

ഡെസ്മണ്ട് മോറിസ് എന്ന പ്രതിഭാശാലിയെ ലോകമറിയുന്നത് ബുദ്ധിവികാസം കൊണ്ടും മറ്റും മേല്‍ത്തരം ജീവികളായി കാണപ്പെടുന്ന നമ്മള്‍ മനുഷ്യര്‍, പരിണാമഗതിയില്‍ ഉരുത്തിരിഞ്ഞുമാറിയ രോമക്കുപ്പായം നഷ്ടപ്പെട്ട വാനരന്മാര്‍ തന്നെയാണ്, എന്ന മൗലിക ശാസ്ത്ര നിരീക്ഷണം മുന്നോട്ടുവയ്ക്കുന്ന 'The Naked Ape' എന്ന പുസ്തകത്തിന്റെ രചയിതാവായാണ്. മനുഷ്യ സ്വഭാവരൂപീകരണ ശാസ്ത്രത്തിന്റെ തന്നെ പ്രഥമശാസ്ത്രജ്ഞരില്‍ ഒരാളായ ഡെസ്മണ്ട് മോറിസ്, ഒരു ജന്തുശാസ്ത്രജ്ഞന്റെ ദൃഷ്ടിയിലൂടെ മനുഷ്യനെ നോക്കിക്കണ്ടു. മനുഷ്യകേന്ദ്രീകൃതമല്ലാത്ത സമീപനത്തോടെ ബന്ധങ്ങള്‍, ആക്രമണം, അടുപ്പം, സാമൂഹിക ആചാരങ്ങള്‍ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളെ വിപുലമായ ഒരു പരിണാമത്തുടര്‍ച്ചയുടെ ഭാഗമായി കാണാന്‍ അദ്ദേഹം വായനക്കാരെ ക്ഷണിച്ചു, അഥവാ പ്രാപ്തരാക്കി. The Naked Ape പോലുള്ള വ്യാപകമായി വായിക്കപ്പെട്ട കൃതികളിലൂടെ, മനുഷ്യന്‍ പ്രകൃതിക്ക് പുറത്തുള്ള ഒരു പ്രതിഭാസമല്ല, മറിച്ച് അതിന്റെ ഭാഗമാണ് എന്ന സത്യത്തെ വീണ്ടും ചിന്തിക്കാന്‍ അദ്ദേഹം തലമുറകളെ പ്രേരിപ്പിച്ചു. വ്യക്തവും പ്രകോപനപരവും പലപ്പോഴും വിവാദവുമായ അദ്ദേഹത്തിന്റെ എഴുത്ത്, പെരുമാറ്റത്തെക്കുറിച്ചുള്ള പൊതു ധാരണയെ പുനര്‍നിര്‍മ്മിച്ചു. നമ്മള്‍ നമ്മെത്തന്നെ എങ്ങനെ പഠിക്കണമെന്നതിനു ദിശാബോധം നല്‍കിക്കൊണ്ട് ശാസ്ത്രീയവും സര്‍ഗാത്മകവുമായ ചിന്താരീതിയുടെ പാരമ്പര്യമാണ് അദ്ദേഹം സൃഷ്ടിച്ചത്. ശാസ്ത്രജ്ഞനും പ്രബന്ധകാരനുമായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സര്‍റിയലിസ്‌റ് ചിത്രകാരനും കൗതുകം മാറാത്ത യാത്രക്കാരനും ജൈവ നിരീക്ഷകനും ചലച്ചിത്രകാരനും ജീവശാസ്ത്ര -മനുഷ്യ ശാസ്ത്ര ടെലിവിഷന്‍ പരമ്പരകളുടെ സ്രഷ്ടാവുമായിരുന്നു. അഭൂതപൂര്‍വമായ അദ്ദേഹത്തിന്റെ ജീവിതം, ഒഴുകിയ വഴികള്‍ പിന്തുടരുന്നതുപോലും ആവേശകരമാണ്.
ഡെസ്മണ്ട് മോറിസ് 1928 ജനുവരി 24-ന് ഇംഗ്ലണ്ടിലെ പ്യൂര്‍ട്ടോണില്‍ ജനിച്ചു. ബാല്യകാലം മുതല്‍ തന്നെ കലയും പ്രകൃതിശാസ്ത്രവും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. ദീര്‍ഘമായ ബൗദ്ധിക യാത്രയില്‍ അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായിരുന്നത് റമോണ മോറിസായിരുന്നു, ആദ്യകാലം മുതല്‍ ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും സൃഷ്ടികള്‍ക്കും സ്ഥിരതയും സൗമ്യതയും നല്‍കിയ സാന്നിധ്യം. അവസാന വര്‍ഷങ്ങളില്‍ പൊതു ചടങ്ങുകള്‍ ഒഴിവാക്കിയെങ്കിലും എഴുത്തിലും ചിത്രരചനയിലും അദ്ദേഹം സജീവമായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും പോലും അദ്ദേഹം The Naked Ape at 50, The Lives of the Surrealists തുടങ്ങിയ കൃതികളിലൂടെ തന്റെ ആശയങ്ങളെ പുനര്‍വിചിന്തനം ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് അത്യന്തം സര്‍ഗാത്മകമായ അദ്ദേഹത്തിന്റെ ജീവിതത്തിനു തിരശീല വീണു.
മനുഷ്യന്‍ ആരാണ്? പ്രകൃതിയുടെ ഭാഗമോ അതുക്കും മേലെയുള്ള പ്രതിഭാസമോ? നൂറ്റാണ്ടുകളായി മനുഷ്യന്‍, തന്നെക്കുറിച്ച് നിര്‍മ്മിച്ച കഥകള്‍ സംസ്‌കാരം, ബുദ്ധി, ഭാഷ, ധാര്‍മ്മികത എന്നിവയെ ചൂണ്ടിക്കാട്ടി സ്വയം മറ്റു ജീവജാലങ്ങളില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍ ഡെസ്മണ്ട് മോറിസ് The Naked Ape, Intimate Behavior തുടങ്ങിയ കൃതികളിലൂടെ ഈ ധാരണയെ ശാന്തമായെങ്കിലും ശക്തമായ രീതിയില്‍ ചോദ്യം ചെയ്തു. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേറിട്ട ഒന്നല്ല, മറിച്ച് പരിണാമത്തിന്റെ തുടര്‍ച്ചയില്‍ ആവിഷ്‌കൃതമായ ഒരു പ്രൈമേറ്റ് (വാനര) ജീവിവര്‍ഗമാണെന്നതാണ് അദ്ദേഹത്തിന്റെ കേന്ദ്രവാദം. ലൈംഗികത, ആക്രമണം, ബന്ധങ്ങള്‍ , ആശയവിനിമയം തുടങ്ങിയ മനുഷ്യസ്വഭാവങ്ങള്‍ സഹകരണവും വേട്ടയും സാമൂഹികജീവിതവും ഉള്‍പ്പെടുന്ന നമ്മുടെ പരിണാമചരിത്രത്തിന്റെ ബാക്കിപത്രങ്ങളായി അദ്ദേഹം വ്യാഖ്യാനിക്കുന്നു.
The Naked Ape എന്ന കൃതി മനുഷ്യന്റെ ജൈവശാസ്ത്രപരമായ അടിത്തറയെ വിശാലമായി അവതരിപ്പിക്കുന്നു. ശരീരഘടന മുതല്‍ സാമൂഹികസംഘടന വരെ മനുഷ്യനെ ഒരു ''നഗ്‌ന വാനരം ' എന്ന നിലയില്‍ കാണുമ്പോള്‍, നമ്മളിലെ പല സ്വഭാവങ്ങളും മറ്റ് പ്രൈമേറ്റുകളുമായി പങ്കിടുന്നവയാണെന്ന് വ്യക്തമാകുന്നു. അതേസമയം, 'Intimate Behaviour' എന്ന പുസ്തകത്തില്‍ ഈ വലിയ പരിണാമരേഖയെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് യോജിപ്പിക്കുന്നു. ഒരു നോട്ടം, സ്പര്‍ശനം, ഒരാളുടെ അടുത്തേക്ക് അല്പം നീങ്ങിനില്‍ക്കല്‍ ഇവയൊന്നും അപ്രധാനമായ പ്രവൃത്തികളല്ല; നമ്മുടെ ശരീരത്തിലും തലച്ചോറിലും പതിഞ്ഞിരിക്കുന്ന പരിണാമ സൂചികകളാണ്. ഇവിടെ മനുഷ്യശരീരം ഒരു ജൈവ ഘടന മാത്രമല്ല, മറിച്ച് ഒരു ആശയവിനിമയ ഉപകരണമായി വര്‍ത്തിക്കുന്നു. മുഖഭാവം, വ്യക്തിഗത ഇടം എന്നിവ സാമൂഹികബന്ധങ്ങളുടെ നിശ്ശബ്ദ ഭാഷയായി പ്രവര്‍ത്തിക്കുന്നു.
The Naked Ape മനുഷ്യജീവിതത്തിന്റെ വാസ്തുവിദ്യ, പരിണാമ വേരുകള്‍, സാമൂഹികരീതികള്‍ എന്നിവയൊക്കെ വിവരിക്കുമ്പോള്‍, Intimate Behavior ആ ജീവിതത്തിന്റെ സൂക്ഷ്മ ഘടന-ദൈനംദിന ഇടപെടലുകള്‍, സൂചനകള്‍, അടുപ്പവും അകലവും തുടങ്ങിയവ വെളിപ്പെടുത്തുന്നു. സഹജവാസനകള്‍ ഇവിടെ ബന്ധത്തിന്റെ ആചാരങ്ങളായി രൂപാന്തരപ്പെടുന്നു: ബന്ധത്തിന്റെ ആവശ്യം സ്പര്‍ശനത്തിലും നോട്ടത്തിലും, സുരക്ഷയുടെ ആവശ്യം വ്യക്തിഗത ഇടത്തിലും (space), പുനരുത്പാദന പ്രേരണ പ്രണയത്തിലും ആകര്‍ഷണത്തിലും പ്രകടമാകുന്നു. ഇങ്ങനെ, ജീവശാസ്ത്രം ദൈനംദിന അനുഭവമായി മാറുന്നു. മോറിസിന്റെ ഈ വ്യാഖ്യാനങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ മനോഹാരിതയെയോ കാവ്യാത്മകതയെയോ നിഷേധിക്കുകയല്ല, മറിച്ച് ഉറവിടങ്ങള്‍ തേടുകയാണ് എന്നതാണ് സത്യം. അതേസമയം, ആധുനിക ശാസ്ത്രം ഈ ഉള്‍ക്കാഴ്ചകളെ കൂടുതല്‍ വികസിപ്പിക്കുന്നു. മനുഷ്യ പെരുമാറ്റം സ്ഥിരമല്ല; അത് അനുഭവം, സംസ്‌കാരം, സാമൂഹികസന്ദര്‍ഭം എന്നിവയാല്‍ തുടര്‍ച്ചയായി രൂപം കൊള്ളുന്നു. ഒരാള്‍ക്ക് ആശ്വാസമായ സ്പര്‍ശനം മറ്റൊരാള്‍ക്ക് അസ്വസ്ഥതയായി തോന്നാം. അതിനാല്‍, മോറിസ് നിര്‍ദേശിക്കുന്ന സിഗ്‌നലുകള്‍ കര്‍ക്കശമായ നിയമങ്ങള്‍ അല്ല, മറിച്ച് പരിണാമ പാരമ്പര്യം, വ്യക്തിപരമായ അനുഭവം, സാംസ്‌കാരിക സ്വാധീനം എന്നിവയുടെ സംഗമത്തില്‍ രൂപപ്പെടുന്ന സാവകാശ പ്രകടനങ്ങളാണ്.
മോറിസിന്റെ മറ്റു കൃതികളും ഈ ആശയങ്ങളെ കൂടുതല്‍ വികസിപ്പിക്കുന്നു. The Human Zoo യില്‍, ആധുനിക നഗരജീവിതം ഒരു ''പരിണാമ പൊരുത്തക്കേട്'' സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മനുഷ്യനെ അവന്റെ സ്വാഭാവിക സാഹചര്യങ്ങളില്‍ നിന്ന് മാറ്റി വെച്ചപ്പോള്‍ അത് സമ്മര്‍ദ്ദം, ആക്രമണം, സാമൂഹിക അപര്യാപ്തത എന്നിവയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇന്റിമേറ്റ് ബിഹേവിയറില്‍, അദ്ദേഹം ഈ സഹജാവബോധങ്ങളുടെ സൂക്ഷ്മവും ദൈനംദിനവുമായ പ്രകടനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു - സ്പര്‍ശനം, ആംഗ്യങ്ങള്‍, മുഖഭാവം - ബോധപൂര്‍വമായ അവബോധത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യ ഇടപെടലിന്റെ നിശബ്ദ ഭാഷ വെളിപ്പെടുത്തുന്നു. Manwatching (1977) മനുഷ്യരുടെ ആംഗ്യങ്ങളും ശരീരഭാഷയും വിശദമായി പഠിക്കുന്ന ഒരു വഴികാട്ടിയാണെങ്കില്‍ The Human Animal(1994) The Human Sexes (1997) എന്നീ പുസ്തകങ്ങള്‍ മനുഷ്യന്റെ പെരുമാറ്റവും ലിംഗപരമായ വ്യത്യാസങ്ങളും കൂടുതല്‍ വ്യാപകമായി അവതരിപ്പിക്കുന്നു. ഈ എല്ലാ കൃതികളും ചേര്‍ന്ന് മനുഷ്യനെ ജൈവികമായും സാമൂഹികമായും മനസ്സിലാക്കാനുള്ള ഒരു ഏകീകൃതസമീപനം മുന്നോട്ടുവയ്ക്കുന്നു.
സങ്കീര്‍ണ്ണമായ മനുഷ്യ പെരുമാറ്റങ്ങളെ പ്രധാനമായും പരിണാമ സഹജവാസനകളിലേക്ക് ചുരുക്കിക്കാണിക്കുമ്പോള്‍ സംസ്‌കാരത്തിന്റെയും സാഹചര്യത്തിന്റെയും സ്വാധീനം വേണ്ടത്ര കാണണക്കാക്കപ്പെടുന്നില്ല എന്ന് വിമര്‍ശനങ്ങളുണ്ട്. The Naked Ape പോലുള്ള കൃതികളില്‍ പര്യാപ്തമായ പ്രായോഗിക തെളിവുകളില്ലാത്ത പൊതു നിഗമനങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മോറിസിന്റെ കാലത്ത് നിലനിന്നിരുന്ന ലിംഗ പക്ഷപാതം, കുറെയൊക്കെ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഒരുമിച്ചു നോക്കിയാല്‍ മോറിസിന്റെ കൃതികള്‍ ആഴത്തിലുള്ള ഒരു സത്യത്തെ സൂചിപ്പിക്കുന്നു: മനുഷ്യ പെരുമാറ്റം രണ്ട് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുപരിണാമത്തിന്റെ ആഴത്തിലുള്ള സ്വാധീനവും ദൈനംദിന ഇടപെടലിന്റെ പ്രേരണകളും. ഓരോ നോട്ടവും സ്പര്‍ശനവും ഈ ഇരട്ടച്ചരിത്രം വഹിക്കുന്നു. എന്നാല്‍ ഈ നിശബ്ദ ഭാഷ നമുക്ക് പലപ്പോഴും മനസ്സിലാകാറില്ല; നാം അതിനുള്ളില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ സങ്കീര്‍ണ്ണത അപൂര്‍വ്വമായി മാത്രം തിരിച്ചറിയുന്നു.
ഡെസ്മണ്ട് മോറിസിന്റെ കഥയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന കാര്യം, ശാസ്ത്രജ്ഞന്‍ ഒരു അര്‍ത്ഥത്തില്‍ കലാകാരനില്‍ നിന്നാണ് ജനിച്ചത് എന്നതാണ്. ജന്തുശാസ്ത്രം അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ക്ക് ഘടന നല്‍കുന്നതിനുമുമ്പ്, ബര്‍മിംഗ്ഹാം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിച്ച കലയായിരുന്നു അദ്ദേഹം ലോകത്തെ നോക്കിക്കണ്ട രീതിയെ രൂപപ്പെടുത്തിയത്: ശ്രദ്ധയോടെ, അവബോധപൂര്‍വ്വം, രൂപത്തോടും വിചേഷ്ടിതങ്ങളോടും സൂക്ഷ്മമായ പരിവര്‍ത്തനങ്ങളോടും ഏറ്റവും സംവേദനക്ഷമതയോടെ! പിന്നീട് ജന്തുശാസ്ത്രം പിന്തുടരാനും ഒടുവില്‍ മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ഡോക്ടറല്‍ പഠനത്തിനുമായി ബര്‍മിംഗ്ഹാം സര്‍വകലാശാലയിലേക്ക് മാറിയപ്പോള്‍, അദ്ദേഹം ആ മുന്‍ ദര്‍ശനത്തെ തന്നോടൊപ്പം കൊണ്ടുപോയി. ഈ തുടര്‍ച്ച ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിശബ്ദമായ അന്തര്‍ധാരയാണ്, ഒരിക്കല്‍ സര്‍റിയല്‍ രൂപങ്ങളിലും സ്വപ്നതുല്യമായ ചിത്രങ്ങളിലും തങ്ങിനിന്ന അതേ കണ്ണുകള്‍ പിന്നീട് മനുഷ്യ ചേഷ്ടകളുടെയും മൃഗ ഇടപെടലുകളുടെയും സൂക്ഷ്മമായ നൃത്തസംവിധാനം നിരീക്ഷിച്ചു. മോറിസില്‍, കല ശാസ്ത്രത്തിന് വഴങ്ങുകയല്ല മറിച്ച് അവ പരസ്പരം പരിപോഷിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ട്, ക്യാന്‍വാസിലോ സിനിമയിലോ ഗദ്യത്തിലോ ആകട്ടെ, പെരുമാറ്റത്തെശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പര്യവേഷണങ്ങള്‍ ഒരു പ്രത്യേക ഘടന നിലനിര്‍ത്തുന്നു: കൃത്യമാണെങ്കിലും ഭാവനാത്മകം, വിശകലനാത്മകം എന്നാല്‍ അത്ഭുതകരമാം വിധം സജീവം, ഓരോ നിരീക്ഷണവും പുതുമ പുലര്‍ത്തുന്നത് എന്നിങ്ങനെ ഉള്‍ക്കാഴ്ചയുള്ള നിത്യ കുതുകിക്കു മാത്രം കഴിയുന്ന മൗലികതയോടെ!
ദി നേക്കഡ് ഏപ്പിലൂടെ വ്യാപകമായി അറിയപ്പെടുന്നതിനു മുമ്പ്, മോറിസ് കലാലോകത്ത് ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. 1946 മുതല്‍ 1948 വരെ Birmingham School of Artsല്‍ പരിശീലനം നേടിയ അദ്ദേഹം, സാല്‍വഡോര്‍ ഡാലി, ജോണ്‍ മിറോ തുടങ്ങിയ കലാകാരന്മാരുടെ സ്വാധീനത്താല്‍ സര്‍റിയലിസവുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലപ്പോഴും വളര്‍ച്ച, മ്യൂട്ടേഷന്‍, പരിവര്‍ത്തനം എന്നിവയെ പ്രതിധ്വനിപ്പിക്കുന്ന ജൈവ, പരിണാമ ദ്യോതകമായ ബയോമോര്‍ഫിക് രൂപങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 1948ല്‍ University of Birminghamല്‍ സുവോളജിയിലേക്ക് മാറി, 1954ല്‍ മൃഗങ്ങളുടെ പെരുമാറ്റത്തെ ആസ്പദമാക്കി ഡോക്ടറേറ്റ് നേടി. ഇതോടൊപ്പം, 1950കളുടെ തുടക്കത്തില്‍ ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ടെംപോററിആര്‍ട്‌സുമായി ബന്ധപ്പെട്ട് കലാലോകത്തും അദ്ദേഹം സജീവമായിരുന്നു. ഒടുവില്‍ 1956ല്‍ സൂവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനില്‍ ല്‍ക്യൂറേറ്റര്‍ ഓഫ് മാമല്‍സ് ആയി നിയമിതനായതോടെ ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സ്ഥാപനപരമായ സ്ഥാനം ഉറപ്പിച്ചു. ഇങ്ങനെ, കലയില്‍ നിന്ന് ശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ഒരു വിച്ഛേദമല്ല, മറിച്ച് പരസ്പരം ഇടകലര്‍ന്നുനിന്ന രണ്ടു ലോകങ്ങള്‍ ക്രമേണ ഒരുമിച്ച് ഒഴുകിയെത്തിയ ഒരു തുടര്‍ച്ചയായ പ്രക്രിയയായിരുന്നു. അവബോധാതീത മനസ്സ്, സ്വപ്നചിത്രങ്ങള്‍, ജീവവത്കൃതമായ ജൈവ രൂപങ്ങള്‍ എന്നിവയുടെ അന്വേഷണമായ സര്‍റിയലിസത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കലാസൃഷ്ടികളിലും പിന്നീട് ശാസ്ത്രീയ ചിന്തകളിലും സൂക്ഷ്മമായി പതിഞ്ഞു. ഈ ബന്ധത്തിന്റെ പരിപാകമാണ് The Lives of the Surrealists (1997), ഇവിടെ നൂറിലധികം സര്‍റിയലിസ്റ്റ് കലാകാരന്മാരുടെ ജീവിതങ്ങളും കലയുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹം ഒരേസമയം പങ്കാളിയും നിരീക്ഷകനുമായിക്കൊണ്ട് അവതരിപ്പിക്കുന്നു. ഇതോടൊപ്പം, മോറിസ് ഒരു അത്യന്തം ഉത്സാഹിയായ ചിത്രകാരനായിരുന്നു. പരശ്ശതം ചിത്രങ്ങള്‍ സൃഷ്ടിക്കുകയും അമ്പതിലധികം ഏകാംഗ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമായി നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ജൈവരൂപങ്ങളുടെ ഒഴുക്കും പരിണാമത്തിന്റെ സൂചനകളും നിറഞ്ഞ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍, കലയും ജീവശാസ്ത്രവും തമ്മിലുള്ള ഒരു നിശ്ശബ്ദ സംഭാഷണമായി നിലകൊള്ളുന്നു
മോറിസ് കലയെ ശാസ്ത്രത്തില്‍ നിന്ന് വേറിട്ട് കണ്ടില്ല. സ്വന്തം ചിത്രരചനയ്ക്കൊപ്പം പ്രൈമേറ്റുകളും മറ്റ് മൃഗങ്ങളും വരച്ച ചിത്രങ്ങളും ചിത്രങ്ങളും പഠിച്ചുകൊണ്ട് അദ്ദേഹം മൃഗകലയില്‍ ആകൃഷ്ടനായി. കലാപരമായ ആവിഷ്‌കാരം മനുഷ്യനു മാത്രമുള്ള സ്വഭാവമാണോ അതോ അതിന്റെ വേരുകള്‍ വിശാലമായ ജൈവിക പെരുമാറ്റത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ പുസ്തകമായ ദി ബയോളജി ഓഫ് ആര്‍ട്ട് പരിശോധിക്കുന്നു. 1950-കളില്‍ മോറിസ് ലണ്ടന്‍ മൃഗശാലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കോംഗോ എന്ന ചിമ്പാന്‍സിയുമായി അത്ഭുതകരമായ ബന്ധം രൂപംകൊള്ളുന്നത്. കോംഗോ സാധാരണ കുത്തിവരയായി തുടങ്ങിയ രേഖാചിത്രങ്ങള്‍ പിന്നീട് ഒരു അതിശയകരമായ ക്രമബോധത്തിലും സമത്വബോധത്തിലും എത്തി. ''മതി'' എന്ന് തോന്നുന്നിടത്ത് കോംഗോ സ്വയം നിര്‍ത്തുമെന്നത് പോലും ശ്രദ്ധേയമായിരുന്നു. ഈ സൃഷ്ടികള്‍ The Biology of Artല്‍ മോറിസ് രേഖപ്പെടുത്തിയപ്പോള്‍, കലയുടെ വേരുകള്‍ മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന ചിന്ത ശക്തമായി ഉയര്‍ന്നു. Salvador Dalíയും Joan Miróയും കോംഗോയുടെ ചിത്രങ്ങളെ ശ്രദ്ധിച്ചിരുന്നു. കോംഗോയുടെ കല മനുഷ്യകലയുടെ പകര്‍പ്പല്ലായിരുന്നു, പക്ഷേ അതില്‍ പ്രതിഫലിച്ചത് ജീവജാലങ്ങളുടെ ആഴത്തിലുള്ള അന്വേഷണബോധവും പാറ്റേണ്‍ സൃഷ്ടിയുടെ ആനന്ദവുമായിരുന്നു, കലയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു വിസ്മയകരമായ ജാലകമായി ചിമ്പാന്‍സി ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ അദ്ദേഹം ക്യൂറേറ്റ് ചെയ്യുകയും അവയെ സൗന്ദര്യാത്മകമായി മാത്രമല്ല, പാറ്റേണ്‍ നിര്‍മ്മാണം, കളി, പര്യവേക്ഷണ സ്വഭാവം എന്നിവയുടെ ബഹിര്‍സ്ഫുരണങ്ങളായി ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്തു.
മോറിസ് കലയെ സമീപിച്ചത് ഒരു നിഗൂഢത അല്ലെങ്കില്‍ പൂര്‍ണ്ണമായും സാംസ്‌കാരിക പ്രതിഭാസം എന്ന നിലയിലല്ല. മറിച്ച് പരിണാമപരവും ജൈവശാസ്ത്രപരവുമായ അടിത്തറയുള്ള ഒന്നായിട്ടാണ്. അതായത് കല ഉത്ഭവിക്കുന്നത് കളി, പാറ്റേണ്‍ തിരിച്ചറിയല്‍, ചലനങ്ങളെ പിന്തുടരല്‍, രൂപങ്ങളോടും നിറങ്ങളോടുമുള്ള ആകര്‍ഷണം എന്നീ സ്വഭാവങ്ങളില്‍ നിന്നാണ്. ഈ വീക്ഷണത്തില്‍, കല ഒരു ആകസ്മിക സവിശേഷതയല്ല, മറിച്ച് മുന്‍കാല സന്ദര്‍ഭങ്ങളില്‍ 'പൊരുത്തപ്പെടലാ'യിരുന്ന പര്യവേക്ഷണപരവും പ്രകടനപരവുമായിരുന്ന ചോദനങ്ങളുടെ വിപുലീകരണമാണിത്. കഴിവുകള്‍ വികസിപ്പിക്കുന്നതിനായി മൃഗങ്ങള്‍ കളിയില്‍ ഏര്‍പ്പെടുന്നതുപോലെ, ധാരണ, വികാരം, പ്രതീകാത്മക പ്രാതിനിധ്യം എന്നിവ പര്യവേക്ഷണം ചെയ്യാന്‍ മനുഷ്യര്‍ കലയില്‍ ഏര്‍പ്പെടുന്നു. ആന്തരിക അവസ്ഥകളെ ബാഹ്യവല്‍ക്കരിക്കുന്നതിനും അനുഭവത്തെക്കുറിച്ച് സംവദിക്കാനും ഭാഷയ്ക്ക് അപ്പുറം ആശയവിനിമയം നടത്തുന്നതിനുമുള്ള ഒരു മാര്‍ഗമായി കല മാറുന്നു.
അതിജീവനത്തിന്റെ നിരവധി ആവശ്യങ്ങള്‍ ഇതിനകം നിറവേറ്റപ്പെടുന്ന ആധുനിക സമൂഹങ്ങളില്‍ - ഈ ചോദനങ്ങള്‍ കലാപരമായ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായ ആവിഷ്‌കാരം കണ്ടെത്തുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ കല ഒരേസമയം കളിയിലും ധാരണയിലും വേരൂന്നിയ ഒരു ജൈവിക പ്രവര്‍ത്തനവും ആവിഷ്‌കാരം, നിയന്ത്രണം, അര്‍ത്ഥനിര്‍മ്മാണം ഇവയുള്‍പ്പെട്ട ഒരു മാനസിക പ്രവര്‍ത്തനവും ആയിത്തീരുന്നു!
കലയെയും ശാസ്ത്രത്തെയും ജീവിതത്തെ നിരീക്ഷിക്കുന്നതിനുള്ള പരസ്പര പൂരക മാര്‍ഗങ്ങളായാണ് അദ്ദേഹം കണ്ടത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍, വിശകലനപരമായ കര്‍ക്കശ്യത്തോടെ അദ്ദേഹം പെരുമാറ്റം പഠിച്ചു, അതേസമയം ഒരു കലാകാരന്‍ എന്ന നിലയില്‍, അദ്ദേഹം രൂപം, അവബോധം, സന്ദിഗ്ധത എന്നിവ പര്യവേക്ഷണം ചെയ്തു.
ഈ ഇരട്ട ഇടപെടല്‍ അദ്ദേഹത്തെ ദൃശ്യ സംവേദനക്ഷമതയോടെ മനുഷ്യന്റെ പെരുമാറ്റത്തെ സമീപിക്കാനും ജൈവിക ജിജ്ഞാസയോടെ കലയെ സമീപിക്കാനും സജ്ജമാക്കി. പല തരത്തിലും, അദ്ദേഹത്തിന്റെ കൃതികള്‍ ഒരുതരം ബൗദ്ധിക 'സ്വച്ഛന്ദ സഞ്ചാരം' ഉള്‍ക്കൊള്ളുന്നു
കളിയുടെയും പര്യവേക്ഷണ സ്വഭാവത്തിന്റെയും വിപുലീകരണമായി കലയെക്കുറിച്ചുള്ള മോറിസിന്റെ വീക്ഷണം ദിസനായകെ (1992), ഡട്ടണ്‍ (2009) എന്നിവര്‍ നിര്‍ദ്ദേശിച്ച പില്‍ക്കാല പരിണാമ ചട്ടക്കൂടുകളുമായി പ്രതിധ്വനിക്കുന്നു.
സര്‍റിയലിസത്തില്‍ മുഴുകിയ ഒരു യുവ വിദ്യാര്‍ത്ഥിയായിരിക്കെ, ടൈം ഫ്‌ലവര്‍ എന്ന പേരില്‍ ഒരു ചെറിയ, ഒരു സ്വപ്നത്തിന്റെ ഭാഗം പോലെ തോന്നുന്ന, കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച ഹ്രസ്വ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ മോറിസും പിന്നീട് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയിയായിത്തീര്‍ന്ന റമോണയും അഭിനയിച്ചു. ഇത് ഒരു ശാസ്ത്രീയ പദ്ധതിയോ വിദഗ്ധ നിര്‍മ്മിതിയോ ആയിരുന്നില്ല, ടൈം ഫ്‌ലവര്‍ സര്‍റിയലിസ്റ്റ് സ്വാധീനത്തിന്റെ വ്യക്തമായ മുദ്ര വഹിക്കുന്നു. ആഖ്യാനത്തിനു പകരം ബിംബകല്പനകളിലൂടെ അവതരിപ്പിക്കുന്ന ഒരു പ്രണയകഥയാണിത്, അവിടെ അര്‍ത്ഥം ദൃശ്യത്തിനും അനുഭവത്തിനും ഇടയില്‍ മിന്നിമറയുന്നു. ബര്‍മിംഗ്ഹാം സര്‍വകലാശാലയിലും ഫ്‌ലാറ്റ്പാക്ക് ഫിലിം ഫെസ്റ്റിവലിലും അടുത്തിടെ ഈ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളായ ടൈം ഫ്‌ലവര്‍, ദി ബട്ടര്‍ഫ്‌ലൈ ആന്‍ഡ് ദി പിന്‍ എന്നിവ ചെറുതാണെങ്കിലും മനസ്സിലേക്ക് തുറക്കുന്ന ജാലകങ്ങളായി തുടരുന്നു.
ഡെസ്മണ്ട് മോറിസ് ടെലിവിഷന്‍ മാധ്യമത്തിലൂടെയും മനുഷ്യ സ്വഭാവരൂപീകരണ ശാസ്ത്രത്തെ പൊതുജനങ്ങളിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1956 മുതല്‍ 1967 വരെ യുകെയിലെ ITV സംപ്രേഷണം ചെയ്ത Zoo Time എന്ന പരിപാടിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി; ഇതില്‍ മൃഗങ്ങളുടെ പെരുമാറ്റത്തെ ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് BBC യുമായി സഹകരിച്ച് Life in the Animal World, The Human Race (1982), The Human Animal, The Human Sexes തുടങ്ങിയ പരമ്പരകള്‍ അവതരിപ്പിച്ചു. പ്രധാനമായും യുകെയില്‍ നിര്‍മ്മിച്ചിരുന്നെങ്കിലും, ഈ പരിപാടികള്‍ അന്താരാഷ്ട്ര പ്രേക്ഷകരിലെത്തുകയും, മനുഷ്യനും മൃഗങ്ങളും ഉള്‍പ്പെടുന്ന പെരുമാറ്റശാസ്ത്രത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു.
എത്രയും സാധാരണമായി തോന്നുന്ന മനുഷ്യജീവിതത്തിന്റെ അടിത്തട്ടില്‍ ഒരു പ്രാചീന പ്രവാഹം ഒഴുകിക്കൊണ്ടിരിക്കുന്നു; ശരീരത്തില്‍ വഹിക്കപ്പെടുന്ന, കാലത്താല്‍ രൂപപ്പെട്ട, ഓരോ ബന്ധനിമിഷത്തിലും സംസാരിക്കുന്ന ഒരു നിശബ്ദ ഭാഷ. മോറിസിന്റെ ദൃഷ്ടികോണത്തിലൂടെ നോക്കുമ്പോള്‍, മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേര്‍പെട്ട ഒരു സൃഷ്ടിയല്ല, മറിച്ച് അതിന്റെ തുടര്‍ച്ചയായ ഒരു ജീവിക്കുന്ന ആവിഷ്‌കാരമാണ്. ശരീരത്തിലൂടെ പ്രകടിപ്പിക്കുന്നതും സംസ്‌കാരത്താല്‍ പരിഷ്‌കരിക്കപ്പെടുന്നതും പരിണാമസംജ്ഞകളെ അടിസ്ഥാനപരമായി മറികടക്കാത്തതുമാണ് ഈ ജീവിയുടെ പെരുമാറ്റ രീതികള്‍. മനസ്സിലായിക്കഴിയുമ്പോള്‍ മാത്രം സാധാരണമെന്നു തോന്നിയേക്കാവുന്ന, എന്നാല്‍ മുന്നില്‍ കാണുമ്പോഴും അതിനുള്ളില്‍ ജീവിക്കുമ്പോഴും തലമുറകളോളം നാം തിരിച്ചറിയാതിരുന്ന പരിണാമസത്യങ്ങളെയാണ് മോറിസ് വിളിച്ചുപറഞ്ഞത്. ഭൂഗോളത്തില്‍ അനിയന്ത്രിതമായി അധിവസിക്കുന്നതിനപ്പുറം എന്തെങ്കിലും മേന്മ മനുഷ്യജന്മത്തിനു പറയാനുണ്ടെങ്കില്‍ അത് ഈ തിരിച്ചറിവുകള്‍ കൂടിയാണ്.
References:
The Naked Ape ,(1967) Desmond Morris
Intimate Behaviour (1969) Desmond Morris
Desmond Morris - Information Page
The Naked Ape at 50: 'Its central claim has surely stood the test of time ' | Evolution | The Guardian
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates