിക്കാനിരിക്കുകയായിരിക്കാം. കണ്ണുകൾ അത് തളർത്തി താഴ്ത്തിയിട്ടിരിക്കുകയാണ്. നീളൻ ചുണ്ടുകൾ ഭൂമിയോട് എന്തൊക്കെയോ പറയാൻ കൊതിക്കുന്നുണ്ട്. പാട്ടാവാം, തെറിയാവാം. ഉപദേശമോ പ്രേമസല്ലാപമോ ആവാം. സംസാരിച്ച് തുടങ്ങിയാൽപ്പിന്നെ അതിനെ ആർക്കുമങ്ങനെ തടയാനാവില്ല. ആകാശത്തിലൂടെ പായുന്ന യുദ്ധവിമാനങ്ങളുടെ മുരളൽ മുഖം താഴ്ത്തിയിരിപ്പിലും അതറിയുന്നുണ്ട്. ഭൂമിയിലൂടെ പോകുന്ന സമരമനുഷ്യരുടെ നിരയെപ്പറ്റിയും അവരുടെ നേതാവ് ചൊല്ലിക്കൊടുക്കുമ്പോൾ അണികളേറ്റ് ചൊല്ലുന്ന മുദ്രാവാക്യങ്ങളെപ്പറ്റിയും അതിനറിയാം.
നേരം വെളുത്തപ്പോൾ മുതൽ ആറ്റുവക്കിൽ തളംകെട്ടി നിൽക്കുന്ന മൗനത്തെ ഒരു തലയാട്ടം കൊണ്ടുപോലും ആ കൊക്ക് ഇല്ലാതാക്കുന്നില്ല. സങ്കടം നിറഞ്ഞ കൊക്കാണോ അതെന്ന് ഒരു വേള തോന്നാം. തീവണ്ടി യാത്രികർക്ക് ദൂരെ ആറിന്റെ തുഞ്ചത്തിരിക്കുന്ന ഈ കൊക്കിനെ ഒരു നേർത്ത വെളുത്തവരയെന്നപോലെ കാണാം. ഒരു തത്തയെ ഓമനിക്കുംപോലെ കൊക്കിനെ കൈവെള്ളയിലിരുത്താനാകുമോന്ന് അറിഞ്ഞുകൂടാ. വിദൂരതയിലേക്ക് കണ്ണയച്ച്കൊണ്ട് ആ കൊക്ക് അനങ്ങാതെ നിൽക്കുന്നത് പെട്ടെന്ന് ആരുമങ്ങനെ ശ്രദ്ധിക്കാനുമിടയില്ല. കാറ്റ് ആ കൊക്കിനെ തഴുകി ആറ്റിലേക്ക് മറിഞ്ഞ്‌വീഴുന്നു. പ്രകാശരശ്മികൾ വീണ് മണ്ണും വെള്ളവും തിളങ്ങുന്നുണ്ട്.
കൊക്ക് അടുത്തെങ്ങുമുള്ള മരങ്ങളിലേക്ക് വലിഞ്ഞ്കേറാൻ പോകുന്നില്ല. ഇഴഞ്ഞ് പൊത്തിലേക്കും പോകില്ല. ആകാശത്തിൽ കിടന്ന് വട്ടംചുറ്റില്ല. വീടുകളുടെ അകത്തളങ്ങളിൽ പോയി ചൂട്പാല് കുടിച്ച് പെൺകുട്ടികളുടെ മടിയിലും കിടക്കയിലും കിടന്നുറങ്ങില്ല. ആർക്കും വേണ്ടി വാലാട്ടില്ല. ഈ കൊക്കിനെ ആരും ചൂണ്ടയിൽ കൊരുത്ത് മസാലപുരട്ടി കറിവെച്ച് തിന്നില്ല. പ്രശാന്തസുന്ദരമായ ഈ ഭൂമിയിൽ വെറുതെയിരിക്കുന്ന ആ കൊക്ക് എന്തെങ്കിലുമൊരു മീനിനെ വെള്ളം ചാടി പിടിക്കുമ്പോൾ മാത്രമാണ് ചെറുതായെങ്കിലുമൊന്ന് അനങ്ങുന്നത്. വെള്ളത്തിലൊരു മിന്നൽ തീർക്കുംപോലെയാണ് അത് ഇരപിടിക്കുക. ഭൂമിക്ക് അന്യംനിന്ന് കൊണ്ടിരിക്കുന്ന ശാന്തത ഒറ്റക്കിരിക്കുന്ന ഈ കൊക്കിലുണ്ട്. അതിന്റെ ഒറ്റക്കാൽ നിൽപ്പിൽ ആരെയും കൂസാക്കാത്ത ഒരു ഭാവവുമുണ്ട്.
നിവേദ് രാവിലെ പാല് വാങ്ങിക്കാൻ പോയപ്പോൾത്തന്നെ ആ കൊക്കിനെ ശ്രദ്ധിച്ചിരുന്നു. തിരിച്ച് വരുമ്പോഴും കൊക്ക് അതേ നിൽപ്പ് തന്നെയാണ്. ഒരു കല്ല് പെറുക്കി എറിയാൻ തോന്നിയെങ്കിലും അയാളത് വേണ്ടാന്ന് വച്ചു. കുറേക്കഴിഞ്ഞ് ഒന്ന് വലിക്കാൻ വേണ്ടി വീട്ടിൽ നിന്നുമിറങ്ങി ആറ്റുങ്കരയിൽ ചെന്നപ്പോൾ അയാളാ കൊക്കിനെ സൂക്ഷിച്ച് നോക്കി. അയാൾ പോലുമറിയാതെ അയാളുടെ ശ്രദ്ധ ആ എലുമ്പൻ ജീവിയിലേക്ക് ചെന്ന് പതിക്കുകയായിരുന്നു. ആറ്റ്‌വക്കിലിരുന്ന് അയാൾ ചില നമ്പറുകളിൽ വിളിച്ചു. കുറച്ച് നേരം കൂടെ അവിടെ കുത്തിയിരുന്ന് വെള്ളത്തിലേക്കും നീണ്ട്കിടക്കുന്ന വഴിയിലേക്കും മാറിമാറി നോക്കി. ഇനിയുമവിടെയിരിക്കാൻ മടുപ്പ് പിടിച്ചു. ഒന്നും കൂടെ കൊക്കിനെ നോക്കി. കൊക്ക് തിരിച്ചൊന്ന് നോക്കുന്നത്പോലുമില്ല.
കൊക്കിനെത്തന്നെ അങ്ങനെ നോക്കിക്കൊണ്ടേയിരുന്നു അയാൾ. മണിക്കൂറുകൾ കഴിഞ്ഞു. കണ്ണെടുക്കാതെ ആ വെളുത്ത കൊക്കിനെത്തന്നെ നോക്കിനോക്കിയിരിക്കെ അയാൾ അലിവോടെ വിളിച്ചു: “ചിമ്മീ.”
ഹൃദയം പൊട്ടിപ്പോകുന്ന വേദനയിൽ പൊതിഞ്ഞായിരുന്നു ആ വിളിയെന്ന് വിളി കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പേരായിരിക്കണമത്. കൊക്ക് മടിയിൽ വന്നിരിക്കണമെന്ന് കൊതിച്ചാണ് അയാൾ വിളിച്ചത്. ആ പേര് വിളിച്ചാൽ കൊക്ക് പറന്ന് പറന്ന് തന്നിൽനിന്നും ദൂരെദൂരെ പോകുമോന്ന് ഒരു തോന്നലുണ്ടായിരുന്നെങ്കിലും രണ്ടും കല്പിച്ച് അയാൾ ഒന്നല്ല രണ്ട് തവണ ആ പാട്ട് പാടി. “ചിമ്മീ... എന്റെ പൊന്ന് ചിമ്മീ” നാല്പത് വർഷങ്ങൾക്കിടയിൽ ചുണ്ട്കൊണ്ട് ഉച്ചരിച്ച മധുരവും ചവർപ്പും ഒരുപോലെ നിറഞ്ഞ പ്രിയമുള്ള പാട്ട്. ചിമ്മി ആ മനുഷ്യന്റെ ആരുമാകാം; അമ്മയോ ഭാര്യയോ മകളോ കൂട്ടുകാരിയോ പ്രിയപ്പെട്ട നർത്തകിയോ വീട് വിട്ട്പോയ നായക്കുട്ടിയോ. ഇനി അതുമല്ലെങ്കിൽ അയാളുണ്ടാക്കിയ; അയാൾക്കുമാത്രം കാണാൻ കഴിയുന്ന ഒരാളുമാകാം. ആ മുഖം വരയുക അത്രയെളുപ്പമല്ല. അങ്ങനെ അയാളുടെ ഹൃദയപ്പൂവിനെ നനയ്ക്കുന്ന ആരോ. അയാൾ ആവർത്തിച്ചാവർത്തിച്ച് വിളിച്ചിട്ടും കൊക്ക് വിളികേട്ട ഭാവം കാണിക്കാതെ ധ്യാനം തുടർന്നു.
നിവേദ് വീട്ടിലേക്ക് തിരികെ കേറിപ്പോയി. ടി.വി ഓൺ ചെയ്ത് വാർത്ത കണ്ടു. ചാനലുകൾ മാറിമാറി വച്ചു. മടുപ്പ് പിടിച്ച് സിനിമാപ്പാട്ടുകൾ കേട്ടു. പരസ്യങ്ങൾ നോക്കിയിരുന്നു. ചാരുകസേരയിൽ പോയി നെഞ്ചും തടവി കുറേനേരം കിടന്നു. പ്രാതൽ കഴിച്ചുകൊണ്ട് തുറന്നിട്ട ജനൽവഴിയിലൂടെ ആറിനേയും ധ്യാനിക്കുന്ന കൊക്കിനേയും നോക്കി. കൊക്കിരിക്കുന്ന കല്ല് വെട്ടിത്തിളങ്ങുന്നുണ്ട്. കല്ല് പറന്നുപോകുമോന്ന് അയാൾക്കു തോന്നി. രണ്ട് മാർഗങ്ങളുണ്ട്. ഒന്നുകിൽ ആ കല്ല് കൊക്കിനെ പറക്കാൻ വിടാതെ അവിടെത്തന്നെ ഒട്ടിച്ചുവയ്ക്കാം. അല്ലെങ്കിലാ കൊക്ക് കല്ലിനേയും ചുമന്നു പറന്നുപോകാം. “ചിമ്മീ പറ, ഏതിനാണ് കൂടുതൽ സാധ്യത?” അയാൾ അവളുടെ മടിക്കിടക്കയിൽ കിടന്നു. “രണ്ടായാലും ഒരാൾക്ക് നഷ്ടം സഹിക്കേണ്ടി വരില്ലേ?” ചിമ്മി ദാർശനികമായ ചോദ്യം മുന്നോട്ട് വച്ചിട്ട് നിവേദിനെ ചുറ്റിപ്പിടിച്ചു.
ആറ് മാസത്തിലൊരിക്കലോ മറ്റോ ആണല്ലോ ഇങ്ങനെ ഈ വീട്ടിൽ വന്ന് നിൽക്കാറുള്ളതെന്ന് അയാളോർത്തു. ഒരു ബറ്റാലിയന്റെ ചുമതലയുള്ള പൊലീസുകാരനാണ് അയാൾ. ബറ്റാലിയനെന്നാൽ ഒരു കുടുംബംപോലെയാണ്. ബറ്റാലിയനിലുള്ള മുഴുവൻ പേരും തന്നെ ബഹുമാനിക്കുന്നു. കാണുമ്പോൾ പുഞ്ചിരിക്കുന്നു. സല്യൂട്ട് തരുന്നു. ചിലർ സ്നേഹം നടിക്കുന്നു. ചിലർ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. പാവം മനുഷ്യർ! എത്ര അഭിനയിക്കണം ഈ ജീവിതം ഒന്നോടിച്ച് പോവാൻ. അയാൾ വീണ്ടും ജനലിലൂടെ കൊക്കിനെ എത്തിനോക്കി. ഭാഗ്യം. അതവിടെത്തന്നെയുണ്ട്. ഒരു വെളുത്ത പൊട്ട്പോലെ പേരമരത്തിനിടയിലൂടെ അങ്ങ് ദൂരെ ആറ്റിലോട്ട് കണ്ണെറിഞ്ഞ് അത് അനങ്ങാതെ നിൽപ്പുണ്ട്.
ഈ ചെറുജീവിക്ക് ഇത്രമാത്രം ശ്രദ്ധയും കരുതലുമോ? ഒരു എയർഗൺ കൊണ്ടോ തെറ്റാലി കൊണ്ടോ വേണമെങ്കിലിപ്പോൾ അതിന്റെ സമാധാനം എറിഞ്ഞിടാം. അവശയായ ജീവിയെ ആഹാരമോ മരുന്നോ ഇത്തിരി സ്നേഹമോ പൊതിഞ്ഞ് കൊടുത്ത് കീഴ്‌പെടുത്താൻ എളുപ്പമാണ്. അത് പെട്ടെന്ന് വഴങ്ങും. ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയോടെ അയാൾ ചിലതെല്ലാം ആസൂത്രണം ചെയ്തു. ജോലിസ്ഥലത്തേക്ക് ഈ കൊക്കിനെ കൂട്ടിക്കൊണ്ട് പോകാൻ സാധിക്കുമോ? ഒരു കൂട്ടിൽ ഇതിനെ എങ്ങനെ വലിച്ചു കേറ്റും? സ്വയം വന്ന് കൂട്ടിൽ കേറാൻ ഒറ്റ ജീവിയും ആഗ്രഹിക്കില്ലല്ലോ. കൃത്യമായി വ്യായാമം ചെയ്യുന്ന ഒരുകൂട്ടം പൊലീസുകാർക്കിടയിലേക്ക് ഈ കൊക്കിനെക്കൊണ്ട് പോയി വളർത്താൻ പറ്റിയെന്ന് വരില്ല. അവിടത്തെ ഉണങ്ങിവരണ്ട അന്തരീക്ഷം അതിന് പിടിക്കണമെന്നില്ല. ഏതെങ്കിലുമൊരു തോക്ക് അറിയാതെ പൊട്ടിയാൽ ശാന്തതയുടെ കൂട് തുറന്ന് അത് പറന്നു പോയാലോ? അവിടത്തെ ചിട്ടയും മുറയും അതിന് ബോധിക്കണമെന്നില്ല. വളച്ചു കെട്ടിയ മതിലും കെട്ടിടങ്ങളും അതിന്റെ ഏകാഗ്രത കവരും. അതിനെന്ത് തീറ്റ കൊടുക്കണമെന്നൊരു ധാരണയുമില്ല. അതിനെ എങ്ങനെ ഓമനിക്കണമെന്ന് അറിഞ്ഞുകൂടാ. കൊക്കൊരു വളർത്തുജീവിയാണോന്ന് നിവേദ് ഗൂഗിളിനോട് ചോദിച്ചു.
ബറ്റാലിയന്റെ ചിത്രം അയാൾ ഗ്യാലറിയിൽ നിന്നെടുത്ത് നോക്കി. ഏതെങ്കിലുമൊരു പൊലീസ് സ്റ്റേഷനിൽ പോയി പണിയെടുക്കുന്നതിലും നല്ലത് ഈ ബറ്റാലിയനെക്കൊണ്ട് നടക്കുന്നതാണെന്ന് അയാൾക്ക് എപ്പോഴും തോന്നാറുണ്ട്. ആപത്തോ അത്യാഹിതമോ വന്നാൽ ഏത് നേരത്തും പോകാൻ ഈ പട സജ്ജമായിരിക്കണം. ഒരു ചായയിട്ട് കുടിച്ചുകൊണ്ട് അയാൾ ആകാശത്തേക്ക് നോക്കി. ചിലപ്പോൾ ഒരു മഴ വഴിമാറി വന്നേക്കാം. നഖംവെട്ടിയുമായി വീടിനു പുറത്തുപോയി ആറ് കണ്ടു. ആടിക്കളിക്കുന്ന തെങ്ങോലകൾ നോക്കിനിന്നു. ആ പ്രദേശം മുഴുവനും ക്ഷമയോടെ ആരെയോ കാത്തിരിക്കുകയാണ്. പച്ചപ്പ് നോക്കാനെന്ന ഭാവേന കൊക്ക് അവിടെത്തന്നെയുണ്ടോന്ന് ഒളിഞ്ഞുനോക്കി. ഉണ്ട്, നേരത്തെ എങ്ങനെയിരുന്നോ അതേ ഭാവത്തിൽ. അതേ നിസ്സംഗതയോടെ. ലോകത്തിന്റെ തിരക്കുകളോ ഓട്ടപ്പാച്ചിലോ മനുഷ്യരുടെ തുറിച്ചുനോട്ടമോ അതിനെ ബാധിക്കുന്നേയില്ല. അത് ശാന്തതയിൽ ലയിച്ച് നിൽക്കുകയാണ്. പരിസരത്തെങ്ങുമാരുമില്ല. തെറിച്ചുപോയ പന്തെടുക്കാൻ ഏതെങ്കിലുമൊരു കുട്ടി ഇങ്ങോട്ട് വന്നാലായി. കള്ള് കുടിച്ച് സൊറ പറഞ്ഞിരിക്കാനും പിന്നീട് കള്ള് തലയ്ക്കു പിടിച്ച് ആറ്റിലേക്കെടുത്ത് ചാടാനും വേണ്ടി ഈ സ്ഥലം തിരഞ്ഞുപിടിച്ച് ചിലർ വരാറുണ്ട്. കൊക്ക് ഇവിടെത്തന്നെയുള്ളതാണോ അതോ എവിടെനിന്നെങ്കിലും പറന്നുവന്നതാണോ എന്നറിഞ്ഞു കൂടാ. പൊന്മാനോ മയിലോ പാമ്പോ ആയിരുന്നെങ്കിൽ ഒരു ഫോട്ടോയെടുത്ത് ഗ്രൂപ്പിലിട്ടേനെ... എന്തോ ഈ കൊക്കിന്റെ മൗനം പകർത്താൻ തോന്നുന്നില്ല.
കുറച്ചുനേരം കൂടി കൊക്കിനെ നോക്കിനിന്ന ശേഷം നിവേദ് വീണ്ടും വീടിനകത്തേക്ക് കേറി. ചെറിയ ഒരടുക്കളയും കുളിമുറിയും കിടപ്പുമുറിയും മാത്രമുള്ള ആർഭാടങ്ങൾ തീരെയില്ലാത്ത ആ വീട് അയാൾക്ക് വീതം വച്ചപ്പോൾ കിട്ടിയതാണ്. മറ്റേതോ കാലത്തിലുള്ളതുപോലെ ആ ചെറുവീട് ആറ്റുവക്കിൽ നിലകൊണ്ടു. വല്യ ഒരു മാറ്റം കൊതിച്ചാണ് ആ ചെറിയ വീട് ആറിനെ നോക്കി നിൽക്കുന്നത്. ഒരു പത്തമ്പത് വർഷം മുൻപ് എങ്ങനെ നിന്നോ അതേ മട്ടും ഭാവവും. ഒരു മാറ്റവുമില്ല. പിച്ചാത്തിപോലും സ്ഥലം മാറി ഇരിക്കുന്നില്ല. അമ്മയിരുന്ന് തയ്ക്കുമായിരുന്ന മൂല, അച്ഛൻ ദീനം പിടിച്ച് അവസാന കാലങ്ങളിൽ കിടന്ന അതേ വരിഞ്ഞ കട്ടിൽ. ഉളുത്ത് പോയ വാതിലുകൾ. ചിതല് ആ വീടിനെ തിന്ന് തീർത്തിരിക്കുന്നു. പെയിന്റടർന്ന ചുവര്. തേച്ചു കഴുകാതെ കരിപിടിച്ച പാത്രങ്ങൾ. തുറപ്പ കാണാത്ത മേൽക്കൂരയിൽ വലയും അഴുക്കും. എങ്ങും പൊടിമണം.
മുഷിഞ്ഞ വിരിപ്പുള്ള ആ പൊടിപിടിച്ച കിടക്കയിൽ നിവേദ് നീണ്ടുനിവർന്ന് കിടന്നു. ജനലഴിയുടെ വിടവിലൂടെ എത്തിവലിഞ്ഞ് നോക്കിയാൽ കൊക്കിന്റ ഒരു കഷണം കാണാം. നിവേദ് കണ്ണ് പൂട്ടി. ഉറക്കമെന്നോ ധ്യാനമെന്നോ മരണമെന്നോ വിളിക്കാവുന്ന കണ്ണടച്ചിരിപ്പ്. ബറ്റാലിയനിലെ പൊലീസുകാരെ നിയന്ത്രിക്കുന്നതിനിടയിൽ ഒന്നുമൊന്നും ഓർമിക്കാനിപ്പോൾ നേരം കിട്ടാറേയില്ല. ഒരു ദിവസം തുടങ്ങുന്നതോ തീർന്നുപോകുന്നതോ അറിയാൻ വയ്യ. ക്രമത്തിലോടുമ്പോൾ മറവി വന്ന് പൊത്തിപ്പിടിക്കുന്നു. കണ്ണടച്ച് കിടന്നപ്പോൾ സമാധാനത്തിന്റെ നിറവ് അയാളെ വന്നുമൂടി.
കഴിഞ്ഞ ആഴ്ച ബറ്റാലിയനിലെ പുതിയ ബാച്ചിലെ ഒരു പയ്യൻ യൂണിഫോമിൽ റെയിൽ ട്രാക്കിലേക്കിറങ്ങിപ്പോയി. ട്രാക്ക് തൊട്ടടുത്താണ്. “പോവല്ലേ, തിരിച്ച് വാ. കേറി വാ” അയാളുടെ പിന്നാലെ പോയി അലറിവിളിച്ചു. അടുത്ത ആഴ്ച അയാളുടെ കല്ല്യാണമാണ്. നാട്ടിൽ എത്തിച്ചേരേണ്ടതായുണ്ട്. ആയാസപ്പെട്ട് കിതപ്പോടെ അയാളുടെ പിറകേ ഇറങ്ങിയോടി. ഓടാൻ തീരുമാനിച്ചുറപ്പിച്ച ഒരാളെ തടയാൻ പിറകേ ഓടുന്ന വേറൊരാൾക്ക് പറ്റുമോ? ഓടിയോടി അവനൊരു ചതുപ്പിനടുത്തെത്തി. അവിടെനിന്ന് കൈകൊണ്ട് തൊട്ടാൽ ഓടിപ്പോകുന്ന തീവണ്ടിയെ കയ്യെത്തിപ്പിടിക്കാം. ഇരുട്ടുമൂടിയ വഴിയിൽനിന്നും ഉറക്കെ അയാളുടെ പേര് വീണ്ടും വീണ്ടും വിളിച്ചു. ഇരുട്ടിന്റെ പുതപ്പ് കണ്ണിൽ വന്ന് കൂട്ടുകൂടിയതും കിഴക്കോട്ട് ഒരു തീവണ്ടി പാഞ്ഞു പോയതും ചെവിയിൽ ആരോ വന്ന് മൂളിയതും ഒരുമിച്ചായിരുന്നു. “അയ്യോ അവൻ, ട്രെയിനിനെ പിടിക്കാനതാ പോകുന്നു, അതോ ട്രെയിൻ അവനെത്തന്നെ തേടിവരുന്നോ” ആരോ തന്നെ വന്ന് പിടിച്ചുകുലുക്കി. “എന്തൊക്കെ പിച്ചും പേയുമാണ് പറയുന്നത് നിവേദ് സാർ. ഏത് ട്രെയിൻ? സാറ് ഓക്കേയല്ലേ?” കാക്കിയുടുപ്പുകൾക്കിടയിൽ അയാൾ ബോധം പോയി കുഴഞ്ഞുവീണു. വെള്ളം തളിച്ചുണർന്നപ്പോൾ അയാൾ വെളുത്ത നിറം തേടി. “എനിക്ക് കുറച്ച് സമയം ഒറ്റക്കിരിക്കണം. കുറച്ച് സമാധാനം വേണം.” ഓടിക്കൂടിയ പൊലീസുകാർ അയാളെ ഒറ്റയ്ക്ക് വിട്ട് മാറി ദൂരെ പോയി.
അന്നും അച്ഛൻ പതിവുപോലെ മദ്യപിച്ച് വീട്ടിൽ വന്നു. കള്ള് കുടിച്ചുവരുന്ന എല്ലാ ദിവസങ്ങളിലും ചീത്തവിളിയും ഉപദ്രവവുമുണ്ടാവും. അന്നത്തെ ദിവസം അച്ഛൻ പതിവിലും അക്രമാസക്തനായിരുന്നു. അമ്മ ചോറും മീങ്കറിയും വച്ചിട്ട് ആ കൊച്ചുവീടിന്റെ ഒരറ്റത്തുപോയി തച്ചുകൊണ്ടേയിരുന്നു. ഓർമവച്ച നാൾ മുതൽ അമ്മ എപ്പോഴും അങ്ങനെ തന്നെയാണ്. ആരെയും ശ്രദ്ധിക്കാതെ ആരോടും ഒന്നും സംസാരിക്കാതെ ആരെയും സ്നേഹിക്കാതെ എപ്പോഴും തുന്നിക്കൊണ്ടിരിക്കും. “കീറിപ്പോയവ നൂലുകൊണ്ട് തുന്നിയാൽ പുതിയത് കണക്കാവുമോ?” ചിമ്മിയും നിവേദും കുന്നുമ്പുറത്തെ ഒരു ക്ഷേത്രത്തിൽ നിൽക്കുകയായിരുന്നു. അകത്ത് ചിരിച്ചു നിൽക്കുന്ന ഒരു ദേവതയാണ്. സായംകാലം. കൽവിളക്കുകൾ തിരിനീട്ടി പ്രകാശം ചൊരിയുന്നു. ചിമ്മി നിവേദിന്റെ കൈകൾ കൂട്ടിപ്പിടിച്ച് ഉത്തരമൊന്നും പറയാതെ നിന്നു.
അന്ന് അച്ഛൻ കേറിവന്നപ്പോഴേ ഉപദ്രവം അഴിച്ചിട്ടു. പഠിച്ചുകൊണ്ടിരുന്ന അനിയനെ തൂക്കിയെടുത്തടിച്ചു. പിടിച്ചുമാറ്റാൻ പോയ അമ്മയെ ചവിട്ടിമാറ്റി. മുടി ചുരുട്ടിയെറിഞ്ഞു. അമ്മ അലമാരയുടെ മൂലയിൽ പോയി തലകുത്തി വീണു. കലിയടങ്ങാതെ അടുക്കളയിൽ പോയി ചോറും കറികളും വാരിയെറിഞ്ഞു. എതിരെ പോയിനിന്ന അമ്മയ്ക്ക് അടിയും തൊഴിയും ചവിട്ടും കിട്ടി. കയ്യിൽ കിട്ടിയതെല്ലാം വാരിവലിച്ചെറിഞ്ഞ് പൊട്ടിച്ചിട്ട് മണ്ണെണ്ണ പാട്ടയെടുത്ത് അമ്മയുടെ മേത്ത് കമിഴ്ത്തി. അമ്മ അനിയനേയും ഒക്കത്തെടുത്ത് ജീവനും കയ്യിലമർത്തി നിലവിളിച്ചുകൊണ്ട് വീടിനു പുറത്തോട്ടിറങ്ങിയോടി. ഇനിയൊന്നും ചെയ്യാനില്ലാത്തതുപോലെ അച്ഛൻ വീടിന്റെ മുക്കിലും മൂലയിലും പോയി നോക്കി.
അപ്പോൾ മാത്രമാണ് ആ വീട്ടിലെ മൂത്തമകൻ അച്ഛന്റെ കണ്ണിൽപ്പെടുന്നത്. അവനത്രയും നേരം കട്ടിലിനടിയിൽ പോയി ശ്വാസംപോലും പുറത്തേക്ക് വിടാതെ കരച്ചിലമർത്തി കിടക്കുകയായിരുന്നു. ഹൃദയം പടപടാന്നിടിക്കുമ്പോൾ ശബ്ദം പുറത്ത് കേൾപ്പിക്കാതെയിരിക്കാൻ അവൻ ശീലിച്ചിരുന്നു. അവന് അടിയും ഇടിയും വഴക്കും എന്നും പേടിയായിരുന്നു. സ്കൂളിലും വീട്ടിലും എപ്പോഴും മിണ്ടാതെയിരിക്കുന്ന ഒരു പാവം കുട്ടിയായിരുന്നു അവൻ. കണ്ടു പിടിക്കപ്പെട്ടപ്പോൾ അവൻ കട്ടിലിന് താഴത്തെ ഇരുട്ടിൽനിന്നും വലിഞ്ഞിഴഞ്ഞ് പുറത്തുവന്നു. പേടികൊണ്ട് ഉടുപ്പിലൂടെ മൂത്രമൊഴിച്ചുപോയി. അച്ഛന്റെ തീക്കണ്ണുകളിലേക്ക് നോക്കാൻ അവനു പേടിയായി. മിണ്ടാതിരുന്നാൽ ഒന്നുമിവിടെ നടക്കാൻ പോകുന്നില്ലാന്ന് അവനറിയാം. അവൻ വേഗം തന്നെ ചാടിയെഴുന്നേറ്റ് അച്ഛനെ തള്ളി താഴെയിട്ടിട്ട് പുറത്തോട്ടിറങ്ങി ഓടി. പോകുന്ന പോക്കിൽ വീടിന്റെ താക്കോലും അശയിൽ ആറാനിട്ട ഒരു ഷർട്ടും കയ്യിലെടുത്തു. ശക്തി മുഴുവനും കൂട്ടിപ്പിടിച്ച് വാതിൽ വലിച്ചടച്ചു. പുറത്തുനിന്നും ആ വീട് എങ്ങനെയോ പൂട്ടി. തല്ലാനോ ഉപദ്രവിക്കാനോ ആരുമില്ലാത്തതിന്റെ ദേഷ്യത്തിൽ അച്ഛൻ ചുവരിൽ ആഞ്ഞടിച്ചു. മേശയും കസേരയും കട്ടിലും തള്ളിമറിച്ചിട്ടു. അടുക്കളനിലത്ത് ചോറും കറികളും ചിവിട്ടിത്തേച്ചു. വീടാകെ തുപ്പാനും ഛർദിക്കാനും തുടങ്ങി. അവിടെക്കിടന്ന് എല്ലാരേയും പള്ള് വിളിച്ചു.
പുറത്തുകടന്ന മൂത്തകുട്ടി ആ വീടിനു ചുറ്റും കിടന്നോടി. അച്ഛൻ അകത്ത് കിടന്ന് പുലമ്പാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന ഷർട്ടുമിട്ട് വീടിന്റെ താക്കോലുമായി ആ കുട്ടി കരഞ്ഞുകൊണ്ട് പാഞ്ഞോടി. അമ്മയെ വിളിച്ചു, അനിയനെ വിളിച്ചു, ദൈവങ്ങളെ പലപല പേരുകൾ പറഞ്ഞ് വിളിച്ചു. ആരുമാ വിളി കേട്ടതേയില്ല.
“എന്നിട്ട്?” ചിമ്മിയും നിവേദുമപ്പോൾ ഒരു കടൽത്തീരത്തിരിക്കുകയായിരുന്നു. അയാൾ ഒരു മൃഗത്തെപ്പോലെ കിതച്ചു. മനുഷ്യമൃഗം കരയുമ്പോൾ ഭൂമിയിലെ സർവചരാചരങ്ങളും വന്ന് കെട്ടിപ്പിടിക്കും. എന്നിട്ട്... ആ കൊച്ചുകുട്ടി ഓടിയോടി വീടിന്റെ മുന്നിലൂടെ ഒഴുകുന്ന ആ ആറ്റിന്റെ വക്കിലെത്തി. ആറ് ഒഴുകിക്കൊണ്ടേയിരുന്നു. ആറിനറിയില്ലല്ലോ ഒരു കൊച്ചുകുട്ടിയുടെ കണ്ണുനീര് വീണാണ് അതിന്റെ ഭാരം കൂടിയതെന്ന്. ഭൂമിയിലെ ഏറ്റവും പരാജയപ്പെട്ടവനെപ്പോലെ അവൻ ആ ആറിനെ നോക്കിനിന്നു. ചിമ്മി അവന്റെ മുടിയിലും മുതുകിലും തടവിക്കൊണ്ടിരുന്നു. ആ കുട്ടി ഒരുപാട് സമയം എന്തോ ചിന്തിച്ച് അവിടെ കുത്തിയിരുന്നു. വീട്ടിൽനിന്നും അച്ഛന്റെ അലറൽ നിലച്ചിരുന്നു.
ഭൂമി ഉറങ്ങാൻ തുടങ്ങുകയാണ്. ദൂരെ എവിടെനിന്നോ മങ്ങിയ വെളിച്ചം പതിക്കുന്നുണ്ട്. എങ്ങും ആളനക്കമില്ല. ആറിനെ നോക്കിനോക്കി നിന്നിട്ട് അവൻ മണ്ണിലേക്ക് ചാഞ്ഞുകിടന്ന് ഉറങ്ങാൻ പോയി. ഇട്ടിരിക്കുന്ന വെള്ളയുടുപ്പ് ചീത്തയാകുമോന്ന് പേടിച്ചു. വെളുത്ത ഉടുപ്പിൽ ചെളിയോ കറയോ പുരണ്ടാൽ എത്ര വെള്ളത്തിൽ കഴുകിയാലും കാരമിട്ടലക്കിയാലും ആ കറ വിട്ടുപോകാൻ പാടല്ലേ? ചിമ്മി നിവേദിന്റെ വായ ഒരുമ്മകൊണ്ട് പൊത്തി. വീടിന്റെ താക്കോൽ കളഞ്ഞ് പോകുമോന്നും അവനു പേടി തോന്നി. കരച്ചിലടുക്കാൻ പണിപ്പെട്ട് ആ താക്കോലെടുത്ത് നെഞ്ചോട് ചേർത്തുവച്ചു. ചുറ്റിനും കുറ്റാക്കൂരിരുട്ടാണ്. ആരെയോ മുക്കിക്കൊല്ലാനെന്ന ഭാവത്തിൽ പെട്ടെന്ന് പൊട്ടിവന്ന മഴയും. എങ്ങോട്ടോടി പോകണമെന്ന് ഒരു രൂപവുമില്ല. വഴികളെല്ലാം ആ ആറിന്റെ വക്കിൽ തീർന്നുപോകുന്നു. ലോകമവിടെ അവസാനിക്കുന്നു.
ഒടുക്കം നീണ്ടുനിവർന്ന് മണ്ണിൽത്തന്നെ കിടക്കാൻ ആ കൊച്ചുകുട്ടി തീരുമാനിച്ചു. അവൻ കിടുങ്ങി. അവനു പേടി പെരുത്തു. വിശന്ന് വയറ് മൂളാൻ തുടങ്ങിയിരുന്നു. തണുപ്പ് വന്ന് അവനെ കെട്ടിപ്പിടിച്ചു. ആകാശം അവന്റെ കണ്ണുനീര് കഴുകിക്കളയാൻ മഴ കോരിയൊഴിച്ചു. കരിയിലകൾക്കിടയിലൂടെ പാമ്പ് വന്ന് കൊത്തുമോന്ന് അവൻ ഭയന്നു. എന്നിട്ടും അവിടെത്തന്നെ കണ്ണടച്ച് കിടക്കാൻ തീരുമാനിച്ചു. മണ്ണിലങ്ങനെ കുറച്ചുനേരം കിടന്നുകഴിഞ്ഞപ്പോൾ മണ്ണ് അവനെ സ്വന്തമായി സ്വീകരിച്ചു. മണ്ണിലെ അസംഖ്യം ജീവജാലങ്ങൾ അവരിലൊരാളായി അവനേയും കണ്ടു. ഒരു ജീവിയും അവനെ ശത്രുവാക്കിയില്ല. എല്ലാവരും അവരവരുടെ കാര്യം നോക്കി പോയി. എറുമ്പുകളും പുഴുവും പ്രാണികളും അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി. മഴവെള്ളം ദേഹത്തെ ചെളികൊണ്ട് പൊത്തി.
“ഞാനങ്ങനെ ആ ഈർപ്പം പിടിച്ച മണ്ണിൽ ആ രാത്രി മുഴുവനും ഉറക്കം വരാതെ കിടന്നു. ശാന്തനായി. മണ്ണിലൊട്ടി ഭൂമിയുടെ മടിയിൽ കിടന്നു. പേടി ആരാണോ വന്ന് പതുക്കെ ഒപ്പിക്കളഞ്ഞത്? അമ്മയും അനിയനും അടുത്തേതെങ്കിലും വീട്ടിൽ പോയി കിടക്കുകയായിരിക്കും. അവരെന്നെ മറന്നോ? അച്ഛൻ കെട്ട് വിടും വരെ ആ വീടിനകത്ത് ബോധം കെട്ടുറങ്ങി. ഞാൻ മണ്ണിനോടൊട്ടിക്കിടന്നു. ആ രാത്രി തീരാൻ ഇനി പ്രാർത്ഥിക്കുന്നില്ല. ഇപ്പോൾ കൂട്ടുകാരെല്ലാം അവരുടെ വീടുകളിൽ സുഖമായി മൂടിപ്പുതച്ച് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരിക്കും. ഇനിയെനിക്ക് പേടിയില്ല. കഥപറഞ്ഞ് തീർന്നപ്പോൾ അവൻ വിതുമ്പി. “ആ വേദന മറക്കാതിരിക്കാനല്ലേ ഗ്രാമത്തിലെ വീട് പൊളിച്ചുകളയാത്തത്? എന്നേം കൊണ്ട് പോണേ ഒരു ദിവസമവിടെ.” ചിമ്മി നിവേദിന്റെ തോളിൽ കിടന്ന് കൊഞ്ചി. പിന്നെ തേങ്ങിക്കരഞ്ഞു.
