സി കേശവനെയും കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ ഒരു കാലത്തെയും പറ്റി  
News+

പുതുയുഗ ഹിന്ദു മണ്ഡലം വരവറിയിക്കുമ്പോൾ ഓർക്കാൻ ചില കാര്യങ്ങൾ

ബൈജു ചന്ദ്രൻ

'ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധ വിശ്വാസം നശിക്കും.' കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെ താളുകളില്‍ കടുത്ത മഷിക്കൂട്ടില്‍ മുക്കിയെഴുതിയ ഇങ്ങനെയൊരു വാചകം മായാതെ കിടപ്പുണ്ട്. സാക്ഷരതയുടെയും വിദ്യാഭ്യാസ നിലവാരത്തിന്റെയും യുക്തിവാദപ്രസ്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയുമൊക്കെ പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന ഇന്നത്തെ കേരളത്തില്‍ ഇത്രയും സ്ഫോടനാത്മകമായ ഒരു വാചകം പറയാന്‍ തീവ്രവിപ്ലവകാരികള്‍ പോലും ധൈര്യപ്പെടില്ല. കൃത്യം 76 വര്‍ഷം മുന്‍പ് ഒരു രാഷ്ട്രീയ നേതാവ് - വെറുമൊരു രാഷ്ട്രീയ നേതാവല്ല, തിരുകൊച്ചി സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷപദവി വഹിക്കുന്ന ഒരാള്‍ - ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് അസാമാന്യമായ ചങ്കൂറ്റവും ആരെയും ഭയക്കാത്ത മനസ്സും ഉള്ളതു കൊണ്ടായിരുന്നു.

സി കേശവന്‍ പിന്നെ, അങ്ങനെ മറ്റ് ഏതെങ്കിലുമൊരു രാഷ്ട്രീയനേതാവിനോട് താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരാളായിരുന്നില്ലല്ലോ. ഉഗ്രപ്രതാപിയായ സര്‍ സി പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂറാകെ അടക്കി വാണിരുന്ന നാളുകളില്‍, 'ആ ജന്തു 'എന്ന് തന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തില്‍ ദിവാന്‍സ്വാമിയെ വിശേഷിപ്പിക്കാന്‍ ധൈര്യം കാണിച്ച, ആ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്യാന്‍ ചെന്നപ്പോള്‍, കമഴ്ന്നടിച്ചു കാലില്‍ വീണു മാപ്പു പറയാന്‍ കൂട്ടാക്കാതെ, നേരെ പൂജപ്പുരയില്‍ ചെന്നു കിടക്കാന്‍ ഒരു മടിയും കാണിക്കാത്ത സ്വാതന്ത്ര്യപ്പോരാളി. കമ്മ്യൂണിസ്റ്റുകാരോട് ഒരു ദാക്ഷിണ്യവുമില്ലെങ്കിലും 'ഭഗവാന്‍ കാറല്‍ മാര്‍ക്‌സ്' എന്ന് പ്രഖ്യാപിക്കാന്‍ കൂസലില്ലാത്ത കോണ്‍ഗ്രസുകാരന്‍.

സി കേശവന്‍

1950 ലെ ആ ജൂണ്‍ മാസത്തില്‍ സി കേശവന്‍ ആ പ്രസ്താവന നടത്തുമ്പോള്‍ എന്തായിരുന്നു ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം? വര്‍ഗീയതയ്ക്ക് നല്ല വളക്കൂറുണ്ടായിരുന്ന അന്നത്തെ തിരു കൊച്ചിയുടെ മണ്ണില്‍ കാര്യങ്ങള്‍ ആകെപ്പാടെ കലുഷിതമായിരുന്നു. മുഖ്യമന്ത്രി പറവൂര്‍ ടികെ നാരായണപിള്ള പാര്‍ട്ടിയിലെ പനമ്പിള്ളി ഗ്രൂപ്പിനെ ഒതുക്കാനും സ്വന്തം മേധാവിത്വം അരക്കിട്ടുറപ്പിക്കാനും മന്ത്രിസഭ താഴെ വീഴാതെ പിടിച്ചു നിര്‍ത്താനും വേണ്ടി കളിച്ച വൃത്തികെട്ട ഒരു കളി തിരിച്ചടിച്ചു. നായന്മാരുടെ ആത്മീയാചാര്യന്‍ മന്നത്ത് പത്മനാഭ പിള്ളയേയും ഈഴവരുടെ സര്‍വ്വ സൈന്യാധിപന്‍ ആര്‍ ശങ്കറിനെയും വശത്താക്കിക്കൊണ്ട് രണ്ടു സമുദായങ്ങളുടെയും പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി, അന്ന് കോണ്‍ഗ്രസ്സിന്റെ എംഎല്‍എമാര്‍ കൂടിയായിരുന്ന അവരെ രണ്ടുപേരെയും അംഗങ്ങളാക്കി ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. പിന്നീടെന്ത് സംഭവിച്ചു എന്ന് അന്നത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും രാഷ്ട്രീയ ചരിത്രകാരനുമായ സി നാരായണ പിള്ള പറയുന്നു:

'മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും അവിചാരിതമായി ദേവസ്വം ബോര്‍ഡില്‍ ഒന്നിച്ച് സന്ധിച്ച് സൗഹാര്‍ദ്ദം പുലര്‍ത്തിയപ്പോള്‍ അവസരവാദത്തിന്റെയും അവിഹിതമായ കൂട്ടുകെട്ടിന്റെയും ജാതീയതയുടെയും ബീഭത്സ രൂപം അതിന്റെ പരമ നഗ്‌നതയില്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.... മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും തമ്മിലുള്ള ദേവസ്വം ബോര്‍ഡിലെ സമാഗമം മൂര്‍ഖന്റെ വിഷവും കെമിക്കല്‍ വിഷവും തമ്മിലുള്ള സംയോജനം പോലെ മാരകമായിരുന്നു.'('പട്ടം മുതല്‍ പനമ്പിള്ളി വരെ')

തിരുവിതാംകൂര്‍ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ നാളുകളില്‍ സര്‍ സി പിയുടെ ഇടത്തും വലത്തും പഞ്ച പുച്ഛമടക്കി നിലയുറപ്പിച്ചുകൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ അത്യുത്സാഹം കാണിച്ചവരായിരുന്നു മന്നവും ശങ്കറും. പറവൂര്‍ ടി കെയോട് ഇടഞ്ഞ അവര്‍ 'ക്രിസ്ത്യന്‍ കോണ്‍ഗ്രസി' നെതിരെ ഹൈന്ദവസമുദായത്തില്‍പ്പെട്ട സകലരെയും അണിനിരത്തിക്കൊണ്ട് ഹിന്ദു മണ്ഡലത്തിനു രൂപം കൊടുത്തു. മന്നത്ത് പത്മനാഭപിള്ളയും എന്‍ എസ് എസിന്റെ നേതാക്കന്മാരായ വി ഗംഗാധരന്‍ നായരും എം പി മന്മഥന്‍ നായരുമെല്ലാം വാലു മുറിച്ചു കളഞ്ഞ് മന്നത്തു പത്മനാഭനും വി ഗംഗാധരനും എം പി മന്മഥനുമൊക്കെയായി. ടി കെയുടെ സര്‍ക്കാര്‍ മന്നത്തിനെയും ശങ്കറിനെയും പുറത്താക്കി ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിച്ചതോടെ രണ്ടുപേരുടെയും വൈരാഗ്യം നൂറുമടങ്ങായി. ഒരു പ്രസംഗ പര്യടനം തന്നെ നടത്തിക്കൊണ്ട് നാടാകെ വര്‍ഗ്ഗീയ വിഷം പരത്തിയതുകൊണ്ട് മതിവരാതെ മന്ന - ശങ്കമാര്‍ (ബഷീറിന്റെ പ്രസിദ്ധമായ പ്രയോഗം!) ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ജന്മം നല്‍കി.

ശങ്കറും മന്നവും

1950 ജൂണ്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു യോഗം ആലപ്പുഴയില്‍ ചേര്‍ന്ന് മന്നത്തിനെയും ശങ്കറെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. അന്നു രാത്രി കിടങ്ങാംപറമ്പ് മൈതാനത്തുചേര്‍ന്ന വലിയൊരു പൊതുസമ്മേളനത്തില്‍ വെച്ച് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സി നാരായണ പിള്ളയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സമ്മേളനം കഴിഞ്ഞ് നേതാക്കന്മാര്‍ മടങ്ങി വരുന്നവഴി ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടക്ക് വെച്ച് ആ വാര്‍ത്തയെത്തി. ശബരിമല ക്ഷേത്രം തീവെച്ച് ആരോ ശ്രീകോവില്‍ വരെ നശിപ്പിച്ചിരിക്കുന്നു!

തിരുവിതാംകൂറിലെ അന്നത്തെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ സര്‍ക്കാരിനെ അടിക്കാനുള്ള ഒന്നാന്തരം ഒരു ഉരുക്കു ദണ്ഡായി വര്‍ഗീയ വാദികള്‍ ഈ സംഭവത്തെ ഉപയോഗപ്പെടുത്തി.

'ഹിന്ദുക്കളോടു പകവീട്ടാനും അവരുടെ ക്രൈസ്തവവിരുദ്ധ പ്രചാരണങ്ങള്‍ക്കു പ്രതികാരമായും ക്രിസ്ത്യാനികള്‍ കരുതിക്കൂട്ടി ഹിന്ദു ക്ഷേത്രം ദഹിപ്പിക്കയാണുണ്ടായതെന്നായിരുന്നു ഒരു ആരോപണം. രാഷ്ട്രീയക്കാരായ ഹിന്ദുവഗ്ഗീയവാദികള്‍ പുറപ്പെടുവിച്ചതാണിത്. ഇക്കാലത്തുതന്നെയാണെന്നു തോന്നുന്നു, സി. കേശവന്‍ എവിടെയോ ചെയ്ത ഒരു പ്രസംഗത്തില്‍, ക്ഷേത്രദഹനത്തെപ്പറ്റിയുള്ള തന്റെ പ്ര തികരണം അസന്ദിഗ്ദ്ധമായ ഭാഷയില്‍ പ്രകടിപ്പിക്കയുണ്ടായി. 'ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസവും നശിക്കു'മെന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. സ്വാഭിപ്രായങ്ങള്‍ ഒളിച്ചുവയ്ക്കാനദ്ദേഹം ശീലിച്ചിട്ടില്ല. അദ്ദേഹത്തെ നേരിട്ടറിയുന്ന ശബരിമല ഭക്തന്മാര്‍ ഒരു നിരീശ്വരവാദിയുടെ വാക്കുകളെന്നതില്‍ കവിഞ്ഞ യാതൊരു പ്രാധാന്യവും ഈ അഭിപ്രായത്തിനും കല്പിച്ചതുമില്ല. എന്നാല്‍ രാഷ്ട്രീയക്കാര്‍, നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുള്‍പ്പെടെ, കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ ഈ പ്രസംഗം കോണ്‍ഗ്രസ്സിനെ സംഹരിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുകയും കടന്നല്‍ കൂടുപോലെ അവരിളകി കേശവനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ്സിനെയും വിഷലിപ്തമായ അമ്പുകള്‍കൊണ്ടു ആക്രമിക്കുകയും ചെയ്തു.' ('പട്ടം മുതല്‍ പനമ്പിള്ളി വരെ' - സി നാരായണ പിളള)

മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ

സി കേശവന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് നടത്തിയിരുന്ന കൗമുദി എന്ന വാരിക അദ്ദേഹത്തിന്റെ മകനും ആര്‍ എസ് പിയുടെ നേതാവും പത്രപ്രവര്‍ത്തകനും വാഗ്മിയുമൊക്കെയായ കെ ബാലകൃഷ്ണന്‍ പുനരാരംഭിച്ചത് ആ വര്‍ഷം മാര്‍ച്ച് മാസത്തിലാണ്. കുറഞ്ഞൊരു കാലം കൊണ്ട് കൗമുദി വായനക്കാരുടെ ഇടയില്‍ ഒരു സെന്‍സേഷന്‍ തന്നെ സൃഷ്ടിച്ചു.

സ്വന്തം പേനയുടെ നാരായ മൂര്‍ച്ഛ കൊണ്ട് നാടിന്റെ രാഷ്ട്രീയ സാംസ്‌കാരികാന്തരീക്ഷങ്ങളില്‍ മാത്രമല്ല വായനക്കാരുടെ മനസിന്റെ അന്തരംഗങ്ങളില്‍പ്പോലും കൊടുങ്കാറ്റ് ഇളക്കിവിടാന്‍ സ്വാധീനശക്തിയുണ്ടായിരുന്ന പത്രാധിപരായിരുന്നു കെ ബാലകൃഷ്ണന്‍. ഓരോ ആഴ്ചയിലും ആളുകള്‍ അക്ഷമയോടെ കാത്തിരുന്ന് വാങ്ങിച്ചു വായിച്ചിരുന്ന കൗമുദി വാരിക, പത്രമാസികകളുടെ ചരിത്രത്തില്‍ ഒരു അപൂര്‍വ്വ പ്രതിഭാസമായി തിളങ്ങി നില്‍ക്കുന്നു. കൗമുദി കൈയിലെടുത്താല്‍ അന്നൊക്കെ വായനക്കാര്‍ ആദ്യം വായിച്ചിരുന്നത് 'പത്രാധിപര്‍ സംസാരിക്കുന്നു' എന്ന ചോദ്യോത്തര പംക്തിയായിരുന്നു. കെ ബാലകൃഷ്ണനെപ്പോലെ വായനക്കാരുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുകയും അവരുടെ നിസ്സാരമെന്ന് തോന്നുന്ന പ്രശ്നങ്ങള്‍ക്കുവരെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവരുടെ friend, philospher, guide എന്ന നിലയില്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു നില്‍ക്കുകയും ചെയ്ത ഒരു പേഴ്‌സണല്‍ എഡിറ്റര്‍ വേറെ ഉണ്ടായിട്ടില്ല.

കെ ബാലകൃഷ്ണന്‍

ശബരിമല തീവെയ്പ്പിനും സി കേശവന്റെ വിവാദ പ്രസ്താവനയ്ക്കും ശേഷം ഇറങ്ങിയ കൗമുദിയിലെ 'പത്രാധിപര്‍ സംസാരിക്കുന്നു'വിലേക്ക് വന്ന ഒരു കത്ത് ഈ വിഷയത്തെക്കുറിച്ചുള്ളതായിരുന്നു.

' ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന സി കേശവന്റെ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?' ഒരു വായനക്കാരന്‍ ബാലകൃഷ്ണനോട് ചോദിച്ചു.

'ഇല്ല. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രത്തോളം അന്ധത വളരുമെന്നാണ് ചരിത്രവും സമകാലീന സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നതെ'ന്ന് എന്നായിരുന്നു അതിനുള്ള ബാലകൃഷ്ണന്റെ ഉത്തരം. 'ശബരിമല വിഗ്രഹം തല്ലിത്തകര്‍ത്തതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?' എന്ന മറ്റൊരു ചോദ്യത്തിന് മറുപടി പറയുമ്പോള്‍ ബാലകൃഷ്ണന്‍ അച്ഛനെ കടത്തിവെട്ടി.

'ആളുകളെ കൂട്ടത്തോടെ ചതച്ചുകൊന്ന സര്‍ സി പി ഭരണകാലത്ത് നിശ്ചലമായിരുന്നതും, രാജ്യത്ത് രാഷ്ട്രീയ ഉമ്മാക്കികളുടെ പേരില്‍ അമ്മ പെങ്ങന്മാരെ മാനഭംഗം ചെയ്തപ്പോള്‍ ത്രസിക്കാതിരുന്നതുമായ ഹൃദയങ്ങള്‍ ഇന്ന് എത്ര ശക്തമായി ത്രസിച്ചാലും അത് എന്റെ ഹൃദയത്തില്‍ ചലനമുണ്ടാക്കുകയില്ല. എല്ലാ മതങ്ങളിലും പറയുന്നുണ്ട് മനുഷ്യസ്‌നേഹമാണ് ഏറ്റവും വലിയ ദൈവസ്‌നേഹമെന്ന്. മനുഷ്യനെതിരായി നില്‍ക്കുന്ന - മനുഷ്യത്വത്തിനെതിരായി നില്‍ക്കുന്ന - സമൂഹ ശക്തികളെ താലോലിച്ചുകൊണ്ട് അന്ധത സൃഷ്ടിക്കുന്ന വികാരങ്ങള്‍ ഹൃദയത്തുടിപ്പാണെന്ന് പറഞ്ഞാല്‍ ആ ഹൃദയത്തുടിപ്പിനെ ബഹുമാനിക്കുന്നില്ലെന്ന് യാതൊരു സങ്കോചവുമില്ലാതെ ഞാന്‍ വിളിച്ചുപറയും. ശബരിമല വിഗ്രഹത്തെക്കാള്‍ സര്‍വപ്രധാനമായ പല പ്രശ്‌നങ്ങളും നാട്ടിലുണ്ട്. കാത്തോലിക്കര്‍ക്കും ശബരിമലകള്‍ക്കും അതീതമായി ഉയര്‍ന്നു നില്‍ക്കുന്ന മനുഷ്യന്റെ പ്രശ്‌നങ്ങള്‍. അവ മറയ്ക്കുവാന്‍ ഉയരുന്ന തിരശ്ശീല, കത്തോലിക്കന്റെ പാതിരാ പ്രസംഗമായാലും അയ്യപ്പഭക്തന്റെ ശരണം വിളിയായാലും രണ്ടും തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തലമുറയുടെ അവസാനനാദം മാത്രമായേ ഞാന്‍ പരിഗണിക്കുകയുള്ളൂ.'

താരപരിവേഷത്തിലാറാടിക്കൊണ്ട് സ്റ്റുഡിയോയിലിരുന്ന് ഗര്‍ജിക്കുന്ന ഇന്നത്തെ എത്ര മാധ്യമസിംഹങ്ങള്‍ക്ക് ധൈര്യമുണ്ടാകും ഇതുപോലൊരു വിഷയത്തില്‍ ഇങ്ങനെ തുറന്നടിക്കാന്‍ ?

ഭദ്രന്റെ ചരമദിനത്തില്‍ പത്രത്തില്‍ വന്ന അനുസ്മരണം

ആ വര്‍ഷം ഡിസംബര്‍ 14 നാണ് ബാലകൃഷ്ണന്റെയും ജ്യേഷ്ഠ സഹോദരനായ രവീന്ദ്രനാഥിന്റെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ തലേന്നാള്‍ സി കേശവന്റെ കുടുംബത്തിന് മേല്‍ വെള്ളിടി വെട്ടിയതുപോലെ ഒരു ദുരന്ത സംഭവമുണ്ടായി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ട, ബാംഗ്ലൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുന്ന, സി കേശവന്റെ ഇളയ മകന്‍ ഭദ്രന്‍ സഞ്ചരിച്ചിരുന്ന വിമാനം കോട്ടഗിരി കുന്നിന് മുകളില്‍ തകര്‍ന്നു വീണു. കേശവനും മറ്റു കുടുംബാംഗങ്ങളും പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്ന ഭദ്രന്‍ കൊല്ലപ്പെട്ടു. വിവാഹം മാറ്റിവെച്ചു. കോട്ടഗിരി മലഞ്ചെരുവില്‍ കഷണങ്ങളായി ചിതറി കിടന്നിരുന്ന ഭദ്രന്റെ മൃതദേഹം കണ്ട ശേഷം മടങ്ങി വന്ന ബാലകൃഷ്ണന്‍ ആ അനുഭവത്തെ ക്കുറിച്ച് കേരളകൗമുദി പത്രത്തില്‍ ഹൃദയ ഭേദകമായ ഒരു കുറിപ്പെഴുതി. നൂറുകണക്കിന് അനുശോചന സന്ദേശങ്ങളും കത്തുകളുമാണ് കൗമുദി ഓഫീസിലെത്തിയത്.

അവയില്‍ ചിലത് പ്രസിദ്ധീകരിച്ചുകൊണ്ട് ബാലകൃഷ്ണന്‍ എഴുതി.

'എനിക്കും അച്ഛനും അമ്മാവന്മാര്‍ക്കും ജ്യേഷ്ഠനുമായി വളരെ വളരെ അനുശോചന സന്ദേശങ്ങള്‍ വന്നു. ഒട്ടേറെ സുഹൃത്തുക്കള്‍ നേരിട്ടുവന്ന് സങ്കടമറിയിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ അച്ഛന്‍ മന്ത്രിയായിരിക്കുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഇന്നും ജയിലില്‍ കിടക്കുന്ന ചില രാഷ്ട്രീയതടവുകാരുടെ മര്‍മ്മ സ്പൃക്കായ സന്ദേശങ്ങളുണ്ട്. ചിലര്‍ വേദനയാര്‍ന്ന ഹൃദയത്തോടെ ഭദ്രന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടും എഴുതിയിരുന്നു. എന്റെ മിത്രങ്ങളേക്കാള്‍ അജ്ഞാത സുഹൃത്തുക്കളാണ് കത്തുകള്‍ അയച്ചിട്ടുള്ളത്.'

ലളിതാംബിക അന്തര്‍ജ്ജനവും ടി വി തോമസും ഡി കെ പൊറ്റെക്കാട്ടും സി എന്‍ ശ്രീകണ്ഠന്‍ നായരുമടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖവ്യക്തികളും കൗമുദിയുടെ ധാരാളം വായനക്കാരും എഴുതിയ കത്തുകള്‍ വാരികയില്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട്ടുകാരിയായ വനജാക്ഷി എന്നുപേരുള്ള ഒരു സാധാരണ വീട്ടമ്മ എഴുതിയ ഒരു കത്ത് അക്കൂട്ടത്തില്‍ വേറിട്ടുനിന്നു.

'നിങ്ങളില്‍ ഇത്രയേറെ ഹൃദയവികാരമുള്ള ഒരു സഹോദരന്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ഇപ്പോഴാണറിയുക. എന്റെ ഇളയസഹോദരി ആ പത്രം വായിച്ച് ' ബാലേണ്ണാ ' എന്ന ഭാഗം വന്നപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് വായന നിറുത്തി. പിന്നെ ഞാന്‍ തുടര്‍ന്ന് വായിക്കാന്‍ ശ്രമിച്ചെങ്കിലും എനിക്കും അത് മുഴുവന്‍ ഉറക്കെ വായിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നിങ്ങളുടെ കൗമുദിയില്‍ കണ്ട രൂപം കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി ഒരു മലഞ്ചരുവില്‍ കിടന്ന് 'ബാലേണ്ണാ!' എന്നു വിളിക്കുന്നതായി എനിക്കും തോന്നുന്നു. ഭീകരമായ ആ ചിത്രം മനസ്സില്‍ നിന്നു മായുന്നില്ല. മനസ്സില്‍ ആ ചിത്രം ഉദിക്കുന്നതോടെ കണ്ണുകളും നിറയുന്നു. അങ്ങനെ ആ പത്രം കണ്ടതുമുതല്‍ തോരാതെ ഞങ്ങളെല്ലാം കണ്ണീരൊഴുക്കുകയാണ്. എന്റെ കണ്ണീര്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. ഒരു സഹോദരിയുടെ ഹൃദയവ്യഥയോടെ ഇങ്ങനെ അനേകായിരം സഹോദരിമാര്‍ ഈ നാട്ടില്‍ കണ്ണീരൊഴുക്കുന്നുണ്ടെന്ന് അമ്മയെ അറിയിക്കുക. നിങ്ങള്‍ ഒരു ധീരനാണെന്ന് കേട്ടിട്ടുണ്ട്. ആ ഭയങ്കര മലയില്‍ വലിഞ്ഞു കയറിയതുതന്നെ ശക്തിയേക്കാള്‍ ധീരത കൊണ്ടാണല്ലോ. നിങ്ങള്‍ക്ക് കരയുവാന്‍ അവകാശമില്ല. കണ്ണീര്‍ തുടയ്ക്കുകയാണ് നിങ്ങളുടെ ജോലി. അമ്മയുടെ കണ്ണീര്‍ തുടയ്ക്കുക

സ്വന്തം

പി സി വനജാക്ഷി '

ഭദ്രനെപ്പറ്റി കെ ബാലകൃഷ്ണന്‍ കൗമുദിയില്‍ എഴുതിയ കുറിപ്പ്‌

പുത്രദുഃഖം മൂലം ഹൃദയം തകര്‍ന്നു കഴിയുന്ന സി കേശവന്‍ എന്ന പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ട് വേറെയും ചില കത്തുകള്‍ വന്നു. അയ്യപ്പഭക്തര്‍ എന്ന് അഭിമാനിക്കുന്ന കുറേപ്പേര്‍ എഴുതിയ ആ കത്തുകളില്‍ ഒരെണ്ണം പോലും ഭദ്രന്റെ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടോ സമാശ്വസിപ്പിച്ചുകൊണ്ടോ ആയിരുന്നില്ല. കേശവനെ ഭര്‍ത്സിച്ചു കൊണ്ടായിരുന്നു...

'അയ്യപ്പന്റെ വിഗ്രഹം തകര്‍ത്തതിനെപ്പറ്റി അച്ഛന്‍ പറഞ്ഞ അഭിപ്രായത്തിന്റെ പ്രത്യാഘാതമായി അയ്യപ്പന്റെ ലീലയാണിതെന്നും അയ്യപ്പന്റെ മഹിമ അറിയാത്തവരെ ഇങ്ങനെയാണ് പാഠം പഠിപ്പിക്കുന്നതെന്നും സൂചിപ്പിച്ചു കൊണ്ടുള്ള അന്‍പതോളം കത്തുകള്‍ കിട്ടി. ഞാന്‍ ആ കത്തുകളെല്ലാം പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. അത് ഒരു പ്രത്യേകമായ സത്യം എനിക്കു തുറന്നു കാണിച്ചതന്നു. രാഷ്ട്രീയമായി അഭിപ്രായഭിന്നതയുള്ളവര്‍ക്കും ഹൃദയവും സ്‌നേഹവും കാണും. പക്ഷെ മനുഷ്യസ്‌നേഹത്തേക്കാള്‍ വലുത് കല്ലില്‍ എണ്ണയൊഴിപ്പാണെന്നു കരുതുന്നവര്‍ മനുഷ്യരില്‍ നിന്ന് - മനുഷ്യന്റെ വികാരങ്ങളില്‍ നിന്ന് - മനുഷ്യത്വത്തില്‍ നിന്ന് വളരെ വേഗം അകന്നു പോകും. ഒരു പുത്രന്‍ മരിച്ച ദുഃഖത്തില്‍ കഴിയുന്ന പിതാവിന് ഇത്തരം കത്തുകളെഴുതുവാന്‍ ആവേശം നല്‍കുന്ന 'ഭക്തി' യുടെ മുന്നില്‍ നമസ്‌കരിക്കാതെ തരമില്ല. ആ ഭക്തിയില്‍ നിന്നൊഴിഞ്ഞ സ്‌നേഹത്തില്‍ അധിഷ്ഠിതമായ മാനുഷിക ബന്ധമാണ് ശാശ്വതവും സത്യവുമായിട്ടുള്ളതെന്ന് അങ്ങനെ ഞങ്ങള്‍ പഠിച്ചു.

പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം ചിലപ്പോള്‍ സുഖകരവും ചിലപ്പോള്‍ ആപത്കരമാംവിധം അസുഖകരവുമായിരിക്കും. അങ്ങനെ പ്രകൃതിയുമായുള്ള ബന്ധം ആപല്‍ക്കരമായിരുന്ന ഒരു സന്ദര്‍ഭത്തിലെ യാത്ര ഭദ്രനെയും അവനോടൊത്തു പറന്നവരെയും പിച്ചിച്ചീന്തി. ഒരു സഹോദരന്റെയും സുഹൃത്തിനെയും നിര്യാണത്തില്‍ ഉള്ള വേദന എനിക്കുണ്ട്. പക്ഷെ ആ ഹൃദയവേദനയുടെ മറവില്‍ക്കൂടി യാതൊരന്ധതയ്ക്കും എന്റെ ചിന്താമണ്ഡലത്തിലേക്കു പ്രവേശനമനുവദിക്കുകയില്ല.' ( ഭദ്രനെപ്പറ്റി - കെ ബാലകൃഷ്ണന്‍ കൗമുദിയില്‍ )

സി നാരായണപിള്ള

പിന്‍കുറിപ്പ്

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ മൂലം വൈകാതെ പറവൂര്‍ ടികെ മന്ത്രിസഭ വൈകാതെ രാജിവെച്ചു. തീവെപ്പ് പ്രസ്താവന ഉണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുത്തത് സി കേശവനെയാണ്. 1951/2 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിലെ അതിശക്തമായ പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും ധനാഡ്ഡ്യനുമായ വെണ്ടര്‍ കൃഷ്ണപിള്ളയെ തോല്‍പ്പിച്ച് സി കേശവന്‍ വീണ്ടും നിയമസഭയിലെത്തി.1950 കളുടെ പകുതിയോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച അദ്ദേഹം 1969 ല്‍ മരിക്കുന്നതുവരെ മൗനത്തിന്റെ വല്മീക ത്തില്‍ കഴിഞ്ഞു.

1960 കളുടെ ഒടുവില്‍ കൗമുദി വാരികയുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച കെ ബാലകൃഷ്ണന്‍ 1971 ല്‍ അമ്പലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 ല്‍ അന്തരിച്ചു.

സി കേശവന്‍ വിടവാങ്ങിയത് ഒരു ജൂലൈ ഏഴാം തീയതിയാണ്. ബാലകൃഷ്ണന്‍ ജൂലൈ പതിനാറിനും.

'മനുഷ്യന്റെ പ്രശ്‌നങ്ങള്‍ മറയ്ക്കാന്‍ ഉയരുന്ന തിരശ്ശീല, കത്തോലിക്കന്റെ പാതിരാ പ്രസംഗമായാലും അയ്യപ്പഭക്തന്റെ ശരണം വിളിയായാലും രണ്ടും തകര്‍ന്നുകൊണ്ടിരിക്കുന്നു ഒരു തലമുറയുടെ അവസാന നാദം മാത്രമായിരിക്കും' എന്ന കെ ബാലകൃഷ്ണന്റെ ശുഭാപ്തി വിശ്വാസത്തെയാകെ തെറ്റിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഹിന്ദു മുന്നണിയും ഡെമോക്രാറ്റിക് കോണ്‍ഗ്രസും പിരിച്ചുവിട്ട് മന്നവും ശങ്കറും കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നു. മൂര്‍ഖന്‍ പാമ്പിന്റെ വിഷവും രാസവിഷവും പിന്നനേകം വിഷക്കൂട്ടുകളും കൂടിച്ചേര്‍ന്ന് കേരളസമൂഹത്തെയാകെ വിഷലിപ്തമാക്കിയ കാഴ്ച പിന്നീടു കേരളം കാണുന്നത്, ആ രണ്ടുപേരും ചേര്‍ന്ന് നയിച്ച വിമോചന സമരകാലത്തായിരുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ രണ്ട് ദൃശ്യങ്ങള്‍ കണ്ടു. സി കേശവന്റെ ഓര്‍മ്മ ദിനത്തില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ പ്രതിമയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മാല ചാര്‍ത്തുന്നതായിരുന്നു അതിലൊന്ന്.

മുഖ്യമന്ത്രി കസേരയിലെ സി കേശവന്റെ പിന്‍മുറക്കാരന്‍ വശ്യമനോഹരമായ ആ ചിരിയോടെ, ഇന്ന് കേരള സമൂഹത്തിലാകെ വര്‍ഗീയ വിഷം വമിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ നേതാക്കളെ തന്റെ ഓഫീസ് മുറിയില്‍ വെച്ച് കൂടിക്കാണുന്നതാണ് മറ്റേച്ചിത്രം.

പുതുയുഗ ഹിന്ദുമണ്ഡലത്തിന്റെ വരവായി!

Baiju Chandran writes about C Kesavan and his firm stands against communal forces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

വീട്ടിൽ മാറാല ഉണ്ടാകാതിരിക്കാൻ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'കമ്മീഷണര്‍ പറ്റിക്കുന്നില്ല, അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു'

പൃഥ്വിരാജിനോട് അമ്മയുടെ പ്രസിഡന്റാകുമോ എന്ന് ലാല്‍ ചോദിച്ചു,'കാലം കിടക്കുവല്ലേ,' എന്നായിരുന്നു മറുപടി: മണിയന്‍പിള്ള രാജു

'പൊതിച്ചോര്‍ വിതരണത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍; ആശുപത്രികളില്‍ സര്‍ക്കാര്‍ ഭക്ഷണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്'