ഗഡ്കരിയുടെ പൊഹ, വാജ്‌പേയിയുടെ ഡ്രിങ്ക് ... രാഷ്ട്രീയത്തിലെ ആ സൗഹൃദ യുഗം
നിതിന്‍ ഗഡ്കരിക്ക് പൊഹ ഏറെ ഇഷ്ടമാണ്. അവില്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു തരത്തിലുള്ള ഗുജറാത്തി ഉപ്പുമാവ്. ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം ബിജെപി പ്രസിഡന്റായിരുന്നു. കണോട്ട് പ്ലേസിനടുത്തുള്ള അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ നീണ്ട സംഭാഷണം നടത്തി. എന്റെ ജീവിതത്തില്‍ ഇത്രയും പൊഹ ഞാന്‍ ഒരിക്കലും കഴിച്ചിട്ടില്ല. പിന്നീട്, അദ്ദേഹം താമസിച്ചിരുന്ന കൊളോണിയല്‍ ശൈലിയിലുള്ള സര്‍ക്കാര്‍ ബംഗ്ലാവില്‍ ഗഡ്കരി ദര്‍ബാര്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. അരുണ്‍ ജെയ്റ്റ്ലി മുതല്‍ ഷാനവാസ് ഹുസൈന്‍ വരെ, പ്രകാശ് ജാവഡേക്കര്‍ മുതല്‍ അനന്ത് കുമാര്‍ വരെ എല്ലാവരും അവിടെ ഉണ്ടാവും. വാഗ്മിയായ, അഭിഭാഷകനായ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ നടത്തിയ തീപാറുന്ന പ്രസംഗങ്ങളെക്കുറിച്ച് വിശദമായി പറയും. ഗഡ്കരി അധികം സംസാരിക്കാതെ, അല്പം നിയന്ത്രണം കുറഞ്ഞ തന്റെ ശിഷ്യന്മാരെ നോക്കി ബുദ്ധനെപ്പോലെ പുഞ്ചിരിച്ച് തലകുലുക്കി ഇരുന്നത് ഓര്‍മ ഉണ്ട്. എന്നാല്‍ അഡ്വാനിയുടെ ചതിക്കു ശേഷം ഗഡ്കരിയുടെ പാര്‍ട്ടിയിലെ സ്വാധീനം ഇല്ലാതായി. തുടര്‍ന്ന് രാജ്‌നാഥ് സിങ് പാര്‍ട്ടി പ്രസിഡന്റായി, പിന്നീട് അമിത് ഷാ അദ്ദേഹത്തെ പിന്തുടര്‍ന്നു. അതിന് ശേഷം പാര്‍ട്ടിയുടെ പേരുകേട്ട പ്രസിഡന്റുമാരുടെ കാലം അവസാനിച്ചു.
ജെപി നഡ്ഡക്ക് രാജ്യത്ത് അറിയപ്പെടാന്‍ വര്‍ഷങ്ങള്‍ എടുത്തെങ്കിലും, അദ്ദേഹം പാര്‍ട്ടി നേതാവിനേക്കാള്‍ മോദിയുടെ വിശ്വസ്തനെന്ന നിലയിലാണ് കൂടുതലായി പരിചിതനായത്. ഇപ്പോള്‍ നിതിന്‍ നബീന്‍- ഇന്ത്യയില്‍ ഇന്ന് അറിയപ്പെടാത്ത വേറെ ഒരാള്‍ - ആണ് പാര്‍ട്ടിയുടെ തലവന്‍. മോദിക്കും ആര്‍.എസ്.എസിനും വളരെ പരിചിതനാണ് അദ്ദേഹം. നബീന്‍ ഒരു പ്രവര്‍ത്തക സൈനികനും തന്ത്രജ്ഞനുമാണ്; ബിജെപി ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ അദ്ദേഹത്തിനു വലിയ പങ്കുണ്ടായിരുന്നു. വലതു പക്ഷത്തില്‍ പ്രകടനമാണ് എപ്പോഴും പ്രധാനം. വിജയിച്ച നേതാക്കളായ നരേന്ദ്ര മോദിയും, സ്വാഭാവിക വിപുലീകരണമായ അമിത് ഷായും മാത്രമാണ് വ്യത്യസ്തര്‍. യോഗി ആദിത്യനാഥ് ഒരു വ്യതിക്രമമാണ് ബിജെപിയില്‍. കാരണം ബിജെപിയേക്കാള്‍ ഹിന്ദു മഹാസഭയുടെ പരമ്പരയില്‍ വളര്‍ന്ന വ്യക്തിയാണ്. അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഗോറഖ്പൂരില്‍ നിന്ന് അഞ്ച് തവണ ബിജെപി എംപി ആയിരുന്നു.
മോദിയുടെ യുഗം തുടങ്ങിയതോടെ രാഷ്ട്രീയ രംഗം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ലോക്സഭയിലെ ബെഞ്ചുകള്‍ പുതിയ മുഖങ്ങളാല്‍ നിറഞ്ഞു. പക്ഷേ അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി, അനുരാഗ് ഠാക്കൂര്‍ പോലുള്ള ചിലരെ ഒഴികെ, ബാക്കി പേരുകള്‍ പൊതുജനങ്ങള്‍ക്ക് ഇന്നും പരിചിതമല്ല. ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ ഒരു കാര്യമാണ് വ്യക്തമാകുന്നത്. ഉയര്‍ന്ന വ്യക്തിത്വ രാഷ്ട്രീയത്തിന്റെ കാലഘട്ടം മാറുകയാണ് ബി.ജെ.പിയില്‍. ഗഡ്കരിയും രാജ്‌നാഥ് സിങ്ങും ഉണ്ടെങ്കിലും, മോദിയാണ് പ്രധാന ദേശീയ മുഖം. തുടര്‍ന്ന് അമിത് ഷാ, നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍. പക്ഷേ തമാശ ഇന്താണെന്ന് വെച്ചാല്‍, ദേശീയ രാഷ്ട്രീയത്തിന്റെ മുഖങ്ങള്‍ ഇന്ന് സംസ്ഥാനങ്ങളില്‍ ആണ്. അബ്ദുല്ലാമാര്‍, എം.കെ. സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, നിതീഷ് കുമാര്‍ ഇവിരാണ് രാഷ്ട്രീയത്തിന്റെ പ്രാദേശിക ശക്തികേന്ദ്രങ്ങള്‍.
ഞാന്‍ ജേണലിസം തുടങ്ങിയ സമയത്തു -വയസ്സായി വരുന്നു-ഇന്ദിര ഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, വാജ്‌പേയി, എല്‍.കെ. അഡ്വാനി, പ്രണബ് മുഖര്‍ജി, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി, മുരസോളി മാരന്‍, ജസ്വന്ത് സിങ്, മന്മോഹന്‍ സിങ്, കരുണാകരന്‍, ശരദ് പവാര്‍, സുഷ്മാ സ്വരാജ് ഇവരെല്ലാം അതികായരായി ദേശീയ മനസ്സില്‍ തിളങ്ങി നിന്നിരുന്നു. ചിലര്‍ ബാക്കിയുണ്ട്, കടലിന്റെ ശക്തിയെ പുച്ഛിച്ച് നില്‍ക്കുന്ന പാറകളെ പോലെ.
പതിനഞ്ചു കൊല്ലം മുന്‍പു വരെ ഭരണപക്ഷവും പ്രതിപക്ഷവും ലോക്‌സഭയില്‍ എത്ര തല്ല് കൂടിയാലും വൈകുന്നേരം പാര്‍ട്ടി നോക്കാതെ കൂടും, ചീര്‌സ് പറഞ്ഞു സല്ലപിക്കും. ഒരിക്കല്‍ ഒരു എംപിയുടെ ബംഗ്ലാവിന്റെ ലോണിന്റെ ഒരു ഭാഗത്ത്, അരുണ്‍ ജെയ്റ്റ്‌ലി റെഡ് വൈന്‍ ഗ്ലാസ്സ് കയ്യില്‍ പിടിച്ചു കൊണ്ട് സുപ്രിയ സൂലേയോട് നാട്ടുവര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നത് എനിക്ക് ഓര്‍മയുണ്ട്. ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ചില മന്ത്രിമാരെ ഒഴിച്ചു ഭൂരിഭാഗം എം.പിമാരുടെ പേരുകളും മുഖങ്ങളും പൊതുജനങ്ങള്‍ക്ക് അറിയില്ല. ആരാണ് രാജസ്ഥാനിന്റെയും മധ്യപ്രദേശിന്റെയും ഹരിയാനയുടെയും മുഖ്യമന്ത്രിമാര്‍ എന്ന് പറയാനാവുമോ എന്റെ പ്രിയപ്പെട്ട വായനക്കാരേ? ഇല്ല. കാരണം ബ്രഹ്മശക്തിയാണ്, വ്യക്തിപൂജ അല്ല പ്രധാനം. വേദഭരിതമായ, കര്‍ക്കശമായ ജീവിത ശൈലിയും ശക്തമായ സംഘടനാപരമായ കരുത്തും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കഴിവുകളും ആണ് ഭരണാധിപരുടെ യോഗ്യതകള്‍.
പണ്ടത്തെ രാഷ്ട്രീയത്തില്‍ ജീവിതം ആസ്വദിക്കുന്നത് ഇന്നത്തെ പോലെ പാപമായിരുന്നില്ല. പറ്റിയ സമയത്ത് വാജ്‌പേയിയെയോ ജസ്വന്ത് സിങ്ങിനെയോ കാണാന്‍ പോയാല്‍ ഒരു ഡ്രിങ്കിന്റെ ചാന്‍സ് ഉണ്ടായിരുന്നു. ഇന്ന് അത് ആലോചിക്കാന്‍ പോലും പറ്റില്ല. പക്ഷേ ഒരു കാലത്ത് പ്രഫുല്‍ പട്ടേല്‍, സുരേഷ് കല്‍മാഡി, ജയ പാണ്ട എന്നിവര്‍ നടത്തിയ വിരുന്നുകള്‍ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. സുരേഷ് കാല്‍മാഡിക്ക് പുതിയ എംപി ബംഗ്ലാവ് അലോട്ട് ചെയ്തപ്പോള്‍ അദ്ദേഹം ഒരു സ്വിമ്മിങ് പൂള് ഉണ്ടാക്കി. പഴയ സുഹൃത്തായിരുന്നു; ആ സ്വിമ്മിങ് പൂളിന്റെ ഉദ്ഘാടനം ഒരുഗ്രന്‍ പാര്‍ട്ടി ആയിരുന്നു: പാര്‍ട്ടി ഭേദങ്ങളില്ലാത്ത ആ ജ്വലിച്ച സായാഹ്നം ഇന്നും ഓര്‍മയില്‍ ഉണ്ട്. ഈയിടെ റിട്ടയര്‍ ചെയ്ത ഒരു ബ്യൂറോക്രേറ്റിനെ ഐഐഎസില്‍ കണ്ടുമുട്ടി. അദ്ദേഹവും കല്‍മാഡിയുടെ അതിഥി ആയിരുന്നു. ''ആ കാലമൊക്കെ കഴിഞ്ഞു രവി. ഇന്ന് ഒളിച്ചു വീട്ടില്‍ സെലിബ്രേറ്റ് ചെയ്യാനെ എല്ലാവര്‍ക്കും പറ്റുള്ളൂ. ഹര്‍ദീപ് പുരി ഒരു എക്‌സെപ്ഷന്‍.'' ഞങ്ങള്‍ എപ്സ്റ്റിന്‍ ഫയലുകളെ കുറിച്ച് തമാശ പറഞ്ഞ് പിരിഞ്ഞു. ആരും ഓര്‍മ്മിക്കാതെ ഇയ്യിടെ സുരേഷ് മരിച്ചു പോയി. അദ്ദേഹത്തിനൊപ്പം ഒരു കാലഘട്ടം കടന്നു പോയത് ആരും ഓര്‍ക്കുന്നില്ല; അഴിമതി കേസുകളില്‍ നിന്ന് വിമോചനം കിട്ടിയ പല രാഷ്ട്രീയക്കാരെയും ഈ തലസ്ഥാന നഗരിയില്‍ കണ്ടു മുട്ടാം. രഹസ്യ ജീവികള്‍ ഇല്ലെന്നാണല്ല ഞാന്‍ പറയുന്നത്. ഒരിക്കല്‍ ഒരു പാര്‍ലമെന്ററി ഡെലിഗേഷനില്‍ പങ്കെടുത്ത ഒരു ബി.ജെ.പി എം.പിക്ക്, പണി കഴിഞ്ഞു ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍, അദ്ദേഹത്തിനൊപ്പം വന്ന മറ്റു പാര്‍ട്ടിക്കാരായ നേതാക്കള്‍ ഡ്രിങ്ക് ഓഫര്‍ ചെയ്തു. അയ്യോ, മദ്യവും മാംസവും! രാമ രാമ! പാര്‍ട്ടി സിദ്ധാന്തങ്ങള്‍ പറഞ്ഞ് കൂട്ടുകെട്ടലില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചെങ്കിലും, കാര്യം രഹസ്യമായി വെയ്ക്കും എന്ന ഉറപ്പ് ലഭിച്ചപ്പോള്‍ അദ്ദേഹവും ഉത്സാഹത്തോടെ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കുടിച്ചതും അദ്ദേഹം ആയിരുന്നുവത്രേ! ചിരിക്കണ്ട, സീരിയസ് വിഷയമാണ്.
ഈ അനുഭവകഥ ഇന്നത്തെ രാഷ്ട്രീയ സംസ്‌കാരത്തിലെ മാറ്റത്തെ തെളിഞ്ഞു കാണിക്കുന്നു. കോക്ടെയ്ല്‍ പാര്‍ട്ടികള്‍ ബ്രിട്ടീഷ്‌കരുടെ മാത്രമുള്ള കൊളോണിയല്‍ പാരമ്പര്യമല്ല: നമ്മുടെ രാജാക്കന്‍മാരെ ഓര്‍മയില്ലേ?. ആര് ഭരിക്കുന്നുവോ അവരുടെ തത്വ ചിന്ത രാജ്യത്തിന്റെ തത്വ ചിന്തയാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നു.
രണ്ട് മൂന്ന് സ്റ്റേറ്റ് എലെക്ഷന്‍ ഇക്കൊല്ലം വരാന്‍ പോകുന്നു. ഹിന്ദി ബെല്‍റ്റിന് പുറത്തുള്ള ഈ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് ജയിക്കാന്‍ സാധ്യത ഇല്ല. തത്വചിന്തകളുടെ പോരാട്ടമാണ് രാഷ്ട്രീയം. അതില്‍ ജീവിത ശൈലിയും ഭാഷാഭിമാനവും മാറ്റാന്‍ നോക്കിയാല്‍ ഇന്ത്യയെ ഒരിക്കലും ഒരു ദേശീയ പാര്‍ട്ടിയുടെ മാത്രം കീഴില്‍ വരുത്താന്‍ സാധ്യമല്ല. പാര്‍ട്ടികളും മദ്യപാനവും മാംസം കഴിക്കുന്നതും മാത്രമാണ് നല്ലത് എന്ന് ഞാന്‍ പറയുകല്ല ഈ കോളത്തില്‍. ചെറിയ സന്തോഷങ്ങള്‍ പ്രധാനമാണ്. വ്യക്തിപരമാണ്. അവയില്‍ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ആണ് ഏറ്റവും പ്രധാനം. മനുഷ്യന് അവന് വേണ്ടിയും അവന്റെ സാമൂഹ്യ ചരിത്രത്തിന്റെ ശുദ്ധി സ്വയം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം. ഒരു സിസ്റ്റവും സര്‍ക്കാറും ചിരഞ്ജീവികളല്ല. പോഹ ആയാലും അവിയല്‍ ആയാലും ഭാരതവും ഇന്ത്യയും ഒരേ രാജ്യമാണ്. നേതാക്കളും പ്രത്യയശാസ്ത്രങ്ങളും മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. സത്തയുടെ ദുരഭിമാനത്തില്‍ അത് മറക്കുന്നു ജനാധിപത്യത്തിന്റെ നേതാക്കന്‍മാര്‍.
''കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.'
Ravi Shankar writes about old Delhi days where politicians cheers each other
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