“ആ കൊക്കിനെ ഇങ്ങോട്ട് പിടിച്ചോണ്ട് വരാത്തതെന്താണ് സാർ. ഒരു നേരമ്പോക്കായേനെ. ഞങ്ങളതിനു തിന തീറ്റയായി കൊടുത്ത് ഒരു തത്തയെപ്പോലെ വളർത്തിയേനെ” ബറ്റാലിയനിലെ ഏറ്റവും അടുപ്പമുള്ള ചെറുപ്പക്കാരൻ നിവേദിനോട് ചോദിച്ചു. “ഒരു കൊക്ക് കൊക്കായിത്തന്നെ ഇരിക്കുമ്പോഴല്ലേ അതിനു ജീവിതം കൂടുതൽ ശാന്തമായി തോന്നുക? കാക്കയായാലും പ്രാവായാലും തത്തമ്മയായാലും കൊക്ക് കൊക്ക് തന്നെയായി ഇരിക്കാനാവില്ലേ കൊതിക്കുന്നത്?” ചോദ്യം തലയിലിട്ട് ചുഴറ്റി നിവേദിന് പതിവിലും കൂടുതൽ നേരം വ്യായാമമുറകൾ ചെയ്ത് ഗ്രൗണ്ടിൽത്തന്നെ ചെലവഴിച്ചു. ഏറെനേരം പൊരിവെയിലിൽനിന്ന് അയാൾ തളർന്നു. ഒടുവിൽ പരാജയം മനസ്സിലാക്കി തിളച്ചുകിടക്കുന്ന വഴിയിലൂടെ മെസ്സിലേക്ക് നടന്നുപോയി. തണുത്ത വെള്ളമെടുത്ത് മുഖത്തും വയറിലും കമഴ്ത്തി. പൊള്ളിപ്പോകുന്ന ജീവിത മുഹൂർത്തങ്ങളെ വെള്ളംകൊണ്ട് ആറ്റാൻ പറ്റില്ലാന്ന് അയാൾ ഏറെക്കാലം മുൻപേ മനസ്സിലാക്കിയിരുന്നു. മെസ്സിലിരുന്ന് ഗ്യാലറിയിലുള്ള ചില ഫോട്ടോകൾ നിവേദ് സ്‌ക്രോൾ ചെയ്തു. അതയാളുടെ ഒരു പ്രിയവിനോദമാണ്. ചിത്രം ഒന്ന്: ജനൽവഴിക്കാഴ്ചയിൽ നല്ല വെളുത്ത ഉടുപ്പിട്ട ഒരു കുട്ടി. അവനെങ്ങോട്ടോ നോക്കി അങ്ങാതെ നിൽക്കുന്നു. ചിത്രം രണ്ട്: അതേ വെളുത്ത ഉടുപ്പിട്ട കുട്ടിയുടെ കൈവെള്ളയിൽ ഏതോ വീടിന്റെ തുരുമ്പുപിടിച്ച് പഴകിയ താക്കോല്. താക്കോല് താഴെ വീഴാതെ ഇറുക്കിയിറുക്കി പിടിച്ചിരിക്കുന്നതുകൊണ്ട് അവന്റെ കൈ മുറിഞ്ഞു പോയിരിക്കുന്നു. താക്കോൽ വഴുതി വഴുക്കി ഊർന്നുപോകാൻ പോയെന്ന് തോന്നുന്നു. അവൻ ആ പഴയ താക്കോൽ ഇറുക്കിയിറുക്കി കൈവെള്ളയിൽ ഒതുക്കി. അത് ആറ്റിലേക്ക് വീണ് ഒഴുകി പോകാതിരിക്കാൻ ചേർത്തുപിടിച്ചു.
ഹൃദയത്തോട് അള്ളി ചേർത്തുപിടിക്കാൻ ശ്രമിക്കും തോറും ദൂരങ്ങളിലേക്ക് കുതറി പറന്നകന്ന് പോകുന്ന ഒരു കിളിയുടെ പേര് പറയാമോ? അയാൾ സ്വയം ചോദിച്ചു. രണ്ടുത്തരം പറയാം. ശരിയായത് തിരഞ്ഞെടുത്തോ. നിവേദ് കണ്ണുപൂട്ടി. ഒന്ന്, ചിമ്മി. രണ്ട്, കൊക്ക്. അയാൾ ഞെട്ടിയുണർന്നു. ഏതോ സ്ഥലത്ത് അടിയന്തരമായി ബറ്റാലിയൻ എത്തിച്ചേരാനുള്ള സന്ദേശം വരുമ്പോൾ അയാൾ എന്തൊക്കെയോ ഓർത്തുകൊണ്ട് ശാന്തനായി മെസ്സ് ഹാളിൽ ഇരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates