മാനവികതയിലേയ്ക്ക് ഒഴുകിപ്പരന്ന മാന്ത്രിക വിസ്മയം

Gopinath Muthukad and Babu P Ramesh
ഗോപിനാഥ് മുതുകാടിനെക്കുറിച്ച് ബാബു പി രമേഷ് എഴുതുന്നുSpecial arrangement
Updated on

ഴ്ചയില്‍ മൂന്നു ദിവസമോ അതിലധികമോ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ കരംപുര ക്യാംപസിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യേണ്ട സാഹചര്യം വന്നുപെട്ടിട്ട് ഇപ്പോള്‍ എട്ടൊന്‍പത് മാസമായി. അതിനു മുമ്പ് എന്റെ പ്രവൃത്തിയിടം കശ്മീരി ഗേറ്റിലുള്ള മെയിന്‍ ക്യാംപസ് മാത്രമായിരുന്നു. റെഡ് ഫോര്‍ട്ടിനടുത്തുള്ള കശ്മീരി ഗേറ്റിലേയ്ക്കുള്ള യാത്ര ഒരിക്കലും വിരസമായിരുന്നില്ല. മുക്കാല്‍ വഴിയോളം നീത കൂടെയുണ്ടാവും, പിന്നെയുള്ള ഇരുപത് മിനിറ്റില്‍ കൊണാട്ട് പ്ലേസും ഫിറോസ് കോട്ട്‌ലാ സ്റ്റേഡിയവും രാജ്ഘാട്ടുമൊക്കെ കണ്ട് അങ്ങനെ പോയിവരുന്നത് ഏറെ സന്തോഷകരമായ ഒരനുഭവമായാണ് എന്നും തോന്നിയിരുന്നത്. പക്ഷെ ഓര്‍ക്കാപ്പുറത്ത് കശ്മീരി ഗേറ്റ് യാത്രകള്‍ കുറയുകയും കരംപുര ട്രിപ്പുകള്‍ പതിവാവുകയും ചെയ്തപ്പോഴാണ് വിരസതയകറ്റാനായി ഡ്രൈവിങ്ങിനിടയില്‍ ഏതെങ്കിലും യൂട്യൂബ് വീഡിയോകള്‍ 'കേള്‍ക്കുന്ന' ഒരു പുതിയ പതിവിന് തുടക്കമിട്ടത്.

അങ്ങനെ സുകുമാര്‍ അഴീക്കോടും പി.കെ. രാജശേഖരനും സുനില്‍ പി. ഇളയിടവും സുഭാഷ് ചന്ദ്രനും എം. എന്‍. കാരശ്ശേരിയും കെ.പി.രാമനുണ്ണിയും ബെന്യാമിനും ആലങ്കോട് ലീലാകൃഷ്ണനുമൊക്കെ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും കൂട്ടുതരുന്നതിനിടയിലാണ് ആകസ്മികമായി ഗോപിനാഥ് മുതുകാടെന്ന ഇന്ദ്രജാല വിസ്മയത്തിന്റെ വീഡിയോകളും ഞാന്‍ കേട്ടുതുടങ്ങിയത്.

പല വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഷെയറുകളിലും മുതുകാടിന്റെ നുറുങ്ങു ക്ലിപ്പിങ്ങുകള്‍ കണ്ടിട്ടുള്ളതിനാല്‍ അദ്ദേഹത്തെ കുറച്ചു കൂടി വിശദമായി കേള്‍ക്കണമെന്ന് മുന്‍പേ തന്നെ ആഗ്രഹമുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, അന്നുവരെ ഞാന്‍ ഏറ്റവും ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്ന കാരശ്ശേരി മാഷെ പിന്തള്ളിക്കൊണ്ട് മുതുകാട് മുന്നേറി വന്നു.

മാന്ത്രികനായ മുതുകാടിനെപ്പറ്റിയും പൊതുപ്രവര്‍ത്തകനും വാഗ്മിയും സദ്ചിന്താ പ്രചോദകനുമായ മുതുകാടിന്റെ പില്‍കാല ജീവിതത്തെപ്പറ്റിയുമൊക്കെ ഏറെക്കുറേ ഒരു മുന്‍ധാരണയുണ്ടായിരുന്നെങ്കിലും വളരെ സരസവും വിശദവുമായി മുതുകാട് തന്നെ എന്നും രാവിലെയും വൈകീട്ടും അദ്ദേഹത്തിന്റെ കഥ എന്നോട് വിശദമായി പറഞ്ഞപ്പോള്‍, അതു വരെ ശ്രദ്ധിക്കാതെ പോയ മുതുകാടെന്ന മനുഷ്യവിസ്മയത്തിന്റെ പല വശങ്ങളും ആദ്യമായി ഞാനറിയുകയായിരുന്നു. ആ അറിവുകളില്‍ നിന്ന് തിരഞ്ഞെടുത്ത ചിലതെല്ലാം 'സാമൂഹ്യപാഠ'ത്തിന്റെ വായനക്കാരോട് പങ്കുവെയ്ക്കാനാണ് ഇത്തവണ എന്റെ ശ്രമം.

gopinath muthukad
ഗോപിനാഥ് മുതുകാട് മാന്ത്രിക പ്രകടനത്തിനിടെ special arrangement

നിലമ്പൂരിനടുത്തുള്ള കവളമുക്കട്ട എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു സാധാരണ കര്‍ഷകന്റെ മകന്‍, സ്വപ്രയത്‌നത്താല്‍ മാജിക് രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് അടക്കം തിളങ്ങുന്ന അംഗീകാരങ്ങള്‍ നേടി മായാജാലലോകത്തിന്റെ കൊടുമുടികള്‍ കീഴടക്കിയതു തന്നെ ഏറ്റവും വിസ്മയകരമായ കഥയാണ്. മാജിക്കിനു വേണ്ടി മാറ്റിവെച്ച തന്റെ ജീവിതയാത്രയില്‍, മുതുകാട് അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും വെല്ലുവിളികളും അപകടങ്ങളും അവയൊക്കെ തരണം ചെയ്ത് മുന്നേറാനുള്ള അദ്ദേഹത്തിന്റെ അതിശയകരമായ മനക്കരുത്തുമൊക്കെ അറിയുമ്പോള്‍ ഇന്ദ്രജാലത്തിന്റെ ലോകത്തുള്ള അദ്ദേഹത്തിന്റെ വിജയത്തിന് മാറ്റും തിളക്കവും ഏറേ കൂടും. പക്ഷെ, അവിടം കൊണ്ടവസാനിയ്ക്കുന്നില്ല ഗോപിനാഥ് മുതുകാട് എന്ന മനുഷ്യ വിസ്മയത്തിന്റെ അത്ഭുതകഥകള്‍. ഒരു പക്ഷെ മാന്ത്രികന്‍ എന്ന നിലയില്‍ ഏറ്റവും ഔന്നത്യത്തിലെത്തിയ ശേഷം പൊതുജീവിതത്തില്‍ മുതുകാട് നടത്തിയ വളരെ കാമ്പും കനവുമുള്ള മാനുഷിക ഇടപെടലുകളാണ് അദ്ദേഹത്തെ മറ്റേതൊരു മായാജാലക്കാരനില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നു കാണാം.

കന്നുപൂട്ടു കഴിഞ്ഞ് കുളിച്ച് വിശ്രമിക്കുന്ന അച്ഛന്റെ ധാന്വന്തരം കുഴമ്പിന്റെയും ചന്ദ്രികാ സോപ്പിന്റെയും മിശ്രഗന്ധമുള്ള നെഞ്ചത്ത് കിടന്നാണ് കൊച്ചു ഗോപി മാജിക്കിനെപ്പറ്റിയുള്ള ആദ്യ കഥകള്‍ കേള്‍ക്കുന്നത്. അച്ഛന്‍ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത വാഴക്കുന്നം നമ്പൂതിരിയെന്ന മഹാമാന്ത്രികന്റെ മായാജാല കഥകളോരോന്നും അച്ഛന്റെ 'കുട്ടി'ക്ക് മാജിക് എന്ന ലോകത്തിലേക്കുള്ള ആദ്യത്തെ കിളിവാതിലുകളായി.

കൊച്ചു ഗോപി ജീവിതത്തില്‍ ആദ്യം കണ്ട മാജിക്കും സ്വന്തം വീട്ടില്‍ വെച്ചു തന്നെയായിരുന്നു! എന്നും പതിവായിക്കിട്ടുന്ന അച്ഛന്റെ പ്രാതലിന്റെ ബാക്കി ഒരു ദിവസം പാത്രത്തില്‍ കാണാഞ്ഞതിനാല്‍ ചന്നംപിന്നം കരഞ്ഞ ഗോപിയെ ആ പാത്രത്തിന് മുകളില്‍ ഒരില വെച്ച് അടച്ച ശേഷം പിന്നീട് അത് തുറന്ന് ഒരു പുട്ടുകഷണം നല്‍കിക്കൊണ്ട് അത്ഭുതപ്പെടുത്തിയ അമ്മയാണ് താന്‍ ജീവിതത്തിലാദ്യമായി നേരില്‍ കണ്ട മായാജാലക്കാരി എന്നാണ് മുതുകാടിന്റെ സാക്ഷ്യം!

മാജിക്കുകാരനാവാനായുള്ള അടങ്ങാത്ത ആഗ്രഹം സഫലമാക്കാനായി രണ്ട് തവണ ചെറുകിട മോഷണങ്ങള്‍ വരെ നടത്തിയിട്ടുണ്ട്, കവളമുക്കട്ട എല്‍. പി. സ്‌കൂളില്‍ 'ഗോപി മാന്‍ഡ്രേക്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊച്ചു ഗോപി. അച്ഛന്റെ വാച്ച് അടിച്ചു മാറ്റി കൂട്ടുകാരന്‍ ഹമീദിന്റെ അച്ഛന്‍ ദുബായില്‍ നിന്ന് കൊണ്ടു വന്ന മാജിക് സ്‌റേറ്റുമായി വെച്ചു മാറ്റം നടത്താനായിരുന്നു ആദ്യത്തെ മോഷണം. നാട്ടിലെ ഒരു ചെറുകിട മായാജാലക്കാരനില്‍ നിന്ന് ഒരു മാജിക് ഐറ്റം പഠിക്കാന്‍ വേണ്ടി അച്ഛന്റെ പോക്കറ്റില്‍ നിന്ന് ഇരുപത്തഞ്ച് രൂപ മോഷ്ടിച്ചതാണ് രണ്ടാമത്തെ കളവ്. ഇതില്‍ ആദ്യശ്രമം മാനനഷ്ടത്തിലും രണ്ടാമത്തേത് മാനഹാനിയോടൊപ്പം ധന നഷ്ടത്തിലും കലാശിച്ചെങ്കിലും, ഗോപിയുടെ മാജികിനോടുള്ള അടങ്ങാത്ത ആഗ്രഹം തിരിച്ചറിയാന്‍ അച്ഛനമ്മമാരെയും കുടുംബാംഗങ്ങളേയും സഹായിച്ച സംഭവങ്ങളായിരുന്നു ഈ മോഷണ എപ്പിസോഡുകള്‍!

gopinath muthukad
ഗോപിനാഥ് മുതുകാട് മാന്ത്രിക പ്രകടനത്തിനിടെ special arrangement

ഭാഗ്യം എപ്പോഴും ഗുരുനാഥന്‍മാരുടെ രൂപത്തില്‍ ആകസ്മികമായി മുതുകാടിനെ തേടിയെത്തിക്കൊണ്ടിരുന്നു. കേരളത്തിലെ അക്കാലത്തെ പ്രശസ്ത മജീഷ്യനായിരുന്ന ആര്‍.കെ. മലയത്തും അച്ഛന്റെ കഥകളിലൂടെ മുന്‍പേ തന്നെ കേട്ടറിഞ്ഞ വാഴക്കുന്നം നമ്പൂതിരിയുമൊക്കെ ആരോ പറഞ്ഞു വെച്ച പോലെ വേണ്ട സമയത്ത് ഗുരുനാഥന്മാരുടെ രൂപത്തില്‍ മുതുകാടിന്റെ മുമ്പിലെത്തി. ഇതേ ഭാഗ്യം ഇന്ത്യന്‍ മായാജാലത്തിലെ മറ്റൊരു ഇതിഹാസമായ പി.സി. സര്‍ക്കാര്‍ ജൂനിയറിനേയും ലോക മാസ്മരിക ലോകത്തെ അതികായനായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിനേയുമൊക്കെ വിധിവശാല്‍ പരിചയപ്പെടാനും അവരില്‍ നിന്ന് പല കാര്യങ്ങളും പഠിച്ചെടുക്കാനുമൊക്കെ മുതുകാടിനെ സഹായിച്ചു. ഗുരുക്കളും ഗുരുസ്ഥാനീയരുമായ പ്രതിഭകളോരുരുത്തരും പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ ഏറ്റവും ശ്രദ്ധയോടെ മനസ്സിലാക്കി, കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കി മാജിക്കിന്റെ ലോകത്ത് മുന്നേറുമ്പോള്‍ ഓരോ സമയത്തും ഓരോരോ സ്വപ്നങ്ങളോ ലക്ഷ്യങ്ങളോ മുതുകാടിനു മുന്നിലുണ്ടായിരുന്നു. ഈ സ്വപ്നങ്ങളോരോന്നും മായിക ലോകത്തെ അദ്ദേഹത്തിന്റെ അതാതു സമയത്തെ വളര്‍ച്ചത്തോതിനനുപാതമായി ഒന്നിനൊന്ന് ഉയര്‍ന്നവയായിരുന്നു. ഉദാഹരണത്തിന്, 1987ല്‍ കോഴിക്കോട് മാജിക് അവതരിപ്പിക്കുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന മജീഷ്യന്‍ ആവണമെന്നായിരുന്നു മുതുകാട് ആഗ്രഹിച്ചിരുന്നെങ്കില്‍, കുറച്ച് കാലത്തിനു ശേഷം അദ്ദേഹത്തിന്റെ മനസ്സില്‍ മുളപൊട്ടിയ മോഹം ലോക ഇന്ദ്രജാല വിദ്യയിലെ എക്കാലത്തേയും അതികായനായ ഹാരി ഹൗഡിനി ഒരിക്കല്‍ മാത്രം - 1904 ല്‍ - ന്യൂ യോര്‍ക്കില്‍ അവതരിപ്പിച്ച ഫയര്‍ എസ്‌കേപ് ആക്ട് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കണമെന്നായിരുന്നു!

ഇങ്ങനെ ഉള്ളില്‍ ഉന്നം വെച്ച മോഹങ്ങളെ ഒന്നൊന്നായി പിന്തുടരാന്‍ മനസ്സിനേയും ശരീരത്തേയും പാകപ്പെടുത്തി കഠിനശ്രമം നടത്തി ആ ചെറുപ്പക്കാരന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഇന്ത്യന്‍ മായാജാല ലോകത്തിലെ തന്നെ വിസ്മയമായി ഗോപിനാഥ് മുതുകാട് എന്ന താരം ഉദിച്ചുയരുകയായിരുന്നു.

അറിയപ്പെടുന്ന ഒരു മജീഷ്യന്‍ ആവാന്‍ വേണ്ടി മുതുകാട് അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏറെയാണ്. തുടക്കം മുതല്‍ ഗോപിയുടെ മാജിക് സ്വപ്നങ്ങള്‍ക്ക് കൂടെ നിന്ന അച്ഛന്റെ ആഗ്രഹം മകനൊരു വക്കീലാവണമെന്നായിരുന്നെങ്കിലും, ബാംഗ്ലൂരിലെ ഒരു വര്‍ഷത്തെ എല്‍. എല്‍. ബി. പഠനത്തിനു ശേഷം തന്റെ സ്വന്തം വഴി മാജികിന്റേതാണെന്ന് തിരിച്ചറിഞ്ഞ്, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതയില്‍ പറഞ്ഞപോലെ 'അധികമാരും നടക്കാത്ത ക്ലിഷ്ട പാതയിലൂടെ' യാത്ര തുടര്‍ന്നയാളാണ് മുതുകാട്. ആ തീരുമാനമെടുത്ത നാള്‍ മുതല്‍ ഏറെക്കാലത്തോളം ഗോപിയുടെ മാജിക് മോഹങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും പശ്ചാത്തലമായി അച്ഛന്റെ അനിഷ്ടവും വേവലാതിയും വിടാതെ കൂടെയുണ്ടായിരുന്നു.

മാജിക് പെട്ടിയും തൂക്കി സ്‌കൂളുകളിലും ഉത്സവപ്പറമ്പുകളിലും അവസരങ്ങള്‍ തേടി നടന്ന ആ കാലത്ത് ജീവിത വിജയം, സാമ്പത്തിക സ്ഥിരത എന്നിവയെല്ലാം ഒരിക്കലും നേടാന്‍ പറ്റാത്തത്ര ദൂരെയുള്ള സങ്കല്പങ്ങളായിരുന്നു. മാജിക് നല്‍കിയ ആഹ്ലാദത്തിനും അഭിമാനത്തിനുമൊക്കെ മേല്‍ സാമ്പത്തിക പരാധീനതയുടെയും ജീവിത പ്രാരാബ്ധത്തിന്റെയും കറുത്ത മേഘങ്ങള്‍ വന്ന് നിറഞ്ഞപ്പോള്‍ താന്‍ തിരഞ്ഞെടുത്ത വഴി തെറ്റായിപ്പോയോ എന്ന് വരെ തോന്നിയിരുന്നു, ഗോപിക്ക്. തുടക്ക കാലത്ത് 'മുതുകാട് മാജിക് ട്രൂപ്പി'നായി വാങ്ങിയ കെ. എല്‍. എം. 3037 എന്ന ബസിനു വേണ്ടിയെടുത്ത കടം പെരുകി, ജപ്തിയുടെ വക്കോളമെത്തിയപ്പോള്‍ ആത്മഹത്യ എന്ന എസ്‌കേപ് ആക്ടിലൂടെ ജീവിതത്തിന് പൂര്‍ണ്ണ വിരാമമിടാന്‍ തീരുമാനിച്ച ഗോപിയുടെ യോഗം പക്ഷെ ഇന്ത്യന്‍ മാജിക്കിന്റെ തന്നെ തലവര മാറ്റിയെഴുതാനായിരുന്നു. സ്വയം തിരഞ്ഞെടുത്ത, വൈദ്യുത ഷോക്കേറ്റുള്ള മരണത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടു വന്ന ആത്മമിത്രം രാജനടക്കം, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും ചേട്ടത്തിയമ്മമാരുമൊക്കെ ഗോപിയെന്ന 'കവളമുക്കട്ടയിലെ കല്‍ഭരണി'യില്‍ വിശ്വാസപൂര്‍വ്വം വെള്ളം കോരി നിറച്ച് അത് വീഞ്ഞാവുന്നത് കാണാന്‍ കരുതലോടെ കൂടെയുണ്ടെന്ന തിരിച്ചറിവ് വന്നതോടെ ഗോപിനാഥ് മുതുകാട് എന്ന ജാലവിദ്യക്കാരന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പരാജയങ്ങളില്‍ പതറാതെ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റ ഒരു ഫീനിക്‌സ് പക്ഷിയാണ് മുതുകാട് എന്ന മാന്ത്രികന്‍. പത്താം വയസ്സില്‍ അരങ്ങേറ്റം നടത്തിയ സ്റ്റേജില്‍ കാണിച്ച രണ്ട് ഐറ്റങ്ങളും ഫ്‌ലോപ്പായപ്പോള്‍ അലമുറയിട്ടു കരഞ്ഞു കൊണ്ട് ഇനി എന്നെക്കൊണ്ട് മാജിക് ആവില്ല എന്ന് പറഞ്ഞ ഗോപിയോട് അച്ഛന്‍ പറഞ്ഞ വാക്കുകളാണ് ഇന്നും ജീവിതയാത്രയില്‍ മുതുകാടിന്റെ ഊര്‍ജ്ജം. 'കുട്ട്യേ, വിജയത്തില്‍ നിന്ന് നമ്മളൊന്നും പഠിക്കുന്നില്ല. പരാജയത്തില്‍ നിന്നുമാത്രമാണ് നമ്മള്‍ പഠിക്കുന്നത്'. വളര്‍ച്ചയുടെ ഉയരങ്ങളിലെത്തി നില്‍ക്കുമ്പോള്‍ പലപ്പോഴും കാലിടറി വീണപ്പോഴൊക്കെ അച്ഛന്‍ പറഞ്ഞ ആ വാക്കുകളായിരുന്നു മുതുകാടിന്റെ വഴിവിളക്ക്.

മാജിക് വഴിയില്‍ താന്‍ നേരിട്ട വീഴ്ചകളോരോന്നും ഇന്ദ്രജാലത്തിലും ജീവിതത്തിലുമുള്ള തന്റെ ഉള്‍ക്കാഴ്ചകളെ കൂടുതല്‍ ഊതിക്കാച്ചി തിളക്കിയെടുക്കാന്‍ സഹായിച്ചുവെന്ന പക്ഷക്കാരനാണ് മുതുകാട്. അതുകൊണ്ടു തന്നെ മാജിക് പ്രദര്‍ശനങ്ങളില്‍ അദ്ദേഹത്തിനുണ്ടായ പാളിച്ചകളും തിരിച്ചടികളുമൊന്നും ആരെയുമറിയിക്കാതെ മൂടിവെയ്ക്കുന്ന ശീലവും അദ്ദേഹത്തിനില്ല തന്നെ.

Gopinath Muthukad and Babu P Ramesh
രഘു റായ്: ക്യാമറ കണ്ണാക്കിയ ഛായാഗ്രാഹകന്‍
gopinath muthukad
ഗോപിനാഥ് മുതുകാടിന്റെ ഫയര്‍ എസ്‌കേപ്പ്‌ special Arrangement

തിരുവനന്തപുരത്ത് വിജയകരമായി നടത്തിയ ഒരു ഹൗഡിനി ഫയര്‍ എസ്‌കേപ്പ്, പിന്നീട് ബഹ്റൈനില്‍ വെച്ചു നടത്തിയപ്പോള്‍ വലിയൊരപകടത്തിലാണ് കലാശിച്ചത്. മണ്ണെണ്ണയും വൈക്കോലും ലഭ്യമല്ലാത്തതിനാല്‍ പെട്രോളും കുതിരയ്ക്ക് കൊടുക്കുന്ന തീറ്റപ്പുല്ലും ഉപയോഗിച്ചതിനാല്‍ പണി പാളി. മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ശേഷം ഗുരുതരമായ പൊള്ളലേറ്റ് ആഴ്ചകളോളം അവിടത്തെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നപ്പോഴും, താന്‍ ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥകള്‍ മാനിക്കാനായി, പൊള്ളലുകള്‍ പാടെ ഉണങ്ങുന്നതിനുമുമ്പു തന്നെ വേദന കടിച്ചമര്‍ത്തി സ്റ്റേജ് ഷോ ചെയ്ത് തളരാതെ ജീവിതത്തെ നേരിട്ടയാളാണ് മുതുകാട്. വര്‍ഷങ്ങള്‍ക്കപ്പുറം ബഹ്റൈനില്‍ തിരിച്ചു ചെന്ന് മുന്‍പ് പാളിപ്പോയ എസ്‌കേപ് ആക്ട് വിജയകരമായി ചെയ്ത് തീര്‍ത്ത് തന്നോടു തന്നെയുള്ള വലിയ ആ കടം മുതുകാട് കൃത്യമായി വീട്ടിയെന്നത് പില്‍ക്കാല ചരിത്രവുമാണ്.

മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തില്‍ വെച്ച് നടത്തിയ പ്രൊപ്പെല്ലര്‍ എസ്‌കേപ് ആക്ട് വിജയകരമാവാത്തതിനാല്‍ അഭിമാനക്ഷതം മൂലം മനസ്സ് തകര്‍ന്ന വേളയില്‍ ഒരു മാറ്റത്തിനു വേണ്ടി ഡല്‍ഹിയിലേക്ക് പോയി തിരിച്ചു വന്ന് പൂര്‍വ്വാധികം കരുത്തോടെ മാജിക്കിന്റെ മേഖലയില്‍ തുടര്‍ന്നപ്പോഴും മുതുകാട് മനസ്സില്‍ സൂക്ഷിച്ച മന്ത്രം 'വീഴ്ച പറ്റുന്നത് തെറ്റല്ല. പക്ഷെ, വീണിടത്തു നിന്ന് തിരിച്ചെഴുന്നേല്‍ക്കാത്തതാണ് തെറ്റ്' എന്നതാണ്. 2002 ല്‍ പരാജയപ്പെട്ട പ്രൊപ്പെല്ലര്‍ എസ്‌കേപ് എന്ന രക്ഷപ്പെടല്‍ മാജിക്, 2012 ല്‍ 'ഒരു പരാജയത്തിന്റെ പത്താം വാര്‍ഷികം' എന്ന് പേരിട്ട് ഏറ്റവും വിജയകരമായി തിരുവനന്തപുരത്ത് തന്നെ അവതരിപ്പിച്ച മുതുകാട്, തോല്‍വിയെ പ്രതികാരബുദ്ധിയോടെ തോല്‍പ്പിക്കാനുള്ള തന്റെ മിടുക്ക് ഒരിക്കല്‍ കൂടി പ്രകടമാക്കി.

1997ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് വാട്ടര്‍ ടോര്‍ച്ചര്‍ എസ്‌കേപ് എന്ന പരിപാടി നടത്തിയപ്പോള്‍ മൂന്നു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് ബാഗില്‍ ബന്ധിതനായ അവസ്ഥയില്‍ വൈദ്യുതി പ്രവാഹമുള്ള ജലപേടകത്തില്‍ അടയ്ക്കപ്പെട്ട മാന്ത്രികന്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ തന്റെ മേല്‍ പതിക്കാനുള്ള മൂര്‍ച്ചയുള്ള വാള്‍ത്തലപ്പില്‍ നിന്ന് അതിശയകരമായി രക്ഷപ്പെടുന്ന ആ രക്ഷപ്പെടല്‍ തന്ത്രമാണ്, സംഘാഗങ്ങളിലൊരാളുടെ ചെറിയൊരു അശ്രദ്ധ മൂലം, മരണത്തെയും മുതുകാടിനേയും മുഖാമുഖം കൊണ്ടുവന്നത്. ഭാഗ്യം ഒന്നു കൊണ്ടു മാത്രം നടത്തിയ അന്നത്തെ തലനാരിഴ വ്യത്യാസത്തിലുള്ള ജീവിതത്തിലേയ്ക്കുള്ള തിരിച്ചു വരവിനു ശേഷവും ഹാരി ഹൗഡിനി ബാക്കി വെച്ചു പോയ രക്ഷപ്പെടല്‍ തന്ത്രങ്ങളെന്ന ആപത്കരമായ മേഖലയില്‍ വീണ്ടും വീണ്ടും പരീക്ഷണങ്ങള്‍ ചെയ്യാനുള്ള മുതുകാടിന്റെ അടങ്ങാത്ത ആഗ്രഹം, വെല്ലുവിളികളെ നേരിടാനും മാജികിനു വേണ്ടി ആത്മാര്‍പ്പണം നടത്താനുമുള്ള അദ്ദേഹത്തിന്റെ ഉറച്ച തീരുമാനത്തിന്റെ ഉദാഹരണങ്ങളാണ്. 'എവറസ്റ്റ് അവിടെയുള്ളതു കൊണ്ടാണ്' ആ കൊടുമുടി കീഴടക്കാന്‍ താന്‍ വീണ്ടും വീണ്ടും പരിശ്രമിക്കുന്നത് എന്ന എഡ്മണ്ട് ഹിലരിയുടെ പ്രചോദനാത്മകമായ വരികളാണ് സാഹസികമായ വെല്ലുവിളികളേറ്റെടുത്തു നടത്തുമ്പോഴൊക്കെ മുതുകാട് മനസ്സില്‍ നിരന്തരം ഉരുക്കഴിച്ചിരുന്നത്.

gopinath muthukad
മുന്‍ രാഷ്ട്രപതി കെആര്‍ നാരായണനൊപ്പം മുതുകാട്‌ Special Arrangement

മറ്റ് ഒട്ടുമിക്ക ജാലവിദ്യക്കാരില്‍ നിന്നും ഗോപിനാഥ് മുതുകാട് വ്യത്യസ്തനാവുന്നത് സാമൂഹ്യമാറ്റത്തിനായി മാജിക് എന്ന മാധ്യമത്തെ ഏറ്റവും ഫലപ്രദമായി അദ്ദേഹം ഉപയോഗിച്ചുവെന്ന ഒരൊറ്റക്കാരണം കൊണ്ടാണ്. 1990 കളുടെ തുടക്കകാലത്ത് സാക്ഷരതാ യജ്ഞം കേരളത്തിന്റെ ഹരമായി മാറിയ കാലത്താണ് പെട്ടെന്നൊരു ദിവസം 'എന്തു കൊണ്ട് മാജികിനെ സാക്ഷരതാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അറിവിന്റെ ലോകത്തെപ്പറ്റി സാമാന്യജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനുമൊക്കെയായി ഉപയോഗിച്ചു കൂടാ' എന്ന ഒരു ഉള്‍വിളി മുതുകാടിന്റെ മനസ്സില്‍ മുളപൊട്ടിയത്. ഈ ആശയത്തിന് അന്നത്തെ മലപ്പുറം ജില്ലാ കലക്ടറായിരുന്ന പി.കെ. മൊഹന്തിയും പിന്നീട് കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുമൊക്കെ പൂര്‍ണ്ണമനസ്സോടെ പിന്തുണ നല്‍കിയപ്പോള്‍ ശേഷം സംഭവിച്ചത് ഒരു ചരിത്ര വിജയമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗ്രാമപ്രദേശങ്ങളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി മാജികിനെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ലോകത്തിനു തന്നെ ഒരു മാതൃകാ ബോധവത്കരണ പദ്ധതി നല്‍കാന്‍ ആ വേറിട്ട സംരഭത്തിലൂടെ മുതുകാടിനും സംഘത്തിനും കഴിഞ്ഞു.

ജനങ്ങള്‍ക്കായി ജനങ്ങളിലേക്ക് മാജിക് എത്തിക്കുക എന്ന മുതുകാടിന്റെ സ്വപ്നമാണ് ഇന്ത്യയിലുടനീളം സഞ്ചരിച്ചു കൊണ്ട് മാജിക്കിന്റെ സാമൂഹ്യ ബോധവല്‍ക്കരണ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പിന്നീട് അദ്ദേഹത്തിനെ പ്രാപ്തനാക്കിയത്.

ദേശീയോദ്ഗ്രഥനത്തിനായി 2002 ല്‍ നടത്തിയ'വിസ്മയ ഭാരതയാത്ര'; ഏഴ് ഗാന്ധിയന്‍ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ 'ഗാന്ധി മന്ത്ര' യാത്ര; 2008 ലെ 'വിസ്മയ സ്വാരാജ് യാത്ര'; 2010ല്‍ പട്ടാളക്കാര്‍ക്കായി ചെയ്ത 'മിഷന്‍ ഇന്ത്യ'; 2024 ല്‍ നടത്തിയ 'ഇന്‍ക്ല്യൂസിവ് ഇന്ത്യ' എന്നിങ്ങനെ നിരവധി യാത്രകളിലൂടെ ഇന്ത്യയെ അതിന്റെ പൂര്‍ണ്ണമായ വൈവിധ്യങ്ങളോടെ നേരിട്ടറിയാന്‍ മുതുകാടിന് കഴിഞ്ഞു. ഇത്തരം യാത്രകളില്‍ പലപ്പോഴും വളരെ അപകടം പിടിച്ച സന്ദര്‍ഭങ്ങള്‍ നേരിടേണ്ടി വന്നത് അദ്ദേഹത്തിന് അനുഭവസമ്പത്തും ആത്മബലവും നല്‍കി.

Gopinath Muthukad
മുതുകാട് സുഷമ സ്വരാജിനും ഒ രാജഗോപാലിനുമൊപ്പം Special Arrangement
Gopinath Muthukad and Babu P Ramesh
അന്നും കോണ്‍ഗ്രസിന് 63 സീറ്റ്, മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ചര്‍ച്ചയോട് ചര്‍ച്ച; ചരിത്രം പ്രഹസനമായി മാറുമ്പോള്‍

സാമൂഹ്യ പാഠത്തില്‍ നമ്മള്‍ പഠിച്ച ഇന്ത്യയല്ല കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും താന്‍ കണ്ട ഇന്ത്യയെന്ന് മുതുകാട് സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇരുത്തം വന്ന ഒരു സഞ്ചാരിയുടെ നേരറിവാണ് അതെന്ന് നമ്മള്‍ തിരിച്ചറിയും. നാഗാലാന്‍ഡിലെ പര്യടനത്തിനിടയില്‍ വിഘടനവാദികളുടെ താക്കീതിന്റെ നിഴലില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ വിജയകരമായി മാജിക് നടത്തിയതും അതിന് പിന്നാലെ ആ തീവ്രവാദി സംഘത്തിന്റെ നേതാക്കളിലൊരാളെ അവരുടെ താവളത്തില്‍ ചെന്ന് അതിസാഹസികമായി ചെന്ന് കണ്ടു സംസാരിച്ചതുമൊക്കെ മനസ്സിലാക്കുമ്പോള്‍ ജീവിതത്തിലും ഹൗഡിനി എസ്‌കേപ് ആക്ട് ചെയ്യാന്‍ ഒരുങ്ങിയ മുതുകാടിന്റെ സാഹസിക മനസ്സാണ് നമ്മള്‍ തിരിച്ചറിയുക!

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലധികമായി മാജിക്കിലൂടെ സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ക്കിടയില്‍ ബോധവത്കരണത്തിനായി നിരന്തരം പ്രയത്‌നിക്കുന്ന മുതുകാടിന്റെ പ്രദര്‍ശനങ്ങള്‍ ഓരോന്നും അദ്ദേഹം എക്കാലവും ഊന്നി നില്‍ക്കുന്ന മാനവികതയുടെ വിശ്വാസ പ്രഖ്യാപനങ്ങളാണ്. സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും മനുഷ്യാവകാശ സംരക്ഷണത്തിനായും സാമൂഹ്യ നീതിക്കായുമൊക്കെയുള്ള പ്രദര്‍ശനങ്ങള്‍ നടത്തി മുന്നേറുന്ന മുതുകാട് തന്റെ പ്രദര്‍ശനങ്ങളിലൂടെ കൈകാര്യം ചെയ്ത വിഷയങ്ങള്‍ തന്നെ ആരെയും വിസ്മയിക്കും വിധം വൈവിധ്യമാര്‍ന്നതാണ്. ബാലവേല, ഗാര്‍ഹിക പീഠനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ഭിന്നശേഷിക്കാരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഇത്രയും ആഴത്തിലും പരപ്പിലും മാനവിക വിഷയങ്ങളില്‍ മാജിക്കിനെ സന്നിവേശിപ്പിച്ച മറ്റൊരു ഇന്ദ്രജാലക്കാരനെ നമുക്ക് കണ്ടെത്താനാവില്ല എന്നത് തീര്‍ച്ചയാണ്!

1990 കളുടെ തുടക്കത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണനെ പരിചയപ്പെട്ടത് മുതുകാടിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ പ്രേരണയും പിന്തുണയും പ്രോത്സാഹനവും മുതുകാടിനെ തിരുവനന്തപുരത്തേയ്ക്ക് പറിച്ചു നടാനും പിന്നീട് ഗവണ്‍മെന്റ് സഹായത്തോടെ മാജിക് അക്കാദമി എന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ മാജിക് പഠന കേന്ദ്രം ആരംഭിക്കാനും സഹായിച്ചു. അബു അബ്രഹാം ചിത്രം വരച്ച് ഉല്‍ഘാടനം ചെയ്ത മാജിക് അക്കാദമിയിലെ ആദ്യത്തെ വിദ്യാര്‍ഥി ജഗതി ശ്രീകുമാറായിരുന്നു. ഏറെത്താമസിയാതെ മലയാറ്റൂരിന്റെ ശ്രമഫലമായി ടി. എം. ജേക്കബ്ബ് സാംസ്‌കാരിക മന്ത്രിയായിരുന്ന കാലത്ത് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാവിഭാഗങ്ങളില്‍ മാജിക്കിനെ കൂടി ഉള്‍പ്പെടുത്താനായതും മുതുകാടിന്റെ നേട്ടപ്പട്ടികയില്‍ എഴുതിച്ചേര്‍ക്കാവുന്ന കാര്യമാണ്.

തിരുവനന്തപുരത്തെ ജീവിതത്തിനിടയില്‍ സതീഷ് ബാബു പയ്യന്നൂരുമൊത്ത് ചേര്‍ന്ന് ദൂരദര്‍ശനു വേണ്ടി ചെയ്ത 'മാസ്മരം' എന്ന പരിപാടി മാജികിനെ ജനകീയവത്കരിക്കുന്നതില്‍ വളരെ വിജയം നേടിയ സംരഭമായിരുന്നു. മോഹന്‍ലാലിനെപ്പോലെയുള്ള പ്രതിഭാശാലികളായ ശിഷ്യരെ നല്‍കിയതും അനന്തപുരിയാണ്. 1998 ല്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്ത ശേഷം, ഏറ്റവുമൊടുവില്‍ സൂപ്പര്‍ താരത്തിന്റെ ആരാധകരുടെ ആധികളെ മുന്‍ നിറുത്തി അവസാനഘട്ടത്തില്‍ മോഹന്‍ലാലിന്റെ 'ബേണിങ് ഇല്യൂഷന്‍' എന്ന എസ്‌കേപ് ആക്ട് 'ഒരിക്കലും നടക്കാതെ പോയ സുന്ദരമായ ഒരു സ്വപ്നമായി' ഇന്നും മുതുകാടിന്റെ മനസ്സിലുണ്ട്.

Gopinath Muthukad
മലയാറ്റൂര്‍, ഭരത് ഗോപി, പെരുമ്പടവം എന്നിവര്‍ക്കൊപ്പം Special Arrangement

മാജിക് അക്കാദമിയുടെ വിജയത്തിനു ശേഷം, സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിച്ച മാജിക് പ്ലാനറ്റ് ഇന്ത്യയുടെ തന്നെ മാജിക് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. മാജിക്കിനായി ഒരു മ്യൂസിയവും റിസര്‍ച്ച് സെന്ററും അതോടൊപ്പം ഇന്ത്യയിലേയും വിദേശത്തേയും ഇന്ദ്രജാലക്കാര്‍ക്ക് ഒത്തു കൂടാനും മാജിക്കിന്റെ പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് പരീക്ഷിച്ച് പ്രദര്‍ശിപ്പിക്കാനുമുള്ള മാജികിനു വേണ്ട എല്ലാം ഒരൊറ്റയിടത്ത് എന്ന മുതുകാടിന്റെ സ്വപ്നമായിരുന്നു മാജിക് പ്ലാനറ്റിനു പിന്നില്‍. തെരുവു മാന്ത്രികര്‍ക്കും നാടന്‍ മായാജാലക്കാര്‍ക്കുമൊക്കെ സ്ഥിരം വേദിയും ചെറിയ തോതില്‍ സാമ്പത്തിക സുരക്ഷയുമൊക്കെ വിഭാവനം ചെയ്ത മുതുകാട്, ഒരിക്കല്‍ കൂടി മാജിക് ലോകത്ത് സ്വന്തം വിജയമല്ല, മറിച്ച് എല്ലാവരുടേയും കൂട്ടായ വിജയമാണ് തന്റെ ലക്ഷ്യം എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു കാണിച്ചു.

2016 ല്‍ കാസര്‍കോട് വെച്ച് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദൈന്യം നേരിട്ടറിഞ്ഞത് ജീവിതത്തില്‍ തന്നെ വഴിവിട്ടൊരു പാത തിരഞ്ഞെടുക്കാന്‍ മുതുകാടിനെ പ്രേരിപ്പിച്ചു. അതില്‍ പിന്നെയാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ മുതുകാട് നിശ്ചയിച്ചുറച്ചത്. 2017 ല്‍ ഇരുപത്തിമൂന്ന് ഭിന്നശേഷിക്കാരായ കുട്ടികളെക്കൊണ്ട് തിരുവനന്തപുരത്തെ ടാഗോര്‍ ഹാളില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെയടങ്ങുന്ന സദസ്സിനു മുമ്പാകെ മാജിക് അവതരിപ്പിച്ചപ്പോള്‍ മുതുകാട് എഴുതിച്ചേര്‍ത്തത് മാജികിന്റെ സാമൂഹ്യ ചരിത്രത്തിലെ പുതിയൊരു താളാണ്.

അന്നത്തെ പരിപാടിയുടെ മികച്ച വിജയത്തിനു ശേഷം മിടുമിടുക്കരായ ആ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ 'ഇനിയെന്തു ചെയ്യണം?' എന്ന അവരുടെ അമ്മമാരുടെ ചോദ്യമാണ് മാജിക് പ്ലാനറ്റില്‍ 'എംപവര്‍' എന്ന ഭിന്ന ശേഷിക്കാരുടെ പ്രത്യേക തിയേറ്റര്‍ ഉണ്ടാക്കി സ്ഥിരമായി മാജിക് പ്രദര്‍ശനം നടത്തുക എന്ന പുതിയൊരു പരീക്ഷണത്തിന് മുതുകാട് മുതിര്‍ന്നത്. മാജിക് പ്ലാനറ്റിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളില്‍ പ്രകടമായ മാനസികവും ബൗദ്ധികവും സാമൂഹികവുമായ നല്ല മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് ആധികാരിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 2019 ല്‍ 'ഡിഫറന്റ് ആര്‍ട് സെന്റര്‍' എന്ന പുതിയ സംരംഭത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് മാജിക്കും മറ്റ് കലാപഠനസൗകര്യങ്ങളും ഒരുക്കി, 'മാജികിന്റെ ലോകത്ത് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാനാണ്' മുതുകാട് ശ്രമിച്ചത്. 2016 ല്‍ മാജിക് അവതരിപ്പിച്ച ആദ്യ ബാച്ചിലെ കുട്ടികളില്‍ പലരും ഇന്നും ഡിഫറന്റ് ആര്‍ട് സെന്ററില്‍ മാസ ശമ്പളം വാങ്ങി സ്ഥിരമായി ജോലിചെയ്യുന്നുണ്ടെന്നത് തന്നെ ഏറ്റവും വിസ്മയകരമായ കാര്യമാണ്. സ്വന്തം മകന്‍ വിസ്മയും ഭിന്നശേഷിക്കാരായ മാജിക് പ്ലാനറ്റിലെ 200 കുട്ടികളുമടക്കം 'തനിക്ക് മൊത്തം 201 കുട്ടികളുണ്ടെന്ന്' മുതുകാട് പറയുമ്പോള്‍ മാജികും സാമൂഹ്യപ്രവര്‍ത്തനവും ഒന്നിച്ചു ചേര്‍ത്തു നിര്‍ത്തുന്ന ഗോപിനാഥ് മുതുകാട് എന്ന മനുഷ്യ വിസ്മയമാണ് നമുക്ക് മുമ്പില്‍ വിരിയുക.

2021 ല്‍, നാലര പതിറ്റാണ്ടു കാലത്തെ തന്റെ മാജിക് മേഖലയിലെ ജൈത്രയാത്ര അവസാനിപ്പിച്ച് പ്രൊഫഷണല്‍ മാജിക് രംഗത്തു നിന്നും മാറി നിന്ന് കൂടുതല്‍ സമയം ഭിന്നശേഷിക്കാരും അംഗപരിമിതരുമായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് മുതുകാടിന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു വഴിത്തിരിവായിരുന്നു. പ്രതിഫലം വാങ്ങിയുള്ള മാജിക്കില്‍ നിന്ന് താന്‍ എന്നെന്നേയ്ക്കുമായി വിരമിക്കുകയാണെന്ന മുതുകാടിന്റെ പ്രഖ്യാപനം അതു വരെ ചെയ്ത യാത്ര തനിക്കു വേണ്ടി മാത്രമായിരുന്നുവെങ്കില്‍ ഇനിയങ്ങോട്ടേയ്ക്കുള്ള ജീവിതം അതിലും വളരെ വലിയ കാര്യങ്ങള്‍ക്കാണെന്ന പ്രസ്താവന കൂടിയായിരുന്നു. മാജിക് അക്കാദമിയുടെയും മാജിക് പ്ലാനറ്റിന്റേയും ഡിഫറന്റ് ആര്‍ട് സെന്ററിന്റേയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കാസര്‍കോട് പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പ്ള്‍ വിത്ത് ഡിസെബിലിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും ഏറ്റവും സജീവമാണ് മുതുകാടിപ്പോള്‍.

gopinath muthukad
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനൊപ്പം മുതുകാട്‌ Special arrangement
Gopinath Muthukad and Babu P Ramesh
അറിയാതെ പോവരുതാത്ത മനുഷ്യരുണ്ട്, നമുക്കു ചുറ്റും

പ്രചോദന പ്രസംഗങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ടെലിവിഷന്‍ പരിപാടികളുടെ അവതരണം എഴുത്ത്, വായന, യാത്രകള്‍ എന്നിങ്ങനെ ഗോപിനാഥ് മുതുകാട് 2.0 വീണ്ടും യാത്ര തുടരുകയാണ്. കണ്ടു നില്‍ക്കുന്ന നമ്മെയെല്ലാം വിസ്മയപ്പെടുത്തിക്കൊണ്ട്!

നാളിതു വരെ മൂന്നു തവണ മാത്രമാണ് മുതുകാടിന്റെ മാജിക് ഞാന്‍ കണ്ടിട്ടുള്ളത്. 1990 നടുത്ത്, കവി പി.എം. പള്ളിപ്പാടിന്റെ നേതൃത്വത്തില്‍, അക്ഷരങ്ങളുടെ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി തിരൂര്‍ തുഞ്ചന്‍ പറമ്പ് മുതല്‍ മലപ്പുറം കലക്ടറേറ്റ് വരെ 'അക്ഷര കലാ ജാഥ' എന്ന പദയാത്ര നടത്തിയ ഞങ്ങളുടെ സംഘത്തിന് ജില്ലാ ഭരണകൂടം ഒരുക്കിയ സമാപന സമ്മേളനത്തില്‍ മുതുകാടിന്റെ മായാജാലവുമുണ്ടായിരുന്നു. ആറേഴു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു വെച്ചായിരുന്നു, രണ്ടാമതായി മുതുകാടിന്റെ പ്രദര്‍ശനം കണ്ടത്. പിന്നെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 1911 ല്‍ ഡല്‍ഹിയില്‍ വെച്ച് ഇന്റര്‍നാഷണല്‍ മെര്‍ലിന്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം മുതുകാട് നടത്തിയ മാജിക് പ്രദര്‍ശനത്തിലും സദസ്സില്‍ കാഴ്ച്ചക്കാരനായി ഞാന്‍ ഉണ്ടായിരുന്നു. ഈ മൂന്ന് പ്രദര്‍ശനങ്ങളില്‍ നിന്നും മുതുകാട് എന്ന മായാജാലക്കാരന്റെ കഴിവുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞുവെങ്കിലും ഈ പറഞ്ഞ ഓരോ മാജിക് പ്രദര്‍ശന കാലത്തും മാജികിനു വേണ്ടി മുതുകാട് നടത്തിയ ഒറ്റയാള്‍ യാത്രയുടെ മറ്റ് വിവരങ്ങളും അണിയറ രഹസ്യങ്ങളുമെല്ലാം വിശദമായി പിന്നീട് അറിയാന്‍ കഴിഞ്ഞത് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടിയുള്ള വീഡിയോ ക്ലിപ്പിങ്ങുകളിലൂടെയും പോഡ്കാസ്റ്റുകളിലൂടെയുമാണ്. ഈ വീഡിയോകള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലായിരുന്നെങ്കില്‍ എന്റെ മനസ്സില്‍ ഗോപിനാഥ് മുതുകാട് വിജയം നേടിയ ഒരു മായാജാലക്കാരന്‍ മാത്രമായിരുന്നേനെ. പക്ഷെ, മേല്‍ പറഞ്ഞ സാമൂഹ്യമാധ്യമങ്ങളിലെ സാക്ഷ്യങ്ങള്‍ കൂടി ചേര്‍ത്തുവെയ്ക്കുമ്പോഴാണ് ഞാനിന്നേ വരെ അറിഞ്ഞ മാന്ത്രിക വിസ്മയം ഒരു മനുഷ്യവിസ്മയം കൂടിയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.

മാജിക് യാത്രയുടെ ഓരോ ഘട്ടങ്ങളിലും അദ്ദേഹമനുഭവിച്ച ആത്മ സംഘര്‍ഷങ്ങളും ഓരോ മാജിക്കിനും പിന്നിലെ അണിയറക്കഥകളും മറയില്ലാതെ എല്ലാവരോടും പറയുക എന്ന മുതുകാടിന്റെ തുറന്ന സമീപനം തന്നെ ഏറ്റവും വലിയ ഒരു സാമൂഹ്യ പ്രവര്‍ത്തനമാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. എഴുത്തുകാരും കലാകാരന്മാരും വിവിധ മേഖലകളില്‍ വേറിട്ട സാന്നിധ്യം അറിയിച്ചവരുമൊക്കെ ആത്മകഥകളിലൂടെയും ജീവചരിത്രങ്ങളിലൂടെയും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പ്രസംഗങ്ങളിലൂടെയുമെല്ലാം അവനവനെപ്പറ്റിയും അവരവര്‍ നടന്നു വന്ന വഴികപ്പറ്റിയുമൊക്കെയുള്ള 'മെറ്റാഡേറ്റ' സമൂഹത്തിനായി ഷെയര്‍ ചെയ്യേണ്ടത് ഏറ്റവും അഭികാമ്യമായിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുതുകാട് ഒട്ടും മടികൂടാതെ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍. ഇത്തരം തുറന്നു പറച്ചിലുകള്‍ കൂടി കൂട്ടിവായിച്ചില്ലെങ്കില്‍ പലപ്പോഴും 'മുഴുവന്‍ കഥയറിയാതെ ആട്ടം കണ്ടവരുടെ'സ്ഥിതിയായിരിക്കും നമ്മള്‍ക്കെല്ലാം!

ഒരാഴ്ചയോളം നീണ്ടു നിന്ന ഏപ്രില്‍ മാസം അവസാനത്തെ കെനിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഒരു ദിവസം പോലും തന്റെ കഠിന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാതെ അടുത്ത പരിപാടിയായ കാസര്‍കോട് തുടങ്ങാനുദ്ദേശിക്കുന്ന ഭിന്ന ശേഷിക്കാര്‍ക്കായുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരണാര്‍ത്ഥം മാജികും മ്യൂസികും മോട്ടിവേഷനുമൊക്കെയായുള്ള എം-ക്യൂബ് എന്ന പരിപാടി വിജയകരമായി നടത്തിയതിനു തൊട്ടുപിന്നാലെയാണ് 'സാമൂഹ്യപാഠ'ത്തിനു വേണ്ടി മുതുകാട് എന്നോട് സംസാരിച്ചത്. അര നൂറ്റാണ്ട് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് മാജിക് സ്വപ്നം കണ്ട്, സ്വന്തം സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് കഠിനാധ്വാനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച കൊച്ചു ഗോപി എന്ന 'അച്ഛന്റെ കുട്ടി'ക്ക് ഇന്നും ഒരു മാറ്റവുമില്ല. 'ലക്ഷ്യം കണ്ടെത്തും വരെ മുന്നോട്ട്' എന്നതു തന്നെയാണ് മുതുകാടിന്റെ മനസ്സില്‍ അടിവരയിട്ടു വെച്ചിട്ടുള്ള മുദ്രാവാക്യം !

ഡേവിഡ് കോപ്പര്‍ഫീല്‍ഡും ക്രിസ് ഏഞ്ചല്‍സും പെന്‍ ആന്‍ഡ് ടെല്ലറും ഒക്കെ സ്ഥിരം മാജിക് പ്രദര്‍ശനങ്ങള്‍ നടത്തുന്ന ഇന്ദ്രജാലത്തിന്റെ തലസ്ഥാനമായ ലാസ് വെഗാസില്‍ കുറച്ച് കാലം താമസിച്ചു മായാജാലത്തെപ്പറ്റി റിസര്‍ച്ച് ചെയ്യുക; ഇന്ത്യയിലെ തെരുവുജാലവിദ്യക്കാരെപ്പറ്റി കൂടുതല്‍ പഠിച്ച് അവരുടെ ഇന്ദ്രജാലത്തിലെ നാട്ടറിവുകള്‍ നാളെയ്ക്കു വേണ്ടി ഡോകുമെന്റ് ചെയ്യുക; ബി.സി. 5000 മുതല്‍ ഇന്നേവരെയുള്ള മാജികിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു ബൃഹത്തായ മാജിക് എന്‍സൈക്ലോപീഡിയ തയ്യാറാക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇപ്പോഴും മാജിക് കുതുകിയായ മുതുകാട് 1.0 ന്റെ ബക്കറ്റ് ലിസ്റ്റിലുണ്ട്. മാസ്മരികതയില്‍ നിന്ന് മാനവികതയിലേയ്ക്ക് പടര്‍ന്നുകയറിയ മുതുകാട് 2.0 ആണെങ്കിലോ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി കാസര്‍കോടില്‍ തുടങ്ങാനിരിക്കുന്ന റിസര്‍ച്ച് സെന്ററിന്റെ പ്ലാനിങ്ങിലും ധനസമാഹരണത്തിലുമൊക്കെ മനസ്സു വെച്ച് ആ ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള അക്ഷീണപ്രയത്‌നത്തില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. ഒന്നൊന്നായി തന്റെ സ്വപ്ന പദ്ധതികളോരോന്നും സാക്ഷാത്കരിക്കും വരെ താന്‍ വെട്ടിയെടുത്ത മാജികിന്റെയും മാനവികതയുടേയും വഴികളില്‍ മുന്നോട്ട് തന്നെ നടക്കുകയാണ് മുതുകാട് എന്ന മാന്ത്രിക വിസ്മയം!

(ഡല്‍ഹിയിലെ അംബ്ദേകര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

Babu P Ramesh writes about Gopinath Muthukad, his life, passion, and the extra ordinary human he is.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com