'കള്ളം പറയുന്ന ആളെന്ന് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഒരാളിനോട് സത്യം പറയണമെന്ന് നിര്‍ബന്ധിക്കുന്നത് ഓര്‍ഡറിലാണോ സര്‍?'
നിയമസഭയാകെ കുറച്ചു നേരത്തേക്ക് സ്തബ്ധമായിപ്പോയ നിമിഷങ്ങള്‍. 44 വര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ അരങ്ങേറിയ ഒരു നാടകീയ രംഗം. നിര്‍ണായകമായ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി സത്യം പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ബഹളം കൂട്ടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്നുതന്നെ ഒരംഗം ഉന്നയിച്ച പോയിന്റ് ഓഫ് ഓര്‍ഡര്‍ ആയിരുന്നു അത്.
അന്നത്തെ ആ മുഖ്യമന്ത്രി സാക്ഷാല്‍ കെ.കരുണാകരന്‍ ആയിരുന്നു. അങ്ങനെയൊരു ക്രമ പ്രശ്‌നം ഉന്നയിച്ചുകൊണ്ട് കരുണാകരനെ നിസ്‌തേജനാക്കിയ അംഗം ദീര്‍ഘകാലം കോണ്‍ഗ്രസിലെ കരുണാകരന്റെ സഹപ്രവര്‍ത്തകനായിരുന്ന, പിന്നീട് കടുത്ത രാഷ്ട്രീയ ശത്രുവായി മാറിയ പി സി ചാക്കോയും.
നിയമസഭയുടെ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ ഒന്നായ ആ രംഗത്തിന് നേരിട്ടു സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ച ഒരാളായിരുന്നു ഞാന്‍. സന്ദര്‍ശക ഗാലറിയിലല്ല, മാധ്യമ ഗാലറിയിലായിരുന്നു അന്നെന്റെ ഇരിപ്പിടം. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളില്‍ മാധ്യമ ഗാലറി സ്ഥിതി ചെയ്തിരുന്നത് നിയമസഭാംഗങ്ങളുടെ ഇരിപ്പിടത്തിന്റെ തൊട്ടടുത്ത്, അവരിലെ പിന്‍നിരക്കാരെ കൈയെത്തി തൊടാവുന്ന അകലത്തിലായിരുന്നു. ഒരു നാടകശാലയില്‍ ഏറ്റവും മുന്‍നിരയിലിരിക്കുന്ന പ്രേക്ഷകരെപ്പോലെയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ഇരിപ്പ്. 1982 മാര്‍ച്ചു മാസത്തിലെ ആദ്യദിവസങ്ങളിലൊന്നായിരുന്നു അത്.
1981 ല്‍ ഇ കെ നായനാര്‍ നയിച്ച ആദ്യ എല്‍ഡിഎഫ് മന്ത്രിസഭയെ താഴെ വലിച്ചിട്ട് ദിവസങ്ങള്‍ക്കുശേഷം കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ആദ്യ യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയ ദിനങ്ങള്‍. മന്ത്രിസഭ അഭിമുഖീകരിച്ച ഏക നിയമസഭാ സമ്മേളനം 1982 മാര്‍ച്ചില്‍ നടന്നു.
അന്ന് പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് ചരിത്രപ്രധാനമായ ആ നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം നല്‍കിയത് ജനയുഗം പത്രത്തിന്റെ അന്നത്തെ പത്രാധിപരായിരുന്ന ആന്റണി തോമസാണ്. ആ നിയമസഭാ കാലത്ത് തിരുവനന്തപുരം ബ്യൂറോയിലെ ആര്‍ രാജേന്ദ്രനെയും യു വിക്രമനെയും സഹായിക്കാനായി എന്നെക്കൂടി ആന്റണിച്ചേട്ടന്‍ നിയോഗിച്ചു.
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമ്മേളനങ്ങളില്‍ ഒന്നായിരുന്നു അത്. കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള ഒട്ടേറെപ്പേര്‍ -ഇകെ നായനാര്‍, കെആര്‍ ഗൗരി, പികെ വാസുദേവന്‍ നായര്‍, കെ കരുണാകരന്‍, സിഎച്ച് മുഹമ്മദ് കോയ, ബേബി ജോണ്‍, പിഎസ് ശ്രീനിവാസന്‍, ഇ ചന്ദ്രശേഖരന്‍ നായര്‍, ജെ ചിത്തരഞ്ജന്‍, കെപി പ്രഭാകരന്‍, ടികെ രാമകൃഷ്ണന്‍, കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള, പി ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി, സിബിസി വാര്യര്‍, കെ അനിരുദ്ധന്‍, വര്‍ക്കല രാധാകൃഷ്ണന്‍, വിഎം സുധീരന്‍..... ഇങ്ങനെ ഒരുപാടു പേരുടെ അസംബ്ലി പെര്‍ഫോമന്‍സ് നേരിട്ടു കാണാന്‍ സാധിച്ചു.
ചരിത്രപ്രധാനമായ ആ നിയമസഭാസമ്മേളനത്തിലേക്ക് എത്തിച്ചേര്‍ന്ന നാള്‍വഴികള്‍ ഇതാണ്:
ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന ചരിത്രനിയോഗം നിറവേറ്റുന്നതിനുവേണ്ടി 1979 ഒക്ടോബര്‍ മാസത്തില്‍ പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചു. സിപിഎം, സിപിഐ, ആര്‍എസ്പി, ഓള്‍ ഇന്ത്യാ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (പിള്ള) എന്നീ കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി ( എല്‍ഡിഎഫ്)യിലേക്ക് എകെ ആന്റണി നയിക്കുന്ന കോണ്‍ഗ്രസ് (അരശ്) തുടക്കത്തില്‍ വരാന്‍ കൂട്ടാക്കിയിട്ടില്ല. സിഎച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഒരു മന്ത്രിസഭക്ക് കോണ്‍ഗ്രസ് ഐ യോടൊപ്പം ചേര്‍ന്ന് പിന്തുണ നല്‍കിക്കൊണ്ട് ഇഷ്ടദാന ബില്ല് പാസ്സാക്കാനാണ് അവര്‍ ഉത്സാഹിച്ചത്. ബില്ല് പാസ്സായ ഉടനെതന്നെ ആന്റണി കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും (മാണി) യും വലതുകൂടാരം വിട്ട് എല്‍ഡിഎഫിലേക്ക് എത്തി. മറുഭാഗത്ത് കോണ്‍ഗ്രസ്സ് (ഐ) നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) യുടെ കുടക്കീഴില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (ജോസഫ്), എന്‍എസ്എസ്സിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി), പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) എന്നീ കക്ഷികളാണ് ഒരുമിച്ചു ചേര്‍ന്നത്. 1980 ജനുവരി ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കു നേര്‍ പോരാടിയപ്പോള്‍ ജനതാ പാര്‍ട്ടി യുഡിഎഫുമായി ധാരണയുണ്ടാക്കി മത്സരിച്ചു. തിരഞ്ഞെടുപ്പിലെ കക്ഷിനില ഇങ്ങനെയായിരുന്നു:
എല്‍ഡിഎഫ് - 92
സിപിഎം 35
കോണ്‍ഗ്രസ് (യു) 21
സിപിഐ 17
കേരളാ കോണ്‍ഗ്രസ്സ് (മാണി) 8
ആര്‍എസ്പി 6
അഖിലേന്ത്യാ മുസ്ലീം ലീഗ് 5
കേരളാ കോണ്‍ഗ്രസ്സ് (പിള്ള) 1
യുഡിഎഫിന് ലഭിച്ചത് 41സീറ്റാണ്.
കോണ്‍ഗ്രസ്സ് (ഐ ) 17
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് 14
കേരളാ കോണ്‍ഗ്രസ്സ് ജോസഫ് 6
എന്‍ഡിപി 3
പിഎസ്പി 1
യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച ജനതാ പാര്‍ട്ടിക്ക് 5 സീറ്റു കിട്ടി.
തങ്ങളുടെ ആജന്മശത്രുക്കളായ മാര്‍ക്‌സിസ്റ്റുകാരുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കുന്നതിലോ മന്ത്രിസഭയില്‍ ചേരുന്നതിലോ ഒട്ടും താല്‍പര്യമില്ലാത്ത ഒരു നല്ല വിഭാഗം ആന്റണിവിഭാഗം കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നു. ന്നലെ വരെ മുഖ്യ ശത്രുവായി കണ്ടിരുന്ന കോണ്‍ഗ്രസ്സുമായി പുതുതായി തുടങ്ങിയ ബാന്ധവം ഒട്ടും ഉള്‍ക്കൊള്ളാനാകാത്തവര്‍ സിപിഎമ്മിലും കുറവായിരുന്നില്ല. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ആഭ്യന്തര വകുപ്പിന് സംഭവിച്ച ചില പാളിച്ചകളിലും സിഐടിയുവിനെ നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള വിമര്‍ശനങ്ങളിലുമൊക്കെയായി തുടങ്ങിയ മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഒടുവില്‍ തിരുവനന്തപുരത്തെ ഡിസിസി ഓഫീസ്, സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തോടെ പൂര്‍ണമായി. 981 ഒക്ടോബര്‍ 16 ന് വേളിയില്‍ വെച്ചു നടന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ വെച്ച് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ നയിച്ചിരുന്ന വിഭാഗം സ്വതവേ ക്ഷമാശീലനായ ആന്റണിയുടെ മിതവാദനിലപാടുകള്‍ക്ക് മേല്‍ ആധിപത്യം നേടി. ദേശാഭിമാനിയിലൂടെ തായാട്ട് ശങ്കരനും വീക്ഷണത്തിലൂടെ സിപി ശ്രീധരനും എരിതീയില്‍ പെട്രോള്‍ കോരിയൊഴിച്ചുകൊണ്ടിരുന്നു. അപ്പുറത്തെ ക്യാമ്പില്‍ ഉള്ളില്‍ വലിയൊരു ചിരിയോടെ എല്ലാം രസിച്ചു കണ്ടുകൊണ്ടിരുന്ന കരുണാകരന്‍ വാതില്‍ തുറന്നിട്ടതോടെ ആന്റണി കോണ്‍ഗ്രസ്സ് മടിച്ചു മടിച്ചാണെങ്കിലും യുഡിഎഫിലേക്കുള്ള പടികള്‍ കയറി. മാര്‍ക്‌സിസ്റ്റുകാരുമായി അതുവരെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന മാണിക്കും ബാലകൃഷ്ണപിള്ളക്കും അതോടെ ഇടതുപക്ഷവുമായുള്ള ബന്ധം മതിയായി. അവരും ആന്റണിയുടെ പിറകെ ചെന്നു.
കോണ്‍ഗ്രസ്സ് (അരശ് ) എല്‍ഡിഎഫ് വിട്ടതിന് ശേഷവും 72 പേരുടെ പിന്തുണ നായനാര്‍ സര്‍ക്കാരിനുണ്ടായിരുന്നു. തുടര്‍ന്ന് മാണി കേരളാ കോണ്‍ഗ്രസ്സും കൂടി എല്‍ഡിഎഫ് വിട്ടതോടെ നായനാര്‍ രാജിവെച്ചു.
ആന്റണിയുടെ ഉറ്റ അനുയായികളായിരുന്ന പിസി ചാക്കോ, എസി ഷണ്മുഖ ദാസ്, എകെ ശശീന്ദ്രന്‍, ടിപി പീതാംബരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വിസി കബീര്‍ എന്നിവര്‍ പ്രിയപ്പെട്ട നേതാവിനെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്ന അഖിലേന്ത്യാ പാര്‍ട്ടിയുടെ കേരളത്തിലെ കട തുറന്നുകൊണ്ട് ഇടതുമുന്നണിയിലേക്ക് മടങ്ങിവന്നു.
നായനാര്‍ മന്ത്രിസഭ രാജിവെച്ച് 69 ദിവസം നീണ്ടുനിന്ന ആലോചനകള്‍ക്കും വിലപേശലുകള്‍ക്കും കുതിരക്കച്ചവടങ്ങള്‍ക്കും ശേഷം കെ കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ്സ് ( ഐ) ആന്റണി വിഭാഗം കോണ്‍ഗ്രസ്സ്, മാണി, ജോസഫ്, പിള്ളമാര്‍ നയിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, എന്‍ഡിപി, ബേബി ജോണിന്റെ ആര്‍എസ്പിയുമായി പിണങ്ങിപ്പിരിഞ്ഞ എന്‍ ശ്രീകണ്ഠന്‍ നായരുടെ ആര്‍എസ്പി (എസ്) എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗമായി. സിഎച്ച് മുഹമ്മദ് കോയ ഉപ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി, കെഎം മാണി, പി ജെ ജോസഫ്, കടവൂര്‍ ശിവദാസന്‍, സിഎം സുന്ദരം എന്നിവര്‍ വെറും മന്ത്രിമാരും.
ഒരു കാരണവശാലും കോണ്‍ഗ്രസിന്റെ മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കരുത് എന്ന ജനതാ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് എം കമലം, പിസി തോമസ്, പി ഭാസ്‌ക്കരന്‍ എന്നിവര്‍ കരുണാകരനോടൊപ്പം പോയി. കെ ചന്ദ്രശേഖരനും കെ കൃഷ്ണന്‍ കുട്ടിയും ഇടതിനോടൊപ്പം ഉറച്ചു നിന്നു. അതുകൊണ്ടും ആള് തികയാതെവന്നപ്പോള്‍, പത്തനംതിട്ടയില്‍ നിന്നുള്ള സ്വതന്ത്ര അംഗം കെകെ നായരെ കരുണാകരന്‍ വശത്താക്കി. പത്തനംതിട്ട ജില്ല രൂപീകരിക്കും എന്നതായിരുന്നു വാഗ്ദാനം. അങ്ങനെ അവസാനത്തെ കക്ഷിനില 71 -70 ആയി. ഒരേയൊരാളുടെ ഭൂരിപക്ഷം. ആ ആളെപ്പിടിച്ച് സ്പീക്കറുമാക്കി. ആന്റണി കോണ്‍ഗ്രസിലെ എസി ജോസ്. വെറും സ്പീക്കറായിട്ടല്ല ജോസ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. കാസ്റ്റിങ് സ്പീക്കര്‍.
പ്രതിപക്ഷം അവതരിപ്പിച്ച നിര്‍ണായകമായ രണ്ടു പ്രമേയങ്ങളെ ഈ മന്ത്രിസഭയ്ക്കും സ്പീക്കര്‍ക്കും നേരിടേണ്ടി വന്നു. എസി ഷണ്‍മുഖദാസ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കുശേഷം തള്ളിപ്പോയത് സ്പീക്കറുടെ കാസ്റ്റിങ് വോട്ടോടുകൂടിയാണ്. തുടര്‍ന്ന് പ്രതിപക്ഷം തൊട്ടതിനും പിടിച്ചതിനുമൊക്കെ പോള്‍ ആവശ്യപ്പെട്ടു. എസി ജോസ് ഏഴോ എട്ടോ പ്രാവശ്യം വോട്ടു ചെയ്യാന്‍ എഴുന്നേറ്റു. ജോസ് എഴുന്നേറ്റപ്പോഴൊക്കെ പ്രതിപക്ഷം പരിഹാസ ശബ്ദങ്ങളോടെ എതിരേറ്റു. വര്‍ക്കല രാധാകൃഷ്ണന്‍ അദ്ദേഹത്തിന് ഒരു പേരുമിട്ടു കൊടുത്തു - Always Casting Jose.
അവിശ്വാസപ്രമേയം പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തിന്റെ വാശികൂടി. അവര്‍ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. എവി താമരാക്ഷന്‍ (ആര്‍എസ്പി) എകെ ശശീന്ദ്രന്‍ (കാണ്‍ഗ്രസ് - എസ്), വര്‍ക്കല രാധാകൃഷ്ണന്‍ (സിപിഎം), ഇകെ പിള്ള( സിപിഐ), എവി അബ്ദുറഹ്മാന്‍ ഹാജി (അഖിലേന്ത്യാ മുസ്ലീം ലീഗ്) എന്നിവരാണ് പ്രമേയത്തിന് നോട്ടീസ് കൊടുത്തിരുന്നതെങ്കിലും ഒടുവില്‍ ശശീന്ദ്രനാണ് അത് അവതരിപ്പിച്ചത്. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം അപകടകരമായ ധാരാളം കെണികള്‍ ഉള്ള വിഷയമായതുകൊണ്ടായിരിക്കണം, അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്നു തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ് - ജോസഫ് ഗ്രൂപ്പിലെ ടിഎം ജേക്കബ്ബായിരുന്നു ചെയറില്‍. ഞാനോര്‍ക്കുന്നു ഗൗരിയമ്മ ഒഴികെയുള്ള പ്രതിപക്ഷത്തെ പ്രമുഖര്‍ മിക്കപേരും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തില്‍, ആ സഭയില്‍ മാത്രമല്ല, 1967 തൊട്ടുള്ള മിക്ക സഭകളിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന സിപിഎമ്മിന്റെ സിബിസി വാര്യരെ മറക്കാന്‍ കഴിയില്ല. കണ്ടിരിക്കേണ്ട പെര്‍ഫോമന്‍സ് തന്നെയായിരുന്നു അത്. ആ സമ്മേളനത്തില്‍ ഏറ്റവും തിളങ്ങിയ ഒരാള്‍ പികെ വാസുദേവന്‍ നായരായിരുന്നു. ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ഇകെ നായനാര്‍ക്ക് തൊട്ടു മുന്‍പ് പികെവി നടത്തിയ പ്രസംഗം കരുണാകരന് നേരേയുള്ള ഒരു കടന്നാക്രമണം തന്നെയായിരുന്നു.
'എംഎല്‍എമാരുടെ സ്റ്റോക്കിനെപ്പറ്റി ഒരു മുഖ്യമന്ത്രി സംസാരിക്കുന്നതില്‍ കവിഞ്ഞ് വിലകുറഞ്ഞ എന്തുണ്ട് മിസ്റ്റര്‍ കരുണാകരന്‍, ഒരു മുഖ്യമന്ത്രിക്ക്. ഈ നാടാകെ നടന്ന് എനിക്ക് എംഎല്‍എമാരെ പിടിക്കാന്‍ ഇനിയും കഴിയും. ആ കുതിരക്കച്ചവടത്തിന് കഴിവുള്ള ഞാന്‍... എനിക്ക് ലക്ഷങ്ങള്‍ കൈവശമുണ്ട്, താലൂക്ക് വേണോ, താലൂക്ക്, ജില്ല വേണോ ജില്ല, കള്ളു ഷാപ്പ് വേണോ, ആശുപത്രി വേണോ ആശുപത്രി, ഫോറിന്‍ ലിക്കര്‍ ഷോപ്പ് വേണോ ഫോറിന്‍ ലിക്കര്‍ ഷോപ്പ്. ഇങ്ങനെ എന്തുവേണമെങ്കിലും കൊടുക്കാമെന്നു പറഞ്ഞുകൊണ്ട് ലേലം ചെയ്തുകൊണ്ട് നടക്കുകയല്ലേ മിസ്റ്റര്‍ കരുണാകരന്‍ നിങ്ങള്‍? ഇപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതല്ലേ? എന്നിട്ടും ജനാധിപത്യത്തെപ്പറ്റി വലിയ വര്‍ത്തമാനം പറയുന്നു...
സൗമ്യപ്രകൃതിയും പക്വമതിയുമായ പികെവി കത്തിക്കയറുന്നത് കണ്ട് സഭയാകെ നിശ്ശബ്ദമായിരുന്നു. പികെവി തുടര്‍ന്നു.
'... ഈ രാജ്യത്ത് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും നമ്മളെല്ലാവരും ഉയര്‍ത്തിപ്പിടിക്കുവാന്‍ ആഗ്രഹിക്കുന്ന ചില ജനാധിപത്യ മാനദണ്ഡങ്ങളും മര്യാദകളും മൂല്യങ്ങളും ഉണ്ട്. ഈ രാജ്യത്തെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ഒരു പൗരനാണല്ലോ മുഖ്യമന്ത്രി. പുറംവാതിലില്‍ കൂടി കയറിയാലും വളഞ്ഞ വഴിയില്‍ കൂടി കയറിയാലും അപ്പുറത്ത് ന്യൂനപക്ഷമായി കേറിയാലും എങ്ങനെയായിരുന്നാലും ഇപ്പോള്‍ ആ കസേരയിലിരിക്കുന്ന ആ മുഖ്യമന്ത്രി എംഎല്‍എമാരെ ഇങ്ങനെ വിലയ്ക്ക് വാങ്ങാമെന്ന് പരസ്യമായി പറഞ്ഞു നടക്കുന്ന സ്വഭാവം അവസാനിപ്പിക്കണം അദ്ദേഹത്തിന്റെ ഈ നടപടി, അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുണ്ടോ, അദ്ദേഹത്തിന്റെ പ്രസ്താവന ആണോയെന്ന് ഉള്ള കാര്യം അദ്ദേഹം ഇവിടെ പ്രസംഗിക്കുന്നില്ലെങ്കിലും അതിനെക്കുറിച്ച് വിശദീകരിക്കണം.'
പികെവിയുടെ വിമര്‍ശനങ്ങള്‍ അപ്പോള്‍ ഇടപെടലുകളൊന്നും നടത്താതെ നിശ്ശബ്ദമായി കേട്ടിരുന്നെങ്കിലും തന്റെ ഊഴം വന്നപ്പോള്‍ കരുണാകരന്‍ മറുപടി പറയാന്‍ മറന്നില്ല.
'ബഹുമാനപ്പെട്ട പികെ വാസുദേവന്‍ നായര്‍ തന്റെ പാര്‍ട്ടിയില്‍ നടന്ന ചില കാര്യങ്ങളെക്കുറിച്ച്, ഈ സഭയില്‍ വെച്ച് എംഎല്‍എമാരെ വിലയ്ക്കു വാങ്ങിക്കാനുണ്ടെന്നു പറഞ്ഞു. ഞാനല്ല ബഹുമാനപ്പെട്ട പികെ വാസുദേവന്‍ നായര്‍ ആണെന്നുള്ള കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. സര്‍, ചാക്കിട്ടു പിടിക്കുന്ന ഏര്‍പ്പാട് ഞങ്ങള്‍ക്കില്ല.'
അതുകേട്ട് പികെവി ക്ഷുഭിതനായി എഴുന്നേറ്റു.
'പോയിന്റ് ഓഫ് ഓര്‍ഡര്‍. സര്‍, യാതൊരു തെളിവോ രേഖയോ ഒന്നുമില്ലാതെ പികെ വാസുദേവന്‍ നായര്‍, എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുമെന്ന് പറയുന്ന ഈ സഭാ നേതാവോ മുഖ്യമന്ത്രിയോ ആയ മിസ്റ്റര്‍ കരുണാകരന്‍ അതിന് എന്തെങ്കിലും ഒരു തെളിവ് ഇവിടെ ഹാജരാക്കാതെ സ്വീപിംഗ് ആയിട്ട് അലിഗേഷന്‍ നടത്തരുതെന്ന് ഞാന്‍ അങ്ങയില്‍ കൂടെ അഭ്യര്‍ത്ഥിക്കുകയാണ്. ബഹുമാനപ്പെട്ട മിസ്റ്റര്‍ കരുണാകരന്‍ ഇവിടെ പറഞ്ഞത് ഞാന്‍ വായിച്ചു. അത് നിഷേധിക്കുന്നുണ്ടോ? എംഎല്‍എമാരുടെ സ്റ്റോക്ക് എന്റെ കയ്യില്‍ ഉണ്ടെന്ന് മിസ്റ്റര്‍ കരുണാകരന്‍ പ്രസംഗിച്ചത് പത്രത്തില്‍ അച്ചടിച്ചു വന്നു. പികെ വാസുദേവന്‍ നായര്‍ ആ പണിക്ക് ഇതുവരെ പോയിട്ടില്ല. ഇനി പോകാന്‍ ഉദ്ദേശിക്കുന്നുമില്ല.'
കെ കരുണാകരന്‍ :' 'പികെ വാസുദേവന്‍ നായരുടെ നേതാവ് അല്ലാതെ പികെ വാസുദേവന്‍ നായര്‍ പറഞ്ഞു എന്ന് എനിക്കു തെളിവില്ല.'
പികെ വാസുദേവന്‍ നായര്‍: 'പോയിന്റ് ഓഫ് ഓര്‍ഡര്‍. ഇവിടെ മുഖ്യമന്ത്രിയാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രി ആദ്യത്തെ വാചകത്തില്‍ പികെ വാസുദേവന്‍ നായരാണ് അങ്ങനെ ചാക്കിട്ടു പിടിക്കാന്‍ നടക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ നിഷേധിച്ചപ്പോള്‍ പറഞ്ഞു. പികെ വാസുദേവന്‍ നായരല്ല, പികെ വാസുദേവന്‍ നായരുടെ നേതാവാണെന്നു പറയുന്നു.'
കെ കരുണാകരന്‍: 'അങ്ങാണ് പറഞ്ഞത് എംഎല്‍എമാര്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നു എന്ന്. ചാക്കിട്ടു പിടിച്ചിരുന്നു എന്നല്ല പറഞ്ഞത്. അങ്ങ് ചാക്കിട്ടു പിടിക്കുന്നു എന്നല്ല പറഞ്ഞത്. എംഎല്‍എമാര്‍ക്ക് ഞങ്ങള്‍ വില നിശ്ചയിച്ചിരിക്കുന്നു, ചാക്കിട്ടു എന്ന്. സര്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചാക്കിട്ടു പിടിക്കേണ്ട ഗതികേട് ഞങ്ങള്‍ക്ക് വന്നിട്ടില്ല. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കാഴ്ചപ്പാട് ഉണ്ടായിട്ടുണ്ട്. അത് ഇന്നല്ല, എക്കാലത്തും. കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ ഒരു ഭാഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഇനിയും നടത്തും. അല്‍പ്പം വല്ലതും അവിടെ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അവരെയാണ് ഞങ്ങള്‍ പറയുന്നത്. അവരെയും കൂടെ ഞങ്ങള്‍ ഇപ്പുറത്തു കൊണ്ടുവരാനുള്ള ശ്രമം നടത്തും. അവര്‍ വരുന്ന ഒരു ദിവസം ഉണ്ടാകും. ആ കാര്യത്തിലും എനിക്കു യാതൊരു സംശയവും ഇല്ല. എത്ര കാലം ആണു സര്‍, ആ മാര്‍ക്‌സിസ്റ്റുകൂട്ടില്‍ കിടന്നു അവര്‍ ശ്വാസം മുട്ടുന്നത്. ഇന്ന് അവര്‍ ശ്വാസം മുട്ടുന്നുണ്ടെന്ന് എനിക്കറിയാം.'
കരുണാകരനും പികെവിയുമായുള്ള രൂക്ഷമേറിയ വാദപ്രതിവാദം സഭ ഒന്നടങ്കം കൗതുകത്തോടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തര്‍ക്കം അങ്ങനെ കൊണ്ടുകയറിയപ്പോള്‍ പികെവിക്കു പിന്തുണയുമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള മറ്റൊരംഗമായ പി എസ് ശ്രീനിവാസന്‍ എഴുന്നേറ്റു.
'സര്‍, മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന ഒരാള്‍ വാസ്തവവിരുദ്ധമായി പറയുന്നത് ഓര്‍ഡറിലാണോ? വാസ്തവവിരുദ്ധമായി അദ്ദേഹം രണ്ടു കാര്യങ്ങള്‍ ഇവിടെ പറഞ്ഞു. ഒന്ന് പികെ വാസുദേവന്‍ നായരാണ് ചാക്കിട്ടു പിടിക്കാന്‍ നടക്കുന്നതെന്ന് പറഞ്ഞു. അത് അദ്ദേഹം നിഷേധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നേതാവാണെന്ന് പറഞ്ഞു. പറഞ്ഞ കാര്യങ്ങളെല്ലാം അങ്ങനെ കിടക്കുകയാണ്. അദ്ദേഹം അതു പിന്‍വലിക്കണം. രണ്ടാമത്തേത് അദ്ദേഹത്തിന്റെ നേതാവാണ് ചാക്കിട്ടു പിടിച്ചതെന്നു പറഞ്ഞു. അതിനെപ്പറ്റി ഒരു തെളിവുകൂടാതെ വാസ്തവവിരുദ്ധമായി ഇങ്ങനെ ഒരു കാര്യം ചീഫ് മിനിസ്റ്റര്‍ പറഞ്ഞത് ഓര്‍ഡറിലാണോ? അങ്ങനെ ഓര്‍ഡറിലില്ലാത്ത കാര്യമാണ് ചീഫ് മിനിസ്റ്റര്‍ പറഞ്ഞതെങ്കില്‍ അത് അദ്ദേഹത്തേക്കൊണ്ടുതന്നെ പിന്‍വലിപ്പിക്കുകയും മാപ്പു പറയിക്കുകയും ചെയ്യേണ്ട ബാദ്ധ്യത അങ്ങേയ്ക്കുണ്ട്. അതു ചെയ്യാന്‍ തയ്യാറാകണം.'
ചെയര്‍മാന്‍: 'അദ്ദേഹം പറഞ്ഞില്ല എന്നല്ലേ പറയുന്നത്.'
കെ കരുണാകരന്‍ :'സര്‍ ഞാന്‍ പറയാം. എന്നോടു ചോദിക്കുന്നതിനു പകരം എന്റെ ബഹുമാനപ്പെട്ട സുഹൃത്ത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ നേതാക്കന്മാരോട് പോയി ചോദിക്കണം; എങ്ങനെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കെഎസ് നായരെ അവരുടെ പാര്‍ട്ടിയിലേക്ക് പിടിച്ചു കൊണ്ടുവന്നതെന്നുള്ള കാര്യങ്ങള്‍ നേതാവിനോട് ചോദിക്കണം. എന്നോടല്ല ചോദിക്കേണ്ടത്. ബഹുമാനപ്പെട്ട നായനാരോട് അന്വേഷിക്കണം കെഎസ് നായരെ എങ്ങനെയാണ് സിപിഐയുടെ പാളയത്തിലേക്ക് കൊണ്ടുവന്നതെന്ന്. നടന്ന സംഭവമായതുകൊണ്ട് ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'
പിഎസ് ശ്രീനിവാസന്‍: 'കെഎസ് നായരുടെ ഒരാവശ്യവും ഇല്ലായിരുന്നു ഇവിടെ ഒരു മന്ത്രിസഭയ്ക്ക്. കെഎസ് നായരും മറ്റു പലരും അങ്ങോട്ടുമിങ്ങോട്ടും പാര്‍ട്ടികളില്‍ പോയിരിക്കും. അത് വേറൊരു കാര്യം. ഇവിടെ കെഎസ് നായരുടെ ആവശ്യം ഇല്ല. ഒരു ഭൂരിപക്ഷം ഉണ്ടാക്കുന്നതിന് കെഎസ് നായരുടെ ആവശ്യമേ ഇല്ലായിരുന്നു. ആ ഗവണ്മെന്റിന് നല്ല പ്രതീക്ഷ ഉണ്ടായിരുന്ന അവസരമായിരുന്നു. അദ്ദേഹം പറയുന്നത് തനിക്കള്ളമാണ്. ഒരു മുഖ്യമന്ത്രി കളവു പറയുന്നു.'
കെ കരുണാകരന്‍: 'ആ കാലത്ത് ആളില്ലാതെ വന്ന് അന്നത്തെ വ്യവസായ മന്ത്രി സഭയില്‍ ഡിമാന്‍ഡ് അവതരിപ്പിക്കാതെ മാറി നിന്ന കാര്യം പോലും ശ്രീനിവാസന് അറിയില്ലെങ്കില്‍ ഞാന്‍ ശ്രീനിവാസനെ ഓര്‍മ്മപ്പെടുത്തുകയാണ്...'
(...കരുണാകരന് ആ പറഞ്ഞ ചരിത്രം യഥാര്‍ത്ഥത്തില്‍ വാസ്തവ വിരുദ്ധം തന്നെയായിരുന്നു. പികെവിയുടെ നേതാക്കന്മാര്‍ എന്നു കരുണാകരന്‍ സൂചിപ്പിച്ചത് എംഎന്‍ ഗോവിന്ദന്‍ നായരെയും ടിവി തോമസിനെയുമാണ്. 1967ല്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെഎസ് നായര്‍, കുറച്ചുനാളുകളായി ആ പാര്‍ട്ടിയുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ 1969 ഫെബ്രുവരി ആദ്യം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഫെബ്രുവരി 9 ന് തേക്കിന്‍കാട് മൈതാനിയില്‍ സിപിഐയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന മീറ്റിങ്ങില്‍ പ്രസംഗിക്കാന്‍ പോയ കെഎസ് നായരെ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഭീകരമായി മര്‍ദ്ദിച്ചവശനാക്കിയശേഷം മുഖത്ത് ടാര്‍ പുരട്ടി. ഇഎംഎസ് നയിക്കുന്ന സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായ കാലമായിരുന്നു അത്. മാര്‍ക്‌സിസ്റ്റ് എംഎല്‍എമാരായിരുന്ന കെപിആര്‍ ഗോപാലന്‍, കെകെ അണ്ണന്‍, കെപി കോസലരാമദാസ് എന്നിവര്‍ നക്സലിസത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആ നാളുകളില്‍ തന്നെ പാര്‍ട്ടി വിട്ടിരുന്നെങ്കിലും അവരോടൊന്നും പ്രകടിപ്പിക്കാത്ത കടുത്ത ശത്രുത സിപിഎം കെഎസ് നായരോട് കാണിച്ചത് അദ്ദേഹം സിപിഐയോട് അടുക്കുന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ്. ഈ സംഭവങ്ങളൊക്കെ കഴിഞ്ഞ് 1969 സെപ്റ്റംബര്‍ മാസത്തിലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ രാജിക്കും തുടര്‍ന്ന് അച്യുത മേനോന്റെ സ്ഥാനാരോഹണത്തിനും ശേഷം 1970 മാര്‍ച്ചുമാസത്തിലാണ് നാല് സ്വതന്ത്ര അംഗങ്ങള്‍ കാലുമാറിയതിനെ തുടര്‍ന്ന് കരുണാകരന്‍ പറഞ്ഞ 'ആളില്ലാതെ വന്ന് അന്നത്തെ വ്യവസായ മന്ത്രി (പി രവീന്ദ്രന്‍) സഭയില്‍ ഡിമാന്‍ഡ് അവതരിപ്പിക്കാതെ മാറി നിന്ന കാര്യം' ഉണ്ടായത്. അപ്പോഴേക്കും കെഎസ് നായര്‍ സിപിഐയുടെ ഭാഗമായി കഴിഞ്ഞിരുന്നു. അന്ന് സഭയുടെ വിശ്വാസംനേടാന്‍ കഴിഞ്ഞെങ്കിലും കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് ഭരണമുന്നണിയുടെ ഭാഗമായിരുന്ന ഐഎസ്പിയിലെ പ്രശ്‌നങ്ങള്‍ മൂലം ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ അച്യുത മേനോന്‍ രാജി സമര്‍പ്പിക്കുകയും ചെയ്തു....)
കരുണാകരന്‍ നടത്തിയ ചരിത്രസത്യങ്ങള്‍ക്ക് നിരക്കാത്ത പരാമര്‍ശങ്ങളോട് പ്രതികരിക്കാനായി രോഷാകുലനായി ചാടിയെണീറ്റ പിഎസ് ശ്രീനിവാസന്‍ എന്തെങ്കിലും പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ് പ്രതിപക്ഷത്തെ പിന്‍നിരയില്‍ നിന്ന് ' പോയിന്റ് ഓഫ് ഓര്‍ഡര്‍' എന്ന ഒരു വിളിയുയരുന്നത് കേട്ടു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി. കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) അംഗം പിസി ചാക്കോയായിരുന്നു പോയിന്റ് ഓഫ് ഓര്‍ഡറുമായി എഴുന്നേറ്റു നിന്നത്.
കരുണാകരനെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന പിഎസ് ശ്രീനിവാസന് തടസ്സമുണ്ടാക്കിക്കൊണ്ട് ക്രമപ്രശ്‌നമുന്നയിക്കുന്നത് ഇഷ്ടപ്പെടാതെ വ്യക്തമായ നീരസഭാവത്തോടെ നായനാരും പികെവിയും ഗൗരിയമ്മയുമടക്കമുള്ള ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ചാക്കോയെ നോക്കുന്നതു കാണാമായിരുന്നു. സ്വന്തം മുന്നണിയിലെ ഒരംഗത്തിനെതിരെ ചാക്കോ എന്ത് ക്രമപ്രശ്‌നമാണ് ഉന്നയിക്കുന്നതെന്നറിയാനുളള കൗതുകത്തോടെ കരുണാകരനുള്‍പ്പെടെയുള്ള ട്രഷറിബഞ്ചും ഉറ്റുനോക്കി. ക്രമ പ്രശ്‌നം ഉന്നയിക്കാന്‍ ടിഎം ജേക്കബ് ചാക്കോയെ അനുവദിച്ചു. ആകെ ബഹളമയമായിരുന്ന സഭാന്തരീക്ഷം അല്‍പ്പനേരത്തേക്ക് നിശ്ശബ്ദമായി.
ചെയറിനെ അഭിമുഖീകരിച്ചുകൊണ്ട് ചാക്കോ ക്രമപ്രശ്‌നമുന്നയിച്ചു.
'സര്‍, കള്ളം പറയുന്ന ആളെന്ന് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഒരാളിനോട് സത്യം പറയണമെന്ന് നിര്‍ബന്ധിക്കുന്നത് ഓര്‍ഡറിലാണോ?'
സഭയാകെ സ്തബ്ധിച്ചതുപോലെ ഒരു നിമിഷം. ഒറ്റയൊരാള്‍ പോലും പ്രതീക്ഷിച്ച ഒന്നായിരുന്നതല്ല ചാക്കോയുടെ ആ നീക്കം. പ്രസ്സ് ഗാലറിയില്‍ ഞാന്‍ ഇരിക്കുന്നിടത്ത് നിന്നു നോക്കിയാല്‍ മുഖ്യമന്ത്രിയെ നന്നായി കാണാമായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, കരുണാകരന്റെ ക്ഷോഭം കൊണ്ടു ചുവന്ന കടുത്ത മുഖം. കൂട്ടച്ചിരിയും പ്രതിപക്ഷ നിരകളിലെ മേശമേലുള്ള അടിയും കൊണ്ട് ഇളകി മറിഞ്ഞു. ഭരണപക്ഷത്ത് നിന്ന് കോണ്‍ഗ്രസുകാര്‍ പലരും എഴുന്നേറ്റുനിന്ന് ചാക്കോക്കെതിരെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ചാക്കോ ഒരു ഭാവവ്യത്യാസവും കൂടാതെ സീറ്റിലിരുന്നു.
ചെയര്‍ ഏതായാലും ആ ക്രമപ്രശ്‌നം അനുവദിച്ചില്ല.
അപ്പോഴേക്കും അക്ഷോഭ്യത വീണ്ടെടുത്തുകൊണ്ട് പ്രസംഗം തുടര്‍ന്ന കരുണാകരന്റെ പ്രതികരണം ഇതായിരുന്നു:
'എന്താണ് നടന്നതെന്നുപോലും നിശ്ചയമില്ലാത്ത പിസി ചാക്കോയോട് ഞാനൊന്നും പറയുന്നില്ല'
കരുണാകരന്റെ പ്രസംഗത്തിനുശേഷം സ്പീക്കര്‍ എസി ജോസ് മറുപടി പറയാന്‍ തുടങ്ങിയെങ്കിലും വെള്ളിയാഴ്ചയായതുകൊണ്ട് സഭ 12.30 ക്ക് പിരിയണമെന്നുള്ള റൂള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിപിഎം അംഗം സിബിസി വാര്യര്‍ ക്രമപ്രശ്‌നമുന്നയിച്ചു. തുടര്‍ന്ന് പ്രമേയം വോട്ടിനിടുകയും അനുകൂലമായി പ്രതിപക്ഷത്തിന്റെ 70 വോട്ടുകള്‍ മാത്രം കിട്ടിയതുകൊണ്ട് തള്ളപ്പെട്ടു പോകുകയും ചെയ്തു. മാര്‍ച്ച് 19 നു വീണ്ടും ചേരാന്‍ തീരുമാനിച്ചു പിരിഞ്ഞ സഭ അതിന് രണ്ടുദിവസങ്ങള്‍ക്കു മുന്‍പ് - മാര്‍ച്ച് 17 ന് പിരിച്ചുവിടപ്പെടുകയായിരുന്നു. കേരളാ കോണ്‍ഗ്രസ്സിലെ ലോനപ്പന്‍ നമ്പാടന്‍ ഇടതുപക്ഷത്തേക്ക് കൂറുമാറിയതുകൊണ്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും കരുണാകരന്‍ രാജിവെക്കുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്.
1982 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടുകയും കെ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു. പിസി ചാക്കോ കോണ്‍ഗ്രസ് എസ്സില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് ഐ യില്‍ ചേര്‍ന്നതും കരുണാകരന്റെ അടുത്ത അനുയായിയായി മാറുകയും ചെയ്തത് പില്‍ക്കാലചരിത്രം. എന്നാല്‍ നിയമസഭയിലെ അന്നത്തെ ആ ഒരു ക്രമപ്രശ്‌നം കരുണാകരന്‍ ഒരിക്കലും മറന്നില്ല. പിസി ചാക്കോയ്ക്ക് മാപ്പ് കൊടുത്തതുമില്ല. പത്തിരുപത് വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിന് എക്കാലവും സുരക്ഷിതമായ മുകുന്ദപുരം പാര്‍ലമെന്റ് ചാക്കോയ്ക്ക് കൊടുക്കാതിരിക്കാന്‍ കരുണാകരന്‍ വാശിപിടിച്ച സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തത് 1982 മാര്‍ച്ചു മാസത്തിലെ ആ നിയമസഭാ സമ്മേളനമായിരുന്നു.
പിന്‍കുറിപ്പ്
അന്നത്തെ ആ നിയമസഭ പിരിച്ചു വിടപ്പെട്ട് 44 വര്‍ഷങ്ങള്‍ക്ക് ശേഷവും കെ കരുണാകരന്‍ എന്ന കുശാഗ്രബുദ്ധിയായ രാഷ്ട്രീയ ചാണക്യന്റെ ആ ഒരു 'വേറെ ലെവലി 'നെ ക്കുറിച്ചാണല്ലോ കേരളം ചര്‍ച്ച ചെയ്യുന്നത്. ആരൊക്കെയോ ലീഡറുടെ ആ ലെവല്‍ എത്തിക്കഴിഞ്ഞു എന്നാണ് ചില രാഷ്ട്രീയ പണ്ഡിതന്മാര്‍ പറയുന്നത്. ഇവിടെ ഒരു കാര്യം ഓര്‍മിക്കണം. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പനമ്പിള്ളി ഗോവിന്ദ മേനോന്റെയും ഒടുവില്‍ ഇന്ദിരയുടെയും അനുയായി, സ്വാതന്ത്ര്യസമരപ്പോരാളി, തൊഴിലാളി നേതാവ്.... ഇങ്ങനെയൊക്കെ വലിയ പാരമ്പര്യമുള്ള കരുണാകരന്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെയാകെ ലീഡറുമായി തീര്‍ന്നത് ഒരു തരത്തിലുള്ള കുറുക്കുവഴിയിലൂടെയുമല്ല. താന്‍ മഹത്തായ ഒരു സംഭവമാണെന്നോ കേരളത്തെ നേര്‍വഴിക്ക് കൈപിടിച്ചു നടത്താന്‍ ജനിച്ച അവതാരപുരുഷനാണെന്നോ ഉള്ള മട്ടും ഭാവവുമൊന്നും ആ വര്‍ത്തമാനത്തിലോ ശരീര ഭാഷയിലോ കണ്ടതായി ഓര്‍മ്മിക്കുന്നില്ല. ഒരു ലെഫ്റ്റിസ്റ്റാണ് താനെന്ന് ഒരുകാലത്തും അവകാശപ്പെടാത്ത, അതേസമയം തന്നെ വലതു പക്ഷത്തോട് വലിയ അടുപ്പമോ അകല്‍ച്ചയോ കാട്ടിയിട്ടില്ലാത്ത കരുണാകരന്‍ ഒരിക്കലും 'ലെഫ്റ്റ് ജാര്‍ഗണുകളെ'യും 'കാലഹരണപ്പെട്ട ' കേരളാമോഡലിനെയും തികഞ്ഞ പുച്ഛഭാവത്തോടെ ആക്ഷേപിച്ചും പരിഹസിച്ചും കണ്ടിട്ടില്ല. ശരിയാണ്, തന്റെ ആറേഴു പതിറ്റാണ്ടു കാലം നീണ്ട രാഷ്ട്രീയജീവിതത്തിനിടയില്‍ അദ്ദേഹം ചിലപ്പോഴൊക്കെ കള്ളം പറഞ്ഞിരുന്നു. എന്നാല്‍ നുണ പറച്ചില്‍ ഒരു കലയായി, നിലപാടുകളിലുള്ള മലക്കം മറിച്ചിലുകള്‍ ഒരു നിത്യത്തൊഴിലാഭ്യാസമാക്കി മാറ്റിയിരുന്നില്ല.
'നെഹ്രുവിയന്‍ സോഷ്യലിസ്റ്റ്' എന്ന വിശേഷണവിശേഷണം ആരോ പറയുന്നതുകേട്ട്, ആ ടിപ്പിക്കല്‍ കണ്ണിറുക്കിച്ചിരിയോടെ 'അതൊക്കെ ഒരു കോമഡിയല്ലേ സര്‍? 'എന്നു ചോദിക്കുന്ന ലീഡറെ കാണുന്നില്ലേ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates