ചരിത്ര മുഹൂര്‍ത്തം എന്നു വിളിച്ചു കൂവുന്നവര്‍ അറിയാന്‍ ചില പഴയ കഥകള്‍

ems, baiju chandran
ചരിത്ര മുഹൂര്‍ത്തം എന്നു വിളിച്ചു കൂവുന്നവര്‍ അറിയാന്‍ file
Updated on

പുതുയുഗപ്പിറവി, ചരിത്ര മുഹൂര്‍ത്തം.... മലയാളത്തിലെ അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന വാക്കുകള്‍ ഇവയാണെന്ന് തോന്നുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിനെ ദയനീയമായി പരാജയപ്പെടുത്തിക്കൊണ്ട് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് 102 സീറ്റുകള്‍ നേടിയപ്പോള്‍, നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം സതീശനെത്തന്നെ നേതാവ് ആയി പ്രഖ്യാപിച്ചപ്പോള്‍, പതിനായിരങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ സവാരിയും ആശമാര്‍ക്ക് മൂവായിരം രൂപ വേതന വര്‍ധനയും പ്രഖ്യാപിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കുശേഷം സെക്രട്ടേറിയറ്റിന്റെ സമരഗേറ്റ് തുറന്നു കൊടുത്തപ്പോള്‍..... ടെലിവിഷന്‍ അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഉന്മാദതുല്യമായ ആവേശത്തോടെ വിളിച്ചുകൂവുന്നത് കേട്ടു -- ' ഇതാ പുതു യുഗപ്പിറവി!' പ്രധാന പത്രങ്ങളൊക്കെ അവരുടെ പേജുകളില്‍ അതുതന്നെ പലവട്ടം ആവര്‍ത്തിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വമായിട്ടാണ് ഒരു സര്‍ക്കാരും അതിന്റെ തലവനും ഇങ്ങനെ പ്രകീര്‍ത്തിക്കപ്പെടുന്നതെന്ന് തോന്നുന്നു.

ടെലിവിഷന്‍ ചാനലുകളില്‍ ഇങ്ങനെ വാഴ്ത്തുപാട്ട് നടത്താന്‍ ഇറങ്ങിയവരില്‍ ഭൂരിപക്ഷത്തിന്റെയും പ്രായം ഏതാണ്ട് 25 നും 30 നും ഇടയ്ക്കാണെന്ന് തോന്നി. മുപ്പതുകളിലും നാല്‍പ്പതുകളിലും പെട്ടവരെ കൂടുതലും അവതാരകരുടെ വേഷത്തിലാണ് കണ്ടത്. പക്ഷെ ഉന്മാദ തള്ളിച്ചയുടെ കാര്യത്തില്‍ രണ്ടുപേരും ഒരുപോലെയായിരുന്നു.

പറഞ്ഞുവന്നത് ഈ പുതുയുഗമാധ്യമ വിശാരദരെക്കുറിച്ചോ അവരുടെ upstartism ത്തേക്കുറിച്ചോ അല്ല. പഠിച്ചതും ശീലിച്ചതുമല്ലേ അവര്‍ക്ക് ചെയ്യാനാകൂ. പുതുയുഗപ്പിറവി എന്ന പ്രയോഗത്തെ കുറിച്ചാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അതിന്റെ നേതാവിന്റെയും പക്കല്‍ നിന്ന് നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ആദരവോടെ ഏറ്റെടുത്ത ആ പ്രയോഗം കേരളത്തിന്റെ ചരിത്രത്തില്‍ എന്നാണ് ശരിക്കും അന്വര്‍ത്ഥമായി തീര്‍ന്നത് എന്നതിനെ കുറിച്ചാണ്.

ബ്രിട്ടീഷുകാരുടെയും രാജഭരണത്തിന്റെയും കീഴില്‍ ദീര്‍ഘകാലം അടിമത്തമനുഭവിച്ച ജനത സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് ഉണര്‍ന്നെണീറ്റ ആ ദിവസത്തെ നമുക്ക് തീര്‍ച്ചയായും പുതിയ യുഗം ഉണര്‍ന്നെഴുന്നേറ്റ ദിനമെന്ന് വിശേഷിപ്പിക്കാം. ഐക്യ കേരളം രൂപം കൊണ്ട ദിവസവും അങ്ങനെയൊന്നായിരുന്നു. പക്ഷെ രാഷ്ട്രീയ കേരളത്തിന്റെ ചക്രവാളത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു പുതിയ യുഗം ഉദിച്ചുയര്‍ന്നത് 69 വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു ഏപ്രില്‍ അഞ്ചാം തീയതി ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കുറിപ്പ് ആ നാളുകളെ കുറിച്ചാണ്. അതിന് സാക്ഷ്യം വഹിച്ച ചിലരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും അന്നത്തെ പത്രറിപ്പോര്‍ട്ടുകളില്‍ നിന്നുമൊക്കെ ചികഞ്ഞെടുത്തുണ്ടാക്കിയ ഒരു ന്യൂസ് റിപ്പോര്‍ട്ട്.

'പവനന്‍, നിങ്ങളുടെ ആ റിസ്റ്റ് വാച്ച് ഒന്ന് അഴിച്ചുതരൂ; ഇ. എം. എസ്സിന്റെ വാച്ചു നിന്നുപോയി.'
ems, baiju chandran
അന്നും കോണ്‍ഗ്രസിന് 63 സീറ്റ്, മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ചര്‍ച്ചയോട് ചര്‍ച്ച; ചരിത്രം പ്രഹസനമായി മാറുമ്പോള്‍

1957 മാര്‍ച്ച് മാസത്തില്‍ കേരളനിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് സ്വതന്ത്രന്മാര്‍ അടക്കം 65 സീറ്റുകള്‍ നേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി. എറണാകുളത്ത് കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായ കെസി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ഇഎംഎസ് നമ്പൂതിരിപ്പാടിനെ നേതാവായും സി അച്യുതമേനോനെ ഉപനേതാവായും തിരഞ്ഞെടുത്തതും ആരൊക്കെ മന്ത്രിമാരാകണമെന്ന് നിശ്ചയിച്ചതും മന്ത്രിമാരുടെ പട്ടിക സമര്‍ത്ഥമായി ചോര്‍ത്തിയെടുത്ത് പത്രപ്രവര്‍ത്തകരായ എന്‍ രാമചന്ദ്രനും കെ ബാലകൃഷ്ണനും കേരള കൗമുദി പത്രത്തില്‍ കൊടുത്തതുമായ സംഭവത്തെ ക്കുറിച്ച് ഒരിക്കല്‍ ഞാനെഴുതിയിട്ടുണ്ട്.

കെആർ ഗൗരിയോ റോസമ്മ പുന്നൂസോ ? ടിവി തോമസ് ഉണ്ടാവുമോ? 'ഊഹക്കളി'യിൽ പിറന്ന വാർത്ത

നിയമസഭാകക്ഷിയുടെ ഉപ നേതാവായി തിരഞ്ഞെടുക്കപ്പെട്ട സി അച്യുതമേനോന് പകരം സെക്രട്ടറി സ്ഥാനമേറ്റെടുത്ത എംഎന്‍ ഗോവിന്ദന്‍ നായര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് കുമാരന്‍, കെ ദാമോദരന്‍, അച്യുത മേനോന്‍, സി ഉണ്ണിരാജ, സിഎച്ച് കണാരന്‍, എവി കുഞ്ഞമ്പു, ടിസി നാരായണന്‍ നമ്പ്യാര്‍, വിഎസ് അച്ചുതാനന്ദന്‍ എന്നിവരടങ്ങിയതായിരുന്നു സ്റ്റേറ്റ് സെക്രട്ടറിയേറ്റ്. ഏപ്രില്‍ ആദ്യം രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന, ഇഎംഎസ് കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗം മന്ത്രിമാരുടെ പട്ടികയ്ക്കും നയപ്രഖ്യാപനത്തിനും അന്തിമ അംഗീകാരം നല്‍കി. 9 സീറ്റുകളില്‍ വിജയിച്ച പിഎസ്പിയോട് മന്ത്രിസഭയില്‍ ചേരണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചെങ്കിലും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കാരണം അവരതിന് തയ്യാറായില്ല.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത് നല്ല മുഹൂര്‍ത്തം നോക്കിയാണ് എന്നൊരു ദൂഷണം പറച്ചില്‍ എവിടെയോ വായിച്ചതായി ഓര്‍മ്മിക്കുന്നു. ഏപ്രില്‍ മൂന്നാം തീയതി ഗവര്‍ണ്ണര്‍ ഡോ. ബി രാമകൃഷ്ണ റാവുവിനെ സന്ദര്‍ശിച്ച് മന്ത്രിസഭാംഗങ്ങളുടെ ലിസ്റ്റ് സമര്‍പ്പിച്ചശേഷം പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയാ ഫീസില്‍ മടങ്ങിയെത്തിയ ഇഎംഎസിനോട് പത്രക്കാര്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു.

'ചോദ്യം: നല്ല മുഹൂര്‍ത്തം നിശ്ചയിച്ചാണോ ചാര്‍ജ്ജെടുക്കുന്നത്?

ഉത്തരം: എനിക്കതൊന്നുമില്ല. ഗവര്‍ണ്ണര്‍ക്കും അതില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചോ: ഇവിടെ ഒരു സ്റ്റേറ്റ് ആസ്‌ട്രോളജര്‍ ഉള്ളതറിയാമോ?

ഉ: അതൊന്നും എനിക്കറിയില്ല'

സത്യപ്രതീജ്ഞാ ചടങ്ങ് നടത്താന്‍ നിശ്ചയിച്ച ഏപ്രില്‍ അഞ്ചാം തീയതി രാവിലെ ഏഴു മണിക്ക് നിയുക്ത മുഖ്യമന്ത്രി ഇഎംഎസും നിയുക്ത മന്ത്രിയും പുന്നപ്ര വയലാര്‍ സമരനായകനും ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനുമായ ടിവി തോമസും പുന്നപ്രയിലെ വലിയ ചുടുകാടിലുള്ള സഖാവ് പി കൃഷ്ണപിള്ളയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചെഞ്ചോര നിറത്തില്‍ കുളിച്ചു നില്‍ക്കുന്ന രക്തസാക്ഷി മണ്ണിലേക്ക് ഇഎംഎസും ടിവിയും എത്തിയപ്പോള്‍ അവിടെ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിന് സഖാക്കളുടെ ആവേശം അണ പൊട്ടിയൊഴുകി. ദിഗന്തങ്ങള്‍ പൊട്ടുമാറ് മുദ്രാവാക്യങ്ങളുയര്‍ന്നു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇഎംഎസ്സിനെ അനുഗമിച്ച അന്നത്തെ ദേശാഭിമാനി ലേഖകന്‍ കൂടിയായ പവനന്‍ ഓര്‍മ്മിക്കുന്നു:

'തിരുവനന്തപുരത്ത് എത്തിയപ്പോള്‍, എസ്. വി. ഉണ്ണി ക്യഷ്ണനാണെന്നു തോന്നുന്നു. എന്നോടു പറഞ്ഞു:

'പവനന്‍, നിങ്ങളുടെ ആ റിസ്റ്റ് വാച്ച് ഒന്ന് അഴിച്ചുതരൂ; ഇ. എം. എസ്സിന്റെ വാച്ചു നിന്നുപോയി.'

''മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ആള്‍ക്കു നല്ലൊരു വാച്ചു വാങ്ങി കൊടുത്തുകൂടേ, പാര്‍ട്ടിക്ക്?' എന്നു പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ സാമാന്യം പഴക്കം ചെന്ന ഹിന്ദുസ്ഥാന്‍ വാച്ച് അഴിച്ച് ഉണ്ണികൃഷ്ണനെ ഏല്പിച്ചു. സത്യപ്രതിജ്ഞക്കിടയില്‍ അതും നിന്നുപോകുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്. ഏതാ യാലും ഇ.എം.എസ്സ്. ആ വാച്ച് കൈയില്‍കെട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. വളരെ പ്രധാനപ്പെട്ട സന്ദര്‍ഭമാകയാല്‍ ഇ.എം.എസ്സിന്റെ അന്നെടുത്ത എല്ലാ ഫോട്ടോകളിലും കൈയില്‍ കെട്ടിയ ആ വാച്ചിനും സ്ഥാനം കിട്ടിയതു ഞാന്‍ ശ്രദ്ധിച്ചു. പുതിയ മന്ത്രിസഭയുടെ അധികാരപ്രാപ്തിയെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ആദ്യത്തെ വാചകം എങ്ങനെ തുടങ്ങണമെന്ന ആലോചനയ്ക്ക് ഈ സംഭവം ഒരു അവലംബമുണ്ടാക്കി. ഞാന്‍ റിപ്പോര്‍ട്ട് തുടങ്ങിയത് ഇങ്ങനെയാണ്: 'ഇവിടെ ഒരു നിമിഷം സ്തംഭിച്ചുനിന്നു.' സ്തംഭിച്ചുനിന്നത് ഇ.എം.എസ്സിന്റെ വാച്ചായിരുന്നു; എന്നാല്‍ കേരളത്തിന്റ ചരിത്രത്തിലുമുണ്ടായില്ലേ, ചെറിയ ഒരു സ്തംഭനം; മുമ്പു കാണാത്ത കാഴ്ചകളെത്രയാണ് കണ്ടത്! ചരിത്രത്തിന്റെ പുതിയൊരദ്ധ്യായം രചിക്കപ്പെടുകയല്ലേ? പുറംമാറ്റുന്നതിന് ഒരു ലഘുവിളംബമില്ലാതിരിക്കുമോ? ഇഎം.എസ്സിനു സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്‍ ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാ വുവിന്റെ ശബ്ദത്തിന് ഇടര്‍ച്ചയുണ്ടായിരുന്നില്ലേ?'

ems namboothirippad
മുഖ്യമന്ത്രിയായ ശേഷം ഇഎംഎസിന്റെ ആദ്യ വാര്‍ത്താ സമ്മേളനം special arrangement

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനെ വലിയ ആശങ്കകളോടും മുന്‍വിധികളോടുമാണ് പ്രധാന മാധ്യമങ്ങളെല്ലാം വീക്ഷിച്ചത്. ഇക്കാര്യത്തില്‍ കുറച്ചൊരു വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് കേരള കൗമുദി പത്രമായിരുന്നു. സത്യപ്രതിജ്ഞാചടങ്ങുകള്‍ കേരള കൗമുദി റിപ്പോര്‍ട്ടു ചെയ്തത് ഇങ്ങനെയാണ് :

'കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതിന്റെ ആഹ്ലാദ സൂചകമായ പ്രകടനങ്ങളും ആഘോഷങ്ങളും നഗരത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്ന് ഏതാനും വാനുകളിലും കാറുകളിലുമായി ' കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാഴ്കൈ' എന്ന മുദ്രാവാക്യം മുഴക്കി ഒട്ടേറെ ജനങ്ങള്‍ തിരുവനന്തപുരത്തെത്തിയിരിക്കുന്നു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അരിവാളും ചുറ്റികയും അടയാളമുള്ള ചെങ്കൊടികള്‍ പാറിക്കപ്പെട്ടിരുന്നു. മെയിന്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഇലക്ട്രിക് കമ്പിത്തൂണുകളിലെല്ലാം ചെങ്കൊടികള്‍ വെച്ചു കെട്ടിയിരിക്കുന്നതായി കാണപ്പെട്ടു. ചില ട്രാന്‍സ്‌പ്പോര്‍ട്ട് ബസ്സുകളും വാഴക്കുലകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. നഗരത്തിലങ്ങോളമിങ്ങോളം ഉത്സാഹപ്രകടനങ്ങള്‍ കാണാമായിരുന്നു.

12.30 നാണ് സത്യപ്രതിജ്ഞാകര്‍മ്മം നടന്നത്. മന്ത്രിസഭയിലെ ഒരംഗമായ ഡാ. എആര്‍ മേനോന്‍ 12 മണിക്കു തന്നെ രാജ് ഭവനിലെത്തിയിരുന്നു. ചീഫ് സെക്രട്ടറി, പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ. വികെ വേലായുധന്‍, ഐജി ശ്രീ. ചന്ദ്രശേഖരന്‍ നായര്‍, സ്‌പെഷ്യല്‍ ഐ ജി ശ്രീ. ബംബവാലേ, ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ശ്രീ. ടി സി എസ് പിള്ള, സ്‌പെഷ്യല്‍ ഡയറക്ടര്‍ ശ്രീ. കെ പി വേലുപ്പിള്ള, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍, ജയില്‍ ഐ ജി ശ്രീ. എ വി ജാണ്‍ എന്നീ ഉദ്യോഗസ്ഥന്മാരും മെ : കെ സുകുമാരന്‍, സിറ്റി മേയര്‍ ശ്രീ. ഗോവിന്ദന്‍ കുട്ടി നായര്‍, പി എസ് നടരാജ പിള്ള, കെ ആര്‍ ഇലങ്കത്ത്, കെ പി നീലകണ്ഠപ്പിള്ള, സി നാരായണ പിള്ള, പറവൂര്‍ ടി കെ നാരായണ പിള്ള, കെ ദാമോദരന്‍ തുടങ്ങിയ പൗരപ്രമുഖരും എം പിമാരായ മെ : എം കെ കുമാരന്‍, എസ് ഈശ്വരയ്യര്‍, വി പി നായര്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, പി ടി പുന്നൂസ്, എ കെ ഗോപാലന്‍, പി കെ വാസുദേവന്‍ നായര്‍ എന്നിവരും മെ:ആര്‍ പ്രകാശം, ആര്‍ ശങ്കരനാരായണന്‍ തമ്പി തുടങ്ങി ഏതാനും കമ്മ്യൂണിസ്റ്റ് എം എല്‍ എമാരും ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

രാജ് ഭവന്റെ കിഴക്കുഭാഗത്തായി കമനീയമായി അലങ്കരിച്ചിരുന്ന ഒരു പന്തലില്‍ വെച്ചാണ് സത്യപ്രതിജ്ഞാകര്‍മ്മം നടന്നത്.

12.30 ന് ശ്രീ. ഇഎംഎസ്സും മറ്റു സഹമന്ത്രിമാരും രാജ്ഭവനിലെത്തിയിരുന്നു. എഡിസിമാരുടെയും സെക്രട്ടറി യുടെയും അകമ്പടിയോടുകൂടി ഗവര്‍ണ്ണര്‍ ഡാ. ബി രാമകൃഷ്ണ റാവു പന്തലിലെത്തി. ചീഫ് സെക്രട്ടറി ശ്രീ. എന്‍ഇഎസ് രാഘവാചാരി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഒന്നൊന്നായി ഗവര്‍ണ്ണരുടെ മുമ്പിലേക്ക് ക്ഷണിക്കുകയും അവരോരുത്തരായി സത്യപ്രതിജ്ഞ ചെയ്ത് ഗവര്‍ണ്ണരുടെ സമീപത്ത് ഉപവിഷ്ടരാകുകയും ചെയ്തു.

മുഖ്യമന്ത്രി ശ്രീ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടാണ് ആദ്യം സത്യപ്രതിജ്ഞ നടത്തിയത്. ഒരു കോളേജ് വിദ്യാര്‍ത്ഥി യെപ്പോലെ സാധാരണ രീതിയില്‍ മുണ്ടും ഷര്‍ട്ടും മാത്രം ധരിച്ച് ഉല്ലാസവാനായിട്ടാണ് മുഖ്യമന്ത്രി ശ്രീ. ഇഎംഎസ് ഗവര്‍ണ്ണരുടെ സമീപം ചെന്ന് സത്യപ്രതിജ്ഞ നടത്തിയത്. തുടര്‍ന്ന് മന്ത്രിമാരായ മെ. സി അച്യുത മേനോന്‍, കെസി ജോര്‍ജ്ജ്, കെപി ഗോപാലന്‍, ടിവി തോമസ്, പികെ ചാത്തന്‍, കെആര്‍ ഗൗരി, ടിഎ മജീദ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ ആര്‍ മേനോന്‍, വിആര്‍ കൃഷ്ണയ്യര്‍ എന്നിവരും സത്യപ്രതിജ്ഞ നടത്തി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണ്ണര്‍ ഹസ്തദാനം നല്‍കിയാണ് സ്വീകരിച്ചത്. കുമാരി കെആര്‍ ഗൗരിയെ മാത്രം ഗവര്‍ണ്ണര്‍ കൈകൂപ്പി സ്വീകരിച്ചു. തികച്ചും അനാര്‍ഭാടമായി ഒരു വെള്ള സാരിയും ധരിച്ചു കൊണ്ടാണ് മന്ത്രി കുമാരി കെആര്‍ ഗൗരി സത്യപ്രതിജ്ഞ നിര്‍വ്വഹിക്കാനെത്തിയത്. സത്യപ്രതിജ്ഞാ കര്‍മ്മത്തിന് ആകെ 40 മിനിട്ടുനേരം വേണ്ടി വന്നു. എആര്‍ മേനോനും വിആര്‍ കൃഷ്ണയ്യരും മാത്രം ഖദര്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അവര്‍ രണ്ടുപേരും സത്യപ്രതിജ്ഞ നടത്തിയത് ദെവനാമത്തിലാണ്. മറ്റുള്ളവരെല്ലാം ദൃഢ പ്രതിജ്ഞ നടത്തിയതേ ഉള്ളൂ.

സത്യപ്രതിജ്ഞക്കു ശേഷം മന്ത്രിമാരെല്ലാം ഗവര്‍ണ്ണരുമായി അല്‍പനേരം അനൗപചാരികമായി സംഭാഷണം നടത്തുകയുണ്ടായി. സത്യപ്രതിജ്ഞാ കര്‍മ്മത്തില്‍ സംബന്ധിച്ചിരുന്ന എല്ലാപേര്‍ക്കും സത്യപ്രതിജ്ഞാനന്തരം ശീതള പാനീയങ്ങള്‍ നല്കപ്പെട്ടു.

സത്യപ്രതിജ്ഞാനന്തരം മന്ത്രിമാര്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരുന്ന സ്റ്റേറ്റ് കാറുകളില്‍ അവര്‍ രാജ്ഭവനിലേക്ക് പുറത്തേക്കുവന്നു. മന്ത്രിമാരെ കാണുന്നതിനായി രാജ് ഭവന്റെ ഗേറ്റില്‍ ഒട്ടധികം ജനങ്ങള്‍ കൂടി നിന്നിരുന്നു.

2.45 നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിലെ ത്തിയത്. സെക്രട്ടറിയേറ്റിലെ ഡര്‍ബാര്‍ ഹാളിലാണ് ചാര്‍ജ്ജെടുക്കല്‍ കര്‍മ്മം നടന്നത്. 2.45 ന് മന്ത്രിമാരെല്ലാം വന്നു ചേര്‍ന്നു. പുതിയ മന്ത്രിസഭയെ സ്വാഗതം ചെയ്തുകൊണ്ടും അവര്‍ക്ക് സര്‍വ്വീസിന്റെ നിര്‍ലോഭമായ സഹകരണം വാഗ്ദാനം ചെയ്തുകൊണ്ടും ചീഫ് സെക്രട്ടറി ശ്രീ. രാഘവാചാരി ഒരു ചെറുപ്രസംഗം ചെയ്തു.

'സര്‍വീസിന് പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. ജനപ്രതിനിധി കളായി അധികാരത്തിലേക്ക് വരുന്നവരുമൊത്ത് ഭരണകാര്യങ്ങളില്‍ സഹകരിക്കുകയാണ് സര്‍വീസിന്റെ ചുമതല. അതിന് ഇവിടുത്തെ സര്‍വീസ് സന്നദ്ധമാണ്. 'എന്നിപ്രകാരം ചീഫ് സെക്രട്ടറി പറഞ്ഞു.

തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഓരോ പൂച്ചെണ്ടുകള്‍ സമ്മാനിക്കപ്പെട്ടു. ഡര്‍ബാര്‍ ഹാളില്‍ തൂക്കിയിട്ടിട്ടുള്ള ശരറാന്തലുകളിലെ കുപ്പിച്ചില്ലുകള്‍ കാറ്റത്ത് പരസ്പരം കൂട്ടി മുട്ടിയതുമൂലമുണ്ടായ കിലുകിലാരവം ഈ മംഗള കര്‍മ്മത്തിന് മണിനാദം കൊണ്ടെന്നപോലെ മാറ്റുകൂട്ടി.

ചീഫ് സെക്രട്ടറിയുടെ പ്രസംഗത്തിന് മറുപടിയായി മുഖ്യമന്ത്രി ശ്രീ. ഇഎംഎസ് നമ്പൂതിരിപ്പാട് ചെയ്ത ചെറുപ്രസംഗത്തില്‍ 'സര്‍വീസിന്റെ പഴയ പാരമ്പര്യങ്ങളും ഇന്നത്തെ മന്ത്രിസഭയുടെ പാരമ്പര്യങ്ങളും തമ്മില്‍ യോജിപ്പുണ്ടാക്കേണ്ട ആവശ്യത്തെ അനുസ്മരിപ്പിച്ചു.

'ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഭരണപരമായി വലിയ പരിചയമുള്ളവരല്ല. ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് പലതും പഠിക്കാനുണ്ട്. നിങ്ങള്‍ക്കും ഞങ്ങളില്‍ നിന്ന് ചിലത് പഠിക്കാന്‍ കാണും. നിങ്ങള്‍ക്ക് ഒരു പഴകിയ പാരമ്പര്യമുണ്ട്. ഞങ്ങള്‍ക്കും ഒരു പാരമ്പര്യമുണ്ട്. ഞങ്ങളുടെയും നിങ്ങളുടെയും പാരമ്പര്യം ഒത്തൊരുമിച്ച് മുന്നോട്ടു പോകണം. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം ഞങ്ങളോട് പറയണം. ചിലത് സ്വീകരിച്ചെന്നും ചിലത് സ്വീകരിച്ചില്ലെന്നും വരാം. '

ഇത്രയും പറഞ്ഞ ശേഷം ചീഫ് സെക്രട്ടറിയാല്‍ അനുഗതനായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സെക്രട്ടറി യേറ്റിന്റെ മുകളിലത്തെ നിലയിലേക്കുള്ള ക്യാബിനറ്റ് മുറിയിലേക്കുപോയി.'

തിരുവനന്തപുരത്തു മാത്രമല്ല കേരളത്തിലാകമാനം ഒരു ഉത്സവത്തിന്റെ ഉത്സാഹവും ആവേശവും തുടിച്ചു നിന്നു. ദീപവിതാനങ്ങളും ചുവന്ന കൊടിതോരണങ്ങളും നഗരങ്ങളിലും ഗ്രാമങ്ങളിലും എമ്പാടും കാണാമായിരുന്നു.

ems tv thomas
ഇഎംഎസും ടിവിയും special arrangement
ems, baiju chandran
മാനവികതയിലേയ്ക്ക് ഒഴുകിപ്പരന്ന മാന്ത്രിക വിസ്മയം

മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്നെ മന്ത്രിമാരുടെ വകുപ്പുവിഭജനത്തിന്റെ അറിയിപ്പും പുറത്തു വന്നു.

'ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട്

പൊതു ഭരണം, നിയമ സമാധാനം, സംയോജന പ്രശ്‌നങ്ങള്‍, പ്ലാനിംഗ്.... കൂടാതെ വകുപ്പുവിഭജനത്തില്‍ വ്യക്തമായി വിഭജിച്ചിട്ടില്ലാത്ത മറ്റെല്ലാ പ്രശ്‌നങ്ങളും

സി അച്യുത മേനോന്‍

ധനകാര്യം, ഇന്‍ഷ്വറന്‍സ്, കമേര്‍ഷ്യല്‍ ടാക്‌സ്, കാര്‍ഷികാദായ നികുതി, കൃഷി, മൃഗ സംരക്ഷണം

കെസി ജോര്‍ജ്ജ്

ഭക്ഷ്യം, വനം, സിവില്‍ സപ്ലൈസ്

കെപി ഗോപാലന്‍

വ്യവസായം, വാണിജ്യം, ജിയോളജി, സിമന്റ്, ഇരുമ്പ്, ഉരുക്ക്, ദേശീയ വികസന പദ്ധതികള്‍

ടിവി തോമസ്

തൊഴില്‍ വകുപ്പ്, ട്രാന്‍സ്പോര്‍ട്ട്, നഗരസഭകള്‍, സ്‌പോര്‍ട്‌സും അസോസിയേഷനുകളും

പികെ ചാത്തന്‍ മാസ്റ്റര്‍

പ്രാദേശിക സ്വയം ഭരണം, പിന്നോക്ക സമുദായോദ്ധാരണം, പഞ്ചായത്ത്, ഡിസ്ട്രിക്ട് ബോര്‍ഡ്, ഭവന നിര്‍മ്മാണം, പുനരധിവാസം, കോളനൈസേഷന്‍

കെആര്‍ ഗൗരി

ഭൂനികുതി, എക്‌സൈസ്, മദ്യ നിരോധനം, ദേവസ്വം, ചാരിറ്റബിള്‍ എന്‍ടോവ്‌മെന്റ്, രജിസ്‌ട്രേഷന്‍

ടിഎ മജീദ്

പൊതുമരാമത്ത്, റയില്‍വെ, കമ്മ്യൂണിക്കേഷന്‍സ്, പോര്‍ട്ട്, ഇന്‍ഫര്‍മേഷനും പബ്ലിസിറ്റിയും

പ്രൊഫ. മുണ്ടശ്ശേരി

വിദ്യാഭ്യാസം, സഹകരണം, ഫിഷറീസ്, സ്റ്റേഷനറിയും പ്രിന്റിംഗും, മൃഗശാല, പുരാതന വസ്തു ഗവേഷണം

ഡോ. എആര്‍ മേനോന്‍

ആരോഗ്യം, ഹെല്‍ത്ത് സര്‍വീസ്, ആയുര്‍വേദം

വിആര്‍ കൃഷ്ണയ്യര്‍

നിയമം, നിയമ നിര്‍മ്മാണം, തെരഞ്ഞെടുപ്പ്, സിവില്‍ and ക്രിമിനല്‍ ഭരണം, ജയില്‍, ജലസേചനം, വിദ്യുച്ഛക്തി. '

മുഖ്യമന്ത്രി ഉള്‍പ്പെടെ പല മന്ത്രിമാരും രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് ഒരു വസതി പങ്കിടുകയായിരുന്നു

മറ്റൊരറിയിപ്പ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ കാര്യത്തില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ ഏര്‍പ്പാടുകളെ സംബന്ധിച്ചുള്ളതായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പല മന്ത്രിമാരും രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് ഒരു വസതി പങ്കിടുകയായിരുന്നു എന്നത് കൗതുകം പകരുന്നു.

'മുഖ്യമന്ത്രി ഇഎംഎസ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ശ്രീ. ടി എ മജീദ് എന്നിവര്‍ ക്ലിഫ് ഹൗസ്

ഡോ. എആര്‍മേനോന്‍ - എസ്സന്‍ഡീന്‍

ടി വി തോമസ് - നളന്ദ

വി ആര്‍ കൃഷ്ണയ്യര്‍, കെ പി ഗോപാലന്‍ - കന്റോണ്‍മെന്റ് ഹൗസ്

സി അച്യുത മേനോന്‍, പി കെ ചാത്തന്‍മാസ്റ്റര്‍, കെ സി ജോര്‍ജ്ജ് - പാര്‍ക്ക് വ്യൂ

കെ ആര്‍ ഗൗരി - സാനഡു '

ഏപ്രില്‍ അഞ്ചാം തീയതി വൈകുന്നേരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വലിയ ജാഥയും പ്രകടനങ്ങളും പൊതുയോഗവും നടന്നു.

പഴവങ്ങാടി മൈതാനത്തു കൂടിയ യോഗത്തില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംഎന്‍ ഗോവിന്ദന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

ബാലറ്റു പെട്ടിയില്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നത് ലോകചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ വിജയത്തെ ലോകമാകെ ഉറ്റുനോക്കുകയാണ്. ' എം എന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും പാര്‍ട്ടി സെക്രട്ടറി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ കരാഘോഷങ്ങളും ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നുകേട്ടു.

ഗവര്‍ണ്ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത അന്ന് തന്നെ പൊതുയോഗം വെച്ചത് ജനങ്ങളുടെ മുമ്പാകെക്കൂടി സത്യപ്രതിജ്ഞയെടുക്കുന്നതിനാണെന്ന് ഇഎംഎസ് മറുപടി പ്രസംഗത്തില്‍ അറിയിച്ചു. ഭരണഘടനയ്ക്കനുസൃതമായിത്തന്നെ അഴിമതിയും അക്രമവും ഇല്ലായ്മ ചെയ്യാന്‍ ബഹുജനങ്ങളുടെ പിന്തുണ യുണ്ടെങ്കില്‍ നിശ്ചയമായും കഴിയുമെന്ന് ഇഎംഎസ് പ്രഖ്യാപിച്ചപ്പോള്‍ നീണ്ടുനിന്ന കരഘോഷമുയര്‍ന്നു.

ems
സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിനു പിന്നാലെ പഴവങ്ങാടിയിലെ യോഗത്തില്‍ ജനങ്ങള്‍ക്കു മുന്നിലും ഇഎംഎസ് സത്യപ്രതിജ്ഞ ചെയ്യുന്നു special arrangement

അടുത്ത ദിവസം ചേര്‍ന്ന ആദ്യത്തെ കാബിനറ്റ് യോഗം ചരിത്രപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു.

'കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നതിന്റെ സൂചനയായി ഏപ്രില്‍ അഞ്ചാം തീയതി നിലവിലിരുന്ന എല്ലാ വധ ശിക്ഷകളും ഇളവു ചെയ്യുന്നതാണെന്നും എല്ലാ രാഷ്ട്രീയതടവുകാരേയും മോചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാട് ഒരു പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. വധശിക്ഷ ഇളവുചെയ്തവരുടെ കൂട്ടത്തില്‍ ശ്രീ. കൊടാകുളങ്ങര വാസു പിള്ളയും ഉള്‍പ്പെടുന്നു.

രാഷ്ട്രീയഛായയുള്ള എല്ലാ കേസുകളും വാറണ്ടുകളും ഗവണ്‍മെന്റ് ഉടന്‍ തന്നെ പിന്‍വലിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ ചെയ്ത ആദ്യത്തെ തീരുമാനമാണിത്.

അസംബ്ലിയുടെ ആദ്യ സമ്മേളനത്തില്‍ ഒരു ബില്ല് അവതരിപ്പിച്ചോ അതിനു മുന്‍പായി ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചോ ഭൂമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ തടയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്റെ പ്രാരംഭമായി ഭൂപ്രശ്‌നങ്ങളെപ്പറ്റി പഠിച്ച് നിശ്ചിത കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു കമ്മിറ്റിയെ നിയമിക്കാനുള്ള പ്രമേയം അടുത്ത നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇടപ്പള്ളി, ശൂരനാട്, മേമുറി എന്നീ രാഷ്ട്രീയക്കേസുകളും പുന്നപ്ര വയലാര്‍ കേസില്‍ നിലവിലിരിക്കുന്ന വാറണ്ടുകളും ഇതിലുള്‍പ്പെടുന്നു. മരണശിക്ഷക്ക് വിധിക്കപ്പെട്ട് കഴുകുമരവും കാത്ത് 10പേര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ആ പത്തു ശിക്ഷകളും ഇളവു ചെയ്യുവാനും തീരുമാനിച്ചിരിക്കുന്നു.'(ജനയുഗം, ഏപ്രില്‍ 6)

ഐക്യകേരളരൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം ഏപ്രില്‍ 27 ന് ആരംഭിച്ചു. പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ദേവികുളത്തുനിന്നുള്ള കമ്മ്യൂണിസ്റ്റ് അംഗം റോസമ്മ പുന്നൂസിന്റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്

1956 മാര്‍ച്ച് 12 ന് രാവിലെ 9 മണിക്കാണ് മുന്‍ തിരുകൊച്ചി നിയമസഭ പിരിഞ്ഞത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്റെ രാജി പ്രസ്താവനയെ തുടര്‍ന്ന് അന്നു പിരിഞ്ഞ നിയമസഭ പിന്നീട് പിരിച്ചു വിടപ്പെട്ടു. അതുകഴിഞ്ഞ് നാനൂറു ദിവസം പൂര്‍ത്തിയാകുന്ന ദിവസമാണ് കേരളത്തിന്റെ പ്രഥമ നിയമസഭയുടെ പ്രഥമ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ വെച്ചു കൂടുന്നത്.

അന്നത്തേതില്‍ നിന്ന് ചില മാറ്റങ്ങള്‍ നിയമസഭാ മന്ദിരത്തില്‍ ദൃശ്യമായിരുന്നു. സ്പീക്കറുടെ കസേരയ്ക്ക് പിന്നിലായി പ്രതിഷ്ഠിച്ചിരുന്ന മുന്‍ തിരു - കൊച്ചി രാജപ്രമുഖന്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ പൂര്‍ണ്ണ കായ ചിത്രം എടുത്തുമാറ്റി ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പൂര്‍ണ്ണകായ ചിത്രം വെച്ചത് പഴയ രാജഭരണത്തിന്റെ അവശിഷ്ടങ്ങളൊക്കെ തുടച്ചുമാറ്റുന്നതിന്റെ ലക്ഷണമായിരുന്നു.

മറ്റൊരു പുതിയ ചിത്രം മുഖ്യമന്ത്രിയുടെ സീറ്റിന് തൊട്ടടുത്ത് സ്പീക്കറുടെ വലതുവശത്തായി സ്ഥാനം പിടിച്ച ഇന്ത്യന്‍ പ്രധാന മന്ത്രി നെഹ്റു വിന്റെ ഒരു പൂര്‍ണ്ണകായ ചിത്രമാണ്. മുമ്പ് 118 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടായിരുന്ന നിയമസഭാ ഹാളില്‍ 127 പേര്‍കക്കുള്ള സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. സ്പീക്കറുടെ ഡയസ്സിനെ അഭിമുഖീകരിച്ച് അര്‍ദ്ധ ചന്ദ്രാകൃതിയില്‍ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ വലതുവശത്ത് രണ്ടു വരിയിലായിട്ടാണ് മന്ത്രിമാരുടെ സീറ്റുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും മുന്‍ നിരയില്‍ മുഖ്യമന്ത്രി ഇഎംഎസ്, ധനകാര്യമന്ത്രി അച്യുത മേനോന്‍, ഭക്ഷ്യമന്ത്രി കെസി ജോര്‍ജ്ജ്, നിയമ മന്ത്രി വിആര്‍ കൃഷ്ണയ്യര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടിവി തോമസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമസഭാകക്ഷിയുടെ സെക്രട്ടറി ഇ ഗോപാലകൃഷ്ണമേനോന്‍ എന്നിവരും തൊട്ടു പിറകിലുള്ള നിരയില്‍ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ചാത്തന്‍ മാസ്റ്റര്‍, റവന്യു മന്ത്രി കെആര്‍ ഗൗരിയമ്മ, പൊതുമരാമത്ത് മന്ത്രി ടി എ മജീദ്, വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി, ആരോഗ്യ മന്ത്രി ഡോ. എആര്‍ മേനോന്‍, വ്യവസായ മന്ത്രി കെപി ഗോപാലന്‍ എന്നിവരും ഇരുന്നു. സ്പീക്കറുടെ ഇടതുവശത്ത് മുന്‍ നിരയില്‍ പ്രതിപക്ഷ നേതാവ് പിടി ചാക്കോ, പിഎസ്പി നേതാവ് പട്ടം താണുപിള്ള, മുസ്ലീം ലീഗ് നേതാവ് സിഎച്ച് മുഹമ്മദ് കോയ എന്നിവരുടെ ഇരിപ്പിടങ്ങളാണ്. കറുത്ത ഫെസ്സ് തൊപ്പിയും ധരിച്ച് കമ്മ്യൂണിസ്റ്റ് അംഗങ്ങളുടെ തൊട്ടടുത്തായി ഇരുന്ന ലീഗ് മെമ്പര്‍മാര്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

രാവിലെ 7.30 മുതല്‍ പുതിയ നിയമസഭാ സാമാജികര്‍ ഹാളിനുള്ളിലേക്ക് വന്നു തുടങ്ങി. അവരില്‍ പലരും ആദ്യമായി അംഗങ്ങളാകുന്നവരായിരുന്നു. നിയമസഭാ മന്ദിരത്തിന്റെ വടക്കേ കവാടത്തില്‍ കൂടി പ്രവേശിച്ച കമ്മ്യൂണിസ്റ്റ് മെമ്പര്‍ അയിഷാ ബീവി വന്നു കയറിയ ഉടനെ കണ്ട സീറ്റുകളിലെല്ലാം കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇരിക്കുന്നത് കണ്ടിട്ട് 'ഇവിടെയെല്ലാം കോണ്‍ഗ്രസ്സുകാരേ ഉള്ളോ' എന്നു ഫലിതരൂപത്തില്‍ ചോദിച്ചു.

എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരും വീശിഷ്ടാതിഥികള്‍ക്കുള്ള ഗ്യാലറിയില്‍ ഇരിപ്പുണ്ടായിരുന്നു. 1954 ലെ തിരുകൊച്ചി നിയമസഭയില്‍ അംഗങ്ങളായിരുന്ന പി വിശ്വംഭരന്‍, കൈപ്പള്ളി കൃഷ്ണ പിള്ള എന്നിവര്‍ പ്രസ്സ് ഗ്യാലറിയില്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

7.45 ന് കയ്യില്‍ ഒരു ബാഗുമായി പ്രതിപക്ഷ നേതാവ് പിടി ചാക്കോ നിയമസഭാ ഹാളിലേക്ക് എത്തി. അല്‍പ്പം കഴിഞ്ഞുവന്ന മന്ത്രി ടിവി തോമസ് കഴിഞ്ഞ രണ്ടു നിയമസഭകളിലും താന്‍ ഇരുന്ന പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്ക് നോക്കി അവിടെ ആസനസ്ഥനായിരുന്ന പിടി ചാക്കോയെ കൈകൂപ്പി വണങ്ങിയ ശേഷം ട്രഷറി ബെഞ്ചില്‍ ചെന്നിരുന്നു. (ട്രഷറി ബഞ്ചില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നെങ്കിലും ഇരിക്കണമെന്നുണ്ടെങ്കില്‍ അതിന് മൂട്ടയായി ജനിക്കേണ്ടി വരുമെന്ന് കഴിഞ്ഞ സഭയില്‍ വെച്ച് മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദ മേനോന്‍ പ്രതിപക്ഷ നേതാവ് ടിവി തോമസിനോട് പറഞ്ഞ കാര്യം എല്ലാവരുടെയും മനസ്സിലേക്ക് വന്നിട്ടുണ്ടാകും അപ്പോള്‍. തിരഞ്ഞെടുപ്പില്‍ പനമ്പിള്ളി ചാലക്കുടി മണ്ഡലത്തില്‍ തോറ്റുപോയിരുന്നു.) സ്പീക്കറുടെ വലതുവശം മുഴുവന്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമാജികന്മാരാണിരുന്നത്. ഇടയ്ക്കിടെ നരച്ച ചില തലകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു കോളേജ് ക്ലാസ്സില്‍ ഇരിക്കുന്നവരെപ്പോലെ പ്രസരിപ്പേറിയ യുവാക്കളായിരുന്നു ഭൂരിപക്ഷവും. അവരുടെ ഇടതുഭാഗത്തായി മുസ്ലീം ലീഗ് മെമ്പര്‍മാരും അതിനടുത്ത് പിഎസ്പി അംഗങ്ങളും ഏറ്റവും ഇടത്തേയറ്റത്ത് കോണ്‍ഗ്രസ്സ് മെമ്പര്‍മാരുമാണ് ഇരുന്നത്. കറുത്ത ഫെസ് തൊപ്പി ധരിച്ച മുസ്ലീം ലീഗിന്റെ അംഗങ്ങള്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി. ആദ്യമായിട്ടാണ് ഇത്രയും വനിതകള്‍ സഭയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ്കാരായ കെആര്‍ ഗൗരി, റോസമ്മ പുന്നൂസ്, കെഓ ആയിഷാ ബായി കോണ്‍ഗ്രസ് അംഗങ്ങളായ ലീലാ ദാമോദര മേനോന്‍, കുസുമം ജോസഫ് തലയ്ക്കല്‍, ശാരദാ കൃഷ്ണന്‍. ആകെ ആറുപേര്‍.

7.50 ന് സഭാ നേതാവായ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് എത്തി. കൃത്യസമയത്തിന് മൂന്നു മിനിട്ടു മുമ്പാണ് പിഎസ്പി നേതാവായ പട്ടം താണുപിള്ള സഭാ ഹാളിലെത്തിയത്. മുഖ്യമന്ത്രി പിന്നീട് പട്ടം താണുപിള്ളയുമായും പിടി ചാക്കോയോടും സംസാരിച്ചു. കൃത്യം എട്ടുമണിക്ക് പ്രോ ടേം സ്പീക്കര്‍ റോസമ്മ പുന്നൂസ് കൂപ്പുകൈകളോടെ അദ്ധ്യക്ഷ വേദിയിലെത്തി.

എത്രയോ കാലം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ചില അതിര്‍വരമ്പുകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും ജനങ്ങളുടെ പ്രതിനിധികള്‍ ഇടകലര്‍ന്നിരുന്നുകൊണ്ട് കേരളത്തിന്റെ വൈകാരികമായ ഐക്യം പ്രഖ്യാപിക്കുന്ന അന്തരീക്ഷത്തില്‍ നടപടികള്‍ ആരംഭിച്ചു.

ആദ്യമായി പൊതു മരാമത്ത് മന്ത്രി ടി അബ്ദുല്‍ മജീദാണ് സത്യ പ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമമനുസരിച്ചാണ് മെമ്പര്‍മാരുടെ പേരുകള്‍ വിളിച്ചത്.

8.20ന് പിടി ചാക്കോയും 9.25 ന് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടും തുടര്‍ന്ന് ആര്‍ ശങ്കരനാരായണന്‍ തമ്പിയും 9.30 ന് പട്ടം താണുപിള്ളയും സത്യ പ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവില്‍ സത്യ പ്രതിജ്ഞ ചെയ്തത് പന്തളം പി ആര്‍ മാധവന്‍ പിള്ളയാണ്.

വയനാട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗമായ വി.മധുര എഴുത്തും വായനയും വശമില്ലാത്തതുകൊണ്ട് സ്പീക്കര്‍ ചൊല്ലിക്കൊടുത്തത് ആവര്‍ത്തിച്ചുപറഞ്ഞാണ് പ്രതിജ്ഞയെടുത്തത്. വയനാട്ടിലെ ഒരു ആദിവാസി കര്‍ഷകനായ മധുര പഴയ മാതൃകയിലുള്ള രണ്ട് കര്‍ണ്ണാഭരണങ്ങളും അണിഞ്ഞിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിജയം ആദ്യമായി പ്രഖ്യാപിച്ച നെയ്യാറ്റിന്‍കരയിലെ മെമ്പര്‍ ഒറ്റശേഖരമംഗലം ജനാര്‍ദ്ദനന്‍ നായരും ഏറ്റവും ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ട ഫലത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടിക്കൊടുക്കുന്നതിന് ഇടയാക്കിയ അണ്ടത്തോട് മെമ്പര്‍ കൊളാടി ഗോവിന്ദന്‍ കുട്ടിയും ശ്രദ്ധയാകര്‍ഷിച്ചു. പിഎസ് പിയിലെ ജോസഫ് ചാഴികാടനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ടികെ കൃഷ്ണനും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇഎംഎസിനോടൊപ്പം നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കല്ലാളന്‍ വൈദ്യന്‍ എത്തിയിരുന്നുവെങ്കിലും പേര് വിളിച്ച നേരത്ത് സഭയില്‍ ഇല്ലാതിരുന്നതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തില്ല. ചാലക്കുടിയില്‍ നിന്നുള്ള പിഎസ്പിയുടെ അംഗമായ സിജി ജനാര്‍ദ്ദനന്‍ മണ്ഡലത്തിലെ ഒരു ഓട്ടു കമ്പനിയുടെ മുന്നില്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നത് കൊണ്ട് സഭയിലെത്തിയിരുന്നില്ല.

സത്യപ്രതിജ്ഞാച്ചടങ്ങ് അവസാനിച്ചതിന് ശേഷം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നു. ഉച്ചയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി അല്ലാതെ മറ്റാരും നോമിനേഷന്‍ സമര്‍പ്പിച്ചിട്ടില്ലാതിരുന്നതിനാല്‍ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടേം സ്പീക്കര്‍ റോസമ്മ പുന്നൂസ് പ്രഖ്യാപിച്ചു.

തുടര്‍ന്ന് സഭാ നേതാവായ മുഖ്യമന്ത്രി ഇഎംഎസും പ്രതിപക്ഷ നേതാവ് പിടി ചാക്കോയും ചേര്‍ന്ന് പുതിയ സ്പീക്കറെ അദ്ദേഹത്തിന്റെ സീറ്റില്‍ നിന്നും സ്വീകരിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

ems, baiju chandran
ബാലറ്റ് യുദ്ധത്തിന്റെ ഇന്നലെകളില്‍
janayugam
ആദ്യ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ special arrangement

കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആരോഹണത്തിന്റെ ആദ്യദിനങ്ങളെക്കുറിച്ച് ഇത്രയും ദീര്‍ഘമായി എഴുതിയത്, കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അസാധാരണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അദ്ധ്യായമായതുകൊണ്ടാണ്. കോണ്‍ഗ്രസ് - പിഎസ്പി - മുസ്ലീംലീഗ്, ആര്‍എസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ , എന്‍എസ്എസ്, എസ്എന്‍ഡിപി, വിവിധ ക്രൈസ്തവ സഭകള്‍, മറ്റു സാമുദായിക സംഘടനകള്‍, കുളത്തുങ്കല്‍ പോത്തനെപ്പോലെ വിരുദ്ധന്മാരായി തീര്‍ന്ന എക്‌സ് കമ്മ്യൂണിസ്റ്റുകാര്‍, ഗാന്ധിയന്മാര്‍, മതപുരോഹിതര്‍, ക്രിസ്റ്റഫര്‍ സേന, വടക്കനച്ചന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി എന്നിവര്‍ക്കു പുറമെ പി കേശവദേവ്, സിജെ തോമസ്, സുകുമാര്‍ അഴീക്കോട്, കൈനിക്കര പത്മനാഭപിള്ള, കെ ബാലകൃഷ്ണന്‍, എംവി ദേവന്‍, പികെ ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, വെട്ടൂര്‍ രാമന്‍ നായര്‍ തുടങ്ങിയ സാഹിത്യ - സാസ്‌കാരിക നായകന്മാര്‍, മനോരമ, മാതൃഭൂമി, മലയാളരാജ്യം, ദീപിക തുടങ്ങിയ പത്രങ്ങള്‍.... ഇവരൊക്കെ അണിനിരന്ന ഒരു വലിയ ശത്രു നിരയെ, അവര്‍ നയിച്ച വിമോചന സമരത്തെ, കേന്ദ്ര സര്‍ക്കാരിന്റെ പിരിച്ചു വിടലിനെ എല്ലാമാണ് ആ ഗവണ്‍മെന്റിന് നേരിടേണ്ടി വന്നത്. ആ എതിര്‍പ്പുകള്‍ക്കിടയിലും കേരളത്തിന്റെ ഭാഗധേയത്തെ തന്നെ തിരുത്തിയെഴുതിയ ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ നിയമവും അവതരിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. അങ്ങനെ അക്ഷരാര്‍ഥത്തില്‍ത്തന്നെ പുതുയുഗപ്പിറവി എന്ന പദം അന്വര്‍ത്ഥമാക്കി. ചില പദങ്ങള്‍ക്ക് തങ്ങള്‍ കല്‍പ്പിക്കുന്നതിനേക്കാള്‍ ഘനവും അര്‍ത്ഥ വ്യാപ്തിയുമുണ്ടെന്ന് പുതു തലമുറ മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും. അതിന് പക്ഷെ അല്‍പ്പം ചരിത്രം കൂടി പഠിക്കാന്‍ സന്നദ്ധത കാണിക്കണമെന്ന് മാത്രം.

Summary

Baiju Chandran on swearing in of first EMS ministry in 1957

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com