ഗിഗ് തൊഴിലാളികളുടെ ഷെയ്ഖ്!
2020ല്‍ കോവിഡ് അടിച്ചേല്‍പ്പിച്ച ലോക്ക്ഡൗണ്‍ കാലത്ത് ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങളെപ്പറ്റി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ സെമിനാറിലാണ് ഞാന്‍ ഷെയ്ഖ് സലാവുദ്ദീനെ ആദ്യമായി കാണുന്നത്. എന്നെപ്പോലെ സലാവുദ്ദീനും ആ സെമിനാറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.ഡ്രൈവറായി ജോലി ചെയ്യുന്നതിനോടൊപ്പം പ്ലാറ്റ്‌ഫോം അധിഷ്ഠിത ഡ്രൈവര്‍മാരെ സംഘടിപ്പിക്കുന്നയാള്‍ എന്ന നിലയില്‍ സലാവുദ്ദീന്റെ സാന്നിധ്യം അന്നത്തെ പരിപാടിയുടെ പ്രധാന ആകര്‍ഷണ ഘടകങ്ങളിലൊന്നായിരുന്നു.
ഗിഗ് വര്‍ക്ക് എന്ന പുത്തന്‍ തൊഴില്‍ സംസ്‌കാരം എങ്ങനെയാണ് മുമ്പൊന്നുമില്ലാത്ത വിധം തൊഴിലാളികളുടെ ചൂഷണത്തിനും ദുരിതങ്ങള്‍ക്കും വഴിയൊരുക്കുന്നത് എന്ന് ചരിത്രവും സിദ്ധാന്തങ്ങളുമൊക്കെ നിരത്തി ഞാനടക്കമുള്ള മറ്റ് പാനലിസ്റ്റുകള്‍ സംസാരിച്ചപ്പോള്‍, യാതൊരു വളച്ചു കെട്ടുമില്ലാതെ താനും തന്റെ കൂട്ടാളികളും നേരിട്ടു കൊണ്ടിരിക്കുന്ന ഗിഗ് തൊഴില്‍ എന്ന യാഥാര്‍ത്ഥ്യത്തിന്റെ ചില വശങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് സലാവുദ്ദീന്‍ ചെയ്തത്. മഹാമാരി പടര്‍ന്നു പിടിച്ച കാലത്ത് മറ്റെല്ലാവരും സ്വന്തം വീടുകളുടെ സുരക്ഷയില്‍ ഒതുങ്ങിക്കൂടിയപ്പോള്‍, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ തങ്ങളുടെയും കുടുംബാംഗങ്ങളുടേയും ആയുസ്സ് പണയം വെച്ച് ഗിഗ് തൊഴിലാളികള്‍ നടത്തുന്ന ജീവിത സമരങ്ങള്‍ ഷെയ്ഖ് തുറന്നു കാട്ടിയപ്പോള്‍, കേട്ടിരുന്നവരുടെ ഉള്ള് പൊള്ളി. ആ വിവരണത്തിന് നേരനുഭവത്തിന്റെ ചൂടും ചൂരും സുതാര്യതയുമുണ്ടായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സലാവുദ്ദീന്‍ എന്ന പേര് ഇന്ത്യന്‍ ഗിഗ് തൊഴിലാളിയുടെ മുഖവും പര്യായവുമായി മാറുന്നത് ഞാന്‍ തന്നെ നേരിട്ടു കണ്ടതാണ്.
സ്വന്തം പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സലാവുദ്ദീന്‍ ശരിക്കും ഒരു ഷെയ്ഖാണ്! ന്യായമായ തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കാനായി അണിനിരക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികളുടെ സുസമ്മതനായ പടത്തലവനാണ് ഈ നാല്‍പ്പത്തൊന്നുകാരന്‍.
സമീപകാലത്ത് ഇന്ത്യയില്‍ പലയിടങ്ങളിലുമുണ്ടായ ഗിഗ് തൊഴിലാളികളുടെ പ്രക്ഷോഭ ചലനങ്ങളുടെ പ്രഭവകേന്ദ്രമന്വേഷിച്ചു ചെന്നാല്‍ നാമെത്തുക നിസാമിന്റെ നാടായ ഹൈദരാബാദിലെ അംബര്‍പേട്ട് എന്നയിടത്തെ സലാവുദ്ദീന്റെ ഓഫീസിലായിരിക്കും. ഏറെ സൗകര്യമൊന്നുമില്ലാത്ത ആ ചെറിയ മുറിയിലിരുന്നാണ് രാജ്യമാകമാനമുള്ള ഗിഗ് തൊഴിലാളികളുടെ അവകാശ സമരങ്ങള്‍ക്ക് സലാവുദ്ദീന്‍ ചുക്കാന്‍ പിടിക്കുന്നത്.
കാഴ്ചയിലും സംസാരത്തിലും വസ്ത്രധാരണത്തിലുമൊന്നും നേതാവിന്റെ പരിവേഷമില്ലാത്ത സൗമ്യനും സാധാരണക്കാരനുമായ ഈ ഇളമുറ നേതാവിനെയാണ് പലമാധ്യമങ്ങളും 'ഇന്ത്യയിലെ ഏറ്റവും സ്വാധീനവും കരുത്തുമുള്ള ഡ്രൈവര്‍' എന്നു വിശേഷിപ്പിച്ചിട്ടുള്ളത്.
**
2012 ല്‍ ഹൈദരാബാദിലെ പ്ലാറ്റ്‌ഫോം ടാക്‌സി കമ്പനികളിലൊന്നില്‍ ഡ്രൈവറായി തുടങ്ങിയ സലാവുദ്ദീന്‍ 2014 ഓടെയാണ് തന്റെ കാതലായ മേഖല ഡ്രൈവര്‍മാരെ സംഘടിപ്പിക്കലാണെന്ന് തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ഊബര്‍, ഒല തുടങ്ങിയ പ്ലാറ്റ് ഫോം അധിഷ്ഠിത ഡ്രൈവിംഗ് കമ്പനികളിലെ തൊഴിലാളി വിരുദ്ധ സമ്പ്രദായങ്ങളില്‍ വലഞ്ഞ പല ഡ്രൈവര്‍മാരും തങ്ങളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനും സലാവുദ്ദീനെ സമീപിച്ചു തുടങ്ങിയിരുന്നു, ഡ്രൈവര്‍മാരെ മാത്രമല്ല മറ്റ് പലയിനം തൊഴിലാളികളെയും വെട്ടിലാക്കിയ വ്യവസ്ഥിതിയാണ് പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴില്‍ സമ്പ്രദായംഎന്ന പില്‍ക്കാല തിരിച്ചറിവാണ് എല്ലാത്തരം ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കുമായി പൊതുവായി പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ടാക്കികൂടുതല്‍ വിശാലമായി പ്രവര്‍ത്തിക്കാന്‍ സലാവുദ്ദീനെ പ്രേരിപ്പിക്കുന്നത്. നിലവില്‍തെലങ്കാന ഗിഗ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്റെ (സ്ഥാപക) നേതാവും ഐഫാറ്റ് ((ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ്)) എന്ന സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ് സലാവുദ്ദീന്‍. സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, അര്‍ബന്‍ കമ്പനി, പോര്‍ട്ടര്‍, ബിഗ് ബാസ്‌കറ്റ്, ഷാഡോ ഫാക്‌സ്, സെപ്‌റ്റോ, ഇന്‍സ്റ്റാ മാര്‍ട്ട് തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്യുന്ന 70000 ല്‍ അധികം ഗിഗ് തൊഴിലാളികള്‍ ഐഫാറ്റില്‍ അംഗങ്ങളാണ്.
അണികളെ നയിക്കുന്ന നേതാവല്ല, സലാവുദ്ദീന്‍.മറിച്ച് അണികള്‍ക്കൊപ്പം സമരമുഖത്ത് പൊരുതുന്ന സഹപ്രവര്‍ത്തകനാണ്. 'കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ' എന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള ആയിരക്കണക്കിന്ഗിഗ് തൊഴിലാളികള്‍, തങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന സലാവുദ്ദീനെ വിശ്വസിക്കാനും അയാളോടുചേര്‍ന്നു നില്‍ക്കാനും തീരുമാനിച്ചതില്‍ ഒട്ടും അതിശയമില്ല!
സമകാലിക ഇന്ത്യയിലെ ഗിഗ് തൊഴിലാളികളെപ്പറ്റി നടത്തുന്നഎല്ലാ സെമിനാറുകളിലും ചര്‍ച്ചകളിലുമൊക്കെ സലാവുദ്ദീന്റെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. അതുപോലെത്തന്നെ എവിടെയൊക്കെ ഗിഗ് തൊഴിലാളികള്‍ സംഘടിതമായി മുന്നേറുന്നുവോ അവിടെയെല്ലാം നേരിട്ടോ , ഉപദേശകനായോ, മാതൃകയായോ സലാവുദ്ദീനും കൂടെയുണ്ടാവും എന്നതും തീര്‍ച്ച. സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉപദേഷ്ടാവായും ഗിഗ് ഡ്രൈവര്‍മാരുടേയും ഡെലിവറി തൊഴിലാളികളുടേയും വക്താവായും സര്‍ക്കാറിനോടും പ്ലാറ്റ് ഫോം മാനേജ്‌മെന്റുകളോടുംചര്‍ച്ച ചെയ്യാനും അന്താരാഷ്ട്ര തൊഴില്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിക്കാനും ഗിഗ് തൊഴിലാളികള്‍ക്ക് ട്രൈനിംഗ് നല്‍കാനുമൊക്കെയായി എല്ലായിടത്തും എവിടെയും ഷെയ്ഖ് ഉണ്ടായിരിക്കും. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ഡ്രൈവര്‍മാരുടെ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട്ഒരു അംബ്രലാ ഓര്‍ഗനൈസേഷന്‍ ഒരുക്കാന്‍ കഴിഞ്ഞത് സലാവുദ്ദീന്റെ മാത്രം നേട്ടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ കോണ്‍ഫറന്‍സിലേയ്ക്ക് സലാവുദ്ദീന് ക്ഷണം ലഭിച്ചതും എടുത്തു പറയേണ്ടതുണ്ട്.
ഇതുകൊണ്ടൊക്കെത്തനെ ഇന്ത്യയ്ക്കകത്തും പുറത്തും ഗിഗ് തൊഴില്‍ മേഖലയെപ്പറ്റി പഠനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കുംനയരൂപകര്‍ത്താക്കള്‍ക്കുമൊക്കെ ഹൈദരാബാദില്‍ വന്നാല്‍ അംബര്‍പേട്ടില്‍പോയോ അല്ലെങ്കില്‍ നഗരത്തില്‍ മറ്റെവിടെയെങ്കിലും വെച്ചോസലാവുദ്ദീനെ കാണുക എന്നത് ചാര്‍മിനാര്‍ സന്ദര്‍ശനം പോലെ ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ്!
ഭാരത് ജോഡോ യാത്ര'യില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഏറെ നേരം കൂടെ നടന്ന് ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച സലാവുദ്ദീന്റെ ചിത്രം അക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജസ്ഥാനിലും കര്‍ണ്ണാടകയിലും ഗിഗ് തൊഴിലാളികള്‍ക്കായുള്ള ബില്ലുകള്‍ കൊണ്ടു വരുന്നതില്‍ ഷേയ്ഖിന്റെ കൂടി പങ്കാളിത്തമുണ്ടായിരുന്നു. ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും സാമൂഹ്യ സുരക്ഷയ്ക്കുമായി സുപ്രീം കോടതിയില്‍ നല്‍കിയ പരാതികളില്‍ പ്രധാന ഹര്‍ജിക്കാരനും സലാവുദ്ദീന്‍ തന്നെയായിരുന്നു.
രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായി നിലനില്‍ക്കുന്ന തൊഴിലാളി സംഘടനകളാണ്സലാവുദ്ദീന്റേത്. കൊടിയുടെ നിറം നോക്കാതെ ഗിഗ് തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമൊക്കെ ആരൊക്കെ സഹായം ചെയ്യാന്‍ തയ്യാറാണോ, അവരെയൊക്കെ ചെന്നു കാണാനും അവരോടൊക്കെ ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അവയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും മാത്രമാണ് ഈ വേറിട്ട നേതാവിന്റെ ഏക ചിന്ത!
അതു കൊണ്ടു തന്നെ കക്ഷി രാഷ്ട്രീയം നോക്കാതെ നല്ല കാര്യങ്ങള്‍ക്ക് കൂടെ നില്‍ക്കാനും അപ്രിയ കാര്യങ്ങളെ വിസിലടിച്ചു വെളിപ്പെടുത്താനും എന്നും താനുണ്ടാവുമെന്നാണ് ഷെയ്ഖിന്റെ പ്രഖ്യാപിത നയം.
ഗിഗ് തൊഴിലാളികള്‍ക്കു വേണ്ടി നല്ലതു ചെയ്യാന്‍ തുനിഞ്ഞാല്‍ സലാവുദ്ദീന്റെനിരുപാധിക പിന്തുണയുണ്ടാവും എന്ന ഉറപ്പാണ് പല സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്ര ഗവണ്‍മെന്റും, അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ഗവേഷണ സ്ഥാപനങ്ങളും പൊതു പ്രവര്‍ത്തകരുമൊക്കെ ഈ തൊഴിലാളി നേതാവിനു നല്‍കി വരുന്ന പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ ട്രേഡ് യൂണിയനുകളില്‍ ദശാബ്ദങ്ങളോളും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളേക്കാളേറെ തലപ്പൊക്കം ഗിഗ് തൊഴില്‍ സംബന്ധിയായ കാര്യങ്ങളില്‍ ഷെയ്ഖിന് ലഭിയ്ക്കുന്നതും ഇക്കാര്യം ഒന്നു കൊണ്ടു തന്നെ.
ഓരോ ചര്‍ച്ചകളും സെമിനാറുകളും സലാവുദ്ദീന്‍ ഓരോ അവസരങ്ങളായി കാണുന്നു. താന്‍ പ്രതിനിധീകരിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനും, എതിര്‍ ചേരികളില്‍ നിന്നു പോലും തങ്ങളോട് മമത പുലര്‍ത്തുന്ന വരെ കണ്ടെത്തി അവരോട് സൗഹൃദം നിലനിര്‍ത്താനും ഇയാള്‍ എന്നും ബദ്ധ ശ്രദ്ധനാണ്.
പ്ലാറ്റ്‌ഫോം അധികാരികള്‍ക്കിടയില്‍ പോലും ഷെയ്ഖിന്റെ സൗമ്യമായ ഇടപെടലുകള്‍ക്ക് സ്വാധീനമുണ്ടെന്ന് കാണാം. പല ചര്‍ച്ചകളുടേയും തൊഴില്‍ തര്‍ക്കങ്ങളുടേയും ഭാഗമായി കണ്ടുമുട്ടുന്ന പ്ലാറ്റ്‌ഫോം കമ്പനി വക്താക്കളോടു പോലും തുറന്ന സമീപനം വെച്ചു പുലര്‍ത്തുന്ന സലാവുദ്ദീന്‍ ഈ ഓരോ അടുപ്പങ്ങളും ഗിഗ് തൊഴിലാളികളെ ഉന്നമനതിനായി ഉപയോഗിക്കുന്നതു കാണാം. ഉദാഹരണത്തിന് പ്ലാറ്റ്‌ഫോം അധികൃതര്‍ ഐഡി ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഒരു ഗിഗ് തൊഴിലാളിയുടെ പ്രശ്‌നം തനിക്കറിയാവുന്ന പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് പ്രതിനിധിയോട് സലാവുദ്ദീന്‍ നേരിട്ട് വിളിച്ച് ശരിയാക്കിത്തന്നു എന്ന ഒരു തൊഴിലാളിയുടെ സാക്ഷ്യം ഒടിപി പ്ലീസ്' എന്ന തന്റെ പുസ്തകത്തില്‍ വന്ദനാ വാസുദേവന്‍ രേഖപ്പെടുത്തുന്നുണ്ട്.
തൊഴിലാളി സമരത്തില്‍ മുന്നിട്ടിറങ്ങി പങ്കാളിയാവുന്ന അതേ ലാഘവത്തോടെ, ഉന്നത തല ചര്‍ച്ചകളില്‍ മന്ത്രിമാരോടും ഉയര്‍ന്ന ഉദ്യോഗസ്ഥരോടും, പ്ലാറ്റ്‌ഫോം മുതലാളിത്തത്തിന്റെ പ്രതിനിധികളോടും ഗവേഷകരോടുമൊക്കെ ഗിഗ് തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ വ്യക്തമായി അക്കമിട്ട് നിരത്തി വിശകലനം ചെയ്യാന്‍ സലാവുദ്ദീന് കഴിയുന്നുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സൗമ്യമായും എന്നാല്‍ അതി ശക്തമായും സലാവുദ്ദീന്‍ തന്റെ ബോധ്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുമ്പോള്‍ ട്രേഡ് യൂണിയന്‍ ചര്‍ച്ചകള്‍ക്ക് പുതിയ മാനമാണ് ഈ പുത്തന്‍ തലമുറ നേതാവ് നല്‍കുന്നത്.
ഗിഗ് തൊഴില്‍ നിയന്ത്രണമില്ലാതെ തഴച്ചു വളര്‍ന്ന കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഈ മേഖലയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാനാവാതെ പകച്ചു നിന്ന പഴയ തലമുറയിലെ മുതിര്‍ന്നട്രേഡ് യൂണിയന്‍ നേതാക്കളേയും സര്‍ക്കാറുകളേയുമൊക്കെ അതിശയിപ്പിച്ചു കൊണ്ട് തൊഴിലാളികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ചെറുപ്പക്കാരന്‍ 'ഒറ്റയ്ക്ക് വഴി വെട്ടി' മുന്നേറിയപ്പോള്‍ അയാളെ അനുഗമിക്കുകയും അനുകരിക്കുകയും മാത്രമായിരുന്നു അവര്‍ക്കെല്ലാം അഭികാമ്യം.
ഗിഗ് തൊഴിലാളികളുടെ ദൈന്യം എണ്ണിപ്പറഞ്ഞ് വിശദീകരിക്കുമ്പോള്‍നിസ്സഹായതയല്ല മറിച്ച് സൗമ്യമായും ശക്തമായും തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്ന ഒരു പടനായകന്റെ നിശ്ചയദാര്‍ഢ്യമാണ് നമ്മള്‍ സലാവുദ്ദീന്റെ മുഖത്ത് കാണുക.
'ഹം ഹമാരാ ഹഖ് മാംഗ് തേ; നഹീം കിസി കാ ബീഗ് മാംഗ് തേ' (ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങളാണ് ചോദിക്കുന്നത്; ആരില്‍ നിന്നും ഭിക്ഷയല്ല) എന്ന ഷെയ്ഖിന് വളരെ ഇഷ്ടപ്പെട്ട മുദ്രാവാക്യവും ഇതേ കാര്യമാണ് അടിവരയിടുന്നത്.
ഈ കഴിഞ്ഞ ക്രിസ്മസിനും ന്യൂ ഇയര്‍ ഈവിനും 'പത്തു മിനിറ്റ് ഡെലിവറി' എന്ന ക്രൂര സമ്പ്രദായത്തിനെതിരെ സലാവുദ്ദീന്റെ നേതൃത്വത്തില്‍ ഗിഗ് തൊഴിലാളികള്‍ സമരം ചെയ്തത്പ്ലാറ്റ്‌ഫോം ആപ്പുകളില്‍ നിന്ന് ലോഗ് ഓഫ് ചെയ്തു കൊണ്ടാണ്. പൊതു സമൂഹത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഈ ഡിസംബര്‍ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കളും ഈ ദിവസങ്ങളില്‍ ഡെലിവറി ആപ്പുകളുടെ സേവനങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ ശരിക്കും ആടിയുലഞ്ഞത് പ്ലാറ്റ് ഫോം മുതലാളിത്തം എന്ന പുത്തന്‍ സമ്പ്രദായത്തിന്റെ അടിത്തറയാണ്.
പെട്ടെന്നുണ്ടായ ഈ തൊഴില്‍ സമരപ്രഖ്യാപനങ്ങളെ പല രീതിയില്‍ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ നേരിടാന്‍ പ്ലാറ്റ്‌ഫോം കാപ്പിറ്റലിസ്റ്റുകള്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. മിന്നല്‍ സമരം ചില 'മിസ്‌ക്രിയന്റ്‌സ്' നടത്തുന്നപോക്കിരിത്തരമാണെന്ന് പ്രഖ്യാപിച്ച് സ്വയം അപഹാസ്യനായ ഒരു പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോംസി. ഇ. ഓ, ഷെയ്ഖിന്റെ സൗമ്യ മുഖത്തോടെയുള്ള എതിര്‍വാദങ്ങള്‍ക്കു മുമ്പില്‍ ഏറെ ചെറുതായി പോകുന്നതു കാണാം.
പത്ത് മിനിറ്റ് ഡെലിവറിക്കെതിരായുള്ള മേല്‍ പറഞ്ഞ മിന്നല്‍ സമരങ്ങള്‍ നല്‍കിയ വിജയത്തില്‍ ഏറെ സന്ത്യഷ്ടനാണ് സലാവുദീന്‍. ഐഡി ബ്ലോക്ക് ചെയ്ത് തൊഴില്‍ നിഷേധിക്കുന്ന പ്ലാറ്റ്‌ഫോം മുതലാളിത്തത്തെ ഫോണും ആപ്പുകളും ഓഫാക്കിക്കൊണ്ട് അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന പുത്തന്‍ തന്ത്രം ഫലപ്രദമായി ഉപയോഗിച്ചു വിജയിച്ചു എന്നതാണ് ഈ സമരങ്ങളുടെഒന്നാമത്തെ നേട്ടം. അതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ ഒരു ബോധവല്‍ക്കരണം നടത്താനും ഈ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ഷെയ്ഖ് ചൂണ്ടിക്കാണിക്കുന്നു.
സംഘടിക്കാനുള്ള ഗിഗ് തൊഴിലാളികളുടെ അവകാശത്തെ ഊട്ടിയുറപ്പിച്ചു കൊണ്ട് ഷെയ്ഖും കൂട്ടരും സമരത്തിനിറങ്ങിയപ്പോള്‍ ആയിരക്കണക്കിന് ഉപഭോക്താക്കളും കക്ഷി രാഷ്ട്രീയഭേദമില്ലാതെ പല രാഷ്ട്രീയ നേതാക്കളും അതിന് പിന്തുണ നല്‍കി എന്നു കാണാം. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ ഒരു ദിവസം ഗിഗ് തൊഴിലാളിയായി വര്‍ക്ക് ചെയ്ത് ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും കേന്ദ്ര തൊഴില്‍ മന്ത്രി തന്നെ നേരിട്ട് പ്ലാറ്റ്‌ഫോം മുതലാളിമാരോട് ദ്രുത സേവന മേഖലയില്‍ തങ്ങളുടെ നിലപാടു മാറ്റേണ്ടതുണ്ടെന്ന് അറിയിച്ചതുമൊക്കെ മേല്‍പറഞ്ഞ കാര്യത്തെ അടിവരയിട്ടു കാണിക്കുന്നുണ്ട്.
അര്‍ബന്‍ കമ്പനിക്കെതിരെ വനിതാ തൊഴിലാളികള്‍ നടത്തുന്ന സമരങ്ങളും ഹൈദരബാദില്‍ ഗവണ്‍മെന്റ് മേഖലയില്‍ കരാറായി ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ സമരവുമൊക്കെയായി 2026 ന്റെ തുടക്കം തന്നെ അവകാശ പോരാട്ടങ്ങളാല്‍ സജീവമാണെന്നതില്‍ ഏറ്റവും സന്തുഷ്ടനാണ് ഷെയ്ഖ്.
2026 ഫെബ്രുവരി 7 ന് വീണ്ടും മറ്റൊരു ദേശീയ പണിമുടക്കു നടത്തി സലാവുദ്ദീന്‍! ഒല, ഊബര്‍ , റാപ്പിഡോ, പോര്‍ട്ടര്‍, ബൈക്ക് ടാക്‌സികള്‍ എന്നിവയ്ക്കായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുക; ടാക്‌സി സര്‍വ്വീസുകള്‍ക്ക് കുറഞ്ഞതും കൂടിയതുമായ ചാര്‍ജ്ജ് നിജപ്പെടുത്തി സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരിക എന്നിവയായിരുന്നു ഈ സമരത്തിന്റെപ്രധാന ഡിമാന്റുകള്‍.
മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലമുള്ള തഴക്കവും പഴക്കവുമുള്ളദേശീയ ട്രേഡ് യൂണിയനുകള്‍ പോലും വിജയകരമായി ഒരു പണിമുടക്ക് എന്ന ആശയത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഇക്കാര്യം ഏറ്റവും അനായാസമായി നടത്താന്‍ കഴിയുന്നു, എന്നതാണ് സലാവുദ്ദീന്റെ മാജിക്!
ഓരോ സമരങ്ങള്‍ക്ക് മുമ്പും പിമ്പും അതിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും ഉപഭോക്താക്കളോടും വിശദീകരിക്കുന്നതാണ് വ്യത്യസ്തനായ ഈ തൊഴിലാളി നേതാവിന്റെരീതി. ഇത്തരം ഒരു സമീപനം പലപ്പോഴും എല്ലാ സാമൂഹ്യ പങ്കാളികളുടേയുംപിന്തുണയോടെ അവകാശ സമരങ്ങളുമായി മുന്നേറാന്‍ ഗിഗ് തൊഴിലാളികളെ സഹായിക്കുന്നുണ്ടെന്നത് നമ്മളെല്ലാവരും നേരില്‍ കണ്ടു കഴിഞ്ഞതാണ്.
പൂക്കള്‍ വിതറിയതോ ചുവന്ന പരവതാനി വിരിച്ചതോ അല്ലായിരുന്നു സലാവുദ്ദീന്‍ പിന്നിട്ട വഴിത്താരകള്‍. തനിക്കെതിരെ കോടതിയിലുള്ള നിരവധി കേസുകളുമായി ബന്ധപ്പെട്ട് നിരന്തരം കോടതി കയറിയിറങ്ങുക സലാവുദ്ദീന്റെ പതിവുചര്യകളിലൊന്നായി മാറിയിട്ട് വര്‍ഷങ്ങളായി. കൂട്ടത്തില്‍ ചിലപ്പോഴൊക്കെ ജയില്‍ വാസവും വേണ്ടി വന്നിട്ടുണ്ട്. 2018ലെ പത്തു ദിവസം നീണ്ടു നിന്നജയില്‍വാസവും ഇതില്‍ പെടും.
***
ഈയിടെയായി ഗിഗ് തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റിയും സമരങ്ങളെപ്പറ്റിയുമൊക്കെ ആദ്യം അറിയാറ് ഷെയ്ഖ് സലാവുദ്ദീന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിലൂടെയാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നൂതന സാങ്കേതിക വിദ്യയ്ക്കും സാമൂഹ്യ മാധ്യമങ്ങള്‍ക്കുമുള്ള സാധ്യത തികച്ചും മനസ്സിലാക്കി വാട്ട്‌സാപ്പും ഇന്റര്‍നെറ്റും ഈ മെയിലും എക്‌സുമൊക്കെ ഒരു പോലെ ഉപയോഗിച്ചുകൊണ്ട് അണികളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ ബദ്ധശ്രദ്ധനാണ് ഈ ബി.കോം (കംപ്യൂട്ടര്‍) ബിരുദധാരി.
ഈ ലേഖനം ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സലാവുദ്ദീന്റെ ഒരിക്കലും വറ്റാത്ത വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ രണ്ട് താളുകള്‍ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഗിഗ് ഡ്രൈവേഴ്‌സ് കോപ്പറേറ്റീവായ ഭാരത് ടാക്‌സി' ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ താനും തന്റെ സംഘടനകളും സഹര്‍ഷം സ്വാഗതം ചെയ്യുന്നു എന്നതാണ് ഒരു സ്റ്റാറ്റസ് പോസ്റ്റ്. ഭാരത് ടാക്‌സിക്ക്' മുമ്പില്‍ അഭിമാനപൂര്‍വ്വം പോസ് ചെയ്യുന്ന സലാവുദ്ദീന്റെ ഫോട്ടോയാണ് അടുത്തതില്‍!
(ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)
Babu P Ramesh writes about Shaik Salauddin, the Gig workers leader
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

