അന്നും കോണ്‍ഗ്രസിന് 63 സീറ്റ്, മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ചര്‍ച്ചയോട് ചര്‍ച്ച; ചരിത്രം പ്രഹസനമായി മാറുമ്പോള്‍

1960 election report
അന്നും കോണ്‍ഗ്രസിന് 63 സീറ്റ്, മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ചര്‍ച്ചയോട് ചര്‍ച്ചfile
Updated on

'The Kerala Congress has been able to return 63 members to the 126 member State Legislative Assembly.It should not be difficult for it to form a government; but as the second week after the election ended and an impatient Kerala Governor waited to send for someone who will relieve him of his present weight of undemocratic responsibility, government forming looked a very

formidable problem to the K.P.C.C leaders gathered in New Delhi.'

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും 63 എണ്ണം നേടിയ കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ ഇന്നിപ്പോള്‍ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന തമാശ നാടകത്തെക്കുറിച്ചുള്ളതല്ല. 66 വര്‍ഷം മുന്‍പ് അരങ്ങേറിയ സമാനമായ സംഭവ വികാസങ്ങളെക്കുറിച്ചാണ്. എടത്തട്ട നാരായണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന ലിങ്ക് എന്ന വിഖ്യാത പ്രസിദ്ധീകരണത്തിന്റെ 1960 ഫെബ്രുവരി 14 ലക്കത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടിന്റെ തുടക്കമാണിത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയ കുപ്രസിദ്ധമായ വിമോചന സമരത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ് - പിഎസ്പി മുസ്ലീം ലീഗ് മുക്കൂട്ട് മുന്നണി 94 സീറ്റുകളില്‍ ജയിച്ച് (കോണ്‍ഗ്രസ്സ് -63, പിഎസ്പി -20, മുസ്ലീം ലീഗ് -11) വ്യക്തമായ ഭൂരിപക്ഷം നേടി. 108 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 29 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കരുനാഗപ്പള്ളിയില്‍ ജയിച്ച ബേബി ജോണിലൂടെ ആര്‍എസ്പിക്ക് ഒരു സീറ്റും. കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു.

എന്നിട്ടും കടമ്പകള്‍ ഏറെയായിരുന്നു. മുന്‍കോപിയും ദുര്‍വാശിക്കാരനുമായ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സംഭവിക്കാവുന്ന ഭൂകമ്പ ങ്ങളെക്കുറിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ ആശങ്കകള്‍. എന്നാല്‍ ഒരു കോണ്‍ഗ്രസ്സ് ഇതരനെ മുഖ്യമന്ത്രിയാക്കുന്നതിനെ പാര്‍ലമെന്ററി ബോര്‍ഡിന്റെ യോഗത്തില്‍ 'അപ്രതീക്ഷിതമായി' പങ്കെടുത്ത പ്രധാനമന്ത്രി നെഹ്റു എതിര്‍ത്തു. പട്ടത്തെ മുഖ്യമന്ത്രിയാക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധം പിടിക്കില്ലെന്ന് പിഎസ്പി നേതൃത്വം കോണ്‍ഗ്രസ്സ് ഹൈക്കാമാന്‍ഡിനെ അറിയിച്ചതോടെ ആ പ്രശ്‌നം തല്‍ക്കാലം കെട്ടടങ്ങി -പട്ടം ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെങ്കിലും.

link magazine
അന്നത്തെ ലിങ്ക് മാഗസിന്റെ മുഖചിത്രം file
1960 election report
ബാലറ്റ് യുദ്ധത്തിന്റെ ഇന്നലെകളില്‍

അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ മുസ്ലീം ലീഗിന്റെ മന്ത്രിസഭാ പ്രവേശത്തെച്ചൊല്ലിയുള്ളതായിരുന്നു. 'ചത്ത കുതിര'യെന്ന് ലീഗിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നെഹ്റു ഇക്കാര്യത്തില്‍ ഉറച്ച നിലപാട് തന്നെ സ്വീകരിച്ചു. ഹൈക്കമാന്‍ഡിന്റെ ഭാഗമായ മൊറാര്‍ജി ദേശായ്, പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ പന്ത് എന്നിവരും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ നീലം സഞ്ജീവ റെഡ്ഢിയും മുന്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ യുഎന്‍ ധേബാറും പ്രധാനമന്ത്രിയോട് യോജിപ്പ് പ്രകടിപ്പിച്ചു. കേരള നേതാക്കളില്‍ ശങ്കറും ചാക്കോയും മന്ത്രിസഭയില്‍ തീര്‍ച്ചയായും എടുക്കുമെന്നു ലീഗിന് നേരത്തെ കൊടുത്ത വാക്ക് പാലിക്കണമെന്ന നിലപാടെടുത്തപ്പോള്‍ കെഎ ദാമോദര മേനോന്‍ അതിനോടു വിയോജിച്ചു. ലീഗിനെ എടുക്കില്ലെങ്കില്‍ തങ്ങളും മന്ത്രിസഭയില്‍ ചേരില്ലെന്ന് പിഎസ്പി വാശി പിടിച്ചു. നെഹ്റു, എന്നുവെച്ചാല്‍ കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്‍ഡ് തങ്ങളുടെ നിലപാട് കുറച്ചുകൂടി കടുപ്പിക്കുകയാണ് ഇതുകൊണ്ടു സംഭവിച്ചത്. എന്നാല്‍ ഇതു മാത്രമായിരുന്നില്ല മന്ത്രിസഭാ രൂപീകരണത്തിന് മുന്നിലെ വൈതരണി. പ്രധാന പ്രശ്‌നം കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ളതായിരുന്നു. ലിങ്കിന്റെ റിപ്പോര്‍ട്ട് തുടര്‍ന്നു വായിക്കൂ.

'Who should be the Chief Minister from amongst Congressmen? P.T.Chacko did not enjoy the requisite party support. R.Shankar was opposed by Mannom, the communal Nair leader, who has fourteen loyal supporters amongst the elected Congress candidates ready to do his bidding. Originally it looked as if Damodara Menon -- for whom Mannom has no objection and who is neutral in the Chacko -- Shankar competition -- would be the choice. But Shankar's case found supporters in the High Command and on Thursday both Damodara Menon and Chacko were persuaded to agree to Shankar's Chief Ministership.'

1960 election report
അന്ന് ഇഎംഎസിന്റെ കുടുംബത്തിന് എതിരെ പോലും ഗൗരിയമ്മ ആരോപണം ഉന്നയിച്ചു; വിമര്‍ശനങ്ങള്‍ക്ക് ഒരു ആമുഖം

1957 ലെ പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര പിന്തുണയുണ്ടായിരുന്നില്ല. കെപിസിസി അധ്യക്ഷനായ ശങ്കറിനെ മുഖ്യമന്ത്രിയാക്കാന്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശില്പികളില്‍ ഒരാളായ മന്നത്ത് പത്മനാഭന്‍ അനുകൂലിച്ചില്ല. കൂട്ടത്തിലെ നിഷ്പക്ഷനും 'നല്ലൊരു നായരു'മായ ദാമോദര മേനോനെയാണ് മന്നം പിന്തുണച്ചത്. എന്നാല്‍ ശങ്കറിന് ഹൈക്കമാന്‍ഡില്‍ ആവശ്യമായ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അവകാശവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണുന്നത് അത്ര എളുപ്പമല്ലെന്ന് കണ്ടതോടെ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. മന്ത്രിസഭാ സ്ഥാനാര്‍ത്ഥികളായ ആര്‍.ശങ്കര്‍, പിടി ചാക്കോ, കെഎ ദാമോദര മേനോന്‍, പിപി ഉമ്മര്‍ കോയ എന്നിവര്‍ക്ക് പുറമെ പനമ്പിള്ളി ഗോവിന്ദ മേനോന്‍ എന്നിവരാണ് ഡല്‍ഹിയിലുണ്ടായിരുന്നത്.

'In these circumstances, the departure of the K.P.C.C leaders from Delhi was postponed.This may mean postponement of Congress Legislature Party and election of the Party leader. It was considered dangerous to send any one back unless every detail was settled and agreed to by all concerned in Delhi itself.'

ശങ്കറിനെ നേതാവായി തിരഞ്ഞെടുക്കുന്നതിനെതിരെ ടിഒ ബാവ ഉള്‍പ്പെടെയുള്ള 30 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കമ്പിയടിച്ചു.

'നിങ്ങളെ ഡല്‍ഹിക്ക് പോകാന്‍ ആര് ചുമതലപ്പെടുത്തി?' എന്ന് ചോദിച്ചു കൊണ്ട് ബാവയും മറ്റു 36 എംഎല്‍എമാരും നിയമസഭാ കക്ഷി യോഗത്തില്‍ നേതൃത്വത്തെ ആക്രമിച്ചു. യോഗം നിറുത്തിവെച്ച് സാദിക്കാലിയും ശങ്കറും പനമ്പിള്ളിയുമെല്ലാം കൂടി മന്നത്തെ പോയിക്കണ്ടു. മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിലുള്‍പ്പെടെയുള്ള മന്നത്തിന്റെ ചില നിബന്ധനകള്‍ നടപ്പിലാക്കാമെന്ന് ഉറപ്പുകൊടുത്തതോടെ രാത്രി 9 മണിക്ക് പുനരാരംഭിച്ച യോഗത്തില്‍ ബാവ തന്നെ നേതൃസ്ഥാനത്തേക്ക് ശങ്കറിന്റെ പേര് നിര്‍ദ്ദേശിച്ചു.

കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്ക് അടങ്ങിയെങ്കിലും പിഎസ്പിയും ലീഗും വഴങ്ങാന്‍ ഒട്ടും കൂട്ടാക്കിയില്ല. ഭൂരിപക്ഷത്തിന് 64 സീറ്റു വേണമെന്നുള്ളത് കൊണ്ട് പാറശാലയില്‍ നിന്ന് സ്വതന്ത്രനായി ജയിച്ച എം കുഞ്ഞു കൃഷ്ണന്‍ നാടാരുടെയും മഞ്ചേശ്വരത്തു നിന്നുള്ള നിന്നുള്ള സ്വതന്ത്രന്‍ മഹാബലി ഭണ്ഡാരിയുടെയും പിന്തുണ നേടി കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വീണ്ടും ചര്‍ച്ചകള്‍... അനുനയ ശ്രമങ്ങള്‍... .ഹൈക്കമാന്‍ഡിന് കോണ്‍ഗ്രസ്സുകാരുടെ കമ്പികള്‍... വീണ്ടും മന്നത്ത് പത്മനാഭന്റെ ഇടപെടലുകള്‍... ഒടുവില്‍ പട്ടം താണുപിള്ളയെ തന്നെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള കടുംപിടിത്തം ഉപേക്ഷിച്ച് സ്പീക്കര്‍ സ്ഥാനം സ്വീകരിക്കാന്‍ മുസ്ലീം ലീഗും സമ്മതിച്ചു.

അങ്ങനെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും പര്യാലോചനകള്‍ക്കും ശേഷം 20 ദിവസം പിന്നിട്ടപ്പോള്‍ 1960 ഫെബ്രുവരി 22 ന് പട്ടം താണുപിള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയും പിടി ചാക്കോ ആഭ്യന്തര മന്ത്രിയും കെഎ ദാമോദര മേനോന്‍ വ്യവസായ മന്ത്രിയുമായിരുന്നു.

link magazine
ലിങ്കില്‍ വന്ന റിപ്പോര്‍ട്ട്‌ file
1960 election report
രഘു റായ്: ക്യാമറ കണ്ണാക്കിയ ഛായാഗ്രാഹകന്‍

അഭൂതപൂര്‍വമായ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ്സ് - പിഎസ് പി - മുസ്ലീം ലീഗ് മുന്നണിക്ക് ഒടുവില്‍ എന്തു സംഭവിച്ചു?

രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍, മുഖ്യമന്ത്രി പട്ടം താണുപിള്ളയും സഹ കോണ്‍ഗ്രസ്സ് മന്ത്രിമാരുമായി തമ്മില്‍ തമ്മില്‍ മിണ്ടാട്ടമില്ല എന്ന അവസ്ഥ യുണ്ടായതോടെ കേന്ദ്ര മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി നേരിട്ട് ഇടപെട്ട് പട്ടത്തെ പഞ്ചാബ് ഗവര്‍ണ്ണറായി നിയോഗിച്ചുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. പിഎസ്പി വൈകാതെ തന്നെ മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്തു പോയി.

അതിനു മുന്‍പുതന്നെ മുസ്ലീം ലീഗ് മുന്നണി വിട്ടിരുന്നു. സ്പീക്കര്‍ സീതി സാഹിബ് അന്തരിച്ചപ്പോള്‍ തല്‍സ്ഥാനത്തേക്ക് പാര്‍ട്ടി നിയോഗിച്ച സിഎച്ച് മുഹമ്മദ് കോയ ലീഗില്‍ നിന്ന് രാജിവെച്ചിട്ടുവേണം സ്ഥാനമേറ്റെടുക്കേണ്ടത് എന്ന കോണ്‍ഗ്രസ്സിന്റെ നിബന്ധന അനുസരിക്കേണ്ടി വന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ലീഗിന്റെ പുറത്തു പോകലിന് നിമിത്തമായത്. ഏറ്റവുമൊടുവില്‍ 'പീച്ചി സംഭവ'ത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി പിടി ചാക്കോ കൂടി രാജിവെച്ചതോടെ, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഒടുവിലത്തെ ഒറ്റയ്ക്കുള്ള ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭമായി. 1964 സെപ്റ്റംബര്‍ 10ന് പിഎസ്പിയിലെ പികെ കുഞ്ഞ് മന്ത്രിസഭയ്‌ക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായി. ശങ്കര്‍ മന്ത്രിസഭ പുറത്തായി. കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള 15 കോണ്‍ഗ്രസ്സ് എംഎല്‍എമാരും പിടി ചാക്കോയുടെ അനുയായികളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് മന്നത്ത് പത്മനാഭന്റെ ആശീര്‍വാദത്തോടെ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി രൂപീകരിച്ചതും മറ്റും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏവര്‍ക്കും പരിചിതമായ അദ്ധ്യായങ്ങള്‍.

deshabhimani report
ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്‌ file

1960 ല്‍ നിന്ന് 2026 ലെത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തില്‍ അന്നത്തെ പലതും അതേപടി ആവര്‍ത്തിക്കുന്ന കാഴ്ചകള്‍ ചരിത്രം അതിശയത്തോടെ കണ്ടുനില്‍ക്കുകയാണ്. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന അക്കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി സകലരെയും സദാ നിരീക്ഷിച്ചുകൊണ്ട് ദൃശ്യ/സമൂഹ മാധ്യമങ്ങള്‍ വലയം ചെയ്തിരിക്കുന്ന ഈ നാളുകളില്‍ എല്ലാം spectacle ന്റെ രൂപത്തില്‍ നമ്മുടെ മുമ്പിലേക്ക് എത്തുന്നു. ലിങ്ക് അവരുടെ റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്:

'Even the solution of these initial problems will not make it plain sailing. The problem of choosing ministers so that all communal and regional claims are satisfied will be as difficult.'

അതെ, ഇനി കാണാന്‍ കിടക്കുന്നതേയുള്ളൂ പൂരം!

ലിങ്ക് ഉള്‍പ്പെടെയുള്ള പത്ര മാധ്യമങ്ങളുടെ അന്നത്തെ റിപ്പോര്‍ട്ടുകള്‍ വീണ്ടും വായിക്കുമ്പോള്‍ ആ മഹാ മനീഷിയുടെ പ്രവചനതുല്യമായ വാക്കുകള്‍ കാലത്തിന്റെ ഭിത്തിയില്‍ തെളിഞ്ഞു വരുന്നു:

'History repeats itself, first as tragedy, second as farce '

Summary

Baiju Chandran on how the Congress, which won 63 seats in the 1960 elections, had to negotiate for days to find a Chief Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com