

ന്യൂഡല്‍ഹി, 26 ഏപ്രില്‍ 2026, ഞായര്‍. ഇന്ത്യ കണ്ടതില്‍ ഏറ്റവും പ്രതിഭാശാലിയായ ഫോട്ടോ ജേണലിസ്റ്റായ രഘു റായിയുടെ വിയോഗമറിയിച്ചു കൊണ്ട് സഹപ്രവര്‍ത്തകനും ചരിത്രകാരനുമായ ഡോ.യോഗേഷ് സ്‌നേഹി അയച്ച സന്ദേശം വായിച്ചപ്പോള്‍ ആറുപതിറ്റാണ്ടോളം തുടര്‍ച്ചയായി ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ ഏറ്റവും ശ്രദ്ധാപൂര്‍വ്വം മിഴിവോടെ പകര്‍ത്തിയെടുത്ത ഒരു ക്യാമറയുടെ ഷട്ടര്‍ എന്നെന്നേയ്ക്കുമായി അടഞ്ഞു എന്ന യാഥാര്‍ത്ഥ്യമാണ് ഞാന്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 'സാമൂഹ്യപാഠ'ത്തിന് വേണ്ടി ഒരു ലേഖനമെഴുതുന്നത് സംബന്ധിച്ച് രഘു റായിക്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനും ഞാന്‍ അയച്ച മെസേജുകള്‍ക്കൊന്നും തന്നെ മറുപടിയേതും കിട്ടാതിരുന്നതിന്റെ കാരണം ഞാന്‍ അറിഞ്ഞതും അങ്ങനെയാണ്.
2023ലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി അക്കാദമിക് ഗവേഷണമല്ലാതെ മറ്റേതെങ്കിലും മേഖലയില്‍ കനത്ത സംഭാവന നല്‍കിയ ഒരു വ്യക്തിയെ ക്ഷണിക്കണമെന്ന ആശയം മനസ്സിലിട്ടു നടക്കുന്ന സമയത്താണ്, തികച്ചും ആകസ്മികമായി ഡല്‍ഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തില്‍ വെച്ചു നടന്ന ആര്‍.സി.പൊതുവാള്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ആദ്യമായി ഞാന്‍ രഘു റായിയെ കാണുന്നതും കേള്‍ക്കുന്നതും. അന്നത്തെ മുഖ്യ പ്രഭാഷകനായ ആ എണ്‍പതുകാരന്‍ ഗാംഭീര്യത്തോടെ നീണ്ടു നിവര്‍ന്നു നിന്ന്, ചുറുചുറുക്കോടെ, തന്റെ ഫോട്ടോഗ്രാഫി ജീവിതത്തിനിടയില്‍ കലകളോടും കലാകാരന്മാരോടും ഇടപഴകാന്‍ കിട്ടിയ അവസരങ്ങളെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങള്‍ തനിക്ക് നല്‍കിയ ഉള്‍ക്കാഴ്ചകളെക്കുറിച്ചുമൊക്കെ സരസമായി വിവരിച്ചു തുടങ്ങിയപ്പോള്‍ തേടിയ വള്ളി കാലില്‍ തടഞ്ഞ ത്രില്ലിലായിരുന്നു, ഞാന്‍!
പ്രഭാഷണ ശേഷം നടന്ന കഥകളി അവതരണത്തിന്റെ ഓരോ ഫ്രെയിമും ഏറ്റവും ശ്രദ്ധാപൂര്‍വ്വം രഘു റായ് ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ 'ക്യാമറയിലൂടെ കാണുമ്പോഴാണ് എന്റെ കാഴ്ച ഏറ്റവും വ്യക്തമാവുന്നത്' എന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ് എനിക്കോര്‍മ്മ വന്നത്. കേരള സര്‍ക്കാറിനു വേണ്ടി തിരുവനന്തപുരത്തെപ്പറ്റി അദ്ദേഹം തന്നെ ചെയ്ത ഫോട്ടോബുക്കിന്റെ ഒരു കോപ്പിയായിരുന്നു, അന്ന് കഥകളി സെന്ററിനായി അദ്ദേഹം നല്‍കിയ സമ്മാനം. തിരുവനന്തപുരത്തിന്റെ ആത്മാവ് ഒപ്പിയെടുത്ത നിരവധി ഫോട്ടോകളുള്ള ആ പുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോള്‍ വര്‍ഷങ്ങളോളം അനന്തപുരിയില്‍ താമസിച്ചിട്ടുള്ള ഞാന്‍ പോലും നേരെ കാണാതെപോയ പല കാഴ്ചകളും ഏതാനും ആഴ്ചകളിലെ സന്ദര്‍ശനങ്ങളിലൂടെ സ്വന്തം കൈയൊപ്പുള്ള അനശ്വരചിത്രങ്ങളാക്കിയ രഘു റായിയുടെ ജാലവിദ്യയാണ് ഞാന്‍ കണ്ടറിഞ്ഞത്.
ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഞങ്ങളുടെ ക്ഷണപ്രകാരം ഗവേഷണോത്സവത്തിന്റെ ഉദ്ഘാടകനായി വന്ന രഘു റായിയുടെ ഓട്ടോഗ്രാഫിനായി യോഗേഷ് കൊണ്ടു വന്നത് അമൃത്സറിനെപ്പറ്റിയുള്ള റായിയുടെ തന്നെ ഫോട്ടോബുക്കായിരുന്നു. അഭിമാനപൂര്‍വ്വം തന്റെ ഫോട്ടോബുക്ക് ഒന്നു തൊട്ടു തലോടിയ ശേഷം 'ചിത്രം പോലൊരു' കൈയൊപ്പിട്ട് ആ പുസ്തകം തിരികെ നല്‍കുമ്പോള്‍ ക്യാമറക്കണ്ണിലൂടെ താന്‍ പല തവണ കണ്ട അമൃത്സറില്‍ ഒരിക്കല്‍ കൂടി തിരിച്ചെത്തിയ സന്തോഷമായിരുന്നു, ആ മുഖത്ത്!
'വളരെക്കുറച്ചേ ഞാന്‍ സംസാരിക്കൂ. ഒരു ഗവേഷകനോ അധ്യാപകനോ അല്ലല്ലോ, ഞാന്‍!' എന്നൊക്കെ മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നെങ്കിലും റിസര്‍ച്ച് ഫെസ്റ്റിവലിലെ രഘു റായിയുടെ പ്രസംഗം, ദശാബ്ദങ്ങളായി ഫോട്ടോഗാഫര്‍ എന്ന നിലയില്‍ അദ്ദേഹം ആര്‍ജ്ജിച്ച ഉള്‍ക്കാഴ്ചയുടെ വിശദമായ അനുഭവ സാക്ഷ്യമായിരുന്നു.
ക്യാമറയിലൂടെയുള്ള തന്റെ വേറിട്ട കാഴ്ചകളോരോന്നും ഓരോ 'ദര്‍ശനങ്ങളായിരുന്നു' എന്നായിരുന്നു രഘുറായിയുടെ പക്ഷം. 1970 കളില്‍ രാജസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കക്കെടുതി ഫോട്ടോയില്‍ പകര്‍ത്താനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ആദ്യമായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തപ്പോള്‍, ആകാശത്തില്‍ നിന്ന് തനിക്ക് കിട്ടിയ 'ദര്‍ശനം' പോലെ തന്നെ പ്രാധാന്യമുള്ളവയായിരുന്നു സംഗീതജ്ഞരുടേയും രാഷ്ട്രീയനേതാക്കളുടേയും ആധ്യാത്മികാചാര്യരുടേയും സാധാരണജനങ്ങളുടേയുമൊക്കെ പ്രത്യേക ഭാവങ്ങള്‍ ഒപ്പിയെടുത്ത ഓരോ സന്ദര്‍ഭത്തിലും താന്‍ അനുഭവിച്ച 'ദര്‍ശനങ്ങളോരോന്നും' എന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങിയ അദ്ദേഹം പിന്നെ മുക്കാല്‍ മണിക്കൂറോളം വാക്കുകളിലൂടെ ഞങ്ങളെ കൈപിടിച്ച് നടത്തിയത് നാളതുവരെ താന്‍ ലെന്‍സിലൂടെ കണ്ടു മനസ്സിലാക്കിയ ഇന്ത്യയിലൂടെയായിരുന്നു. ഏറെ പുസ്തകമൊന്നും വായിയ്ക്കാത്ത താന്‍ എന്നും വായിക്കുന്ന പുസ്തകം, ചുറ്റുമുള്ള പ്രകൃതിയുടെ, ജീവിതത്തിന്റെ പുസ്തകമാണെന്നും, ഓരോ ദിവസവും ആ പുസ്തകം തനിക്ക് നല്‍കുന്നത് ഏറ്റവും പുതിയ പാഠങ്ങളാണെന്നും രഘു റായ് വിശദീകരിച്ചപ്പോള്‍ കേള്‍വിക്കാരെ വിജ്ഞാനത്തിന്റെ മറ്റൊരു തലത്തിലേയ്ക്കാണ് അദ്ദേഹം ഉയര്‍ത്തിയെടുത്തത്. ഏതു മേഖലയിലായിരുന്നാലും സ്വന്തം തൊഴിലിന്റെ ധര്‍മ്മം ആത്മാര്‍ത്ഥമായി പിന്തുടരണമെന്നും മണ്ണിന്റെ മണവും ജീവിതത്തിന്റെ തുടിപ്പുമുള്ള സൃഷ്ടികളേ അനന്യമാവൂ എന്നും രഘു റായ് പറഞ്ഞു നിര്‍ത്തുമ്പോള്‍ ഇതിലും നല്ലൊരു തുടക്കം തങ്ങളുടെ ഗവേഷണോത്സവത്തിന് കിട്ടാനില്ല എന്ന ബോധ്യത്തിലെത്തിയിരുന്നു, സദസ്സിലുള്ളവരെല്ലാവരും.
രഘു റായ് എന്ന ഫോട്ടോഗ്രാഫറെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പല ഫോട്ടോകളും നമ്മളുടെയൊക്കെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നവയാണ്. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, എം.എസ്. സുബ്ബലക്ഷ്മി, ഉസ്താദ് ബിസ്മില്ലാഖാന്‍, ദലൈലാമ, പണ്ഡിറ്റ് രവിശങ്കര്‍, സത്യജിത് റേ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി വിശേഷ വ്യക്തികളെ ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിയുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ പലതും രഘു റായ് എന്ന ഒരേയൊരു വ്യക്തിയുടെ ക്യാമറയില്‍ പകര്‍ത്തപ്പെട്ടവയാണ് എന്ന അറിവ് തന്നെ മതി അദ്ദേഹം നമ്മള്‍ക്കൊപ്പം എന്നുമുണ്ടായിരുന്നു എന്നതിന്റെ തെളിവ്.
1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരതയും 1971 ലെ ഇന്ത്യാ- ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചകളുമൊക്കെ ഉള്ളുപൊള്ളിക്കുന്ന ഫോട്ടോകളിലൂടെ നമ്മളിലേയ്‌ക്കെത്തിച്ചത് റായിയാണ്. ഇന്ദിരാ ഗാന്ധിതൊട്ട് നരേന്ദ്ര മോദിവരെയുള്ള പ്രധാനമന്ത്രിമാരുടെ അത്യപൂര്‍വ്വ ഫോട്ടോകള്‍ പലതും പകര്‍ത്തിയിട്ടുള്ളതും അദ്ദേഹത്തിന്റെ ക്യാമറയിലൂടെയാണ്. 1968 ല്‍ ഋഷികേശ് സന്ദര്‍ശിച്ച ലോക പ്രസിദ്ധ മ്യൂസിക് ബാന്‍ഡായ ബീറ്റ്ല്‍സിന്റെ അപൂര്‍വ്വ നിമിഷങ്ങളും ആ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞവയാണ്. സിഖ് മതനേതാവായിരുന്ന ഭിന്ദ്രന്‍ വാലെ എന്ന ഖലിസ്ഥാന്‍ വിഘടന വാദിയുടെ ഏറ്റവും അവസാനത്തെ ഫോട്ടോ, സുവര്‍ണ്ണക്ഷേത്ര സമുച്ചയത്തിലെ അകാല്‍തക്തില്‍ വെച്ച് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ തൊട്ടുമുന്‍പത്തെ ദിവസം ക്യാമറയിലാക്കിയ ഏക ഫോട്ടോഗ്രാഫറെന്ന പെരുമയും റായിക്കു മാത്രം അവകാശപ്പെട്ടതാണ്. ക്രോധവും ഭയവും ഒരു പോലെ നിഴലിക്കുന്ന ഭിന്ദ്രന്‍ വാലെയുടെ ആ ചിത്രം അത്യപൂര്‍വ്വമായ റായ് ചിത്രങ്ങളിലൊന്നായി മാറിയത് പിന്നത്തെ ചരിത്രമാണ്. അങ്ങനെ ഇന്ത്യന്‍ സമൂഹമനസ്സിലും ആഗോള തലത്തിലും ചിരപ്രതിഷ്ഠിതമായ ആയിരക്കണക്കിന് ഫോട്ടോകളും അനവധി ഫോട്ടോബുക്കുകളും സംഭാവന ചെയ്ത് ഫോട്ടോ ജേണലിസം എന്ന പത്രപ്രവര്‍ത്തന ശാഖയ്ക്ക് അതിശക്തമായ അടിത്തറ പണിത ശേഷമാണ് രഘു റായ് എന്ന ഇതിഹാസം ഓര്‍മ്മയാവുന്നത്.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ (ഇപ്പോഴത്തെ പാകിസ്ഥാനിലെ) ഝാംഗില്‍ 1942 ല്‍ ജനിച്ച രഘുനാഥ് റായ് ചൌധരി, ലോകമറിയുന്ന രഘു റായ് ആവുന്നത് തികച്ചും ആകസ്മികമായാണ്. സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷം പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ നില്‍ക്കുന്ന സമയത്ത് രഘുവെന്ന ഇരുപത്തി മൂന്നുകാരന്‍ പെട്ടൊന്നൊരുനാള്‍ ഫോട്ടോഗ്രാഫറായി പിറവിയെടുക്കുകയായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന മുതിര്‍ന്ന സഹോദരന്‍ എസ്. പോളിനോടൊപ്പം ഒരു ഗ്രാമ പ്രദേശത്ത് ഫോട്ടോഷൂട്ടിന് കൂട്ടു പോയ രഘു യാദൃച്ഛികമായി പകര്‍ത്തിയ വയലരികത്തെ കഴുതക്കുട്ടിയുടെ ചിത്രമായിരുന്നു തുടക്കം. അനുജനില്‍ ഒളിഞ്ഞു കിടന്ന പ്രതിഭയുടെ മിന്നായമാണ് ആ കന്നിച്ചിത്രം എന്ന് തിരിച്ചറിയാന്‍ അനുഭവസമ്പത്തും അകക്കണ്ണുമുളള പോളിന് ബുദ്ധിമുട്ടേതുമുണ്ടായില്ല. അങ്ങനെ കണ്ടെത്തിയ ആ ഫോട്ടോയാണ് 'ബേബി ഡോങ്കി' എന്ന പേരില്‍ 1965 ല്‍ ലണ്ടന്‍ ടൈംസില്‍ അരപ്പേജ് വിസ്തൃതിയില്‍ രഘു റായിയുടെ ബൈലൈനോടെ പ്രസിദ്ധീകരിക്കപ്പെട്ടത്. ഫോട്ടോഗ്രാഫിയുടെ ലോകത്ത് പിന്നീടൊരിക്കലും രഘു റായിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1965-ല്‍ സ്റ്റേറ്റ്‌സ്മാനില്‍ ചീഫ് ഫോട്ടോഫറായി ചേര്‍ന്ന രഘു റായ്, കല്‍ക്കട്ടയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സണ്‍ഡേ മാഗസിനിലും അല്‍പകാലം ജോലി ചെയ്തു. ഇടയ്ക്ക് തോംസണ്‍ ഫെല്ലോഷിപ്പ് നേടി ഇംഗ്ലണ്ടില്‍ പോയ അദ്ദേഹം അവിടെ മികച്ച തൊഴില്‍ സാധ്യതകളുണ്ടായിട്ടും ഇന്ത്യയില്‍ തിരികെ വന്ന് സ്വന്തം വഴി തുടരാനാണ് തീരുമാനിച്ചത്. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ ഇന്ത്യാ ടുഡേയില്‍ ജോലി ചെയ്ത ശേഷം, 1990 കളുടെ തുടക്കം മുതല്‍ സ്വതന്ത്ര ഫോട്ടോ ജേണലിസത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ രഘുറായിയുടെ ചിത്രങ്ങളും കുറിപ്പുകളും ന്യൂ യോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക്, ദ ന്യൂയോര്‍ക്കര്‍, നാഷണല്‍ ജ്യോഗ്രഫിക് , ജിയോ, ടൈം, ലൈഫ് , സണ്‍ഡേ ടൈംസ്, ദ ഇന്‍ഡിപെന്‍ഡെന്റ് തുടങ്ങി ലോകത്തെ എണ്ണം പറഞ്ഞ പ്രസിദ്ധീകരണങ്ങളിലെല്ലാം നിരവധി തവണ ഇടം കണ്ടിട്ടുണ്ട്.
അംഗീകാരങ്ങളുടെ തോരാത്ത പെരുമഴ അടിമുടി നനഞ്ഞ ഭാഗ്യവാനായ കലാകാരനാണ് റായി. ഫോട്ടോഗ്രാഫി പ്രവര്‍ത്തന മേഖലയാക്കി തിരഞ്ഞെടുത്തതിനു ശേഷം വെറും ഏഴു വര്‍ഷക്കാലത്തിനകം ആ മേഖലയിലെ സംഭാവനകള്‍ മാനിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുമ്പോള്‍ രഘു റായിക്ക് കഷ്ടിച്ചു മുപ്പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പിന്നെ, യു.എസിലെ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്; ഫ്രഞ്ച് സര്‍ക്കാറിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് അവാര്‍ഡ്; 2019 ലെ അക്കാദമി ഡെസ് ബ്യൂക്‌സ്- ആര്‍ട്‌സ് അവാര്‍ഡ് (വില്യം ക്ലെയിന്‍ അവാര്‍ഡ്) എന്നിങ്ങനെ നിരവധി ബഹുമതികള്‍ രഘു റായിയെ തേടിയെത്തി. 1977 ല്‍ ഫോട്ടോഗ്രാഫി ലോകത്തെ എക്കാലത്തേയും അതികായനായ ഹെന്റി കാര്‍ട്ടിയര്‍ ബ്രസോണ്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫര്‍മാരുടെ സഹകരണ കൂട്ടായ്മയായ മാഗ്‌നം ഫോട്ടോസിലേയ്ക്ക് മുപ്പത്തിയഞ്ചുകാരനായ രഘു റായിയെ നോമിനേറ്റ് ചെയ്തത് ഇന്ത്യയിലെ മറ്റേതൊരു ഫോട്ടോഗ്രാഫര്‍ക്കും പിന്നീടൊരിക്കലും നേടാന്‍ കഴിയാത്ത ഉയരമായി ഇന്നും തുടരുകയാണ്.
'ചിലപ്പോള്‍ ചിലരെ വിജയിപ്പിക്കാനായി പ്രകൃതി തന്നെ ഗൂഢാലോചന ചെയ്യും' എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളെ അനുസ്മരിക്കും വിധം, പലപ്പോഴും പക്ഷികളുടെ രൂപത്തിലും മേഘങ്ങളുടെ രൂപത്തിലുമൊക്കെ പ്രകൃതി തന്നെ രഘു റായിയുടെ ഫ്രെയിമുകളില്‍ നേരിട്ടിടപെട്ട് ആ സൃഷ്ടികളെ അനന്യവും അനശ്വരവുമാക്കിയ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. മഹാബലിപുരത്തെ ബട്ടര്‍ബോള്‍ എന്ന അത്ഭുതപ്പാറയുടെ അരികില്‍ എസ്. ബാലചന്ദര്‍ എന്ന വിശ്രുത വീണാ വാദകനെ ഷൂട്ട് ചെയ്യുമ്പോള്‍ മേഘങ്ങള്‍ നടത്തിയ മായിക ഇടപെടലുകളും, വാരാണസി ഘാട്ടിലെ രംഗങ്ങള്‍ പകര്‍ത്തുമ്പോള്‍ ഒരു കൊച്ചു കുരുവി സമ്മാനിച്ച അനര്‍ഘ നിമിഷവുമൊക്കെ ഇപ്പറഞ്ഞതിന് ഉദാഹരണങ്ങളാണ്. പലപ്പോഴും അതിസൂക്ഷ്മമായ ഒരു പ്രത്യേക നിമിഷത്തില്‍ ക്യാമറ ക്ലിക്ക് ചെയ്യാന്‍ സാധിക്കുന്നുവെന്ന അനിതരമായ നൈപുണ്യമാണ് റായ് ചിത്രങ്ങളെ തികച്ചും വേറിട്ടവയാക്കുന്നത്. ഉദാഹരണത്തിന്, 1973 ല്‍ സാം മനേക് ഷായെ ഫീല്‍ഡ് മാര്‍ഷല്‍ മെഡല്‍ അണിയിച്ച ശേഷം രാഷ്ട്രപതി വി.വി.ഗിരി ഒരു നിമിഷം പട്ടാള മേധാവിയുടെ ഉശിരന്‍ മീശയില്‍ ഒന്നു തൊട്ടത് രഘുറായിയുടെ ക്യാമറ മാത്രമാണ് കൃത്യമായി കണ്ടതും ഒപ്പിയെടുത്തതും! ഒരിക്കലല്ല പലപ്പോഴും ഇത്തരം അനശ്വര മുഹൂര്‍ത്തങ്ങള്‍ ഒരേയാളുടെ ഫോട്ടോകളില്‍ സംഭവിക്കുമ്പോഴാണ് ആ ക്യാമറക്കണ്ണ് നമുക്ക് മുന്നില്‍ ഒരു വിസ്മയമായി വിരിയുന്നത്.
ഒരിക്കല്‍ പറ്റ്‌നയില്‍ വെച്ച് ജയപ്രകാശ് നാരായണന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത് ഫോട്ടോയില്‍ ഒപ്പിയെടുക്കാന്‍ പറ്റിയത് ജെ.പി.ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന രഘുറായ്ക്ക് മാത്രമായിരുന്നു. പിറ്റേ ദിവസം സ്റ്റേറ്റ്‌സ്മാനില്‍ അച്ചടിച്ചു വന്ന ആ ചിത്രം ഇന്ദിരാഗാന്ധിയുടെ അടിച്ചമര്‍ത്തല്‍ തന്ത്രത്തിനെതിരായി ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിനു കിട്ടിയ ഏക പിടിവള്ളിയായിരുന്നു. അതില്‍ പിന്നെ ജെ.പി.ക്ക് തന്നോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നുവെന്ന് രഘുറായ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്
താന്‍ ആഗ്രഹിക്കുന്ന ഫോട്ടോകള്‍ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും ത്യാഗങ്ങള്‍ സഹിയ്ക്കാനുമുള്ള റായിയുടെ മനസ്സും ചങ്കുറപ്പും എടുത്തു പറയേണ്ടതുണ്ട്. അകാല്‍തക്തില്‍ കടന്നു കയറി ഭിന്ദ്രന്‍ വാലെയുടെ അവസാന ഫോട്ടോ പകര്‍ത്തിയ റായ്, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം തകര്‍ക്കപ്പെട്ട അകാല്‍തക്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവിടെയെത്തിയത് ഏതൊരു ത്രില്ലര്‍ സിനിമയെയും വെല്ലുംവിധത്തില്‍ സാഹസികമായ രീതിയിലായിരുന്നു. രണ്ട് കൂട്ടാളികളുടെ സഹായത്തോടെ, പൂച്ചെണ്ടുകള്‍ക്കിടയില്‍ ഒളിച്ചു കടത്തിയ ഒരു കൊച്ചു ക്യാമറയുമായി തീര്‍ത്ഥാടകനെന്ന ഭാവേന അകത്തു കയറി, അത്യപൂര്‍വ്വ ചിത്രങ്ങള്‍ ക്യാമറയിലൊതുക്കി പുറം ലോകത്തെത്തിക്കുന്നതിലൂടെ ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണ സന്ദര്‍ഭമാണ് റായ് അന്ന് എഴുതിച്ചേര്‍ത്തത്.
മാറുന്ന ഡല്‍ഹിയെ ഇത്രമേല്‍ വിശദമായി അടയാളപ്പെടുത്തിയ മറ്റൊരു ഫോട്ടോഗ്രാഫര്‍ ഇല്ല തന്നെ. 1966 ല്‍ രഘുറായ് പകര്‍ത്തിയ ഹുമയൂണ്‍സ് ടൂംബിന്റെയും പരിസരങ്ങളുടെയും ഫോട്ടോ നോക്കിയാല്‍ ഒരു നൂറ്റാണ്ടിലധികം പുറകിലോട്ട് സഞ്ചരിച്ച പ്രതീതിയാണുണ്ടാവുക! കാളകളും ഗോതമ്പിന്റെ കറ്റ മെതിച്ച് പതിരു പാറ്റുന്ന സ്ത്രീകളും ചരക്കു വണ്ടിയുമൊക്കെ പശ്ചാത്തലത്തിലുള്ള മങ്ങി നില്‍ക്കുന്ന അന്നത്തെ ഹുമയൂണ്‍സ് ടോംബിന്റെ ആ ഫോട്ടോ ഇപ്പോഴത്തെ അതിന്റെ ദൃശ്യാനുഭവത്തോട്
യാതൊരു സാദൃശ്യവും കണ്ടെത്താന്‍ പറ്റാത്ത വിധം വ്യത്യസ്തമാണ്. അതു പോലെ തന്നെ ചാന്ദ്‌നി ചൗക്കും ചാവ്ടി ബസാറും ഫത്തേപ്പൂരി മസ്ജിദും അഗ്രസേനന്റെ ബാവ്ലിയുമൊക്കെ അവയുടെ ഗതകാല ഗരിമയില്‍ തനിമയോടെ പകര്‍ത്തി വെച്ചിട്ടുണ്ട്, രഘു റായിയുടെ നിരവധി ചിത്രങ്ങളില്‍.
നല്ലൊരു ദൃശ്യമോ സന്ദര്‍ഭമോ വീണു കിട്ടുമ്പോള്‍ അത് ചിത്രീകരിക്കാന്‍ ക്യാമറ കൈയില്‍ ഇല്ലാത്ത ഒരു ഫോട്ടോഗ്രാഫര്‍ സമൂഹത്തോട് ചെയ്യുന്നത് കൊടുംപാപമാണ് എന്നാണ് റായി തന്നെ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ ക്യാമറ രഘു റായിയുടെ ശരീരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. മറ്റ് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് വ്യത്യസ്തനായി പലപ്പോഴും ഒന്നിലധികം ക്യാമറകള്‍ കഴുത്തില്‍ തൂക്കി, വേറിട്ട ഫ്രെയിമുകള്‍ തേടി നടക്കുന്ന രഘു റായിയുടെ ചിത്രം നമ്മുടെ മനസ്സില്‍ മായാതെ പതിയാനുള്ള കാരണവും അദ്ദേഹത്തിന്റെ മേല്‍പറഞ്ഞ ബോധ്യം തന്നെ.
രഘു റായ് ക്യാമറയില്‍ പകര്‍ത്തിയ ലക്ഷക്കണക്കിന് ഫോട്ടോകളില്‍ നിരവധിയെണ്ണം ഒന്നിനൊന്ന് മെച്ചമെന്ന വിധം അതുല്യമാണ്. ആശയ വൈവിധ്യത്തിന്റെ കാര്യത്തിലും രഘു റായ് ചിത്രങ്ങള്‍ ഏറ്റവും സമ്പന്നമാണ്. ഇന്ദിരാ ഗാന്ധി അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളും മദര്‍ തെരേസ, ദലൈലാമ തുടങ്ങിയ ആധ്യാത്മിക ചൈതന്യങ്ങളും സത്ജിത് റേ, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങി എണ്ണമറ്റ കലാകാരന്മാരും അസംഘടിത തൊഴിലാളികളും സാധാരണ ജനങ്ങളും നഗരക്കാഴ്ചകളും അനുദിനം രൂപം മാറുന്ന ഇന്ത്യയിലെ സാമൂഹ്യ ജീവിതവും എന്നിങ്ങനെ എല്ലാ വിഷയങ്ങളും റായ്ക്ക് ഒരു പോലെ പഥ്യമായിരുന്നു. ഇന്ത്യാടുഡേയ്ക്ക് വേണ്ടി ചെയ്ത ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ അതുല്യ പ്രതിഭകളെപ്പറ്റിയുള്ള സീരിസ് വളരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. വന്യജീവി പരിപാലനത്തിലെ മാനുഷിക ഇടപെടലുകള്‍ വിഷയമാക്കി നാഷണല്‍ ജ്യോഗ്രഫിക്കിന് വേണ്ടി ചെയ്ത പ്രോജക്ടാണ് അന്തര്‍ദ്ദേശീയ തലത്തില്‍ രഘു റായിക്ക് അംഗീകാരം നേടിക്കൊടുത്തത്.
താന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരുടെ ഹൃദയത്തില്‍ ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന രഘു റായിയുടെ രസതന്ത്രം എടുത്തു പറയേണ്ട കാര്യമാണ്. മദര്‍ തെരേസയോടും ദലൈലാമയോടുമൊക്കെ ഏറ്റവും അടുപ്പത്തോടെ ഇടപഴകാന്‍ കഴിഞ്ഞതും ഇന്ദിരാ ഗാന്ധിയുടെ പ്രതാപവര്‍ഷങ്ങളില്‍ അവരുടെ ശ്രദ്ധേയമായ ഭാവങ്ങള്‍ ഏറ്റവുമരികില്‍ നിന്ന് നിസ്സംഗതയോടെ പകര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമൊക്കെ ഈ കഴിവ് ഒന്നു കൊണ്ടുമാത്രമാണ്. ആരോടും അധികം മിണ്ടാത്ത പരുക്കന്‍ പ്രകൃതക്കാരനായ സംഗീത സമ്രാട്ട് അലി അക്ബര്‍ ഖാന്റെ ഫോട്ടോ ഷൂട്ടിനായി ലോസ് ആഞ്ചലസിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയപ്പോള്‍, 'നാളെ മുതല്‍ നിങ്ങള്‍ ഹോട്ടലില്‍ താമസിക്കണ്ട; ഇത് നിങ്ങളുടെ റൂം ആണ്; ഇതു നിങ്ങളുടെ ടെലിഫോണ്‍ ആണ്; പിന്നെ, ഇത് നിങ്ങള്‍ക്കുള്ള ഷിവാസ് റീഗലും' എന്നു ഖാന്‍ സാഹബ് പറഞ്ഞതും പിറ്റേന്ന് തന്റെ അതിഥിക്കായി സ്വയം ഭക്ഷണം പാചകം ചെയ്യാന്‍ അദ്ദേഹം പ്രത്യേകം താത്പര്യമെടുത്തതുമെല്ലാം രഘു റായ് വിവരിക്കുമ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന റായിയുടെ പ്രകൃതം തന്നെയാണ് നമ്മള്‍ അടിവരയിട്ട് തിരിച്ചറിയുക.
റിസര്‍ച്ച് ഫെസ്റ്റിവലിലെ ഉദ്ഘാടനത്തിനു ശേഷമുള്ള ചായസല്‍ക്കാര സമയത്ത് കൂടെയുണ്ടായിരുന്ന ഞങ്ങളില്‍ ചിലരോട് തന്റെ ഇനിയും വരാനിരിക്കുന്ന അടുത്ത ഫോട്ടോ പുസ്തകത്തെപ്പറ്റി രഘു റായ് ചില സൂചനകള്‍ നല്‍കിയിരുന്നു. 'ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പുസ്തകം തീര്‍ച്ചയായും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ എന്റെ ചില ചിത്രങ്ങള്‍, പ്രത്യേകിച്ച് കോവിഡ് കാലത്തെ ചില ദൃശ്യങ്ങള്‍, ഞാന്‍ അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്' എന്ന് സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ റായ് പറഞ്ഞപ്പോള്‍ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഒരു കന്നി ഫോട്ടോഗ്രാഫറുടെ ഉത്സാഹമാണ് ഞങ്ങള്‍ക്ക് ആ മുഖത്ത് കാണാന്‍ കഴിഞ്ഞത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അര്‍ബുദത്തിന്റെ ചികിത്സയിലായിരുന്ന അദ്ദേഹം, ഒരു പക്ഷെ, ആ പുസ്തകം മുഴുമിച്ചിട്ടില്ലായിരിക്കും. അദ്ദേഹത്തിന്റെ മനസ്സറിയുന്ന മറ്റാരെങ്കിലും പണിതീരാതെ ഇന്ത്യന്‍ ഫോട്ടോഗ്രാഫിയിലെ പെരുന്തച്ചന്‍ ബാക്കിവെച്ചു പോയ ആ പുസ്തകത്തെ ഏറെതാമസിയാതെ വെളിച്ചത്തെത്തിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം!
(ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates