അറിയാതെ പോവരുതാത്ത മനുഷ്യരുണ്ട്, നമുക്കു ചുറ്റും

Dakshina Chitra
ദക്ഷിണചിത്രയിലെ രേഖ - ബാബു പി രമേഷ് എഴുതുന്നു special arrangement
Updated on

തൊട്ടയലത്തുണ്ടായിട്ടും വര്‍ഷങ്ങളോളം നമ്മള്‍ കാണാതെ പോകുന്ന, അറിയാതെ പോകുന്ന, എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട പല സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. അത്തരം ഒരു സ്ഥാപനത്തേയും വ്യക്തിയേയും നേരിട്ടറിയാന്‍ പറ്റി എന്നതാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നേട്ടം.

കാല്‍ നൂറ്റാണ്ടായി ചെന്നൈയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന അത്യപൂര്‍വ്വ പൈതൃക മ്യൂസിയമായ ദക്ഷിണചിത്രയും അവിടത്തെ ലൈബ്രറി സ്റ്റാഫും ഫോട്ടോഗ്രാഫറുമായ രേഖാ വിജയശങ്കറുമാണ് ഒട്ടും നിനച്ചിരിക്കാതെ ഞങ്ങള്‍ ഈയിടെ മാത്രം കണ്ടെത്തിയ അയലത്തെ വിസ്മയങ്ങള്‍! അതില്‍ രേഖയെന്ന വ്യക്തിയിലേയ്ക്കാണ് ഇത്തവണത്തെ 'സാമൂഹ്യപാഠം' ശ്രദ്ധയൂന്നുന്നത്.

ഏറെക്കാലമായി ഞാനും നീതയും പ്ലാന്‍ ചെയ്തുകൊണ്ടിരുന്ന, ചെന്നൈയില്‍നിന്നു തുടങ്ങി മഹാബലിപുരവും പോണ്ടിച്ചേരിയും ചിദംബരവും പിച്ചാവരവുമൊക്കെ സന്ദര്‍ശിച്ചു കൊണ്ട്; പലയിടങ്ങളിലും തങ്ങി; സമയവും സാവകാശവും നല്‍കിയുള്ള, വിശദമായ ഒരു ഡ്രൈവിങ് ട്രിപ്പ് ഒടുവില്‍ സാധ്യമായത് ഈ വര്‍ഷം ആദ്യമാണ്.

യാത്രയുടെ ഒന്നാം ദിവസം ചെന്നൈയ്ക്കടുത്തുള്ള ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് കോളനി സന്ദര്‍ശിച്ച് അവിടുത്തെ ഗസ്റ്റ്ഹൗസില്‍ താമസിക്കാമെന്നായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. കെ.സി.എസ് പണിക്കരുടേയും എം ഗോവിന്ദന്റേയും നമ്പൂതിരിയുടേയും അക്കിത്തം നാരായണന്റെയുമൊക്കെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ചോളമണ്ഡലം എന്ന കലാഗ്രാമം ഒരിക്കലെങ്കിലും കാണമെന്നും അവിടെ ഒരൊറ്റ ദിവസമെങ്കിലും ചെലവഴിയ്ക്കണമെന്നുമുള്ള ഞാനെന്ന 'പൊന്നാനിക്കാരന്റെ മനോരാജ്യമായിരുന്നു' ഇത്തരമൊരു പ്ലാനിങ്ങിനു പിന്നിലെ പ്രേരക ശക്തി! പക്ഷെ, തികച്ചും ആകസ്മികമായാണ് 'ദക്ഷിണചിത്ര' എന്ന മറ്റൊരു കലാഗ്രാമത്തില്‍ ആദ്യദിവസം തങ്ങാമെന്നുള്ള തീരുമാനത്തിലെത്തിയത്.

ഞങ്ങളുടെ യാത്രയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചോളമണ്ഡലത്തില്‍ താമസിക്കുകയുംകൂട്ടത്തില്‍ അവിടെ നിന്ന് ഏറെ ദൂരെയല്ലാത്ത ദക്ഷിണചിത്ര മ്യൂസിയം വിശദമായി കണ്ടറിയുകയും ചെയ്ത 'അനിയേട്ടന്‍' എന്ന് ഞാന്‍ വിളിക്കുന്ന എന്റെ സ്വന്തം ഏട്ടനും ആത്മമിത്രവും ചിത്രകാരനുമായ കെ.യു കൃഷ്ണകുമാറും ഒരേ സ്വരത്തില്‍ ഞങ്ങളോട് പറഞ്ഞത്, 'ദക്ഷിണചിത്രയില്‍ ഒരു ദിവസമെങ്കിലും നിങ്ങള്‍ തങ്ങിയില്ലെങ്കില്‍ വമ്പന്‍ നഷ്ടമാവും' എന്നാണ്! കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചുമര്‍ചിത്രം വരയ്ക്കാനായി ദക്ഷിണചിത്രയില്‍ താമസിച്ചിട്ടുള്ള കെ.യു.വിന്റെ വാക്കുകള്‍ക്ക് അനുഭവസാക്ഷ്യത്തിന്റെ ഉറപ്പു കൂടിയുണ്ടായിരുന്നു.

ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്കുള്ള ഈസ്റ്റ് കോസ്റ്റ് റോഡില്‍ മുട്ടുകാട് എന്നയിടത്ത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായിപ്രവര്‍ത്തിക്കുന്ന ഏറെ പ്രത്യേകതകളുള്ള വാസ്തുശില്‍പ മ്യൂസിയമാണ് ദക്ഷിണചിത്ര. തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്തുടങ്ങി വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷണമൊത്ത ഇരുപതോളം വീടുകളും, തെരുവുകളുമൊക്കെ തനത് സ്ഥലങ്ങളില്‍ നിന്ന് കേടുകൂടാതെ അടര്‍ത്തിയെടുത്തു കൊണ്ടുവന്ന് പുന:സംയോജനം ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു ഇവിടെ. ഇതില്‍ നാട്ടുക്കോട്ടൈ ചെട്ടിയാര്‍ വീടും ചിക്മംഗലൂരിലേയും കൂര്‍ഗിലേയും ധനിക ഗൃഹങ്ങളും ആമ്പൂരിലെ അഗ്രഹാരവുമെല്ലാമുണ്ട്. അതു കൂടാതെ, കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളും നാടന്‍ കലാരൂപങ്ങളുടെയും കലാകാരന്മാരുടേയും പ്രദര്‍ശനങ്ങളുമൊക്കെയുള്ളതിനാല്‍ രാജ്യതലസ്ഥാനത്തെ ദില്ലി ഹാട്ട്, ഹരിയാനയിലെ സൂരജ് കുണ്ഡ് തുടങ്ങിയ കലാഗ്രാമങ്ങള്‍ക്ക് സമാനമായ അന്തരീക്ഷമുള്ള ഒരു ടൂറിസ്റ്റ് വില്ലേജ് കൂടിയാണിത്.

'ദക്ഷിണചിത്ര നിങ്ങള്‍ക്കെന്തായാലും ഇഷ്ടമാവും. അതിലേറെ അവിടത്തെ രേഖ എന്ന ലൈബ്രറി സ്റ്റാഫിനെ നിങ്ങള്‍ കണ്ടിരിക്കേണ്ടതാണ്. അവര്‍ വനിതാ തൊഴിലാളികളെപ്പറ്റി ചെയ്തിട്ടുള്ള പ്രോജക്ടും അവരുടെ ഫോട്ടോകളുമൊക്കെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും '

'ചോളമണ്ഡലം നിങ്ങള്‍ക്ക് മടക്കയാത്രയില്‍ എന്തായാലും കാണാമല്ലൊ'

എന്നിങ്ങനെ അനിയേട്ടന്‍ നിര്‍ത്താതെ ദക്ഷിണചിത്രയെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഒരു കാര്യം എനിക്കുറപ്പായി . ഇനിയെന്താലും ആദ്യദിവസം അവിടെ താമസിച്ചേ തീരൂ! അല്ലെങ്കില്‍ യാത്രയുടെ തുടക്കം തന്നെഅനിയേട്ടന്റെ അനിഷ്ടം നേടിക്കൊണ്ടായിരിക്കും. സ്വതവേ കൈതമുള്ളിന്റെ സ്വഭാവക്കാരനാണ്. അങ്ങോട്ടു തലോടിയാലും ഇങ്ങോട്ടു തലോടിയാലും കൈമുറിയും! അതുകൊണ്ട്, റിസ്‌ക്കെടുക്കേണ്ട. ദക്ഷിണചിത്രയെങ്കില്‍ അതു തന്നെ ആവട്ടെ.

അങ്ങനെഅനിയേട്ടന്റെയും കെ.യുവിന്റെയും സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കണക്കിലെടുത്ത്, 'വരുന്ന പടി കാണാം' എന്ന തീരുമാനത്തില്‍, ഒരിക്കല്‍ പോലും ഞങ്ങള്‍ കേട്ടില്ലാത്ത, കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഒരിടത്തേയ്ക്കായി ഞങ്ങള്‍ യാത്രയുടെ ആദ്യദിനം മാറ്റിവച്ചു.

പേരുപോലെ സുന്ദരമായ ദക്ഷിണചിത്രയില്‍ അവിസ്മരണീയമായ ഒരു ദിവസം ചെലവിടാന്‍ പറ്റി എന്നതു കൂടാതെ രേഖാ വിജയശങ്കര്‍ എന്ന അവിടത്തെ ഏറെ വ്യത്യസ്തയായ ലൈബ്രറി ജീവനക്കാരിയെ കാണാനും നേരിട്ടറിയാനുമുള്ള നിമിത്തവും നിയോഗവും കൂടിയായിരുന്നു ആ തീരുമാനമെന്ന് ഞങ്ങള്‍ പിന്നീടറിഞ്ഞു!

Dakshina Chitra
'ഇന്ത്യയെ കണ്ടെത്തിയ' പെപിത; കേരളത്തേയും!

ദക്ഷിണചിത്രയിലെത്തിക്കഴിഞ്ഞാലുടന്‍ ക്യാംപസ് മുഴുവന്‍ ചുറ്റി നടന്നു കാണുക. പിന്നെ ഗസ്റ്റ് ഹൗസിലെ ശീതീകരിച്ച റൂമില്‍ മടിപിടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുക. മറ്റേതു ഉല്ലാസയാത്രികരെപ്പോലെയും ഞങ്ങള്‍ക്കുള്ള പ്ലാന്‍ വളരെ ലളിതമായിരുന്നു. കെ.യുവും അനിയേട്ടനും മുന്‍കൂട്ടി പറഞ്ഞ് ഏര്‍പ്പാടാക്കിയ പ്രകാരം രേഖ ഞങ്ങളെ ദക്ഷിണചിത്രയുടെ റിസപ്ഷനില്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടാവും എന്നായിരുന്നു മനസ്സില്‍ കരുതിയിരുന്നത്. പക്ഷെ, പ്രവേശന കവാടത്തിലെ ലോബിയില്‍ എത്തി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 'ലൈബ്രറിയിലേക്ക് വരാമോ? ആദ്യം ലൈബ്രറി കണ്ടശേഷം നിങ്ങള്‍ക്ക് വീടുകളും മറ്റു കാഴ്ചകളുമൊക്കെ കാണാം ' എന്നായിരുന്നു രേഖയുടെ മറുപടി.

തൊഴിലിന്റെ ഭാഗമായി എപ്പോഴും ലൈബ്രറിയും വായനയുമൊക്കെയായി നടക്കുന്ന ഞങ്ങള്‍ക്ക് ഈ മറുപടി കേട്ടപ്പോള്‍ 'പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ ....' എന്നു തുടങ്ങുന്ന പഴമൊഴിയാണ് ഓര്‍മ്മ വന്നത്. ഒഴിവു ദിവസ യാത്രയ്ക്കിടയിടയിലും ലൈബ്രറിയും റഫറന്‍സിങ്ങും അത്ര ശരിയായ കാര്യമായി തോന്നിയില്ലെങ്കിലും രേഖയുടെ നിര്‍ദ്ദേശമനുസരിച്ച് ലൈബ്രറിയിലെത്തി. അവിടത്തെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തി, പുസ്തകശേഖരവും ഡോക്യുമെന്റേഷന്‍സുമൊക്കെ കാണിച്ച ശേഷം രേഖ തന്നെ ചെയ്ത ചില പ്രോജക്ടുകളെപ്പറ്റിയും വിശദമായി അവര്‍ വിവരിച്ചു തന്നു. ഏകദേശം ഒരു മണിക്കൂറിനു ശേഷം ദക്ഷിണചിത്രയിലെ മറ്റ് കാഴ്ചകള്‍ കാണാനായി ലൈബ്രറി വിടുമ്പോഴേയ്ക്കും ഞങ്ങള്‍ക്ക് രേഖയെന്ന വ്യത്യസ്തയായ ആ ഫോട്ടോഗ്രാഫറെപ്പറ്റി ഏറെക്കുറേ വ്യക്തമായ ഒരു ധാരണ കിട്ടിയിരുന്നു!

തികച്ചും യാദൃച്ഛികമായാണ് ഫോട്ടോഗ്രഫിയുടെ ലോകത്തേയ്ക്ക് രേഖ എത്തിപ്പെടുന്നത്. 2000 സെപ്തംബറിലാണ് മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷനിലെ ലൈബ്രറിയില്‍ വളന്റിയറായി രേഖ ചേരുന്നത്. അവിചാരിതമായി സംഭവിച്ച ഒരു വാഹനാപകടം മൂലം പഠനം നിന്നു പോയ രേഖയ്ക്ക് ഈ അവസരം, തുടര്‍ന്ന് ജീവിക്കാനുള്ള ഏക പിടിവള്ളിയായിരുന്നു. ഏറെ താമസിയാതെ മുട്ടുകാടില്‍,ഫൌണ്ടേഷന്‍, ദക്ഷിണചിത്ര കോംപ്ലക്‌സ് ആരംഭിച്ചപ്പോഴേക്കും രേഖ, ദക്ഷിണാചിത്ര ലൈബ്രറിയുടെ ടീമില്‍ സ്ഥിരം ജീവനക്കാരിയായിരുന്നു.

ലൈബ്രറിയിലെ ക്യാമറയില്‍ ദക്ഷിണചിത്രയിലെ കാഴ്ചകളും പ്രദര്‍ശനങ്ങളും ഒപ്പിയെടുത്തു കൊണ്ടായിരുന്നു, രേഖ ഫോട്ടോഗ്രാഫിയില്‍ ഹരിശ്രീ കുറിച്ചത്. എപ്പോഴും എന്തെങ്കിലുമൊക്കെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അവിടത്തെ ദൃശ്യങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കുക വഴി ദക്ഷിണചിത്രയുടെ ചരിത്രം നിശ്ചലദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തുക എന്ന ബൃഹത്തായ ഒരു പ്രോജക്ട്, അറിയാതെ തന്നെ രേഖ തുടങ്ങിവെയ്ക്കുകയായിരുന്നു. ആദ്യകാല ചിത്രങ്ങള്‍ക്കു സഹപ്രവര്‍ത്തകര്‍ നല്‍കിയ അഭിനന്ദനങ്ങള്‍ പിന്നെയും പിന്നെയും ഫോട്ടോകളെടുക്കാനും, എടുത്ത ഫോട്ടോകള്‍ വിശദവിവരങ്ങളോടെ തരം തിരിച്ച് സൂക്ഷിക്കാനും രേഖയ്ക്ക് പ്രചോദനമായി. ദക്ഷിണചിത്രയുടെ സ്ഥാപകയായ ഡെബോറാ ത്യാഗരാജനായിരുന്നു രേഖയ്ക്ക് ആദ്യനാളുകളില്‍ ഏറ്റവും പ്രോത്സാഹനം നല്‍കിയവരിലൊരാള്‍. ഡെബ്ബി മാഡം നല്‍കിയ ലൈറ്റിങ്ങിനേയും ഫ്രെയിമിനേയുമൊക്കെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചകള്‍ രേഖയ്ക്ക് ഫോട്ടോഗ്രാഫിയില്‍ കിട്ടിയ ബാലപാഠങ്ങളായി. ഫിലിംറോള്‍ ലോഡ്ചെയ്യുന്ന ക്യാമറയായിരുന്നതിനാല്‍ ഓരോ ഫ്രെയിമും വളരെ ശ്രദ്ധയോടെയാണ് ചെയ്തത്. ഓരോ തവണ നെഗറ്റീവ് വാഷ് ചെയ്ത് പ്രിന്റെടുക്കുമ്പോഴും പരീക്ഷാഫലം കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥിനിയുടെ മനസ്സായിരുന്നു, രേഖയ്ക്ക്.

അതുല്യമായ ശില്പചാരുതയും പ്രദര്‍ശനവസ്തുക്കളുമടങ്ങുന്ന ദക്ഷിണചിത്രയുടെ വര്‍ണ്ണശഭളമായ സാംസ്‌കാരിക പശ്ചാത്തലം രേഖയിലെ ഫോട്ടോഗ്രാഫര്‍ക്ക് വളക്കൂറുള്ള മണ്ണായി മാറി. അവിടെ നിത്യേന പ്രദര്‍ശിപ്പിക്കപ്പെടുന്ന നാടന്‍കലാരൂപങ്ങളും കരകൗശല ശില്‍പശാലകളും കൂടാതെ ചെന്നൈയിലും പരിസരങ്ങളിലുമുളള സാമൂഹ്യജീവിതവും മയാനക്കൊളൈ (ശ്മശാനക്കൊള്ള), അറുവത്തിമൂവര്‍ (അറുപത്തി മൂവര്‍), അമ്മന്‍കോവില്‍ തിരുവിഴാ തുടങ്ങിയ പ്രാദേശിക ഉത്സവങ്ങളും ചരിത്ര സ്മാരകങ്ങളും വേറിട്ട ഭൂപകൃതികളും അസംഘടിത തൊഴിലാളികളുമൊക്കെ രേഖയുടെ ക്യാമറയില്‍ അനവരതം പകര്‍ത്തപ്പെട്ടു.

ഏതാനും വര്‍ഷങ്ങള്‍ക്കകം ദക്ഷിണചിത്രയുടെ ഒട്ടുമിക്ക ഫോട്ടോ സംബന്ധമായ ചുമതലകളും രേഖയെ ഏല്‍പിക്കുന്ന സ്ഥിതിയിലേക്കെത്തി. സാങ്കേതികമായി മികച്ചു നില്‍ക്കുന്ന ലൈബ്രറിയിലെ വിലയേറിയ ക്യാമറകള്‍ രേഖയ്ക്ക് സ്വതന്ത്രമായി ഉപയോഗിക്കാനായി എപ്പോഴും ലഭ്യമായിരുന്നുതാനും.

rekha`s photography
രേഖയുടെ ചിത്രം special arrangement

കാല്‍നൂറ്റാണ്ടിനിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ രേഖയെടുത്ത ആയിരക്കണക്കിന് ഫോട്ടോകള്‍ നിരവധി പുസ്തകങ്ങളിലും ആല്‍ബങ്ങളിലും വെബ്‌സൈറ്റുകളിലും ബ്രോഷറുകളിലും പത്രമാസികകളിലും പ്രോജക്ട് റിപ്പോര്‍ട്ടുകളിലുമായി നിറഞ്ഞു പരന്നു കിടക്കുകയാണ്.

ദക്ഷിണചിത്രയുടെ വാസ്തുശാസ്ത്ര ഗരിമയെ സംബന്ധിച്ചുള്ള മൂന്നാമത്തെ ബൃഹദ് ഗ്രന്ഥത്തിനായി അതിരാവിലെ അവിടത്തെ 'കലിക്കറ്റ് വീടില്‍' രേഖയുടെ ഫോട്ടോഷൂട്ട് നേരിട്ടു കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി.

നാച്വറല്‍ ലൈറ്റില്‍ കോഴിക്കോടന്‍ വീടിന്റെ ഗാംഭീര്യം ഭംഗിയായി ഒപ്പിയെടുത്ത ശേഷം, പിന്നെ രേഖ ചെയ്തത് എന്റെയും നീതയുടേയും ഒരു ഫോട്ടോ ഷൂട്ടായിരുന്നു. അതേസമയം തൊട്ടപ്പുറത്തെ തമിഴ്ഗ്രാമതെരുവില്‍ മറ്റൊരു സംഘം ക്യാമറക്കാര്‍ പ്രശസ്ത ഗായകന്‍ ഉണ്ണികൃഷ്ണന്റേയും മകള്‍ ഉത്തരാ ഉണ്ണികൃഷ്ണന്റെയും ആല്‍ബത്തിന്റെ ഫോട്ടോഷൂട്ടിലായിരുന്നു. അങ്ങനെ, ഞങ്ങളും ജീവിതത്തിലാദ്യമായി പ്രൊഫഷണല്‍ ക്യാമറയ്ക്കു മുമ്പില്‍ കഴിവുറ്റ ഒരു ഫ്രോട്ടോഗ്രാഫറുടെ മികവില്‍ ചിത്രീകരിക്കപ്പെട്ട മോഡലുകളായി!

ദക്ഷിണചിത്രയും കാനഡയിലെ മാക് ഗില്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചെയ്ത ഗ്വില്ലിംപ്രോജക്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞതാണ് രേഖ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. 1801 ല്‍ മദ്രാസ് ഹൈകോര്‍ട്ടില്‍ ജഡ്ജിയായിരുന്ന ഹെന്റി ഗ്വില്ലിമിന്റെ ഭാര്യയായ എലിസബത്ത് ഗ്വില്ലിമും സഹോദരി മേരിസിസ്‌മോണ്ടും 1801 - 1808 കാലയളവിലെ മദ്രാസും പരിസരപ്രദേശങ്ങളും നിരവധി ജലച്ഛായ ചിത്രങ്ങളില്‍ വരച്ചെടുത്തിട്ടുണ്ടായിരുന്നു. അന്നത്തെ മദ്രാസ് പ്രവിശ്യയിലെചരിത്രസ്മാരകങ്ങളെയും പക്ഷികളെയും പ്രകൃതി ദൃശ്യങ്ങളെയും സാമാന്യ ജനജീവിതത്തെയും ഭംഗിയായി പകര്‍ത്തിയെടുത്ത ഗ്വില്ലിം ചിത്രങ്ങളും ആ സഹോദരികള്‍ മദ്രാസ് പ്രദേശത്തിന്റെ പ്രകൃതിയെയും ചരിത്രത്തേയും സാമാന്യജീവിതത്തെയും പറ്റി എഴുതിയ നിരവധി എഴുത്തുകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തെ ആ പ്രദേശത്തിന്റെ പ്രകൃതിയും സാമൂഹ്യചരിത്രവുമൊക്കെ കൂടുതല്‍ അറിയാന്‍ ഏറ്റവും സഹായകരമാണ്.

മാക് ഗില്‍ യൂണിവേഴ്‌സിറ്റി പ്രോജക്ടിനു വേണ്ടി, ഗ്വില്ലിം സഹോദരിമാര്‍ ചെയ്ത ചിത്രങ്ങളുടെ ഉത്ഭവ പ്രദേശങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കാനും അതേ ചിത്രങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫോട്ടോകളിലൂടെ പുന:സൃഷ്ടിക്കാനുമുള്ള ദൗത്യം ഡെബോറാ ത്യാഗരാജന്‍ വിശ്വസിച്ചേല്‍പ്പിച്ചത് രേഖയെയാണ്. രണ്ടു നൂറ്റാണ്ടിനപ്പുറം വരച്ച, ഗ്വില്ലിം സഹോദരിമാരുടെ ചിത്രങ്ങളുടെ ഭൂമിക തേടിയുള്ള ഈ യാത്ര രേഖയെസംബന്ധിച്ചിടത്തോളം ഒരു പ്രത്യേക അനുഭവമായിരുന്നു.

ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു, പിന്നെ രേഖയുടേത്. സ്ഥലങ്ങളും ജനങ്ങളും രണ്ട് നൂറ്റാണ്ടിനിടയില്‍ വളരെയധികം മാറിപ്പോയതിനാല്‍ എവിടെ നിന്ന് തുടങ്ങണം എന്ന് ഒരു എത്തും പിടിയുമില്ല. ഇടയ്ക്കിടയ്ക്ക് തനിക്ക് കിട്ടിയ ഗ്വില്ലിം ചിത്രങ്ങള്‍ വീണ്ടും വീണ്ടും എടുത്തുനോക്കും. ക്രമേണ ആ ചിത്രപശ്ചാത്തലങ്ങള്‍ മനസ്സില്‍ പതിയെ പതിയാന്‍ തുടങ്ങി. പിന്നീട് ഈ സ്ഥലങ്ങള്‍ അന്വേഷിച്ച് ഊരുചുറ്റല്‍ തുടങ്ങിയപ്പോള്‍ പൂര്‍വ്വകാലസ്മരണകള്‍ രേഖയുടെ മനസ്സില്‍ വന്നു നിറഞ്ഞു. നാഗവല്ലിയുടെ ഛായാചിത്രവും ചിലങ്കകളും ഗംഗയെ സ്വപ്നലോകത്തിലെത്തിച്ചപോലെ; 'നന്‍പകല്‍നേര'ത്തിലെ അപരിചിതസ്ഥലങ്ങള്‍ സ്വന്തംസ്ഥലമായി തിരിച്ചറിഞ്ഞ മമ്മൂട്ടിയെ പോലെ; താന്‍ ജീവിതത്തില്‍ ആദ്യമായി മാത്രം കാണുന്ന പലയിടങ്ങളിലുമെത്തിയപ്പോള്‍ പൂര്‍വ്വ ജന്മത്തിലെ കാഴ്ചകള്‍ വീണ്ടും മുന്നിലെത്തിയപോലെയാണ് രേഖയ്ക്ക്‌ തോന്നിയത്. ചിലപ്പോഴോക്കെ കൂടുവിട്ടു കൂടുമാറും പോലെ ഗ്വില്ലിം സഹോദരിമാരുടെ ആത്മാക്കള്‍ തന്നില്‍ ആവേശിച്ചിട്ടുണ്ടോ എന്നുവരെ രേഖയ്ക്ക് തോന്നി! എന്തായാലും രേഖയുടെ കഷ്ടപ്പാടുകള്‍ വിഫലമായില്ല. തന്നെ ഏല്‍പ്പിച്ച 79 ഒറിജിനല്‍ ചിത്രങ്ങളില്‍ 42 എണ്ണം അത് വരക്കപ്പെട്ട അതേ സ്ഥലങ്ങളും സാഹചര്യങ്ങളും തിരഞ്ഞ് കണ്ടെത്തി രേഖ ഫോട്ടോയില്‍ പുന:സൃഷ്ടിച്ചു. ഇപ്പോള്‍ മാക് ഗില്‍ യൂണിവേഴ്‌സിറ്റിയിലെ അമൂല്യ ശേഖരത്തിന്റെ ഭാഗമായി മാറിയ രേഖയുടെ ഈ ഫോട്ടോകള്‍ അവരുടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി ജീവിതത്തിലെ ഏറ്റവും മികച്ച രജതരേഖകളായി മാറിക്കഴിഞ്ഞു.

rekha`s photography
ഗ്വില്ലിം സഹോദരിമാരുടെ ചിത്രം പുനരാവിഷ്കരിച്ചപ്പോള്‍
Dakshina Chitra
ഗിഗ് തൊഴിലാളികളുടെ ഷെയ്ഖ്!

സ്ഥലങ്ങള്‍ കാണാനും ആളുകളെ പരിചയപ്പെടാനും പ്രകൃതിയുമായിഇണങ്ങി ജീവിക്കാനുമൊക്കെ ഗ്വില്ലിം പ്രോജക്ട്രേഖയെ പ്രാപ്തയാക്കി. ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള അലച്ചിലിനിടയില്‍ പലതരം വെല്ലുവിളികളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ഉദാഹരണത്തിന്, ക്ഷേത്രപരിസരങ്ങളുടേയും മറ്റും ഫോട്ടോ എടുക്കുമ്പോള്‍ തദ്ദേശവാസികള്‍ പലര്‍ക്കും അതിനോട് എതിര്‍പ്പായിരുന്നു. അതുപോലെ തന്നെ, പലപ്പോഴും തന്റെ പ്രോജക്ടിനായി രേഖ കണ്ടെത്തിയവര്‍ അവരുടെ ചിത്രം പകര്‍ത്തുന്നത് ഇഷ്ടപ്പെടാത്തവരായിരുന്നു. അവരെയൊക്കെ തന്റെ ദൗത്യത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി, ആ സംരഭത്തില്‍ ഭാഗഭാക്കാക്കുന്നതിലൂടെ 'ഇന്‍ഫോര്‍മ്ഡ്കണ്‍സന്റ്', 'റാപ്പോ രൂപീകരണം' തുടങ്ങിയ ഗവേഷണരീതിശാസ്ത്രത്തിലെ അടിസ്ഥാനതത്വങ്ങളാണ് രേഖ അനായാസേന നടപ്പിലാക്കിയത്.

ഗ്വില്ലിം പ്രോജക്ടിനു ശേഷം, 2022ല്‍, രേഖയെ തേടി വന്ന 'കനവ്'എന്നഫെല്ലോഷിപ്പ്, പ്രൊഫഷണലായി ഫോട്ടോഗ്രാഫിയെപ്പറ്റി മനസ്സിലാക്കാനും ലൈറ്റിങ് തുടങ്ങി പല കാര്യങ്ങള്‍ അറിയാനും അവരെ ഒട്ടുവളരെ സഹായിച്ചു. ചെന്നൈ ഫോട്ടോഗ്രാഫി ബിനാലെയില്‍ തന്റെസജീവ സാന്നിധ്യമറിയിക്കാനും ഈ ഫെല്ലോഷിപ്പിലൂടെ രേഖയ്ക്ക്കഴിഞ്ഞു.

ഏകദേശം രണ്ടു പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പോളണ്ടിലെ വാഴ്‌സയില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യം ആ ത്രിദിനപരിപാടിയുടെ ക്യാമറ മുഴുവന്‍ കൈകാര്യംചെയ്തത് ഒരു വനിതയാണെന്നതായിരുന്നു. ഇന്ത്യയില്‍ അതുവരെ ഇങ്ങനെയൊരുകാര്യം ഞാന്‍ നേരിട്ടുകണ്ടിട്ടില്ലായിരുന്നു. കാലമേറെക്കഴിഞ്ഞിട്ടും, ആണുങ്ങള്‍ കളംവാഴുന്ന ഇന്ത്യന്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉറച്ചു നിന്നു പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കണ്ടെത്താന്‍ കഴിയുന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. അങ്ങനെയുള്ള ചുരുക്കം ചിലരില്‍ തന്നെ ഒട്ടുമിക്കവരും ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നുള്ളവരോ, ഫോട്ടോഗ്രാഫിയില്‍ പ്രൊഫഷണല്‍ ശിക്ഷണം നേടിയവരോ ആണെന്നു കാണാം. ഇത്തരമൊരു സാഹചര്യത്തിലാണ്, രേഖയുടെ കഥ നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്.

ക്യാമറയുടെ ലോകത്ത്ഒരു പെണ്ണിന്റെ മുന്നേറ്റം അത്ര എളുപ്പമുള്ള കാര്യമല്ല എന്നതിന് തന്റെ ജീവിതം തന്നെയാണ്‌ സാക്ഷ്യം എന്നാണ് രേഖയുടെ പക്ഷം. ആണ്‍മേല്‍കോയ്മയിലൂന്നിനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയില്‍, ഫോട്ടോഗ്രാഫിയില്‍ മാത്രമല്ല മറ്റ്പലതൊഴില്‍ മേഖലയിലും വിജയകരമായി തുടരാന്‍വേണ്ടി സ്ത്രീകള്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന രേഖയുടെ സാക്ഷ്യപ്പെടുത്തല്‍, ക്യമറയിലൂടെ അവര്‍ കണ്ടറിഞ്ഞ നൂറുകണക്കിനു പെണ്‍മനസ്സുകളുടേതു കൂടിയാണെന്ന് നമ്മള്‍ തിരിച്ചറിയും.

നല്ല ഫോട്ടോകള്‍ക്കു വേണ്ടിയുള്ള അലച്ചിലുകള്‍ പലപ്പോഴും യാഥാസ്ഥിതിക സമൂഹംസ്ത്രീകള്‍ക്കായി നിശ്ചയിച്ച സമയപരിധികള്‍ക്കൊപ്പം നില്‍ക്കാത്തവയായിരുന്നു. ഒടുവില്‍, തന്റെ ഫോട്ടോഗ്രാഫി സ്വപ്നങ്ങളെ ദാമ്പത്യത്തിന്റെയും യാഥാസ്ഥിതിക കുടുംബ വ്യവസ്ഥിതിയുടേയും കൂട്ടിലടച്ചു മുരടിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തോടെ, ഫോട്ടോഗ്രാഫിയുടെ മാത്രം വഴിയില്‍ യാത്ര തുടരുകയാണ് രേഖയിപ്പോള്‍.

rekha`s photography
രേഖയുടെ ചിത്രംspecial arrangement

പെണ്ണെന്ന നിലയിലും ഫോട്ടോഗ്രാഫറെന്ന നിലയിലും, സമൂഹത്തില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ പലതും തന്റെമാത്രമല്ല വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന നിരവധി പെണ്ണുങ്ങളുടേതുമാണെന്നു രേഖ തിരിച്ചറിഞ്ഞത് 'കനവ്' എന്ന ചെന്നൈ ഫോട്ടോ ബിനാലെ പ്രോജക്ടിലൂടെയാണ്. ഈ പ്രോജക്ടിനു വേണ്ടി നിരവധി സ്ത്രീകളെ വീടുകളിലും അവരുടെ തൊഴിലിടങ്ങളിലും വെച്ച് രേഖ ചിത്രീകരിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വനിതകള്‍ക്കാണ് തന്റെ ഫോട്ടോകളില്‍ രേഖ മുന്‍തൂക്കം നല്‍കിയത്.

കഷ്ടപ്പാടിലും കണ്ണീരിലും ഉഴലുമ്പോഴും സന്തോഷത്തോടെയും കരുതലോടെയും പണിയെടുക്കുന്ന നിരവധി പെണ്ണുങ്ങളെ കാണാനും അവരില്‍നിന്ന്ഇനിയും ഫോട്ടോഗ്രഫിയില്‍ സജീവമായി തുടരാനുള്ള ഊര്‍ജ്ജം നേടാനും രേഖയ്ക്കായി.

തൊഴില്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഗവേഷണം നടത്തുന്ന ഞങ്ങളിരുവരും വിസ്മയത്തോടെയാണ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട്, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളോട്, രേഖയ്ക്കുള്ള ആഭിമുഖ്യവും മമതയും അടുത്തു മനസ്സിലാക്കിയത്. എഴുപതു വയസ്സ് കഴിഞ്ഞിട്ടും ചാണകവറളിയുണ്ടാക്കിവിറ്റ്ഉപജീവനം നടത്തുകയും അസുഖക്കാരനായ മകനെ പോറ്റുകയും ചെയ്യുന്ന വൃദ്ധയും മേലാസകലം മുള്ളുകൊണ്ട് കീറുമ്പോഴും ചൂലുണ്ടാക്കാനായിപുല്ലുവെട്ടി എടുക്കുന്ന സ്ത്രീയുമൊക്കെ രേഖയുടെ ലെന്‍സില്‍ ഏറ്റവും വ്യക്തതയോടെ പതിഞ്ഞവരാണ്. അവരുടെ ആതിഥ്യവും ലാളിത്യവും നേരെചൊവ്വേയുള്ള ജീവിതവുമൊക്കെ തന്റെ ജീവിതത്തിലേയ്ക്കുള്ള പാഠങ്ങളായി രേഖ പകര്‍ത്തിവെയ്ക്കുന്നത് കാണുമ്പോള്‍ വെറുമൊരു ഫോട്ടോഗ്രാഫറല്ല രേഖ എന്ന്നമ്മള്‍ തിരിച്ചറിയും.

'ഈയിടെയായി ഞാന്‍, പച്ചക്കറിയും മറ്റും വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരോട്, പ്രത്യേകിച്ച് സ്ത്രീകളോട്, വിലപേശാറില്ല. അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഞാന്‍ 'കനവ്' ഫെല്ലോഷിപ്പ് കാലത്ത് നേരില്‍ കണ്ടതാണ്' എന്ന് രേഖ പറയുമ്പോള്‍ താന്‍ ചുറ്റും കണ്ട മനുഷ്യരെ ക്യാമറയില്‍ മാത്രമല്ല, സ്വന്തം മനസ്സിലും രേഖ ആഴത്തില്‍ പകര്‍ത്തിയെടുത്തിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചറിയും.

ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് എന്നും തുണയായി നിന്നത് രണ്ടു വനിതകളാണെന്ന് രേഖസാക്ഷ്യപ്പെടുത്തുന്നു. ദക്ഷിണചിത്രയുടെ സ്ഥാപകയും പ്രസിഡണ്ടുമായ ഡെബോറാ ത്യാഗരാജന്റെ തുടക്കം മുതലെയുള്ള പ്രോത്സാഹനങ്ങളും അവര്‍ക്കു തന്നിലുണ്ടായിരുന്ന വിശ്വാസവും ഫോട്ടോഗ്രാഫി എന്ന പുതിയ ഒരു മേഖലയിലേയ്ക്കു ചി റകടിച്ചു പറക്കാന്‍ തന്നെ സഹായിച്ചു എന്നു രേഖ നന്ദിയോടെ സ്മരിക്കുന്നു. അതുപോലെത്തന്നെ കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷമായി ജോലിയിലും ജീവിതത്തിലും തന്നെ കൈപിടിച്ചു നടത്തിയ ഇന്ദുമതിമോഹന്‍ എന്നദക്ഷിണചിത്ര ലൈബ്രറിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകയെയും രേഖയ്ക്ക്മറക്കാന്‍ കഴിയില്ല.

പഠനത്തിനും ഗവേഷണത്തിനുമായി ഫീല്‍ഡ് വര്‍ക്കു ചെയ്യുന്ന സാമൂഹ്യപഠനഗവേഷകര്‍ അവശ്യം പാലിക്കേണ്ട പല കാര്യങ്ങളുമുണ്ട്. പഠിക്കുന്ന സമൂഹത്തോട്, ഇടപഴകുന്ന വ്യക്തികളോടു വച്ചുപുലര്‍ത്തേണ്ടുന്ന ആദരവ്, കരുതല്‍, അവരുടെ അവകാശങ്ങളോടും സ്വകാര്യതകളോടും, അഭിവൃദ്ധിയും മുന്‍നിറുത്തി പെരുമാറേണ്ടതിന്റെ ആവശ്യകത; സ്വന്തം പ്രവൃത്തിയെപ്പറ്റി അവരില്‍ അവബോധം ഉണ്ടാക്കി, അവരുടെ അടുപ്പം നേടിയെടുത്ത്, ഉഭയസമ്മതത്തോടുകൂടി ചിത്രങ്ങള്‍ പകര്‍ത്തുകയോ, വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യകത; ഈ പറഞ്ഞ കാര്യങ്ങളൊക്കെ ആരും പറയാതെ തന്നെ പഠിച്ചെടുത്തുകഴിഞ്ഞു ഈ ബി.എ. വരെ മാത്രം പഠിച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍! അതു പോലെത്തനെ പുതുതായി പരിചയപ്പെടുന്നവരോട് അനായാസമായി അടുപ്പം സ്ഥാപിക്കുന്നതിലും അവരോട് ഇടപഴകുന്നതിലും സംഭാഷണങ്ങളിലേര്‍പ്പെടുന്നതിലുമൊക്കെ രേഖയ്ക്കുള്ള കഴിവ് അനിതരമാണ്.

ഫോട്ടോഗ്രഫറെന്നെനിലയില്‍ ഇരുപത്തഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ രേഖ ചെന്നൈയുടെയും തമിഴ്നാടിന്റെയും പ്രാദേശിക സംസ്‌കാരത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്ന നിരവധി ചിത്രങ്ങളാണ് കാമറയില്‍ പകര്‍ത്തിയത്. കണ്‍മുന്നിലെത്തുന്ന പ്രധാന കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെടുത്താല്‍ പിന്നീടെപ്പോഴും ആചിത്രങ്ങളിലൂടെ ആകാര്യങ്ങളെ നമുക്ക് പുനഃ സന്ദര്‍ശനം നടത്താമെന്നു രേഖ പറയുമ്പോള്‍ ഇരുത്തം വന്ന ഒരു ആര്‍ക്കൈവിസ്റ്റിന്റെ സ്വരമാണ് നമ്മള്‍ തിരിച്ചറിയുക. ജീവിതസമരങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതികൊണ്ടിരിക്കുന്ന നിരവധി പേരെ കണ്ടെത്താനും അടുത്തറിയാനും ക്യാമറയുടെ കണ്ണ് തന്നെസഹായിച്ചുവെന്ന് രേഖ ഉറച്ചു വിശ്വസിക്കുന്നു. അവരോട് രേഖയ്ക്ക് തോന്നിയ മമതയാവാം, അവരുടെ ജീവിതം തുടിക്കുന്ന ചിത്രങ്ങള്‍ ഏറ്റവും ഭാവാത്മകമായി ക്യാമറയില്‍ അടയാളപ്പെടുത്താന്‍ ഈ വനിതാ ഫോട്ടോഗ്രാഫറെസഹായിച്ചത്.

(ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

Babu P Ramesh column about life of Dakshina Chitra librarian Rekha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com