പാറ്റ സമരത്തിന്റെ പശ്ചാത്തലത്തില്‍ ചില വിചാരങ്ങള്‍ 
News+

ഒരുപാടുണ്ട്, നിലപാടു(മാറ്റം) കൊണ്ടു സ്വയം തോല്‍പ്പിച്ചവര്‍

ബൈജു ചന്ദ്രൻ

'ഇതാ ഈ ചെറുപ്പക്കാരനെ നോക്കൂ. സമൂഹത്തെയാകെ ആഴത്തില്‍ ഗ്രസിച്ചിട്ടുള്ള അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തികാസമത്വം, സര്‍വ്വോപരി സമഗ്രാധിപത്യം- ഇവയെല്ലാം അറുതിവരുത്താനായി നാം ആരംഭിച്ചിട്ടുള്ള ഈ പ്രക്ഷോഭത്തെ ധീരമായി നയിക്കാനും, ഭരണകൂടം ഉയര്‍ത്തുന്ന എല്ലാ തടസ്സങ്ങളെയും വെല്ലുവിളികളെയും ചങ്കൂറ്റത്തോടെ നേരിടാനും കഴിവുള്ള, ഇങ്ങനെയൊരു യുവത്വത്തെയാണ് ഇന്നത്തെ ഇന്ത്യയ്ക്കാവശ്യം. സമൂഹശരീരത്തില്‍ നിന്ന് അഴിമതിയാസകലം തുടച്ചുനീക്കപ്പെട്ട വരുംകാല ഇന്ത്യ - ആ ഭാവി ഇന്ത്യയെയാണ് ഞാനീ ചെറുപ്പക്കാരനില്‍ കാണുന്നത്!'

വര്‍ഷം 1974. ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നയാണ് രംഗം. ഒരു കൂറ്റന്‍ യുവജന റാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സമ്പൂര്‍ണ്ണ ക്രാന്തി അഥവാ ടോട്ടല്‍ റവലൂഷന്‍ എന്ന തന്റെ സ്വപ്നതുല്യമായ പ്രസ്ഥാനത്തിന് ആരംഭം കുറിക്കുകയായിരുന്നു മഹാത്മാഗാന്ധിയുടെ മാനസപുത്രനും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും സര്‍വ്വോദയനേതാവുമെല്ലാമായ ലോക് നായക് ജയപ്രകാശ് നാരായണന്‍. അന്ന് ബിഹാര്‍ ഭരിച്ചുകൊണ്ടിരുന്ന, അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പത്തിനും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മറ്റനേകം പ്രശ്‌നങ്ങള്‍ക്കുമെല്ലാമെതിരായി ബിഹാറിലെ വിദ്യാര്‍ത്ഥികള്‍ വലിയൊരു പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ചിരിക്കുകയായിരുന്നു. ജനസംഘം, ഭാരതീയ ക്രാന്തിദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്രാ പാര്‍ട്ടി എന്നീ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് പറ്റ്നയിലെത്തിയ ജെപി ദീര്‍ഘനാളത്തെ രാഷ്ട്രീയ വനവാസം അവസാനിപ്പിച്ച്, രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിനായി സമരരംഗത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. എബിവിപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്മയായ ബിഹാര്‍ ഛാത്ര സംഘര്‍ഷ് സമിതി (BCSS)യുടെ അദ്ധ്യക്ഷനായി ജെപി നിയോഗിച്ചത് അന്നത്തെ പറ്റ്‌ന സര്‍വ്വകലാശാലാ യൂണിയന്റെ അദ്ധ്യക്ഷനായിരുന്ന ഒരു ഇരുപത്തിയഞ്ചുകാരനെയാണ്.

സാധാരണ മനുഷ്യരുടെ ഹൃദയം കവരുന്ന തനി നാടന്‍ഭാഷയിലുള്ള പ്രസംഗശൈലിയും അവരോട് അനായാസം ഇടപഴകാനുള്ള കഴിവും യുവാക്കളെയും പിന്നാക്കവിഭാഗങ്ങളെയും ഒപ്പം അണിനിരത്താനുള്ള അസാമാന്യമായ നേതൃത്വപാടവവും ജെ.പി ആ ചെറുപ്പക്കാരനില്‍ കണ്ടു. അങ്ങനെയാണ് പ്രായം തീരെ കുറവായിരുന്നെങ്കിലും, പ്രസ്ഥാനത്തിന്റെ നേതാവായി ജെ.പി അയാളെ തെരഞ്ഞെടുത്തത്. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത ആ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപനായി ജയപ്രകാശ് നാരായണന്‍ അവതരിപ്പിച്ച ആ ചെറുപ്പക്കാരന്റെ പേര് ലാലു പ്രസാദ് യാദവ് എന്നായിരുന്നു.

ജയപ്രകാശ് നാരായണന്‍
നിലപാടുകളുടെ ലോകത്ത് ഹനുമാന്‍ ചാട്ടം നടത്തുന്നത് രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ലല്ലോ

ഇപ്പോള്‍ ഈ പഴയ സംഭവമോര്‍ക്കാന്‍ ഇടയായത് രാജ്യത്തെ ഇപ്പോഴത്തെ വിവാദ പുരുഷനായ ധര്‍മ്മേന്ദ്ര പ്രധാന്റെ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വായിച്ചപ്പോഴാണ്. 1990 കളില്‍ ഒഡീഷയില്‍ (അന്നത്തെ ഒറീസ്സ) ജെബി പട്‌നായിക്കിന്റെ ഭരണകാലത്ത് എബിവിപി യുടെ നേതാവായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ഭീകരമായ മര്‍ദ്ദനവും ജയില്‍ വാസവും ഏറ്റുവാങ്ങിയത്രേ. അതേ ധര്‍മ്മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍, നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തിന്റെ പേരില്‍ വലിയ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുകുത്തി രാജിവെക്കേണ്ടി വന്നിരിക്കുന്നു! ഇതിലെ irony യെക്കുറിച്ചാണ് മാധ്യമങ്ങള്‍ എഴുതുന്നത്.

ധര്‍മ്മേന്ദ്ര പ്രധാന്റെ കാര്യത്തില്‍ ഇങ്ങനെ അതിശയിക്കുന്നതെന്തിനാണെന്നാണ് മനസ്സിലാകാത്തത്. അയാള്‍ പണ്ട് വിദ്യാര്‍ത്ഥി നേതാവായിരുന്നപ്പോഴും വര്‍ഷങ്ങള്‍ക്കുശേഷം മോദിയുടെ കാബിനറ്റിലെ മന്ത്രിയായിരിക്കുമ്പോഴും ശരാശരിയിലും താഴെയുള്ള സംഘ പരിവാര്‍ നേതാവാണ്. മറിച്ചു തെളിയിച്ചിട്ടില്ലാത്ത ഒരാള്‍ ഇങ്ങനെയൊക്കെയേ പ്രവര്‍ത്തിക്കൂ എന്ന് കാണാന്‍ കഴിവില്ലാത്തവര്‍ക്കാണ് എന്തെങ്കിലും കുഴപ്പമുള്ളത്.

നിലപാടുകളുടെ ലോകത്ത് ഹനുമാന്‍ ചാട്ടം നടത്തുന്നത് രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ലല്ലോ. തത്കാലത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി പുരോഗമനത്തിന്റെയും പ്രതിലോമതയുടെയും കുപ്പായങ്ങള്‍ മാറിമാറിയെടുത്തണിഞ്ഞു കൊണ്ട് പലരും ഇടതിന്റെയും വലതിന്റെയും വളയങ്ങളില്‍ തൂങ്ങി ട്രപ്പീസ് കളിക്കുന്നത് ഈ കേരളത്തില്‍ത്തന്നെ നാമെത്ര കണ്ടിരിക്കുന്നു!

പക്ഷെ മറ്റു പലരുടെയും കാര്യം അങ്ങനെയല്ല. ഒരുകാലത്ത് ഈ മനുഷ്യര്‍ വലിയ ആദര്‍ശ ധീരന്മാരും അതിവിപ്ലവകാരികളുമൊക്കെ ആയിട്ടായിരിക്കും രാഷ്ട്രീയത്തിന്റെ അരങ്ങത്ത് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ആയിരങ്ങളുടെ ആരാധനാവിഗ്രഹമായി പ്രതിഷ്ഠിക്കപ്പെടും. വര്‍ഷങ്ങള്‍ ചിലതു കഴിയുമ്പോള്‍ പെട്ടെന്നൊരു ദിവസം എല്ലാ ആദര്‍ശങ്ങളെയും കാറ്റില്‍പ്പറത്തി, അതുവരെ കൂടെക്കൊണ്ടുനടന്നിരുന്ന സകലമാന വിശ്വാസപ്രമാണങ്ങളെയും പാടേ തള്ളിപ്പറഞ്ഞു കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വേഷമെടുത്തണിയും.

ഉടന്‍വിപ്ലവത്തിന്റെ അപ്പോസ്തലന്മാരായിരുന്ന ചിലര്‍ കാലാന്തരത്തില്‍ ആത്മീയചിന്തയുടെയും മതതീവ്രവാദത്തിന്റെയും വലതുപക്ഷരാഷ്ട്രീയത്തിന്റെയുമൊക്കെ വെളിച്ചപ്പാടുമാരായി മാറുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.

വളരെ കൗതുകമായിത്തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട് - അതിതീവ്രമായ (Extreme)ആശയഗതികളുടെയും നിലപാടുകളുടെയുമൊക്കെ വക്താക്കളായ ചിലരാണ് മറുകണ്ടം ചാടി അങ്ങേത്തലയ്ക്കല്‍ ചെന്നുനിന്ന് നേരെ കടക വിരുദ്ധമായ നിലപാട് പ്രഖ്യാപിക്കുന്നതായി കാണാറുള്ളത്. തങ്ങളുടെ അനുയായികളടക്കമുള്ള ജനങ്ങളുടെയാകെ ഓര്‍മ്മശക്തിയെയും ക്ഷമാശക്തിയെയുമാണ് ഈ മനുഷ്യര്‍ ഇത്തരം സമ്മര്‍ സോള്‍ട്ടുകളിലൂടെ ചോദ്യം ചെയ്യുന്നത്. അതിലവര്‍ക്ക് ഒരുളുപ്പും തോന്നാറുമില്ല എന്നുള്ളതാണ് വാസ്തവം. 'അഭിപ്രായം ഇരുമ്പുലക്കയല്ല' എന്നതത്രെ അവരുടെ ആപ്ത വാക്യം.

ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥാകാലത്ത് അറസ്റ്റിലായപ്പോള്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും charismatic ആയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു സോഷ്യലിസ്റ്റ് വിപ്ലവകാരിയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. അക്ഷരാര്‍ഥത്തില്‍ ബോംബെയുടെ തെരുവീഥികളില്‍ കിടന്നുറങ്ങി അവിടുത്തെ തൊഴിലാളികളെ സംഘടിപ്പിച്ച്, അവര്‍ക്ക് ബന്ദും ഹര്‍ത്താലുമൊക്കെ നടത്താന്‍ പഠിപ്പിച്ചുകൊടുത്ത്, അങ്ങനെ വളര്‍ന്നു വലുതായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. 1967 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി യായി ബോംബെ സൗത്ത് ലോകസഭാ സീറ്റില്‍ കരുത്തനായ കോണ്‍ഗ്രസ് നേതാവ് എസ്‌കെ പാട്ടീലിനെ തോല്‍പ്പിച്ചു കൊണ്ട് ജയന്റ് കില്ലറെന്ന പേരെടുത്തു. പാര്‍ലമെന്റില്‍ ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും ശക്തനായ വിമര്‍ശകനായിരുന്ന ജോര്‍ജ്ജ് 1974 ലെ റെയില്‍വേ സമരത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ തിളങ്ങുന്ന താരമുഖമായി മാറി, പ്രതിപക്ഷത്തിന്റെ സേനാധിപനും. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഒളിവിലിരുന്നുകൊണ്ട് ജോര്‍ജ്ജ് രാജ്യവ്യാപകമായി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ബറോഡ ഡൈനാമിറ്റ് കേസില്‍ പ്രതിയായി. ഇന്ദിരാ ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനായി സിഐഎയുടെ വരെ സഹായം തേടി. കല്‍ക്കത്തയില്‍വെച്ച് അറസ്റ്റു ചെയ്യപ്പെട്ട ശേഷം കൈച്ചങ്ങലകളുയര്‍ത്തി നില്‍ക്കുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ജോര്‍ജ്ജുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട് രോഗിണിയായി രക്തസാക്ഷിത്വം വരിച്ച സ്‌നേഹലതാ റെഡ്ഡിയും അഭിശപ്തമായ ആ ചരിത്രകാലഘട്ടത്തിന്റെ ഏറ്റവും ജ്വലിക്കുന്ന പ്രതീകങ്ങളായി മാറി.

മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ വ്യവസായ മന്ത്രിയെന്ന നിലയില്‍ കൊക്കോകോളയെ നാടുകടത്തി പകരം തംസ് അപ്പ് കൊണ്ടുവന്ന ജോര്‍ജ്ജ് എല്ലാവരുടെയും കൈയ്യടി നേടി. വാജ്‌പേയിയും അഡ്വാനിയും മറ്റും ജനതാ പാര്‍ട്ടിയിലും ആര്‍എസ്എസിലും ഇരട്ട അംഗത്വം സൂക്ഷിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പ്രസംഗിച്ച ജോര്‍ജ്ജ് ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോള്‍ സര്‍ക്കാരില്‍ നിന്ന് രാജിവെച്ചുകൊണ്ട് ചരണ്‍ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു. അതോടെ ജനതാ മന്ത്രിസഭ വീണു.

ബൊഫോഴ്‌സ് ഇടപാടുകളെ ചൊല്ലി രാജീവ് ഗാന്ധിക്കെതിരെ പട നയിച്ച ജോര്‍ജ്ജ് പിന്നീട് വിപി സിങ്ങിന്റെ മന്ത്രിസഭയിലെ റെയില്‍വേ മന്ത്രിയായി. അധികം ചെല്ലുന്നതിനുമുമ്പ് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിപി സിങ്ങിനെ കൈവിട്ടു. ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ്ജ് ഒട്ടും വൈകാതെ മറുകണ്ടം ചാടി ബിജെപിയുമായി ചേര്‍ന്ന് എന്‍ഡിഎ രൂപീകരിച്ചു. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിച്ചേരുന്നതിന് ജോര്‍ജ്ജിന് പഴയ ആര്‍എസ്എസ്സ് വിരോധമൊന്നും തടസ്സമായില്ല. വാജ്‌പേയി പോലും തള്ളിപ്പറഞ്ഞ മോദിയുടെ ഗുജറാത്ത് വംശഹത്യയെയും ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയിന്‍സിനേയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തതിനെയും സംഘപരിവാറിനേക്കാള്‍ ശക്തമായി ന്യായീകരിക്കുന്നതിലേക്ക് വരെ ഹിന്ദു വര്‍ഗ്ഗീയ ശക്തികളോടുള്ള അദ്ദേഹത്തിന്റെ വിധേയത്വം ചെന്നുനിന്നു.

ജോര്‍ജ് ഫെര്‍ണാണ്ടസ്

പ്രതിരോധ ഇടപാടുകളിലെ ശവപ്പെട്ടി വിവാദത്തില്‍പ്പെട്ട് ആടിയുലഞ്ഞതിന് പിന്നാലെയാണ് ജോര്‍ജ്ജിന്റെ സ്വന്തം സമതാ പാര്‍ട്ടിയുടെ നേതാവും വീട്ടുകാരിയുമായ ജയാ ജയ്റ്റ്‌ലിയും മറ്റു ചില പാര്‍ട്ടി നേതാക്കളും കോഴ വാങ്ങുന്നത് തെഹല്‍ക്ക എന്ന മാധ്യമം ഒളികാമറയില്‍ പിടിച്ച് ലോകത്തെ കാണിച്ചുകൊടുത്തത്. അപ്പോള്‍ രാജി വെക്കേണ്ടി വന്നെങ്കിലും വൈകാതെ വാജ്‌പേയി മന്ത്രിസഭയിലേക്ക് ജോര്‍ജ്ജിനെ തിരിച്ചെടുത്തു. ജോര്‍ജ്ജ് അധികാരക്കസേരയില്‍ തിരിച്ചെത്തിയ ശേഷം സര്‍ക്കാര്‍ തെഹല്‍ക്കയെയും അതിന്റെ സാമ്പത്തിക പിന്തുണക്കാരായ ഫസ്റ്റ് ഗ്ലോബലിന്റെ ശങ്കര്‍ ശര്‍മ്മയെയും ലക്ഷ്യമിട്ട് വ്യാപകമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍ച്ചയായ ആദായനികുതി റെയ്ഡുകള്‍, സിബിഐ അന്വേഷണങ്ങള്‍, നിയമനടപടികള്‍, ചോദ്യംചെയ്യലുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് തെഹല്‍ക്കയെ തകര്‍ത്ത് തരിപ്പണമാക്കി. സ്വയം ഒരു മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടിരുന്ന, മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടുത്ത വക്താവായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അങ്ങനെ ഒരു സ്വതന്ത്രമാധ്യമ സ്ഥാപനത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചു കയറ്റിയ ആ സംഭവത്തോടെ അഴിമതിക്കും വര്‍ഗീയതയ്ക്കും സ്വജനപക്ഷപാതത്തിനുമെല്ലാമെതിരെ ഒരുകാലത്ത് കുരിശു യുദ്ധം പ്രഖ്യാപിച്ചിരുന്ന ആ തീവ്രവിപ്ലവകാരിയുടെ പതനം പൂര്‍ത്തിയായി.

ലാലു പ്രസാദ് യാദവ്

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനു മുന്‍പ് താരനായകന്റെ പരിവേഷമുണ്ടായിരുന്ന സോഷ്യലിസ്റ്റ് നേതാവ് അശോക് മേത്ത 1960 കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കഥ കോണ്‍ഗ്രസുകാരെ ജന്മശത്രുക്കളായി കാണുന്ന സോഷ്യലിസ്റ്റുകാര്‍ പൊതുവെ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നല്ല. ലാലു പ്രസാദ് യാദവ് മാത്രമാണ് പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമാകാനും മന്ത്രിസഭയില്‍ ചേരാനും തയ്യാറായ സോഷ്യലിസ്റ്റ്‌നേതാവ്. അദ്ദേഹത്തിന്റെ ഒപ്പം 1974 - 77 കാലത്ത് ബിഎല്‍ഡിയുടെ കൊടിക്കീഴില്‍ അണിനിരന്ന ശരദ് യാദവ്, നിതീഷ് കുമാര്‍, സുശീല്‍ മോദി, രാംവിലാസ് പാസ്വാന്‍ തുടങ്ങിയ കര്‍പ്പൂരി ഠാക്കൂര്‍ ശിഷ്യന്മാര്‍ പില്‍ക്കാലത്ത് സംഘപരിവാറിനോടാണ് സൗഹൃദം പ്രഖ്യാപിച്ചത്. അഴിമതിയുടെ ചെളിക്കുണ്ടില്‍ ലാലുപ്രസാദ് ആഴ്ന്നുപോയി എന്നത് നേരാണ്. എന്നാല്‍ അയോദ്ധ്യയിലേക്കുള്ള വഴിയില്‍ വെച്ച് അഡ്വാനിയെ തേര് സഹിതം കസ്റ്റഡിയിലെടുക്കാന്‍ ധൈര്യം കാണിച്ച ലാലു ഒരിക്കലും സ്വന്തം കൈകളില്‍ വര്‍ഗീയതയുടെ കറ പുരളാന്‍ അവസരമൊരുക്കിയില്ല.

ശരദ് യാദവ്

ലാലു പ്രസാദ് യാദവിനെപ്പോലെ തന്നെ ലോക് നായിക്കിന്റെ മാനസപുത്രനായിരുന്നു അന്നത്തെ സോഷ്യലിസ്റ്റ് യുവനേതാവ് ശരദ് യാദവ്. 1974 ല്‍ ജബല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസിനെതിരെ ഭാരതീയ ലോക്ദള്‍, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്രാ പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയായി ജെപി നിര്‍ദ്ദേശിച്ചത് അന്നത്തെ ഇരുപത്തിയേഴുകാരനായിരുന്ന സോഷ്യലിസ്റ്റ് പോരാളി ശരദ് യാദവിനെയാണ്. ബിഹാര്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന്റെ കുറ്റത്തിന് അദ്ദേഹമപ്പോള്‍ ജയിലില്‍ കിടക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പതനത്തിന്റെ മുന്നോടിയായി നടന്ന ആ തിരഞ്ഞെടുപ്പില്‍ വിജയം നേടിക്കൊണ്ട് ശരദ് യാദവ്, ജെപി നയിക്കുന്ന സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനത്തിന്റെ വരവ് വിളിച്ചറിയിച്ചു.

അഴിമതിക്കും ഏകാധിപത്യത്തിനും എതിരെ പോരാട്ടം നയിച്ച ആ ചെറുപ്പക്കാരന്‍ അടിയന്തരാവസ്ഥക്കാലത്തും ജയിലിലായിരുന്നു.

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചിലതിലൊക്കെ പരാജയപ്പെടുകയും ചെയ്ത ശരദ് യാദവ് പിന്നീട് 1989 ലെ വിപി സിങ് മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴാണ് മണ്ഡല്‍ കമ്മീഷന്റെ വരവ്. സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതില്‍ ചരിത്രനിയോഗം നിറവേറ്റിയ മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയതില്‍ ശരത് യാദവിന്റെ റോള്‍ വളരെ വലുതായിരുന്നു. മണ്ഡലും കമണ്ഡലും തമ്മില്‍ എന്ന പ്രയോഗം തന്നെ ശരദ് യാദവിന്റേതാണ്. എന്നാല്‍ പിന്നീട് വിപി സിങ്ങിനെ തള്ളിപ്പറഞ്ഞ ശരദ് യാദവും നിതീഷ് കുമാറും സംഘപരിവാറിന്റെ കൂട്ടുകെട്ടില്‍ ചേര്‍ന്നു. പഴയ സമരസഖാവായ ലാലു പ്രസാദ് യാദവിനെയാണ് അവര്‍ മുഖ്യശത്രുവായി കണ്ടത്. എന്‍ഡിഎയുടെ കണ്‍വീനറും വാജ്‌പേയി മന്ത്രിസഭയില്‍ മന്ത്രിയുമൊക്കെയായി പണ്ട് താന്‍ എതിര്‍ത്ത കമണ്ഡലുവിന്റെ തത്വശാസ്ത്രത്തോടൊപ്പം ചേരുന്നതില്‍ ശരദ് യാദവ് തെറ്റൊന്നും കണ്ടില്ല.രാംവിലാസ് പാസ്വാനെയും നിതീഷ് കുമാറിനെയും കുറിച്ച്‌ പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രഫുല്ല കുമാര്‍ മഹന്ത

സോഷ്യലിസ്റ്റുകാരുടെ നിറപ്പകര്‍ച്ചയുടെ വിശേഷങ്ങള്‍ അവിടെ നില്‍ക്കട്ടെ. നമുക്ക് നോര്‍ത്ത് ഈസ്റ്റിലേക്ക് ഒന്നുപോകാം.1980 കളുടെ തുടക്കത്തില്‍ വടക്കുകിഴക്കന്‍ ഇന്ത്യയെ പ്രക്ഷുബ്ധമാക്കിയ ഒന്നായിരുന്നു അസം കലാപം. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യത്തില്‍ തുടങ്ങി, ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന അസമിലെ തൊഴിലില്ലായ്മയും വികസനവുമുള്‍പ്പെടെയുള്ള വിഷയങ്ങളെല്ലാം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവിടുത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (ആസു) എന്ന സംഘടനയുടെ കൊടിക്കീഴില്‍ ആരംഭിച്ച സമരം ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭങ്ങളില്‍ ഒന്നായി മാറി. പിന്നീട് അവര്‍ അസം ഗണ സംഗ്ര പരിഷത്ത് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമടക്കമുള്ള സകല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തി.

ധീരന്മാരായ രണ്ടു വിദ്യാര്‍ത്ഥി നേതാക്കന്മാരായിരുന്നു ഈ പ്രക്ഷോഭത്തിന്റെ അമരത്ത്. പ്രഫുല്ല കുമാര്‍ മഹന്തയും ഭ്രുഗു ഫുക്കനും. അസമിലെ യുവജനങ്ങള്‍ ഒന്നടങ്കം അവരുടെ പിറകില്‍ അണിനിരന്നു. അസമാകെ സ്തംഭിച്ചു. മഹന്തയുടെയും ഫുക്കന്റെയും മേല്‍ ധാരാളം സമ്മര്‍ദ്ദങ്ങളുണ്ടായി. സമരം അവസാനിപ്പിക്കാന്‍ ഇന്ദിരാ ഗാന്ധി അവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. ആ ചെറുപ്പക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ കൂട്ടാക്കിയില്ല.

രാജീവ് ഗാന്ധി അധികാരത്തിലേറിയതിന് ശേഷമാണ് അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് ചരിത്രപ്രധാനമായ അസം കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എജിപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. പ്രഫുല്ല കുമാര്‍ മഹന്ത മുഖ്യമന്ത്രിയായി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവുംപ്രായം കുറഞ്ഞ മുഖ്യമന്ത്രി. ഭ്രുഗു ഫുക്കന്‍ ആഭ്യന്തര മന്ത്രിയും. ചുറുചുറുക്കുള്ള ഒരു സംഘം ചെറുപ്പക്കാര്‍ മറ്റു മന്ത്രിമാരുമായി.

അധികനാള്‍ വൈകാതെ മഹന്ത വിവാദ പുരുഷനായി മാറി. അഴിമതി ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വലയം ചെയ്തു. കേന്ദ്രം ആ മന്ത്രിസഭയെ അക്കുറി ഡിസ്മിസ് ചെയ്‌തെങ്കിലും ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും മഹന്ത അധികാരത്തില്‍ വന്നു. അപ്പോഴേക്കും ഫുക്കനുമായി പിണങ്ങിപ്പിരിഞ്ഞ മഹന്ത അഴിമതിയില്‍ മുങ്ങിക്കുളിച്ചു. ചില അവിഹിത ബന്ധങ്ങള്‍, ഉള്‍ഫാ എന്ന തീവ്രവാദി പ്രസ്ഥാന വുമായുള്ള ഒളിസേവ തുടങ്ങി വിവാദങ്ങള്‍ ഒട്ടേറെ. മഹന്തയും ഫുക്കനുമൊക്കെ എജിപിയെ പിളര്‍ത്തിക്കൊണ്ട് വെവ്വേറെ പാര്‍ട്ടികളുണ്ടാക്കിയെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല. അനുയായികളും ചെറുകിട നേതാക്കളും നേരെചെന്ന് ബിജെപിയിലേക്ക് ചേക്കേറി.

ഒടുവില്‍ അസമിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ നേതാവായി, തികച്ചും ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് പ്രഫല്ല കുമാര്‍ മഹന്ത ഇപ്പോള്‍. മഹന്തയുടെ അന്നത്തെ സമര സഖാക്കളും അഴിമതിയുടെ കുമാര്‍ഗ്ഗത്തിലൂടെ തന്നെയാണ് മുന്നോട്ടുപോയത്. ഏത് വിധേനയും പണമുണ്ടാക്കുക എന്നതു മാത്രമായിരുന്നു അവരില്‍ പലരുടെയും ലക്ഷ്യം. അതിനുവേണ്ടി രാഷ്ട്രീയപ്രവര്‍ത്തനത്തെയും അതുമൂലം കിട്ടിയ സ്ഥാനമാനങ്ങളെയുമൊക്കെ ദുരുപയോഗം ചെയ്ത പഴയ തീപ്പൊരി ചെറുപ്പക്കാര്‍ പലരും അസമിലെ ഏറ്റവും വലിയ സമ്പന്നരായി മാറി.

'ഏകാധിപതി'യും 'ദുഷ്ടശക്തി'യുമായ ഇന്ദിരാഗാന്ധിയെ വെല്ലുവിളിച്ചുകൊണ്ട് 'ആദര്‍ശ ധീരത'യോടെ അസമിനുവേണ്ടി പോരാടിയ അന്നത്തെ ആ വിദ്യാര്‍ത്ഥി നേതാക്കളില്‍ ഒരാളാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. വര്‍ഗ്ഗീയ വിഷം ഛര്‍ദ്ദിക്കുന്നതില്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും തോല്‍പ്പിക്കുന്ന, ഫാസിസത്തിന്റെ ഇരുണ്ട വഴിയിലൂടെ റൂട്ട് മാര്‍ച്ച് നയിക്കുന്ന പത്തരമാറ്റ് പരിവാര്‍ നേതാവ്.

നരേന്ദ്ര മോദി

വര്‍ഗ്ഗീയ ഹിന്ദുക്കളുടെ സ്വന്തം തറവാടായ ഗുജറാത്തിലേക്ക് വരാം.1974 ല്‍ സമ്പൂര്‍ണ്ണ വിപ്ലവം പ്രഖ്യാപിച്ചുകൊണ്ട് ജെപിയും അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഇന്ദിരാ ഗാന്ധിക്കെതിരെ പട നയിച്ചത് ഗുജറാത്തിലെ നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തിന്റെ വിജയത്തില്‍ നിന്ന് ഊര്‍ജ്ജം നേടിക്കൊണ്ടായിരുന്നു. അതിന്റെ തലേവര്‍ഷം ഗുജറാത്തില്‍ ഭരണം നടത്തിയിരുന്ന ചിമന്‍ ഭായ് പട്ടേല്‍ നയിച്ച കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ അഹമ്മദാബാദിലും മോര്‍ബിയിലെയും കോളജ് വിദ്യാര്‍ത്ഥികളാണ് സമരം തുടങ്ങിവെച്ചത്. അവര്‍ ആരംഭിച്ച നവനിര്‍മ്മാണ്‍ ആന്തോളന്‍ പിന്നീട് വലിയൊരു രാഷ്ട്രീയപ്രക്ഷോഭമായി വളരുകയായിരുന്നു. പ്രതിപക്ഷ കക്ഷികളായ സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി, ഭാരതീയ ക്രാന്തി ദള്‍, സ്വതന്ത്രാ പാര്‍ട്ടി എന്നിവര്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചു. അവരുടെ ഡിമാന്റുകള്‍ക്ക് ഇന്ദിരാ ഗാന്ധി ഒടുവില്‍ വഴങ്ങി. ചിമന്‍ ഭായ് പട്ടേല്‍ മന്ത്രിസഭയെ പുറത്താക്കി. കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് ആരോപിച്ചുകൊണ്ട് അയാള്‍ വേറെ പാര്‍ട്ടിയുണ്ടാക്കി. സമരക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നിയമസഭാംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും രാജിവെച്ചു. വന്ദ്യവയോധികനായ മൊറാര്‍ജി ദേശായി നിരാഹാരസമരം നടത്തിയതിനെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

1975 ജൂണ്‍ ആദ്യം തിരഞ്ഞെടുപ്പ് നടന്നു. ഇന്ദിരാ ഗാന്ധിയെ അയോഗ്യയാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി വന്ന ജൂണ്‍ 12നു തന്നെ തെരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തു വന്നു. കോണ്‍ഗ്രസ് പരാജയപ്പെട്ട തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ജനതാ മോര്‍ച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല.

അവസാനം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്തുക എന്ന ഉദ്ദേശ്യത്തോടെ ജനതാ മോര്‍ച്ച ഒരു കാര്യം ചെയ്തു. ചരിത്രത്തിലിടം നേടിയ നവ നിര്‍മ്മാണ്‍ ആന്തോളന്‍ എന്ന പ്രസ്ഥാനം തങ്ങള്‍ ആരംഭിച്ചത് ഏതൊരു ലക്ഷ്യം നേടാനായിട്ടായിരുന്നോ, ആരുടെ ഭരണം അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നോ - ചിമന്‍ ഭായ് പട്ടേല്‍ എന്ന അതേ നേതാവിന്റെ പാര്‍ട്ടിയായ കിസാന്‍ മസ്ദൂര്‍ ലോക് പക്ഷിന്റെ പിന്തുണ സ്വീകരിച്ചുകൊണ്ട് ജനതാ മോര്‍ച്ച അധികാരത്തിലേറി.

നേരത്തെ നവനിര്‍മ്മാണ്‍ ആന്തോളന്‍ ശബ്ദഘോഷങ്ങളോടെ മുന്നേറുന്ന നാളുകളില്‍, അഴിമതിക്ക് എതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ആകൃഷ്ടനായ ജെപി ഗുജറാത്തിലെത്തി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത് ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരത വിദ്യാര്‍ത്ഥി പരിഷത്ത് ആയിരുന്നു. അവരുടെ സ്വയം സമര്‍പ്പണ മനോഭാവവും പോരാട്ട വീര്യവും ജെപിയെ വല്ലാതെ ആകര്‍ഷിച്ചു. ഇന്ദിരാഗാന്ധിയുടെ അഴിമതി ഭരണത്തിനും ജനാധിപത്യ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തന്നോടൊപ്പം ചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യരായ സന്നദ്ധ ഭടന്മാരായി അദ്ദേഹം കണ്ടത് ആര്‍എസ്എസുകാരെയാണ്. (നിങ്ങള്‍ ഫാസിസ്റ്റുകളാണെങ്കില്‍ ഞാനും ഫാസിസ്റ്റ് ആണ് എന്ന് ആയിടയ്ക്ക് നടന്ന ഒരു ജനസംഘ് - ആര്‍ എസ് എസ് കോണ്‍ക്ലെവില്‍ ജെ പി പ്രഖ്യാപിച്ചു!)

അന്നത്തെ ആ ഗുജറാത്ത് പര്യടനത്തിനിടെ അദ്ദേഹത്തെ സഹായിക്കാന്‍ ചുമതലപ്പെട്ടവരായി സംഘ് പ്രചാരകരും എബിവിപി പ്രവര്‍ത്തകരുമായി പലരുമുണ്ടായിരുന്നു. കൂട്ടത്തിലുള്ള ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതത്തില്‍, ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെയുള്ള ജെപിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വലിയ പ്രചോദനം പകര്‍ന്നു. ഗുജറാത്ത് - ബിഹാര്‍ പ്രസ്ഥാനവും ജെപിയുടെ സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനവുമൊക്കെ വിവിധ രംഗങ്ങളാകുന്ന, സംഘര്‍ഷഭരിതമായ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സ് ഒടുവിലെത്തി. അലഹബാദ് ഹൈക്കോടതിവിധിയും തൊട്ടു പിന്നാലെ അടിയന്തരാവസ്ഥയും വന്നു. ആ യുവാവ് ഗുജറാത്തിലെ ലോക് സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ കഴിഞ്ഞു കൊണ്ട് അദ്ദേഹം ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുകയായിരുന്നുവെന്നാണ് ആ സ്വയം സേവക ഭടന്റെ ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ആ നാളുകളില്‍ ആര്‍എസ്എസ്സിന്റെ പരമോന്നത നേതാവ് സര്‍സംഘ് ചാലക് ബാലാ സാഹേബ് ദേവരസ് പൂനെയിലെ യാര്‍വാദാ ജയിലില്‍ കിടന്നുകൊണ്ട് അടിയന്തരാവസ്ഥയ്ക്ക് തന്റെ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട്, ചെയ്തു പോയ തെറ്റില്‍ പശ്ചാത്താപം പ്രകടിപ്പിച്ചുകൊണ്ട് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിക്ക് നിരന്തരം കത്തുകളെഴുതുക എന്ന പ്രക്രിയയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായ നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന, ആ പണ്ടത്തെ ചെറുപ്പക്കാരന്‍ ശ്രദ്ധേയനാകുന്നത് 2001 ല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കപ്പെട്ടുകൊണ്ടാണ്. അതിപൈശാചികമായ ഒരു വംശഹത്യക്ക് തന്റെ നാട്ടില്‍ കളമൊരുക്കിയതോടെ സംഘപരിവാറിന്റെ ചോദ്യം ചെയ്യപ്പെടാത്ത ആ നേതാവ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയനായി മാറി.

ജനാധിപത്യ മൂല്യങ്ങള്‍ നിലനിര്‍ത്താനും അഴിമതിരഹിത ഇന്ത്യ കെട്ടിപ്പടുക്കാനുമുള്ള ലോക് നായക് ജയപ്രകാശ് നാരായണന്റെ പോരാട്ടത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ച നരേന്ദ്ര മോദിയുടെ ജനാധിപത്യത്തോടുള്ള ആദരവും വിമര്‍ശനങ്ങളോടുള്ള സഹിഷ്ണുതയും എത്രത്തോളമുണ്ടെന്ന് നമ്മള്‍ ഇന്ന് കണ്ടുകൊണ്ടേയിരിക്കുന്നു.

കടുത്ത ചായക്കൂട്ടില്‍ ചിത്രീകരിക്കപ്പെട്ട തമിഴ് മെലോഡ്രാമയില്‍ കാണുന്നതിനേക്കാള്‍ അതിശയകരവും അവിശ്വസനീയവുമായ നാടകങ്ങളാണ് രാഷ്ട്രീയത്തിന്റെ രംഗവേദിയിലും പലപ്പോഴും അരങ്ങേറുന്നത്

ഇനി ഒരു സിനിമാക്കഥ കൂടി പറഞ്ഞുകൊണ്ട് കുറച്ചധികം നീണ്ടുപോയ ഈ കുറിപ്പ് അവസാനിപ്പിക്കാം. 1984 ല്‍ പുറത്തുവന്ന ഒരു തമിഴ് ചിത്രമാണ് കെ ബാലചന്ദര്‍ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച 'അച്ചമില്ലൈ അച്ചമില്ലൈ' (ഭയമില്ല, ഭയമില്ല എന്നര്‍ത്ഥം വരുന്ന ഭാരതിയാരുടെ പ്രശസ്തമായ വരികള്‍). സകല രോമകൂപങ്ങളിലും വരെ ആദര്‍ശം നിറഞ്ഞു നില്‍ക്കുന്ന ഉലകനാഥന്‍ എന്ന ഒരു തൊഴിലാളി നേതാവ്. ആദര്‍ശത്തോടുള്ള ഉലകനാഥന്റെ പ്രതിബദ്ധത കണ്ട് അയാളെ പ്രണയിക്കുന്ന തേന്മൊഴി എന്ന തൊഴിലാളി സ്ത്രീ അയാളുടെ ഭാര്യയാകുന്നു. ഭാര്യയും കുഞ്ഞുമായി സന്തോഷത്തോടെ കഴിയുമ്പോഴാണ് അയാള്‍ പണത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദനായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അവിടെ ആരംഭിക്കുകയാണ് ഉലകനാഥന്റെ അധഃപതനം. അഴിമതിയുടെ ആള്‍രൂപമായ മാറിയ അയാള്‍ ഭാര്യയുടെ കണ്മുന്‍പില്‍ തന്നെ വെപ്പാട്ടിയോടൊപ്പം കഴിയുന്നു. രാഷ്ട്രീയത്തിലെ തന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി ഉലകനാഥന്‍ ഗ്രാമത്തില്‍ ഒരു വര്‍ഗ്ഗീയ ലഹള നടത്താന്‍ പദ്ധതിയിടുന്നു. സ്വഭാവ സംശുദ്ധികൊണ്ട് തന്റെ മാത്രമല്ല മറ്റനേകം പേരുടെയും ആരാധനാ വിഗ്രഹമായിരുന്ന മനുഷ്യന്‍ എല്ലാ വൃത്തികേടുകളുടെയും വിളനിലമായി മാറിയതുകണ്ട് സഹിക്കാനാകാതെ തേന്മൊഴി ഗാന്ധിജയന്തി ആഘോഷം നടക്കുമ്പോള്‍ സകല ഗ്രാമവാസികളെയും സാക്ഷി നിര്‍ത്തി ഉലകനാഥനെ വെട്ടിക്കൊല്ലുകയാണ്.

കടുത്ത ചായക്കൂട്ടില്‍ ചിത്രീകരിക്കപ്പെട്ട തമിഴ് മെലോഡ്രാമയില്‍ കാണുന്നതിനേക്കാള്‍ അതിശയകരവും അവിശ്വസനീയവുമായ നാടകങ്ങളാണ് രാഷ്ട്രീയത്തിന്റെ രംഗവേദിയിലും പലപ്പോഴും അരങ്ങേറുന്നത്. ക്ഷമയുടെ അടിത്തട്ടില്‍ ചെന്നു മുട്ടുമ്പോള്‍ ജനം, ബാലചന്ദറിന്റെ സിനിമയിലെ നായികയെപ്പോലെ കത്താള്‍ കയ്യിലെടുത്തില്ലെങ്കിലും ഇവരെ ചവുട്ടി പുറത്താക്കുകതന്നെ ചെയ്യും എന്നുള്ളിടത്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷ!

Contradictory and shifting stances have marked the careers of several prominent Indian political figures, writes Baiju Chandran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

'അയ്യേ.. ഇവരെന്താണ് ഇങ്ങനെ ?'; കങ്കണയെ പുകഴ്ത്തിയതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വിമർശനം

താങ്ങാനാവുന്ന വില, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി; അറൈവ് ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്

'സുനില്‍ വിഡിയോസ് ഉണ്ട്, സുനിലേട്ടനും'; ആ രഹസ്യം വെളിപ്പെടുത്തി അഭിനവ് സുന്ദര്‍

33ാം വയസിൽ ആദ്യമായി ഇന്ത്യൻ ടീമിൽ! ആരാണ് സാരാംശ് ജെയ്ൻ?