

കഴിഞ്ഞ ആറുമാസത്തിനിടെ പാര്‍ട്ടി- ഭരണ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ നൂറിലധികം ഇ-മെയില്‍ സന്ദേശങ്ങള്‍ എകെജി സെന്റിലേക്കും ഡല്‍ഹി എകെജി ഭവനിലേക്കുംഅയച്ചിട്ടുണ്ട്. കടുത്ത ഭാഷയില്‍ അതിനിശിതമായ വിമര്‍ശനങ്ങളാണ് പലതിലും ഉന്നയിച്ചിരുന്നത്. അതോടൊപ്പം തന്നെ എം എ ബേബി, ഗോവിന്ദന്‍ മാഷ്, വിജയരാഘവന്‍, ദിനേശന്‍ പുത്തലത്ത്, എം വി ജയരാജന്‍ തുടങ്ങിയവര്‍ക്ക് നിരവധി വാട്‌സ്ആപ്പ് സന്ദേശങ്ങളും അയച്ചിട്ടുണ്ട്. ഗോവിന്ദന്‍ മാഷിനെയും വിജയരാഘവനെയും നേരിട്ട് വിളിച്ചു നിസ്സങ്കോചം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ സീറ്റുകളുടെ എണ്ണം അടക്കം പറഞ്ഞിട്ടുള്ള ചില കാര്യങ്ങളുടെ പ്രവചനാത്മക സ്വഭാവം പരിഗണിക്കുമ്പോള്‍ ഇവിടുത്തെ വിവാദ വ്യവസായ പരിസരത്ത് വിപണിമൂല്യവുമുണ്ട്. അതൊന്നും ഒരിക്കലും പുറത്ത് ഒരാള്‍ പോലും അറിയാന്‍ പാടില്ല എന്ന് ഇപ്പോഴും വിശ്വസിക്കുന്നു. വ്യക്തിപരമായ പാര്‍ട്ടി കൂറിന്റെ പ്രശ്‌നമല്ല അത്.
സാമൂഹ്യ മാറ്റത്തിനു വേണ്ടി മനുഷ്യര്‍ സംഘം ചേരുന്ന ഏറ്റവും വലിയ മുഖ്യധാരാ പ്രസ്ഥാനം സിപിഎം ആണെന്നും ഏതു നിശിതമായ അളവുകോല്‍ വെച്ച് പരിശോധിച്ചാലും സിപിഎമ്മിനെക്കാള്‍ മികച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം വേറെയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടും സിപിഎം തകര്‍ന്നാല്‍ അത് നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഗുണകരമാവില്ല എന്ന് മാത്രമല്ല, വിനാശകരമായ ഫലങ്ങള്‍ ഉളവാക്കുമെന്നും വിശ്വസിക്കുന്നതു കൊണ്ടും മാത്രമാണ് അങ്ങനെയൊരു നിലപാടെടുക്കുന്നത്.
ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ പറയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലത്തും നിശിതമായ മൂല്യ പരിശോധനകള്‍ക്ക് വിധേയമാകുന്നതുകൊണ്ട് പാര്‍ട്ടി നയങ്ങള്‍ക്കും നേതൃത്വത്തിനും എതിരെ എല്ലാകാലത്തും അതീവ ഗുരുതരമായ ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്ന് പാര്‍ട്ടിക്കെതിരെ ഉയരുന്നതിനേക്കാള്‍ ഗൗരവതരമായ വിമര്‍ശനങ്ങള്‍ ഇഎംഎസിന്റെയും എകെജിയുടെയും നയനാരുടെയും പാര്‍ട്ടിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
സര്‍ സി പിയുടെ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളില്‍ മുതിരയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് പാവങ്ങളെ വെടിയുണ്ടകള്‍ക്കു മുമ്പിലേക്ക് എറിഞ്ഞു കൊടുത്ത് എല്ലാ നേതാക്കന്മാരും ഒളിവില്‍ പോയി എന്ന ആരോപണത്തോളം പ്രഹര ശേഷിയുള്ള ഒരു ആരോപണവും പിന്നീട് ഇതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടിട്ടില്ല. എന്നാല്‍, സത്യം അറിയാവുന്ന പുന്നപ്രയിലും വയലാറിലും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ പ്രസ്ഥാനത്തോടൊപ്പം നിന്നു. സമരത്തിനു മുന്നോടിയായി നടന്ന ബഹുജനങ്ങളുടെ വമ്പിച്ച പ്രതിഷേധത്തെ അന്നത്തെ പുന്നപ്ര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഖാവ് വിഎസ് നെഞ്ചൂക്കോടെ നിന്ന് നയിക്കുന്ന ഒരു ചിത്രവും പിന്നീട് പുറത്തു വന്നു.
ഇഎംഎസിന്റെയും എകെജിയുടെയും പാര്‍ട്ടിക്കെതിരെ സഖാവ് കെ പി ആര്‍ ഗോപാലന്റെ നേതൃത്വത്തില്‍, ഉശിരന്‍ സഖാക്കള്‍ ആയിരുന്ന എ വി ആര്യന്‍, അരയക്കണ്ടി അച്യുതന്‍, കോസല രാമദാസ് തുടങ്ങിയവര്‍ നടത്തിയ വിമത പ്രവര്‍ത്തനവും കലാപവും ഇന്നും ചരിത്രരേഖകളിലുണ്ട്. 67ലെ നിയമസഭയില്‍ അംഗങ്ങളായിരുന്നു ഇവര്‍ എല്ലാവരും. വിമതരാകുന്നതിന് മുമ്പ് ഇവര്‍ നിയമസഭയില്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിയമസഭാ രേഖകളില്‍ കാണാം.
പിന്നീട് പാര്‍ട്ടിയുടെ ക്രീം എന്നു തന്നെ പറയാമായിരുന്നു ഒരു വിഭാഗം ചെറുപ്പക്കാര്‍ നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും സിപിഎം എന്ന പാര്‍ട്ടി സോഷ്യല്‍ ഡെമോക്രാറ്റിക്കും സോഷ്യല്‍ ഫാഷിസ്റ്റുമായി മാറിയെന്നും നേതൃത്വം വഞ്ചകപരിശകള്‍ ആണെന്നും പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. ആ ചെറുപ്പക്കാരുടെ നിലപാടുകള്‍ക്ക് സിപിഎം വിട്ടു പോകാത്ത പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
77 ലെ അസംബ്ലി- പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പാര്‍ട്ടി സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. സഖാവ് ഇഎംഎസ് പോലും കഷ്ടിച്ചാണ് അന്ന് കടന്നുകൂടിയത്. ഇ കെ നായനാര്‍ കയ്യൂരിന്റെ മണ്ണില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന കെ എസ് യു നേതാവിന്റെ മുമ്പില്‍ പരാജയപ്പെട്ടു.
എന്നാല്‍ 80 കളില്‍ പാര്‍ട്ടി അത്ഭുതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകയും കേരളത്തിലെ ഏറ്റവും വലിയ ബഹുജന പാര്‍ട്ടിയായി മാറുകയും ചെയ്തു. അപ്പോഴും വിമത പ്രശ്‌നങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കുറവില്ലായിരുന്നു.
87ല്‍ എംവി രാഘവന്റെ നേതൃത്വത്തില്‍ കലാപം നടന്നു. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായിരുന്ന അഴീക്കോട് മണ്ഡലത്തില്‍ (ഇപ്പോഴത്തെ അഴീക്കോട് അല്ല, അന്ന് ധര്‍മ്മടം പോലെ ഒരു മണ്ഡലമായിരുന്നു അഴീക്കോട്) എം വി രാഘവന്‍ ജയിച്ചു. ഇന്നത്തെ കല്ല്യാശ്ശേരി പോലൊരു മണ്ഡലം ആയിരുന്ന അന്നത്തെ തളിപ്പറമ്പില്‍ കെ പി മൂസാന്‍കുട്ടി എന്ന വിമത സ്ഥാനാര്‍ത്ഥി പാര്‍ട്ടി നേതൃത്വത്തെ വിറപ്പിച്ചുകൊണ്ട് നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അന്ന് കണ്ണൂരില്‍ പാര്‍ട്ടിക്ക് ആറ് സീറ്റ് ആണ് ലഭിച്ചത്.
അതായത് അന്നത്തെ കാലത്തും വേണ്ടിവന്നാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം മാറി വോട്ട് ചെയ്യാന്‍ പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം തയ്യാറായിരുന്നു. പൊന്നാനിയില്‍ സഖാവ് ഇമ്പിച്ചിബാവ പരാജയപ്പെട്ടു. ഇന്നത്തെപ്പോലെ അവിടെ ഒരു സീറ്റ് പോലും ലഭിച്ചില്ല. 82 - 87 കാലത്തെ കുപ്രസിദ്ധമായ കരുണാകര ഭരണത്തിനെതിരെ തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ സംഘടിച്ചു വോട്ട് ചെയ്തതു കൊണ്ടാണ് അന്ന് ഇടതുപക്ഷത്തിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്.
ഏകീകൃത മുസ്ലിം ലീഗും ഏകീകൃത കേരള കോണ്‍ഗ്രസും എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയും എസ്എന്‍ഡിപിയുടെ രാഷ്ട്രീയപാര്‍ട്ടി എസ്ആര്‍പിയും അടങ്ങുന്ന മുന്നണിയെ ഇടതുപക്ഷം പരാജയപ്പെടുത്തിയെങ്കിലും ഭൂരിപക്ഷ വര്‍ഗീയ പ്രീണനം നടത്തി എന്ന് ആരോപണം നിക്ഷിപ്ത കേന്ദ്രങ്ങള്‍ ഉന്നയിച്ചു. വിഎസ് രാഷ്ട്രീയത്തിന്റെ ചാനല്‍ മുഖമായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന ജോസഫ് സി മാത്യു സമീപകാലത്തും സഖാവ് വിഎസിന്റെ നേതൃത്വത്തില്‍ സിപിഎം സ്വീകരിച്ച കലര്‍പ്പില്ലാത്ത ആ മതനിരപേക്ഷ നിലപാടിനെ പൊതുജന സമക്ഷം ഇങ്ങനെ അവഹേളിക്കാന്‍ ശ്രമിച്ചിരുന്നു.
91 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് എതിരെ അതീവഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു. അന്നത്തെ പാര്‍ട്ടിയുടെ പരമോന്നത നേതാവായിരുന്ന ഇഎംഎസിനെതിരെയായിരുന്നു ഏറ്റവും ഗുരുതരമായ ആരോപണം ഉയര്‍ന്നത്. അതിനു തൊട്ടുമുമ്പ് ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും കുറിച്ച് ഇഎംഎസ് എഴുതിയ ലേഖനത്തിന് പിന്നില്‍ ദുഷ്ടലാക്ക് ആരോപിച്ചുകൊണ്ടാണ് സഖാവ് ഇഎംഎസിനെതിരെ പലരും വിമര്‍ശനമുന്നയിച്ചു. ഈഴവനായ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ ഇഎംഎസ് ബോധപൂര്‍വ്വം സൃഷ്ടിച്ച വിവാദമാണ് എന്ന തരത്തില്‍ പോലും ആരോപണം ഉയര്‍ന്നിരുന്നു.
പിന്നീട് ഗൗരിയമ്മ സിപിഎം വിട്ടുപോവുകയും വിപ്ലവ മണ്ണായ ആലപ്പുഴയില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തിക്കൊണ്ട് വിജയിക്കുകയും ചെയ്തു. ഗൗരിയമ്മ അന്നത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. സഖാവ് ഇഎംഎസിന്റെ് കുടുംബത്തിനെതിരെ പോലും ഗൗരിയമ്മ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടീ സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ഇഎം ശ്രീധരന്‍ സാമുദായികമായി ആക്രമിച്ചു എന്ന ഗുരതരമായ ആരോപണമുന്നയിച്ചു. ഗൗരിയമ്മ ആരോപണം ഉന്നയിക്കുന്ന ഘട്ടത്തില്‍ ഇഎം ശ്രീധരന്‍ സംസ്ഥാന കമ്മിറ്റി അംഗമല്ലായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
2001 ലെ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടി ഏറ്റവും ഗുരുതരമായ വെല്ലുവിളികളും ആരോപണങ്ങളും നേരിട്ടത്. തെരുവമ്പറമ്പില്‍ നിസ്‌കാരപ്പായയില്‍ ഒരു മുസ്ലിം സ്ത്രീ മാര്‍ക്‌സിസ്റ്റുകാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് സാക്ഷാല്‍ പാണക്കാട് തങ്ങള്‍ തന്നെ പ്രചരിപ്പിച്ചു. അതോടൊപ്പം തന്നെ അബ്ദുള്‍ നാസര്‍ മദനിയെ കേന്ദ്ര സേനയ്ക്ക് പിടിച്ചുകൊടുത്തത് സംസ്ഥാന സര്‍ക്കാരാണ് എന്ന പ്രചാരണം ഉണ്ടായി. നായനാരെയും വിഎസിനെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സൂര്യ ടിവിയിലെ അണിയറയില്‍ എന്തുകൊണ്ട് തോറ്റു എന്ന പേരില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അതില്‍ സഖാവ് നയനാരും വിഎസും നീചമാം വിധം ചിത്രവധം ചെയ്യപ്പെട്ടു. പത്രസമ്മേളനങ്ങളിലെ നായനാരുടെ പ്രതികരണങ്ങള്‍ ആയിരുന്നു അതില്‍ ഏറെയും എടുത്തു കാണിച്ചത്. കാശ് കിട്ടിയാല്‍ നീയൊക്കെ നക്കുമെടാ എന്ന് നായനാര്‍ പറയുന്നത് അവര്‍ എടുത്തു കാണിച്ചു കൊണ്ടേയിരുന്നു. സഖാവ് വി എസ്സിന്റെ രോഗവും ചികിത്സയും വികൃതമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചില പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിച്ചു അദ്ദേഹത്തിന് എതിരെ ആക്രമണം നടത്തി. പാര്‍ട്ടി സമ്മേളനത്തില്‍ അഞ്ചലോസിനെതിരെ അദ്ദേഹം പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ടു.
2001 ന് ശേഷം പാര്‍ട്ടി ഒരു വന്‍പരാജയം നേരിടുന്നത് പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചതിനുശേഷം നടന്ന ഈ തെരഞ്ഞെടുപ്പിലാണ്. ഇവിടെയും വിമര്‍ശനങ്ങള്‍ ഉയരും.
ഈ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിക്ഷിപ്ത കേന്ദ്രങ്ങള്‍ തന്നെ ഒരു കാലത്ത് കള്ള പ്രചാരവേലയിലൂടെ തകര്‍ത്തുകളയാന്‍ ശ്രമിച്ച പാര്‍ട്ടിയുടെ ഭൂതകാലത്തെ ഗ്ലാമറൈസ് ചെയ്യും. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം നിലവിലുള്ള നേതൃത്വം ആണെന്ന് വരുത്തിതീര്‍ക്കും. നിലവിലുള്ള ഭരണ- പാര്‍ട്ടി നേതൃത്വത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ സ്വാഭാവികമായി ഉയരും. അപ്പോഴും കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുത്. അത് തികഞ്ഞ ആത്മ വഞ്ചന ആയിരിക്കും. ഇത് ഗൗരതരമായ ആത്മ പരിശോധനകളുടെ ഘട്ടമാണ്. കാരണം, തിരിച്ചുവരവ് അത്ര എളുപ്പമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates