Pepita Seth
പെപിത സേത്തിനെക്കുറിച്ച് ബാബു പി രമേഷ് എഴുതുന്നു Pepita Seth

'ഇന്ത്യയെ കണ്ടെത്തിയ' പെപിത; കേരളത്തേയും!

Published on

ത്മസുഹൃത്തായ ചുമര്‍ചിത്രകാരന്‍ കെ.യു. കൃഷ്ണകുമാറിന്റെ വാട്ട്‌സ്ആപ്പ് സന്ദേശമാണ് ഫെബ്രുവരി ആറാം തീയതിയിലെ ഡല്‍ഹിയിലെ തണുത്തു വിറച്ച പ്രഭാതത്തില്‍ സന്തോഷത്തിന്റെ ആദ്യത്തെ ചെറുവെയില്‍ വീഴ്ത്തിയത്. അന്നേ ദിവസം തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് പെപിതാ സേത്ത് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കേറ്റ് സ്വീകരിക്കുന്നുവെന്ന വസ്തുതയും അവരുടെ നിറചിരിയോടെയുള്ള ഫോട്ടോയും ''പെപിത ഇനി കേരളത്തിന്റെ മകള്‍'' എന്ന തലക്കെട്ടുമുള്ള, മുന്‍പേജ് പത്രവാര്‍ത്ത ഷെയര്‍ ചെയ്യുന്നതായിരുന്നു ആ സന്ദേശം.

പെപിതാ സേത്തിനെ അറിയുന്നവരും സ്‌നേഹിക്കുന്നവരുമായ നിരവധി മലയാളികളെപ്പോലെ ഞാനും കാത്തുകാത്തിരുന്ന കാര്യമായിരുന്നു 1972 മുതല്‍ കേരളത്തിന്റെ വളര്‍ത്തു പുത്രിയായ പെപിതാ സേത്ത്ഇനി മുതല്‍ ഇന്ത്യയുടെ സ്വന്തം പുത്രിയാകുന്നു എന്ന ശുഭ വാര്‍ത്ത!

'വിവരങ്ങളറിഞ്ഞ് ഏറ്റവും സന്തോഷിക്കുന്നു . അഭിനന്ദനങ്ങള്‍!' എന്ന സന്ദേശം പെപിതാ സേത്തിന് അയയ്ക്കുമ്പോള്‍ പെട്ടെന്നൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അടുത്ത നിമിഷംതന്നെ മറുപടി സന്ദേശങ്ങളെത്തി.

'എനിക്കു സന്തോഷമടക്കാനാവുന്നില്ല.'

'എന്റെയീ തീരുമാനത്തിന്റെ ഏറ്റവും പ്രധാനകാരണം ഇന്ത്യ എനിക്കു നല്‍കിയ സ്‌നേഹവുംതാങ്ങുമാണ്'

അഭിമാനവും മമതയും നിശ്ചയ ദാര്‍ഢ്യവും തുളുമ്പിയിരുന്നു, ആ വാക്കുകളില്‍!

Pepita Seth
പെപിത സേത്തിന് കലക്ടര്‍ പൗരത്വ രേഖ സമ്മാനിക്കുന്നു

കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെപ്പറ്റിയും അനുഷ്ഠാന കലകളെപ്പറ്റിയും ആഴത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നയാളാണ് എഴുത്തുകാരിയും ഫോട്ടോഗ്രാഫറും കലാഗവേഷകയുമായ ഈ ബ്രിട്ടീഷ് വംശജ .

ഇംഗ്ലണ്ടില്‍ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്ന പെപിത 1970 ലാണ് ഇന്ത്യയിലെത്തുന്നത്. മ്യൂട്ടിനിക്കാലത്ത് ഇന്ത്യന്‍ പട്ടാളത്തില്‍ ഓഫീസറായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകളിലൂടെ അറിഞ്ഞ ഇന്ത്യയെ നേരില്‍ കാണാനായിരുന്നു ആ വരവ്. കല്‍ക്കട്ട, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു, അന്നത്തെ സന്ദര്‍ശനം. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ഇന്ത്യയില്‍ വന്നപ്പോഴാണ് ആദ്യമായി കേരളത്തിലെത്തിയത്. ആ യാത്രയില്‍ ഗജരാജന്‍ കേശവനെതന്റെ നിക്കോണ്‍ കാമറയില്‍ പകര്‍ത്തിയത് ഒരു പക്ഷെ വലിയൊരു വഴിഞ്ഞിരിവായിരുന്നു. തുമ്പിക്കൈ വായിലേയ്ക്ക് ചുരുട്ടി വെച്ച് പനമ്പട്ട കാലുകൊണ്ടു തട്ടി മദപ്പാടോടെ പൊടിയടിച്ചുനില്‍ക്കുന്ന ഗുരുവായൂര്‍ കേശവന്റെ നമ്മുടെ എല്ലാം മനസ്സില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്ന പെപിതച്ചിത്രം പിറന്നത് അപ്പോഴാണ്. ലോക തലത്തില്‍കേശവന്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രത്തിലൂടെ തന്നെ. ഇപ്പോഴും ഗുരുവായൂര്‍ അമ്പലത്തില്‍ ഏറെ പ്രാധാന്യത്തോടെ ഈ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1942ല്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ സഫോക്ക് എന്നയിടത്ത് ഒരു കര്‍ഷക കുടുംബത്തിലാണ് പെപിതയുടെ ജനനം. ഔപചാരികമായി പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പെപിത പിന്നീട് സ്വപരിശ്രമത്താല്‍ എഴുത്തുകാരിയും ഫോട്ടോഗ്രാഫറും ചലച്ചിത്ര പ്രവര്‍ത്തകയുമൊക്കെയായി. ഫിലിം എഡിറ്റിങ് പഠിച്ചു ആ മേഖലയില്‍ പേരെടുത്ത പെപിത സ്റ്റാന്‍ലി ഡൊനേന്‍, ടെഡ് കൊച്ചേഫ് തുടങ്ങി അതി പ്രശസ്തരായ പല ചലച്ചിത്ര പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ആന്റന്‍ബറോയുടെ ഗാന്ധി എന്ന വിഖ്യാത സിനിമയില്‍ നെഹ്രുവിന്റെ വേഷമിട്ട റോഷന്‍ സേത്തിനെയാണ് വിവാഹം ചെയ്തത്. പിന്നീട് ഈ ദാമ്പത്യം വേര്‍പിരിഞ്ഞെങ്കിലും പേരില്‍ മാത്രം 'സേത്ത്' ഇന്നും പെപിതയോടൊപ്പമുണ്ട്. 1979 ല്‍ സിനിമാ രംഗം ഉപേക്ഷിച്ച് തൃശൂരില്‍ താമസമാക്കിയ പെപിതയുടെ രണ്ടാം ജന്മമാണ് അര നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ജീവിതം.

Pepita Seth
ഗിഗ് തൊഴിലാളികളുടെ ഷെയ്ഖ്!

ബ്രിട്ടനിലെ സഫോക്കില്‍ താന്‍ ജനിച്ചത് ദൈവത്തിന്റെ തപാലാപ്പീസിനു പറ്റിയ ഒരു തെറ്റായ ഡെലിവറിയായിരുന്നുവെന്ന് പെപിത തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ജന്മാന്തര ഉള്‍വിളിയാല്‍ ആ കുഞ്ഞ് 'ഇന്ത്യയെ കണ്ടെത്തി'! താമസിയാതെ തന്റെ തട്ടകമായ കേരളത്തെയും. പിന്നെയും ഇരട്ടിക്കാലത്തിലധികം വേണ്ടി വന്നു, ഇന്ത്യയിലെ ജനന സര്‍ട്ടിഫിക്കറ്റായ നാച്വലൈസേഷന്‍ രേഖ കൈപ്പറ്റാന്‍. കേരളത്തിലെത്തി അമ്പത്തിനാല് വര്‍ഷത്തിനു ശേഷം, തന്റെ എണ്‍പത്തിനാലാം വയസ്സിലാണ് കേരളത്തിലെ സ്വന്തം വിലാസത്തില്‍ ഇന്ത്യക്കാരിയായി പെപിത വീണ്ടും ജനിച്ചിരിക്കുന്നത്.

അങ്ങനെ, വെരിയര്‍ എല്‍വിന്റെയും മദര്‍ തെരേസയുടേയും ബില്‍ ഐറ്റ്കന്റേയുമൊക്കെ വഴി പിന്തുടര്‍ന്ന് ഇന്ത്യ സ്വന്തമാക്കിയെടുത്ത പ്രശസ്തരായ വിദേശികളുടെ പട്ടികയില്‍ 'പെപിതാ സേത്ത്' എന്ന സ്വന്തം പേരും അവര്‍ എഴുതിച്ചേര്‍ത്തു.

''ദശാബ്ദങ്ങളായി മനസ്സുകൊണ്ട് മലയാളിയായ അവര്‍ ഇപ്പോള്‍ അവകാശപൂര്‍വ്വം ആ സ്ഥാനം നേടിയിരിക്കുകയാണ്'', എന്നാണ് പെപിതയുടെ ഇന്ത്യന്‍ പൗരത്വ സ്വീകരണത്തെപ്പറ്റി ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.

താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമ പ്രദേശവും കാവുകളുടേയും തെയ്യങ്ങളുടേയും നാടായ കേരളത്തിലെ മലബാറും തമ്മിലുള്ള സാമ്യം പെപിതയെ തെയ്യത്തിന്റെ നാട്ടിലേക്ക് ഏറെ അടുപ്പിക്കുന്ന കാരണമായിട്ടുണ്ടെന്ന് പെപിത സാക്ഷ്യപ്പെടുത്തുന്നു.

Pepita Seth
പെപിത സേത്ത് പകര്‍ത്തിയ ഗുരുവായൂര്‍ കേശവന്റെ ചിത്രം file

കിഴക്കന്‍ ഇംഗ്ലണ്ടിലെ സഫോക്ക് എന്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെപിതയുടെ ബാല്യകാലം പശു വളര്‍ത്തലും കൃഷിപ്പണികളുമൊക്കെ നിറഞ്ഞതായിരുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാനുള്ള ഭാഗ്യം സഹോദരനു മാത്രം ലഭിച്ചപ്പോള്‍ പെപിതയുടെ ബാല്യകാലം ഫാം ഹൗസിലെ പണിക്കാര്‍ക്കൊപ്പമായി. അക്കാലത്ത് തന്റെ വീട്ടുപുരയിടത്തില്‍ മുന്നൂറ്റി അറുപതില്‍പരം പശുക്കള്‍ ഉണ്ടായിരുന്നു എന്ന് പെപിത വ്യക്തമായി ഓര്‍ക്കുന്നു. അതില്‍ തന്റെ ഏറ്റവും ഓമനയായ എല്‍സയുടെ ചിത്രം പെപിത ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. അക്കാലത്ത് താന്‍ കുതിരസവാരിയില്‍ നല്ല മിടുക്കിയായിരുന്നുവെന്ന് ഗൃഹാതുരത്വത്തോടെ അവര്‍ ഓര്‍ക്കുന്നു.

ഒരിക്കല്‍ യുവ എഴുത്തുകാരിയായ ശ്രീജാ ആറങ്ങോട്ടുകരയ്ക്ക് നല്‍കിയ ഒരു സ്വീകരണത്തില്‍ പങ്കെടുത്ത പെപിത ശ്രീജയെപ്പോലെ തനിക്കു കന്നുകാലി വളര്‍ത്തലും കാര്‍ഷിക പ്രവര്‍ത്തികളും ഒക്കെ ചേര്‍ന്ന ചെറുപ്പകാലമായിരുന്നുവെന്ന കാര്യം പങ്കുവെച്ചത് ഏറെ രസകരമായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞ് പലപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്. സഫോക്കിലെ പുല്‍മേടുകളില്‍ യഥേഷ്ടം മേയുന്ന എല്‍സയും കൂട്ടുകാരും ഇന്നും നിത്യഹരിത ഭംഗിയോടെ പെപിതയുടെ മനസ്സിലുണ്ടെന്നത് വ്യക്തം.

സഫോക്കിലെ ഗ്രാമീണ ലോകത്തിന്റെ തനിയാവര്‍ത്തനമാണ് താന്‍ 1970 കളില്‍ മലബാറില്‍ കണ്ടത് എന്ന് പെപിത ആശ്ചര്യപൂര്‍വ്വം ഓര്‍ക്കുന്നു. നാട്ടറിവുകളുടേയും നാടോടിക്കഥകളുടേയും പഴം പുരാണങ്ങളുടേയും ശേഖരങ്ങളായ, നേരെ ചൊവ്വേ മനഃസ്ഥിതിക്കാരായ കണ്ണൂരുകാരെ കണ്ടപ്പോള്‍ 'കൂമന്‍കാവില്‍ ബസ്സിറങ്ങിയ രവിയെപ്പോലെ' പെപിതയ്ക്കും 'ആ സ്ഥലം അപരിചിതമായിത്തോന്നിയില്ല'! അതുകൊണ്ടു തന്നെയാവാം സഫോക്കില്‍ അവര്‍ ഗുരുതുല്യനായി കണ്ട ഫ്രെഡ് ബോളി എന്ന കാരണവരെ കൃഷ്ണന്‍ പെരുവണ്ണാന്‍ എന്ന തലമൂത്ത തെയ്യക്കാരനില്‍ അവര്‍ വീണ്ടും കണ്ടെത്തിയത് !

ഗുരുവായൂരും കണ്ണൂരും തൃശൂരുമൊക്കെയാണ് തന്റെ പേരിനോട് മിക്കവരും ചേര്‍ത്തു വെയ്ക്കുന്ന സ്ഥലങ്ങളെങ്കിലും, താന്‍ ഏറ്റവുമധികം പ്രണയിച്ച ഗ്രാമഭംഗി വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവും പരിസരങ്ങളുമാണെന്ന് പെപിത ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ വന്ന ആദ്യകാലങ്ങളില്‍ ഉത്രാളിക്കാവ് പൂരത്തിന്റെ സംഘാടക സമിതിയില്‍ താന്‍ വളരെ സജീവമായിരുന്നുവെന്ന് പെപിത പറയുമ്പോള്‍ മമതയെന്ന വികാരം അതിന്റെ പരിപൂര്‍ണ്ണതയില്‍ തന്നെ നമ്മള്‍ അടുത്തറിയും.

കേരളത്തിലെ ജീവിതത്തിലെ ആദ്യത്തെ അഞ്ചു വര്‍ഷക്കാലം മലബാറില്‍ താമസിച്ച് തെയ്യത്തെ അധികരിച്ച് എഴുതിയ 'സ്പിരിറ്റ് ലാന്റ്' എന്ന നോവല്‍ 1994 ല്‍ പ്രസിദ്ധീകരിച്ചു. 1981 ല്‍ ഗുരുവായൂരടക്കമുളള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള ഹിന്ദു ആചാര പ്രകാരമുള്ളഅനുമതി നേടി. പിന്നീട് രണ്ട് ദശാബ്ദത്തോളം ഗുരുവായൂരമ്പലത്തേയും ഗുരുവായൂരപ്പനേയും അടുത്തറിഞ്ഞ പെപിത 2001 - 2008 കാലത്തെ ഗവേഷണ ഫലമായാണ് ഭഹെവന്‍ ഓണ്‍ എര്‍ത്ത്:കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍' എന്ന ബൃഹത്തായ പുസ്തകം എഴുതിയത്. അതിനു ശേഷം പതിനഞ്ചു കൊല്ലത്തോളം തെയ്യത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. അതിനിടയില്‍ 2015 ല്‍ 'എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ്' എന്ന നോവലും പ്രസിദ്ധീകരിച്ചു.

തെയ്യക്കാരുടെ വീടുകളിലും മറ്റും പരിമിതമായ സൗകര്യത്തില്‍ ജീവിച്ചും അവരോടൊപ്പം യാത്ര ചെയ്തുമൊക്കെയാണ് ഒരു പക്ഷെ മലബാറിലെ തെയ്യങ്ങളെപ്പറ്റിയുള്ള ഏറ്റവും ആധികാരിക ഗ്രന്ഥമായ 'ഇന്‍ ഗോഡ്‌സ് ഓണ്‍ മിറര്‍: ദ തെയ്യംസ് ഓഫ് മലബാര്‍' എന്ന പുസ്തകം പെപിത തയ്യാറാക്കിയത്. കൃഷ്ണന്‍ പെരുവണ്ണാന്‍, ലക്ഷ്മണന്‍ പെരുവണ്ണാന്‍, മുരളി പണിക്കര്‍ തുടങ്ങി പല തെയ്യക്കാരുടേയും ജീവിതങ്ങളെ നിരവധി വര്‍ഷഷങ്ങളോളം നിരീക്ഷിച്ചും പഠിച്ചും ഫോട്ടോകളില്‍ ഒപ്പിയെടുത്തുമാണ് തെയ്യത്തെപ്പറ്റിയുള്ള തന്റെ ഈ മാസ്റ്റര്‍പീസ് ബുക്ക് പെപിത തയ്യാറാക്കിയത്.

Pepita Seth
റിസ്‌കാണ്, എങ്കിലും അയാള്‍ ഇപ്പോള്‍ നല്ല സിനിമകള്‍ക്കു പിറകെയാണ്!

പ്രാഞ്ചിയേട്ടന്‍ പദ്മശ്രീശ്രമങ്ങള്‍ ഉപേക്ഷിച്ചതിന് ശേഷം ഏറെ വൈകാതെ തന്നെ പൂരങ്ങളുടെ നാട്ടിലേയ്ക്ക് 'പുഷ്പം പോലെ' പദ്മശ്രീകൊണ്ടു വന്നയാളാണ് ബ്രിട്ടനില്‍ നിന്നുള്ള ഈ കേരളത്തിന്റെ മകള്‍! കേരളത്തിലെത്തി നാല്പത് വര്‍ഷം തികച്ച വേളയിലാണ്, അവരുടെ സാംസ്‌കാരിക മേഖലയിലുള്ള സേവനങ്ങളെ മുന്‍ നിറുത്തി രാജ്യം പെപിതയെ പദ്മശ്രീ നല്‍കി ആദരിച്ചത്. 2023 ല്‍ ലണ്ടനിലെ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരമായറിച്ചാര്‍ഡ് ബര്‍ട്ടണ്‍ പുരസ്‌കാരം നല്‍കി ജന്മനാടും അവരെ അംഗീകരിച്ചു.

മുണ്ടും നേര്യതുമണിഞ്ഞ് ലയിന്‍ ബസ്സില്‍ കയറി തൃശൂരില്‍ നിന്ന് ഗുരുവായൂരില്‍ പോയി വരുന്ന ഗുരുവായൂരുകാരുടെ സ്വന്തം പെപിതച്ചേച്ചി വളരെ അനായാസമായി മലയാളികളുടെ കൂട്ടത്തില്‍ ഇഴുകിച്ചേര്‍ന്ന ഒരു വ്യക്തിത്വമാണ്.

പല മലയാളികളേക്കാളും വെടിപ്പായി മുണ്ടും നേര്യതും ധരിക്കുന്ന തനിക്ക് ഇപ്പോഴും മലയാളം ഒഴുക്കോടെ പറയാന്‍ കഴിയില്ല എന്ന കാര്യം മടി കൂടാതെ സമ്മതിക്കുന്നുണ്ട് പെപിത. ''കൊറച്ച് കൊറച്ച് മലയാളം അറിയാം'' എന്ന് ക്യൂട്ടായി പറയുന്ന പെപിതയുടെ വീഡിയോ ക്ലിപ്പിനടിയില്‍ ''അവരുടെ ഇംഗ്ലീഷു പോലും മലയാളം പോലെയായി'' എന്നാണ് ഒരു കമന്റില്‍ കുറിച്ചിട്ടിരിക്കുന്നത്!

ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയാണ് പെപിത. അതുകൊണ്ടു തന്നെ, തന്റെയും തനിക്ക് വേണ്ടപ്പെട്ടവരുടേയുമൊക്കെ സങ്കടങ്ങള്‍ ഗുരുവായൂരപ്പന്റെ സമക്ഷം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയാണ് അവരുടെ രീതി.

Pepita Seth
പെപിത സേത്ത്‌ file

ഒരിക്കല്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ രോഗശയ്യയിലായ ലക്ഷ്മണന്‍ പെരുവണ്ണാന്റെ അസുഖമായിരുന്നു അവരുടെ സംഭാഷണങ്ങളിലുടനീളം കടന്നുവന്ന വ്യാകുലത.

തണ്ടെല്ല് വേദനയും ശാരീരിക വേദനകളുമൊക്കെ അനുഭവിക്കുന്ന തെയ്യക്കാരുടെ കഷ്ടപ്പാടുകള്‍ പെപിത തന്റെ കൂടി കഷ്ടപ്പാടായി കാണുന്നു. ''തെയ്യക്കാരന്റെ അസുഖം ഭേദമാക്കണേ ഗുരുവായൂരപ്പാ !'' എന്ന അവരുടെ വാക്കുകള്‍ ഇന്നും ഞാന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നു. തെയ്യക്കാരന്റെ അസുഖം മാറാന്‍ വേണ്ടി തൃശൂരില്‍ നിന്ന് ബസ്സില്‍ യാത്ര ചെയ്തു ഗുരുവായൂരില്‍ വന്ന്ഗുരുവായൂരപ്പനെ അമ്പത് വലം വെച്ച് പ്രാര്‍ത്ഥിച്ചു മടങ്ങിയ പെപിതയെന്ന ഭക്തയെ നേരിട്ടറിയുമ്പോള്‍ മഞ്ജുളയെപ്പോലെ, കുറൂരമ്മയെപ്പോലെ ഗുരുവായൂരിന്റെ ഐതിഹ്യ ചരിത്രങ്ങളില്‍, ഭാവിയില്‍, ഈ ദേശാടനക്കിളിയും ഇടം പിടിക്കും എന്ന കാര്യം നമുക്ക് തീര്‍ച്ചയാവും.

പെപിതാ സേത്ത് ഒപ്പ് വെച്ച് നല്‍കിയ തെയ്യത്തെപ്പറ്റിയുള്ള അവരുടെ 336 പേജുകളും അതിലധികം ഫോട്ടോകളുമുള്ള പുസ്തകംഎന്റെ സ്വീകരണമുറിയിലെ ടീപോയില്‍ സ്ഥാനം പിടിച്ചിട്ട് ഏതാനും മാസങ്ങളായി. ഇടയ്‌ക്കൊക്കെ വര്‍ണ്ണപ്പകിട്ടുള്ള ആ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നു പോകുമ്പോള്‍ ആശ്ചര്യമാണ് എനിക്ക് തോന്നാറുള്ള വികാരം. തെക്കെ മലബാറില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഈ അമ്പത്തിയേഴാം വയസ്സിലും വടക്കെ മലബാറിന്റെ മുഖമുദ്രയായ തെയ്യം എന്ന കലാരൂപം നേരിട്ടു കണ്ടിട്ടില്ല! ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന പെപിതാ സേത്തോ, നീണ്ട പതിനഞ്ചു വര്‍ഷത്തെ ആഴത്തിലും പരപ്പിലുമുള്ള പഠന ഗവേഷണങ്ങള്‍ക്ക് ശേഷം ഇത്രയും വിശദമായ ഒരു പുസ്തകം തെയ്യത്തെക്കുറിച്ച് എഴുതിയിരിക്കുന്നു! ഒരിക്കല്‍ ഇക്കാര്യം അവരോട് പങ്കു വെച്ചപ്പോള്‍ ' 'ഓ ഇതിലൊക്കെ എന്തിരിക്കുന്നു? ഉത്തരേന്ത്യയിലെ പല കാര്യങ്ങളെപ്പറ്റിയും ഒരു പക്ഷെ അവരെക്കാളും നന്നായി ബാബുവിനറിയുമായിരിക്കും' എന്നാണ് അവര്‍ പറഞ്ഞത്. അത് പലനാടുകള്‍ കണ്ട് ഇരുത്തം വന്ന ഒരു യാത്രികയുടേയും പഴക്കം വന്ന ഒരു പ്രവാസിയുടേയും പാകം വന്ന വാക്കുകളായിരുന്നു !

ഇന്നും മനസ്സില്‍ സജീവമായി നില്‍ക്കുന്ന ബാല്യകാലസ്മരണകള്‍ അടയാളപ്പെടുത്തുന്ന സഫോക്കിനെപ്പറ്റിയുള്ള ഒരു പുസ്തകത്തിന്റെ അവസാന മിനുക്കു പണികളിലാണ് പെപിതയിപ്പോള്‍. ' ഈ പുസ്തകം വന്നാല്‍ എന്റെ എല്‍സ ഒരു സൂപ്പര്‍സ്റ്റാറാകും!' എന്ന് നിറചിരിയോടെ പെപിത പറയുമ്പോള്‍ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ഇനിയും മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്ന ആ സുമനസ്സിനെ നമ്മള്‍ തീര്‍ച്ചയായും കൈകൂപ്പി പോകും!

(ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

Babu P Ramesh column about Pepita Seth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com